Monday 31 December 2018

JEZIORAK (2014)


FILM : JEZIORAK (2014)
COUNTRY : POLAND
GENRE : CRIME !!! MYSTERY !!! DRAMA
DIRECTOR : MICHAL OTLOWSKI
         ചില വ്യക്തികളെ കാണാതാവുന്നതോ, ഊരും, പേരുമറിയാത്തയാളുടെ കൊലപാതകമോ ആയിരിക്കും സാധാരണയായി ഒരു ഇൻവെസ്റ്റിഗേഷൻ സിനിമയിലെ ആദ്യ സീനുകളിൽ കാണാനാവുക. എന്നാൽ രണ്ടു പോലീസുകാരുടെ തിരോധാനമാണ് ഈ പോളിഷ് സിനിമയുടെ പ്രേക്ഷകരെ എതിരേൽക്കുന്നത്. അതിൽ ഒരാളാകട്ടെ, പ്രധാന അന്വേഷണ ഉദ്യോഗസ്ഥയുടെ ഭർത്താവുമാണ്. ഒരു സൂചനപോലും ലഭ്യമാകാത്ത അവസ്ഥയിൽ അവരുടെ തിരോധാനത്തിന്റെ നിഗൂഢതയിലേക്ക് ഒരു സ്ത്രീയുടെ മൃതദേഹം കൂടിയെത്തുന്നതോടെ സിനിമയും, അന്വേഷണവും ചലിച്ചു തുടങ്ങുന്നു.
      ഗർഭിണിയായ പോലീസ് ഉദ്യോഗസ്ഥ അവധിയിൽ പ്രവേശിക്കാതെ കേസിനൊപ്പം നീങ്ങുകയാണ്. തനിക്കു ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെ ഊഹങ്ങളിലൂടെയും, അന്വേഷണങ്ങളിലൂടെയും, നിഗമനങ്ങളിലൂടെയും, അപഗ്രഥനത്തിലൂടെയും വഴി തെളിച്ചു കൊണ്ട് പ്രശ്നങ്ങളുടെ ചുരുളഴിക്കാനുള്ള ശ്രമങ്ങളിലാണ് അവൾ. അവൾ വഴിവെട്ടിയ പാതകളിൽ കണ്ടുമുട്ടുന്ന സത്യങ്ങളിൽ ചിലതു അപ്രിയങ്ങളും, അവിശ്വസനീയങ്ങളുമാകുന്നു. അവളുടെ അന്വേഷണം എവിടെയാണ് ചെന്നെത്തുക എന്നതുതന്നെയാണ് സിനിമയുടെ മർമ്മം. ഒരു "WOW" ഫാക്റ്റർ അവകാശപ്പെടാൻ സിനിമയ്ക്കാവില്ലെങ്കിലും , കാണാനുള്ള വകയുണ്ട് ഈ പോളിഷ് സിനിമ എന്ന് തന്നെയാണ് എന്റെ പക്ഷം.

Thursday 20 December 2018

THE TRACE (2011)


FILM : THE TRACE (2011)
GENRE : DRAMA
COUNTRY : TURKEY
DIRECTOR : M. TAYFUR AYDIN
              ക്ഷണികമാണ് ജീവിതം. അടയാളങ്ങൾ ബാക്കിയാക്കണം എന്ന മോഹവും ആ വേഗമാർന്ന പിടച്ചിലുകൾക്കിടയിൽ കുരുത്തത് തന്നെയാവണം. എവിടെയാണവ തീർക്കപ്പെടേണ്ടത്. അടയാളങ്ങൾ ആവശ്യമില്ലാത്ത വിധം തന്നിൽ ലയിച്ച ഇടങ്ങളിൽ തന്നെയാവണം ഓരോരുത്തരും അടയാളങ്ങളായി അവശേഷിക്കേണ്ടത്. ഇത്രയും എഴുതിയത് ഒരു സിനിമയെ പരിചയപ്പെടുത്താനാണ്. 2011-ൽ ഇറങ്ങിയ ദി ട്രെയ്‌സ് എന്ന തുർക്കി സിനിമ, പിറന്ന മണ്ണിൽ ലയിച്ചു ചേരാനുള്ള ഒരു വൃദ്ധയുടെ ആഗ്രഹവും, അതിനായുള്ള തിരിച്ചുപോക്കുമാണ് ദൃശ്യവത്കരിക്കുന്നത്. ആ തിരിഞ്ഞു നടത്തത്തിന് വൈകാരികമെന്നതിനപ്പുറം  മാനങ്ങളുണ്ടെന്നതും, പ്രമേയത്തിന് തീവ്രതയും, വിശാലതയുമേകുന്നു.
             പരസ്പര ബന്ധിതമല്ലാത്ത  രംഗങ്ങളിലൂടെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കഥാപാത്രങ്ങളെ രജിസ്റ്റർ ചെയ്താണ് സിനിമയാരംഭിക്കുന്നത്. പ്രായാധിക്യത്തിന്റെയും, അസുഖങ്ങളുടെയും ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ വൃദ്ധയായ SERISTAN തന്റെ അവസാന ആഗ്രഹം മകനോട് തുറന്നു പറയുകയാണ്. തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോവുകയെന്ന മാതാവിന്റെ ആഗ്രഹം നിറവേറ്റാനായി മകൻ മിർസയ്ക്കും , പേരമകനുമൊപ്പം ഇസ്താംബൂൾ നഗരത്തിൽ നിന്നും യാത്രയാവുന്നതാണ് സിനിമയുടെ പ്രമേയം. യാത്ര എങ്ങനെ അവസാനിക്കും എന്നത് സിനിമയിൽ നിന്ന് തന്നെ അറിയുന്നതാണ് ഭംഗി. വംശീയമായ വേർതിരിവുകളുടെയും, വേവലാതികളുടെയും, വേദന നിറഞ്ഞ ഭൂതകാലത്തേയുമെല്ലാം പ്രേക്ഷകന്റെ ശ്രദ്ധയിലേക്ക് നീക്കിനിർത്തുന്നുണ്ട് THE TRACE .

Thursday 6 December 2018

AN INSPECTOR CALLS (2015)


FILM : AN INSPECTOR CALLS (2015)
COUNTRY : UK
GENRE : DRAMA !!! MYSTERY (TV MOVIE)
DIRECTOR : AISLING WALSH
         1912-ലെ  പശ്ചാത്തലമാണ്  സിനിമയ്ക്കുള്ളത്. ബിർലിംഗ് , ക്രോഫ്റ്റ് എന്നീ കുടുംബങ്ങൾ നാട്ടിലെ ധനാഢ്യരാണ്. ക്രോഫ്ട് കുടുംബാംഗമായ ജറാൾഡ്, ബിർലിംഗ് കുടുംബാംഗമായ ഷീലയുമായുള്ള വിവാഹനിശ്ചയത്തിന്  ഒരുങ്ങുകയാണ്. അതിനായി ഒത്തുചേർന്ന അവരുടെ ഡിന്നർ പാർട്ടിയിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി വരുകയാണ് ഇൻസ്‌പെക്ടർ ഗൂൾഡ്. ഒരു യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ചോദിക്കാനാണ് അയാളെത്തിയിരിക്കുന്നത്.  മനോഹരമാകുമായിരുന്ന ഒരു നിമിഷത്തിലേക്ക് അശുഭ സൂചന നൽകി വരുന്ന ഇൻസ്‌പെക്ടറുടെ ഉദ്ദേശ്യമെന്ത്? ... യുവതിയുടെ  മരണം എങ്ങനെയാണ് ഈ കുടുംബത്തിനോട് ബന്ധപ്പെട്ടിരിക്കുന്നത്?.... സിനിമ തന്നെ രഹസ്യങ്ങളുടെ ചുരുൾ നിങ്ങൾക്കു മുന്നിൽ ഓരോന്നായി നിവർത്തുന്നതാണ്  ഉത്തമം.
        J B പ്രീസ്റ്റലിയുടെ പ്രശസ്തമായ നാടകത്തിന്റെ സിനിമാ ആവിഷ്കാരമാണിത്. സമൂഹത്തിലെ ക്ലാസ്സ് ഹൈറാർക്കിയുടെ ചിന്തകളെയും, രീതികളെയുമെല്ലാം കാണാവുന്ന സിനിമ ,നല്ലൊരു മിസ്റ്ററി അനുഭവമാകുമെന്നതിൽ സംശയമില്ല.

Tuesday 4 December 2018

THE LAST FRIDAY (2011)


FILM : THE LAST FRIDAY (2011)
COUNTRY : JORDAN
GENRE : DRAMA
DIRECTOR : YAHYA ALABDALLAH
          എന്താണ് യഥാർത്ഥ പ്രശ്നം എന്ന് വേർതിരിച്ചെടുക്കാനാവാത്ത തരത്തിൽ സങ്കീർണ്ണമാണ് യൂസഫിന്റെ പ്രശ്‍നങ്ങൾ. വിവാഹ മോചിതനായ അയാൾ ഒരു ഓപ്പറേഷനായുള്ള തയ്യാറെടുപ്പിലാണ്. അതിനു വേണ്ടി നല്ല ഒരു തുക കണ്ടെത്തേണ്ടതുമുണ്ട്. കാർ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന അയാൾക്ക് ഇപ്പോൾ നൽകിയിരിക്കുന്ന ജോലി ഡ്രൈവറുടേതാണ്. സാമ്പത്തിക പ്രതിസന്ധികളിൽ ഉഴറുന്ന അയാളുടെ പ്രശ്നങ്ങളുടെ നിരയിലേക്ക് മകനായ ഇമാദും കയറി നിൽക്കുന്നതോടെ അയാൾക്ക്‌ ചില ഇടപെടലുകൾ നടത്തേണ്ടതായി വരുന്നു.
        യൂസുഫിന്റെ വ്യക്തിപരമായ ഫ്രസ്‌ട്രേഷനുകളെ അയാളുടെ ചെയ്തികളിലൂടെ വെളിവാക്കുന്നുണ്ട് സിനിമ. അയാളെ കൂട്ടുപിടിച്ചിരിക്കുന്ന ഏകാന്തതയെ അകറ്റി നിർത്താനുള്ള അയാളുടെ ആഗ്രഹങ്ങൾ തെളിമയായി തന്നെ പ്രകടമാകുന്നുണ്ട്. സ്നേഹത്തിനപ്പുറം സാമ്പത്തിക ഭദ്രതയെ വരുതിയിലാക്കാൻ കൊതിക്കുന്ന ആധുനിക സാമൂഹ്യ മനസ്സിനെയും സിനിമ സൂചിപ്പിക്കുന്നു. ദാമ്പത്യ ശൈഥില്യങ്ങളുടെ തുടർച്ചകളായി തന്നെയാണ് ഇമാദിന്റെ രീതികളെയും, അവസ്ഥകളെയും കുറിച്ചിടേണ്ടത്. ഭാവിയെക്കുറിച്ചുള്ള ചിന്തകളിൽ ഇമാദിനെയും പരിഗണിക്കുന്നതിനപ്പുറം പരിഹാരങ്ങളെ യൂസുഫിനും ആശ്ലേഷിക്കാനാവുന്നില്ല. ജീവിതവും പ്രശ്നങ്ങളും എല്ലായിടത്തുമുണ്ടെന്ന യാഥാർത്യം തന്നെയാണ് ഈ സിനിമയെ പ്രേക്ഷകനുമായി അടുപ്പിക്കുന്നത്.


            

Sunday 2 December 2018

THE WILD PEAR TREE (2018)


FILM : THE WILD PEAR TREE (2018)
GENRE : DRAMA
COUNTRY : TURKEY
DIRECTOR : NURI BILGE CEYLAN
           വിന്റർ സ്ലീപ് എന്ന ഉഗ്രൻ സിനിമയ്ക്ക് ശേഷം സെയ്‌ലാന്റെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു. "ദി വൈൽഡ് പിയർ ട്രീ" എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ ആ കാത്തിരിപ്പിനെ തൃപ്തിപ്പെടുത്തുന്ന അനുഭവമായി. DRAMA GENRE ഇഷ്ടപ്പെടുന്ന ഏതൊരു സിനിമാസ്വാദകനും കാണേണ്ട കാഴ്ച്ചകളാണ് സെയ്‌ലാൻ സിനിമകൾ എന്ന വിശേഷണത്തെ ഈ സിനിമയും  ഉറപ്പിക്കുന്നു. കഥാപാത്രങ്ങളുടെ ചിന്ത/ജീവിതവീക്ഷണ/സംസ്കാരിക പരവുമായ കോൺഫ്ലിക്റ്റുകളെ പതിഞ്ഞ ആഖ്യാനത്തിൽ മനോഹരമായ ഫ്രെയിമുകൾക്കൊപ്പം ബൗദ്ധികവും, ദാർശനികവുമായ സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കുന്നു ദി വൈൽഡ് പിയർ ട്രീ.
                ബിരുദപഠനം കഴിഞ്ഞു തന്റെ ഗ്രാമത്തിൽ തിരിച്ചെത്തിയ സിനാൻ ആണ് പ്രധാന കഥാപാത്രം. തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കാനും, എഴുത്തുകാരനാവാനും ആഗ്രഹിക്കുന്ന അയാളുടെ സ്വപ്നങ്ങൾക്കും, വേറിട്ട ചിന്തകൾക്കും വിലങ്ങു വെയ്ക്കുന്നത് പിതാവായ ഇദ്രിസിന്റെ ചെയ്തികളിൽ ഉലഞ്ഞു പോയ കുടുംബാന്തരീക്ഷമാണ്. ചൂതാട്ടത്തിനടിമയായ അയാൾ വരുത്തിവെച്ച കടങ്ങൾ ആ കുടുംബത്തെ സാമ്പത്തികമായി തകർത്തിരിക്കുകയാണ്. ഭാവിയെ കുറിച്ച് വ്യക്തത നഷ്ട്ടപ്പെടുന്ന സിനാൻ തന്റെ പുസ്തകം പുറത്തിറക്കാനുള്ള പണം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ്.
                മൂന്നു മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ സിനിമ പല വിഷയങ്ങളെയും സംഭാഷണങ്ങളിലൂടെ ഉൾച്ചേർക്കുന്നുണ്ട്. സംഭാഷണങ്ങളിലെ പങ്കാളികൾ അസ്വസ്ഥരാകുന്നത് പൊതുബോധത്തിന്റെ സ്വീകാര്യതകളെ യുക്ത്യാധിഷ്ഠിതമായും, വ്യക്ത്യാധിഷ്ഠിതമായുമായ മാനങ്ങളെ മുൻനിർത്തി സിനാൻ കോർണർ ചെയ്യുന്നതിനാലാണ്. രാഷ്ട്രീയം, സാഹിത്യം, പ്രണയം, വിശ്വാസം, മൂല്യബോധങ്ങൾ, കുടുംബം എന്നിവയെല്ലാം സംഭാഷണങ്ങളിൽ നിറയുന്നത് വൈവിധ്യമാർന്ന ചിന്തകളുടെ സത്തയെ പ്രേക്ഷകന് ഫിൽട്ടർ ചെയ്തെടുക്കാനുള്ള അവസരം നൽകുന്നു. മഴയും, വേനലും, മഞ്ഞുപൊഴിയലുമെല്ലാം പ്രകൃതിയുടെ വേറിട്ട മുഖങ്ങളായി കണ്ടെടുക്കാമെന്ന പോലെ  ജീവിതത്തിന്റെയും, മനുഷ്യമനസ്സിന്റെയും ഭിന്നഭാവങ്ങളെ  കഥാപാത്രങ്ങളുടെയും, സാഹചര്യങ്ങളുടേയും പരിണാമങ്ങളിലൂടെ ദൃശ്യമാക്കുന്നു ഈ സിനിമ. മനുഷ്യന്റെ അകവും-പുറവും വിശകലനം ചെയ്യുന്നതിലൂടെ മനസ്സിന്റെ വ്യവഹാരങ്ങളെ മുൻനിർത്തി മനുഷ്യാവസ്ഥകളെ അടയാളപ്പെടുത്തുന്നു "ദി വൈൽഡ് പിയർ ട്രീ ".
           ഏതൊരു സെയ്‌ലാൻ സിനിമയെയും പോലെ സിനിമാട്ടോഗ്രഫി ഇവിടെയും മികച്ചു നിൽക്കുന്നു. ഇദ്രിസ് എന്ന കഥാപാത്രം അവതരിപ്പിച്ച നടന്റെ പ്രകടനം മികച്ചു നിന്നു. ആ കഥാപാത്രത്തിന്റെ സൂക്ഷ്മാംശങ്ങൾ വരെ അനായാസമായി അയാൾ പകർന്നു നൽകി. HATICE-മായുള്ള സിനാന്റെ നിമിഷങ്ങൾ സിനിമയിലെ ഏറ്റവും മനോഹരങ്ങളായ കാഴ്ചകളാകുന്നു. വെയിലിൽ കുളിച്ചു കൊണ്ട് കാറ്റിലുലയുന്ന ഇലകളും, ഉള്ള് തുടിക്കുന്ന രണ്ടു മനസ്സുകളും ചേർന്ന് നിൽക്കുന്ന ഫ്രെയിമുകൾ പെയിന്റിംഗ് പോലെ സുന്ദരവുമാകുന്നു. വിന്റർ സ്ലീപ്പിന്റെ മുകളിൽ നിൽക്കുന്ന ഒന്നല്ലെങ്കിലും സെയ്‌ലാന്റെ മികച്ച മൂന്ന് സിനിമകൾ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ എന്റെ ലിസ്റ്റിൽ തീർച്ചയായും ഈ സിനിമയുമുണ്ടാകും.
           ഒറ്റപ്പെടലിന്റെയും, ചേർച്ചയില്ലായ്മയുടെയും, അകൽച്ചയുടെയും, വൈരുദ്ധ്യങ്ങളുടെയും ജീവിതാവസ്ഥകളെ സൃഷ്ടിക്കുന്ന മനുഷ്യ മനസ്സിന്റെ വന്യതകളിലേക്ക് വിരൽ ചൂണ്ടുന്നു ഈ മനോഹരമായ ദൃശ്യാനുഭവം. 

Thursday 15 November 2018

REFUGIADO (2014)


FILM : REFUGIADO (2014)
COUNTRY : ARGENTINA
GENRE : DRAMA
DIRECTOR : DIEGO LERMAN
          കേരളത്തിന്റെ സ്വന്തം ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള സുവർണ്ണ ചകോരം നേടിയ സിനിമയെന്ന നിലയിലാണ് റെഫ്യൂജിയാദോ എന്ന സിനിമയെക്കുറിച്ചു കേട്ടിട്ടുള്ളത്. ഗാർഹിക അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഒരു മാതാവിന്റെയും, ഏഴുവയസ്സുകാരനായ മകന്റെയും പ്രശ്നങ്ങളെയാണ്  സിനിമ  വിഷയമാക്കുന്നത്. വളരെ ആനന്ദകരമായ ഒരു ചടങ്ങിൽ നിന്ന് ഗൗരവവും, അസ്വസ്ഥജനകവുമായ ഒരു വിഷയത്തിലേക്കാണ് സിനിമയെ സംവിധായകൻ വഴിതിരിച്ചു വിടുന്നത്. ഭർത്താവിന്റെ അക്രമങ്ങളിൽ നിന്ന് സുരക്ഷയുടെ തണലുതേടി അലയുന്ന ലൗറയും ,  മത്യാസും ഒരു പ്രദേശത്തിന്റെ ഒറ്റപ്പെട്ട കാഴ്ചയല്ലെന്നതാണ് സിനിമയുടെ പ്രസക്തി. സിനിമ അഡ്രസ്സ് ചെയ്യുന്ന വിഷയത്തെ ലൗറയുടെയും, മത്യാസിന്റെയും വീക്ഷണങ്ങളിലേക്ക് ഒഴുക്കി വിടാൻ ശ്രമിച്ചിരിക്കുന്നു. വിഷയത്തിന്റെ ഗൗരവം ഉൾകൊള്ളാൻ  മത്യാസിനു ആദ്യം കഴിയുന്നില്ലെങ്കിലും, അതിനൊപ്പം വളരുന്ന അവന്റെ ചിന്തകളെ സിനിമ അടയാളപ്പെടുത്തുന്നുണ്ട്. ചില നിമിഷങ്ങളെ വൈകാരികവും, ഉദ്വേഗജനകവുമാക്കാൻ ശ്രമിച്ചിട്ടുണ്ട്. അഭിനേതാക്കളുടെ മികച്ച പ്രകടനം കാണാവുന്ന നല്ല  ഒരു സിനിമാനുഭവമാകുന്നു റെഫ്യൂജിയാദോ.

Tuesday 13 November 2018

THE OLD MAN (2012)

FILM : THE OLD MAN (2012)
COUNTRY : KAZAKHSTAN
GENRE : DRAMA
DIRECTOR : ERMEK TURSUNOV
                 ചില ഭൂപ്രകൃതികൾ ചിലയിടങ്ങളിലെ സിനിമകളിലെ അവിഭാജ്യ ഘടകങ്ങളായി തോന്നാറുണ്ട്. അവിടങ്ങളിലെ ജീവിതത്തിലും, സംസ്കാരത്തിലും അവ ചെലുത്തുന്ന സ്വാധീനമാണ് ഇങ്ങനെയൊരു സാന്നിധ്യത്തിന്  കാരണം. ദി ഓൾഡ് മാൻ (2012) എന്ന കസാഖ് സിനിമയും ഈ ഒരു ചിന്തയെ ബലപ്പെടുത്തുകയാണ് ചെയ്തത്. ഹെമിങ്വേയുടെ വിഖ്യാതമായ "കിഴവനും കടലും" കടലും എന്ന കൃതിയുടെ വേറിട്ട അഡാപ്റ്റേഷൻ എന്ന തരത്തിലും സിനിമ ശ്രദ്ധയാകർഷിക്കുന്നു.
       ഫുട്ബാൾ ഏറെ ഇഷ്ട്ടപ്പെടുന്ന കാസിം എന്ന വൃദ്ധനാണ് ഇതിലെ പ്രധാന കഥാപാത്രം. ഒരു സർവൈവൽ ഡ്രാമ എന്ന തലത്തിലും വീക്ഷിക്കാവുന്ന ഒന്നാണ് ദി ഓൾഡ് മാൻ. ഫുട്ബോൾ ഇതിഹാസങ്ങളുടെ പേരിലറിയപ്പെടുന്ന തന്റെ ചെമ്മരിയാടുകൾക്കൊപ്പം പുറപ്പെടുന്ന അയാളെ വെട്ടിലാക്കുന്നത് രൂക്ഷമായ കാലാവസ്ഥയും, ആടുകളെ ലക്ഷ്യമിടുന്ന ചെന്നായകളുമാണ്. പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധവും, കുടുംബ ബന്ധങ്ങളും, ജീവിതത്തെ കുറിച്ചുള്ള വീക്ഷണങ്ങളുമെല്ലാം കാസിമിലൂടെ സിനിമ കൈമാറുന്നു. മനോഹരമായ ദൃശ്യങ്ങളും, വേറിട്ടു കേൾക്കാവുന്ന പശ്ചാത്തല സംഗീതവുമെല്ലാം സിനിമയുടെ സവിശേഷതകളാകുന്നു. എർമാക് ടാർസനോവ്  KELIN എന്ന സിനിമയിലൂടെ ആരംഭിച്ച TRILOGY യിലെ രണ്ടാമത്തെ സിനിമയാണ് ദി ഓൾഡ് മാൻ.  ഈ സിനിമ ഒരു വിരസമായ അനുഭവമാകില്ലെന്ന ഉറപ്പോടെ നിർത്തുന്നു.


Saturday 10 November 2018

THE VANISHED ELEPHANT (2014)


FILM : THE VANISHED ELEPHANT (2014)
COUNTRY : PERU
GENRE : MYSTERY
DIRECTOR : JAVIER FUENTES LEON
               പ്രേക്ഷകനെ കുഴക്കുന്ന ചോദ്യങ്ങളെ മുൻനിർത്തിയാണ് മിസ്റ്ററി ജോണറിലുള്ള സിനിമകൾ മുന്നോട്ടു നീങ്ങാറുള്ളത്. പെറുവിയൻ സിനിമയായ ദി വാനിഷ്ഡ് എലഫന്റും ആ കാര്യത്തിൽ വ്യത്യസ്തമല്ല. തന്നെ പ്രശസ്തനാക്കിയ ക്രൈം നോവൽ സീരീസിനും, അതിലെ പ്രധാന കഥാപാത്രത്തിനും അന്ത്യം കുറിക്കാനുള്ള തീരുമാനത്തിലാണ് എഡോ സെലസ്റ്റെ എന്ന ക്രൈം നോവലിസ്റ്റ്. അവസാന അധ്യായം എങ്ങനെ അവസാനിപ്പിക്കണം എന്ന കാര്യത്തിൽ അസ്വസ്ഥനുമാണയാൾ. അയാളുടെ കഥാപാത്രത്തെ  അടിസ്ഥാനമാക്കി ഒരു ഫോട്ടോഗ്രാഫർ  നടത്തിയ ഫോട്ടോ പ്രദർശനത്തിലെ മോഡലിനെ കണ്ടപ്പോൾ തന്റെ മനസ്സിലെ രൂപം തന്നെയെന്ന തിരിച്ചറിവിൽ  അയാൾ അത്ഭുതപ്പെടുകയാണ്. ഏഴു വർഷമായി കാണാനില്ലാത്ത ഭാര്യ ജീവിച്ചിരിപ്പുണ്ട് എന്ന വിശ്വാസത്തിലാണയാൾ ജീവിക്കുന്നത്. അയാളെ കാണാനെത്തുന്ന സ്ത്രീ അയാൾക്ക്‌ നേരെ നീട്ടുന്ന കവറിലെ ഫോട്ടോകൾ ഒരു വലിയ ചിത്രത്തിന്റെ ഭാഗമാണെന്നതും, അയാൾ തേടുന്ന ഉത്തരങ്ങളിലേക്കുള്ള സൂചനകളാണെന്നതും തിരിച്ചറിയുന്നതോടെ  എഡോ സെലസ്റ്റെ അന്വേഷണമാരംഭിക്കുകയാണ്. പല സൂചനകളെയും ചേർത്ത് വച്ച് തന്നെ ചുറ്റി നിൽക്കുന്ന നിഗൂഢതകൾക്കു ഉത്തരം കണ്ടെത്താനുള്ള എഡോ സെലസ്റ്റയുടെ ശ്രമങ്ങളാണ് പ്രേക്ഷകനെ ഈ സിനിമയോട് ചേർത്ത് നിർത്തുന്നത്.
       മിസ്റ്ററിയായതിനാൽ ഇതിനപ്പുറം ഉള്ളടക്കം വെളിപ്പെടുത്തുന്നില്ല. വളരെ കൺഫ്യുസിങ് ആയ രീതിയിൽ വികസിക്കുന്ന ഈ സിനിമ പ്രേക്ഷകന്റെ സൂക്ഷ്മമായ കാഴ്ച ആവശ്യപ്പെടുന്നു. സിനിമയ്ക്കു ശേഷവും ഈ നിഗൂഢതയിലെ വിടവുകൾ തീർക്കാൻ പ്രേക്ഷകർ ശ്രമിക്കുമെന്ന് തന്നെയാണ് തോന്നുന്നത്. സിനിമയിലെ PUZZLE പൂർണ്ണമായി മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞോ എന്നതിൽ സംശയമുണ്ട്. നിങ്ങൾക്ക് അതിനു കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

A MAN OF INTEGRITY (2017)


FILM : A MAN OF INTEGRITY (2017)
GENRE : DRAMA
COUNTRY : IRAN
DIRECTOR : MOHAMMAD RASOULOF
              "ഒന്നുകിൽ അടിച്ചമർത്തുന്നവനാവുക, അല്ലെങ്കിൽ അടിച്ചമർത്തപ്പെട്ട് ജീവിക്കുക". അഴിമതിയും, അനീതിയും മാത്രം നിലനിൽക്കുന്ന സമൂഹത്തെ ഈ വാചകത്തിൽ വ്യക്തമായി കാണാം. സത്യസന്ധത ഒരു അനാവശ്യവും, കുറ്റവുമാകുന്ന സിസ്റ്റത്തിൽ നീതി അനീതിയ്ക്ക് കീഴ്‌പെട്ട് നിൽക്കുന്നത് അത്ഭുതമല്ല. ആദർശങ്ങൾക്ക് നിലനില്പില്ലാത്ത വ്യവസ്ഥിതിയിൽ അതിനെ ചേർത്തുപിടിക്കുന്നത് ബുദ്ധിയുമല്ല. ഈ വിധത്തിലുള്ള തിരിച്ചറിവുകൾ കഥാപാത്രങ്ങളിലൂടെ ഊട്ടിയുറപ്പിക്കപ്പെടുമ്പോൾ വിചാരണ ചെയ്യുന്നത് സിസ്റ്റത്തെ തന്നെയാണ്. ആദർശങ്ങളെ കൈയൊഴിയുന്ന നായകനെ സൃഷ്ടിക്കേണ്ടി വരുന്ന തരത്തിൽ വികൃതമാണ് വ്യവസ്ഥിതിയെന്ന് ഉറക്കെവിളിച്ചു പറയുന്നു A MAN OF INTEGRITY.
            അലങ്കാര മത്സ്യകൃഷി നടത്തുന്ന റെസ, സ്‌കൂൾ പ്രിൻസിപ്പലായ ഭാര്യ, ഏകമകൻ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ പ്രശ്നങ്ങളിലൂടെ ഇറാനിയൻ സമൂഹത്തിന്റെ ജീർണ്ണതകളെ തുറന്നു കാട്ടുന്നു റാസലോഫ്. കൃഷിയിടത്തിലേക്കുള്ള ജലസ്രോതസ്സ് ബ്ലോക്ക് ചെയ്തും, വ്യാജരേഖയൊരുക്കി കള്ളക്കേസുണ്ടാക്കിയും, പരാതികളെ അട്ടിമറിച്ചും പണവും, അധികാരവുമുള്ളവർ REZA എന്ന ആദർശവനായ സാധാരണക്കാരനെ കുരുക്കുകയാണ്. അയാളുടെ നിസ്സഹായാവസ്ഥ അഴിമതി ഗ്രസിച്ച വ്യവസ്ഥിതിയിലെ സാധാരണക്കാരന്റേത് തന്നെയാകുന്നു. നീതിക്കു വേണ്ടിയുള്ള അയാളുടെ ശ്രമങ്ങളെല്ലാം കൂടുതൽ നഷ്ടങ്ങളിലേക്ക് നയിക്കുന്നതോടെ, ദുഷിച്ച വ്യവസ്ഥിതിയുടെ പ്രായോഗിക രീതികളിലൂടെ തിരിച്ചടിക്കാൻ അയാൾ നിർബന്ധിതനാവുന്നു.
          സമൂഹ വ്യവസ്ഥിതിയുടെ രീതികൾക്ക് വഴങ്ങി നിസ്സഹായതയോടെ ജീവിക്കുന്നവരെ തന്നെ അതിന്റെ ജീർണ്ണതയുടെ പ്രയോക്താക്കളായി ഉപയോഗപ്പെടുത്തുന്നു എന്നതും സിനിമ ചൂണ്ടിക്കാണിക്കുന്നു. മതമൗലിക വാദത്തിന്റെ ഇടപെടലുകളെ ചെറിയ തോതിലെങ്കിലും തീവ്രതയോടെ കോറിയിടുന്നുണ്ട് ഈ സിനിമ. തിരുത്തപ്പെടേണ്ട വ്യവസ്ഥിതിയോട് കലഹിക്കുന്നവയാണ് റാസലോഫിന്റെ സിനിമകൾ. "ശരികൾ" മാത്രമുള്ള വ്യവസ്ഥിതി ഉദയം ചെയ്യുന്ന കാലം വരെയും കല കൊണ്ട് കലഹിക്കുന്നവരുമുണ്ടാകും.......

Tuesday 6 November 2018

OBLIVION VERSES (2017)


FILM : OBLIVION VERSES (2017)
GENRE : DRAMA
COUNTRY : CHILE
DIRECTOR : ALIREZA KHATAMI
             ഇറാനിയൻ സംവിധായകനായ ALIREZA KHATAMI ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയെന്നതാണ് OBLIVION VERSES എന്ന സിനിമയുടെ ഒരു പ്രത്യേകത. ഒരു പഴയ മോർച്ചറിയുടെ നടത്തിപ്പുകാരനായ വൃദ്ധനാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രം. സ്വന്തം പേരുൾപ്പെടെ ഒരു പേരും ഓർമ്മയിൽ നിൽക്കാത്ത, എന്നാൽ മറ്റെല്ലാ കാര്യങ്ങളും വളരെ സൂക്ഷ്മതയോടെ ഓർത്തെടുക്കുന്ന അയാളിലും, മറവു ചെയ്യപ്പെടുന്ന ഓരോരുത്തരുടെയും ജീവിതകഥ പറയുന്ന അന്ധനായ കുഴിവെട്ടുകാരനിലും നിഴലിക്കുന്ന AMBIGUITY തന്നെയാണ് സിനിമയിലുടനീളം കാണാനാവുന്നത്. ഒരു കഥാപാത്രത്തിനും പേരില്ലെന്നതുപോലെ, പ്രാദേശിക പശ്ചാത്തലം ഏതെന്നതും സിനിമ വ്യക്തമാക്കുന്നില്ല. എന്നിരുന്നാലും, സിനിമയിലെ രാഷ്ട്രീയ സൂചനകളെ പല രാജ്യങ്ങളിലെയും സ്വേച്ഛാധിപത്യ ഭൂതകാലങ്ങളോട് കൂട്ടിവായിക്കാം. വിപ്ലവകാരികളുടെയും, പ്രതിഷേധക്കാരുടെയും മൃതദേഹങ്ങളെ ഒളിപ്പിക്കാനുള്ള ഇടമാക്കി മോർച്ചറിയെ മാറ്റുന്ന രഹസ്യ പോലീസിന്റെ പാതിരാ റൈഡും, സംഭാഷണങ്ങളിൽ നിന്നും, കഥാപാത്രങ്ങളിൽ നിന്നും ചുരണ്ടിയെടുക്കാവുന്ന രാഷ്ട്രീയാവസ്ഥകളെ കുറിക്കുന്ന ഭീതികളും പോയകാലങ്ങളെ കുറിച്ചും, ഇന്നും നിലകൊള്ളുന്ന ഒറ്റപ്പെട്ട യാഥാർത്യങ്ങളെ കുറിച്ചുമുള്ള സിനിമയുടെ മർമ്മരങ്ങളാകുന്നു. നന്മയും, ആത്മാർത്ഥതയുമെല്ലാം നിയമവിരുദ്ധവും അസ്വീകാര്യവുമായ വ്യവസ്ഥിതിയുടെ ഇരയായി പുറന്തള്ളപ്പെടുന്ന അയാൾ, മോർച്ചറിയിൽ അവശേഷിക്കുന്ന ഏക മൃതദേഹം അർഹമായ രീതിയിൽ സംസ്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.
       വളരെ സ്ലോ ആയ ഒരു രീതിയാണ് സിനിമയുടേത്. സംഭാഷണങ്ങൾ കുറവായ ഈ സിനിമയിലെ ഫ്രെയിമുകൾ പലതും സൂക്ഷ്മതയോടെ വിശകലനം ചെയ്യേണ്ട വിധം സിംബോളിക് ആയാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. റിയലായ കഥാപാത്രങ്ങൾക്കൊപ്പം അൺറിയൽ  കഥാപാത്രങ്ങളും, സംഭവങ്ങളുമെല്ലാം ഉൾച്ചേർന്നു വരുന്നത് സിനിമയെ പല തലങ്ങളിലേക്ക് വികസിപ്പിക്കാൻ കാരണമാകുന്നു. റേഡിയോയിൽ കേൾക്കുന്ന തിമിംഗലങ്ങളെ കുറിച്ചുള്ള വാർത്തകളും, ആകാശത്തിൽ പറന്നുയരുന്ന ഏകനായ തിമിംഗലവുമെല്ലാം ദുർഗ്രാഹ്യമായ ചിത്രങ്ങളാകുന്നു. തീരത്തു ചത്തൊടുങ്ങുന്ന തിമിംഗലങ്ങളും, അതിജീവിക്കുന്ന തിമിംഗലവും, സ്വന്തക്കാരെ പിരിയാൻ കഴിയാത്ത അവയുടെ പ്രകൃതവുമെല്ലാം ശബ്ദവും, ദൃശ്യങ്ങളുമായി പ്രേക്ഷകനിലേക്കു സൂചനകളായി വന്നുചേരുന്നത്, കുടുംബം നഷ്ടപ്പെട്ട അയാളുടെ ഏകാന്തമായ ജീവിതത്തെ ചിന്തകളിൽ നിറയ്ക്കാനായിരുന്നോ എന്നതാണ് എന്നിലുണർന്ന സംശയം. അബ്ബാസ് കൈരാസ്തോമിയെ ഓർമിപ്പിച്ച ഈ സിനിമ എല്ലാത്തരം പ്രേക്ഷകർക്കും ചേർന്നതല്ല എന്ന കാര്യം പറയുന്നതിനോടൊപ്പം, ഈ കുറിപ്പിൽ പറഞ്ഞതിനപ്പുറം ആഴം ഈ സിനിമയ്ക്കുണ്ട് എന്ന ഓർമ്മപ്പെടുത്തലോടെ നിർത്തുന്നു.

Sunday 28 October 2018

DOGMAN (2018)


FILM : DOGMAN (2018)
GENRE : DRAMA !!! THRILLER
COUNTRY : ITALY
DIRECTOR : MATTEO GARRONE
         "മനുഷ്യൻ" എന്ന പദം  ഏറ്റവും സുന്ദരമോ, നികൃഷ്ടമോ ആകുന്നത് അവന്റെ മനസ്സിന്റെ സഞ്ചാരപഥങ്ങളെ  പിന്തുടർന്ന് അവനിലേക്ക് സൂക്ഷ്മതയോടെ നോക്കുമ്പോഴാണ്. നിഷ്ക്കളങ്കതയുടെ എല്ലാ ഭാവങ്ങളും പ്രത്യക്ഷത്തിൽ പ്രസരിപ്പിക്കുന്ന ആൾ തിന്മയോട് കണ്ണിചേരുന്ന വൈരുദ്ധ്യം കൂടിയാണ് മനുഷ്യമനസ്സിന്റെ ഐഡന്റിറ്റി. പരസ്പര വിരുദ്ധമായ ധ്രുവങ്ങളിലേക്ക് OSCILLATE ചെയ്യപ്പെടാനുള്ള സാധ്യതയും, ശേഷിയും തന്നെയാണതിന്റെ സവിശേഷതയും. അത്തരത്തിലുള്ള സാധ്യതകളിലേക്ക് നയിക്കുന്നതോ?.... ജീവിതമെന്ന യാഥാർത്യവും.
         DOGMAN  എന്ന ഇറ്റാലിയൻ സിനിമ എന്നിലുണർത്തിയ ചിന്തകളാണ് മുകളിൽ എഴുതിയിട്ടുള്ളത്. സിനിമയെക്കുറിച്ചു പറയുകയാണെങ്കിൽ അത് മാഴ്‌സലോയിൽ നിന്ന് തുടങ്ങണം, അയാളിലൂടെ മുന്നേറണം, അയാളിൽ തന്നെ അവസാനിപ്പിക്കുകയും വേണം. നായകളെ പരിപാലിക്കുന്നതിൽ വൈദഗ്ധ്യമുള്ള മാഴ്‌സലോ എല്ലാവർക്കും പ്രിയങ്കരനാണ്. വാക്കിലും, ശരീരഭാഷയിലും, പ്രവർത്തിയിലും അയാളുടെ നന്മകളെ തിരിച്ചറിയാനാവുന്നതാണ് അതിന്റെ കാരണങ്ങളിലൊന്ന്. വാത്സല്യ നിധിയായ പിതാവായും, സാമ്പത്തിക പരാധീനതകൾക്കിടയിലും മകളുടെ ആഗ്രഹങ്ങളെ മാനിക്കുന്നയാളായും മാഴ്‌സലോയെ കാണാം. സാമ്പത്തിക  ഞെരുക്കങ്ങളെ  മെരുക്കിയെടുക്കാനുള്ള വഴിയാണ് ചെറിയ തോതിലുള്ള അയാളുടെ ഡ്രഗ് ഡീലുകൾ. അക്രമങ്ങളിൽ നിന്നും , കുറ്റകൃത്യങ്ങളിൽ നിന്നും പരമാവധി വിട്ടുനിൽക്കാൻ ശ്രമിക്കുന്നയാളാണ് മാഴ്‌സലോ. തന്റെ കസ്റ്റമറായ സിമോൺ എന്ന വാഴക്കാളിയുമായുള്ള സൗഹൃദം കനക്കുന്നതോടെ സാഹചര്യങ്ങൾ സങ്കീർണ്ണമാകുന്നു. ഈ പ്രശ്‍നങ്ങളെ എങ്ങനെയാണ് മാഴ്‌സലോ നേരിടുന്നത്?..... അതിനപ്പുറം മാഴ്‌സലോയെന്ന വ്യക്തിയ്ക്ക് എന്ത് സംഭവിക്കുന്നു?..... ഇതിനുള്ള ഉത്തരങ്ങൾ സിനിമയിൽ നിന്ന് തേടുന്നതാണ് ഉത്തമം.

സൂക്ഷ്മദർശിനിയിലൂടെ നോക്കുമ്പോൾ 


        നിർബന്ധങ്ങൾക്ക് വശംവദനായി കുറ്റകൃത്യങ്ങളിൽ പങ്കുകൊള്ളേണ്ടി വരുന്ന സാഹചര്യങ്ങളിലെല്ലാം നിസ്സഹായതയെ സ്ഫുരിക്കുന്ന അയാളുടെ മുഖത്തിനു പിറകിൽ അതിനോട് സന്ധി ചെയ്തു കഴിഞ്ഞ മനസ്സ് ഒളിച്ചിരിക്കുന്നതായി കാണാം. നന്മകളുടെ ആധിക്യങ്ങൾക്കിടയിൽ ഒന്നുമല്ലാത്തതെന്ന രീതിയിൽ ഇടം പിടിക്കുന്ന തിന്മകൾ അവസരോചിതമായി ഉപരിതലത്തിലേക്കു പൊന്തിവരുന്നതാണ് ഇവിടെ ദർശിക്കാവുന്ന യാഥാർത്യം. മാഴ്‌സലോയുടെ വിഷമതകൾ അയാളുടെയും കൂടി സൃഷ്ടികളല്ലേ(?) എന്ന  ചോദ്യവും സിനിമ തൊടുക്കുന്നു. അകവും പുറവും മറയില്ലാത്ത വിധം തുറന്നു കാട്ടുന്ന സിമോണിനോളം തിന്മ അകമനസ്സിൽ മാഴ്‌സലോയും പേറുന്നുണ്ട് എന്നാണ് തോന്നിയത്. ഭീഷണികൾ ചെലുത്തുന്ന ഭീതിയാണ് മാഴ്‌സലോയെ സിമോണിനൊപ്പം ചേർക്കുന്നതെങ്കിലും, ഭീതിതമായ രൂപത്തിലേക്ക് സിമോണിനെ ഒരുക്കിയെടുക്കുന്നതിൽ മാഴ്‌സലോയ്ക്കും പങ്കുണ്ടെന്നതാണ് സത്യം. നിസ്സഹായതയോടെ കൂട്ടുകൂടേണ്ടി വരുന്ന തിന്മയുടെ ഓഹരി മാഴ്‌സലോയുടെ  നേരെ  വച്ചുനീട്ടുമ്പോൾ അയാളിലെ  നിഷ്കളങ്കത ലോപിച്ചു പോകുന്നതായും തോന്നുന്നു. സിമോണിനെ ഒറ്റുകൊടുക്കാതെ ജയിൽ ശിക്ഷയെ ആശ്ലേഷിക്കാൻ മാഴ്‌സലോയെ പ്രേരിപ്പിച്ചതെന്താവാമെന്ന ചിന്തയിൽ യുക്തിയെ ഒപ്പം കൂട്ടിയപ്പോൾ തോന്നിയത്, അയാളുടെ സുരക്ഷയെ കരുതിയാകുമെന്നാണ്. എന്നാൽ, അതിനപ്പുറം ചിന്തിക്കാനുള്ള കുടിലത ആ നിഷ്കളങ്കതയുടെ ആവരണത്തിനുള്ളിൽ  വാഴുന്നുണ്ടെന്നത് തിരിച്ചറിവ് കൂടിയായിരുന്നു. നിസ്സഹായതയും, നിരാശയും,ദേഷ്യവും, പ്രതികാരദാഹവുമെല്ലാം ആ ശുഷ്ക ശരീരത്തിനുള്ളിൽ നിന്ന് തീവ്രതയോടെ പുറത്തു വരുന്നത് കാണേണ്ടത് തന്നെയാണ്. തന്നെക്കാൾ വലിയ നായകളെ  "ഇര" കാട്ടി വരുതിയിലാക്കി മെരുക്കിയെടുക്കുന്ന ലാഘവത്തോടെ ഭീമാകാരനായ സിമോണിനെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്ന മാഴ്‌സലോ വൈരുദ്ധ്യങ്ങളുടെ കലവറയായ മനുഷ്യമനസ്സിനെ പ്രതിനിധീകരിക്കുന്ന ഉദാഹരണങ്ങളിലൊന്നാകുന്നു.
          സിനിമയുടെ തീമിനോടും, ഫീലിനോടും ചേർന്ന് നിൽക്കുന്ന സിനിമാട്ടോഗ്രഫിയും, മാഴ്‌സലോ എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച MARCELLO FONTE എന്ന നടന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. മനുഷ്യമനസ്സിന്റെ ഇരുളിടങ്ങളെക്കുറിച്ചുള്ള ചിന്തകളെ എനിക്ക് സമ്മാനിച്ച ഈ സിനിമ ഒരു MUST WATCH തന്നെയാണെന്നാണ് എന്റെ "മനസ്സ്" പറയുന്നത്.

Friday 26 October 2018

KILOMETRE ZERO (2005)


FILM : KILOMETRE ZERO (2005)
GENRE : DRAMA !!! WAR
COUNTRY: IRAQ
DIRECTOR : HINER SALEEM
              "WE ARE FREE , WE ARE FREE" , മനോഹരങ്ങളായ ഈ വാക്കുകൾ അക്കോയും സെൽമയും ഉറക്കെ പറയുന്നത് പാരീസിന്റെ മണ്ണിൽ നിന്നുകൊണ്ടാണ്. അവരുടെ ശബ്ദത്തിൽ അലിഞ്ഞിട്ടുള്ള അതിരറ്റ ആനന്ദത്തിന്റെ തീവ്രതയെ ഉൾക്കൊള്ളണമെങ്കിൽ 1980-കളുടെ അവസാനത്തിലെ ഇറാഖി-കുർദ് മേഖലയിലെ സംഭവങ്ങളിലേക്ക് കണ്ണോടിക്കണം. സദ്ദാമിന്റെ സ്വേച്ഛാധിപത്യത്തിൽ നടന്ന കുർദ്ദ് വേട്ടയുടെ കാലഘട്ടത്തിലാണ് അക്കോയെ നമ്മൾ കാണുന്നത്. കുർദ്ദിസ്ഥാൻറെ കാര്യത്തിൽ അഭിമാനം കൊള്ളുന്ന അയാളെ ഇറാഖി സൈന്യത്തിൽ  നിർബന്ധിത  സേവനത്തിനായി കൊണ്ടുപോവുകയാണ്. ഇറാഖി സൈന്യത്തിന്റെ ഭാഗമായി ഇറാൻ-ഇറാഖ് അതിർത്തിയിൽ യുദ്ധം ചെയ്യുന്നതിനിടെ , യുദ്ധത്തിൽ മരണപ്പെട്ട ഒരാളുടെ മൃതദേഹത്തിന് അകമ്പടിയായി പോകാൻ അക്കോയെ ചുമതലപ്പെടുത്തുന്നു. അറബ് വംശജനായ ഡ്രൈവർക്കൊപ്പം, മൃതദേഹം വഹിച്ചു യാത്രയാകുന്ന അക്കോയ്ക്ക് മനസ്സിൽ മറ്റു പ്ലാനുകളും ഉണ്ടായിരുന്നു.
          വംശീയമായ വിവേചനങ്ങളെ  വ്യക്തമായി തന്നെ സിനിമ ദൃശ്യമാക്കുന്നുണ്ട്. കറുത്ത ഹാസ്യത്തിന്റെ നിഴലിൽ അവതരിപ്പിക്കപ്പെട്ട രംഗങ്ങളാൽ സമ്പന്നമായ ഈ സിനിമ, ഒരു കാലഘട്ടത്തെ ഓർമ്മയിലേക്കെത്തിക്കുന്നു. ഇന്നും  അവിടത്തെ സ്ഥിതിയിൽ മാറ്റം വന്നിട്ടുണ്ടോ? എന്ന ചിന്തയും ബാക്കിയാക്കുന്നു......

Friday 19 October 2018

RIPHAGEN (2016)


FILM : RIPHAGEN (2016)
COUNTRY : NETHERLANDS
GENRE : DRAMA !! HISTORY !! WAR !! THRILLER
DIRECTOR : PIETER KUIJPERS
              ചരിത്രം വീക്ഷിച്ച ക്രൂരതകളിൽ നായകത്വമണിഞ്ഞവർക്ക് അവരുടേതായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അധികാരത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിൽ അവർ ഹേതുവായ ക്രൂരതകളെ അവരുടെ മനസാക്ഷി കണ്ടില്ലെന്നു നടിച്ചിട്ടുണ്ടാവണം. വെറുപ്പ് വിതറി വിജയങ്ങളും, സ്വാർത്ഥ ലാഭങ്ങളും, അധികാരങ്ങളും കൊയ്തെടുത്തവർക്കു പിന്നിൽ ചതിയന്മാരുടെയും, ഒറ്റുകാരുടെയും വൻനിര തന്നെ കാണാവുന്നതാണ്. നിസ്സഹായതകളെയും, വിശ്വാസത്തെയും മുതലെടുപ്പ് നടത്തി, ദ്രംഷ്ടകൾ ഉള്ളിലൊളിപ്പിച്ചു , ചേർത്ത് നിർത്തുന്ന വ്യാജേന ഞെരിച്ചു ഇല്ലായ്മ ചെയ്യുന്ന വഞ്ചകന്മാരും ചരിത്രത്തിന്റെ ഏടുകളിലെ ക്രൂരതയുടെ പ്രാതിനിത്യങ്ങളാകുന്നു. ചരിത്രത്തിലെ അത്തരമൊരു വ്യക്തിയിലേക്കും, അയാളുടെ ചെയ്തികളിലേക്കുമാണ് RIPHAGEN എന്ന ഡച്ചു  സിനിമ ക്യാമറ തിരിക്കുന്നത്.
           രണ്ടാം ലോകമഹായുദ്ധ കാലത്തെ നെതർലാൻഡിലെ നാസി അധിനിവേശത്തിനിടയിലെ ജൂതവേട്ടയുടെ പശ്ചാത്തലത്തിലുള്ള സംഭവങ്ങളാണ് സിനിമയിലുള്ളത്. ജീവഹാനി ഭയന്ന് ഒളിവിൽക്കഴിയുന്ന ജൂതരുടെ വിശ്വാസം നേടിയെടുത്ത്, അവരിൽ നിന്ന് വിലപ്പെട്ടതെല്ലാം കൈവശപ്പെടുത്തി ഒറ്റുകൊടുക്കുന്ന ക്രിമിനലാണ് റിഫാഗൻ. സമർത്ഥനായ ഒരു കുറ്റവാളിയെയാണ് അയാളുടെ ചെയ്തികളെ വീക്ഷിക്കുമ്പോൾ കാണാനാവുക. കുബുദ്ധി കൊണ്ടും, വാഗ്സാമർഥ്യം കൊണ്ടും നുണകളെ വിശ്വസിപ്പിച്ചെടുത്ത്  അധികാരികളെപ്പോലും വിഡ്ഢികളാക്കിയ  റിഫാഗന്റെ യഥാർത്ഥ ജീവിതത്തെ തിരശീലയിലേക്കു പടർത്തിയ ഈ സിനിമ ചെറിയ തോതിൽ ത്രില്ലിംഗ് എലമെന്റുകളെയും പ്രേക്ഷകനായ് കരുതിവെയ്ക്കുന്നുണ്ട്.
          രണ്ടാം ലോകമഹായുദ്ധവും അത് സൃഷ്ടിച്ച സാഹചര്യങ്ങളും അനവധി സിനിമകൾക്ക്   പ്രചോദനമായിട്ടുണ്ട്. ഇരുൾ പടർന്ന ആ കാലത്തിലേക്ക് ക്യാമറയുടെ  വെളിച്ചം തൂവി അവിശ്വസനീയമായ പലതും സിനിമയുടെ രൂപത്തിൽ ഇനിയും വരുമെന്നതും ഉറപ്പാണ്. മനസ്സ് മരവിപ്പിക്കുന്ന മനുഷ്യത്വ രഹിതമായ ക്രൂരതകളുടെ രക്തം പുരണ്ട കൈകളുമായി മാനവികതയ്ക്കു നേരെ അട്ടഹസിച്ചവരെ കാലം തിരസ്ക്കരിച്ചെങ്കിലും, പ്രതീക്ഷയും, ആശ്വാസവുമായ നീതി വൈകിയെങ്കിലും വന്നണഞ്ഞോ എന്ന് ചരിത്രത്തിലേക്ക് നോക്കി നെടുവീർപ്പിട്ടു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.  

Thursday 18 October 2018

THE BAG OF FLOUR (2012)


FILM : THE BAG OF FLOUR (2012)
COUNTRY : BELGIUM
GENRE : DRAMA
DIRECTOR : KADIJA LECLERE
             ചില അഭിനേതാക്കളുടെ സാന്നിധ്യം സിനിമയേക്കുറിച്ചുള്ള  പ്രതീക്ഷയ്ക്ക് കാരണമാവാറുണ്ട്. അനവധി മികച്ച സിനിമകളുടെ ഭാഗമായിട്ടുള്ള ഹിയാം അബ്ബാസ് എന്ന നടിയുടെ സാന്നിദ്ധ്യമാണ് ദി ബാഗ് ഓഫ് ഫ്ലോർ എന്ന ബെൽജിയൻ സിനിമ കാണാൻ കാരണമായത്. പ്രതീക്ഷ വെറുതെയായില്ല എന്ന് തന്നെ പറയാം.
         ബെൽജിയത്തിലെ ഒരു കൃസ്തീയ പശ്ചാത്തലത്തിലുള്ള ബോർഡിങ് സ്‌കൂളിൽ പഠിക്കുന്ന, കന്യാസ്ത്രീകളുടെ ലാളനയിൽ വളർന്ന, ദൈവകോപത്തെ ഭയക്കുന്ന സാറ എന്ന എട്ടുവയസ്സുകാരിയെ കാണാൻ അവളുടെ യഥാർത്ഥ  പിതാവ് എത്തുകയാണ്. അയാൾക്കൊപ്പം പാരീസിലേക്ക്  യാത്രയാകുന്ന അവൾ ഉറക്കമുണരുന്നത് എല്ലാ നിലയ്ക്കും അപരിചത്വം നിറഞ്ഞ മൊറോക്കൻ ഗ്രാമത്തിലാണ്. വ്യത്യസ്തമായ ഒരു മത-സാമൂഹിക ചുറ്റുപാടിൽ അപരിചിതരായവർക്കിടയിൽ  തനിച്ചാകുന്ന അവൾ പുതിയ ലോകത്തോട് പതിയെ സമരസപ്പെടുന്നതാണ് കാണാനാവുക. എട്ടു വർഷങ്ങൾക്കപ്പുറം സാമൂഹികമായി ഇഴുകിച്ചേരാനായ സാറയെ കണ്ടുമുട്ടാമെങ്കിലും അവളുടെ മനസ്സ് പുസ്തകങ്ങളും,  സ്വാതന്ത്ര്യവും, ആഗ്രഹങ്ങളും പൂത്തുനിൽക്കുന്ന ബെൽജിയൻ ഓർമ്മകളിൽ തന്നെയാണ് ബന്ധിച്ചു നിൽക്കുന്നത്. കുട്ടിക്കാലത്തെ ആ നിറമുള്ള ഓർമ്മകളെ യാഥാർത്യങ്ങളായി തിരിച്ചു പിടിക്കണമെന്നതാണ് അവളുടെ ലക്ഷ്യവും.
        1980-കളിലെ മൊറോക്കൻ ജീവിതത്തിലെ സാംസ്കാരികവും, രാഷ്ട്രീയവുമായ എലമെന്റുകളെ ഫ്രെയിമുകളിൽ നിർത്താൻ സംവിധായിക വിട്ടുപോകുന്നില്ല. അവയെല്ലാം സിനിമയിലെ അനിവാര്യതകളായി സാന്നിധ്യമറിയിക്കുന്നു. ഹഫ്സ ഹെർസയ് നല്ല രീതിയിൽ അവതരിപ്പിച്ച സാറയുടെ കൗമാരകാലത്തിലൂടെ ആ കാലഘട്ടത്തിലെ  പെൺജീവിതത്തെക്കുറിച്ചുള്ള  സാമൂഹിക കാഴ്ചപ്പാടുകളെ ദൃശ്യമാക്കാനും സിനിമ ബോധപൂർവ്വം ശ്രമിച്ചതായി തോന്നി. ലളിതമായി അവതരിപ്പിക്കപ്പെട്ട ഈ സിനിമ, വ്യത്യസ്ത സാംസ്കാരികതകളിൽ ജീവിതത്തെ വീക്ഷിക്കുന്ന സിനിമകൾ ഇഷ്ടപ്പെടുന്നവരെ നിരാശരാക്കില്ല.

Tuesday 16 October 2018

96 (2018)


FILM : 96 (2018)
GENRE : ROMANCE
DIRECTOR : PREMKUMAR
               നിർവചങ്ങൾക്കു വഴങ്ങാത്ത ഒന്നാണ്  പ്രണയമെന്നാണ് തോന്നിയിട്ടുള്ളത്. ആവർത്തനങ്ങളെ പോലും വിരസതയിൽ നിന്ന് അടർത്തിയെടുക്കാനുള്ള മായികതയും അതിനുണ്ട്. വേദനയുടെയും, നിർവൃതിയുടെയും ചക്രവാളങ്ങളെ സ്പർശിക്കാനും പ്രണയത്തിനാവുന്നു. "പ്രണയം മരണം പോലെ ശക്തം, പ്രണയം മനസ്സിന്റെ പ്രഥമോൽപ്പന്നം" എന്ന് കുറിച്ചവർക്കും തെറ്റുപറ്റിയിട്ടില്ലെന്നു കരുതാം. പ്രണയമെന്ന മനസ്സിന്റെ ഏറ്റവും മനോഹരമായ അവസ്ഥയെക്കുറിച്ചു വാക്കുകളാൽ വരച്ചിടാൻ ശ്രമിച്ചവരെല്ലാം വീണ്ടും വീണ്ടും അതിനു ശ്രമിക്കും എന്നതാണ് പ്രണയത്തെക്കുറിച്ചു പറയാവുന്ന ഉണ്മകളിലൊന്ന്.
             96 പകർന്ന കാഴ്ചകളുടെ നനുത്ത കുളിർമ്മയിൽ ഞാൻ പിന്തുടർന്നത് രാമചന്ദ്രനെയാണ്. പ്രണയത്തിന്റെ ലക്ഷണം സ്ത്രീയിൽ തന്റേടവും, പുരുഷനിൽ സംഭ്രമവുമാണെന്ന വിക്ടർ ഹ്യുഗോയുടെ വാക്കുകളാണ് പലപ്പോഴും മനസ്സിലെത്തിയത്. പ്രണയ വിശുദ്ധിയുടെ അടയാളമായി നിഷ്ക്കളങ്കതയും,പരിഭ്രമവും പ്രണയത്തിനു കൂട്ടായി പത്താം ക്ലാസ്സുകാരനിൽ നിന്നും രണ്ടു ദശകങ്ങൾക്ക് ശേഷവും രാമചന്ദ്രനെ വിട്ടൊഴിയുന്നില്ല. കാലത്തിന്റെയും, ജീവിതത്തിന്റെയും ഗതിയിൽ വന്നണയുന്ന സുവർണ്ണ നിമിഷങ്ങളെ ഫ്രീസ് ചെയ്യുന്ന ഫോട്ടോഗ്രഫിയെ കുറിച്ചു റാം പറയുന്നുണ്ട്. പ്രണയാർദ്രമായ സ്‌കൂൾ ഓർമ്മകളെപ്പോലെ, ഒത്തുചേരലിന്റെ നിമിഷങ്ങളെയും അയാളുടെ മനസ്സിൽ എന്നേക്കുമായി ഫ്രീസ് ചെയ്യുമായിരിക്കാം. നഷ്ടങ്ങളുടെയും, അകൽച്ചയുടെയും വേദനയായി പ്രണയം ഉറഞ്ഞുകൂടിയ വർഷങ്ങൾക്കിപ്പുറവും പ്രണയത്തിന്റെ കനലുകൾ തന്നോളം തീവ്രമായി പ്രണയിനിയിലും ജ്വലിക്കുന്നു എന്ന തിരിച്ചറിവിനെ അവന്റെ മനസ്സ് എങ്ങനെയാവാം ഒതുക്കി നിർത്തിയത്. ഇടറുന്ന വാക്കുകളേക്കാൾ തീവ്രത നിശബ്ദതയുടെ അകമ്പടിയിൽ അന്യോന്യം ഉടക്കിയ കണ്ണുകൾക്കായിരുന്നു. പരസ്പരം കൊരുത്ത നോട്ടങ്ങളിൽ നിന്നും അവൻ പിൻവലിയുന്നത് വൈകാരികതയുടെ ഇരമ്പലിൽ വീണുടയുമെന്ന ഭീതിമൂലമായിരിക്കാം. 
          പ്രണയം സമ്മാനിച്ച നോവിനെ കൈവിടാതെ ഒറ്റപ്പെടലിന്റെ ചങ്ങലയിൽ  സ്വയം ബന്ധിച്ച അവന്റെ മിടിപ്പുകൾ, പറയാൻ കഴിയാതെ പോയതും പറയാതെ പോയതുമായവ അവളോട് മന്ത്രിച്ചിട്ടുണ്ടാവണം. ഓർമ്മകളുടെ ശേഷിപ്പുകളുമായി കാലത്തെ പിന്നോട്ട് വലിച്ചു ഗൃഹാതുരതയിൽ കുരുങ്ങിക്കിടക്കാനാണ് റാം ആഗ്രഹിക്കുന്നത്. തെരുവിന്റെ വിജനതയിൽ വഴിവെളിച്ചങ്ങളുടെ ശോഭയിൽ നിശബ്ദതയെ വകഞ്ഞുമാറ്റിയെത്തുന്ന ചുടു നിശ്വാസങ്ങളെ സാക്ഷിയാക്കിയുള്ള അവരുടെ ചുവടുകൾ അവസാനിക്കരുതേയെന്ന് തന്നെയാണ് ഓരോ പ്രേക്ഷകന്റെയും ഇടനെഞ്ചും ആഗ്രഹിക്കുന്നത്.
          സിനിമയേക്കുറിച്ചു പലതും പറയണമെന്നുണ്ട്. സംഗീതം, അഭിനയം, അഭിനേതാക്കൾ, സ്ക്രിപ്റ്റ്, സിനിമാട്ടോഗ്രഫി, റാമിന്റെ ജീവനായ ജാനകി എന്നിവയെല്ലാം  കുറിച്ചുവെയ്ക്കപ്പെടേണ്ടവയാണ്. ഓർമ്മയുടെ  ശേഖരങ്ങളിലേക്ക് ഒരു ദിവസത്തെക്കൂടി അടുക്കി വെച്ച് ഒരു വിങ്ങലായി ഹൃദയത്തിൽ തറഞ്ഞു നിൽക്കുന്ന രാമചന്ദ്രനോട് ചേർന്ന് നിൽക്കാനാണ് മനസ്സും, മഷിയും ആഗ്രഹിച്ചത്...............  

Sunday 14 October 2018

ROCK THE CASBAH (2013)


FILM : ROCK THE CASBAH (2013)
COUNTRY : MOROCCO
GENRE : DRAMA
DIRECTOR : LAILA MARRAKCHI
               കുടുംബാംഗങ്ങൾ ഒരുമിക്കുന്ന നിമിഷങ്ങൾ ഈ തിരക്കൊഴിയാത്ത കാലഘട്ടത്തിൽ വിരളമായാണ് സംഭവിക്കുക. സന്തോഷത്തിന്റെ ഒളിചിതറുന്ന അത്തരമൊരു ഒത്തുചേരലായിരുന്നില്ല ഹസ്സന്റെ കുടുംബത്തിന്റേത്. കാരണം, പല വഴിയ്ക്ക് തിരിഞ്ഞുപോയ മൂന്ന് പെൺമക്കൾ കുടുംബ വീട്ടിൽ ഒത്തുചേരുന്നത് അയാളുടെ ശവസംസ്കാര ചടങ്ങുകൾക്കായാണ്.  മൊറോക്കൻ സിനിമയായ റോക്ക് ദി കാസ്ബാഹ്‌  ഇങ്ങനെയൊരു സാഹചര്യത്തെയാണ് അവതരിപ്പിക്കുന്നത്.
              കൊട്ടാര സദൃശമായ ആ വീട്ടിലെ ശവസംസ്കാര ചടങ്ങിന്റെ ബഹളങ്ങൾക്കിടയിൽ കേൾക്കാനാവുന്ന കുടുംബാംഗങ്ങളുടെ സംഭാഷണങ്ങളെയാണ് പ്രേക്ഷകർ പിന്തുടരേണ്ടിവരുന്നത്. കുറ്റപ്പെടുത്തലുകളും, പരിഹാസങ്ങളും, പരിഭവങ്ങളും, ദേഷ്യവും, ധർമ്മസങ്കടങ്ങളും, നിരാശകളുമെല്ലാം അണപൊട്ടിയൊഴുകുന്ന വാക്പോരുകൾക്കിടയിൽ നിന്ന് ഓരോരുത്തരും പല അപ്രിയസത്യങ്ങളെയും തിരിച്ചറിയുകയാണ്.
              ഒമർ ഷെരീഫ്, ഹിയാം അബ്ബാസ്, നാദിൻ ലബാക്കി എന്നീ വിശ്രുത അഭിനേതാക്കളുടെ സാന്നിധ്യവും സിനിമയ്ക്ക് മുതൽകൂട്ടാവുന്നു. കൂടുതൽ ആളുകളുടെ കാഴ്ച അർഹിക്കുന്ന സിനിമയാണ് റോക്ക് ദി കാസ്ബാഹ്. അത് തന്നെയാണ് ഈ കുറിപ്പെഴുതാനുള്ള പ്രേരണയും.

Saturday 13 October 2018

DEDE (2017)

FILM : DEDE (2017)
COUNTRY : GEORGIA
GENRE : DRAMA
DIRECTOR : MARIAM KHATCHVANI
            ജോർജ്ജിയൻ സംവിധായികയായ MARIAM KHATCHVANI യുടെ DEDE (2017) എന്ന സിനിമയെക്കുറിച്ചാണ് ഈ കുറിപ്പ്. ജോർജ്ജിയയിലെ  മലനിരകളിൽ ജീവിക്കുന്ന, പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നവരുടെ സാമൂഹിക പശ്ചാത്തലമാണ് ഈ സിനിമയിലേത്. പാട്രിയാർക്കി തെളിഞ്ഞു നിൽക്കുന്ന സംസ്കാരവും, അതിനൊത്ത പാരമ്പര്യ രീതികളും , ആചാരങ്ങളും പേറുന്ന ഒരു ജനതയ്ക്കിടയിലാണ് നായികയെ നാം കണ്ടുമുട്ടുന്നത്.
          ഒരു പാട്രിയാർക്കിയൽ  സൊസൈറ്റിയുടെ നിയമങ്ങളും, രീതികളും സ്ത്രീവിരുദ്ധമാകുമെന്നതിൽ സംശയമില്ല. DINA-യുടെ ജീവിതം അവളുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി ചലിക്കുന്നത് പ്രേക്ഷകനെ അസ്വസ്ഥമാക്കുമെങ്കിലും, അത്ഭുതപ്പെടുത്താത്തത് അത്തരം സാമൂഹികാവസ്ഥയിൽ മറ്റൊരു സാധ്യതയെ തിരയേണ്ടതില്ലെന്ന തിരിച്ചറിവ് മൂലമാണ്. സമൂഹത്തിന്റെ പരമ്പരാഗത രീതികളുടെ ദുസ്സഹമായ നിർബന്ധങ്ങൾക്കു കീഴ്‌പ്പെട്ടു കൊണ്ട് യാഥാർത്യങ്ങളെ പുണരേണ്ടി വരുന്ന മനസ്സുകളും ശരീരങ്ങളും ഒരു പ്രദേശത്തിന്റെ മാത്രം സവിശേഷതയല്ലെന്നതാണ് ഈ സിനിമയുടെ ഉള്ളടക്കത്തിന് യൂണിവേഴ്സാലിറ്റി സമ്മാനിക്കുന്നത്.
           മനസ്സിന്റെ ഇച്ഛകളെ മുൻനിർത്തിയുള്ള തെരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യത്തെ DINA-യിൽ നിന്നും കവർന്നെടുക്കുന്നത് പക്ഷപാതിത്വത്തിൽ വേരൂന്നിയ സാമൂഹിക നിയമങ്ങളാണ്. ഒന്നിനു പുറകെ മറ്റൊന്നായി അവളുടെ ജീവിതത്തിൽ വന്നു ചേരുന്ന ദുരവസ്ഥകൾക്കു വഴിവെട്ടുന്നതും അവൾ ഭാഗമായ സമൂഹത്തിന്റെ രീതികൾ  തന്നെയാകുന്നു. ഒളിഞ്ഞും തെളിഞ്ഞും രൂപം മാറിയും  ഭൂതകാലത്തിന്റെ പെരുമയും, പൈതൃകവുമെന്ന ലേബലിൽ ഇന്നും നമുക്കിടയിൽ നിലകൊള്ളുന്ന മനുഷ്യത്വ വിരുദ്ധമായ രീതികളെ തിരസ്കരിക്കേണ്ടതല്ലേ ?.... എന്ന തിരിച്ചറിവാണ് ദിനയുടെ നിസ്സഹായതകളിൽ അവളോടൊപ്പം മനസ്സു കൊണ്ട് പങ്കുചേരുന്ന പ്രേക്ഷകനുണ്ടാവേണ്ടത്.
          മഞ്ഞുപുതഞ്ഞു നിൽക്കുന്ന മലനിരകളും, ഗ്രാമവും , മഞ്ഞുപെയ്യുന്ന പകലുകളും ഈ സിനിമയിലെ മനോഹരങ്ങളായ ഫ്രെയിമുകളാവുന്നു. സംവിധായിക ആഗ്രഹിച്ച വിധത്തിൽ കഥാപാത്രത്തിന്റെ ഇമോഷനുകളെ പകർന്നു നൽകാൻ നായികയ്ക്കായിട്ടുണ്ട്. DINOLA (2013) എന്ന തന്റെ  ഷോർട്ട് ഫിലിമിനെ മികച്ച ഒരു സിനിമാ അനുഭവമാക്കുന്നതിൽ  DEDE യിലൂടെ സംവിധായികയ്ക്ക് സാധിച്ചിരിക്കുന്നു.


Friday 12 October 2018

RACER AND THE JAILBIRD(2017)


FILM : RACER AND THE JAILBIRD(2017)
COUNTRY : BELGIUM
GENRE : CRIME !!! DRAMA !!! ROMANCE
DIRECTOR : MICHAEL R ROSKAM
                  നമ്മുടെ പ്രതീക്ഷയെ സാധൂകരിക്കുന്ന വിധത്തിലാവണമെന്നില്ല പല സിനിമകളുടെയും ഉള്ളടക്കം. ട്രൈലറുകളെയും, ഉള്ളടക്കത്തെക്കുറിച്ചുള്ള സൂചനകളേയുമെല്ലാം അപ്രസക്തമാക്കിയാണ് ചില സിനിമകൾ അവതരിക്കാറുള്ളത്. 2017 ൽ പുറത്തിറങ്ങിയ ബെൽജിയൻ സിനിമയായ റൈസർ ആൻഡ് ദി ജയിൽ ബേർഡ്  അത്തരമൊരു അനുഭവമാണ് നൽകിയത്. സംവിധായകന്റെ ബുൾഹെഡ് (2011) എന്ന സിനിമ കണ്ടിട്ടുള്ളതിനാലും, ജോണർ ക്രൈം ഡ്രാമ എന്നു കേട്ടതിനാലുമാണ് കണ്ടത്. ഒരു ഗ്യാങ്‌സ്റ്റർ ക്രൈം ഡ്രാമയെന്ന തലത്തിൽ നിന്ന് വളരെ വിഭിന്നമായ പ്രതലത്തിലാണ് സിനിമ നിലകൊള്ളുന്നത് എന്ന് ചുരുക്കിപ്പറയാം.
                   ജിനോ എന്നയാൾക്ക് ആദ്യ കാഴ്ചയിൽ തന്നെ ബിബിയെ ഇഷ്ടമാവുകയാണ്. വേഗതയെ പ്രണയിക്കുന്ന ബിബിയോട് പ്രണയം തുറന്നു പറയുന്ന ജിനോ എന്ന ക്രിമിനലിന്റെ ജീവിതവും, അവരുടെ ബന്ധത്തിന്റെ തീവ്രതയും , അത് സൃഷ്ടിക്കുന്ന സങ്കീർണ്ണമായ അവസ്ഥകളുമാണ് സിനിമ പറയുന്നത്. സിനിമയിലെ വാഹനങ്ങൾക്കുള്ള ചടുലത സിനിമയ്ക്കില്ല. ആവേശം വിതറുന്ന രംഗങ്ങളും ഇല്ല എന്ന് പറയാം. വേർപ്പെടുത്താനാവാത്ത വിധം ഗാഢമായ അവരുടെ ബന്ധമാണ് പ്രേക്ഷകന്റെ പ്രതീക്ഷിത ട്രാക്കിൽ നിന്ന് സിനിമയെ വേർപ്പെടുത്തുന്നത്. ഇരു കഥാപാത്രങ്ങളും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന സിനിമയുടെ അവസാന ഭാഗങ്ങൾ മൊത്തം കഥാഗതിയോട് ലയിപ്പിച്ചു ചേർക്കുന്നതിൽ പാളിച്ച വന്നോ എന്ന സന്ദേഹം  ബാക്കിയാക്കിയ ഈ സിനിമ പൂർണ്ണമായ സംതൃപ്തി നൽകിയില്ലെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം നിരാശയുമായില്ല....... 

Monday 24 September 2018

രണ്ടു സെർബിയൻ സിനിമകൾ

രണ്ടു സെർബിയൻ സിനിമകൾ 

       
   സെർബിയ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്കെത്തുന്ന പേര് എമിർ കസ്തുറിക്കയുടേതാണ്. ജിപ്സി താളത്തിന്റെ കോലാഹലങ്ങളിൽ മുങ്ങി, രാഷ്ട്രീയവും, യാഥാർഥ്യങ്ങളും ആക്ഷേപഹാസ്യത്തിന്റെ മേലങ്കിയിൽ സാന്നിധ്യമറിയിക്കുന്ന ആഘോഷ നിമിഷങ്ങളെ സമ്മാനിക്കുന്ന കസ്തൂറിക്കൻ  സിനിമകൾ എന്നും രസിപ്പിച്ചിട്ടേയുള്ളൂ. അത്രയൊന്നും വരില്ലെങ്കിലും, ഇന്ന് പരിചയപ്പെടുത്തുന്ന രണ്ടു സിനിമകളും രസകരമായ സിനിമാ അനുഭവമാകുമെന്നതിൽ സംശയമില്ല. ചില ചരിത്രസത്യങ്ങൾക്ക് പൊടിപ്പും, തൊങ്ങലും വച്ച് സിനിമാറ്റിക് ആയി അവതരിപ്പിച്ച ഈ സിനിമകളെ ഡ്രാമ, കോമഡി, സ്പോർട്സ്, ബയോഗ്രഫി എന്നീ ജോണറുകളിൽ ഉൾപ്പെടുത്താമെന്നു തോന്നുന്നു.

ഇനി സിനിമകളെ കുറിച്ച് 


FILM : MONTEVIDEO – TASTE OF A DREAM (2010)
DIRECTOR : DRAGAN BJELOGRLIC
                      1930-ന്റെ പശ്ചാത്തലമാണ് സിനിമയ്ക്കുള്ളത്. അതായത് ആദ്യ ഫുട്ബാൾ ലോകക്കപ്പ് നടന്ന വർഷം. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ ഒരു കൂട്ടം യുവാക്കളുടെയും, ഫുട്ബോളിനെ അതിരറ്റ് സ്നേഹിക്കുന്ന ഒരു പറ്റം ആളുകളുടെയും സ്വപ്നത്തിലേക്കുള്ള യാത്രയുടെ കഥയാണ് ഈ സിനിമ. ആദ്യ ലോകക്കപ്പിൽ പങ്കെടുക്കാനും, അതിനുള്ള ടീമിനെ ഒരുക്കാനും, അവരെ അയക്കാനുള്ള ഭീമമായ പണം കണ്ടെത്താനുമുള്ള ശ്രമങ്ങളാണ് സിനിമയുടെ ഫ്രെയിമുകളിൽ നിറയുന്നത്. മോഷ, തിർക്കേ എന്നീ കളിക്കാരുടെ സൗഹൃദത്തിലേക്കും, പിണക്കങ്ങളിലേക്കും, പ്രണയങ്ങളിലേക്കുമെല്ലാം സിനിമ വഴിമാറുന്നുണ്ടെങ്കിലും പഴയ കാലത്തിന്റെ കെട്ടും-മട്ടും ഗരിമയോടെ തെളിഞ്ഞ തെരുവുകളിൽ മുഴങ്ങിയ സംഗീതത്തിന്റെ മാസ്മരികതയിൽ പ്രേക്ഷകൻ താളം പിടിക്കുമ്പോഴും ഈ സിനിമയുടെ ഹൃദയഭാഗത്തു നിൽക്കുന്നത് ഫുട്ബാൾ എന്ന മനോഹരമായ ഗെയിം തന്നെയാകുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആസ്വപ്നത്തിലേക്കുള്ള പ്രയാണത്തിലെ ഇടർച്ചകളും, പ്രതിബന്ധങ്ങളും സിനിമയിലെ രസകരമായ  നിമിഷങ്ങൾക്കിടയിൽ നമുക്ക് വേറിട്ട് കാണാം.
 
FILM : SEE YOU IN MONTEVIDEO (2014)
DIRECTOR : DRAGAN BJELOGRLIC
                     ഒരു സീക്വൽ എന്ന രീതിയിൽ ഇറങ്ങിയ ഈ സിനിമ പ്രതീക്ഷിച്ചപോലെ ലോകക്കപ്പിനായി  പോയ ടീമിന്റെ ഉറുഗ്വായിലെ ദിനങ്ങളെയാണ് ഒപ്പിയെടുക്കുന്നത് . ഒട്ടേറെ നർമ്മ മുഹൂർത്തങ്ങൾ നിറഞ്ഞ ഈ സിനിമ ആദ്യ ലോകകപ്പിലെ യൂഗോസ്ലാവിയയുടെ സ്വപ്നക്കുതിപ്പിനെയാണ് തിരശീലയിൽ പകർത്തുന്നത്. ഫുട്ബാളിൽ മാത്രം ഊന്നി നിൽക്കാതെ ഒന്നാം ഭാഗത്തിലേതു പോലെ രണ്ടാം ഭാഗവും മോഷെ , തിർക്കേ എന്നിവരുടെ പ്രശ്നങ്ങളെ അഡ്ഡ്രസ്സ്‌ ചെയ്യുന്നുണ്ട്. മോഷയുടെ വ്യക്തിപരമായ സംഘർഷങ്ങളും, തീർക്കേയുടെ  പ്രണയവുമെല്ലാം ഈ ഭാഗത്തിലും സിനിമയ്ക്ക് നിറം പകരുന്ന സാന്നിധ്യങ്ങളാകുന്നു. രണ്ടു ഭാഗങ്ങളിലും നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ്  സ്റ്റോഞ്ഞേ എന്ന ബാലൻ. ഷൂ പോളീഷുകാരനായ അവന്റെ നരേഷനിലാണ് സിനിമ നമ്മുടെ മുന്നിലേക്കെത്തുന്നതും. ഫുട്ബാൾ എന്ന മനോഹരമായ ഗെയിമിനെ  കച്ചവടവൽക്കരിക്കാനുള്ള  ശ്രമങ്ങളെ ആ കാലഘട്ടത്തിന്റെ സാഹചര്യത്തിലും വരച്ചുകാട്ടാൻ ബോധപൂർവ്വമായി സിനിമ ശ്രമിച്ചിരിക്കുന്നു. ഒന്നാം ഭാഗത്തേക്കാൾ മികച്ചുനിന്നതു രണ്ടാം ഭാഗമാണെന്നു പറയാം.
                   ചരിത്ര വസ്തുതകളെയും, വ്യക്തികളെയും അധികരിച്ചു ഒരുക്കിയ ഈ സിനിമയിലെ ഹിസ്റ്റോറിക്കൽ അക്യൂറസിയെക്കുറിച്ചു വ്യക്തതയില്ലെങ്കിലും, ഫുട്ബാൾ ആരാധകരായ സിനിമാ സ്നേഹികൾക്ക് ഈ സിനിമകൾ മസ്റ്റ് വാച്ച് തന്നെയാണ്.  

      


Monday 17 September 2018

GHADI (2013)

FILM : GHADI (2013)
COUNTRY : LEBANON
GENRE : DRAMA !!! COMEDY
DIRECTOR : AMIN DORA
               ലോകത്തെ വിസ്മയിപ്പിച്ച പല മഹാന്മാരും ജന്മനാ വൈകല്യങ്ങൾ ഉള്ളവരായിരുന്നു. അവരുടെ മാതാപിതാക്കൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അൾട്രസൗണ്ട് സ്കാനിങ് ഉൾപ്പെടെയുള്ള സങ്കേതങ്ങളുണ്ടായിരുന്നെങ്കിൽ ഈ മഹാന്മാരെല്ലാം ഈ മണ്ണിൽ പിറക്കുമായിരുന്നോ?.. സിനിമയിലെ ഒരു കഥാപാത്രം LEBA-യോട് ചോദിക്കുന്ന ഈ ചോദ്യം നമ്മെയും ചിന്തിപ്പിക്കുന്നതാണ്. GHADI എന്ന ലെബനീസ് സിനിമയേക്കുറിച്ച് ഓർക്കുമ്പോൾ എന്റെ മനസ്സിൽ ഈ ചിന്തയാണ് കടന്നു വരുന്നത്.
            സംഗീതാധ്യാപകനായ ലെബയുടെ മൂന്നാമത്തെ കുട്ടിയാണ് GHADI. ഭിന്നശേഷിക്കാരനായ അവന്റെ കുസൃതികൾ അയല്പക്കക്കാർ ശല്യമായാണ് കരുതുന്നത്. അവനെ കുടുംബത്തിൽ നിന്നകറ്റാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾക്ക്, മകനോടുള്ള ആത്മാർത്ഥ സ്നേഹത്തിന്റെ ബലത്തിൽ സമർത്ഥമായി തടയിടുകയാണ് ലെബ. തമാശ കലർന്ന നിമിഷങ്ങളിലൂടെ മുന്നേറുന്ന ഈ സിനിമ  ഹൃദയ സ്പർശിയായ അനുഭവമാകുന്നു. സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, നന്മയുടെയും, സൗഹൃദത്തിന്റെയും, സന്തോഷത്തിന്റെയും ഇളം തെന്നലായി ആ "കുഞ്ഞു മാലാഖ" മാറുമ്പോൾ സിനിമയുടെ സന്ദേശം, ഒരു മഞ്ഞുതുള്ളിയുടെ കുളിർമയേകി നമ്മെ തഴുകുന്നു.

Saturday 15 September 2018

SAHSIYET (2018)


SAHSIYET (2018)
GENRE : TV SERIES !!! INVESTIGATION!!! MYSTERY !!!THRILLER
COUNTRY : TURKEY
DIRECTOR : ONUR SAYLAK
              ഞാൻ ഏറ്റവും കൂടുതൽ പരിചപ്പെടുത്തിയിട്ടുള്ളത് തുർക്കി സിനിമകളെയായിരിക്കും. അവയിൽ കൂടുതലും ഡ്രാമ ജോണറിൽ ഉൾപ്പെടുന്നവയായിരുന്നു. ഇന്ന് പതിവിനു വിപരീതമായി ഒരു TV സീരിസിനെയാണ് പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. 2018-ൽ സംപ്രേഷണം ചെയ്ത SAHSIYET എന്ന ഈ ടർക്കിഷ് സീരീസ് എന്തുകൊണ്ടും മികച്ചു നിൽക്കുന്ന അനുഭവമാണ്. അത്യുഗ്രൻ ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ എന്നു വിശേഷിപ്പിക്കാം. മിസ്റ്ററി ആയതുകൊണ്ട്  കഥയിലേക്ക് കൂടുതലായി കടന്നു ത്രില്ല് കളയുന്നില്ല. ചെറിയ ചില സൂചനകൾ മാത്രം നൽകാമെന്ന് കരുതുന്നു.
          വിന്റർസ്ലീപ് എന്ന വിഖ്യാത തുർക്കി സിനിമയിൽ പ്രധാന റോൾ കൈകാര്യം ചെയ്ത HALUK BILGINER തന്നെയാണ് ഇവിടെയും ലീഡ് റോളിൽ. അദ്ദേഹത്തിന്റെ കഥാപാത്രം തന്നെയാണ് ഇവിടെയും തകർത്തു വാരുന്നത്. അഭിനയവും, സംഗീതവും , ടെക്നിക്കൽ വശങ്ങളുമടക്കം എല്ലാം മികച്ചു നിന്ന ഈ സീരീസ് കുറ്റാന്വേഷണ സീരീസുകളുടെ ആരാധകർക്ക് ഒരു മസ്റ്റ് വാച്ചാണ്. ഓർമ്മകളാണ് നമ്മെ ജീവിതത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നത്. ഓർമ്മയുടെ അനുഗ്രഹം തന്നെ കൈവിടുകയാണെന്ന തിരിച്ചറിവിന്റെ ഞെട്ടലിലാണ് ആഗ ബെയോഗ്ലൂ എന്ന വൃദ്ധൻ. ഏകാന്തമായ വിശ്രമ ജീവിതത്തെ നിറം പിടിപ്പിച്ചിരുന്ന ഓർമകളും വിട്ടൊഴിയുകയാണെന്ന അറിവ്  അയാളെ അസ്വസ്ഥനാക്കുന്നു. കാരണം, തിരിച്ചു കിട്ടാത്ത വിധം മാഞ്ഞു പോയേക്കാവുന്ന ആ ഓർമ്മകളിൽ രക്തം വീഴ്ത്തി തന്നെ തീർക്കേണ്ട ചില കണക്കുകൾ കൂടി ബാക്കിയുണ്ടായിരുന്നു. മറവിയുടെ മടിത്തട്ടിലേക്ക് ചായുന്നതിനു മുൻപ് അയാൾക്ക് അത് ചെയ്തു തീർക്കേണ്ടതായുണ്ട്. അയാൾക്ക് അയാളുടേതായ കാരണങ്ങളുണ്ട് ,അതിനു പിന്നിൽ ഒരു നാടിന്റെ ഭൂതകാലവുമുണ്ട്...... അൽഷൈമേഴ്‌സ് ആൻഡ് ക്രൈം എന്നീ ഉഗ്രൻ കോമ്പിനേഷൻ തന്നെയാണ് ഈ സീരീസിനെയും വ്യത്യസ്തമാക്കുന്നത്.. ബാക്കി നിങ്ങൾ കണ്ടറിയൂ.......  

Sunday 9 September 2018

WOLF AND SHEEP (2016)


FILM : WOLF AND SHEEP (2016)
COUNTRY : AFGHANISTAN
GENRE : DRAMA
DIRECTOR : SHAHARBANOO SADAT
                ആസ്വദിക്കുക എന്നതിനൊപ്പം ഒരു വിദ്യാർത്ഥിയുടെ ജിജ്ഞാസയേയും കൂടെക്കൂട്ടിയാണ് പലപ്പോഴും സിനിമകൾ കാണാറുള്ളത്. കാരണം, കാഴ്ചകൾക്കൊപ്പം ലഭിക്കുന്ന സാംസ്കാരികവും, ചരിത്രപരവുമായ അറിവുകളെ ഒരു പുസ്തകവായനയിലെന്ന പോലെ ഓർമ്മയിൽ സൂക്ഷിക്കേണ്ടതുണ്ട്. ചില കാഴ്ചകളും, അനുഭവങ്ങളും ചില പ്രാദേശികതകൾക്കു മാത്രം നല്കാനാവുന്നവയാണ്. അനുപമമായ ആ സംസ്‌കാരികാംശങ്ങളെ കേവലമായ കാഴ്ചകളായി അവഗണിക്കാനുമാവില്ല. ഇത്തരത്തിൽ എല്ലാ നിലയ്ക്കും വേറിട്ട് നിൽക്കുന്ന "വൂൾഫ് ആൻഡ് ഷീപ്പ്" എന്ന അഫ്ഗാൻ സിനിമയെക്കുറിച്ചാണ് ഈ കുറിപ്പ്.
                ഷഹർബാനൂ സാദത് എന്ന യുവ സംവിധായികയുടെ ആത്മാംശം കലർന്ന ആദ്യസിനിമ അഫ്ഗാനിലെ മലനിരകളിൽ ജീവിക്കുന്നവരുടെ ജീവിതത്തിലേക്ക് ക്യാമറ തിരിക്കുന്നു. ആ നാടിനു പുറത്തുള്ളവർക്ക് ഈ കാഴ്ചകൾ, വ്യത്യസ്തമായ ഒരു കൾച്ചറിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായി തോന്നുന്നവിധം റിയലിസ്റ്റിക്കായി തന്നെ ഗ്രാമീണ ജീവിതത്തെ ഒപ്പിയെടുത്തിരിക്കുന്നു ഈ സിനിമ. മലനിരകളിൽ ആടുമേച്ചും, ഒഴിവുവേളകളിൽ ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന കുട്ടികളാണ് സിനിമയുടെ ആകർഷണം. ഗ്രാമീണ ജീവിതത്തിന്റെയും, അത് പിന്തുടർന്നു പോരുന്ന സംസ്കൃതിയുടെയും അംശങ്ങളെ ഫ്രെയിമുകളിൽ ഉൾക്കൊള്ളിക്കാൻ സംവിധായിക മടിക്കുന്നില്ല. അന്ധവിശ്വാസങ്ങളുടെയും, പ്രാദേശിക ഐതിഹ്യങ്ങളുടെയും കലവറയായ ഗ്രാമീണ ജീവിതത്തെ അടയാളപ്പെടുത്തുമ്പോൾ സർ-റിയലായ കാഴ്ചകളിലേയ്ക്കും സിനിമയ്ക്ക് ചുവടുവയ്‌ക്കേണ്ടി വരുന്നു.
                സാമൂഹ്യ ജീവിതത്തിലെ ആൺ-പെൺ വേർതിരിവുകളെ  മികച്ച രീതിയിൽ ദൃശ്യവൽക്കരിക്കുന്നു വൂൾഫ് ആൻഡ് ഷീപ്പ്. കുട്ടികളുടെ കൂട്ടങ്ങളിലും, വിനോദങ്ങളിലും മുതിർന്നവരുടെ ആഗ്രഹങ്ങളിലും, ആകുലതകളിലുമെല്ലാം അത് തെളിഞ്ഞു കാണാമായിരുന്നു. സിനിമയുടെ തുടക്കമെന്ന പോലെ ഒടുക്കവും പ്രേക്ഷകന്റെ പ്രതീക്ഷയ്‌ക്കൊപ്പമല്ല. നമ്മുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കുന്ന വേറിട്ട കാഴ്ചകൾ തന്നെയാണ് ഈ സിനിമയുടെ സവിശേഷതയും.....

Saturday 1 September 2018

SEAWARDS JOURNEY (2003)


FILM : SEAWARDS JOURNEY (2003)
GENRE : COMEDY
COUNTRY : URUGUAY
DIRECTOR : GUILLERMO CASANOVA

                വിരലിലെണ്ണാവുന്ന ഉറുഗ്വായൻ സിനിമകളെ കാണാനായിട്ടുള്ളൂ. ആ കൂട്ടത്തിലേക്ക് ഇന്നൊരെണ്ണം കൂടിയായി. ഗില്ലർമോ കാസനോവയുടെ "സീവാർഡ്‌സ് ജേർണി". ഒരു സിനിമയ്ക്ക് വേണ്ട കഥ ഇതിലുണ്ടോ എന്ന സംശയത്തെ മുമ്പ് കണ്ടിട്ടുള്ള പലതരം സിനിമാക്കാഴ്ചകളുടെ വെളിച്ചത്തിൽ തല്ലിയുടച്ചു തന്നെയാവാം ഈ സിനിമയെ പരിചയപ്പെടുത്തൽ.
    ഇതൊരു യാത്രയാണ്. ഉറുഗ്വായിലെ ഉൾഗ്രാമങ്ങളിലൊന്നിൽ നിന്ന് ആദ്യമായ് കടൽ കാണാൻ ചിലയാളുകൾ നടത്തുന്ന യാത്ര. നേതാവായ റോഡ്രിഗസിന്റെ ട്രക്കിൽ നാല് സഹയാത്രികർക്കൊപ്പം അപരിചിതനായ ഒരാൾ കൂടിയെത്തുന്നു. തമാശ നിറഞ്ഞ യാത്രയിലെ അവരുടെ സംഭാഷണങ്ങളിൽ ഗ്രാമീണ മനസ്സുകളെ കണ്ടുമുട്ടാനാവുന്നു. ചെറിയ കാര്യങ്ങളിൽ സംതൃപ്തി കണ്ടെത്തി ജീവിതം ആഘോഷിക്കുന്ന ഈ ഗ്രാമീണ മനസ്സുകൾ, ഒരിക്കലും മടുക്കാത്ത "കടൽ" എന്ന വിസ്മയത്തെ എങ്ങനെ സ്വീകരിക്കുമെന്ന് സിനിമ കണ്ടു തന്നെ അറിയൂ.......


Tuesday 14 August 2018

THE JAR (1992)

FILM : THE JAR (1992)
GENRE : DRAMA
COUNTRY : IRAN
DIRECTOR : EBRAHIM FOROUZESH
            ഒരു സിനിമ മനോഹരമാകുന്നത് അതിലെ കാഴ്ചകളുടെ ഭംഗി കൊണ്ട് മാത്രമല്ല. സിനിമ നിർമ്മലതയോടെ നമ്മുടെ മനസ്സിനെ സ്പർശിക്കുമ്പോഴും മനോഹാരിതയുടെ പ്രഭ സിനിമയോടൊപ്പം ചേരുന്നുണ്ട്. 1992-ൽ പുറത്തിറങ്ങിയ ഇറാനിയൻ സിനിമയായ THE JAR അത്തരത്തിലുള്ള ഒരു കൊച്ചു ചിത്രമാണ്. മരുഭൂമിയോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമത്തിലെ സ്‌കൂളിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഒരു സിനിമ.
     സിനിമയുടെ പേര് പോലെ സ്‌കൂൾ വളപ്പിലെ വലിയ മരത്തിനു കീഴെ സ്ഥാപിച്ചിരിക്കുന്ന വലിയ ജാറിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഉള്ളടക്കം പരുവപ്പെടുന്നത്. വിദ്യാർത്ഥികൾക്ക് ദാഹശമനത്തിനുള്ള ആശ്രയമായ ഈ ജാറിന് വിള്ളൽ വന്നിട്ടുള്ളതായി അധ്യാപകന്റെയും, കുട്ടികളുടെയും ശ്രദ്ധയിൽ പെടുന്നു. അധ്യാപകനും, കുട്ടികളും ചേർന്ന് ജാർ റിപ്പയർ ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയാണ്. അവിടം മുതൽ ചിരിയും, ഓർമ്മകളും നൽകി സിനിമ നമ്മെയും കൂട്ടി മുന്നേറുന്നു.
     1967-ന്റെ പശ്ചാത്തലമാണ് സിനിമയ്ക്കുള്ളത്. കഠിനാധ്വാനിയും, സത്യസന്ധനും, ശുദ്ധ ഹൃദയത്തിനുടമയുമായ അധ്യാപകൻ, പരദൂഷണങ്ങൾക്കും വാചാലതകൾക്കുമപ്പുറം നിഷ്ക്രിയമായ സമൂഹം, സക്രിയരായവരെ ഇകഴ്ത്തുന്ന സാമൂഹ്യബോധം, നിഷ്കളങ്കതയുടെ സൗന്ദര്യവും, കുസൃതിയും നിറഞ്ഞ ബാല്യം എന്നിവയെല്ലാം ഈ സിനിമയുടെ അവശേഷിപ്പുകളാവുന്നു.
     ചെറിയ കാര്യങ്ങളിൽ നിന്ന് മികവുറ്റ സിനിമകൾ സൃഷ്ടിക്കുന്ന ഇറാനിയൻ സിനിമയോട് ഇഷ്ടം മാത്രമേയുള്ളൂ. ചുറ്റുപാടുകളെ ലാളിത്യത്തോടെ തിരശ്ശീലയിൽ പകർത്തുന്ന ഇറാനിയൻ മികവിന്റെ മറ്റൊരു ഉദാഹരണമാകുന്നു THE JAR.  



Sunday 12 August 2018

THE VIOLIN (2005)


FILM : THE VIOLIN (2005)
GENRE : DRAMA !!! MUSIC
COUNTRY : MEXICO
DIRECTOR : FRANCISCO VARGAS
           സംഗീത ഉപകരണങ്ങളുടെ കൂട്ടത്തിലെ രാജാവാണ് വയലിൻ എന്നാണ് കേട്ടിട്ടുള്ളത്. വേദനയും, പ്രണയവും, ആഹ്ലാദവും, ദുഃഖവുമെല്ലാം അതിന്റെ സ്വരമാധുരിയിൽ ലയിച്ച് ഹൃദയത്തെ സ്പർശിച്ച അനുഭവങ്ങൾ ഈ പ്രസ്താവനയ്ക്ക് സാക്ഷ്യവുമാകുന്നു. സംഗീതം ഒരു കഥാപാത്രം പോലെ നിറഞ്ഞു നിൽക്കുന്ന മെക്സിക്കൻ സിനിമയായ THE VIOLIN ആണ് ഇന്ന് പരിചയപ്പെടുത്തുന്ന സിനിമ.
           ഇത് പ്ലൂട്ടാർക്കോ എന്ന വൃദ്ധന്റെ കഥയാണ്. അയാളുടെ സംഗീതത്തിന്റെ കഥയാണ്. അയാൾ പ്രതിനിധീകരിക്കുന്ന ദുരവസ്ഥകളുടെ നേർക്കാഴ്ചയാണ്. പട്ടാളത്തിന്റെ ഉരുക്കുമുഷ്ടികളെ ഭയന്ന് കിതച്ചോടുന്ന നിസ്സഹായരായ ഒരു ജനതയെയാണ് ഈ സിനിമ കാഴ്ചക്കാരനു മുന്നിൽ കോറിയിടുന്നത്. അധികാരത്തിന്റെ ക്രൂരതകൾ കുറച്ചു ദൃശ്യങ്ങളിലേക്കു ചുരുങ്ങുന്നുണ്ടെങ്കിലും, അതേൽപ്പിക്കുന്ന ആഘാതം സിനിമയ്ക്ക് ശേഷവും നിലനിൽക്കുന്നു എന്നതിലാണ് സിനിമയുടെ യഥാർത്ഥ ശക്തി.
          പ്ലൂട്ടാർക്കോ, മകൻ ജെറാനോ, പേരമകൻ, പട്ടാള ക്യാപ്റ്റൻ എന്നിവരിലൂടെയാണ് പ്രധാനമായും സിനിമ സംവദിക്കുന്നത്. രൂക്ഷമായ പോരാട്ടത്തിന്റെ തീവ്രതയെ പ്രേക്ഷകനിലേക്ക് പകരുന്ന വിധത്തിലാണ് കാഴ്ചകളെയും, സംഭാഷണങ്ങളെയും ഉപയോഗിച്ചിരിക്കുന്നത്. അധികാര മുഷ്‌കിന്റെ സഹചാരിയായ അനീതിയുടെ പ്രളയത്തെ എതിരിടുന്ന വിമതരുടെ നീതിയ്ക്കായുള്ള പിടച്ചിലുകളാണ് ഈ സിനിമയുടെ സംഗീതം. ആയുധങ്ങൾ പൊഴിക്കുന്ന സംഗീതത്തിൽ അപരന്റെ സ്വരങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുന്ന യാഥാർത്യം വേദനയായി തന്നെ അവശേഷിക്കുന്നു.
       നിസ്സഹായതയുടെയും,  പോരാട്ടത്തിന്റെയും പ്രതീകമാണ് പ്ലൂട്ടാർക്കോ. ഉപജീവനത്തിനും, പോരാട്ടത്തിനും അയാൾക്ക്‌ തുണയാകുന്നതും സംഗീതമാണ്. അധികാര ഭീകരതകളാൽ സൃഷ്ടിക്കപ്പെടുന്ന "നിശബ്ദതയിൽ" പൂർണ്ണമായി നിലയ്ക്കുന്നില്ല സംഗീതം. പോരാട്ടത്തിന്റെ കനലുകൾ ഉള്ളിലൊളിപ്പിച്ച് അതിജീവനത്തിന്റെ, നിസ്സഹായതയുടെ രൂപമണിഞ്ഞ് സംഗീതം നിലകൊള്ളുന്നിടത്ത് കറുപ്പിലും വെളുപ്പിലും ചാലിച്ച ഈ മനോഹര സിനിമ അവസാനിക്കുന്നു. പക്ഷെ സിനിമ ഉണർത്തുന്ന ചിന്തകൾ..........

Tuesday 7 August 2018

THAT TRIP WE TOOK WITH DAD (2016)


FILM : THAT TRIP WE TOOK WITH DAD (2016)
COUNTRY : ROMANIA
GENRE : HISTORY !!! DRAMA
DIRECTOR : ANCA MIRUNA LAZARESCU

             ചരിത്ര യാഥാർത്യങ്ങളെ ദൃശ്യവൽക്കരിക്കുന്ന സിനിമകളോട് പ്രത്യേകമായ ഒരു ഇഷ്ടമുണ്ട്. പലപ്പോഴും വ്യക്തിപരമായ അനുഭവങ്ങളെ തിരശ്ശീലയിലേക്ക് പകർത്തിയെഴുതുമ്പോൾ പക്ഷപാതിത്തം സ്വാഭാവികതയായി നുഴഞ്ഞു കയറുന്നതും കാണാം. നേരും-നുണയും വകഞ്ഞു മാറ്റാൻ ആ കാലഘട്ടത്തിലേക്ക് "ആധികാരികതകളെ"(?) കൂട്ടുപിടിച്ചു ഊളിയിടേണ്ടിയും വരും. യാഥാർത്യങ്ങളെ ഉറപ്പിക്കാൻ പൂർണ്ണമായി ശ്രമിക്കാറില്ലെങ്കിലും, ആ കാലഘട്ടവും ഒരു ഉണ്മയായിരുന്നു എന്ന തിരിച്ചറിവിൽ സന്ധി ചെയ്താണ് എന്നിലെ പ്രേക്ഷകൻ ആശ്വസിക്കാറുള്ളത്.
      1968-ലെ റൊമാനിയൻ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സിനിമയാരംഭിക്കുന്നത്. ഡോക്റ്ററായ MIHAIL, ഭരണകൂടത്തോട് വിയോജിപ്പുള്ള സഹോദരൻ എമിൽ, രോഗിയായ പിതാവ് എന്നിവരടങ്ങുന്ന ജർമ്മൻ വേരുകളുള്ള ഒരു കുടുംബത്തിന്റെ യാത്രയാണ് ഈ സിനിമ. പിതാവിന്റെ ചികിത്സയ്ക്കുള്ള സൗകര്യം തേടി ജർമ്മനിയിലേക്ക് മൂവരും യാത്രയാവുകയാണ്. ഒരു റോഡ് മൂവി എന്ന് പറയാൻ കഴിയാത്ത വിധമാണ് സിനിമയുടെ കഥാഗതി. യാത്രയിലുടനീളം രാഷ്ട്രീയ അസ്ഥിരതകളുടെ തീക്ഷ്‌ണതകളെയാണ് കണ്ടുമുട്ടാനാവുക. റൊമാനിയ എന്നതിനപ്പുറം, ചെക്കോസ്ലോവാക്യ, കിഴക്കൻ-പശ്ചിമ ജർമ്മനി എന്നിവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും  പ്രേക്ഷകന്റെ മനസ്സിലേക്ക് നടന്നുകയറുന്നു.
      മനുഷ്യാവകാശങ്ങളും, സ്വാതന്ത്ര്യവും, ഭയരഹിതമായ ജീവിതവും സ്വപ്‌നമായിരുന്ന ഒരു കാലഘട്ടത്തിലെ മനുഷ്യരുടെ നിസ്സഹായതകളെ ഓർത്തു നെടുവീർപ്പിടാനാണ് നമുക്കാവുക. ക്യാപിറ്റലിസവും, കമ്മ്യൂണിസവും, സോഷ്യലിസവുമെല്ലാം പ്രായോഗികതയുടെ രൂപമണിഞ്ഞു സമൂഹത്തിലേക്കിറങ്ങുന്ന കാഴ്ചകൾക്കിടയിലും  കഥാപാത്രങ്ങളുടെ നാവുകളിൽ ഒരിക്കലും അവസാനിക്കാത്ത വിധം മുഴങ്ങുന്നത് "സ്വാതന്ത്ര്യം" എന്നു തന്നെയായിരുന്നു. സമാധാനം, സഹിഷ്ണുത, വിശ്വമാനവികത എന്നീ ആലങ്കാരികതകൾക്കു മുകളിൽ ഇന്നും കേൾക്കുന്നത് ഈ നിലവിളികൾ തന്നെയല്ലേ?....................................

Sunday 5 August 2018

THE OTHER ME (2016)


FILM : THE OTHER ME (2016)
GENRE : CRIME !!! MYSTERY
COUNTRY : GREECE
DIRECTOR : SOTIRIS TSAFOULIAS
           ഗ്രീസ് എന്ന പേര് കേൾക്കുമ്പോൾ തന്നെ അറിവിന്റെയും, തത്വചിന്തയുടെയും  വെളിച്ചം വിതറി മാനവരാശിയ്ക്ക്  വഴികാട്ടിയ അനവധി മഹാന്മാരെയാണ് ഓർമ്മ വരുന്നത്. ഈ സിനിമയും  ചില പൈതഗോറിയൻ ചിന്തകളെ സമ്മാനിക്കുന്നു. പക്ഷെ, ഇവിടെ ആ ചിന്താശകലങ്ങളേക്കാൾ അതെഴുതിയിടുന്ന ആളെയാണ് അന്വേഷകർക്കൊപ്പം കാഴ്ചക്കാരും പരതുന്നത്.
     മനുഷ്യ മനസ്സിന്റെ ഇരുട്ട് നിറഞ്ഞതും, നിഗൂഢവുമായ ഇടങ്ങളെക്കുറിച്ചെല്ലാം വാചാലനാകുന്ന ക്രിമിനോളജി പ്രൊഫസ്സർ ദിമിത്രിയാണ് നായകൻ. തുടർച്ചയായി അരങ്ങേറുന്ന കൊലപാതകങ്ങൾ കാരണം പോലീസ് പ്രൊഫസ്സറുടെ സഹായം തേടുകയാണ്. കൊലപാതകങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരുകാര്യം കൊലയാളി കുറിച്ചിടുന്ന പൈതഗോറിയൻ വചനങ്ങളാണ്. കൊലപാതകങ്ങളുടെ കാരണവും, കൊലയാളിയുടെ മനസ്സും തേടി ദിമിത്രിയുടെ വഴികളിലൂടെ നമുക്കും യാത്ര ചെയ്യാം.
          ഒരു മിസ്റ്ററിയുടെ ചുരുളഴിക്കുന്നതിനു പാരലലായി ദിമിത്രിയുടെ വ്യക്തിജീവിതത്തിലേക്കും സിനിമ കടന്നു ചെല്ലുന്നുണ്ട്. രണ്ടിനെയും നന്നായി ബ്ലെൻഡ് ചെയ്യാനും സിനിമയ്ക്കാവുന്നുണ്ട്.  ക്രൈം-മിസ്റ്ററിയോടൊപ്പം മറ്റു എലമെൻറ്സ് കൂടെ കടന്നു വരുന്നത് സിനിമയെ മറ്റു രീതിയിൽ കൂടി അടയാളപ്പെടുത്താൻ സഹായകമാവുന്നു. ദിമിത്രിയുടെ ക്യാരക്റ്റർ ചെയ്ത നടന്റെ പ്രകടനം മികച്ചു നിന്നു. തുടക്കം മുതൽ ഒടുക്കം വരെ ഉദ്വേഗം നിറഞ്ഞു നിൽക്കുന്ന രീതിയിലുള്ള സിനിമയല്ല THE OTHER ME. എന്തായാലും, എനിക്കിഷ്ടമായി. നിങ്ങൾക്കും ഈ സിനിമ നിരാശ സമ്മാനിക്കില്ല എന്ന പ്രതീക്ഷയോടെ......

Wednesday 1 August 2018

THIS BEAUTIFUL FANTASTIC (2016)

FILM : THIS BEAUTIFUL FANTASTIC (2016)
GENRE : COMEDY !!! FANTASY!!! ROMANCE
COUNTRY : UK
DIRECTOR : SIMON ABOUD
                ലാളിത്യമായിരിക്കും ചില സിനിമകളുടെ  മുഖമുദ്ര. കാഴ്ച്ചക്കാരന്റെ മനസ്സിനെ തരളിതമാക്കി ഒഴുകുന്ന ഒരു തെളിനീരുറവ പോലെ സംശുദ്ധമായ അനുഭവമേകുന്നവയാണ് ചില സിനിമകൾ. റിഫ്രഷിങ്, ചാർമിങ്, ഫീൽഗുഡ്, ഹാർട്ട് വാമിങ് എന്നിങ്ങനെയുള്ള പേരുകളോട് ചേർത്ത് കേൾക്കുന്ന അത്തരം കാഴ്ചകളെ ഇഷ്ടപ്പെടാത്തവർ ഉണ്ടാവില്ല എന്നാണ്  തോന്നുന്നത്.  
        ദിസ് ബ്യുട്ടിഫുൾ ഫന്റാസ്റ്റിക് എന്ന ഈ സിനിമ അതിന്റെ പേരുപോലെ തന്നെ മനോഹരമാക്കുന്നതിൽ മുന്നിൽ നിൽക്കുന്ന കാര്യങ്ങളിൽ ഒന്ന് കഥാപാത്രങ്ങളാണ്. പ്രേക്ഷകന്റെ മനസ്സിൽ ഇടം കണ്ടെത്തുമാറുള്ള  ഒരു കഥാപാത്ര സൃഷ്ട്ടിയെയാണ് അനുഭവിച്ചറിയാനായത്. "ഒബ്സസ്സീവ് ആൻഡ് കമ്പൽസീവ് ഡിസോർഡർ" ഉള്ള ബെല്ല ബ്രൗൺ   എന്ന പെൺകുട്ടിയും അവളുടെ ചുറ്റുപാടുകളേയുമാണ് സിനിമ കാണിച്ചു തരുന്നത്. പ്രണയവും, ഫാന്റസിയും, ഇമോഷനുകളുമെല്ലാം പാകമായ അളവിൽ ചേർത്തിരിക്കുന്ന ഈ സിനിമയിലെ ഫ്രെയിമുകളും മനോഹരമാണ്. ബെല്ല ബ്രൗൺ എന്ന കഥാപാത്രത്തിൽ പലയിടങ്ങളിലും AMELIE-യുടെ നിഴൽ കാണാനാകുന്നു. സിനിമാറ്റിക് ക്ലിഷേകളിൽ നിന്ന് പൂർണ്ണമായി മുക്തമല്ലെങ്കിലും പ്രേക്ഷക മനസ്സിന്റെ ഇഷ്ടം പിടിച്ചു പറ്റാൻ ഈ സിനിമയ്ക്കാവും എന്നു തന്നെയാണ് എന്റെ വിശ്വാസം.

Sunday 22 July 2018

YAABA (1989)


FILM : YAABA (1989)
COUNTRY : BURKINA FASO
GENRE : DRAMA
DIRECTOR : IDRISSA OUEDRAOGO
          വിദേശ സിനിമകൾ കാണാൻ തുടങ്ങിയ കാലം തൊട്ട് എന്നെ ആകർഷിച്ചവയാണ് ആഫ്രിക്കൻ സിനിമകൾ. വിദേശ സിനിമകളിലെല്ലാം  വൈവിധ്യങ്ങളെ കണ്ടുമുട്ടാമെങ്കിലും വൈവിധ്യത്തിന്റെ ധാരാളിത്തം ആഫ്രിക്കൻ സിനിമകൾക്ക് അവകാശപ്പെട്ടതാണെന്ന് തോന്നാറുണ്ട്. ആഫ്രിക്കക്ക് മാത്രം പറയാനാവുന്ന കഥകളെ ആഫ്രിക്കൻ സിനിമകളിലൂടെയാണ് അനുഭവിച്ചറിഞ്ഞിട്ടുള്ളത്.
       ബുർക്കിന ഫാസോ എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ ഗ്രാമീണ യാഥാർഥ്യങ്ങളെയാണ് ഈ സിനിമ ഒപ്പിയെടുത്തിരിക്കുന്നത്. ആട്ടിയകറ്റിയും , അകലം പാലിച്ചും ഗ്രാമീണർ അകറ്റി നിർത്തിയിട്ടുള്ള വൃദ്ധയുമായി "ബില" എന്ന കുട്ടി തീർക്കുന്ന സൗഹൃദമാണ് സിനിമയുടെ ഒരു വശം. അതിനൊപ്പവും, അതുമായി ചേർന്നും നീങ്ങുന്ന സന്ദർഭങ്ങളിലൂടെയുമാണ് സിനിമ പറയാനുള്ളത് പറയുന്നത്. തിരസ്കരിക്കപ്പെട്ടവരും, അവഗണിക്കപ്പെടുന്നവരും ശരിയും, നന്മയും, വെളിച്ചവുമാകുന്ന കാഴ്ചകൾ ആഫ്രിക്കൻ ജനതയുടെ ഇരുട്ട് മൂടിയ ചിന്തകളും, കാഴ്ചകളും തെളിയണമെന്ന സംവിധായകന്റെ ആഗ്രഹങ്ങളുടെ പ്രതിഫലനം തന്നെയാവണം. മുപ്പതു വർഷങ്ങൾക്കിപ്പുറം ബുർക്കിന ഫാസോ മുന്നോട്ട് നീങ്ങിയിരിക്കുമെന്ന് തീർച്ചയാണ്. സിനിമയുടെ ഉള്ളടക്കത്തിൽ പ്രതീക്ഷയോടെ, ഊർജ്ജസ്വലതയോടെ, ധീരതയോടെ മുന്നോട്ട് കുതിക്കുന്ന കുട്ടികളെ കാണാനാവുന്നതും യാദൃശ്ചികമല്ല. ആഫ്രിക്കൻ സിനിമകൾ ഇഷ്ടമുള്ളവർക്ക് ഈ സിനിമയും രസിക്കുമെന്നാണ് എന്റെ പ്രതീക്ഷ.

Monday 14 May 2018

THE GIRL IN THE FOG (2017)

FILM : THE GIRL IN THE FOG (2017)
GENRE : CRIME !!! THRILLER
COUNTRY : ITALY
DIRECTOR : DONATO CARRISI
നല്ല കഥയും, പ്രതിഭാധനരായ അഭിനേതാക്കളും, മികച്ച സംവിധാനവും ചേരുമ്പോൾ നല്ല സിനിമയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. DONATO CARRISI തന്റെ നോവൽ സിനിമയാക്കിയപ്പോൾ സംഭവിച്ചതും അങ്ങനെയൊരു കാര്യമാണ്.
മഞ്ഞുപെയ്യുന്ന രാവുകളിലൊന്നിൽ VOGAL ഒരു ആക്സിഡന്റിൽ പെടുകയാണ്. പരിക്കൊന്നും പറ്റിയിട്ടില്ലെങ്കിലും അയാളെ സൈക്യാട്രിസ്റ്റായ ഡോക്ടർ ഫ്ലോറിസ് വരുന്നതിനായി കാത്തുകൊണ്ട് പോലീസ് സ്റ്റേഷനിൽ തന്നെ ഇരുത്തിയിരിക്കുന്നു. എല്ലാവരും സമാധാന ജീവിതം നയിക്കുന്ന ഗ്രാമത്തിൽ ഒരു ദിവസം പതിനാറുകാരിയായ ANNA LOU എന്ന പെൺകുട്ടിയെ കാണാതാവുകയാണ്. അവളുടെ തിരോധാനം അന്വേഷിക്കാനെത്തിയ വിചിത്രമായ അന്വേഷണ രീതികളിലുള്ള ഉദ്യോഗസ്ഥനാണ് വോഗൽ. എന്തായിരിക്കും അയാൾക്ക് ഡോക്ടറോട് പറയാനുള്ളത്? ആരായിരിക്കും ആ പെൺകുട്ടിയുടെ തിരോധാനത്തിന് പിന്നിൽ?
അന്വേഷകന്റെ വേറിട്ട അന്വേഷണ രീതികളിലൂടെ മുന്നോട്ടുനീങ്ങുന്ന സിനിമയ്ക്ക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ചടുലത അവകാശപ്പെടാനാകില്ലെങ്കിലും പ്രേക്ഷകരിൽ ഉദ്വേഗവും, ആകാംഷയും നിറയ്ക്കാൻ കഴിയുന്നുണ്ട്. അഭിനേതാക്കളുടെ മികവുറ്റ പ്രകടനം കഥയിലെ   ട്വിസ്റ്റുകൾ വിശ്വസനീയമായ രീതിയിൽ ഒരുക്കാൻ സംവിധായകനെ സഹായിക്കുന്നുണ്ട്. കഥാപാത്രങ്ങളെയും, അവരുടെ സംഭാഷണങ്ങളും ശ്രദ്ധയോടെ പിന്തുടരാൻ ആയില്ലെങ്കിൽ സിനിമയ്ക്കു ശേഷവും ചില സംശയങ്ങൾ പ്രേക്ഷകനെ വിട്ടൊഴിയില്ല.
വേഗത കുറവുണ്ടെങ്കിലും, ഒഴുക്കു മുറിയാതെ നിഗൂഢതയെ വരുതിയിലാക്കാനുള്ള വോഗലിന്റെ വ്യത്യസ്തമായ അന്വേഷണങ്ങൾക്കൊപ്പം നിങ്ങളും സഞ്ചരിച്ച് നോക്കൂ. പ്രതീക്ഷിതവും, അപ്രതീക്ഷിതവുമായ കാഴ്ചകൾ ഈ സിനിമ നിങ്ങൾക്ക് സമ്മാനിക്കുമെന്ന് തീർച്ച.

Friday 11 May 2018

MILAREPA (2006)

FILM : MILAREPA (2006)
COUNTRY : TIBET !!! BHUTAN
GENRE : BIOGRAPHY
DIRECTOR : NETEN CHOKLING
       "യുദ്ധം ചെയ്ത് നൂറുപേരെ ജയിക്കുന്നവനല്ല, സ്വന്തം മനസ്സിനെ കീഴടക്കുന്നവനാണ് യഥാർത്ഥ ജേതാവ്''- ബുദ്ധൻ
     പ്രതികാരം ഒന്നിനും പരിഹാരമല്ല എന്ന് തോഗ്പ മനസ്സിലാക്കുന്നത് അത് ചെയ്തതിന് ശേഷമാണ്. കൂടുതൽ പ്രശ്നങ്ങളിലേക്കാണ് അവ നയിക്കുകയെന്ന തിരിച്ചറിവിനൊപ്പം, ഭാവിയെ നിർണയിക്കുന്നത് തിരിച്ചെടുക്കാനാവാത്ത പൂർവ്വ കർമ്മങ്ങളാണ് എന്നതും അയാളെ അസ്വസ്ഥനാക്കുന്നു. ഈ അസ്വസ്ഥതകളെ കഴുകിക്കളയാൻ അയാൾ സഞ്ചരിച്ച വഴികൾ അറിയാൻ നമ്മൾ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
      പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചു എന്ന് കരുതപ്പെടുന്ന ബുദ്ധിസ്റ്റ്  ആത്മീയാചാര്യൻ MILAREPA-യുടെ ജീവചരിത്രമാണ് ഈ സിനിമ.  തൻറെ കുടുംബത്തോട് ബന്ധുക്കളും ഗ്രാമീണരും ചെയ്ത ക്രൂരതയ്ക്ക് പ്രതികാരം ചെയ്യുന്നതിനായി അമ്മയുടെ  നിർദേശപ്രകാരം ബ്ലാക്ക് മാജിക്ക് പഠിക്കാൻ പോവുകയാണ് അവൻ. യാത്രയും, പഠനവും, പ്രതികാരവുമെല്ലാം  സിനിമയുടെ  ഭാഗങ്ങളാകുമ്പോൾ അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവിൽ ഈ സിനിമ നമ്മെ ഉപേക്ഷിക്കുകയാണ്.  ആത്മീയമായ ഔന്നത്യം തേടിയുള്ള അയാളുടെ യാത്രയുടെ ദൃശ്യഭാഷ്യത്തെ കുറിച്ചുള്ള വാഗ്ദാനങ്ങളോടെയാണ് സിനിമ അവസാനിക്കുന്നത്. അത്തരമൊരു ദൃശ്യാനുഭവത്തിന്റെ അഭാവം ഈ നിമിഷം വരെ ഈ ജീവചരിത്ര സിനിമയുടെ  അപൂർണ്ണതയായി നിലകൊള്ളുന്നു.

Sunday 29 April 2018

CRUMBS (2015)


FILM : CRUMBS (2015)
GENRE : SCI- FI !!! FANTASY
COUNTRY : ETHIOPIA
DIRECTOR : MIGUEL LLANSO

              SCI-FI, ഫാന്റസി എന്നീ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വന്നുചേരുന്ന ചിത്രങ്ങളും, ചിന്തകളുമുണ്ട്. എന്നാൽ, അത്തരം SCI-FI കാഴ്ചകളിൽ നിന്നും വിഭിന്നമായ ലോകത്തേക്കാണ് CRUMBS പ്രേക്ഷകനെ ക്ഷണിക്കുന്നത്. ഒരു പോസ്റ്റ്-അപ്പോകാലിപ്റ്റിക് പശ്ചാത്തലത്തിൽ കാൻഡി, ബെർഡി എന്നിവരുടെ കഥയാണ് ഈ ആഫ്രിക്കൻ സിനിമ പറയുന്നത്.
       ശാരീരിക പരിമിതിയുള്ള കാൻഡിയും, ജീവിത പങ്കാളിയായ ബെർഡിയും കഴിയുന്ന പരിസരങ്ങളിലെ ചില അസ്വാഭാവിക സംഭവങ്ങൾ ബെർഡിയിൽ ചില സംശയങ്ങൾ ജനിപ്പിക്കുന്നു. വർഷങ്ങളായി ആകാശത്തു തങ്ങിനിൽക്കുന്ന പ്രവർത്തന നിരതമല്ലാത്ത സ്പേസ്ഷിപ്പ് ആരോ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എന്നതാണ് സംശയം. ഒരു സൂപ്പർഹീറോ ആണെന്നും, തന്റെയിടം മറ്റേതോ ഗ്രഹമാണെന്നും സ്വയം കരുതുന്നു കാൻഡിയ്ക്ക് സ്‌പേസ്ഷിപ്പിൽ കയറിപ്പറ്റാൻ ആഗ്രഹമുണ്ട്. അതിനുള്ള വഴികളന്വേഷിച്ചു നടക്കുകയാണ് കാൻഡി.
          ഗ്രാഫിക്‌സും, വമ്പൻ സെറ്റിങ്ങ്സുകളും ഉപയോഗിച്ച് സൃഷ്ടിക്കുന്ന വിസ്മയക്കാഴ്ച്ചകളല്ല ഈ സിനിമയെ വേറിട്ടതാക്കുന്നത്. ഇത്തരത്തിലുള്ള മായികക്കാഴ്ചകളുടെ അഭാവത്തിൽ വളരെ ആർട്ടിസ്റ്റിക്കായ രീതിയിൽ ആശയത്തെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. ബാസ്‌ക്കറ്റ്‌ബോൾ ഇതിഹാസമായ മൈക്കേൽ ജോർദാന്റെ ചിത്രത്തിനുമുന്നിൽ പ്രാർത്ഥിച്ചു നിൽക്കുന്ന ബെർഡി, അമൂല്യ വസ്തുക്കളായി കൈമാറ്റം ചെയ്യപ്പെടുന്ന പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ എന്നിങ്ങനെ സിംബോളിക്കായി അവതരിപ്പിക്കപ്പെട്ട നിരവധി ദൃശ്യങ്ങൾ സിനിമയിലുണ്ട്. പ്രേക്ഷകന്റെ സ്വതന്ത്ര വ്യാഖ്യാനങ്ങളിലൂടെ സിനിമ പലയിടങ്ങളിലേയ്ക്ക് ചേക്കേറുമെന്നതിൽ സംശയമില്ല. അത് തന്നെയാവാം ഈ കുഞ്ഞുസിനിമയുടെ ലക്ഷ്യവും.
       കേവലം 68-മിനുട്ട് മാത്രമുള്ള ഈ സിനിമ എത്രമാത്രം മനസ്സിലാക്കാനായി എന്നതിനപ്പുറം, സിനിമ നൽകുന്ന പുതുമയുള്ള അനുഭവമാണ് നമ്മെ നയിക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നല്ല ഈ സിനിമ, അതുപോലെ നമ്മൾ കണ്ടു ശീലിച്ച കാഴ്ച്ചകളുമല്ല CRUMBS.