FILM : THE COLORS OF THE MOUNTAIN (2010)
COUNTRY : COLOMBIA
DIRECTOR: CARLOS CESAR ARBELAES
യുദ്ധം വിഷയമായിട്ടുള്ള അനേകം സിനിമകൾ ഉണ്ടായിട്ടുണ്ട് . യുദ്ധാനന്തര മരണപ്പാടങ്ങൾ നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുമുണ്ട്. മനുഷ്യൻ ചരിത്രത്തിൽ നിന്നും ഒന്നും പഠിക്കുന്നില്ല എന്ന് ആവർത്തിച്ചുറപ്പിക്കുന്നതാണ് ഓരോ യുദ്ധ പ്രഖ്യാപനങ്ങളും . നഷ്ട കണക്കുകൾ മാത്രം ബാക്കിയാവുന്ന , വേട്ടക്കാരും , ഇരകളും, ദൈന്യതയും നടനമാടുന്ന ഭീതിദമായ നാടകമായി യുദ്ധം ഇന്നും നിറഞ്ഞാടുന്നു.
യുദ്ധം ബാല്യത്തിന്റെ കണ്ണുകളിലൂടെ അവതരിപ്പിച്ച
സിനിമകൾ ഹൃദയത്തിലേക്ക് അഴ്ന്നിറങ്ങിയവയായിരുന്നു . പ്രത്യക്ഷത്തിൽ യുദ്ധം തെളിഞ്ഞു
നില്ക്കുന്നില്ലെങ്കിലും ആഭ്യന്തര കലാപ ബാധിതമായ ഒരു പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ
അവതരിപ്പിച്ച മികച്ച ഒരു സിനിമയാണ് കൊളംബിയൻ
സംവിധായകനായ CARLOS CEASAR ARBELAEZ ന്റെ THE COLOURS
OF MOUNTAIN (2010 ). കൈകാര്യം ചെയ്യുന്ന വിഷയം ഗൗരവതരമെങ്കിലും അവതരണ മികവിനാൽ മനോഹരമാക്കാൻ സംവിധായകന് കഴിഞ്ഞു.
IFFK-യിൽ സുവർണ ചകോരം നേടിയ ഈ സിനിമ ആഭ്യന്തര കലാപം ഒരു പ്രദേശത്തെ ബാല്യ
ജീവിതത്തിന്റെ വർണ സ്വപ്നങ്ങളിൽ എങ്ങനെ കരിനിഴൽ
വീഴ്ത്തുന്നു എന്ന് വരച്ചു കാണിക്കുന്നു. മനോഹര ഗിരി നിരകളിലെ ഒരു ഗ്രാമത്തിലെ
കുട്ടികളുടെ രസകരമായ ജീവിതത്തിലൂടെ സിനിമ നമ്മെ കൂട്ടി കൊണ്ടുപോകുന്നു.കുന്നിൻ പുറങ്ങളിലെ
കൊതിപ്പിക്കുന്ന പുൽ മൈതാനങ്ങളിൽ ഫുട്ബോൾ കളിയ്ക്കാൻ ഇഷ്ടപ്പെടുന്ന മാനുവൽ എന്ന ബാലനെയും,
കുടുംബത്തെയും , സുഹൃത്തുക്കളെയും എങ്ങനെ ഈ പ്രശ്നങ്ങൾ സ്വാധീനിക്കുന്നു എന്നതാണ് കഥാ
തന്തു . കുട്ടികളുടെ വിദ്യാഭ്യാസം , കളി , സ്വാതന്ത്ര്യം എന്നിവയ്ക്ക് ഇവ വിലങ്ങു തടിയാകുന്നു. കളിസ്ഥലങ്ങൾ
ഗറില്ല പോരാളികളുടെ ഇടതാവളങ്ങളാവുകയും , കുന്നിൻ ചെരിവുകൾ മൈനുകൾ പാകിയ ശവപ്പറമ്പുകളാവുകയും ചെയ്യുന്നു.
ബഹുവർണ ചായക്കൂട്ടുകളാൽ ഉയിർ തുടിക്കുന്ന
ചിത്രങ്ങൾ നിറഞ്ഞു കവിഞ്ഞ സ്കൂൾ ചുമരുകളിൽ , രാഷ്ട്രീയ പ്രഖ്യാപനങ്ങളുടെ ഗ്രഫിറ്റികൾ (ചുമരെഴുത്തുകൾ ) അധിനിവേശം നടത്തുന്ന കാഴ്ച ഇതിൽ കാണാം.
ഭൂതകാലം ചവച്ചു തുപ്പിയ അരക്ഷിതാവസ്ഥയുടെ വഴി വെളിച്ചങ്ങളായിരുന്ന ആശയധാരകൾ പുതു മോടിയോടെ
അവതരിക്കുന്നത് നിസ്സഹായരായി നോക്കി നിൽകാനെ അവര്ക്ക് കഴിയുന്നുള്ളൂ . കുതിപ്പിന് നാന്ദി
കുറിക്കേണ്ട പ്രത്യയ ശാസ്ത്രങ്ങൾ മനസ്സിനെ പോലും മരവിപ്പിക്കുന്ന ഭീതിയുടെ വിത്തുകൾ ആയി രൂപാന്തരം പ്രാപിച്ചത് ഒരു ശാപമായി ഇവിടെയും അനുഭവപ്പെടുന്നു.
വാക്കുകൾ അവ്യക്തമായി ദുർബലമാവുകയും , ക്രമേണ ശബ്ദങ്ങൾ
(വെടിയൊച്ച, സ്ഫോടനം ) വാക്കുകളാവുകയും ചെയ്യുന്ന അരാജകത്വ കൊടുങ്കാറ്റിൽ ആടി ഉലയുന്ന ജീവിതങ്ങൾ " യുദ്ധം ആർക്ക് വേണ്ടി, എന്തിനു വേണ്ടി
" എന്ന ചോദ്യങ്ങൾ ആവർത്തിക്കുന്നു.പ്രത്യയ ശാസ്ത്രങ്ങളുടെ കൂട്ടിയുരസലുകളിൽ
ഞെരിഞ്ഞമരുന്ന നിഷ്കളങ്ക ബാല്യം ഈ സിനിമയുടെ സത്തയാണ്.
അതി ജീവനം , പലായനം എന്ന വാക്കുകൾ പ്രസക്തവും പ്രായോഗികവുമാകുന്ന യുദ്ധ ഭൂമികകൾ ഇന്നും നില കൊള്ളുകയും , ആവർത്തിക്കുകയും ചെയ്യുന്നു
എന്നതാണ് സിനിമ ബാക്കിയാക്കുന്ന സത്യം. പിറന്ന മണ്ണിൽ നിന്നും പറിച്ചെറിയപ്പെടുന്ന
അനേകായിരങ്ങളുടെ വേദനയായി സിനിമ അവസാനിക്കുന്നു.
നിങ്ങൾ കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു .
by
ഷഹീർ ചോലശ്ശേരി
സിനിമ മനോഹരം തന്നെ... യുദ്ധമെന്തെന്നോ...ഭീതിയെന്തെന്നോ അറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എങ്ങനെ യുദ്ധത്താല്‍ ഭീതിദരാവുന്നു എന്ന് കാഴ്ചക്കാരെ അനുഭവിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.
ReplyDeleteഷഫീഖ് പറഞ്ഞത് വളരെ ശരിയാണ്... യുദ്ധങ്ങളുടെ ദുരിതം കൂടുതലും പേറുന്നത് നിഷ്കളങ്കരായ കുട്ടികളാണ്...... വായിച്ചതിനും പ്രതികരിച്ചതിനും നന്ദി... എന്റെ "യുദ്ധങ്ങളും - നഷ്ട ബാല്യങ്ങളും " എന്ന ഇതിനോട് ചേർത്ത് വായിക്കാവുന്ന പോസ്റ്റ് നോക്കി അഭിപ്രായം പങ്കുവെയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു.
Delete