Saturday 25 October 2014

WAITING FOR HAPPINESS (2002)



FILM  : WAITING FOR HAPPINESS (2002)
COUNTRY  : MAURITANIA
GENRE  : DRAMA
DIRECTOR : ABDERREHMANE SISSAKO
        ഒരു മന്ദമാരുതന്റെ സ്പർശനം പോലെ നമ്മെ തഴുകിയനുഭവിപ്പിക്കുന്ന  സിനിമകളുടെ കൂട്ടത്തിലേയ്ക്കാണ്  HEREMAKONO-യെ ഞാൻ ചേർത്ത് വെയ്ക്കുന്നത്. രംഗങ്ങളിൽ നിന്ന് രംഗങ്ങളിലേയ്ക്ക് ഫ്രൈമുകൾ നീങ്ങുമ്പോൾ അവയെ യോജിപ്പിക്കാനാവാത്ത അപരിചിതത്വവും നമുക്ക് അനുഭവപ്പെടും. സിനിമ നമ്മളിലുളവാക്കുന്ന  ശാന്തതയെ, സിനിമയിലെ പല കഥാപാത്രങ്ങളിലും തളം കെട്ടി നിൽക്കുന്ന ഭാവങ്ങളുമായി കൂട്ടിക്കെട്ടാനാവില്ല. കാരണം, സന്തോഷ മുഖരിതമായ ഒരു ഉഷസ്സിനായി  സ്വപ്നം നെയ്തുള്ള കാത്തിരിപ്പിന്റെ ശൂന്യതയിൽ സ്തംഭിച്ച നിർവ്വികാരതയുടെ  പ്രതിഫലനമാണത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ സാംസ്കാരികമായ വൈവിധ്യക്കൂമ്പാരങ്ങൾ  പോലെ അവിടെയുള്ള സിനിമകളും നമുക്കായി കരുതിവെയ്ക്കുന്നത് വിചിത്രമായ അനുഭൂതികൾ തന്നെയാണ്.
               മൌരിറ്റിയാനിയൻ  കടൽതീര  ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നാം കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും, അപൂർണ്ണമായി  മാത്രം നമുക്ക് ദർശിക്കാവുന്ന  അവരുടെ ജീവിത ചിത്രങ്ങളുമാണ് ഈ സിനിമ. യൂറോപ്പിലേയ്ക്കുള്ള യാത്രയ്ക്കായി തയ്യാറെടുക്കുന്നതിനിടെ മാതാവിനെ സന്ദർശിക്കാനെത്തുന്ന യുവാവായ അബ്ദുള്ള , ഗ്രാമത്തിന് വെളിച്ചം വിതറാൻ പരിശ്രമിക്കുന്ന വൃദ്ധനായ ഇലക്ട്രീഷ്യൻ മാട്ടാ , മാട്ടായുടെ പാതയിൽ മുന്നേറാൻ അസിസ്ടണ്ട് ആയി ഒപ്പം കൂടുന്ന അനാഥബാലൻ ഖത്ര, യൂറോപ്പിൽ നിന്നും മടങ്ങിയെത്തിയ ശേഷം ഭർത്താവിനെ കാത്തിരിക്കുന്നവളും, നിരാശ തങ്ങിനിൽക്കുന്ന ഈ പ്രാന്തതയിൽ പലരുടെയും ഇടത്താവളമാകുകയും  ചെയ്യുന്ന നാന എന്നിവരാണ് സിനിമയിലെ പ്രധാന ഇമേജുകളിൽ നിറഞ്ഞു നിൽക്കുന്നത്. ഒരു പ്രത്യേക പ്ലോട്ടുമായി മുന്നോട്ടുപോകുന്നതിനു പകരം കഥാപാത്രങ്ങളെയും, അവരുടെ അംഗവിക്ഷേപങ്ങളെയും, അകമനസ്സ് പ്രതിഫലിക്കുന്ന മുഖ ദർപ്പണങ്ങളിൽ തെളിയുന്ന ഭാവങ്ങളെയും ഫ്രൈമുകളിൽ നിറച്ചിരിക്കുന്നു ഈ സിനിമ.
             പുതുമയുടെയും, പുരോഗതിയുടെയും സാന്നിധ്യമായാണ് അബ്ദുള്ള വന്നെത്തുന്നത്. പാശ്ചാത്യത നിഴലിക്കുന്ന അബ്ദുള്ളയിലൂടെ ഒരു സാംസ്കാരിക സംഘർഷത്തെയും  ഈ സിനിമ അടയാളപ്പെടുത്തുന്നു. ഭാഷയിലും , വേഷങ്ങളിലുമെല്ലാം തനിക്ക് അപരിചിതമായ പ്രാദേശികതയെ തന്റെ മുറിയുടെ കിളിവാതിലിലൂടെ  ഫ്രെയിം ചെയ്ത് വീക്ഷിക്കുകയാണ് അബ്ദുള്ള. അയാൾ    പ്രതിനിധീകരിക്കുന്ന സാംസ്കാരികതയോടുള്ള  വിമുഖതയും, പരിഹാസവും അയാൾ പങ്കുചേരുന്ന  പൊതുഇടങ്ങളിലെ ഇതര വ്യക്തികളുടെ  പ്രതികരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം സാംസ്കാരികതയിൽ നിന്നും കുതറിയോടാൻ ആഗ്രഹിക്കാത്ത ഈ ഗ്രാമീണ ചിന്തയേയോ , സംരക്ഷിക്കപ്പെടേണ്ട സാംസ്കാരിക സ്വത്വങ്ങളെയോ ആവാം സംഗീതം പഠിക്കുന്ന കുട്ടിയിലൂടെ സംവിധായകൻ ചൂണ്ടിക്കാണിക്കുന്നത്. സിനിമയിലെ ഏറ്റവും ആസ്വാദ്യകരമായ നിമിഷങ്ങളിൽ ഒന്നാവുന്നതും ഈ സംഗീത പഠനമാണ്. വശ്യമായ ശബ്ദവിന്യാസങ്ങളുടെ ആഫ്രിക്കൻ ചാരുതയുടെ മനം കുളിർപ്പിക്കുന്ന ദൃശ്യ-ശ്രാവ്യ വിരുന്നാവുന്നു ഈ രംഗം. കാത്തിരിപ്പിന്റെ സ്ഥായീഭാവങ്ങൾ എങ്ങും നിറഞ്ഞ ഈ ജനതയ്ക്കിടയിൽ വഴിവാണിഭം നടത്തുന്ന (പലതും ഉപയോഗശൂന്യമെന്ന് പറയാവുന്നവ) ചൈനക്കാരൻ , സംവിധായകൻ ബോധപൂർവ്വം സൃഷ്ടിച്ച ഇമേജുകളിൽ ഒന്നായിരുന്നു എന്ന് നിസ്സംശയം പറയാം.
                  ബൾബ്‌ തെളിയാത്ത പഴയ വീടും, ആശയറ്റു വീഴുന്ന മാട്ടയും, സന്തോഷ തീരങ്ങളെ വിദൂരതയിലെങ്കിലും പ്രതീക്ഷിക്കുന്ന ഖത്രയും, അബ്ദുള്ളയുടെ യാത്രയും നമ്മിൽ അവശേഷിപ്പിക്കുന്ന ചിന്തകൾ പലതാണ്. വെളിച്ചം സന്തോഷത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെടുന്നതാണെന്ന് തോന്നുന്നുവെങ്കിലും , സിനിമയിലെ അന്ത്യരംഗങ്ങൾ എന്താണ് പറയുന്നത് എന്നത് സംശയമായി ഉള്ളിൽ പുകയുന്നു. സന്തോഷങ്ങളുടെ ക്ഷണികതയോ, കൈപ്പിടിയിലൊതുങ്ങുമ്പോൾ  വഴുതിപ്പോകുന്ന സന്തോഷത്തിന്റെ ജീവിതപാഠമോ  ആവാം ഈ കാഴ്ച്ചകളുടെ പൊരുൾ.
                   സന്താപങ്ങളുടെ പെരുമഴക്കിടയിൽ വീണുകിട്ടുന്ന സന്തോഷത്തിന്റെ തെളിവാനങ്ങൾക്കായുള്ള കാത്തിരിപ്പാണ് ജീവിതം. അതിനു വേണ്ടിയാണല്ലോ ഈ മഴകളിലത്രയും നാം   നനഞ്ഞു കുതിരുന്നത്.......
                   എല്ലാതരം പ്രേക്ഷകനെയും ഈ സിനിമ തൃപ്തിപ്പെടുത്തണമെന്നില്ല. സിനിമ ഒരു ഉദാത്ത കല എന്ന രീതിയിൽ അതിന്റെ മറ്റൊരു  മുഖത്തെ പ്രതിഫലിപ്പിക്കുന്ന കാഴ്ചയാകും ഈ സിനിമ നൽകുക എന്ന മുന്നറിയിപ്പോടെ നിർത്തുന്നു.   

Wednesday 22 October 2014

CURFEW (2012)



FILM : CURFEW (2012)
GENRE : DRAMA !!!! SHORT (19 MIN)
COUNTRY : U S A
DIRECTOR : SHAWN CHRISTENSEN

         19 മിനുട്ടിനുള്ളിൽ ആസ്വാദകന്റെ വൈകാരികതലങ്ങളെ   തലോടുന്ന നല്ലൊരു ഫാമിലി ഡ്രാമ അവതരിപ്പിച്ച്  കണ്ണ് നനയിപ്പിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. എന്നാൽ , അതാണ്‌ 2013ലെ ഷോർട്ട് ഫിലിമിനുള്ള ഓസ്കാർ പുരസ്കാരം കരസ്ഥമാക്കിയ CURFEW  ചെയ്യുന്നത്. അവതരണവും, അഭിനയവും, കഥയും ഒരുപോലെ മികച്ചു നിന്നപ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ  മനം നിറയ്ക്കുന്ന ദൃശ്യാനുഭവമാണ് നമുക്ക് ലഭിക്കുന്നത്.
       സ്വയം തീർത്ത വിരസവും, വിഷാദാത്മകവുമായ ജീവിതത്തിനു വിരാമമിടാനുള്ള "റിച്ചി"യുടെ   ശ്രമങ്ങൾക്കിടയിലാണ് സിനിമ നമ്മെ ഒപ്പം കൂട്ടുന്നത്‌. അടഞ്ഞ കുഴലുകൾക്കുള്ളിലൂടെ  കുതിച്ചു പായുന്ന നിണച്ചാലുകൾക്ക് പുറത്തേക്കുള്ള വഴി തെളിക്കുകയായിരുന്ന റിച്ചിയെ തേടി അപ്രതീക്ഷിതമായി ഒരു ഫോണ്‍കാൾ എത്തുന്നു. ഏറെക്കാലമായി അവനുമായി യാതൊരു ബന്ധവും പുലർത്താത്ത സഹോദരി(മാഗ്ഗി) , സ്വന്തം മകൾക്കൊപ്പം  കുറച്ചു മണിക്കൂറുകൾ ചെലവിടാൻ  അഭ്യർഥിക്കുന്നു. റിച്ചിയുടെ സ്വഭാവങ്ങൾ നന്നായറിയുന്ന  മാഗ്ഗി  ഒരു  SCHEDULE (DO 'S   AND  DONT'S) മകളായ സോഫിയുടെ കൈയ്യിൽ നൽകുന്നുണ്ട്. സോഫിയുടെ കൂടെയുള്ള നിമിഷങ്ങൾ റിച്ചിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് പിന്നീടുള്ള നിമിഷങ്ങളിൽ സ്ക്രീനിൽ നിറയുന്നത്.
         CHARACTER  DEVELOPMENT-നൊന്നും സമയം ലഘുചിത്രങ്ങളിൽ ലഭിക്കില്ലെങ്കിലും റിച്ചിയെ പ്രേക്ഷകന് മനസ്സിലാകും വിധം ശക്തമായി CREATE ചെയ്യാൻ സാധിച്ചു എന്നതാണ് ഈ സിനിമയെ ഒരു ഫാമിലി ഡ്രാമയുടെ നിലവാരത്തിലേയ്ക്ക് ഉയർത്തിയത്‌. സംഭാഷണങ്ങളിലൂടെയും, ദൃശ്യങ്ങളിലൂടെയും, സോഫിയുടെ ചോദ്യങ്ങളിലൂടെയും റിച്ചിയുടെ ഭൂതകാലം, പ്രശ്നങ്ങൾ , നഷ്ടങ്ങൾ എന്നിവയെ നമുക്ക് വായിച്ചെടുക്കാവുന്ന വിധം വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. സിനിമയിലെ   "അത്യാകർഷകമായ  പ്രകടനം" എന്ന വിശേഷണം  സോഫിയുടെ റോൾ കൈകാര്യം ചെയ്ത FATIMA PTACEK-ന്  അവകാശപ്പെട്ടതാണെന്ന് നിസ്സംശയം  പറയാം. പക്വതയാർന്ന പ്രകടനത്തിലൂടെ ഈ ഉദ്യമത്തിന് പൂർണ്ണതയേകിയ ആ കുട്ടിയെ അവഗണിച്ച് ഈ ലഘുചിത്രത്തെക്കുറിച്ച്  ഒരു കുറിപ്പും എഴുതാനാവില്ല. സംവിധായകന്റെയും , റിച്ചിയുടെയും വേഷം ഒരുപോലെ മനോഹരമാക്കിയ SHAWN CHRISTENSEN പ്രത്യേക പരാമർശം അർഹിക്കുന്നു.  സിനിമയവസാനിക്കുന്നത്  കുടുംബ ബന്ധങ്ങളെയും , ജീവിതത്തിലെ സന്തോഷങ്ങളെയും, നഷ്ടങ്ങളെയും, സ്വയം തീർക്കുന്ന നിരാശയുടെയും, വിഷാദങ്ങളുടെയും  ചുഴികളെയും ഓർമ്മിപ്പിച്ചാണ്. മനസ്സിൽ ഒരു നനുത്ത സ്പർശമേൽപ്പിക്കാൻ ഈ സിനിമയ്ക്കായി എന്നത് തന്നെയാവണം ഇത് വാരിക്കൂട്ടിയ അവാർഡുകൾക്കും   കാരണം.


Monday 20 October 2014

WHEN I SAW YOU (2012)



FILM  : WHEN I SAW YOU (2012)
COUNTRY  : PALESTINE
GENRE  : DRAMA
DIRECTOR : ANNEMARIE  JACIR

       യുദ്ധങ്ങളേയോ , അധിനിവേശങ്ങളേയോ , ദേശ സ്പർദ്ധകളേയോ  പശ്ചാത്തലമാക്കി കുട്ടികളുടെ വീക്ഷണ കോണിലൂടെ അവതരിക്കപ്പെട്ട പല സിനിമകളും  ട്രാജഡിയുടെ നനവാണ്  ബാക്കിയാക്കാറുള്ളത്. ഹൃദയത്തിന് കനമേകുന്ന  ദുരിതക്കാഴ്ച്ചകളുടെ  ധൂർത്തും  ഇത്തരം സിനിമകളിൽ കാണാറുണ്ട്‌. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി നിശ്ചയദാർഡ്യത്തിന്റെ ഇളം മനസ്സുമായി ലക്ഷ്യത്തിലേയ്ക്ക് പിച്ച വെയ്ക്കുന്ന താരീഖിനെ നമുക്കായി പരിചയപ്പെടുത്തുന്ന ഫലസ്തീൻ സിനിമയാണ് WHEN I SAW YOU.
    1967-ലെ ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ജോർദാനിലെ അഭയാർഥി ക്യാമ്പിൽ കഴിയുന്ന അമ്മയുടെയും, മകന്റെയും കഥയാണ് ഈ സിനിമ പറയുന്നത്. അഭയാർഥി ക്യംപിലെയ്ക്ക് അനുദിനം  ട്രക്കുകളിൽ    വന്നണയുന്ന അഭയാർഥികളും , 20 വർഷമായി ക്യാമ്പിൽ ജീവിക്കുന്ന പ്രായം കൂടിയ സ്ത്രീയും താരീഖിനെ അസ്വസ്ഥമാക്കുന്നത് , കൂടണയാനും പിതാവിനെ സന്ധിക്കാനും, സ്വന്തം മണ്ണിൽ കാലമർത്താനുമുളള  അടങ്ങാത്ത ആഗ്രഹമാണെന്ന് നമുക്ക് മനസ്സിലാക്കാം. ഓർമ്മയിൽ സ്വരുക്കൂട്ടിയ പിതാവിന്റെ വാക്കുകളിൽ നിന്നും നേടുന്ന ദിശാബോധവുമായി പിതാവിനെ അന്വേഷിച്ച് ഫലസ്തീൻ ലക്ഷ്യമാക്കി യാത്രയാകുന്ന താരീഖ് ചെന്നെത്തുന്നത്, ഫലസ്തീന്റെ വിമോചനത്തിനു വേണ്ടി പോരാട്ട സജ്ജമായിക്കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ പോരാളികൾക്കിടയിലാണ്. എകാഗ്രതയുടെയും, സഹനത്തിന്റെയും, ക്ഷമയുടെയും തീക്ഷണതയെ ഉൾക്കൊള്ളുന്നുണ്ടെങ്കിലും,  കാത്തുനിൽക്കാനുള്ള മനസ്സ് താരീഖിനുണ്ടാകുമോ?........ അവന്റെ യാത്ര ലക്ഷ്യം കാണുമോ?...... ഇത്തരം ചോദ്യങ്ങൾക്ക് പൂർണ്ണമായ ഉത്തരം സിനിമ നൽകുന്നില്ലെങ്കിലും , സൂചനകൾ അവശേഷിപ്പിച്ച്  തന്നെയാണ് സിനിമയവസാനിക്കുന്നത്.
                  വിടർന്ന കണ്ണുകളും , വശ്യമായ പുഞ്ചിരിയും ഉയർന്ന പ്രായോഗിക ബുദ്ധിയും മാത്രമല്ല, ചോദ്യങ്ങളും സംശയങ്ങളും നിറഞ്ഞ കുഞ്ഞു മനസ്സിലെ കനലുകളെയും കൂടിയാണ് പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ചരിത്ര യാഥാർത്യമായി രേഖപ്പെടുത്തപ്പെട്ട സംഭവത്തെ അവലംബിക്കുമ്പോൾ പക്ഷം ചേരലിന്റെ സ്വാഭാവികമായ (ന്യായീകരിക്കാവുന്ന) ആധിക്യം പ്രതീക്ഷിച്ചെങ്കിലും , റിയലിസ്ടിക്കായ ഒരു ആഖ്യാനത്തെ പിൻപറ്റിയ  സംവിധായികയുടെ ശ്രമം സിനിമയെ കൂടുതൽ മികവുറ്റതാക്കിയതായി  തോന്നി.
           പോരാളികളുടെ തലവനായ അബു അക്രം പറയുന്ന പല വാചകങ്ങളും താരീഖിന്റെയും നമ്മുടെയും ചിന്തകളിൽ തറക്കുന്നവയായിരുന്നു. ഓരോ പോരാളിയുടെയും, ഓരോ പോരാട്ടത്തിന്റെയും വിധിയെഴുതുന്നത് ചരിത്രമാകുമെന്ന വാചകം സിനിമയ്ക്ക്‌ ശേഷവും തങ്ങി നിൽക്കുന്നതായി. താരീഖിനെ പിന്തുടർന്നെത്തുന്ന മാതാവും, അപൂർണ്ണമായ അന്ത്യരംഗങ്ങളും  ബാക്കിയാക്കുന്നത് പിറന്ന മണ്ണ് ജീവവായുവാണെന്ന  സത്യമാണ്.
        സംഗീതവും സിനെമാടോഗ്രഫിയും പ്രതീക്ഷിച്ചതിനേക്കാൾ സിനിമയുടെ തിളക്കം കൂട്ടിയ ഘടകങ്ങളായി. മികച്ച സിനിമകൾ ഇനിയും തന്നിൽ  നിന്ന് പ്രതീക്ഷിക്കാം എന്ന പ്രതീക്ഷയാണ് ANNEMARIE JACIR  ഈ സിനിമയിലൂടെ  നൽകുന്നത്.




      


Saturday 18 October 2014

BAL-CAN-CAN (2005)



FILM  : BAL-CAN-CAN (2005)
COUNTRY  : MACEDONIA
GENRE : ACTION !!! COMEDY
DIRECTOR : DARKO MITREVSKI

                     ലോജിക്കിനെയോ , ലോജിക്കില്ലായ്മയേയോ ചികഞ്ഞു നോക്കാതെ കാഴ്ചക്കാരന്റെ ലളിത യുക്തിയോടെ വീക്ഷിക്കാവുന്ന രസകരമായ സിനിമയാണ് BAL-CAN-CAN. തമാശയും, സാഹസികതയും, കണ്ണീരും  കലർന്ന കാഴ്ച്ചകളാണ്  ഈ സിനിമയുടെ ക്യാൻവാസിൽ നിറയുന്നത്. വേദനയും, ചോരയും പൊടിയുന്ന ഹാസ്യരംഗങ്ങൾ ഈ സിനിമയെ കറുത്ത ഫലിതങ്ങളുടെ കുടക്കീഴിലെയ്ക്ക്  നീക്കി നിർത്തുന്നു.
                 അവിശ്വസനീയമായ ഒരു കഥയ്ക്ക്‌ പിറകെയാണ് നമ്മൾ മനസ്സിനെ കയറൂരി വിടുന്നത്. ഇറ്റലിക്കാരനായ SANTINO-ക്ക് തന്റെ അർദ്ധ സഹോദരനായ മാസിഡോണിയക്കാരൻ TRENDAFIL-ന്റെ ഫോണ്‍കാൾ എത്തുന്നു. സഹായത്തിനായുള്ള അയാളുടെ അഭ്യർത്ഥന കർണ്ണപടങ്ങളിൽ മുഴങ്ങുമ്പോൾ , മരണശയ്യയിൽ പിതാവിന് നൽകിയ വാക്കും , പഴയ ഒരു കടം വീട്ടുവാനുള്ള അവസരവുമാണ് SANTINO-ക്ക് മുന്നിൽ തെളിഞ്ഞത്. മാസിഡോണിയയിൽ നിന്നും ബൾഗേറിയയിലേക്കുള്ള രക്ഷപെടലിനിടെ  മരണം വരിക്കുന്ന ZAMBULA എന്ന ഭാര്യാമാതാവിനെ  പൊതിഞ്ഞുവെച്ച കാർപെറ്റ് മോഷ്ടിക്കപ്പെട്ട നിസ്സഹായാവസ്ഥയിലാണ് ജീവിതത്തിലാദ്യമായി TRENDAFIL  അർദ്ധ സഹോദരനെ വിളിക്കുന്നത്‌. മോഷ്ടിക്കപ്പെട്ട കാർപെറ്റും , അതിനുള്ളിൽ അകപ്പെട്ട സംബുലയുടെ മൃതശരീരവുമാണ് വീണ്ടെടുക്കേണ്ടത്. സഹോദരനെ സഹായിക്കാനായി ഓടിയെത്തുന്ന SANTINO , TRENDAFIL-മായി ചേർന്ന് ബാൾക്കൻ  അധോലോകത്തിലൂടെ നടത്തുന്ന അപകടകരവും, രസകരവുമായ അന്വേഷണങ്ങളാണ് ഈ സിനിമ.
                 ലളിതമായ കഥാതന്തുവിനെ ആകർഷകമായ അവതരണത്തിലൂടെ മികവുറ്റ അനുഭവമാക്കിയിരിക്കുന്നു. സിനിമയുടെ തുടക്കം മുതൽ പ്രേക്ഷകരെ ബോറടിപ്പിക്കാതെ കൂടെക്കൂട്ടാൻ   സിനെമയ്ക്കാവുന്നു. ബാൾക്കൻ സിനിമകളിൽ സ്ഥിരമായി കാണാറുള്ള രാഷ്ട്രീയ അംശങ്ങൾ പരോക്ഷമായി പുതുമയോടെ ഹാസ്യവൽക്കരിച്ച്  അവതരിപ്പിച്ചതായി തോന്നി. ഈ മേഖലയിലെ പല ദേശീയ സ്വത്വങ്ങളെയും ഭാഷയിലൂടെയും, ദൃശ്യങ്ങളിലൂടെയും വ്യക്തികളിലൂടെയും  ഈ സിനിമയുടെ ഫ്രൈമുകളിൽ വരച്ചിടാൻ  സംവിധായകാൻ ബോധപൂർവ്വം ശ്രമിച്ചതായി കാണാം. ഈ ദേശങ്ങളിലെ സാമൂഹിക മനസ്സും, സംഘർഷ മുഖരിതമായ ചുറ്റുപാടുകളും പ്രേക്ഷകനുമായി പങ്കു വെയ്ക്കുന്നത് സ്റ്റീരിയോടൈപ്പ്  ആയി തോന്നാവുന്ന വ്യക്തിത്വങ്ങളിലൂടെ തന്നെയാണ്.
       സംഘർഷങ്ങളുടെ ബാക്കിപത്രങ്ങളും , അന്താരാഷ്‌ട്ര നിരീക്ഷണങ്ങളുമെല്ലാം  ഈ സിനിമയിൽ ഹാസ്യരൂപം  നൽകിയാണ്‌   അവതരിപ്പിക്കപ്പെടുന്നത്. ചോരച്ചാലുകൾ ഒഴുക്കുന്ന ആയുധ സംവാദങ്ങൾക്ക് വഴിമരുന്നിടുന്നത് ശുഷ്ക്കമായ കാരണങ്ങളാണെന്ന് ഈ സിനിമയും ചില ദൃശ്യങ്ങളിലൂടെ ആവർത്തിക്കുന്നു. നിറം പൂശിയ  തമാശകൾക്കിടയിൽ എവിടെയോ ചില കണ്ണീർ കണങ്ങളെയും നമുക്ക് കണ്ടെടുക്കാം. അവസാനിക്കുമ്പോഴും ഒരു ആർദ്ര സ്പർശമേകാൻ ഈ സിനിമയ്ക്ക്‌ സാധിക്കുന്നു.
          വേറിട്ട താളങ്ങളുടെ പ്രകമ്പനം കസ്റ്റൂറിക്കൻ സിനിമകളിലേതു പോലെ പലയിടങ്ങളിലും കേൾക്കാനായി. സിനിമയിലെ മനസ്സിൽ പതിയുന്ന കഥാപാത്രമാകാൻ TRENDAFIL-ന് കഴിഞ്ഞത് അയാളുടെ അഭിനയത്തിന്റെ തെളിവായി വ്യാഖ്യാനിക്കാം. സ്വന്തം മണ്ണിനെയും, അതിന്റെ വ്യതിരിക്തമായ സ്വത്വത്തെയും അതിഭാവുകത്വവും, അവിശ്വസനീയതയും കലർത്തി അവതരിപ്പിച്ച ഒരു വേറിട്ട കാഴ്ച.... അതാണ് BAL-CAN-CAN. 

Wednesday 15 October 2014

MUNYURANGABO (2007)



FILM  : MUNYURANGABO (2007)
GENRE  : DRAMA
COUNTRY  : RWANDA !!! USA
DIRECTOR : LEE ISAAC CHUNG

        സാധാരണ കണ്ടുവരുന്ന സിനിമാരീതികളിൽ നിന്നും അടിമുടി വ്യത്യസ്തമാണ് ആഫ്രിക്കൻ സിനിമാ നിശ്വാസങ്ങൾ. കണ്ടു മടുത്ത കെട്ടുകാഴ്ച്ചകൾക്ക്  അവധി നൽകി, പൊള്ളുന്ന യാഥാർത്ഥ്യങ്ങളുടെ  നേർ സാക്ഷ്യങ്ങളിലെയ്ക്ക്  കണ്ണു പായിക്കാൻ നിങ്ങളാഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ സിനിമ നിങ്ങളെ കാത്തിരിക്കുന്നു. 90-കളിലെ റുവാണ്ടൻ  വംശഹത്യയുടെ  ഉണങ്ങാത്ത  മുറിവുകളെ  ഓർമ്മിപ്പിക്കുന്ന സാഹചര്യത്തെ പശ്ചാത്തലമാക്കി  മെനഞ്ഞെടുത്ത ഈ സിനിമ KINYARWANDA ഭാഷയിലെടുത്ത ആദ്യ മുഴുനീള സിനിമയാണെന്നതും , കൊറിയൻ വംശജനായ അമേരിക്കൻ സംവിധായകന്റെ ആദ്യ സിനിമയാണെന്നതും നമ്മുടെ  താൽപര്യത്തെ അധികരിപ്പിക്കുന്ന സിനിമയുടെ പ്രത്യേകതകളാണ്.
        കിഗാലിയിലെ  തെരുവിലെ കൈയ്യാങ്കളിക്കിടയിൽ വടിവാൾ മോഷ്ടിക്കുന്ന NGABO-യിൽ ആരംഭിക്കുന്ന സിനിമ, ദാരിദ്ര്യത്തിനു ചുറ്റും കറങ്ങുന്ന ആഫ്രിക്കൻ ജീവിതം ആവർത്തിക്കുമോ എന്ന സന്ദേഹമുണർത്തി. എന്നാൽ  SANGWA എന്ന കൂട്ടുകാരനോടൊപ്പം , NGABA ചുവടു വെയ്ക്കുന്നത് പക പുകയുന്ന അകത്തളങ്ങളുടെ പ്രേരണയാലാണെന്ന്  തിരിച്ചറിയുമ്പോഴാണ് സിനിമയുടെ കാമ്പിനെ നമ്മൾ രുചിക്കുന്നത്. വംശഹത്യകളിലെ വിരുദ്ധ ധ്രുവങ്ങളിലായിരുന്ന HUTUS, TUTSIS എന്നീ വംശങ്ങളെ പ്രതിനിധീകരിക്കുന്നവരാണെങ്കിലും  സൗഹൃദത്തിന്റെ  ദൃഡത കാരണം അവർക്കിടയിലെ  വംശീയമായ അകലങ്ങൾ നമുക്ക് കാണാനാവില്ല. എന്നാൽ ഈ സൗഹൃദം സമാധാനത്തിന്റെ തൂവൽ സ്പർശമേകുന്ന  ദിനരാത്രങ്ങളെയല്ല  മനസ്സിലേക്കാനയിക്കുന്നത്. വംശഹത്യ സമ്മാനിച്ച അനാഥത്വത്തിനു  പകരം ചോദിക്കാനുള്ള യാത്രയിൽ NGABO-യോടൊപ്പം  ചേരുന്നു SANGWA . ഈ യാത്രയിൽ ഇടത്താവളമായി അവർ ചെന്നണയുന്നത്‌  SANGWAയുടെ ഗ്രാമീണ ഭവനത്തിലാണ്. ഏറെക്കാലത്തിനു ശേഷം കാണുന്ന മകനോടുള്ള സമീപനത്തിൽ മാതാ-പിതാകൾക്കുള്ള    ഇഷ്ടാനിഷ്ടങ്ങൾ  ന്യയീകരികാവുന്നതാണെങ്കിലും, പലപ്പോഴും  ഇഷ്ടക്കേട് ചെന്ന് തറയ്ക്കുന്നത് NGABO-യിലാണ്. ചോരപുരണ്ട  ഒരു ചരിത്രതാൾ  അവരുടെ ഓർമ്മയിൽ മടങ്ങിക്കിടക്കുന്നതിന്റെ സാക്ഷ്യപ്പെടുത്തലാകുന്നു ഇത്. വെറുപ്പിന്റെ അണയാത്ത കനലുകളുമായി NGABO ഏതറ്റം വരെ പോകുമെന്ന ആകാംഷയാണ് പിന്നീട് ഈ സിനിമയുമായി നമ്മെ കുരുക്കിയിടുന്നത്.
                   ആഫ്രിക്കൻ ഗ്രാമീണ ജീവിതവും, ഇല്ലായ്മയുടെ വ്യഥകളും  ചെറിയ തോതിൽ സാന്നിധ്യമറിയിക്കുന്ന  ഈ സിനിമ, ശക്തമായ ഒരു ഇടപെടലാവുന്നത് പുനർ ചിന്തനതിന്റെ വിഹായസ്സിലേക്ക്   നമ്മെ സ്വാഗതം ചെയ്തു കൊണ്ടാണ്. സിനിമയിലെ ഏറ്റവും പ്രസക്തമായ രംഗങ്ങളായി NGABO കണ്ടു മുട്ടുന്ന കവിയും, കവിതയും തെളിഞ്ഞു നിൽക്കുന്നത് യുവഹസ്തങ്ങളിൽ ആയുധങ്ങൾ നിറയുന്ന വംശീയ സത്യങ്ങളെ ഉൾക്കൊള്ളുമ്പോഴാണ്. വരികളിൽ നിന്നും കുതറിയോടി റുവാണ്ടൻ  ജനതയുടെ ഹൃദയത്തിൽ ചേക്കേറാൻ വെമ്പുന്ന  കവിയുടെ വാക്കുകളിൽ  സിനിമയുടെ എല്ലാ നിശ്വാസങ്ങളും നമുക്ക് അനുഭവിച്ചറിയാം.
            മാധ്യമങ്ങളിലൂടെയും മറ്റും നാം അറിഞ്ഞതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഇത്തരം സാഹചര്യങ്ങളെ പൂർണ്ണ അർഥത്തിൽ റിയലിസ്ടിക്കായി  പകരാൻ ഈ സിനിമയിലൂടെ സംവിധായകന് കഴിഞ്ഞു. സിനിമ അതിന്റെ ശക്തിയെ തിരിച്ചറിയുന്ന കാഴ്ചകളിലൊന്നായ  MUNYURANGABO എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമെന്ന് ഉറപ്പുനൽകാൻ  ആവില്ലെങ്കിലും, നല്ല സിനിമകളെ സ്നേഹിക്കുന്നവർക്ക്  ഇത് നല്ല അനുഭവമാകുമെന്ന ഉറപ്പോടെ നിർത്തുന്നു .

Saturday 11 October 2014

AUTUMN (2008)



FILM  : AUTUMN (2008)
COUNTRY  : TURKEY
GENRE  : DRAMA
DIRECTOR  : OZCAN ALPER

              ശബ്ദങ്ങളും, ദൃശ്യങ്ങളും സമ്മേളിക്കുന്നതിലൂടെ ജീവൻ തുടിക്കുന്ന ജീവിതക്കാഴ്ചകൾ  നിറയുന്ന സിനിമാ കാവ്യങ്ങൾ പ്രേക്ഷകന്റെ ഹൃദയത്തിലേക്കാണ്  കിനിഞ്ഞിറങ്ങാറുള്ളത്. ഇവിടെ സിനിമ അതിന്റെ എല്ലാ സൗന്ദര്യവും ഒഴുക്കി വിടുന്നത് ഹൃദയം നടക്കനാഗ്രഹിക്കുന്ന വൈകാരിക പ്രതലങ്ങളിലേക്കാണ്. അത്തരത്തിൽ മന്ദമായി നമുക്ക് മുന്നിലേയ്ക്ക് പൊഴിക്കപ്പെടുന്ന ജീവിതക്കാഴ്ച്ചകളാണ് AUTUMN (SONBAHAR) എന്ന ടർകിഷ് സിനിമ സമ്മാനിക്കുന്നത്. ഭൂതകാലത്തിന്റെ നഷ്ടങ്ങളെ ഇന്നിന്റെ "ശൂന്യതയിൽ" അടർത്തി മാറ്റുമ്പോഴുള്ള  മനുഷ്യ മനസ്സിന്റെ പ്രയാസങ്ങളും ഈ സിനിമ നമുക്കായി കരുതി വെച്ചിരിക്കുന്നു.
             പത്ത് വർഷത്തെ രാഷ്ട്രീയ തടവ്‌  കഴിഞ്ഞ് തന്റെ ഗ്രാമത്തിലേയ്ക്ക് തിരിച്ചെത്തുന്ന യൂസുഫ് എന്ന വ്യക്തിയുടെ സംഘർഷങ്ങളെയാണ് സിനിമ പിന്തുടരുന്നത്. മാതാവ് മാത്രം അവശേഷിച്ചിട്ടുള്ള മലഞ്ചെരുവിലെ  വീട്ടിലേയ്ക്ക് മടങ്ങിയെത്തുമ്പോൾ നഷ്ടങ്ങളാണ് അയാളെ കാത്തിരിക്കുന്നത്. സുഹൃത്തുകളിൽ മിഖായിൽ ഒഴികെയെല്ലാവരും  ജിവിതത്തിന്റെ ഒഴുക്കിൽ പെട്ട് പലയിടങ്ങളിലേയ്ക്ക് വേരറ്റു പോയിരിക്കുന്നു. നിലയുറപ്പിക്കാൻ  കഴിയാത്ത വിധം മാറിയിട്ടുള്ള ഈ പുറംലോകത്തിലേയ്ക്ക് ജയിൽ സമ്മാനിച്ച രോഗങ്ങളുമായാണ്  യൂസുഫ് എത്തിയിട്ടുളത്. മിഖായിൽ എന്ന സുഹൃത്തിനൊപ്പം നടത്തുന്ന യാത്രകളിലൂടെ ഇന്നലെകളിൽ നിന്നും തന്റെ മനസ്സിനെ കട പുഴക്കിയെടുത്ത് പുതിയ കാലത്തിലേയ്ക്ക് സ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണ് യൂസുഫ്. തുർക്കി-ജോർജിയ അതിർത്തിയിലുള്ള പട്ടണത്തിലേക്കുള്ള സഞ്ചാരങ്ങളിൽ EKA  എന്ന ജോർജിയക്കാരിയായ അപഥസഞ്ചാരിണിയെ കണ്ടു മുട്ടുന്നതോടെ അയാളുടെ മന:സംഘർഷങ്ങൾക്ക് പുതിയ മാനങ്ങൾ കൈവരുന്നു. ഈ കൂടിച്ചേരലുകൾ അവരിൽ  പ്രണയത്തിന്റെ നാമ്പുകൾ കിളിർക്കാൻ കാരണമാകുന്നു. വികാര വിക്ഷോഭങ്ങളുടെ പട തന്നെ അടരാടിയിട്ടുള്ള  അവരുടെ ജീവിതങ്ങളെ ഈ പ്രണയ തീക്ഷണത എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് സിനിമയുടെ അന്ത്യ രംഗങ്ങൾ അനുഭവിപ്പിക്കുന്നത്.
              പ്രണയം, മരണം, രാഷ്ട്രീയം എന്നീ ആശയങ്ങളാണ്  ഉയർച്ച-താഴ്ചകളും ,കലുഷതയും, ഗതി വ്യത്യാസങ്ങളും നിറഞ്ഞ ഇവരുടെ ജീവിതത്തിന്റെ അരികിലിരുന്ന് വീക്ഷിക്കുന്ന നമ്മിലേയ്ക്ക് ചിതറി തെറിക്കുന്നത്‌. യൂസുഫ്-ഈക എന്നിവരുടെ മനസ്സിനെയും, മന:സംഘർഷങ്ങളെയും പ്രകൃതിയുടെ നിറ സാന്നിധ്യത്താൽ അലംകൃതമായ ഫ്രൈമുകളോട് ചേർത്ത് അവതരിപ്പിച്ചത് സിനിമയ്ക്ക്‌ കാവ്യതലം പകർന്നു നൽകുന്നു. മനുഷ്യ മനസ്സിന്റെയും , ജീവിതത്തിന്റെയും എല്ലാ വിക്ഷുബ്ദതകളെയും ദ്യോതിപ്പിക്കാൻ കെൽപ്പുള്ള കടലും, അതിന്റെ അലയൊലികളും തീർത്ത ഫ്രൈമുകൾ CINEMATOGRAPHY ഈ സിനിമയുടെ താങ്ങുപലകയാണെന്ന സത്യത്തെ തുറന്നു കാട്ടുന്നു. ഗ്രാമീണതയുടെ പൂർണ്ണതയ്ക്ക്‌  ശബ്ദ സാന്നിധ്യമായത് പ്രകൃതിയുടെ നേർത്ത ജീവതാളങ്ങളായിരുന്നു. അസഹ്യമായ "ശബ്ദ ഘോഷങ്ങൾ" തീർക്കുന്ന സമകാലിക സിനിമകളിൽ നിന്ന് വ്യത്യസ്തമായി ശബ്ദത്തിന്റെയും , നിശബ്ദതയുടെയും സൗന്ദര്യത്തിന് ഉദാഹരണമാകുന്നു ഈ സിനിമ.
           പിന്നിട്ട ദിനങ്ങൾ അവശേഷിപ്പിച്ച ചിത്രങ്ങൾ നിദ്രാ വിഹീനമായ രാത്രികൾ യൂസുഫിന് നൽകുന്നുണ്ടെങ്കിലും, ഭൂതകാലത്തിൽ പാകിയ വിത്തുകൾ വെറുതെയായി എന്ന് അംഗീകരിക്കാത്ത ശബ്ദങ്ങൾ ദുർബലമായെങ്കിലും  കേൾപ്പിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. അസ്ഥിരത നടനമാടുന്ന ഈ കാലഘട്ടത്തിൽ  സ്വപ്നങ്ങളെ പിന്തുടരാൻ മടിച്ചിരിക്കുന്ന യുവതയെ തൊട്ടുണർത്താനും  ഈ സിനിമ മറക്കുന്നില്ല.
             ഹൃദയ സ്പർശിയായ സിനിമ നമുക്കായി നൽക്കി അരങ്ങേറ്റം കുറിച്ച OZCAN  ALPER-നെ സിനിമാ പ്രേമികളുടെ കണ്ണുകൾ പിന്തുടരുമെന്ന് സാക്ഷ്യപ്പെടുത്തുന്ന  ഈ സിനിമ കാണാതെ പോകരുത്.    


Friday 10 October 2014

HOW MUCH FURTHER (2006)



FILM   : HOW MUCH FURTHER (2006)
GENRE   : DRAMA  !!!!! ROAD MOVIE
COUNTRY   : ECUADOR
DIRECTOR   : TANIA HERMIDA

            യാത്രകളും, കാഴ്ചകളും ഇഷ്ടപെടാത്തവർ ഉണ്ടാവില്ല. ആ ഇഷ്ടം തന്നെയാണ് റോഡ്‌ മൂവികൾ കാണുവാനുള്ള താൽപര്യത്തിനും  കാരണം. എന്നാൽ, പല റോഡ്‌ മൂവികളും കാഴ്ചകൾക്കപ്പുറം  ശക്തമായ ആശയ പ്രകാശനങ്ങൾക്ക്‌  വേദിയാകാറുണ്ട്. സാമൂഹിക അവസ്ഥകളും , രാഷ്ട്രീയ വീക്ഷണങ്ങളും ഇത്തരം സിനിമകളിൽ നമ്മുടെ മനസ്സിനൊപ്പം സഞ്ചാരികളാകാറുണ്ട്. സിനിമയുടെ സൗന്ദര്യത്തിനും , ഒഴുക്കിനും ഭംഗം വരുത്താത്ത രീതിയിൽ ഇത്തരം കാര്യങ്ങളെ  സിനിമാ കാഴ്ച്ചകളുമായും , കഥാപാത്രങ്ങളുമായും കൂട്ടിയിണക്കുക  എന്നത് സിനിമാ സൃഷ്ട്ടാക്കൾക്ക് വെല്ലുവിളി തന്നെയാണ. കണ്ണിനും, കാതിനും , മനസ്സിനും സുഖമേകുന്നതോടൊപ്പം പറയാനുള്ളത് വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുന്ന മികച്ച യാത്രാ അനുഭവമാകുന്നു HOW MUCH FURTHER. ഇക്വഡോറിന്റെ  അതിമനോഹരമായ കുന്നിൻ പുറങ്ങളിലെ ഭൂപ്രകൃതിയെ ആവോളം നുകർന്നുള്ള യാത്രയുമാകുന്നു ഈ സിനിമ.
           അപരിചിതത്വത്തിന്റെ  സംഗമങ്ങൾ ഓരോ നിമിഷവും പാഞ്ഞെത്തുന്ന  യാത്രകൾ അസ്വാദ്യകരമാകുന്നത് അതിന്റെ അപ്രവച്ചനീയത കൊണ്ട് ആവാം. ഈ സിനിമയും, സിനിമയിലെ യാത്രയും മുന്നോട്ട് നീങ്ങുന്നത്‌ TRISTEZA ( ദുഃഖം എന്ന അർഥമുള്ള പേരിനുടമയായ ഇക്വഡോറുകാരി) , ESPERANZA (പ്രതീക്ഷ എന്ന അർഥമുള്ള സ്പെയിൻകാരിയായ ടൂറിസ്റ്റ്) എന്നീ വനിതകളിലൂടെയാണ്. CUENCA എന്ന പ്രദേശം ലക്ഷ്യം വച്ചുള്ള യാത്രയിൽ ബസ്സിൽ വെച്ച് യാദൃശ്ചികമായി കണ്ടു മുട്ടുകയും പരിചയപ്പെടുകയും ചെയ്യുന്നു ഇവർ. അപ്രതീക്ഷിതമായി കടന്നു വരുന്ന ദേശീയ സമരത്തിൽ ഗതാഗതം സ്തംഭിക്കുകയാണ്. തന്റെ ആണ്‍ സുഹൃത്തിന്റെ വിവാഹം തടസ്സപ്പെടുത്താനുള്ള തത്രപ്പാടിലുള്ള TRISTEZA -യും, ഇക്വഡോറിന്റെ സൗന്ദര്യം കണ്ണുകളിൽ ആവാഹിക്കാൻ വെമ്പി നിൽക്കുന്ന ESPERANZA-യും ലക്ഷ്യമണയാൻ മറ്റു പോംവഴികൾ തേടിയിറങ്ങുന്നു.  ഈ യാത്രയിലെവിടെയോ വച്ച് ജീസസ് എന്ന വ്യത്യസ്തനായ വ്യക്തിത്വം അവരുടെ  കൂടെ കൂടുന്നു. മുത്തശ്ശിയുടെ ചിതാ ഭസ്മം CUENCA-യിലെ നദിയിലോഴുക്കുക എന്നതാണ് അയാളുടെ യാത്രയുടെ ഉദ്ദേശ്യം.
               സിനിമ ഉന്നം വെയ്ക്കുന്ന വിഷയങ്ങളിലേയ്ക്ക്‌ വിരൽ ചൂണ്ടുന്നതിനു മുമ്പ് ഈ മൂവർ സംഘത്തിലെ ഓരോരുത്തരെ വരച്ചു നോക്കാം. ആശയാധിഷ്ടിത  കാഴ്ചപ്പാടുകളും , സോഷ്യലിസ്റ്റ് നിലപാടുകളും പ്രസരിപ്പിക്കുന്നവളും , നിലവിലുള്ള എല്ലാ സാമൂഹിക-രാഷ്ട്രീയ  രൂപങ്ങളെയും വെറുക്കുന്ന ബൌദ്ധികതയിലൂന്നിയ ചിന്തകൾ  വഹിക്കുന്ന ഉയർന്ന സാമൂഹിക നിലവാരം ധ്വനിപ്പിക്കുന്ന ഇക്വഡോർകാരിയാണ് TRISTEZA.  യാത്രകളിലൂടെ ആർജ്ജിച്ചെടുത്ത ലോക പരിചയവും , വ്യത്യസ്തങ്ങളായ സാമൂഹിക അവസ്ഥകളെയും കാഴ്ചകളെയും കൌതുകത്തോടെ ചേർത്ത് പിടിക്കുന്ന ഊർജ്ജസ്സ്വലത തുളുമ്പി നിൽക്കുന്നവളുമായ ESPERANZA . യാഥാർത്ഥ്യത്തിന്റെ നിഴലുകൾ ചിലപ്പോഴെങ്കിലും തെളിഞ്ഞ ചിന്തകൾ ഉതിർന്നു വീണ ശബ്ദ സാന്നിധ്യമാകുന്ന ജീസസ്. പ്രണയം , രാഷ്ട്രീയം, ഇക്വഡോറിന്റെ സാമൂഹിക ചുറ്റുപാടുകൾ എന്നിവയെയാണ് സിനിമ ലളിതമായി ചൂണ്ടിക്കാണിക്കുന്നത്. കഥാപാത്രങ്ങൾ വിരളമായ ഈ സിനിമയിൽ അവതരിപ്പിക്കപ്പെടുന്ന ഓരോ കഥാപാത്രങ്ങളും അതിനാൽ തന്നെ പ്രധാന്യമർഹിക്കുന്നവയുമാണ്. സിനിമയിൽ ഇവർ കണ്ടു മുട്ടുന്ന  വ്യക്തിത്വങ്ങളും , അവരുമായുള്ള സംഭാഷണങ്ങളും യാത്രയുടെ ഭാഗമായിട്ടുള്ളവയായി  തോന്നുമെങ്കിലും   , ഈ സംഭാഷണങ്ങളെ സൂക്ഷ്മ വിശകലനത്തിന്റെ അരിപ്പയിൽ അരിച്ചു നോക്കിയാൽ വിരുദ്ധങ്ങളായ വീക്ഷണ തലങ്ങളും, സാമൂഹിക പ്രാതിനിത്യങ്ങളും, പ്രതീക്ഷയറ്റ  ചിന്തകളും, സാമ്പത്തിക-സാംസ്കാരിക പ്രതിസന്ധികളും വ്യക്തമാവും.വിശ്വസനീയമായ ലാളിത്യത്തോടെ ഇക്വഡോർ എന്ന ലാറ്റിനമേരിക്കൻ രാജ്യത്തെ, അതിന്റെ ആകുലതകളെ,   യാഥാർത്ഥ്യങ്ങളെ പ്രേക്ഷകരിലെയ്ക്ക് പകരാൻ ഈ മനോഹര ചിത്രത്തിലൂടെ സംവിധായികയ്ക്ക്‌ കഴിഞ്ഞിരിക്കുന്നു.
              ലാറ്റിനമേരിക്കൻ  സിനിമകൾ ഇഷ്ട്ടപ്പെടാതിരിക്കാൻ കഴിയില്ല എന്ന് പറയുന്നത് വെറുതയല്ല. HOW MUCH FURTHER എന്ന ഈ സിനിമ , കാണാൻ ബാക്കിയുള്ള ലാറ്റിനമേരിക്കൻ  സിനിമകൾ തേടിയുള്ള യാത്രയിലേക്കാണ് നമ്മെ തള്ളിയിടുക.


Tuesday 7 October 2014

YEELEN (BRIGHTNESS) 1987



FILM   : YEELEN (BRIGHTNESS) 1987
COUNTRY   : MALI
GENRE  : FANTASY  DRAMA
DIRECTOR  : SOULEYMANE CISSE

                ഞാൻ ഇതുവരെ കണ്ടിട്ടുള്ള ആഫ്രിക്കൻ സിനിമകളിലൊന്നും  നിഗൂഡാത്മകതയുടെ  ഇരുട്ടും , വെളിച്ചവും നിറഞ്ഞ ആഫ്രിക്കയുടെ ആത്മാവിനെ തൊട്ടറിയാൻ  കഴിഞ്ഞിട്ടില്ല. എന്നാൽ SOULEYMANE CISSE-യുടെ YEELEN (BRIGHTNESS) എല്ലാ അർഥത്തിലും  എന്റെ  ആഗ്രഹം സഫലമാക്കിയ  വിസ്മയക്കാഴ്ച്ചയായി. ആഫ്രിക്കയുടെ സംസ്കൃതിയുടെയും , പൈതൃകങ്ങളുടെയും എല്ലാ വശ്യതയും  കവിഞ്ഞൊഴുകിയ  സിനിമാ അനുഭവം. ആഫ്രിക്ക ഒരു അത്ഭുതമായി തോന്നിയിട്ടുള്ളവർക്ക് ഈ സിനിമയും അത്തരം അനുഭവം നൽകുമെന്ന് തീർച്ച.
     ബ്ലാക്ക് മാജിക്കും, ആഭിചാരങ്ങളും , കല്പിതമാകുന്ന  അതിമാനുഷത്വങ്ങളും നിറം പിടിപ്പിച്ച ആഫ്രിക്കയുടെ ഭൂതകാലത്തിലെവിടെയോ  കാലുറപ്പിച്  നമുക്ക് തുടങ്ങാം. മാലിയിലെ ബംബാര സമൂഹത്തിന്റെ പശ്ചാത്തലത്തിൽ അവതരിക്കുന്ന  ഈ സിനിമ വിദ്വേഷം തികട്ടി നിൽക്കുന്ന ഒരു പിതൃ-പുത്ര  പോരാട്ടത്തിന്റെ  കഥ പറയുന്നു. മറ്റുള്ളവർക്ക്മേൽ  അധീശത്വം സ്ഥാപിക്കാവുന്ന തരത്തിൽ മാന്ത്രിക സിദ്ധികളുള്ള  "സോമ" എന്ന  തന്റെ പിതാവിൽ നിന്നും രക്ഷ നേടാനുള്ള NIANKORO (മകൻ) എന്ന യുവാവിന്റെ ശ്രമങ്ങളാണ് സിനിമയിലുടനീളം. NIANKORO , മാന്ത്രിക സിദ്ധികൾക്ക് ഉടമയാണെങ്കിലും തന്റെ പിതൃസഹോദരനെ കണ്ടെത്തി അയാളുടെയും കൂടി സഹായത്തോടെ കരുത്തനായ പിതാവിനെ എതിരിടുകയാണ് അയാളുടെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനിടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് നമുക്ക് ദൃശ്യ വിരുന്നാകുന്നത്.
             വേഷ-വാസ-ആചാര-ഭൂപ്രകൃതി  എന്നിവയിലെ ആഫ്രിക്കൻ  സൗന്ദര്യത്തെ അനുഭവിപ്പിക്കാൻ ഈ സിനിമയ്ക്കായി. "മാജിക് പോസ്റ്റ്‌" , "കൊറെ വിംഗ്"    എന്നിങ്ങനെ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള മാന്ത്രിക മരനിർമ്മിതികൾ ,  കുല ചിഹ്നങ്ങളും (ഫെറ്റിഷ്) , വിചിത്ര  വിശ്വാസങ്ങളും വേരുറച്ചു പോയ സമൂഹത്തിലെ അവിഭാജ്യക്കാഴ്ച്ചകളാകുന്നു. യുവാവിനൊപ്പം സിനിമ വിശ്രമിക്കുന്ന ഇടങ്ങളിലെല്ലാം വൈവിധ്യമാർന്ന  സമൂഹങ്ങളും , അവരുടെ ജീവിതത്തെയും അടയാളപ്പെടുത്തുന്ന കാഴ്ചകളും  നിറയുന്നു.
              നമ്മെ പിടിച്ചുലയ്ക്കുന്ന ആദ്യ രംഗത്തിനു മുൻപ് സ്ക്രീനിൽ നിറഞ്ഞ അനേകം വാക്കുകളിൽ മനസ്സിൽ പതിഞ്ഞത് ആദ്യം തെളിഞ്ഞ "താപം" , "അഗ്നി" , "പ്രകാശം" എന്നീ മൂന്ന് വാക്കുകളാണ്. അത് കൊണ്ട് തന്നെ എവിടെയും ഇവരെ തെരയുന്ന ജിജ്ഞാസ നമ്മുടെ കണ്ണുകളെ കീഴടക്കിയെന്നും വരാം. ആഭിചാര ക്രിയകളിലും, കൊല്ലന്റെ ആലയിലും, ഭക്ഷണം പാകം ചെയ്യുന്ന ഇടങ്ങളിലും, ശത്രുവിനെതിരെ പോരാട്ടത്തിന്റെ പ്രതിരോധം തീർക്കുന്ന  അടർക്കളങ്ങളിലും  സാന്നിധ്യമറിയിക്കുന്ന  "അഗ്നിയെ"  സംഹാരത്തിന്റെയും , നില നിൽപ്പിന്റെയും  വിരുദ്ധ ധ്രുവങ്ങളിലേയ്ക്ക് കൂട്ടികൊണ്ടു പോകാമെന്ന് സിനിമ വ്യക്തമാക്കുന്നു.
               സിനിമയിലെ ദൃശ്യങ്ങളും, വാക്കുകളും ,ചിഹ്നങ്ങളും,  ചെയ്തികളും   പലപ്പോഴും പലതിന്റെയും പ്രതീകങ്ങളായി തോന്നിയെങ്കിലും , അവ   പ്രാദേശിക ഐതിഹ്യങ്ങളിൽ നിന്നും , വിശ്വാസങ്ങളിൽ നിന്നും കടം കൊണ്ടവയായതിനാൽ  അവയെ പൂർണ്ണമായി വായിചെടുക്കാനായില്ല. സിനിമയുടെ അന്ത്യരംഗങ്ങളിലൊന്നിൽ  സോമയോട് (പിതാവ്)   അശരീരി കണക്കെ മന്ത്രിക്കപ്പെടുന്ന വാചകങ്ങളിൽ  ശക്തി, അധികാരം, നന്മ, വിശ്വാസം , അനീതി എന്നീ വാക്കുകൾ പെറുക്കിയെടുക്കാനായതിനാൽ സിനിമ കേവലം ഫാന്റസിക്കപ്പുറം ആഫ്രിക്കൻ ജനതയോടോ , നമ്മളോടോ  മറ്റെന്തോ സംവദിക്കാൻ ശ്രമിക്കുന്നതായും തോന്നി.
            സിനിമയുടെ അവസാന ദൃശ്യങ്ങളെന്ന പോലെ, സിനിമയുടെ പേരും എന്റെ ചിന്തകളിൽ കിടന്ന് വെളിച്ചം കിട്ടാതെ അലയുകയാണ്.........അന്ധകാരം നിറഞ്ഞ ചിന്തകളിൽ വെളിച്ചത്തിന്റെ കിരണങ്ങൾ വന്നണയും എന്ന പ്രതീക്ഷയിൽ, ആഫ്രിക്കയുടെ ആത്മാവിനെ സ്പർശിക്കുന്ന ഈ സിനിമയെക്കുറിച്ചുള്ള കുറിപ്പിന് വിരാമമിടുന്നു. 


Sunday 5 October 2014

DEATH OF A SHADOW (2012)



FILM  :  DEATH OF A SHADOW (2012) – (SHORT FILM)
COUNTRY :  BELGIUM
GENRE  :  SHORT  FANTASY  DRAMA (20 MINUTES)
DIRECTOR  : TOM VAN AVERMAET

              "ചെറുതാണ് മനോഹരം" എന്ന് പലപ്പോഴും തോന്നാറുണ്ട്. കവിതകളും , കഥകളും ഈ വാക്കുകളെ അന്വർത്ഥമാക്കിയിട്ടുമുണ്ട്. വിസ്മയമുണർത്തുന്ന  ദൃശ്യാനുഭവം ചമച്ച ബെൽജിയൻ ഫാന്റസി  ഷോർട്ട് ഫിലിമായ "DEATH OF A SHADOW" ചെറുതിന്റെ മനോഹാരിതയെ  നമുക്ക് കാട്ടിത്തരുന്നു. സമയ ദൈർഘ്യത്തിലൊഴികെ  ബാക്കിയെല്ലാത്തിലും  വലുതിനോട് തോള് ചേർക്കാവുന്ന മികവ് ഈ  ലഘു ചിത്രം  കാണുമ്പോൾ  വ്യക്തവുമാണ്.
                      സയൻസ് ഫിക്ഷൻ  സിനിമകളെ അനുസ്മരിപ്പിക്കുന്ന ഫ്രൈമുകളിൽ തീർത്ത മായികക്കാഴ്ചകൾ  നമുക്ക് പകരുന്നത് വിചിത്രവും , നവ്യവുമായ അനുഭവങ്ങളാണ്. മരണത്തിന്റെ നിഴലുകൾ ശേഖരിക്കുന്നയാൾക്കും  , അയാളുടെ അടിമ പോലെ നിഴലുകളെ തന്റെ കൈയ്യിലുള്ള ഉപകരണത്തിലേയ്ക്ക് ആവാഹിക്കുന്ന NATHAN എന്ന  സൈനികനുമൊപ്പം ഈ  വിചിത്ര ലോകത്തിലെ  സഞ്ചാരികളാകുന്നു  നമ്മൾ. മരണം തളച്ചിടുന്ന നിഴലുകളുടെ ശേഖരണവും, കാലം ആനയിക്കുന്ന പഴഞ്ചൻ  നിഴലുകളും , ദാരുണാന്ത്യങ്ങളും മൃഗീയതയും സൃഷ്ടിക്കുന്ന ഉത്കൃഷ്ടതകളും  വിചിത്രങ്ങളായ പുതു കാഴ്ച്ചകളാകുന്നു.
               മരണത്തിന്റെ നിഴലുകളെ ഒപ്പിയെടുക്കുന്ന  NATHAN-ന്റെ  ദൌത്യങ്ങൾക്കു  പിന്നിൽ ജീവിതത്തോടുള്ള ആർത്തിയല്ല  , മറിച്ച്  മരണത്തിന്റെ നിശ്ചലതയിലുറച്ച നിഴലിൽ നിന്നും മോചനം കാംക്ഷിക്കുന്ന അനുരാഗ നിമഗ്നമായ  ഹൃദയത്തിന്റെ  ആഗ്രഹങ്ങളാണ്. മരണത്തിന്റെ വശ്യത കുടികൊള്ളുന്ന 10000  നിഴലുകളുടെ വില കൽപ്പിക്കപെടുന്ന  അയാളുടെ ജീവിതത്തിന്റെ വീണ്ടെടുപ്പിനായുള്ള അവസാന ഉദ്യമത്തിൽ അസൂയയോ , വെറുപ്പോ മേൽക്കൈ നേടുന്നതായി തോന്നി. മരണത്തിന്റെയും , ജീവിതത്തിന്റെയും നിഴലുകൾ വേർത്തിരിയുന്ന  വാതിൽപ്പടിയിൽ  ത്യാഗത്തിന്റെ സ്ഥിരം ക്ലീഷേകളെ  താലോലിച്ച്  NATHAN  മരണത്തിൽ നിന്നും,  ജീവിതത്തിലൂടെ വീണ്ടും മരണത്തിന്റെ നിഴലുകളിലെയ്ക്ക്  ചേക്കേറുന്നു.
              "യഥാർത്ഥം" എന്ന വാക്കിനെ ചിന്തകളിൽ നിന്ന് അകറ്റി നിർത്തിയായിരിക്കണം  ഈ കാഴ്ചയിലേയ്ക്ക് പ്രവേശിക്കേണ്ടത്. കാഴ്ച്ചക്കാരനെ  മുഴുവൻ സമയവും കൂടെനിർത്തുന്ന , സങ്കീർണ്ണമെന്ന തോന്നലുളവാക്കുമെങ്കിലും  "ഫാന്ടസിയാണെന്ന" തിരിച്ചറിവിൽ ലാളിത്യം കൈവരുന്ന അപൂർവ്വമായ  ദൃശ്യാനുഭവമാണ് DEATH OF A SHADOW. സിനിമയുടെ സാങ്കേതിക വശങ്ങൾ പുലർത്തിയ  ഉയർന്ന നിലവാരം ഓരോ രംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നു. മരണം "ഏക സത്യമായി" നില കൊള്ളുന്ന  യാഥാർത്ഥ്യത്തിൽ വസിക്കുന്ന നമുക്ക് മുന്നിൽ ജീവിത-മരണങ്ങളുടെ നിഴൽ നാടകങ്ങൾ തീർക്കുന്ന ഈ ലഘുചിത്രം കാണാതെ പോകുന്നത് നഷ്ടം തന്നെയെന്നു തീർച്ച.
               സിനിമ കണ്ടവർക്കും , കാണാത്തവർക്കും  ഈ കുറിപ്പ് അപൂർണ്ണമായ ഒന്നായി തോന്നാം. കാരണം , ഈ സിനിമയെ മാറി നിന്ന് നോക്കിയപ്പോൾ ഞാൻ കണ്ട നിഴലുകളിൽ ചിലത് മാത്രമാണ് ഇവിടെ അക്ഷരരൂപം  ആർജ്ജിച്ചിട്ടുള്ളൂ. നിങ്ങളുടെ ആസ്വാദനത്തിന്റെ തീവ്രതയ്ക്ക് മേൽ  കരിനിഴൽ വീഴ്ത്താതെ ബാക്കി നിഴലുകളെ ഞാൻ ഇരുട്ടിൽ തന്നെ നിർത്തുന്നു.