Thursday 9 July 2020

THE GUIDE (2014)


FILM : THE GUIDE (2014)
COUNTRY : UKRAINE
GENRE : DRAMA !!! HISTORY
DIRECTOR : OLES SANIN
         മൂടിക്കിടക്കുന്ന ചാരം മാറ്റി അതിനടിയിലെ ചരിത്രത്തിന്റെ കനലുകളുടെ ചൂടേൽക്കേണ്ടതുണ്ട് പുതുതലമുറ. ചരിത്രത്തിന്റെ വായനകളും, പുനർവായനകളും വസ്തുതകളെ മാത്രമല്ല പകരുന്നത്. അതിനപ്പുറം സാംസ്കാരികമായ വീണ്ടെടുപ്പുകളൂം, തിരിച്ചറിവുകളുമാണ് അത്തരം ശ്രമങ്ങൾ പകരുന്നത്. ഇന്നിൽ നിന്ന് ഇന്നലെകളിലേയ്ക്ക് നോക്കുമ്പോൾ എന്താണ് കാണുന്നത് എന്നത്, നോട്ടത്തിന്റെ ആഴവും, ആഗ്രഹവും,  ഉദ്ദേശവുമെല്ലാം തീരുമാനിക്കുന്നതാണ്. എന്നിരുന്നാലും ഒരിക്കലെങ്കിലും സ്വേച്ഛാധിപത്യത്തിന്റെ ഉരുക്കുമുഷ്ടികൾ പതിഞ്ഞ ജനതയുടെ ഇന്നലെകളിൽ വേദനയും, സഹനവും, പ്രതിരോധങ്ങളും, അതിജീവനങ്ങളും തന്നെയാകും നിറഞ്ഞു നിൽക്കുന്നത്. ഏതൊരു ചരിത്രവായനയേയും പിന്തുടരുമ്പോൾ നിഷ്പക്ഷതയുടെ പക്ഷം ചേർന്ന് നടക്കുന്നത് തന്നെയാണ് അഭികാമ്യം. ചരിത്രത്തെക്കുറിച്ച്  ഇത്രയും കുറിച്ചത് ഒരു സിനിമയെ പരിചയപ്പെടുത്താനാണ്. 2014-ൽ പുറത്തിറങ്ങിയ യുക്രൈനിയൻ സിനിമയായ "ദി ഗൈഡ്". 1930-കളിലെ സോവ്യറ്റ് ഭരണത്തിനു കീഴിലുള്ള ചരിത്ര പശ്ചാത്തലമാണ് സിനിമയ്ക്കുള്ളത്.
           ദി ഗൈഡ് എന്ന ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ പീറ്റർ എന്ന കുട്ടിയും, ഇവാൻ എന്ന അന്ധനായ KOBZAR ഗായകനുമാണ്. അമേരിക്കൻ കമ്മ്യുണിസ്റ്റായ പീറ്ററിന്റെ അച്ഛനെ ഒരു രഹസ്യ ഡോക്യുമെന്റ് കൈവശം വെച്ചത് കാരണം സോവ്യറ്റ് രഹസ്യപ്പോലീസ് വധിക്കുകയാണ്. രഹസ്യപ്പോലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടോടുന്ന കുഞ്ഞു പീറ്ററിന്‌ രക്ഷയാവുകയാണ് ഇവാൻ. അന്ധനായ ഒരു ഗായകൻ എന്നത് മാത്രമല്ല ഇവാന്റെ ഐഡന്റിറ്റി. അയാളിലൂടെ യുക്രൈയിന്റെ സാംസ്കാരികവും, ദേശീയവുമായ ഐഡന്റിറ്റിയെ തന്നെയാണ് സംവിധായകൻ ദൃശ്യമാക്കുന്നത്. വഴികാട്ടിയായി മാറുന്ന പീറ്ററിന്റെ കണ്ണുകളെക്കാൾ ഇവാൻ എന്ന കഥാപാത്രത്തിന്റെ ഉൾക്കാഴ്ചകൾ തന്നെയാണ് സിനിമയുടെ ആത്മാവും, വഴികാട്ടിയും. KOBZAR എന്നത് ഒരു സംസ്കാരമാണെന്ന് തിരിച്ചറിയുന്നിടത്ത് സിനിമയുടെ രാഷ്ട്രീയത്തെ നമുക്ക് മറ്റുതലങ്ങളിൽ വായിച്ചെടുക്കാം. ബഹുസ്വരതയെ തച്ചുടച്ച് ഏകമാനമാക്കുന്ന സ്വേച്ഛാധിപത്യ മാതൃകകളെ എവിടെയുമെന്നപോലെ ഇവിടെയും കണ്ടുമുട്ടാനാവുന്നു. ഇരുട്ടിനു ശേഷം പ്രതീക്ഷയുടെ ഒരു വെളിച്ചം അവശേഷിക്കാതിരിക്കില്ല. ചരിത്രം സമ്മാനിക്കുന്ന കൂരിരുട്ടുകളെയെല്ലാം തുടച്ചു നീക്കുന്നത് പ്രതീക്ഷയുടെ ആ കിരണത്തെ കൂട്ടുപിടിച്ചായിരിക്കണം. പീറ്റർ എന്നത് പ്രതീക്ഷയുടെ ആ വെളിച്ചത്തിന്റെ പ്രതീകം തന്നെയെന്ന് കരുതാം. ചരിത്രം വെറും അക്ഷരങ്ങൾ കൈകോർത്ത വാക്കുകളല്ല, ചരിത്രം നമ്മളിലേക്കുള്ള വഴികളായിരുന്നു ..........