Sunday 22 October 2017

BITTER DREAM (2004)



FILM : BITTER DREAM (2004)
GENRE : BLACK COMEDY
COUNTRY : IRAN
DIRECTOR : MOHSEN AMIRYOUSSEFI

               ഇറാനിയൻ സിനിമ എന്നും വിസ്മയിപ്പിച്ചിട്ടേയുള്ളൂ. പ്രമേയത്തിലും, ആഖ്യാനത്തിലും അവയ്ക്ക്   പ്രത്യേകമായ ഒരു സൗന്ദര്യം ഉള്ളതായി തോന്നാറുണ്ട്. നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നും, അവയോട് നിരന്തരം കലഹിച്ചും ദൃശ്യഭാഷയിലൂടെ ഇറാനിയൻ സിനിമകൾ തീർക്കുന്ന നിലപാടുകളെ അത്ഭുതത്തോടെയാണ് കണ്ടിട്ടുള്ളത്. ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇന്നത്തെ പോസ്റ്റ് ഒരു ഇറാനിയൻ സിനിമയേക്കുറിച്ചു തന്നെയാവാം. മൊഹ്‌സിൻ ആമിർയൂസഫിയുടെ  "BITTER DREAM" എന്ന സിനിമയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
സിനിമയെക്കുറിച്ച് 
              മരണവും, ശ്‌മശാനവും കഥാപാത്രങ്ങളുടെ ഉപജീവനവും, പശ്ചാത്തലവുമാകുന്ന സിനിമയെ കോമഡിയെന്ന് വിശേഷിപ്പിക്കുമ്പോൾ അത് ബ്ലാക്ക് കോമഡിയാകും എന്ന് പ്രത്യേകം പറയേണ്ടതില്ല. മൃതശരീരത്തെ കുളിപ്പിക്കുന്ന എസ്ഫന്ദറും, കുഴിയെടുക്കുന്നയാളും, മരിച്ചവരുടെ വസ്ത്രങ്ങൾക്ക് തീയിടുന്ന ആളും, ദിൽബർ എന്ന വിധവയും, പ്രാദേശിക പുരോഹിതനുമെല്ലാം ഈ സിനിമയിലെ കഥാപാത്രങ്ങളാകുന്നു. ഒരു ഡോക്യുമെന്ററി  സ്റ്റൈലിലാണ് സിനിമയെടുത്തിരിക്കുന്നത്. ശ്മശാനത്തിന്റെ തലവനെന്നു തോന്നിക്കുന്ന എസ്ഫന്ദറുടെ വോയ്‌സ് ഓവറുകളും, അസ്തിത്വ ചിന്തകളും പ്രേക്ഷക മനസ്സിനെ പിന്തുടരുക തന്നെ ചെയ്യും. ചിലപ്പോഴൊക്കെ സറ്റയറിക്കലായി മാറുന്ന കാഴ്ചകളെ ഇറാനിയൻ സാമൂഹിക പശ്ചാത്തലത്തെ മുൻനിർത്തി മാത്രമേ വിലയിരുത്താനാവൂ. ചിരിപ്പിക്കുക എന്നതിലുപരി ചിന്തയിലേക്ക് പാഞ്ഞുകയറി മനസ്സിനെ പിടിച്ചുലയ്ക്കുക എന്നതാണ് കറുത്ത ഹാസ്യത്തിന്റെ സ്വഭാവം. ഇവിടെ, മരണവും, ശ്‌മശാനവും, നിശബ്ദതയും നിറഞ്ഞ ഫ്രെയിമുകളിൽ ഹാസ്യം ഇരുട്ടണിഞ്ഞു നിൽക്കുമ്പോൾ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകനും അസ്തിത്വ ചിന്തകളിലേക്ക് ചേക്കേറുന്നു. സ്വന്തം മരണത്തെക്കുറിച്ചുള്ള ചിന്തകൾ എസ്ഫന്ദറിനെ കീഴടക്കുമ്പോൾ അയാളിൽ വരുന്ന മാറ്റങ്ങളും, അയാളുടെ തയ്യാറെടുപ്പുകളും മനുഷ്യ മനസ്സുകളുടെ ദൗർബല്യങ്ങളെയാണ് പ്രേക്ഷകന് കാണിച്ചു തരുന്നത്.
       സിനിമയെക്കുറിച്ചു ഇത്രയും കുറിച്ചതിൽ നിന്ന് ഒരു ഏകദേശ ധാരണ കിട്ടിയിരിക്കും എന്ന് കരുതുന്നു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കാഴ്ചയല്ല BITTER DREAM. എനിക്ക് ഈ സിനിമ കയ്പ്പേറിയ അനുഭവമല്ല സമ്മാനിച്ചത്. നിങ്ങൾക്ക് ..........................................  


Saturday 14 October 2017

TULPAN (2008)



FILM : TULPAN (2008)
GENRE ; COMEDY !!! DRAMA
COUNTRY : KAZAKHSTAN
DIRECTOR  : SERGEY DVORTSEVOY

              ചില ഭൂപ്രദേശങ്ങൾ കാണുമ്പോൾ അവിടെ വസിക്കുന്നവരുടെ അഡാപ്റ്റബിലിറ്റിയെക്കുറിച്ചു ഓർത്തുപോവാറുണ്ട്. വളരെ കടുപ്പമേറിയ സാഹചര്യങ്ങളിലും ജീവിതം കരുപിടിപ്പിക്കാനുള്ള ശ്രമങ്ങളുമായി പ്രകൃതിയോട് മല്ലടിക്കുന്ന ഒരു കുടുംബത്തിന്റെ ജീവിതമാണ് ഈ സിനിമ കാണിച്ചു തരുന്നത്. കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ സെൻട്രൽ ഏഷ്യൻ രാജ്യങ്ങളിലെ ഗ്രാമീണ കാഴ്ചകളടങ്ങിയ സിനിമകളിൽ മുൻപും കണ്ടിട്ടുള്ള സാംസ്‌കാരിക വൈവിധ്യങ്ങളാണ് ഈ സിനിമയിലും കാണാനായത്, എങ്കിലും ചില കാഴ്ചകൾ "അപൂർവ്വങ്ങളിൽ അപൂർവ്വം" എന്നു  വിശേഷിപ്പിക്കേണ്ടവ തന്നെയായിരുന്നു.
           ജീവിതം ദുസ്സഹമായ പുൽമേടുകളിൽ ആടുകളെ മേച്ചുകൊണ്ടു ഒരിടത്തും നിലയുറപ്പിക്കാതെ ജീവിക്കുന്ന "നൊമാഡുകളുടെ" ജീവിതമാണ് ഈ സിനിമ. കപ്പൽ യാത്രികനായിരുന്ന ASA എന്ന യുവാവ് സഹോദരിയുടെ കുടുംബത്തിനൊപ്പം പുതിയ ജീവിത സ്വപ്നങ്ങളുമായി താമസിക്കാനെത്തുകയാണ്. സ്വന്തമായി ആട്ടിൻകൂട്ടവും, കൂരയുമെന്ന അയാളുടെ സ്വപ്നത്തിലേക്കുള്ള ആദ്യ പടിയെന്നത് വിവാഹമാണ്. പ്രദേശത്തെ ഏക പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് ASA.
     വിജനമായ, വരണ്ട, പൊടിക്കാറ്റ് വീശുന്ന ഭൂപ്രദേശങ്ങളിലെ നൊമാഡുകളുടെ  വേറിട്ട ജീവിത രീതികളെ അടുത്തറിയാൻ TULPAN സഹായിക്കുന്നു. ആടുകളെ പരിശോദിക്കാനെത്തുന്ന മൃഗഡോകറ്ററുടെ കഥാപാത്രം കുറച്ചു നിമിഷങ്ങൾ മാത്രമേയുളളൂയെങ്കിലും വളരെ ഹാസ്യാത്മകമായി. കുട്ടികളായി അഭിനയിച്ചവർ മനോഹരമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. സിനിമയിൽ കാണാവുന്ന വാഹനങ്ങൾ പോലും ദുസ്സഹമായ ആ ജീവിതത്തിന്റെ  ചേരുവകളായി നമുക്ക് തോന്നും. സിനിമയിലെ ചില ദൃശ്യങ്ങൾ എത്രമാത്രം "റിയൽ" ആയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് കണ്ടറിയുക തന്നെ വേണം. സിനിമയിൽ എന്നെ ഏറ്റവുമധികം സ്പർശിച്ചത് ASA യും , സഹോദരിയും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയാണ്.
      TULPAN എന്ന പേരിനോട് തോന്നിയ കൗതുകവും സിനിമ കാണാൻ പ്രേരിപ്പിച്ച കാര്യങ്ങളിലൊന്നാണ്. TULPAN  ഈ സിനിമയിൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്നു എന്നത് നിങ്ങൾ കണ്ടുമനസ്സിലാക്കുന്നതാണ് ഉത്തമം. വ്യത്യസ്തമായ ഒരു ജീവിതരീതിയുടെ, സംസ്കാരത്തിന്റെ നേർക്കാഴ്ച്ചയെന്ന രീതിയിൽ അപൂർവ്വമായ സിനിമാനുഭവങ്ങളാണ് ഇത്തരം കാഴ്ചകൾ.


Thursday 12 October 2017

LUMUMBA (2000)



FILM : LUMUMBA (2000)
GENRE : POLITICAL DRAMA
COUNTRY : HAITI
DIRECTOR : RAOUL PECK

             പൊളിറ്റിക്കൽ ഡ്രാമകളും മറ്റും കാണുമ്പോൾ മുൻവിധികൾ മനസ്സിലേക്ക് ചേക്കേറുന്ന പതിവുണ്ട്. ചരിത്രത്തിലെ നിർണ്ണായക നിമിഷങ്ങളെ റിയാലിറ്റിയിൽ നിന്ന് അടർത്തി മാറ്റാതെ  അവതരിപ്പിക്കപ്പെട്ട LUMUMBA എന്ന ഹെയ്തി സിനിമ എല്ലാ നിലയ്ക്കും എനിക്ക് വിസ്മയമാണ് സമ്മാനിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ അതിപ്രശസ്തരായ ആഫ്രിക്കൻ നേതാക്കളിൽ ഒരാളായ "പാട്രീസ് എമാരി ലുമുംബ" എന്ന കോംഗോ നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക ഏടുകൾ ഫ്രെയിമുകളിലേക്ക് പകർത്തിയ ഈ സിനിമ, കോംഗോ എന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യ ചരിത്രത്തെയും, അതിലുപരി സാമ്രാജ്യത്വത്തിന്റെ താൽപര്യങ്ങളിലും കൗശലങ്ങളിലും ഞെരിഞ്ഞമരുന്ന ആഫ്രിക്കൻ യാഥാർഥ്യങ്ങളെയും തുറന്നു കാട്ടുന്നു.  
        ബെൽജിയൻ കോളനിയായിരുന്ന കോംഗോയെ സ്വതന്ത്രയാക്കാനുള്ള പോരാട്ടത്തിലെ മുന്നണി പോരാളിയായിരുന്ന ലുമുംബ തന്നെയായിരുന്നു ആ രാജ്യത്തിൻറെ ആദ്യ പ്രധാനമന്ത്രി. രാജ്യത്തിന്റെ ഐക്യത്തിലും, പൂർണ്ണ സ്വാതന്ത്ര്യത്തിലും ഉറച്ചു വിശ്വസിച്ച അയാളുടെ നിലപാടുകളും, വാക്കുകളും പലർക്കും അസ്വസ്ഥത ഉളവാക്കി എന്നതാണ് സത്യം. സാമ്രാജ്യത്ത താൽപര്യങ്ങൾ ഉടക്കിനിന്ന ഖനികളാലും, മറ്റു പ്രകൃതി വിഭവങ്ങളാലും സമ്പന്നമായ ഒരു രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള വമ്പൻ ശക്തികളുടെ കുടിലതകൾക്കു മുന്നിൽ പരാജയം രുചിച്ച ആ പോരാളിയോടൊപ്പം തകർന്നടിഞ്ഞത് ആ രാജ്യത്തിൻറെ സ്വപ്‌നങ്ങൾ തന്നെയായിരുന്നു എന്ന് കാലമാണ് സാക്ഷ്യപ്പെടുത്തിയത്.
      ബയോഗ്രഫികളിൽ കാണപ്പെടാറുള്ള പോലെ വ്യക്തിത്വത്തെ മഹത്വവൽക്കരിക്കാനുള്ള ശ്രമങ്ങൾ ഈ സിനിമയിൽ കാണാനായില്ല. നിലപാടുകളിലെ കാർക്കശ്യവുമായി രാജ്യത്തെ നയിച്ച ലുമുംബയുടെ ചില എടുത്തുചാട്ടങ്ങൾ തന്നെയാണ് സ്വന്തം ജനതയുടെ തോക്കിന്റെ മറുവശത്ത് അയാളെ നിർത്തിയത്. ആരുടെയൊക്കെയോ സ്വാർത്ഥതകളാൽ നിയന്ത്രിക്കപ്പെട്ട നേതാക്കൾ കൈക്കൊണ്ട തീരുമാനങ്ങളുടെ ആകെത്തുകയായി ആ രാജ്യം പടുകുഴിയിൽ വീഴുകയായിരുന്നു.
       ബൃഹത്തായ ഒരു കാലഘട്ടത്തെ അവതരിപ്പിക്കാതെ സ്വാതന്ത്ര്യത്തിനു മുമ്പും, ശേഷവുമുള്ള ചെറിയ ഒരു കാലത്തിലാണ് സിനിമ നിലയുറപ്പിക്കുന്നത്. ഹോളിവുഡ് സിനിമകളുടെ ശൈലിയുടെ പുറകെ പോകാതെ ആഫ്രിക്കൻ ശൈലിയിൽ തന്നെ ഈ സിനിമ അണിയിച്ചൊരുക്കിയത് വളരെ നന്നായതായ് തോന്നി. ഓരോ സംഭവങ്ങളും വിശ്വാസയോഗ്യമായ രീതിയിൽ കാലഘട്ടത്തോടും, കഥാപാത്രങ്ങളോടും നീതിപുലർത്തി അവതരിപ്പിച്ചതായാണ് തോന്നിയത്. ഒരു ചരിത്ര വിദ്യാർത്ഥിയിൽ ആകാംഷയുണർത്തും വിധം മൂർച്ചയുള്ളവയായിരുന്നു സംഭാഷണങ്ങൾ. സിനിമയുടെ അവസാന ഭാഗങ്ങൾ വളരെ അസ്വസ്ഥതയോടെയാണ് കണ്ടു തീർത്തത്. ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലെ ക്രൂരത നിറഞ്ഞ രാത്രികളിലൊന്നിനെ ഭീകരത ചോരാതെ തന്നെ കാണാനായതാണ് അതിനുള്ള കാരണം. ലുമുംബ എന്ന ടൈറ്റിൽ റോൾ ഉൾപ്പെടെ എല്ലാവരും മികച്ച അഭിനയമാണ് പടത്തിലുടനീളം കാഴ്ചവെച്ചത്.
     അവശേഷിക്കുന്നവനും, വിജയിച്ചവനും രചിക്കുന്ന ചരിത്രത്താളുകളിൽ യഥാർത്ഥ പോരാളികൾക്ക് നീതിയുണ്ടാവില്ല, എന്നാൽ കാലം അതിനൊക്കെ മറുചരിതമെഴുതി നീതി വിളയിക്കുമെന്ന് തന്നെയാണ് ഇന്നോളമുള്ള ചരിത്രം വിളിച്ചുപറയുന്നത്.


Tuesday 10 October 2017

TRAIN DRIVER’S DIARY (2016)



FILM : TRAIN DRIVER’S DIARY (2016)
GENRE : COMEDY
COUNTRY: SERBIA
DIRECTOR: MILOS RODOVIC

            കോമഡി സിനിമ  എന്ന നിലയിലാണ് ഈ സിനിമ കാണാനിരുന്നത്. എന്നാൽ, ആദ്യരംഗങ്ങൾ തന്നെ ബ്ലാക്ക് കോമഡിയുടെ സാന്നിധ്യം സൂചിപ്പിക്കുന്നവയായിരുന്നു. ജീവിതവും, മരണവുമെല്ലാം തെളിഞ്ഞു നിൽക്കുന്ന ഗൗരവമേറിയ തലങ്ങളെ ഹാസ്യം വിതറി അവതരിപ്പിച്ചിരിക്കുന്നു ട്രെയിൻ ഡ്രൈവേർസ് ഡയറി. ബോധപൂർവ്വമല്ലെങ്കിലും  ആത്മഹത്യകൾ ഉൾപ്പെടെയുള്ള മരണങ്ങൾക്ക് ദൃക്‌സാക്ഷിയും, പങ്കാളിയുമെല്ലാം ആകേണ്ടി വരുന്ന ട്രെയിൻ ഡ്രൈവറുടെ മാനസിക സംഘർഷങ്ങളെ വേറിട്ടരീതിയിൽ വരച്ചുകാണിക്കുന്ന ദൃശ്യാനുഭവമാണ് ഈ സിനിമ.
       തലമുറകളിലൂടെ തുടരുന്ന ഈ ദുര്യോഗം നിർവ്വികാരതയുടെ രൂപത്തിൽ പ്രധാന കഥാപാത്രമായ "ഇലിയയുടെ" ജീവിതത്തിൽ അടയാളങ്ങൾ അവശേഷിപ്പിക്കുന്നുണ്ട്. വൈകിയ വേളയിലാണെങ്കിലും ഇലിയയുടെ ജീവിതത്തിന്റെ ട്രാക്കിലേക്ക് അപ്രതീക്ഷിതമായി കയറി നിൽക്കുന്ന "സിമ" എന്ന ബാലനിലൂടെ അയാളുടെ ജീവിതത്തിന്റെയും, അയാൾ കൈയ്യാളിയിരുന്ന ജോലിയുടെയും ഉള്ളറകളിലേക്ക് സിനിമ ഓടിക്കയറുന്നു. ആസ്വാദ്യകരമല്ലാത്ത ഒരു വിഷയത്തെ വിരസതയെ അകറ്റിനിർത്തി അവതരിപ്പിച്ചു ഫലിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. ഗൗരവമാർന്ന ആശയങ്ങൾ ഈ സിനിമയുടെ ട്രാക്കിൽ പലയിടത്തും ചിതറിക്കിടക്കുന്നുണ്ടെങ്കിലും, സിനിമയ്ക്കു ചുറ്റും മാനുഷികതയുടെ ഒരു വലയം തീർക്കാനായതാണ് ഈ സിനിമയെ പ്രിയങ്കരമാക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു നല്ല സിനിമാപ്രേമിക്ക് ഉറപ്പായും ഇഷ്ട്ടപ്പെടുന്ന കാഴ്ചയാണ് TRAIN DRIVERS' DIARY. 


Sunday 1 October 2017

VODKA LEMON (2003)



FILM : VODKA LEMON (2003)
GENRE : DRAMA !!! COMEDY
COUNTRY : ARMENIA
DIRECTOR : HINER SALEEM

       ദുഖവും, നിരാശയും കലർന്ന മനസ്സും ഭാവവുമാണ് ഗ്രാമനിവാസികൾക്കെല്ലാം. ഓരോ ദിവസത്തെയും നിലനിൽപ്പിനുള്ള ശ്രമങ്ങളിലാണ് ഓരോരുത്തരും. ബാഹ്യലോകത്തിൽ നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന മഞ്ഞുപുതഞ്ഞ ഗ്രാമത്തിലെ കുർദ്ദുകളുടെ കഥയാണ് HINER SALEEM-ന്റെ VODKA LEMON പറയുന്നത്. അതിമനോഹരമായ സിനിമാറ്റോഗ്രാഫിയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളുമായ് ഈ സിനിമ പ്രേക്ഷകന്റെ ഇഷ്ടം പിടിച്ചു പറ്റുന്നു.
         സാമ്പത്തികമായി തകർന്ന ഗ്രാമനിവാസികളെല്ലാം അതിജീവനത്തിനായ് വീട്ടുസാധനങ്ങൾ പോലും വിൽക്കുകയാണ്. നഷ്ടങ്ങളുടെയും, ഇല്ലായ്മകളുടെയും വേദനകളാണ് കഥാപാത്രങ്ങളുടെ കൂട്ടാളികളെങ്കിലും, നമ്മെ ചിരിപ്പിക്കാൻ സിനിമ മറന്നു പോകുന്നില്ല. പ്രായമേറിയവർ കൂടുതലുള്ള ഗ്രാമത്തിലെ ആളുകളുടെ ദിനചര്യകളിലൂടെ സിനിമ മുന്നോട്ടു പോകുമ്പോൾ പ്രേക്ഷകനും അവരോടൊപ്പം കൂടാനാവുന്നു. വിഷ്വലി റിച്ച് എന്നതിലുപരി കൾച്ചറലി റിച്ച് എന്ന നിലയിലാണ് എനിക്ക് ഈ സിനിമ കൂടുതൽ ആസ്വദിക്കാനായത്. സിനിമയിൽ ദൃശ്യമായ രാഷ്ട്രീയ സൂചനകളെ എങ്ങനെ വിലയിരുത്തുമെന്നത് സിനിമ ബാക്കിവെയ്ക്കുന്ന ചിന്തകളാണ്.  ചുമരുകളിൽ തൂങ്ങിക്കിടക്കുന്ന ചരിത്രങ്ങളേയും, ചരിത്രപുരുഷന്മാരെയും യാദൃശ്ചികതയായ്‌ അവഗണിക്കാനാവില്ല എന്നത് തന്നെയാണ് നമുക്ക് മനസ്സിലാക്കാനാവുന്നത്.
     പറയത്തക്ക കഥയൊന്നുമില്ലെങ്കിലും, നൊമ്പരങ്ങളെ ഉള്ളിലൊതുക്കി ജീവിതം തള്ളിനീക്കുന്ന കഥാപാത്രങ്ങളും, അവരുടെ സംഭാഷണങ്ങളും മഞ്ഞുപെയ്യുന്ന, മഞ്ഞുപുതഞ്ഞ മലയോരങ്ങളും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന കാഴ്ചകളാണ്. കണ്ണിനു കുളിർമ്മയേകുന്ന ഈ അർമേനിയൻ സിനിമയുടെ അവസാന രംഗവും മികവുറ്റതാണ്. വിദേശ സിനിമകൾ കാണാനിഷ്ട്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് വോഡ്ക ലെമൺ.