Friday 29 May 2020

ADAM (2019)


FILM : ADAM (2019)
COUNTRY : MOROCCO
GENRE : DRAMA
DIRECTOR : MARYAM TOUZANI
          ചില സിനിമകൾ കൈകാര്യം ചെയ്യുന്ന വിഷയം അത്ര ഫീൽഗുഡ് അല്ലെങ്കിൽ തന്നെയും സിനിമയുടെ നരേഷനും, കഥാപാത്ര പ്രകടനങ്ങളും, സിനിമ പകരുന്ന വൈകാരികതയുടെ നിമ്നോന്നതങ്ങളും പ്രേക്ഷകനിലേയ്ക്ക് പകരുന്ന അവാച്യമായ ഒരു അനുഭൂതിയുണ്ട്. സിനിമയെന്ന നിലയിൽ ആ കാഴ്ചാനുഭവം മനസ്സ് കയ്യേറുന്ന മനോഹാരിതയാണ് ആ അനുഭവം അടിവരയിടുന്നത്. അത്തരത്തിൽ എന്നെ സ്പർശിച്ച ഒരു സിനിമയെയാണ് ഈ കുറിപ്പിൽ പരിചയപ്പെടുത്തുന്നത്. മറിയം തൗസാനി സംവിധാനം ചെയ്ത മൊറോക്കൻ സിനിമയായ ആദം (2019).
         കേന്ദ്ര കഥാപാത്രങ്ങളായി രണ്ട് സ്ത്രീകളെത്തുന്ന ഈ സിനിമയുടെ എഴുത്തിലും, സംവിധാനത്തിലുമുള്ള സ്ത്രീ സാന്നിദ്ധ്യം കഥാപാത്രങ്ങളുടെ പ്രകടനങ്ങൾക്കും, വ്യക്തിത്വത്തിനും കൂടുതൽ ആഴം നൽകി പ്രകടമായി തന്നെ നിറഞ്ഞു നിൽക്കുന്നു. മകൾക്കൊപ്പം ജീവിക്കുന്ന വിധവയായ abla, ജോലിക്കും, താമസത്തിനുമായി തെരുവിൽ അലയുന്ന പൂർണ്ണ ഗർഭിണിയായ samia എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഭർത്താവിന്റെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മുക്തമായിട്ടില്ലെങ്കിലും ജീവിതത്തോട് പോരാടുന്ന സ്ത്രീയാണ് abla. ഭക്ഷണ പലഹാരങ്ങൾ നിർമ്മിച്ച് വീട്ടിൽ നിന്ന് തന്നെ വിറ്റഴിച്ചാണ് അവർ തന്റെ ജീവിതത്തെ മുന്നോട്ട് കൊണ്ട് പോവുന്നത്. വിവാഹിതയല്ലെന്ന കാരണത്താൽ തന്നെയും, ജനിക്കാൻ പോകുന്ന കുഞ്ഞിനേയും കാത്തിരിക്കുന്ന സാമൂഹികമായ തീർപ്പുകളെയും, ഭാവിയേയും കുറിച്ച്  ആശങ്കാകുലയാണ് സാമിയ. ആകസ്മികതയും, അനിവാര്യതയും സമ്മേളിക്കുന്ന ഒരു നിമിഷത്തിൽ സാമിയ , abla-യുടെ വീടിനുള്ളിൽ അഭയം തേടുകയാണ്. ഈ കണ്ടുമുട്ടലും, തുടർന്നുള്ള നിമിഷങ്ങളും എങ്ങനെ ഇരുവരുടെയും ജീവിതത്തെ സ്വാധീനിക്കുന്നു എന്നതാണ് സിനിമയുടെ ഉള്ളടക്കം.
        ആത്മ സംഘർഷത്തിലൂന്നി നിൽക്കുന്ന രണ്ട് കേന്ദ്ര കഥാപാത്രങ്ങൾക്കിടയിൽ ഒരേ സമയം മൗനവും, കരുതലും അലയടിച്ചെത്തുന്നുണ്ട്. സന്തോഷങ്ങളിൽ നിന്ന്  സ്വയം വിച്ഛേദിച്ച് കുടിയേറിയ പരുക്കൻ സ്വത്വത്തിനു മുന്നിലുള്ള തടസ്സങ്ങളെ തകർത്തു കൊണ്ട് തന്നിലേക്ക് മടങ്ങാൻ abla- ക്കാവുന്നില്ല എന്നതാണ് സിനിമയുടെ ആദ്യ കാഴ്ചകൾ. മാതൃത്വത്തിന്റെ അനിർവചനീയമായ ആനന്ദത്തെയല്ല നിറവയർ സാമിയയെ ഓർമ്മിപ്പിക്കുന്നത് എന്നതും സ്പഷ്ടം. അവരുടെ അന്തർ സംഘർഷങ്ങളായാണ് അവ തെളിഞ്ഞു കാണുന്നത്. ഭൂതകാല അനുഭവങ്ങളുടെ ,  ഭാവിയെക്കുറിച്ചുള്ള ആകുലതകളുടെ തടവറയിൽ നീറുന്ന പെണ്മനസ്സുകളെ ആ മുഖങ്ങളിൽ വ്യക്തതയോടെ കണ്ടെടുക്കാം. അവർക്കിടയിലുള്ള അദൃശ്യമായ അകലത്തിനിടയിലും അവർ അന്യോന്യം ആശ്വാസവും, വെളിച്ചവുമാകുന്നുണ്ട്. മുന്നോട്ടുള്ള പാതയെ അവർ പരസ്പരം അപരയിൽ കണ്ടെത്തുന്നുവെന്നതാണ് യാഥാർത്യം. അവരുടെ വൈകാരിക സംഘർഷങ്ങളേയും, ജീവിതാനുഭവങ്ങൾ വച്ചുനീട്ടിയ വിഹ്വലതകളേയും പ്രേക്ഷകനും അനായാസമായി  വായിച്ചെടുക്കാനാവുന്നു  എന്നതാണ് ഈ സിനിമയുടെയും അഭിനേതാക്കളുടെയും വിജയം. കഥാപാത്രങ്ങൾ നിലകൊള്ളുന്ന സാമൂഹിക- സാംസ്‌കാരിക പശ്ചാത്തലത്തെയും, മാതാവ്, വിധവ, മകൾ എന്നിങ്ങനെയുള്ള പല ഐഡന്റിറ്റികൾ ചേരുന്ന സ്ത്രീ സ്വത്വത്തെയും മുൻനിർത്തി അനവധി തലങ്ങളിലേയ്ക്ക് പ്രേക്ഷക ചിന്തയെ നയിക്കാൻ പര്യാപ്തമാണ് ഈ സിനിമ.
           കഥാപാത്രങ്ങളായി ഉഗ്രൻ പ്രകടനമാണ് ലുബ്‌ന അസബൽ, നിസ്‌റിൻ എറാദി എന്നീ നടികൾ കാഴ്ചവെക്കുന്നത്. പെണ്മനസിന്റെ സൂക്ഷ്മ തലങ്ങളെ സാഹചര്യങ്ങളോട് ഇഴചേർത്ത് വ്യക്തതയോടെ അവതരിപ്പിക്കാൻ സംവിധായികയ്ക്ക് കഴിഞ്ഞിരിക്കുന്നു. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ , അസ്തിത്വ ചിന്തകൾ എന്നിങ്ങനെ ഏതു സാമൂഹികാന്തരീക്ഷത്തിലും കാണാവുന്ന തീം ആണെങ്കിലും ഒരു റിഫ്രഷിങ് അനുഭവമായി അനുഭവിപ്പിക്കാൻ ഈ സിനിമയ്ക്ക് കഴിയുന്നു. സിനിമയെ കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ "ലളിതം, മനോഹരം".             

Wednesday 27 May 2020

GO HOME (2015)


FILM : GO HOME (2015)
COUNTRY: FRANCE !!! LEBANON
GENRE : DRAMA
DIRECTOR : JIHANE CHOUAIB
             "GO HOME", സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ ഇതൊരു മടങ്ങിപ്പോക്കാണ്. അവ്യക്തമായ ഓർമ്മകളിൽ തപ്പിത്തടഞ്ഞു ഭൂതകാലത്തിലേക്ക്, തിരിച്ചറിവുകളിലേയ്ക്ക്, വെളിച്ചം വീഴ്‌ത്തേണ്ട സംശയങ്ങളിലേയ്ക്ക്, പിറന്ന മണ്ണിലേക്ക്, സർവ്വോപരി അവനവനിലേക്ക്. GOLSHIFTHE FARHANI മുഖ്യവേഷത്തിലെത്തുന്ന ഈ സിനിമ ലെബനൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
        ഫ്രാൻസിൽ കുടുംബത്തിനൊപ്പം കഴിയുന്ന നദ എന്ന യുവതി തന്റെ ജന്മനാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തന്റെ ബാല്യകാലം കഴിച്ചു കൂട്ടിയ വീടിന്റെ താക്കോലുമായി കയറിച്ചെല്ലുന്ന അവളെ കാത്തിരിക്കുന്നത് , ചപ്പുചവറുകൾ നിറഞ്ഞ, പലരീതിയിൽ അതിക്രമിക്കപ്പെട്ട നിലയിലുള്ള ഒരു പഴയ വീടാണ്. അവിടെ കയറി താമസം തുടങ്ങുന്ന അവളെ അസ്വസ്ഥമാക്കുന്നത് തന്റെ മുത്തശ്ശന് എന്ത് സംഭവിച്ചു എന്ന ചിന്തയാണ്. ആ ചോദ്യമാണ് അവളെ അലട്ടുന്നതും, നയിക്കുന്നതും. നദയെ തേടി സഹോദരൻ എത്തുന്നതോടെ സിനിമ കുറച്ചു കൂടി എൻഗേജിങ് ആകുന്നു. കാരണം, അവളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ലക്ഷ്യമാണ് അവനുള്ളത്‌. ഫ്ലാഷ്ബാക്കുകളിലൂടെ പലയാവർത്തി കാണിച്ചു തരുന്ന നദയുടെ അവ്യക്തമായ ഓർമ്മകൾ ഓരോ തവണയും അവൾക്കെന്ന പോലെ പ്രേക്ഷകനും കൂടുതൽ വ്യക്തതയേകുന്നു. മുൻവിധികളിൽ കുരുങ്ങിപ്പോയ അവളുടെ ചിന്തകളും, ശാഠ്യങ്ങളും തിരിച്ചറിവുകളിൽ സ്വയം നേർത്തു പോവുന്നുണ്ട്.
          ഭൂതകാലത്തോട് വൈകാരികമായി കെട്ടു പിണഞ്ഞിരിക്കുന്നുണ്ടെങ്കിലും ആ കാലത്തിന്റെ ഓർമ്മകളും, ഭാഷയും നദയ്ക്ക് അവ്യക്തമാണെന്നത് പ്രേക്ഷകനെ സന്ദേഹിപ്പിക്കുന്നുണ്ട്. സിനിമയുടെ അവസാന ഭാഗത്ത് നദ കണ്ടുമുട്ടുന്ന പലസ്തീൻകാരിയുടെ വാക്കുകളിലെ വേദനയും, നിരാശയും, പ്രതീക്ഷയുമെല്ലാം നദയുടെയും മുഖത്ത് പ്രതിഫലിച്ചു കാണാവുന്നത് പിഴുതെറിയപ്പെടുന്നവന്റെ മനസ്സിന്റെ സമാനത കാരണമാവാം. കുടിയേറ്റത്തിന്റെയും, പലായനത്തിന്റെയും വിജയ-പരാജയങ്ങൾക്കപ്പുറം ജീവിതാനുഭവങ്ങളുടെ വൈകാരികമായ താദാത്മ്യപ്പെടലും, ഐക്യപ്പെടലുമാവാം അത്. വീടിന്റെ ചുമരുകളിൽ നദ വായിച്ചെടുത്ത GO HOME എന്ന വാക്ക് എന്തായിരിക്കാം അവളുടെ ഹൃദയത്തോട് മന്ത്രിച്ചത്‌. വീട് എന്നത് അവളെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഏതാണ്.........
         ഫർഹാനിയുടെ മികച്ച പ്രകടനമാണ് സിനിമയെ ആകർഷകമാക്കുന്നത്. ഡ്രാമ GENRE ഇഷ്ടപ്പെടുന്നവർക്കായി ഈ  സിനിമ സജസ്റ്റ് ചെയ്യുന്നു.