Monday 31 December 2018

JEZIORAK (2014)


FILM : JEZIORAK (2014)
COUNTRY : POLAND
GENRE : CRIME !!! MYSTERY !!! DRAMA
DIRECTOR : MICHAL OTLOWSKI
         ചില വ്യക്തികളെ കാണാതാവുന്നതോ, ഊരും, പേരുമറിയാത്തയാളുടെ കൊലപാതകമോ ആയിരിക്കും സാധാരണയായി ഒരു ഇൻവെസ്റ്റിഗേഷൻ സിനിമയിലെ ആദ്യ സീനുകളിൽ കാണാനാവുക. എന്നാൽ രണ്ടു പോലീസുകാരുടെ തിരോധാനമാണ് ഈ പോളിഷ് സിനിമയുടെ പ്രേക്ഷകരെ എതിരേൽക്കുന്നത്. അതിൽ ഒരാളാകട്ടെ, പ്രധാന അന്വേഷണ ഉദ്യോഗസ്ഥയുടെ ഭർത്താവുമാണ്. ഒരു സൂചനപോലും ലഭ്യമാകാത്ത അവസ്ഥയിൽ അവരുടെ തിരോധാനത്തിന്റെ നിഗൂഢതയിലേക്ക് ഒരു സ്ത്രീയുടെ മൃതദേഹം കൂടിയെത്തുന്നതോടെ സിനിമയും, അന്വേഷണവും ചലിച്ചു തുടങ്ങുന്നു.
      ഗർഭിണിയായ പോലീസ് ഉദ്യോഗസ്ഥ അവധിയിൽ പ്രവേശിക്കാതെ കേസിനൊപ്പം നീങ്ങുകയാണ്. തനിക്കു ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെ ഊഹങ്ങളിലൂടെയും, അന്വേഷണങ്ങളിലൂടെയും, നിഗമനങ്ങളിലൂടെയും, അപഗ്രഥനത്തിലൂടെയും വഴി തെളിച്ചു കൊണ്ട് പ്രശ്നങ്ങളുടെ ചുരുളഴിക്കാനുള്ള ശ്രമങ്ങളിലാണ് അവൾ. അവൾ വഴിവെട്ടിയ പാതകളിൽ കണ്ടുമുട്ടുന്ന സത്യങ്ങളിൽ ചിലതു അപ്രിയങ്ങളും, അവിശ്വസനീയങ്ങളുമാകുന്നു. അവളുടെ അന്വേഷണം എവിടെയാണ് ചെന്നെത്തുക എന്നതുതന്നെയാണ് സിനിമയുടെ മർമ്മം. ഒരു "WOW" ഫാക്റ്റർ അവകാശപ്പെടാൻ സിനിമയ്ക്കാവില്ലെങ്കിലും , കാണാനുള്ള വകയുണ്ട് ഈ പോളിഷ് സിനിമ എന്ന് തന്നെയാണ് എന്റെ പക്ഷം.

Thursday 20 December 2018

THE TRACE (2011)


FILM : THE TRACE (2011)
GENRE : DRAMA
COUNTRY : TURKEY
DIRECTOR : M. TAYFUR AYDIN
              ക്ഷണികമാണ് ജീവിതം. അടയാളങ്ങൾ ബാക്കിയാക്കണം എന്ന മോഹവും ആ വേഗമാർന്ന പിടച്ചിലുകൾക്കിടയിൽ കുരുത്തത് തന്നെയാവണം. എവിടെയാണവ തീർക്കപ്പെടേണ്ടത്. അടയാളങ്ങൾ ആവശ്യമില്ലാത്ത വിധം തന്നിൽ ലയിച്ച ഇടങ്ങളിൽ തന്നെയാവണം ഓരോരുത്തരും അടയാളങ്ങളായി അവശേഷിക്കേണ്ടത്. ഇത്രയും എഴുതിയത് ഒരു സിനിമയെ പരിചയപ്പെടുത്താനാണ്. 2011-ൽ ഇറങ്ങിയ ദി ട്രെയ്‌സ് എന്ന തുർക്കി സിനിമ, പിറന്ന മണ്ണിൽ ലയിച്ചു ചേരാനുള്ള ഒരു വൃദ്ധയുടെ ആഗ്രഹവും, അതിനായുള്ള തിരിച്ചുപോക്കുമാണ് ദൃശ്യവത്കരിക്കുന്നത്. ആ തിരിഞ്ഞു നടത്തത്തിന് വൈകാരികമെന്നതിനപ്പുറം  മാനങ്ങളുണ്ടെന്നതും, പ്രമേയത്തിന് തീവ്രതയും, വിശാലതയുമേകുന്നു.
             പരസ്പര ബന്ധിതമല്ലാത്ത  രംഗങ്ങളിലൂടെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കഥാപാത്രങ്ങളെ രജിസ്റ്റർ ചെയ്താണ് സിനിമയാരംഭിക്കുന്നത്. പ്രായാധിക്യത്തിന്റെയും, അസുഖങ്ങളുടെയും ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ വൃദ്ധയായ SERISTAN തന്റെ അവസാന ആഗ്രഹം മകനോട് തുറന്നു പറയുകയാണ്. തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോവുകയെന്ന മാതാവിന്റെ ആഗ്രഹം നിറവേറ്റാനായി മകൻ മിർസയ്ക്കും , പേരമകനുമൊപ്പം ഇസ്താംബൂൾ നഗരത്തിൽ നിന്നും യാത്രയാവുന്നതാണ് സിനിമയുടെ പ്രമേയം. യാത്ര എങ്ങനെ അവസാനിക്കും എന്നത് സിനിമയിൽ നിന്ന് തന്നെ അറിയുന്നതാണ് ഭംഗി. വംശീയമായ വേർതിരിവുകളുടെയും, വേവലാതികളുടെയും, വേദന നിറഞ്ഞ ഭൂതകാലത്തേയുമെല്ലാം പ്രേക്ഷകന്റെ ശ്രദ്ധയിലേക്ക് നീക്കിനിർത്തുന്നുണ്ട് THE TRACE .

Thursday 6 December 2018

AN INSPECTOR CALLS (2015)


FILM : AN INSPECTOR CALLS (2015)
COUNTRY : UK
GENRE : DRAMA !!! MYSTERY (TV MOVIE)
DIRECTOR : AISLING WALSH
         1912-ലെ  പശ്ചാത്തലമാണ്  സിനിമയ്ക്കുള്ളത്. ബിർലിംഗ് , ക്രോഫ്റ്റ് എന്നീ കുടുംബങ്ങൾ നാട്ടിലെ ധനാഢ്യരാണ്. ക്രോഫ്ട് കുടുംബാംഗമായ ജറാൾഡ്, ബിർലിംഗ് കുടുംബാംഗമായ ഷീലയുമായുള്ള വിവാഹനിശ്ചയത്തിന്  ഒരുങ്ങുകയാണ്. അതിനായി ഒത്തുചേർന്ന അവരുടെ ഡിന്നർ പാർട്ടിയിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി വരുകയാണ് ഇൻസ്‌പെക്ടർ ഗൂൾഡ്. ഒരു യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ചോദിക്കാനാണ് അയാളെത്തിയിരിക്കുന്നത്.  മനോഹരമാകുമായിരുന്ന ഒരു നിമിഷത്തിലേക്ക് അശുഭ സൂചന നൽകി വരുന്ന ഇൻസ്‌പെക്ടറുടെ ഉദ്ദേശ്യമെന്ത്? ... യുവതിയുടെ  മരണം എങ്ങനെയാണ് ഈ കുടുംബത്തിനോട് ബന്ധപ്പെട്ടിരിക്കുന്നത്?.... സിനിമ തന്നെ രഹസ്യങ്ങളുടെ ചുരുൾ നിങ്ങൾക്കു മുന്നിൽ ഓരോന്നായി നിവർത്തുന്നതാണ്  ഉത്തമം.
        J B പ്രീസ്റ്റലിയുടെ പ്രശസ്തമായ നാടകത്തിന്റെ സിനിമാ ആവിഷ്കാരമാണിത്. സമൂഹത്തിലെ ക്ലാസ്സ് ഹൈറാർക്കിയുടെ ചിന്തകളെയും, രീതികളെയുമെല്ലാം കാണാവുന്ന സിനിമ ,നല്ലൊരു മിസ്റ്ററി അനുഭവമാകുമെന്നതിൽ സംശയമില്ല.

Tuesday 4 December 2018

THE LAST FRIDAY (2011)


FILM : THE LAST FRIDAY (2011)
COUNTRY : JORDAN
GENRE : DRAMA
DIRECTOR : YAHYA ALABDALLAH
          എന്താണ് യഥാർത്ഥ പ്രശ്നം എന്ന് വേർതിരിച്ചെടുക്കാനാവാത്ത തരത്തിൽ സങ്കീർണ്ണമാണ് യൂസഫിന്റെ പ്രശ്‍നങ്ങൾ. വിവാഹ മോചിതനായ അയാൾ ഒരു ഓപ്പറേഷനായുള്ള തയ്യാറെടുപ്പിലാണ്. അതിനു വേണ്ടി നല്ല ഒരു തുക കണ്ടെത്തേണ്ടതുമുണ്ട്. കാർ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന അയാൾക്ക് ഇപ്പോൾ നൽകിയിരിക്കുന്ന ജോലി ഡ്രൈവറുടേതാണ്. സാമ്പത്തിക പ്രതിസന്ധികളിൽ ഉഴറുന്ന അയാളുടെ പ്രശ്നങ്ങളുടെ നിരയിലേക്ക് മകനായ ഇമാദും കയറി നിൽക്കുന്നതോടെ അയാൾക്ക്‌ ചില ഇടപെടലുകൾ നടത്തേണ്ടതായി വരുന്നു.
        യൂസുഫിന്റെ വ്യക്തിപരമായ ഫ്രസ്‌ട്രേഷനുകളെ അയാളുടെ ചെയ്തികളിലൂടെ വെളിവാക്കുന്നുണ്ട് സിനിമ. അയാളെ കൂട്ടുപിടിച്ചിരിക്കുന്ന ഏകാന്തതയെ അകറ്റി നിർത്താനുള്ള അയാളുടെ ആഗ്രഹങ്ങൾ തെളിമയായി തന്നെ പ്രകടമാകുന്നുണ്ട്. സ്നേഹത്തിനപ്പുറം സാമ്പത്തിക ഭദ്രതയെ വരുതിയിലാക്കാൻ കൊതിക്കുന്ന ആധുനിക സാമൂഹ്യ മനസ്സിനെയും സിനിമ സൂചിപ്പിക്കുന്നു. ദാമ്പത്യ ശൈഥില്യങ്ങളുടെ തുടർച്ചകളായി തന്നെയാണ് ഇമാദിന്റെ രീതികളെയും, അവസ്ഥകളെയും കുറിച്ചിടേണ്ടത്. ഭാവിയെക്കുറിച്ചുള്ള ചിന്തകളിൽ ഇമാദിനെയും പരിഗണിക്കുന്നതിനപ്പുറം പരിഹാരങ്ങളെ യൂസുഫിനും ആശ്ലേഷിക്കാനാവുന്നില്ല. ജീവിതവും പ്രശ്നങ്ങളും എല്ലായിടത്തുമുണ്ടെന്ന യാഥാർത്യം തന്നെയാണ് ഈ സിനിമയെ പ്രേക്ഷകനുമായി അടുപ്പിക്കുന്നത്.


            

Sunday 2 December 2018

THE WILD PEAR TREE (2018)


FILM : THE WILD PEAR TREE (2018)
GENRE : DRAMA
COUNTRY : TURKEY
DIRECTOR : NURI BILGE CEYLAN
           വിന്റർ സ്ലീപ് എന്ന ഉഗ്രൻ സിനിമയ്ക്ക് ശേഷം സെയ്‌ലാന്റെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു. "ദി വൈൽഡ് പിയർ ട്രീ" എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ ആ കാത്തിരിപ്പിനെ തൃപ്തിപ്പെടുത്തുന്ന അനുഭവമായി. DRAMA GENRE ഇഷ്ടപ്പെടുന്ന ഏതൊരു സിനിമാസ്വാദകനും കാണേണ്ട കാഴ്ച്ചകളാണ് സെയ്‌ലാൻ സിനിമകൾ എന്ന വിശേഷണത്തെ ഈ സിനിമയും  ഉറപ്പിക്കുന്നു. കഥാപാത്രങ്ങളുടെ ചിന്ത/ജീവിതവീക്ഷണ/സംസ്കാരിക പരവുമായ കോൺഫ്ലിക്റ്റുകളെ പതിഞ്ഞ ആഖ്യാനത്തിൽ മനോഹരമായ ഫ്രെയിമുകൾക്കൊപ്പം ബൗദ്ധികവും, ദാർശനികവുമായ സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കുന്നു ദി വൈൽഡ് പിയർ ട്രീ.
                ബിരുദപഠനം കഴിഞ്ഞു തന്റെ ഗ്രാമത്തിൽ തിരിച്ചെത്തിയ സിനാൻ ആണ് പ്രധാന കഥാപാത്രം. തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കാനും, എഴുത്തുകാരനാവാനും ആഗ്രഹിക്കുന്ന അയാളുടെ സ്വപ്നങ്ങൾക്കും, വേറിട്ട ചിന്തകൾക്കും വിലങ്ങു വെയ്ക്കുന്നത് പിതാവായ ഇദ്രിസിന്റെ ചെയ്തികളിൽ ഉലഞ്ഞു പോയ കുടുംബാന്തരീക്ഷമാണ്. ചൂതാട്ടത്തിനടിമയായ അയാൾ വരുത്തിവെച്ച കടങ്ങൾ ആ കുടുംബത്തെ സാമ്പത്തികമായി തകർത്തിരിക്കുകയാണ്. ഭാവിയെ കുറിച്ച് വ്യക്തത നഷ്ട്ടപ്പെടുന്ന സിനാൻ തന്റെ പുസ്തകം പുറത്തിറക്കാനുള്ള പണം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ്.
                മൂന്നു മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ സിനിമ പല വിഷയങ്ങളെയും സംഭാഷണങ്ങളിലൂടെ ഉൾച്ചേർക്കുന്നുണ്ട്. സംഭാഷണങ്ങളിലെ പങ്കാളികൾ അസ്വസ്ഥരാകുന്നത് പൊതുബോധത്തിന്റെ സ്വീകാര്യതകളെ യുക്ത്യാധിഷ്ഠിതമായും, വ്യക്ത്യാധിഷ്ഠിതമായുമായ മാനങ്ങളെ മുൻനിർത്തി സിനാൻ കോർണർ ചെയ്യുന്നതിനാലാണ്. രാഷ്ട്രീയം, സാഹിത്യം, പ്രണയം, വിശ്വാസം, മൂല്യബോധങ്ങൾ, കുടുംബം എന്നിവയെല്ലാം സംഭാഷണങ്ങളിൽ നിറയുന്നത് വൈവിധ്യമാർന്ന ചിന്തകളുടെ സത്തയെ പ്രേക്ഷകന് ഫിൽട്ടർ ചെയ്തെടുക്കാനുള്ള അവസരം നൽകുന്നു. മഴയും, വേനലും, മഞ്ഞുപൊഴിയലുമെല്ലാം പ്രകൃതിയുടെ വേറിട്ട മുഖങ്ങളായി കണ്ടെടുക്കാമെന്ന പോലെ  ജീവിതത്തിന്റെയും, മനുഷ്യമനസ്സിന്റെയും ഭിന്നഭാവങ്ങളെ  കഥാപാത്രങ്ങളുടെയും, സാഹചര്യങ്ങളുടേയും പരിണാമങ്ങളിലൂടെ ദൃശ്യമാക്കുന്നു ഈ സിനിമ. മനുഷ്യന്റെ അകവും-പുറവും വിശകലനം ചെയ്യുന്നതിലൂടെ മനസ്സിന്റെ വ്യവഹാരങ്ങളെ മുൻനിർത്തി മനുഷ്യാവസ്ഥകളെ അടയാളപ്പെടുത്തുന്നു "ദി വൈൽഡ് പിയർ ട്രീ ".
           ഏതൊരു സെയ്‌ലാൻ സിനിമയെയും പോലെ സിനിമാട്ടോഗ്രഫി ഇവിടെയും മികച്ചു നിൽക്കുന്നു. ഇദ്രിസ് എന്ന കഥാപാത്രം അവതരിപ്പിച്ച നടന്റെ പ്രകടനം മികച്ചു നിന്നു. ആ കഥാപാത്രത്തിന്റെ സൂക്ഷ്മാംശങ്ങൾ വരെ അനായാസമായി അയാൾ പകർന്നു നൽകി. HATICE-മായുള്ള സിനാന്റെ നിമിഷങ്ങൾ സിനിമയിലെ ഏറ്റവും മനോഹരങ്ങളായ കാഴ്ചകളാകുന്നു. വെയിലിൽ കുളിച്ചു കൊണ്ട് കാറ്റിലുലയുന്ന ഇലകളും, ഉള്ള് തുടിക്കുന്ന രണ്ടു മനസ്സുകളും ചേർന്ന് നിൽക്കുന്ന ഫ്രെയിമുകൾ പെയിന്റിംഗ് പോലെ സുന്ദരവുമാകുന്നു. വിന്റർ സ്ലീപ്പിന്റെ മുകളിൽ നിൽക്കുന്ന ഒന്നല്ലെങ്കിലും സെയ്‌ലാന്റെ മികച്ച മൂന്ന് സിനിമകൾ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ എന്റെ ലിസ്റ്റിൽ തീർച്ചയായും ഈ സിനിമയുമുണ്ടാകും.
           ഒറ്റപ്പെടലിന്റെയും, ചേർച്ചയില്ലായ്മയുടെയും, അകൽച്ചയുടെയും, വൈരുദ്ധ്യങ്ങളുടെയും ജീവിതാവസ്ഥകളെ സൃഷ്ടിക്കുന്ന മനുഷ്യ മനസ്സിന്റെ വന്യതകളിലേക്ക് വിരൽ ചൂണ്ടുന്നു ഈ മനോഹരമായ ദൃശ്യാനുഭവം.