Tuesday, 15 April 2014

I'VE LOVED YOU SO LONG (2008)



FILM              : I’VE LOVED YOU SO LONG (2008)

COUNTRY     : FRANCE

GENRE          : DRAMA

DIRECTOR   : PHILIPPE CLAUDEL
       
            തീക്ഷണവും , ആഴമേറിയതുമായ പ്രമേയങ്ങളാണ് ഡ്രാമ വിഭാഗത്തിൽ പെടുന്ന  സിനിമകളുടെ ശക്തി. അങ്ങനെ നോക്കുമ്പോൾ ഈ സിനിമയുടെ പ്രമേയത്തെക്കാളും  ശക്തമായത് വളരെ വിരളമായേ കാണാറുള്ളൂ. PHILIPPE CLAUDEL സംവിധാനം ചെയ്ത ഫ്രഞ്ച് സിനിമയായ  I 'VE LOVED YOU SO LONG (2008) കൊലപാതകത്തിന് 15 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച് പുറത്തിറങ്ങിയ യുവതിയുടെ തുടർ ജീവിതത്തിന്റെ കഥ പറയുന്നു .
                           ജയിൽ ശിക്ഷ കഴിഞ്ഞെത്തുന്ന JULIETT  തന്റെ സഹോദരിയോടും (ലിയോ) കുടുബത്തോടുമോപ്പം താമസിക്കാനെത്തിയിരിക്കുകയാണ്. തന്റെ കുടുംബാംഗങ്ങളോടും അവർക്ക് ചുറ്റുമുള്ള സമൂഹത്തോടും സംവദിക്കാനും തന്റെ വ്യക്തിത്വം വീണ്ടെടുക്കുന്നതിനും സ്വയം ബോധ്യമാകുന്ന തരത്തിൽ , താൻ നിഷ്കാസിതയാക്കപ്പെട്ട  സമൂഹത്തിൽ തന്റേതായ ഇടം സ്ഥാപിചെടുക്കുന്നതിനുമുള്ള  നായികയുടെ ശ്രമങ്ങളാണ് ഈ സിനിമയിൽ നിറയുന്നത് .
         തികച്ചും വ്യത്യസ്തമായ  ഒരു അന്തരീക്ഷത്തിലാണ് JULIETT  ചെന്നെത്തുന്നത് . അധ്യാപികയായ ലിയോ , LEXICOGRAPHER ആയ  ഭർത്താവ്  ലൂക്ക്‌  , സംസാരശേഷി നഷ്ടപ്പെട്ട ലൂക്കിന്റെ പിതാവ് , ലിയോ -ലൂക്ക്  ദമ്പതികളുടെ രണ്ടു ദത്തു പുത്രിമാർ ( VIETNAMESE ) , അവരുടെ സൗഹൃദ വലയങ്ങൾ . ഇവർക്കിടയിലാണ് JULIETT തന്നെ സ്വയം തേടുന്നത്.
          15 വർഷത്തെ കാരാഗൃഹ വാസം JULIETT  -ൽ അവശേഷിപ്പിച്ച ശൂന്യത തന്നെയായിരുന്നു ആൾക്കൂട്ടത്തിനിടയിലും  അവളെ   പുൽകിയത് . ലിയോ -ലൂക്ക് എന്നിവരുടെ കുട്ടികൾ JULIETT ൽ  ചെലുത്തുന്ന സ്വാധീനവും , അത്  അസന്തുലിതമായ JULIETT ന്റെ മനസ്സിനെ സന്തുലിത തീരങ്ങളിലേക്ക്  അടുപ്പിക്കുന്നതിനു ഹേതുവാകുന്നതും  വളരെ ഹൃദ്യമായി തോന്നി.
                 ജയിൽ മോചിതരായ വ്യക്തികളെ സമൂഹം സ്വീകരിക്കാറുള്ള കുത്തുവാക്കുകൾ , പരിഹാസങ്ങൾ എന്നീ ക്ലീഷേ  സന്ദർഭങ്ങൾ പരമാവധി കുറയ്ക്കാൻ  JULIETT  നെ  തികച്ചും അപരിചിതമായ ഒരു സമൂഹത്തിലേക്ക് പറിച്ചു നട്ടതിലൂടെ  സംവിധായകന് സാധിച്ചു.
                                സുന്ദരവും , ശാന്തവുമായി മുന്നേറിക്കൊണ്ടിരുന്ന തന്റെ കുടുംബത്തിലേക്ക്( ചുറ്റുപാടുകളിലേക്ക് ) JULIETT എത്തുന്നതോടെ ഉണ്ടാകുന്ന  പ്രയാസങ്ങൾക്കും , സംഘർഷങ്ങൾക്കും  മുകളിലായി  JULIETT നെ കൈവിടാതെ ചേർത്ത് പിടിക്കുന്ന ലിയോ സഹോദരിയോടുള്ള അളവില്ലാത്ത സ്നേഹം പ്രകടമാക്കുന്നതിനോടൊപ്പം  നാം ഉൾപ്പെടുന്ന സമൂഹത്തിന്റെ ചിന്തകളെ ഉണർത്താനും വഴിമരുന്നിടുന്നു.
                 സ്വതന്ത്രമെന്ന് തോന്നിക്കുന്ന ഈ ലോകത്തും ( സമൂഹത്തിലും ) കാരാഗൃഹത്തിലെന്നപോലെ , അദൃശ്യമായ ചങ്ങലകളാൽ ബന്ധിതമാക്കപെട്ട മനസ്സുള്ള മനുഷ്യരെയും JULIETT  കണ്ടെടുക്കുന്നു. അഴികൾ തീർക്കപ്പെട്ട  JULIETT ന്റെ മനസ്സിന്റെ അകത്തളങ്ങളിൽ അടയ്ക്കപ്പെടാൻ ആഗ്രഹിക്കുന്നവരെയും JULIETT നൊപ്പം നമുക്ക് കാണാവുന്നതാണ്. മനുഷ്യൻ ഏകനായി ജീവിക്കാൻ പിറന്നവനല്ല എന്ന പോലീസുകാരന്റെ വാക്കുകൾ വിശാലമായ അർഥതലങ്ങളിലേക്ക് വ്യാപിക്കുന്നതായി തോന്നി .
       സിനിമയുടെ MYSTERY അവസാനം വരെ മറച്ചു വെയ്ക്കപ്പെടുന്ന കൊലപാതക കാരണമാണ് . എന്നാൽ സിനിമ അന്ത്യത്തോടടുക്കുമ്പോൾ അതിന്റെ പ്രസക്തി അലിഞ്ഞു പോകതക്കവിധത്തിൽ REALISTIC  ആയ സാഹചര്യങ്ങളിലൂടെ മികവാർന്ന സംവിധാന ശൈലിയിലൂടെ ഇതര ആശയങ്ങളെയും പൊലിപ്പിച്ചെടുക്കാൻ  സംവിധായകന് സാധിച്ചിരിക്കുന്നു.

           ക്ലൈമാക്സ് ഉൾപ്പടെ അത്യന്തം വൈകാരിക ഭാവങ്ങളിലൂടെ കടന്നു പോകുന്ന നായികയെ വളരെ മനോഹരമായാണ് KRISTIN SCOTT THOMAS അവതരിപ്പിച്ചിരിക്കുന്നത് . വ്യക്തിത്വത്തിന്റെ ചുവടു മാറ്റങ്ങൾ അവരുടെ മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു .ഈ സിനിമയുടെ വിശാലമായ ക്യാൻവാസിൽ അനാവശ്യ സ്ട്രോക്കുകൾ    വരാതിരിക്കാൻ സംവിധായകാൻ ശ്രദ്ധിച്ചിരിക്കുന്നു .
         സിനിമ ഒരു "ART " എന്ന വാചകത്തോട്‌ നീതി പുലർത്തുന്ന ശ്രമങ്ങളെ കണ്ണുകളാൽ അനുഗ്രഹിക്കാൻ ഇഷ്ട്ടപെടുന്നവരും ............... പരത്തപ്പെടേണ്ടത്  സ്നേഹമാണെന്ന് കരുതുന്നവരും ഈ സിനിമ കാണുമെന്ന പ്രതീക്ഷയോടെ  നിർത്തുന്നു .

         BY
              ഷഹീർ ചോലശ്ശേരി 

No comments:

Post a Comment