FILM : THE PRESIDENT’S CAKE (2025)
GENRE : DRAMA
COUNTRY : IRAQ
DIRECTOR : HASAN HADI
1990-കളിലെ ഇറാഖിന്റെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ വേറിട്ട രീതിയിൽ അടയാളപ്പെടുത്തുന്ന മികച്ച സിനിമ കാഴ്ചയാണ് THE PRESIDENT'S CAKE. ലാമിയ എന്ന പെൺകുട്ടിയുടെ ജീവിത സാഹചര്യങ്ങളിലേക്ക് ക്യാമറ തിരിക്കുമ്പോൾ ദൃശ്യമാകുന്നത് ആ കാലഘട്ടം തന്നെയാകുന്നു. പ്രസിഡന്റിന്റെ ജന്മദിനം ആഘോഷിക്കുന്നത് നിർബന്ധിതമാകുന്ന അവസ്ഥയിൽ സ്കൂളിലേക്ക് കേക്ക് ഉണ്ടാക്കിക്കൊണ്ടുവരാനുള്ള ചുമതല നറുക്കെടുപ്പിലൂടെ ലാമിയയിൽ അടിച്ചേല്പിക്കപ്പെടുകയാണ്. പ്രായാധിക്യം ബാധിച്ച മുത്തശ്ശിയോടൊപ്പം ഇല്ലായ്മകളെ കൂട്ടുപിടിച്ചു ജീവിക്കുന്ന ലാമിയക്ക് അതിനാവശ്യമായ സാധനങ്ങൾ സംഘടിപ്പിക്കുകയെന്നത് അത്യധികം പ്രയാസവുമാണ്. സാധനങ്ങൾ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
സ്വാച്ഛാധിപത്യത്തിന്റെ ഭീഷണികൾ എങ്ങനെ പടർന്ന് താഴെത്തട്ടിലെത്തുന്നു എന്നത് അധ്യാപകന്റെ വാക്കുകളിൽ തെളിഞ്ഞു നിൽക്കുന്നു. എല്ലാ നിലയ്ക്കും അസ്ഥിരമായ സാമൂഹിക പരിതസ്ഥിതി അഴിമതിക്കും, കുറ്റകൃത്യങ്ങൾക്കും, ചൂഷണങ്ങൾക്കും സുലഭമായി അവസരങ്ങളും ഇടങ്ങളും സൃഷ്ടിക്കുമെന്ന യാഥാർത്യവും സിനിമ പറഞ്ഞുവെയ്ക്കുന്നു. സ്വാച്ഛാധിപത്യത്തിന്റെ അച്ചുകളിലേക്ക് പരുവപ്പെട്ട ഒരു ജനതയെ രാജ്യത്തിൻറെ ശബ്ദമുഖരിതമായ തെരുവുകളിലെങ്ങും കാണാനാവുന്നു. കണ്ണ് നഷ്ട്ടപ്പെട്ടതു കാരണം ഭാര്യയുടെ സൗന്ദര്യത്തെക്കുറിച്ചു വേവലാതിപ്പെടേണ്ടതില്ലല്ലോ എന്ന് ആശ്വസിക്കുന്ന സൈനികന്റെ മനസ്സും മറ്റൊന്നല്ല നമുക്ക് കാണിച്ചുതരുന്നത്. മിനിമലിസ്റ്റിക്കായ പശ്ചാത്തല സംഗീതവും, മികച്ച സിനിമാറ്റോഗ്രാഫിയും , അഭിനേതാക്കളുടെ നല്ല പ്രകടനവും സിനിമയെ ഒരു മികച്ച അനുഭവമാക്കുന്നു.




