Monday 31 August 2015

JUST ANOTHER LOVE STORY (2007)



FILM : JUST ANOTHER LOVE STORY (2007)
COUNTRY : DENMARK
GENRE : CRIME !!! THRILLER
DIRECTOR : OLE BORNEDAL 
                                ത്രില്ലർ, മിസ്റ്ററി, സസ്പെൻസ് എന്നിവയുടെ മിശ്രണമായിട്ടാണ് ഈ സിനിമയെ പരിഗണിക്കാനാവുക. സിനിമയുടെ പേരിനപ്പുറം  ശുദ്ധ പ്രണയത്തെ കണ്ടുമുട്ടാനാവില്ലെങ്കിലും പേരിനെ അന്വർഥമാക്കുന്ന കാഴ്ചകളാണ് ഈ ഡാനിഷ് സിനിമ പകരുന്നത്.
                പോലീസ് ഫോട്ടോഗ്രാഫറായ ജോനാസ് എന്നായാളും കുടുംബവും സഞ്ചരിക്കുന്ന കാറിനു മുന്നിൽ മറ്റൊരു വാഹനം അപകടത്തിൽ പെടുന്നു. അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്ന ജൂലിയ എന്ന യുവതിയെ ഹോസ്പിറ്റലിൽ സന്ദർശിക്കുന്ന ജോനാസ് തിരികൊളുത്തുന്ന അനിശ്ചിതത്വങ്ങളിലൂടെയും, തെറ്റിദ്ധാരണകളിലൂടെയുമാണ് ഈ സിനിമ രസകരമാകുന്നത്. ജൂലിയ താണ്ടിക്കഴിഞ്ഞ വഴികൾ നിഗൂഡതകൾ നിറഞ്ഞതായതിനാൽ സിനിമയുടെ മിസ്റ്ററിയും, സസ്പെൻസും അവളിൽ സമ്മേളിക്കുന്നു.
               വന്യ മനസ്സുകളിലേയ്ക്ക്‌ പ്രണയം വേരു പടർത്തുമ്പോൾ പ്രവചനാതീതമായ നിമിഷങ്ങളുടെ കുത്തൊഴുക്കിനു സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന ഓർമ്മയുണർത്തിയ JUST ANOTHER LOVE STORY-യെ ഒരു WORTH WATCH ത്രില്ലർ എന്ന് തന്നെ വിളിക്കാം.   

Friday 28 August 2015

HARMONY LESSONS (2013)



FILM : HARMONY LESSONS (2013)
COUNTRY : KAZAKHSTAN
GENRE : DRAMA
DIRECTOR : EMIR BAIGAZIN

              സിനിമകളുടെ തുടക്കം പലപ്പോഴും കാഴ്ചക്കാരനിൽ ആഴത്തിൽ തുളഞ്ഞു കയറാറുണ്ട്. ബോധപൂർവ്വം വരാനിരിക്കുന്ന കാഴ്ച്ചകൾക്കായ് നമ്മെ പാകപ്പെടുത്തുന്ന ഇത്തരം ദൃശ്യങ്ങൾ അവശേഷിപ്പിക്കുന്ന പാതയിലോ, അതിനു  വിരുദ്ധമായ പാതയിലോ ആയിരിക്കും സിനിമയുടെ പ്രയാണം. HARMONY LESSONS  എന്ന സിനിമയുടെ പ്രമേയത്തിന്റെ ശക്തമായ അടയാളമായി ആദ്യ രംഗം മനസ്സിൽ അവശേഷിക്കും.
                ഒരു സ്കൂൾ തുറക്കുമ്പോൾ നാലു ജയിലുകൾ അടയ്ക്കപ്പെടും  എന്ന രീതിയിലുള്ള വിശേഷണങ്ങളെ മുൻനിർത്തി  വിദ്യാലയങ്ങളെ സാമൂഹിക നിർമ്മിതിയുടെ ആലയങ്ങളായി പരിഗണിക്കാറുണ്ട്. എന്നാൽ സ്കൂളിനെ സമൂഹത്തിന്റെ സ്വഭാവ-സവിശേഷതകളോടെയുള്ള ഒരു പരിച്ചേദമായാണ് ഈ സിനിമ അവതരിപ്പിക്കുന്നത്‌. സഹപാഠികളാൽ നിരന്തരം വേട്ടയാടപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്യുന്ന "അസ്ലാൻ" എന്ന കുട്ടിയിൽ ഉറഞ്ഞു കൂടുന്ന പ്രതികാര ചിന്തകളുടെയും, അത് അവനിൽ സൃഷ്ടിക്കുന്ന മാനസിക വ്യാപാരങ്ങളുടെയും ദൃശ്യാവതരണമാണ് HARMONY LESSONS.
                           സമൂഹത്തിലെന്ന പോലെ POWER HIERARCHY -യുടെ ക്രൂരതകളും ചൂഷണങ്ങളും ഇവിടെയും കാണാം. തിന്നുക-തിന്നപ്പെടുക എന്ന ശക്തിയിലധിഷ്ട്ടിതമായ സമൂഹത്തിന്റെ ജീവിവർഗ്ഗത്തിന്റെ യുക്തികളുമായി പൊരുത്തപ്പെടുന്ന  സാഹചര്യങ്ങളെയാണ് പല ദൃശ്യങ്ങളിലും കണ്ടുമുട്ടാനാവുക. ക്രൂരത അതിജീവനത്തിനായുള്ള അനിവാര്യതയാകുമ്പോൾ ക്രൂരതയല്ലാതാകുന്ന നിലനിൽപ്പിന്റെ പ്രത്യയശാസ്ത്ര പ്രമാണങ്ങളും നമ്മുടെ  ചിന്തകളെ ചൂടുപിടിപ്പിക്കുന്നു. ഡാർവ്വിനും , ഗാന്ധിയും ക്ലാസ്സിലെ ബോർഡിൽ ഇടം പിടിക്കുന്നത്‌ യാദൃശ്ചികതയായ് കരുതാനുമാവില്ല. അതിജീവനത്തിന്റെയും , സമരങ്ങളുടെയും വിരുദ്ധ പ്രത്യയശാസ്ത്രങ്ങളിലേയ്ക്ക് വിരൽ ചൂണ്ടിയ  മഹാന്മാരുടെ സാന്നിദ്ധ്യം സിനിമയുടെ പ്രമേയം ആവശ്യപ്പെടുന്ന വിലയിരുത്തലുകളിലേയ്ക്കും, വിശദീകരങ്ങളിലേക്കും കാഴ്ചക്കാരനെ നയിക്കാനുള്ളതായിരുന്നു എന്നു തന്നെ അനുമാനിക്കാം.
                     സിനിമ  പകുതിയോളം പിന്നിടുമ്പോഴാണ് അവ്യക്തമായി പരന്നു കിടക്കുന്ന പല ചിത്രങ്ങളും ചേർത്തു വച്ച് സിനിമയുടെ സൗന്ദര്യത്തെയും, ആശയത്തേയും ഉൾക്കൊള്ളാനാവുക. എല്ലാവർക്കും ആസ്വദിക്കാവുന്ന പ്രമേയവും ദൃശ്യങ്ങളുമല്ല ഈ സിനിമയുടേത്. വേറിട്ട തീമും വ്യത്യസ്തമായ ദൃശ്യ പരിചരണവും സവിശേഷതയായി ഉയർത്തിക്കാട്ടാവുന്ന ഈ സിനിമ കാമ്പുള്ള സിനിമകളുടെ ആരാധകരെ തൃപ്തിപ്പെടുത്തുമെന്ന് തീർച്ച.


Sunday 16 August 2015

ITIRAZIM VAR (LET’S SIN) -2014



FILM : ITIRAZIM VAR (LET’S SIN) -2014
GENRE : CRIME !!! MYSTERY
COUNTRY : TURKEY
DIRECTOR : ONUR UNLU

             ഊഹങ്ങൾക്ക് പിടി കൊടുക്കാതെ വഴുതി മുന്നേറി കാഴ്ചക്കാരന്റെ ആകാംഷയെ അവസാനം വരെ സഹചാരിയാക്കുന്ന സിനിമകളോട് എല്ലാ സിനിമാ പ്രേമികളെയും പോലെ എനിക്കും പ്രിയമാണ്. വൈകാരിക തീവ്രതയുള്ള പ്രമേയങ്ങളെയെന്ന പോലെ ഇത്തരം ത്രില്ലിംഗ് സിനിമകളെയും ലോക സിനിമാഭൂപടത്തിൽ പരതി നോക്കാറുമുണ്ട്. ITIRAZIM VAR എന്ന ഈ സിനിമയും അത്തരം ഒരു തെരച്ചിലിൽ കണ്ടുകിട്ടിയതാണ്.
            സിനിമയിലെ നിഗൂഡതയുടെ തിരികൊളുത്തപ്പെടുന്നത് പള്ളിയിലെ പ്രാർത്ഥനയ്ക്കിടയിൽ ഒരാൾ കൊല്ലപ്പെടുന്നതോടെയാണ്. കൊലപാതകിയേയും , കൊലയുടെ കാരണങ്ങളെയും തേടി മുഖ്യ പുരോഹിതൻ തന്നെ മുന്നിട്ടിറങ്ങുകയാണ്. അയാളോടൊപ്പം അഴിയാത്ത കുരുക്കുകളിലേക്ക്  കാഴ്ചക്കാരനും സഞ്ചരിക്കേണ്ടതായി വരുന്നു.
                ഒരു ക്രൈം മിസ്റ്റരി ആയതിനാൽ കഥാതന്തു വെളിപ്പെടുത്തി രസം കൊല്ലിയാവുന്നില്ല. പകരം, പ്രധാന പ്രകടനങ്ങളെയും, കഥയ്ക്കപ്പുറമുള്ള മികവുകളെയും ചെറിയ തോതിൽ പരാമർശിക്കുന്നു. പ്രധാന കഥാപാത്രമായ SELMAN എന്ന മുഖ്യ പുരോഹിതന്റെ വേഷത്തിനുള്ള  CHARMINGNESS നിഗൂഡതയെ പിന്തുടരുന്നതിനിടയിലും ചിരിക്കാനുള്ള ധാരാളം നിമിഷങ്ങളേകുന്നു. BACKGROUND SCORE -ന്റെ പ്രത്യേകതയായി തോന്നിയത് സ്ട്രിംഗ് ഇന്സ്ട്രുമെൻസിൽ നിന്നും പൊഴിയുന്ന താളങ്ങളുടെ ആധിക്യമാണ്. ചിലപ്പോഴൊക്കെ ഒരു ഷെർലക്ക് ഹോംസ് സീരീസിന്റെ സാദൃശ്യവും പശ്ചാത്തല സംഗീതത്തിനു തോന്നിയെങ്കിലും ഗാനങ്ങളുൾപ്പെടെ സംഗീത മേഖല ആരെയും തൃപ്തിപ്പെടുത്തുന്ന ഒന്നു തന്നെയാണ്. ആരെയും പ്രതിസ്ഥാനത്ത് പ്രതിഷ്ടിക്കാവുന്ന തരത്തിൽ കഥാതന്തുവിനെ ഉപകഥകളുടെ അകമ്പടികളോടെ സങ്കീർണ്ണമാക്കി അവതരിപ്പിച്ചതാണ് ഈ സിനിമയ്ക്ക് കരുത്തും ആകർഷകത്വവും നൽകുന്നത്.
                     ഈ സിനിമയുടെ പ്ലോട്ട് ഒരു പിടികിട്ടാ പുള്ളിയൊന്നും അല്ലെങ്കിലും ആകാംഷയോടെ കണ്ടിരിക്കാവുന്ന ഒരു നല്ല ക്രൈം മിസ്ടരി തന്നെയാണ് ITIRAZIM VAR.     


Saturday 15 August 2015

HOMELAND (2013)



FILM : HOMELAND (2013)
GENRE : DRAMA !!! COMEDY
COUNTRY : FRANCE
DIRECTOR : MOHAMED HAMIDI

                സുഖജീവിതം കൊതിച്ച് വികസിത രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ പ്രശ്നങ്ങൾ പലതവണ സിനിമകൾക്ക്‌ വിഷയമായിട്ടുണ്ട്. സ്വത്വ പ്രതിസന്ധികളും, സാംസ്കാരിക സംഘർഷങ്ങളുമാണ് അത്തരം സിനിമകളുടെ പ്രധാന പ്രമേയമായി വരാറുള്ളത്. ഫ്രഞ്ച്-അൾജീരിയൻ പശ്ചാത്തലത്തിൽ കഥ പറയുന്ന HOMELAND കുടിയേറ്റക്കാരന്റെ ജീവിത ചുറ്റുപാടുകളെ മറ്റൊരു വീക്ഷണ തലത്തിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
                    ഫ്രാൻസിൽ കുടുംബ സമേതം കഴിയുന്ന യൂസുഫ് അൾജീരിയയിലെ തന്റെ വീട് പൊളിക്കാൻ പോകുന്നു എന്നറിഞ്ഞതിനെ തുടർന്ന് മകനായ ഫരീദിനെ അങ്ങോട്ടയക്കുന്നു. ഫ്രാൻ‌സിൽ ജനിച്ചു വളർന്ന ഫരീദിന് പിതാവിന്റെയും, മുൻഗാമികളുടെയും മണ്ണ് എല്ലാവിധത്തിലും അപരിചിതത്വമാണ് നൽകുന്നത്. തന്റെ സാംസ്കാരിക വേരുകളെ അത്ഭുതത്തോടെയാണ് അവൻ നോക്കിക്കാണുന്നത്. അൾജീരിയയിൽ വച്ച്  നേരിടുന്ന സന്ദർഭങ്ങളും, അവനുണ്ടാകുന്ന അനുഭവങ്ങളും  അവനിൽ ഉളവാക്കുന്ന സ്വാധീനവും അവയുടെ പരിണിത ഫലങ്ങളുമാണ് സിനിമയുടെ പിന്നീടുള്ള നിമിഷങ്ങളെ സമ്പന്നമാക്കുന്നത്.
                      പിറന്ന മണ്ണിനെ സ്പർശിക്കാനും, അവിടത്തെ ജീവവായു ഉച്ച്വസിക്കാനുമുള്ള ആഗ്രഹങ്ങളിൽ മഥിക്കുന്ന വാർദ്ധക്യവും, മടുപ്പിക്കുന്ന നിശ്ചലതയിൽ നിന്ന് സമ്പന്നതയുടെയും, പ്രതീക്ഷയുടെയും കോലാഹലങ്ങളിലെയ്ക്ക് ചിറകടിച്ചു പറക്കാൻ കൊതിക്കുന്ന അൾജീരിയൻ യുവത്വവും വിരുദ്ധങ്ങളായ ജീവിത ചിത്രങ്ങളുടെ പ്രതിഫലനമാകുന്നു. കുരുങ്ങിക്കിടക്കുന്ന യുവതയെയും, രാഷ്ട്രീയ-സാമൂഹിക പരിതസ്ഥിതികളെയും, ബ്യൂറോക്രസി സൃഷ്ടിക്കുന്ന ഊരാകുടുക്കുകളെയും സാക്ഷിയാക്കി   അൾജീരിയൻ ജീവിതത്തിന്റെ സാംസ്കാരിക അംശങ്ങളെ ചെറിയ തോതിൽ പരിചയിക്കാൻ ഫരീദിനൊപ്പം നമുക്കും അവസരം ലഭിക്കുന്നു. ലോകത്തിന്റെ ഏതു കോണിലേക്ക് പറിച്ചെറിയപ്പെട്ടാലും നമ്മുടെ സാംസ്കാരിക വേരുകളിലാണ് നമ്മുടെ ജീവിതം അർഥപൂർണ്ണമാകുന്നത് എന്ന തിരിച്ചറിവോടെ നിർത്തുന്നു.


WATCHTOWER (2012)



FILM : WATCHTOWER (2012)
COUNTRY : TURKEY
GENRE : DRAMA
DIRECTOR : PELIN ESMER

                              തുർക്കി സിനിമകളിൽ പൊതുവായി കണ്ടിട്ടുള്ള ദൃശ്യ ഭംഗി പലപ്പോഴും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. WATCHTOWER (2012) എന്ന ഈ സിനിമയും  പ്രകൃതിയുടെ ദൃശ്യചാരുത  ഒപ്പിയെടുത്ത ഫ്രൈമുകളുടെ ധാരാളിത്തം കൊണ്ട് കണ്ണിന് വിരുന്നാകുന്നു. വളഞ്ഞു പുളഞ്ഞ റോഡുകളും, വർണ്ണം വിതറിയതു പോലുള്ള ഇലകൾ തിങ്ങിയ മരങ്ങളും വഴിയൊരുക്കുന്ന കുന്നിൻ മുകളിലെ വാച്ച്ടവറിന്റെ വശ്യമായ ദൃശ്യപശ്ചാത്തലത്തിൽ  ഫീൽ ഗുഡ് സിനിമ പ്രതീക്ഷിച്ച എന്നെ കാത്തിരുന്നത് ശക്തമായ ഒരു ഡ്രാമയായിരുന്നു.
                   കാട്ടുതീ മോണിറ്റർ ചെയ്യാനായി വാച്ച് ടവറിൽ പുതുതായി ജോലിക്കെത്തിയ "നിഹാത്", കുന്നിൻ ചെരിവിലൂടെയുള്ള ബസ്സ്‌ സർവ്വീസിൽ ജോലിക്കാരിയായെത്തുന്ന "സെഹർ" എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ആശാരിയായ നിഹാതും , വിദ്യാർഥിനിയായ "സെഹരും" പരിചിതമല്ലാത്ത ഇടങ്ങളിൽ വന്നടിയുന്നത് അവർക്കുള്ളിൽ പുകയുന്ന രഹസ്യങ്ങൾ മൂലമാണ്. ലോകത്തിൽ നിന്നും വിച്ചേദനം കൊതിച്ച് ഏകാന്തതയെ കൂട്ടുപിടിച്ചതിന്റെ കാരണം ഈ രഹസ്യങ്ങലിലാണ് ഉടക്കി നിൽക്കുന്നത്. സാഹചര്യങ്ങൾ അവരുടെ ജീവിതങ്ങളെ കൂട്ടിമുട്ടിക്കുകയാണ്. അവർക്കിടയിലും,  അവർക്കുള്ളിലും എരിയുന്ന മനസാക്ഷിയുടെ സംഘർഷങ്ങൾ നമുക്ക് തെളിഞ്ഞു കാണാം. ഇരുവരുടെയും അഭിനയ മികവും സിനിമയ്ക്ക് കരുത്ത് പകരുന്നു.
                   എഴുത്തിലും, സംവിധാനത്തിലും സാന്നിധ്യമാകുന്ന പെണ്‍മനസ്സ് സിനിമയുടെ വീക്ഷണ തലങ്ങളിലേക്കും പടരുന്ന സ്വാഭാവികതയെ വ്യക്തമായി കണ്ടെടുക്കാം. ശബ്ദ കോലാഹലങ്ങളില്ലാതെ നല്ല രീതിയിൽ ദൃശ്യഭാഷയൊരുക്കിയ കലാസൃഷ്ട്ടി എന്ന വിശേഷണം ഈ സിനിമയ്ക്ക് നൽകി കുറിപ്പിന് വിരാമമിടുന്നു.


Friday 14 August 2015

TWO ANGELS (2003)



FILM : TWO ANGELS (2003)
GENRE : DRAMA !!! MUSIC
COUNTRY : IRAN
DIRECTOR : MAMAD HAGHIGHAT

                          യാഥാസ്തികത്വത്തിൽ അഭിരമിക്കുന്ന പിതാവ്, പിതാവിന്റെ പാതയെ ആശ്ലേഷിക്കാൻ ആഗ്രഹിക്കാത്ത മകൻ, മകന്റെ ആഗ്രഹങ്ങളെ എല്ലാ വിധത്തിലും പിന്തുണയ്ക്കുന്ന  മാതാവ്, അവന്റെ പാത ചൂണ്ടിക്കാണിക്കുന്ന ആട്ടിടയൻ, അവന്റെ ആഗ്രഹങ്ങളെ അതേ തീവ്രതയോടെ പങ്കുവെയ്ക്കുന്ന പെണ്‍കുട്ടി. TWO ANGELS  എന്ന 73 മിനിട്ട് മാത്രം ദൈർഘ്യമുള്ള ഇറാനിയൻ സിനിമയിലെ കഥാപാത്രങ്ങളെ ഈ വിശേഷണങ്ങളാൽ വരച്ചിടാം എന്ന് തോന്നുന്നു. യാഥാസ്തികത്വം നിഷേധ സ്വരങ്ങളുയർത്തുന്ന "സംഗീതമാണ്' ഈ സിനിമയുടെ ആത്മാവ്. ഇറാനിലെ യാഥാസ്തികതയിലൂന്നിയ  സാമൂഹിക പരിസരങ്ങളിൽ സംഗീതം എങ്ങനെയാണ്  സ്വീകരിക്കപ്പെടുന്നത്  എന്നും സിനിമ വ്യക്തമാക്കുന്നു. മികച്ചത് എന്നൊന്നും പറയാനാവില്ലെങ്കിലും ദൈർഘ്യക്കുറവും, വേറിട്ട ശബ്ദങ്ങളും, GOLSHIFTEH FARHANI-യുടെ സാന്നിധ്യവും  ഒരു തവണ കാണാവുന്ന സൃഷ്ടിയാക്കി ഈ സിനിമയെ മാറ്റുന്നു.


Sunday 9 August 2015

A PIGEON SAT ON A BRANCH REFLECTING ON EXISTENCE (2014)



FILM   : A PIGEON SAT ON A BRANCH REFLECTING ON EXISTENCE (2014)
GENRE : DRAMA !!! BLACK COMEDY
COUNTRY : SWEDEN
DIRECTOR : ROY ANDERSON

                    പേര് തന്നെ വിചിത്രവും , പുതുമയുള്ളതുമായി തോന്നിയേക്കാവുന്ന ROY ANDERSON-ന്റെ LIVING TRILOGY-യിലെ അവസാനത്തെ സിനിമയായ ഇത് അദ്ദേഹത്തിന്റെ സിനിമാ ശൈലിയുമായി മുൻ പരിചയമില്ലാത്ത എനിക്ക് വേണ്ട വിധത്തിൽ ഉൾക്കൊള്ളാനായില്ല. ബ്ലാക്ക് കോമഡിയെന്നോ ഡ്രാമയെന്നോ വിശേഷിപ്പിക്കാനാവാത്ത വിധം സവിശേഷത പേറുന്ന ഒന്നാണ് ഈ സിനിമ.
                 വ്യക്തമായ പ്ലോട്ടോ , പരസ്പരം കണക്റ്റ് ചെയ്യുന്ന കഥാ സന്ദർഭങ്ങളോ അവതരിക്കാത്ത ഈ സിനിമയെ ആശയപരമായി അടുത്തറിഞ്ഞ്‌ , അതിന്റെ തുടർച്ചയെ പിന്തുടരുന്ന  രീതിയിലൂടെ ആസ്വദിക്കാനുമാവില്ല. പിന്നിട്ട കാഴ്ചകളെ അറിയാനുള്ള തദ്ദേശീയ ചരിത്രങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യമില്ലായ്മയെ  മറികടക്കാൻ സഹായിക്കുന്ന വായനയെ ഒപ്പം കൂട്ടി ഒരാവർത്തി കൂടി കാണേണ്ടി വന്നു സിനിമയുടെ തലങ്ങളെ ചെറുതായെങ്കിലും തലോടാൻ.
                            ചിരിപ്പിക്കാനുള്ള വസ്തുക്കളുടെ വില്പനയ്ക്കായ് അലയുന്ന രണ്ട് സെയിൽസ്മാൻമാരിലൂടെ   ലോകത്തെ ഗ്രസിച്ച ശൂന്യതയെയും, വൈകാരികത വറ്റിയ യാന്ത്രികതയേയും,   ഏകാന്തതയേയും, വിഷാദത്താൽ വിളർത്ത മുഖങ്ങളെയും സിനിമയുടെ നിർജ്ജീവമായ ഫ്രൈമുകളിലേയ്ക്ക് ആനയിക്കുന്നു. അവരുടെ വില്പ്പന വസ്തുക്കൾ  പ്രതീകങ്ങളായി വിശകലനം ചെയ്യേണ്ടവയാണെന്ന് നിസ്സംശയം പറയാം. ചലനമുണ്ടെങ്കിലും ചേതനയറ്റ ഉടലുകളെ പോലെയാണ് മിക്ക കഥാപാത്രങ്ങളും. പ്രതീക്ഷാ രാഹിത്യമാണ് അവരിൽ പൊതുവായി നിഴലിക്കുന്ന ഭാവം. പട  നയിക്കുന്ന രാജാവും, 1943-കളിലെ മദ്യശാലയും, അടിമകളെ ചുട്ടെരിക്കുന്ന സാമ്രാജ്യത്വവും ചരിത്രത്തെ പ്രതിനിധീകരിക്കുന്നതോടൊപ്പം യൂറോപ്പിന്റെ ഇന്നലെകളെയും ചിന്തകളിലേക്ക് ക്ഷണിക്കുന്നു. നമ്മുടെ സന്തോഷങ്ങൾക്കായി മറ്റൊരാളെ ഉപയോഗിക്കുന്നത് ശരിയാണോ? ... എന്ന ജോനാഥന്റെ ചോദ്യത്തെ "ഫിലോസഫിക്കൽ" എന്ന് മുദ്രണം ചെയ്യുന്നതും, "അസമയത്തുള്ളത്" എന്ന മറുപടി നൽകുന്നതും സിനിമ ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകളുടെ പ്രകാശനമാണോ എന്ന സംശയം ബാക്കിയാവുന്നു.
                              റിയാലിറ്റിയിൽ നിന്ന് വ്യക്തമായ അകലം പാലിച്ചിരിക്കുന്ന സംവിധായകൻ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ച കളർ ടോണ്‍ അനുയോജ്യമായി. വർണ്ണ ശബളമല്ലാത്ത ജീവിത ചിത്രങ്ങളെ ദൃശ്യ ഭാഷയിലൂടെ ശക്തമായി പകരാൻ സിനിമയ്ക്ക് കഴിഞ്ഞിരിക്കുന്നു.
                             സിനിമ   ചേക്കേറിയ ഉയരങ്ങളിലേക്ക് എന്റെ ആസ്വാദന തലം ഉയരാത്തതിനാൽ പലതും എനിക്ക് അവ്യക്തമായി തോന്നി. അതിനാൽ തന്നെ സിനിമയുടെ യഥാർത്ഥ സത്ത എന്റെ വരികളോട് വൈരുദ്ധ്യം പുലർത്തിയേക്കാം. ജീവസ്സുറ്റ കഥാപാത്രങ്ങളോ, സംഭാഷണമോ ഇല്ലാത്ത ഈ സിനിമ ഭൂരിപക്ഷം സിനിമാ പ്രേമികൾക്കും ആസ്വാദ്യകരമാവില്ല എന്നാണ് എന്റെ പക്ഷം. എന്നാൽ ഇഷ്ടപ്പെടുന്നവർക്ക് അപൂർവ്വമായ ദൃശ്യാനുഭവവും അസ്തിത്വ ചിന്തകളുമാവും ഈ സിനിമ സമ്മാനിക്കുന്നത്.