Saturday 27 August 2016

CETVRTY COVEK / THE 4TH MAN (2007)



FILM : CETVRTY COVEK  /  THE 4TH MAN (2007)
COUNTRY : SERBIA
GENRE : CRIME !!! MYSTERY
DIRECTOR : DEJAN ZECEVIC

                     സിനിമയിലെ പല രംഗങ്ങളും എവിടെയൊക്കെയോ കണ്ടവയായി തോന്നിയെങ്കിലും, ഓർമ്മകളെ അധികം ചികയാൻ ശ്രമിക്കാതെ സിനിമ ആസ്വദിക്കാനാണ് എന്റെ മനസ്സ് മന്ത്രിച്ചത്‌. മറവി തന്നെയാണ് സിനിമയിലേയും പ്രധാന പ്രശ്‌നം. തലയിൽ വെടിയേറ്റത് കാരണം  അബോധാവസ്ഥയിലായിരുന്ന "മേജർ" സ്വബോധത്തിലേക്ക് ഉണരുകയാണ്. ഓർമ്മയുടെ ഭാരം ഉപേക്ഷിച്ചാണ് അയാൾ ഉണരുന്നത്. തന്നെക്കുറിച്ചോ, കുടുംബത്തെ സംബന്ധിച്ചോ ഒന്നും ഓർത്തെടുക്കാൻ അയാൾക്കാവുന്നില്ല. കുടുംബത്തെ ഇല്ലായ്മ ചെയ്തതും, അയാളെ വെടിവെച്ചിട്ടതും ആരെന്ന സൂചന നൽകുന്ന അജ്ഞാതനാണ് അയാളുടെ ഇപ്പോഴുള്ള ചെയ്തികളെ നിയന്ത്രിക്കുന്നത്. കൈവിട്ടുപോയ ഓർമ്മകളിലേക്കും, തന്റെ സ്വത്വത്തിലേക്കും തിരിച്ചെത്താൻ ഒരു "നാലാമനെ"ക്കൂടി അയാൾക്ക് കണ്ടെത്തേണ്ടതായുണ്ട്. ഈ അന്വേഷണം തന്നെയാണ് സിനിമയുടെ മിസ്റ്ററി. വലിച്ചു നീട്ടലില്ലാത്ത അവതരണവും, മോശമല്ലാത്ത സിനിമാറ്റോഗ്രഫിയും, ഓർമ്മകൾ പോലും അകന്നു നിൽക്കുന്ന നിർവ്വികാര മനസ്സിനുടമയായ പ്രധാന കഥാപാത്രവും ചേരുമ്പോൾ ഒരു തവണ കണ്ടിരിക്കാവുന്ന കൊച്ചു ത്രില്ലറാവുന്നു THE 4TH MAN.    


Wednesday 24 August 2016

REVANCHE (2008)



FILM : REVANCHE (2008)
COUNTRY : AUSTRIA
GENRE : PSYCHOLOGICAL THRILLER
DIRECTOR : GOTZ SPIELMANN

                         ഓസ്ട്രിയൻ സിനിമയായ REVANCHE (2008) ഇന്ന് വീണ്ടും കണ്ടു. തുടർകാഴ്ചകൾക്ക് സാധ്യത അവശേഷിപ്പിക്കുന്ന മികവുകളുള്ള REVANCHE രണ്ടാമതും കണ്ടപ്പോൾ കൂടുതൽ ആഴവും, മാനങ്ങളുമുള്ള അനുഭവമായാണ് തോന്നിയത്. ഒരു ത്രില്ലറിന്റെ ഗുണങ്ങൾ കൈവശപ്പെടുത്തുന്ന ഈ സിനിമ മനുഷ്യാവസ്ഥയുടെ തലങ്ങളെക്കൂടി വരച്ചിടുന്നു. പ്രതികാരത്തിന്റെ തീക്ഷ്ണതയിൽ അണിയിച്ചൊരുക്കാറുള്ള സിനിമകളുടെ പാത പിന്തുടരാതെ തന്നെ വളരെ ഗ്രിപ്പിങ് ത്രില്ലർ അനുഭവമാകുന്നു REVANCHE.
      മദ്യത്തിന്റെയും, ശരീരവ്യാപാരത്തിന്റെയും അരങ്ങിൽ നിൽക്കുമ്പോഴും മാംസ നിബദ്ധതയ്ക്കപ്പുറത്തുള്ള സ്നേഹത്തിന്റെ ഉറവ് അലക്സിലും, തമാരയിലും കാണാനാവുന്നു. എളുപ്പത്തിൽ വിച്ഛേദിക്കാനാവാത്ത കെട്ടുപാടുകളിൽ നിന്ന് രക്ഷയായി ഇരുവരും കണ്ടെത്തുന്ന മാർഗ്ഗം ദുരന്തത്തിൽ കലാശിക്കുന്നതോടെ സിനിമ താളം കണ്ടെത്തുന്നു. പ്രതികാരത്തിന്റെ കനലുകളും, നഷ്ടപ്പെടലിന്റെ മനോവേദനയും പ്രേക്ഷകനിലേക്ക് പടർത്തി മുന്നേറുന്ന സിനിമയുടെ വിശ്വാസ്യത ചോർത്താത്ത കഥാപാത്ര സൃഷ്ടികളും , കഥാഗതിയും പ്രശംസനീയമാണ്. പ്രതികാരവും, കുറ്റബോധവും ഭാവപ്രകടനങ്ങൾ എന്നതിലുപരി മനസ്സിൽ വിങ്ങുന്ന അസ്വസ്ഥതകളായി  കഥാപാത്രങ്ങളിൽ കണ്ടുമുട്ടുമ്പോൾ മനുഷ്യന്റെ (മനസ്സിന്റെ) അടിസ്ഥാന സ്വഭാവങ്ങൾ തെളിയുന്നു. പ്രവചനാതീതവും, പ്രായോഗികവുമായ ഇടങ്ങളിലേയ്ക്ക് കഥാപാത്ര മനസ്സുകൾ ഓടിക്കയറുന്നത് കാണുമ്പോൾ അവിശ്വസനീയതയെ കൂട്ടുപിടിക്കാൻ നമുക്കാവില്ല. "പ്രതികാര" മനസ്സിനൊപ്പം യാത്രയാരംഭിച്ച പ്രേക്ഷകരുടെ പ്രതീക്ഷകളിലെ വഴികളുപേക്ഷിച്ചു സഞ്ചരിച്ച ഈ സിനിമയുടെ ക്ലൈമാക്സ് മികവുറ്റതായി.
           വേഗത കുറവെങ്കിലും ഒഴുക്ക് മുറിയാതെ മുന്നേറാനും പ്രേക്ഷകനെ ചേർത്ത് പിടിക്കാനും  ഈ സിനിമയ്ക്കാവുന്നു. പശ്ചാത്തല സംഗീതത്തിന്റെ അഭാവവും, ഡയലോഗുകളുടെ കുറവുമൊന്നും ആസ്വാദ്യതയ്ക്ക് തടസ്സം നിൽക്കുന്നില്ല. പ്രകൃതിദത്തമായ ശബ്ദങ്ങളും, നിശബ്ദതയും തന്നെയായിരുന്നു സിനിമയുടെ സ്വഭാവത്തിനും, സൗന്ദര്യത്തിനും വശ്യമായ ഫ്രെയിമുകൾക്കും പിന്തുണയാകുന്നത്. ചുരുക്കി പറഞ്ഞാൽ "കാണേണ്ട കാഴ്ച്ച" തന്നെയാണ് REVANCHE.


Saturday 13 August 2016

KOLYA (1996)



FILM : KOLYA (1996)
COUNTRY : CZECH REPUBLIC
GENRE : COMEDY !!! DRAMA !!! MUSIC
DIRECTOR : JAN SVERAK

            സിനിമകൾ പല വിധമാണ്. ചില സിനിമകൾ പ്രത്യേക പ്രേക്ഷകരെ മാത്രം ലക്ഷ്യം വെയ്ക്കുമ്പോൾ , ചിലത് വലിയ ആൾക്കൂട്ടങ്ങളിലേക്ക് ആസ്വാദനത്തിന്റെ ഭൂരിപക്ഷ മാതൃകകളിൽ നടന്നു കയറുന്നു. എന്നാലും, സിനിമകളെ പൂർണ്ണമായി ആസ്വദിക്കാൻ അവയുടെ പൊതുസ്വഭാവവും ഉള്ളടക്കവും ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ പ്രേക്ഷകർ ഒരുക്കേണ്ടതുണ്ട് എന്നാണ് എന്റെ പക്ഷം. ഇത്തരത്തിലുള്ള വൈവിധ്യങ്ങളും, വൈരുദ്ധ്യങ്ങളും നിലനിൽക്കേ തന്നെ ഏതൊരു മൂഡിലും ആസ്വാദ്യകരമാക്കുന്ന സിനിമകളും വിരളമല്ല. കണ്ണിനും, മനസ്സിനും ഊഷ്മളതയേകുന്ന സിനിമകൾ കാലത്തിന്റെയും, പ്രായത്തിന്റേയും, ദേശങ്ങളുടെയും അതിരുകളെ ലംഘിച്ചുകൊണ്ട് നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കുന്നു. 1996-ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ ലഭിച്ച ചെക്ക് സിനിമയായ KOLYA അത്തരത്തിലുള്ള ദൃശ്യാനുഭവമാണ്.
           സോവ്യറ്റ് അധിനിവേശ ചെക്കോസ്ലോവാക്യയുടെ പശ്ചാത്തലത്തിലുള്ളതാണ് ഈ സിനിമ. PRAGUE PHILHARMONIC ഓർക്കസ്ട്രയിൽ നിന്നും ഒഴിവാക്കപ്പെട്ടതിനാൽ ശവസംസ്കാര ചടങ്ങുകളിൽ "സെല്ലോ" വായിച്ച്‌ ഉപജീവനം നടത്തുന്ന ലൂക്ക എന്ന വൃദ്ധനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഒരു വ്യാജ വിവാഹത്തിന് കൂട്ടുനിൽക്കേണ്ടി വരുന്ന അയാൾ  കൂടുതൽ പ്രശ്നങ്ങളിലേക്ക് വീഴുന്നു. ഏകാന്തമായ ലൂക്കയുടെ ജീവിതത്തിലേക്ക് റഷ്യൻ ഭാഷ മാത്രമറിയുന്ന കുട്ടിയെത്തുന്നതോടെ അയാളുടെ ജീവിതം വേറിട്ടതാകുന്നു.
           സിനിമയുടെ പശ്ചാത്തലവും, കഥാതന്തുവും രാഷ്ട്രീയ സാഹചര്യങ്ങളുടെ പിൻബലം ആവശ്യപ്പെടുന്നുണ്ട്. സിനിമയുടെ ലളിതവും, സുന്ദരവുമായ ഒഴുക്കിന് വിലങ്ങുതടിയാകാതെ സിനിമയിലെ / സിനിമയുടെ രാഷ്ട്രീയത്തെ അതുകൊണ്ടു തന്നെ അവതരിപ്പിച്ചിരിക്കുന്നു. സിനിമ കണ്ടവരെല്ലാം കുട്ടിയുടെ പ്രകടനത്തെ പുകഴ്ത്തുമെന്ന് നിസ്സംശയം പറയാം. സിനിമയിലെ സംഗീതവും പ്രത്യേകമായ പരാമർശം അർഹിക്കുന്ന തരത്തിൽ മികച്ചു നിൽക്കുന്നു. കാണേണ്ട കാഴ്ച തന്നെയാണ് KOLYA, കണ്ടിട്ടില്ലെങ്കിൽ നഷ്ട്ടവും.......


Sunday 7 August 2016

HIGHWAY (2012)



FILM : HIGHWAY (2012)
COUNTRY : NEPAL
GENRE : DRAMA
DIRECTOR : DEEPAK RAUNIYAR

                         ഞാൻ കാണുന്ന രണ്ടാമത്തെ നേപ്പാളീസ് സിനിമയാണ് ഇത്. KALO POTHI (2015) ആണ് ആദ്യം കണ്ടിട്ടുള്ള സിനിമ. ശക്തമായ രാഷ്ട്രീയം പറഞ്ഞ സിനിമയായിരുന്നു KALO POTHI, എന്നാൽ HIGHWAY ഒരു റോഡ് മൂവിയുടെ ചട്ടക്കൂടിൽ സോഷ്യൽ ഡ്രാമയുടെ വേഷമണിയുന്നു. യാത്രകളിലേതു പോലെ പ്രതിബന്ധങ്ങളുടെ നിത്യസാധ്യതകൾക്ക് വിധേയപ്പെട്ടും, വകഞ്ഞുമാറ്റിയും ലക്ഷ്യമണയുന്ന ജീവിതയാത്രകളുടെ കൊളാഷ് തീർക്കുന്നു HIGHWAY (2012).
         തലസ്ഥാന നഗരിയായ കഠ്മണ്ഡുവിലേക്കുള്ള ബസ് യാത്രയുടെ പശ്ചാത്തലത്തിലാണ് സിനിമയൊരുക്കിയിട്ടുള്ളത്. യാത്രാമദ്ധ്യേ എതിരിടേണ്ടി വരുന്ന ബന്ദുകൾ അവരുടെ പ്ലാനിങ്ങുകളെ തകർക്കുന്നു. അപരിചിതരെങ്കിലും സാഹചര്യത്തിന്റെ അനിവാര്യതയാൽ ഒരുമിച്ചു നിന്ന് അവർ യാത്ര തുടരുന്നു. യാത്രക്കാരിൽ പലരുടേയും ജീവിത ഏടുകളിലേക്ക് സിനിമ വെളിച്ചം വിതറുന്നതോടെ യാത്രാനുഭവങ്ങളുടെ കാഴ്ചകളെന്ന കെട്ടുപൊട്ടിച്ച് പ്രമേയപരമായി വിശാലതയെ പുൽകുന്നു HIGHWAY. ഓരോരുത്തരും പ്രതിനിധീകരിക്കുന്ന ഐഡന്റിറ്റിയും, അവരുടെ പ്രശ്നങ്ങളും നേപ്പാളിന്റെ സാമൂഹിക അവസ്ഥകളുടെ ചിത്രങ്ങളാകുന്നു.
        ഫ്‌ളാഷ്ബാക്കുകളിലൂടെയും മറ്റും കഥ പറയുന്ന ഈ സിനിമയിലെ വ്യത്യസ്ത കഥാപാത്രങ്ങളെ സമർത്ഥമായി ഇന്റർകണക്ട് ചെയ്യാനായി എന്നതാണ് സിനിമയുടെ വിജയം. സങ്കടങ്ങളുടേയും, വേദനകളുടെയും പെരുമഴകൾക്കിടയിൽ സന്തോഷത്തിന്റെ ഇളം വെയിലിനെ കാത്തിരിക്കുന്ന വേഷമാണ് ജീവിതത്തിനുള്ളത്. സാമൂഹിക-ജീവിത സാഹചര്യങ്ങളെ മുൻനിർത്തി മാത്രം വിലയിരുത്താവുന്ന ധാർമിക മൂല്യങ്ങളുടെ ആപേക്ഷികതയെക്കുറിച്ചുള്ള ചിന്തകളും ഈ സിനിമ ബാക്കിയാക്കുന്നു. കാലത്തിനും ദേശത്തിനും അനുസരിച്ചു പുതുക്കി പണിയുന്ന വ്യക്തി-സമൂഹ സ്വത്വങ്ങളെ കാഴ്ച്ചയുടെ വെള്ളിവെളിച്ചത്തിൽ നിർത്തുകയാണ് കേവലം 80 മിനുട്ട് മാത്രമുള്ള ഈ നേപ്പാളീസ് സിനിമ.


Wednesday 3 August 2016

IXCANUL (2015)



FILM : IXCANUL (2015)
GENRE : DRAMA
COUNTRY : GUATEMALA
DIRECTOR :  JAYRO BUSTAMANTE

                      നമ്മുടെ കണ്ണ് പതിയാത്ത ദേശങ്ങളിലെ വൈവിധ്യമാർന്ന ജീവിതനിശ്വാസങ്ങൾ സിനിമകളിലൂടെയാണ് കണ്ടറിഞ്ഞിട്ടുള്ളത്. സുലഭമല്ലാത്ത കാഴ്ചകളും, നവ്യമായ അറിവും, അനുഭവങ്ങളും പകർന്ന് എന്നിലെ സിനിമാപ്രേമിയെ റിഫൈൻ ചെയ്തുകൊണ്ടിരിക്കുന്നത്  അത്തരത്തിലുള്ള കാഴ്ചകളാണ്. ഗ്വാട്ടിമാലൻ മലനിരകളിലെ KAQCHICKEL വംശജരായ ഒരു കുടുംബത്തിന്റെ കഥ പറയുന്ന IXCANUL എന്ന സിനിമയെയും വേറിട്ട കാഴ്ചാനുഭവത്തിന്റെ സാധ്യത എന്നതിലുപരി നമുക്ക് റിലേറ്റ് ചെയ്യാനാവുന്നു എന്നതാണ് ജീവിതത്തിന്റെ വിസ്മയകരമായ യാഥാർത്യവും, സിനിമയുടെ അമ്പരപ്പിക്കുന്ന സൗന്ദര്യവും.
          വ്യത്യസ്തമായ ഒരു സംസ്കൃതിയുടെ നിറം നിഴലിക്കുന്ന ഒരു ഫാമിലി ഡ്രാമ എന്നതിലപ്പുറം ഇത് മരിയയുടെ കഥയാണ്. മനസ്സിന്റെയും, ശരീരത്തിന്റെയും ജൈവികമായ തൃഷ്ണകൾ ഉള്ളിലുണർത്തുന്ന പുകച്ചിലുകൾക്ക് അറുതി നൽകി സജീവതയുടെ താഴ്വരകളിലേക്ക് ഒഴുകി പരക്കുവാനാണ് മരിയ ശ്രമിച്ചത്. എന്നാൽ ആകുലതകളുടെ നീറ്റലുകൾ ഉള്ളിലൊതുക്കാൻ നിർബന്ധിതമാവുന്ന സാഹചര്യങ്ങളിലേക്കാണ് അവൾ ചെന്നു പതിക്കുന്നത്. കുടുംബത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാവുന്ന ഘട്ടത്തിലും അച്ഛനും, അമ്മയും അവൾക്കൊപ്പം നിലകൊള്ളുന്ന സൗന്ദര്യത്തിന്റെ വേരുകൾ ഗോത്ര സംസ്കൃതിയുടെ ഊർവ്വരതാ സങ്കല്പങ്ങളിലേക്ക് നീളുന്നു. ജീവിതത്തിന്റെ എല്ലാ മിടിപ്പുകളോടും ആചാരാനുഷ്ഠാനങ്ങൾ ചേർന്ന് നിൽക്കുന്ന  കാഴ്ചകളും സിനിമയുടെ പുതുമകളാകുന്നു.
        പുറമെ ശാന്തമെങ്കിലും, പ്രക്ഷുബ്ദമായ അകമനസ്സോടെ പ്രശ്നങ്ങളെ നിസ്സാരവൽക്കരിച്ചു മുന്നേറുന്ന കരുത്തയായി മരിയയെ കണ്ടുമുട്ടാനാവുമെങ്കിലും വിധിയുടെയും, സമൂഹത്തിന്റെയും കെണിയിൽ വീണ് നിർജീവതയുടെയോ / കീഴ്പ്പെടലിന്റെയോ മേലങ്കികളണിയുന്ന മരിയയുടെ മുഖമാണ് മനസ്സിൽ ബാക്കിയാവുന്നത്. വംശം-ദേശം-ഭാഷ എന്നിവയ്ക്കതീതമായി പ്രമേയത്തിന് വന്നു ഭവിക്കുന്ന ഈ "യൂണിവേഴ്സാലിറ്റി" സിനിമയെ യാഥാർത്യത്തിന്റെ പക്ഷത്തേക്ക് നീക്കിനിർത്തുന്നു.


Monday 1 August 2016

A CONSPIRACY OF FAITH (2016)



FILM : A CONSPIRACY OF FAITH (2016)
GENRE : DRAMA !!! THRILLER
COUNTRY : DENMARK
DIRECTOR : HANS PETTER MOLAND
                      DEPARTMENT Q സീരീസിലെ ഏറ്റവും പുതിയ സിനിമയാണ് A CONSPIRACY OF FAITH. പഴയ കേസുകളെ പിന്തുടരുന്ന മാർക്കിനെയും, അസ്സാദിനെയും മുമ്പിറങ്ങിയ THE KEEPER OF LOST CAUSES, THE ABSENT ONE എന്നിവയിൽ നാം കണ്ടതാണ്. ഇത്തവണയും പഴമയും, പുതുമയും ചേർന്ന ഒരു കേസാണ് അവരുടെയും നമ്മുടെയും മുന്നിലെത്തുന്നത്. വർഷങ്ങൾക്ക് മുമ്പ് എഴുതി കുപ്പിയിലടച്ച ഒരു കത്ത് ലഭിക്കുന്നിടത്താണ് സിനിമയാരംഭിക്കുന്നത്. കത്തിലെ ഉള്ളടക്കം അവഗണിക്കാൻ കഴിയാത്തതായതിനാൽ ഡിപാർട്മെൻറ് Q-വിന്റെ കയ്യിലെത്തുന്നു. മാർക്കും, അസ്സാദും യാത്രയാരംഭിക്കുകയാണ്. ഇത്തവണ തേടേണ്ടത് ഒരു സീരിയൽ കില്ലറെയാണ്.
              സീരീസിലെ മുൻ ചിത്രങ്ങളുടെ ഒരു കോംപ്ലക്സിറ്റി പ്രമേയപരമായോ, അവതരണത്തിലോ ഈ സിനിമയ്ക്കില്ല. ദുഷ്ടകഥാപാത്രത്തെയും, കാരണങ്ങളെയും ഇരുട്ടത്ത് നിർത്താതെയുള്ള അവതരണമാണ് സിനിമയിൽ സ്വീകരിച്ചിട്ടുള്ളത്. വില്ലൻ വേഷം വളരെ കൺവിൻസിങ് ആയി തോന്നി. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ ദൈവവിശ്വാസം എന്നത് സിനിമയുടെ പ്ലോട്ടിനോട് ശക്തമായി കണ്ണി ചേർക്കപെട്ടിരിക്കുന്നു. മാർക്കിന്റെയും, അസ്സാദിന്റെയും സംഭാഷങ്ങളിൽ വിശ്വാസവും, വിശ്വാസരാഹിത്യവും, ജീവിതത്തിന്റെ നിഗൂഢതകളുമെല്ലാം വിഷയമാകുന്നത് വെറുതയല്ലെന്നു വ്യക്തം.
             സീരീസിലെ ആദ്യ ചിത്രങ്ങൾക്കൊപ്പം എത്താനായില്ലെങ്കിലും തൃപ്തിജനകമായ അനുഭവമേകാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വ്യക്തിപരമായ വിലയിരുത്തൽ.