Saturday 16 March 2019

HEIDI (2015)


FILM : HEIDI (2015)
GENRE : FAMILY DRAMA
COUNTRY : SWITZERLAND
DIRECTOR : ALAIN GSPONER
            ചിലയാളുകൾക്കു ചുറ്റും നന്മയുടെയും, സന്തോഷത്തിന്റെയും ഒരാവരണമുണ്ടാകും. അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് അത് പ്രസരിക്കുകയും ചെയ്യും.  കുട്ടികളുടെ കാര്യവും  അങ്ങനെയാണ്. അവരുടെ നിഷ്ക്കളങ്കതയിലേക്ക് നോക്കുമ്പോൾ  നമ്മളിൽ നിന്ന് നഷ്ടപ്പെട്ടുപോയ നന്മകളെ തിരിച്ചറിയാനും നമുക്കാവും. സന്തോഷം  ഭൗതികമായ സമൃദ്ധിയാലാണ് നിലകൊള്ളുന്നതെന്നത് പൊള്ളയായ യാഥാർത്യമാണെന്ന് പലപ്പോഴും നാം തിരിച്ചറിയുന്നത് അനുഭവങ്ങളിലൂടെയാണ്. അത്തരം അനുഭവങ്ങളെ കണ്ടുമുട്ടുന്ന യാത്ര തന്നെയല്ലേ ജീവിതം.
             HEIDI  നിഷ്ക്കളങ്കതയുടെ മറ്റൊരു പേരാണ്. ഇഷ്ടപെടാതിരിക്കാനാവാത്ത വിധം സുന്ദരമാണ് അവളുടെ ചെയ്തികൾ. കണ്ണിനും, മനസ്സിനും കുളിർമയേകി ആൽപ്സിന്റെ വശ്യമായ താഴ്‌വരയിൽ തുള്ളിച്ചാടി നടക്കുന്ന ഹെയ്‌ദിയുടെ കുസൃതികളാണ് ഈ സിനിമ. അവൾക്കൊപ്പം നടക്കുമ്പോൾ ഗൃഹാതുരതയും, വൈകാരികതയും, വാത്സല്യവും, സ്നേഹവും, നന്മയുമെല്ലാം നമ്മെ തലോടുന്നതായി അനുഭവപ്പെടും. അച്ഛനും അമ്മയും നഷ്ടപ്പെട്ട ഹെയ്ദിക്ക് മലനിരകളിൽ ഒറ്റയ്ക്ക് ജീവിക്കുന്ന ദേഷ്യക്കാരനായ മുത്തശ്ശനൊപ്പം കഴിയേണ്ടി വരുന്നു. ആടിനെ മേച്ചും പുതിയ സൗഹൃദങ്ങൾ തീർത്തും രസിച്ചു നടക്കുന്ന അവളെ അമ്മയുടെ ബന്ധു അവിടെ നിന്നും മറ്റൊരു വീട്ടിലേക്ക് മാറ്റുകയാണ്. കൊട്ടാരം പോലെയുള്ള ഒരു വീട്ടിൽ സമപ്രായക്കാരിയും, ഭിന്നശേഷിക്കാരിയുമായ കുട്ടിക്ക് കൂട്ടായെത്തുന്ന അവളുടെ സാംസ്‌കാരിക അന്തരങ്ങൾ രസകരമായ നിമിഷങ്ങൾ സമ്മാനിക്കുന്നു. പുതിയ വീട്ടിൽ ഹെയ്ദി സന്തോഷവതിയാണോ?....... എല്ലാ സൗകര്യങ്ങൾക്കുമിടയിൽ ജീവിക്കുമ്പോഴും, വന്യതയുടെ ഇളംവെയിലേറ്റ് പൂക്കളുടെ സൗരഭ്യം നുകർന്ന്, പുൽമേടുകളിൽ ഓടിനടന്നിരുന്ന നിമിഷങ്ങളെ ഓർത്തു അവൾ സങ്കടപ്പെടുമോ?....... അവളുടെ പുതിയ കൂട്ടുകാരിയെ ഉപേക്ഷിക്കുവാൻ അവൾക്കാകുമോ?...... ഇക്കാര്യങ്ങളൊക്കെ മനസ്സ് നിറയ്ക്കുന്ന ഈ സിനിമ കണ്ടുതന്നെ മനസ്സിലാക്കുന്നതാവും നല്ലത്.
            ഒട്ടേറെ സിനിമകൾക്കും, സീരീസുകൾക്കും ജീവനേകിയ HEIDI എന്ന  നോവലിന്റെ ഏറ്റവും മികച്ച അവതരണങ്ങളിൽ ഒന്നായാണ് ഇതിനെ പരിഗണിക്കുന്നത്. ബ്രൂണോ ഗാൻസിനെ പോലെയുള്ള പ്രതിഭകളുടെ സാന്നിദ്ധ്യവും, ആൽപ്സിന്റെ സൗന്ദര്യം ആവാഹിച്ച ദൃശ്യങ്ങളും, നിർമ്മലമായ സംഗീതവുമെല്ലാം തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളിലൊന്നാക്കി ഈ സിനിമയെ മാറ്റുന്നു.

             

Thursday 14 March 2019

NO DATE, NO SIGNATURE (2018)


FILM : NO DATE, NO SIGNATURE (2018)
COUNTRY : IRAN
GENRE : DRAMA
DIRECTOR : VAHID JALILVAND
       മനുഷ്യന്റെ മനസ്സിനെക്കുറിച്ചാണ് സിനിമ ഓർമ്മിപ്പിച്ചത്. അതിന്റെ നിഗൂഢതകളെ കുറിച്ചാണ് ചിന്തിപ്പിച്ചതും. ജീവിതത്തിന്റെ സങ്കീർണ്ണതകളെ അതിസങ്കീർണ്ണതകളിലേക്ക് വലിച്ചിഴച്ചു ജീവിതത്തെ കീഴ്‌മേൽ മറിച്ചിടാനുള്ള അതിന്റെ ശേഷിയെക്കുറിച്ചാണ് ഈ സിനിമ ആശങ്കപെടുത്തുന്നത്. NO DATE NO SIGNATURE എന്ന ഉഗ്രൻ ക്യാരക്ടർ സ്റ്റഡിയെ പറ്റിയാണ് ഇത്രയും പറഞ്ഞത്. അസ്ഗർ ഫർഹാദിയുടെ സിനിമകൾ പകരുന്ന അനുഭവങ്ങൾക്ക് സമാനമായ അനുഭവമാണ് 2018 -ൽ ഇറങ്ങിയ ഡ്രാമ GENRE-ലുള്ള ഈ സിനിമ പ്രേക്ഷകന് സമ്മാനിക്കുന്നത്.
      ലീഗൽ മെഡിസിൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് Dr നരിമാൻ. അയാളുടെ വാഹനം ഒരു ബൈക്കുമായി ചെറിയ തോതിൽ ആക്സിഡന്റാവുന്നു. ദമ്പതികളും രണ്ടു കുഞ്ഞുങ്ങളുമടങ്ങിയ ബൈക്ക് യാത്രികർക്ക് കാര്യമായ പരിക്കുകളൊന്നും ഇല്ലാതിരുന്നതിനാൽ അവിടെ വച്ചുതന്നെ ഒത്തുതീർപ്പാക്കുകയാണ്. ദിവസങ്ങൾക്കു ശേഷം ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ടേബിളിൽ കിടക്കുന്ന എട്ടു വയസ്സുകാരന്റെ മുഖവും , പേരും നരിമാന്റെ കണ്ണിലും, മനസ്സിലും ഉടക്കുന്നിടത്ത്  സിനിമ പ്രേക്ഷകന്റെ ചിന്തകളിലും പിടി മുറുക്കുന്നു.
       ജീവിത പരിസരങ്ങളിലെ സാഹചര്യങ്ങളെയും , സൂക്ഷ്മതകളെയും സമർത്ഥമായി സിനിമാ ഭാഷയിലേക്ക് പടർത്തി പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന ഇറാനിയൻ ശൈലിയുടെ തുടർച്ച തന്നെയാണ് ഈ സിനിമയിലും കാണാനാവുന്നത്. നിയമത്തിന്റെ കാർക്കശ്യങ്ങൾ, സാമ്പത്തിക-സാമൂഹിക അന്തരങ്ങൾ, എന്നിവയും പ്രബലതയോടെ എഴുന്ന് നിൽക്കുന്ന സിനിമ, മനസ്സിന്റെ പ്രേരണകളിൽ സംഭവിക്കുന്ന ചെറിയ കാര്യങ്ങൾ പോലും സങ്കീർണ്ണതകളുടെ കോലാഹലങ്ങളിലേക്ക് വഴിനടത്തുമെന്ന് കാണിച്ചു തരുന്നു. അധികാര ബോധങ്ങളും, ഈഗോകളും, ദേഷ്യവും, ധർമ്മസങ്കടങ്ങളും, കുറ്റബോധവും, അപകർഷതയുമെല്ലാം മനസ്സിനെ പലതായി പകുത്തെടുക്കുന്ന യാഥാർത്യങ്ങൾ തന്നെയാണ് കഥാപാത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.അഭിനേതാക്കളെല്ലാം അഭിനയിച്ചു വിസ്മയിപ്പിച്ച സിനിമ ക്യാരക്ടർ സ്റ്റഡികൾ ഇഷ്ടപ്പെടുന്ന എന്നിലെ പ്രേക്ഷകനെ ഏറെ  തൃപ്തിപ്പെടുത്തിയെന്നു പറയാം. ഇറാനിയൻ സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ടതാണ് NO DATE NO SIGNATURE  എന്നാണ് എന്റെ തോന്നൽ.......