Friday 27 January 2017

LOST ISLANDS (2008)



FILM : LOST ISLANDS (2008)
GENRE : COMEDY !!! DRAMA
COUNTRY : ISRAEL
DIRECTOR : RESHEF LEVI

              റോം-കോം സിനിമയാകുമെന്ന ധാരണയിലാണ് കണ്ടുതുടങ്ങിയത്. സിനിമയുടെ പ്ലോട്ട് വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞതും അങ്ങനെയൊരു ചിത്രമാണ്. 2008-ൽ പുറത്തിറങ്ങിയ ഇസ്രായേൽ  ചിത്രമായ LOST ISLANDS-നെ കുറിച്ചാണ് പറഞ്ഞു വരുന്നത്. 80-കളുടെ പശ്ചാത്തലത്തിലുള്ള ഒരു ഇസ്രായേലി കുടുംബത്തിന്റെ കഥ പറയുന്നു ഈ സിനിമ. അഞ്ച് ആൺമക്കളുള്ള കുടുംബത്തിലെ ഇരട്ടകളായ ഒഫെർ, ഇറസ് എന്നിവർക്ക് ഒരു പെൺകുട്ടിയുമായി പ്രണയം തോന്നുന്നു. കൗമാരത്തിന്റെ ചാപല്യങ്ങൾ ആവോളമുള്ള അവരുടെ കൂട്ടിന് സുഹൃത്തും കൂടിയെത്തുമ്പോൾ നർമ്മ മുഹൂർത്തങ്ങൾ സ്വാഭാവികതയായി വന്നണയുന്നു. NETA എന്ന പെൺകുട്ടിയുമായുള്ള ഒരു ത്രികോണ പ്രണയം എന്നതിലേക്ക് ഒതുങ്ങി  നിൽക്കാതെ, പ്രണയം, വിശ്വാസ്യത, കുടുംബം, ഉത്തരവാദിത്വം എന്നിവയെക്കുറിച്ചൊക്കെ ചിന്തിക്കാനുള്ള സ്‌പേസ് സിനിമ നൽകുന്നുണ്ട്. കോമഡി എന്നതിനപ്പുറത്തേക്ക് സിനിമയെ മാറ്റി പ്രതിഷ്ഠിക്കാനുള്ള എലമെൻറ്സ് പ്രമേയപരമായി തന്നെ ഒരുക്കിവെച്ചിട്ടുണ്ട് സംവിധായകൻ.
        പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ ഒളിഞ്ഞും, തെളിഞ്ഞും പരാമർശിക്കുന്ന പതിവ് ഇസ്രായേൽ സിനിമകളിൽ പലപ്പോഴും കാണാറുള്ളതാണ്. ഈ സിനിമയിലും വെർബലായുള്ള ചില സൂചനകളിലൊതുങ്ങി അത് സാന്നിദ്ധ്യമാകുന്നുണ്ടെങ്കിലും അവഗണിക്കാവുന്നതേയുള്ളൂ. പ്രണയവും, കോമഡിയും, ട്രാജഡിയുമെല്ലാം രംഗപ്രവേശം ചെയ്യുന്ന സിനിമ അവശേഷിപ്പിക്കുന്ന ചിന്തകൾ കുടുംബത്തെ സംബന്ധിച്ചുള്ളതായിരിക്കും. പ്രണയത്തെ വ്യക്ത്യാധിഷ്ഠിതമായി ഇന്റർപ്രെട്ടു ചെയ്യാനുതകുന്ന രീതിയിലാണ് കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. സ്നേഹവും, ത്യാഗവും, തിരുത്തലുകളും ചലനാത്മകതയേകുന്ന കുടുംബത്തിന്റെ ചിത്രമാണ് ഈ സിനിമയുടേതായി മനസ്സിൽ തങ്ങി നിൽക്കുന്ന ഓർമ്മയാകുന്നത്.


Monday 23 January 2017

WAJMA , AN AFGHAN LOVE STORY (2013)



FILM : WAJMA , AN AFGHAN LOVE STORY (2013)
COUNTRY : AFGHANISTAN
GENRE : DRAMA
DIRECTOR : BARMAK AKRAM

               സിനിമയുടെ പേര് തെറ്റിദ്ധരിപ്പിക്കുന്ന ഒന്നായാണ് തോന്നിയത്. കാരണം, ഒരു അഫ്ഗാൻ പ്രണയ കാവ്യം പ്രതീക്ഷിച്ചാൽ കടുത്ത നിരാശയാകും ഫലം. സിനിമയുടെ തുടക്കത്തിൽ പ്രണയം തെളിഞ്ഞു കാണുന്നുണ്ടെങ്കിലും സിനിമ മറ്റു പലതുമാണ് പറയാൻ വെമ്പുന്നത്. അഫ്‌ഗാൻ പോലെയുള്ള ഒരു രാജ്യത്തിന്റെ സാമൂഹിക ചിത്രം  വ്യക്തമായി അറിയുന്നതിനാലും, ഒരു പുരുഷാധിപത്യ സമൂഹത്തിന്റെ ജീർണ്ണതകൾ പല രീതിയിൽ ഉള്ളിൽ വെച്ചു പുലർത്തുന്ന സമൂഹത്തിൽ ജീവിക്കുന്നതിനാലും നമുക്ക് ഈ സിനിമയുടെ പ്രമേയത്തിൽ പുതുമ തോന്നാനിടയില്ല. ഒരു സമൂഹത്തിന്റെ ശരികളെ (രീതികളെ) ലംഘിക്കുന്നതിൽ ആണും, പെണ്ണും ഒരുപോലെ പങ്കാളികളായിട്ടും പെണ്ണിനേയും, അവളുടെ കുടുംബത്തെയും നോക്കിമാത്രം ഓരിയിടുന്ന സമൂഹം, പുരുഷനെ കാണാത്ത വിധം അന്ധത നടിക്കുമെന്ന സാമൂഹിക യാഥാർത്യമാണ് WAJMA-യുടെ പിതാവിനെ നിസ്സഹായനാക്കുന്നത്. യാഥാസ്ഥികതയുടെ തണലിൽ വ്യാപാരിക്കുന്ന ഭരണകൂട നിയമങ്ങൾ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന അർഥശൂന്യമായതും, കാലഹരണപ്പെട്ടതുമായ പ്രായോഗിക പരിഹാരങ്ങളെ ചൂണ്ടിക്കാണിക്കുമ്പോഴാണ് ഈ സിനിമയുടെ നിലവിളികൾ നമ്മുടെ കർണ്ണപടങ്ങളിൽ നിലയ്ക്കാത്ത കമ്പനങ്ങളാകുന്നത്.
           മാറ്റപ്പെടേണ്ടവയെ ചൂണ്ടിക്കാണിക്കുന്നത് മാറ്റത്തിലേക്കുള്ള ആദ്യ പടിയാണെന്നതിനാൽ ഈ സിനിമ ആസ്വാദനോപാധിയെന്ന ഭൂരിപക്ഷ മാതൃകകളോട് അകലം പാലിച്ചു നിൽക്കുന്നു. ഈ സിനിമയുടെ പ്രസക്തിയും അത് തന്നെയാണെന്നാണ് എന്റെ പക്ഷം.


Monday 16 January 2017

KOBLIC (2016)



FILM : KOBLIC (2016)
COUNTRY : ARGENTINA
GENRE : DRAMA !!! THRILLER
DIRECTOR : SEBASTIAN BORENSZTEIN

              ലാറ്റിനമേരിക്കൻ സിനിമയിലെ അതികായനായ റിക്കാർഡോ ഡരിന്റെ സാന്നിധ്യമാണ് ഈ അർജന്റീനൻ സിനിമ കാണാൻ കാരണം. ഡ്രാമ ത്രില്ലർ എന്ന് വിളിക്കാവുന്ന ഈ സിനിമ 1970-കളിലെ ഡിക്റ്റേറ്റർഷിപ്പിന്റെ കാലത്തെ ഒരു നേവി പൈലറ്റിന്റെ ഒളിവുജീവിതത്തെയാണ് പ്രമേയമായി അവതരിപ്പിക്കുന്നത്. ഹിസ്റ്റോറിക്കൽ കണ്ടന്റിനു അധികം ഊന്നൽ നൽകാതെ, തന്റെ ഭൂതകാല ചെയ്തികളെ ഓർത്തു വിഷമിക്കുന്ന KOBLIC എന്ന പട്ടാളക്കാരന്റെ വർത്തമാന യാഥാർത്യങ്ങളെയാണ് സിനിമ പങ്കുവെയ്ക്കുന്നത്. യഥാർത്ഥ സംഭവം എന്ന് പറയാനാവില്ലെങ്കിലും ചില ചരിത്ര യാഥാർത്യങ്ങളെ ഓർമ്മപ്പെടുത്താൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടാകും എന്നത് തീർച്ച.
     പാടങ്ങളിൽ വിളകൾക്ക് കീടനാശിനി തളിക്കുന്ന ചെറുവിമാനത്തിന്റെ പൈലറ്റായി രഹസ്യ ജീവിതം നയിക്കുന്ന കോബ്ലിക്കിന്റെ ഐഡന്റിറ്റിയെക്കുറിച്ച് സ്ഥലത്തെ പോലീസ് മേധാവിക്ക് സംശയം ഉദിക്കുന്നതോടെ സിനിമയുടെ ഗതിമാറുന്നു. വേണ്ടത്ര സ്‌പേസ് ലഭിക്കുന്നില്ലെങ്കിലും ഗ്രാമത്തിലെ സ്റ്റോർ ജോലിക്കാരിയായ നാൻസിയെന്ന കഥാപാത്രം കഥയെ സ്വാധീനിക്കുന്ന സാന്നിധ്യമാകുന്നു. സംശയങ്ങളും, യാഥാർത്യങ്ങളുമെല്ലാം സാഹചര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. 
           എന്റെ പ്രതീക്ഷയോളം ഈ സിനിമ ഉയർന്നിട്ടില്ലെങ്കിലും, ഒരു തവണ ആസ്വദിക്കാവുന്ന ത്രില്ലർ തന്നെയാണ് KOBLIC.


Wednesday 11 January 2017

TWO LIVES (2012)



FILM : TWO LIVES (2012)
GENRE : DRAMA !!! THRILLER
COUNTRY : GERMANY !! NORWAY
DIRECTOR : GEORG MASS , JUDITH KAUFMAN

                  യുദ്ധങ്ങളും, അധിനിവേശങ്ങളും ലോകത്തിന്റെയും ജനതയുടെയും ഗതി നിർണ്ണയിക്കുകയും വ്യക്തിജീവിതങ്ങളെ മാറ്റിമറിക്കുകയും ചെയ്യുന്ന കാഴ്ചകൾ പല സിനിമകളിലും കണ്ടിട്ടുണ്ട്. വിദ്വേഷവും, സ്നേഹവും, ദുരിതങ്ങളും, അതിജീവനവുമെല്ലാം യുദ്ധപശ്ചാത്തലത്തിലുള്ള സിനിമകളിലെ സ്ഥിരം കാഴ്ചകളുമാണ്. യുദ്ധങ്ങളോടൊപ്പം കുഴിച്ചു മൂടപ്പെടുന്ന രഹസ്യങ്ങളും, ഭൂതകാലവും വർഷങ്ങൾക്കു ശേഷം ഉയർത്തെഴുന്നേൽക്കുമ്പോൾ നമുക്ക് കാണാനാവുന്നത് യുദ്ധഭീകരതയുടെ അറിയാത്ത കാഴ്ചകളാണ്.
          ഭർത്താവിനും, മാതാവിനും മകൾക്കും, പേരമകൾക്കും ഒപ്പം സുഖജീവിതം നയിക്കുന്ന കാതറിനെ ഭൂതകാലം വേട്ടയാടാനെത്തുന്നത് ഒരു അഭിഭാഷകന്റെ രൂപത്തിലാണ്. ന്യായമെന്ന് തോന്നുന്ന അയാളുടെ ആവശ്യങ്ങളെ നിരാകരിക്കാൻ കാതറിന് അവളുടേതായ കാരണങ്ങൾ ഉണ്ടായിരുന്നു. വെളിപ്പെടുമെന്ന് അവൾ ഭയപ്പെടുന്ന ഭൂതകാല രഹസ്യങ്ങൾ തന്നെയാണ് ഈ സിനിമയെ ത്രില്ലിംഗ് അനുഭവമാക്കുന്നത്. പ്രധാന കഥാപാത്രമായ കാതറിന്റെ റോൾ കൈകാര്യം ചെയ്ത JULIANE KOHLER-ന്റെ പ്രകടനം പ്രത്യേകം എടുത്തുപറയേണ്ടത് തന്നെയാണ്. നിഗൂഢതയിൽ മുങ്ങിനിൽക്കുന്ന വ്യക്തിത്വത്തെയും, ഇന്നോളം നേടിയതെല്ലാം നഷ്ടപ്പെടുമെന്ന ആശങ്കയും ഒരുപോലെ പ്രതിഫലിപ്പിക്കാൻ അവർക്കു കഴിയുന്നു
        അധിനിവേശങ്ങളുടെ അവശേഷിപ്പുകളായി നിലനിൽക്കുമ്പോഴും, പുറംലോകം അധികം ചർച്ച ചെയ്യാത്ത ഇത്തരം സംഭവങ്ങളെ സിനിമകളിലൂടെയാണ് പലപ്പോഴും അറിയാനായിട്ടുള്ളത്. ചരിത്രത്തിന്റെ താളുകളിൽ ഇനിയും എണ്ണമറ്റ കഥാബീജങ്ങൾ ഉണ്ടാകുമെന്നതിൽ സംശയമില്ലാത്തതിനാൽ, കെട്ടുകഥകളേക്കാൾ വിസ്മയമേകുന്ന സംഭവങ്ങളെ ഇനിയും സിനിമകളിൽ കണ്ടുമുട്ടുക തന്നെ ചെയ്യും. പിന്നിട്ട കാലങ്ങൾ സാക്ഷിയായ യാഥാർത്യങ്ങളെ സിനിമാക്കാഴ്ചകളായി കാണാൻ ആഗ്രഹിക്കുന്നവർക്ക്‌ ഈ സിനിമയും ആസ്വാദ്യകരമാകും....