Sunday 26 November 2017

I AM NOT SCARED (2003)



FILM : I AM NOT SCARED (2003)
COUNTRY : ITALY
GENRE : MYSTERY !!! DRAMA
DIRECTOR : GABRIELE SALVATORES

                    വിളഞ്ഞു നിൽക്കുന്ന ഗോതമ്പു പാടങ്ങൾ നിറഞ്ഞ ഗ്രാമീണതയുടെ വശ്യസൗന്ദര്യത്തിൽ കുളിച്ചു നിൽക്കുന്ന ഫ്രെയിമുകളിൽ ബാല്യത്തിന്റെ കുസൃതികളോടൊപ്പമാണ് ഈ സിനിമയാരംഭിക്കുന്നത്. സിനിമയിലെ കാഴ്ച്ചകൾക്കും, മനസ്സിനും ഒരു പത്തു വയസ്സുകാരന്റെ ആത്മാംശമുള്ളതായി തോന്നും. വേദനകളും, ആകാംഷകളും, രഹസ്യങ്ങളുമെല്ലാം സിനിമയുടെ ഭാഗമാകുന്നുണ്ടെങ്കിലും ബാല്യത്തിന്റെ നിഷ്ക്കളങ്കതയാണ് സാഹചര്യങ്ങളുടെ പരീക്ഷണങ്ങൾക്ക് ഇരയായി മുന്നോട്ടാഞ്ഞു നിൽക്കുന്നത്.
     മുതിർന്നവരുടെയും, കുട്ടികളുടെയും ശരി-തെറ്റുകൾക്ക് വ്യത്യസ്ത അളവുകോലുകളാണ്. "സാഹചര്യങ്ങൾ" എന്ന ഒറ്റവാക്കിലേക്കു പല തെറ്റുകളും അലിയിച്ചു കളയുന്ന പക്വതയും, തിരിച്ചറിവില്ലായ്മയുടെയും, നിഷ്കളങ്കതയുടെയും സ്വാഭാവികതയായ തെറ്റുകളും രണ്ടു കളങ്ങളിലാണ് ഇടം തേടേണ്ടത്. MICHELE-യുടെ രഹസ്യം മുതിർന്നവരുടെയും രഹസ്യമാണ്. ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിനോട് ചേർന്ന് അവൻ കണ്ടെത്തുന്ന തടവറയിൽ സൗഹൃദം പൂവിടുന്നതോടെ അവന്റെ ഭാവനകൾക്കൊപ്പം നമുക്കും സഞ്ചരിക്കേണ്ടി വരുന്നു. സിനിമയിലെ നിഗൂഢതയുടെ ചുരുളഴിയുന്നതോടെ യാഥാർത്യത്തെ എതിരിടേണ്ടി വരുന്ന MICHELE-യുടെ നിഷ്ക്കളങ്കതയ്ക്ക് തിരിച്ചറിവിന്റെ വെളിച്ചമേറ്റു തുടങ്ങുകയാണ്.
       പ്രധാന കഥാപാത്രമുൾപ്പെടെ എല്ലാ കുട്ടികളും സ്വാഭാവികമായ അഭിനയമാണ് കാഴ്ചവെയ്ക്കുന്നത്. പ്രകൃതിയും ഒരു കഥാപാത്രം പോലെ നിറഞ്ഞു നിൽക്കുന്നു. അതിമനോഹരമായാണ് ഈ സിനിമ വിഷ്വലൈസ് ചെയ്തിരിക്കുന്നത്. സിനിമയുടെ ആകാംഷയ്ക്കും, വേദനകൾക്കും തീവ്രത നൽകുന്നതിൽ പശ്ചാത്തല സംഗീതവും പങ്കുചേരുന്നു. പ്രതീക്ഷിത രീതിയിലല്ല സിനിമയുടെ ക്ളൈമാക്സ് സംവിധായകൻ ഒരുക്കിയതെങ്കിലും അവസാന രംഗം പ്രേക്ഷകന്റെ കണ്ണും, മനസ്സും നിറയ്ക്കുന്നതായിരുന്നു.


Friday 24 November 2017

THE LAW (1990)



FILM : THE LAW (1990)
COUNTRY : BURKINA FASO
GENRE : DRAMA
DIRECTOR : IDRISSA OUEDRAOGO

                      സിനിമയുടെ സാങ്കേതിക വശങ്ങൾക്കു പുറകെ പോകാതെ  മികച്ച സംവിധായകരിലൂടെ ജീവിത ഗന്ധിയായ, പ്രാദേശികതയുടെ ചൂടും ചൂരുമുള്ള സിനിമകൾ ഇറങ്ങുന്ന ഇടമാണ് ആഫ്രിക്ക. കച്ചവട സിനിമകളുടെ ചേരുവകളെ കൈയൊഴിഞ്ഞു നാടിന്റെ സാംസ്കാരിക നിസ്വനങ്ങളെ പുണരുന്ന ജീവിതക്കാഴ്ചകളാണ് ആഫ്രിക്കൻ സിനിമകളെ വേറിട്ടു നിർത്തുന്നത്. 1990 കാൻ ഫെസ്റ്റിവലിൽ ജൂറി പ്രൈസ് കരസ്ഥമാക്കിയ THE LAW എന്ന സിനിമയും  എല്ലാനിലയ്ക്കും "ആഫ്രിക്കൻ" എന്ന സ്വത്വം പേറുന്ന ഒന്നാണ്.
       "SAGA" എന്നയാളാണ് സിനിമയിലെ നായകൻ. വർഷങ്ങൾക്കു ശേഷം നാട്ടിൽ തിരിച്ചെത്തുന്ന അയാൾക്ക് പലതും നഷ്ടമായിരിക്കുന്നു. അയാൾ അവിടെ തുടരുന്നത് കൂടുതൽ നഷ്ടങ്ങളെയാണ് ക്ഷണിച്ചു വരുത്തുന്നത്. പ്രശ്നങ്ങൾ  കൂടുതൽ സങ്കീർണ്ണമാകുന്നതോടെ സിനിമയുടെ താളവും മറ്റൊന്നാകുന്നു.
     "സാമൂഹിക നിയമങ്ങൾ" ആചാരങ്ങളുടെയും, ഗോത്ര സംസ്കാരങ്ങളുടേയുമെല്ലാം മേലങ്കിയണിഞ്ഞു ക്രൂരത അഴിച്ചുവിടുന്ന യാഥാർത്യം ആഫ്രിക്കയുടെ ഭൂതകാലങ്ങളിൽ സാധാരണമായിരുന്നു. പ്രണയം, മരണം, കൊലപാതകങ്ങൾ എന്നിവയിൽ ചിലതെല്ലാം ഇത്തരം നിയമങ്ങളുടെ ചൂടേറ്റവയായിരുന്നു എന്ന സത്യമാണ് ഈ സിനിമ പകരുന്നത്. കഥാതന്തു പരിചിതവും, പുതുമയില്ലാത്തതുമാണെങ്കിലും, സിനിമയുടെ വേറിട്ട പശ്ചാത്തലം അതിന്റെ വിരസതയകറ്റുന്നു. ആഫ്രിക്കൻ സിനിമയിലെ ക്ലാസിക്കുകൾ തേടുന്നവർ തീർച്ചയായും ഈ സിനിമ കാണേണ്ടതുണ്ട് എന്നാണ് എന്റെ പക്ഷം.


Sunday 19 November 2017

THE DEBT (1999)



FILM : THE DEBT (1999)
COUNTRY : POLAND
GENRE : CRIME !!! DRAMA
DIRECTOR : KRZYSTOF KRAUZE

                    "BASED ON TRUE EVENTS" - ഇങ്ങനെയുള്ള ഒരു ടാഗ് മതി സിനിമയിലേക്ക് ആകർഷിക്കപ്പെടാൻ. എന്നാൽ, ആ സിനിമ കണ്ടിരിക്കാനും, ഓർത്തിരിക്കാനും കാരണമാകുന്നത് സംവിധായകൻ അതിനു എങ്ങനെ ദൃശ്യഭാഷ്യം ഒരുക്കുന്നു എന്നതാണ്. യഥാർത്ഥ സംഭവങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടും THE DEBT എന്ന പോളിഷ് സിനിമയ്ക്ക് അർഹിച്ച അംഗീകാരങ്ങൾ  എന്തുകൊണ്ട്  ലഭിച്ചില്ല എന്ന  സംശയവും ഈ കുറിപ്പിനൊപ്പം ചേർക്കുന്നു.
         ചില കഥാപാത്രങ്ങളെ നമ്മൾ വളരെയധികം വെറുക്കും, ചിലരുടെ നിസ്സഹായത നമ്മുടെതാകും, ചിലരെ സഹായിക്കാൻ നമ്മുടെ മനസ്സ് കൊതിക്കും. ചില സിനിമകൾ അങ്ങനെയാണ് പ്രേക്ഷകനെ സിനിമയിലേക്ക് വലിച്ചിടും. ഈ സിനിമ അത്തരമൊരു അനുഭവമാണ് പ്രേക്ഷകന് നൽകുക. മനസ്സുകൊണ്ട് നമ്മൾ കഥാപാത്രങ്ങളുടെ വ്യഥകളെ പിൻപറ്റും. അവരുടെ അസ്വസ്ഥത നമ്മുടേതുമാകും. ഈ സിനിമ രണ്ടു യുവാക്കളുടെ കഥയാണ്. കഥാംശം നിങ്ങളിൽ നിന്നും മറച്ചുപിടിക്കുന്നതാണ് നല്ലതെന്നതിനാൽ ഒറ്റവരിയിൽ ഒതുക്കിപ്പറയാം. ബിസിനസ്സ് സ്വപ്നങ്ങളുമായി ജീവിതം പച്ചപിടിപ്പിക്കാൻ തുനിഞ്ഞിറങ്ങുന്ന രണ്ടു യുവസംരംഭകർ അകപ്പെടുന്ന അഴിയാകുരുക്കുകളിലൂടെയാണ് സിനിമ മുന്നേറുന്നത്. ലളിതമായി തോന്നാവുന്ന പ്ലോട്ടിനെ വളരെ ഗ്രിപ്പിങ് ആയി അവതരിപ്പിക്കാൻ സംവിധായകനായി. അഭിനേതാക്കളുടെ നല്ല പ്രകടനങ്ങളും, മികച്ച ദൃശ്യപരിചരണവും സിനിമയിലെ എടുത്തു പറയേണ്ട മികവുകളാകുന്നു.
     സംരക്ഷണമൊരുക്കേണ്ട വ്യവസ്ഥകൾ നിസ്സംഗമാവുമ്പോൾ, സഹനത്തിന്റെയും, നിസ്സഹായതയുടെയും അതിരുകളിൽ മാനസികമായും, ശാരീരികമായും തളർന്നു വീഴുന്ന കാഴ്ച്ചകൾക്കൊപ്പമാവില്ല നിയമങ്ങളുടെയും, നീതിയുടെയും അതിരുകളെ അളന്നു ജീവിക്കുന്നവർ പോലും. ശരികളും തെറ്റുകളും ആപേക്ഷികമാകുന്ന സാഹചര്യങ്ങളിൽ പ്രേക്ഷകർ എവിടെ ചുവടുവെയ്ക്കും എന്നതും ആപേക്ഷികമാവുന്നു. കഥാപാത്രങ്ങളും, കഥയും സിനിമയ്ക്കു ശേഷവും ഓർമ്മയിൽ കുരുങ്ങുന്ന ഈ "UNDERRATED GEM"-നെ കുറിച്ചുള്ള കുറിപ്പ് ഇവിടെ നിർത്തുന്നു.


Saturday 11 November 2017

WHISPER WITH THE WIND (2009)



FILM : WHISPER WITH THE WIND (2009)
COUNTRY : IRAQ
GENRE : DRAMA
DIRECTOR : SHAHRAM ALIDI

               "യുദ്ധങ്ങൾ" വേദനകളും, തീരാനഷ്ടങ്ങളും, ദുരിതങ്ങളും, ക്രൂരതകളുമല്ലാതെ എന്താണ് ബാക്കിയാക്കുന്നത്‌ എന്ന് ഓർത്തു പോവാറുണ്ട്. യുദ്ധം ഒളിഞ്ഞോ, തെളിഞ്ഞോ ഭാഗമാകുന്ന സിനിമകളുടെ പ്രേക്ഷകനാകുന്ന അവസരങ്ങളിലെല്ലാം ഈ ചിന്തകൾ ശക്തിയാർജ്ജിക്കുകയും, യുദ്ധത്തിന്റെ വേറിട്ട മുഖങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ട്. 80-കളിലെ സദ്ദാം ഭരണകാലത്തിലെ കുർദ്ദിഷ് വംശഹത്യയുടെ പശ്ചാത്തലത്തെ അവതരിപ്പിക്കുന്ന WHISPER WITH THE WIND എന്ന കുർദിഷ് സിനിമയും യുദ്ധങ്ങളുടെ ഭീകരതയെ തന്നെയാണ് വ്യക്തമാക്കുന്നത്. സർറിയൽ ഡ്രാമയെന്ന് വിശേഷിപ്പിക്കാവുന്ന ഈ സിനിമ വേറിട്ട കാഴ്ചാ അനുഭവമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
      "ഉന്മൂലനം" എന്ന ഭീതിയിൽ ജീവിതത്തെ ചേർത്തുപിടിച്ചു നെട്ടോട്ടമോടുന്ന കുർദ്ദുകൾ നിറഞ്ഞ കുന്നിൻ പുറങ്ങളിലൂടെയും, താഴ്വരകളിലൂടെയും സഞ്ചരിക്കുകയാണ് MAM BALADAR. വാർധക്യം ആശ്ലേഷിച്ചു തുടങ്ങിയ അയാളോടൊപ്പം സഞ്ചാരികളാകുന്നത് ശബ്ദങ്ങളാണ്. വ്യഥകളുടെയും, പ്രണയത്തിന്റെയും, പ്രതിഷേധത്തിന്റെയും, നിരാശയുടെയും, വെല്ലുവിളികളുടെയും, പ്രതിരോധത്തിന്റെയും, പ്രതീക്ഷയുടെയും, പ്രാർത്ഥനയുടേയുമെല്ലാം ശബ്ദസന്ദേശങ്ങളുടെ വാഹകനാണയാൾ. ക്രൂരത അഴിഞ്ഞാടുന്ന ഭൂമികയിലൂടെ അയാൾക്കൊപ്പം സഹചാരികളാകുന്ന ശബ്ദങ്ങൾക്ക് കേൾവിക്കാരെ കണ്ടുമുട്ടാനാകുമോ?..... പ്രണയിനിക്കായി കൈമാറുന്ന സന്ദേശത്തിനൊടുവിലെ ചുംബനത്തിന്റെ ചുടുനിശ്വാസമേൽക്കുന്നത്‌ യുദ്ധങ്ങൾ പിരിച്ച കമിതാക്കളുടെ ഹൃദയങ്ങളിലാണ്. ബാല്യത്തിന്റെ കളിചിരികൾ നിറയേണ്ട മൈതാനങ്ങളിൽ മരണത്തിന്റെ നിശബ്ദത നിറഞ്ഞു തുളുമ്പുമ്പോൾ നാം തിരയേണ്ടത് മനുഷ്യനെയാണെന്നു ഓർമിപ്പിക്കുന്നു ഈ സിനിമ.
        യുദ്ധത്തിന്റെ ഭീകരതയെ അതിന്റെ തീക്ഷ്‌ണത ചോരാതെ യുദ്ധാനന്തര സാഹചര്യങ്ങളിലൂടെയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഹിംസകൾ നേരിട്ടു കാണുന്നില്ലെങ്കിലും മുൻപ്-ശേഷം എന്നിവയ്ക്കിടയിൽ നടനമാടുന്ന ക്രൂരതയുടെ ആഴം പ്രേക്ഷകനിലേക്കു ആഴ്ന്നിറങ്ങുക തന്നെ ചെയ്യും. സിനിമയുടെ ആഖ്യാനത്തോടും, വേഗതയോടും ചേർന്നു നിൽക്കുന്ന ദൃശ്യങ്ങളും, ദൈർഘ്യമേറിയ നിശ്ശബ്ദതയ്ക്കിടയിലൂടെ പെട്ടെന്ന് കയറി വരുന്ന പശ്ചാത്തല സംഗീതവും ഈ സിനിമയ്ക്ക് മുതൽക്കൂട്ടാവുന്നു.
      ശരീരത്തിലേൽക്കുന്ന ഉണങ്ങുന്ന മുറിവുകളെക്കാൾ മനസ്സിലേൽക്കുന്ന നീറുന്ന മുറിവുകളാണ് യുദ്ധങ്ങൾ ഇരകൾക്ക് സമ്മാനിക്കുന്നത്. ഈ സിനിമയിലെ കാഴ്ചകളിലുപരി, അവയെക്കുറിച്ചുള്ള ചിന്തകളാണ് നമ്മിലേക്ക്‌ അസ്വസ്ഥതകളെ ക്ഷണിച്ചു വരുത്തുന്നത്. അവസാന രംഗമാണ് ഈ സിനിമയിലെ ഏറ്റവും മികച്ചത്, മനോഹരവും....... 


Sunday 5 November 2017

ELDORADO (2008)



FILM : ELDORADO (2008)
GENRE : DRAMA !! COMEDY !! ROAD MOVIE
COUNTRY : BELGIUM
DIRECTOR : BOULI LANNERS 

          ചില സിനിമകൾ നമ്മുടെ പ്രതീക്ഷകൾക്ക് മുകളിൽ നിൽക്കും. എന്നെ സംബന്ധിച്ചിടത്തോളം അത്തരമൊരു അനുഭവം തന്ന സിനിമയായ ELDORADO എന്ന ബെൽജിയൻ സിനിമയാണ് ഇന്നത്തെ സജഷൻ. ഒരു ബ്ലാക്ക് കോമഡി എന്നതിനേക്കാളും റോഡ് മൂവി എന്ന ലേബലിലാണ് എന്റെ കണ്ണുടക്കിയത്. സംവിധായകനും, രചയിതാവുമായ ആൾ തന്നെ പ്രധാന കഥാപാത്രങ്ങളിലൊന്നായി വേഷമിട്ട ഈ സിനിമയിലെ യാത്ര തുടങ്ങുന്ന സാഹചര്യം രസകരമാണ്. മധ്യവയസ്കനായ യുവാൻ വീട്ടിലെത്തുമ്പോൾ കാണുന്നത് ഭവന ഭേദനം നടന്ന കാഴ്ച്ചയാണ്. അക്രമിയെ പിടികൂടുന്ന അയാൾ നിയമത്തിന്റെ വഴിക്ക് പോകാതെ, ആ യുവാവിനെയും കൂട്ടി ഒരു യാത്ര തുടങ്ങുകയാണ്.
          ബെൽജിയത്തിലെ സുന്ദരമാർന്ന ഗ്രാമാന്തരീക്ഷത്തിലൂടെയുള്ള യാത്രയിൽ അവർ എതിരിടുന്ന കാഴ്ച്ചകളും, കഥാപാത്രങ്ങളും, അവരുടെ ചെയ്തികളും സിനിമയിലേക്ക് പല ഗൗരമേറിയ വിഷയങ്ങളെയും ഉൾച്ചേർക്കുന്നു. നായക കഥാപാത്രത്തിന്റെ പല ചെയ്തികളെയും ഈ യാത്രയിലെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് പ്രേക്ഷകന് ഉൾക്കൊള്ളാനാവുക. ചില ജീവിത നന്മകളെ പ്രേക്ഷകനിലേക്കു സന്നിവേശിപ്പിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ സംവിധായകൻ ശ്രമിക്കുന്നതായി തോന്നി.
      ഏതൊരു റോഡ് മൂവിയിലെയും പോലെ മനോഹരമാർന്ന ഫ്രെയിമുകൾ ഈ സിനിമയിലും കാണാവുന്നതാണ്. കഥാപാത്രങ്ങളുടെ അപൂർണ്ണത സിനിമയുടെ പുരോഗതിക്കനുസരിച്ചു തെളിഞ്ഞു വരുമെങ്കിലും, പ്രേക്ഷക വ്യാഖ്യാനങ്ങൾക്കുള്ള ഇടങ്ങൾ അവശേഷിപ്പിച്ചാണ് ELDORADO-യിലെ കാഴ്ച്ചകൾ ഇരുട്ടിന് വഴിമാറുന്നത്.