Saturday 24 December 2016

IFFK-2016 :-- അനുഭവങ്ങളും, കാഴ്ചകളും, ഓർമ്മകളും.

IFFK-2016 :-- അനുഭവങ്ങളും, കാഴ്ചകളും, ഓർമ്മകളും.
മേളയെക്കുറിച്ചു പറയാനുള്ളത് 
                
   
മേളയ്‌ക്കെത്തിയവരുടെയെല്ലാം മുഖത്ത് സന്തോഷം തെളിഞ്ഞു കാണാമായിരുന്നു. ഒരു വർഷം നീണ്ട കാത്തിരിപ്പിന് വിരാമമായതാണ് ചിലരുടെ സന്തോഷത്തിന് കാരണമെങ്കിൽ ആദ്യ ഫെസ്റ്റിവലിന്റെ ആവേശമാണ് പുതുമുഖങ്ങളെ ആവേശിച്ചിട്ടുള്ളത്. സാഹചര്യങ്ങൾ അനുകൂലമാകണേ എന്ന പ്രാർത്ഥനയ്ക്കൊപ്പം വ്യക്തിപരമായ പലകാര്യങ്ങളെയും മുൻകൂട്ടി പ്ലാൻ ചെയ്താണ് ഓരോ സിനിമാപ്രേമിയും ഡിസംബറിനെ കാത്തിരിക്കുന്നത്. വൈവിധ്യമാർന്ന സിനിമാ കാഴ്ചകളെന്ന പോലെ സമാന മനസ്കരോടൊപ്പമുള്ള സൗഹൃദ നിമിഷങ്ങളുമാണ് തിരക്കിനിടയിലും ഇവിടേയ്ക്ക് ഓടിയെത്താൻ ആളുകളെ പ്രേരിപ്പിക്കുന്നത്.
             എന്റെ മൂന്നാമത്തെ മാത്രം IFFK യായിരുന്നു ഇത്തവണത്തേത്. സെലക്ടീവ് ആയി തന്നെയാണ് ഇത്തവണയും സിനിമകൾ കണ്ടത്. ഡെലിഗേറ്റുകളുടെ എണ്ണം കൂടിയതും, ഒരു തീയേറ്ററിൽ നിന്ന് മറ്റൊന്നിലേക്ക് ഓടിയെത്താനുള്ള ബുദ്ധിമുട്ടും ചിലസ്ഥലങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർബന്ധിതനാക്കി. അതുകൊണ്ടു തന്നെ ഒരു ഫെസ്റ്റിവൽ മൂഡ് പൂർണ്ണമായി അനുഭവിക്കാൻ ഇത്തവണ കഴിഞ്ഞില്ല. മുഖ്യധാരാ സിനിമാ കാഴ്ചകളിൽ നിന്ന് വിഭിന്നമായി സാമൂഹിക ഇടപെടലായി കല മാറുന്നതിന്റെ സാക്ഷ്യപത്രങ്ങളായിരുന്നു IFFK-യിലെ പല സിനിമകളും. ഇത്തരം സിനിമകളുടെ കാഴ്ചക്കാരായി എത്തുന്നവരുടെ  വേഷങ്ങളിലും, ചെയ്തികളും, ഭിന്നതയുടെ  അടയാളങ്ങൾ ദർശിക്കാനായി. അവയിൽ പലതും പ്രകടന പരതയുടെ കോമാളിത്തരങ്ങളാവുന്നുണ്ടെങ്കിലും ചിന്തയിലും ആശയങ്ങളിലും ഇവർ ഒരുമ പുലർത്തുന്നുണ്ടെന്നതാണു പ്രാധാന്യമർഹിക്കുന്ന കാര്യം. തീവ്രദേശീയത അടിച്ചേൽപ്പിക്കപ്പെടുന്ന ഇക്കാലത്ത് ഇത്തരം മേളകൾ അവഗണിക്കാനാവാത്തതു തന്നെയാണ്. സ്ക്രീനിലും, പുറത്തുമുള്ള കാഴ്ചകൾ ഒരു ആഗോള പൗരനെന്ന നിലയിൽ നോക്കികാണുമ്പോൾ അസ്വസ്ഥതയുണ്ടാക്കുന്നവ തന്നെയായിരുന്നു.
          യുവത്വത്തിന്റെ സാന്നിദ്ധ്യം ഓരോ മേളയിലും കൂടിവരുന്നതായി തോന്നുന്നു. നവമാധ്യമങ്ങളുടെയും, സിനിമാ ക്ലബ്ബുകളുടെയും ഇടപെടൽ തന്നെയാവണം ഇതിനു കാരണം. സമൂഹത്തിന്റെ സ്വത്വത്തെ സ്വാധീനിക്കുന്നത് എന്ന നിലയിൽ കലയെ പ്രതിഷ്ഠിക്കുമ്പോൾ, നമ്മെ അലോസരപ്പെടുത്തുന്ന സാമൂഹിക യാഥാർത്യങ്ങൾക്കെതിരെ ആശയപരമായി യുവത്വത്തെ സജ്ജമാക്കാൻ സിനിമ പോലുള്ള ദൃശ്യവായനകൾക്ക് വലിയ പങ്കു നിർവ്വഹിക്കാനുണ്ട്. ആ അർഥത്തിൽ യുവത്വത്തിന്റെ ആധിക്യത്തെ സ്വാഗതം ചെയ്യുന്നവരാണ് മുതിർന്ന സിനിമാസ്വാദകർ. വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു ഭരണകൂടം പലരീതിയിൽ അതിരു കൽപ്പിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് പൊതുബോധങ്ങളെ വീണ്ടെടുക്കുന്നതിന് കലയും, കലാകാരനും, ആസ്വാദകരും ഒരുമിക്കേണ്ടതിനെ ആവർത്തിച്ച് ഉറപ്പിക്കുന്നതായിരുന്നു ഇത്തവണത്തെ മേളാനുഭവങ്ങൾ.

എന്റെ ഇഷ്ടങ്ങൾ 
                   മുഴുവൻ ദിവസങ്ങളും മേളയുടെ ഭാഗമാകാൻ കഴിഞ്ഞില്ലെങ്കിലും, ഞാൻ കണ്ട 18 സിനിമകളിലെ ഇഷ്ട സിനിമകളെ ചെറുതായി പരിചയപ്പെടുത്തുന്നു.
CLASH (2016, MOHAMED DIAB, EGYPT, POLITICAL THRILLER)
            മേളയ്ക്ക് മുമ്പേ പലരും പറഞ്ഞു കേട്ട സിനിമയായിരുന്നതിനാൽ വളരെ പ്രതീക്ഷയോടെയാണ് ക്ലാഷ് കണ്ടത്. സമകാലിക ഈജിപ്ഷ്യൻ രാഷ്ട്രീയത്തെ അടയാളപ്പെടുത്താൻ ശ്രമിച്ച ക്ലാഷ് പ്രതീക്ഷ തെറ്റിച്ചില്ല. സ്ഥാനഭ്രംശം ചെയ്യപ്പെട്ട മോർസി സർക്കാരിനു ശേഷമുള്ള ഈജിപ്ഷ്യൻ തെരുവിന്റെ കലാപ കലുഷിത അന്തരീക്ഷത്തിന് നടുവിൽ നിൽക്കുന്ന ഒരു ഫീലാണ് സിനിമ നൽകുന്നത്. പട്ടാളത്തെ പിന്തുണക്കുന്നവരും, മുസ്ലിം ബ്രദർഹുഡ് പ്രവർത്തകരും, പത്രക്കാരും, വിപ്ലവകാരികളും, നിലപാടില്ലാത്തവരുമെല്ലാം അകപ്പെട്ട ഒരു പോലീസ് വാഹനത്തിനുള്ളിലെ സംഭവങ്ങളും, സംഭാഷണങ്ങളും, കലാപത്തിന്റെ പുറംകാഴ്ചകളുമാണ് ഈ സിനിമയെ ഉഗ്രൻ കാഴ്ചയാക്കുന്നത്. രാഷ്ട്രീയ, മത, ലിംഗ, ദേശ ഭിന്നതകളുടെ രൂക്ഷതയെ ആ വാഹനത്തിന്റെ നാല് അതിരുകൾക്കുള്ളിൽ അനുഭവിപ്പിക്കാൻ ഈ സിനിമയ്ക്കാവുന്നു. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും നിലനിൽപ്പിന്റെ അനിവാര്യതയിൽ "മനുഷ്യത്വം" നേർത്ത സാന്നിധ്യമായി വെളിച്ചം കാണുന്നു. രാജ്യത്തിന്റെയും, പൗരന്റെ ജീവിതത്തെയും കീഴ്മേൽ മറിക്കുന്ന പലതിന്റെയും നിരർഥകതയെ ദ്യോതിപ്പിക്കുന്നു ക്ലാഷ്. ഒരു പൊളിറ്റിക്കൽ സിനിമ എന്ന രീതിയിൽ ഇതിന്റെ രാഷ്ട്രീയ നിലപാടുകളെ വിലയിരുത്താൻ ആ രാജ്യത്തിന്റെ രാഷ്ട്രീയ സംഭവവികാസങ്ങളെ സൂക്ഷ്മ തലത്തിൽ പിന്തുടരേണ്ടതുണ്ട്. അത്തരത്തിൽ സിനിമ വ്യക്തമാക്കുന്നതോ, മറച്ചുപിടിക്കുന്നതോ ആയ രാഷ്ട്രീയ സൂചനകളെക്കൂടി വിലയിരുത്തേണ്ടത് അനിവാര്യവുമാണ്‌. 

COLD OF KALANDAR (2015, TURKEY, MUSTAFA KARA, DRAMA)

                            ഇപ്രാവശ്യത്തെ എന്റെ ആദ്യ കാഴ്ചയായിരുന്നു തുർക്കി സിനിമയായ കോൾഡ് ഓഫ് കലന്ദർ. അതിമനോഹരങ്ങളായ ഫ്രെയിമുകൾ കൊണ്ട് സമ്പന്നമായ ഈ സിനിമ മലഞ്ചെരുവിൽ ഒറ്റപ്പെട്ട് കഴിയുന്ന മെഹ്‌മത്-ന്റെയും കുടുംബത്തിന്റെയും കഥപറയുന്നു. വളരെ സാവധാനത്തിൽ നീങ്ങുന്ന ഈ സിനിമയിൽ പ്രകൃതിയും പല സീസണുകളിലൂടെ ഒരു കഥാപാത്രമായി മാറുന്നു. ഏവരുടെയും പരിഹാസത്തിനും, കുറ്റപ്പെടുത്തലിനും വിധേയമാകുന്ന മെഹ്‌മത് , അയാളെ തിരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കഠിനാദ്ധ്വാനിയായ ഭാര്യ, രണ്ടു ആൺമക്കൾ , വൃദ്ധയായ മാതാവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ജീവിതത്തോടും, പ്രകൃതിയോടും അതിജീവനത്തിനായി മല്ലിടുന്ന മെഹെമത് നിസ്സഹായാവസ്ഥയ്ക്കിടയിലും പ്രതീക്ഷയുടെ തിരിനാളം മനസ്സിൽ അവശേഷിപ്പിക്കുന്നയാളാണ്. ഭാര്യയുടെ പരാതികളെ അവഗണിക്കാൻ കഴിയാത്ത ദൈന്യത അയാളിൽ നിഴലിക്കുന്നുണ്ടെങ്കിലും പ്രതീക്ഷയുടെ വെളിച്ചമേന്തി അയാൾ മലകയറികൊണ്ടേയിരിക്കുന്നു. സിനിമയ്ക്കനുസരിച്ചുള്ള സിനിമാറ്റോഗ്രഫി ശ്രദ്ധേയമായി തോന്നി. പലപ്പോഴും അന്വേഷണങ്ങൾക്ക് തടസ്സം നിൽക്കുന്ന പ്രകൃതിയും, സ്വകാര്യ വേദനയും മേഹമെത്തിന്റെ യാത്രകൾക്ക് ശുഭാന്ത്യം കുറിക്കുന്ന മനോഹാരിതയിൽ നമ്മുടെയും മനസ്സു നിറയ്ക്കുന്ന അനുഭവമാകുന്നു കോൾഡ് ഓഫ് കലന്ദർ. 
 
THE CURSED ONES (GHANA, NANA OBRI-YEBOH/CLAUSSES , DRAMA THRILLER)
               ആഫ്രിക്കയെന്നു കേൾക്കുമ്പോൾ മനസ്സിലേക്കെത്തുന്ന ചിത്രങ്ങളാണ് THE CURSED ONES സമ്മാനിക്കുന്നത്. മിത്തുകളുടെയും, ആചാരങ്ങളുടെയും, ആഘോഷങ്ങളുടെയും തടവറകളിൽ ഉഴറുന്ന ആഫ്രിക്കൻ ജീവിതത്തെ വ്യക്തമാക്കുന്നു ഈ സിനിമ. ഒരു ആഘോഷം റിപ്പോർട്ട് ചെയ്യാനായി ഉൾഗ്രാമത്തിലെത്തുന്ന റിപ്പോർട്ടറുടെ നരേഷനുകളിലൂടെയും, അന്വേഷണങ്ങളിലൂടെയും, അനുഭവങ്ങളിലൂടെയുമാണ് ഈ സിനിമ സഞ്ചരിക്കുന്നത്. അന്ധവിശ്വാസങ്ങളുടെയും, ആചാരങ്ങളുടെയും പിടിയിലമർന്ന ജനതയെ ചൂഷണം ചെയ്യുന്ന മതമുൾപ്പെടെയുള്ള അധികാര വ്യവസ്ഥകളുടെ അവിശുദ്ധ ബാന്ധവങ്ങളെ കണ്ടില്ലെന്നു നടിക്കാൻ കഴിയാതെ വരുമ്പോൾ ആ റിപ്പോർട്ടർക്ക് ഇടപെടാതിരിക്കാൻ കഴിയുന്നില്ല. ആഫ്രിക്കയുടെ പ്രതീക്ഷയും, രക്ഷയും വിദ്യാസമ്പന്നരായ യുവതലമുറയിലാണെന്നു വിളിച്ചു പറയുന്ന സാന്നിധ്യമാകുന്ന യുവ പാസ്റ്റർക്കൊപ്പം അനീതിക്കും, അഴിമതിക്കുമെതിരെ പോരാടുകയാണ് അയാൾ. മിത്തുകളെ പിൻപറ്റി വൈവിധ്യമുള്ള കാഴ്ചകൾ ഒരുക്കുമ്പോഴും തങ്ങളുടെ ജനതയ്ക്ക് മേൽ വിവേകത്തിന്റെ വെളിച്ചം പതിഞ്ഞു തിരിച്ചറിവിന്റെ ഉണർവ്വ് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ആഫ്രിക്കൻ സംവിധായകർ. അവരുടെ അങ്ങനെയുള്ള ശ്രമങ്ങളിലൊന്നായി ഈ സിനിമയെയും വിശേഷിപ്പിക്കാം.
IT’S ONLY THE END OF THE WORLD (2016, FRANCE, XAVIER DOLAN)
                  കഥാപാത്രങ്ങളുടെ മനോനിലകളെ പ്രതിഫലിപ്പിക്കുന്ന രംഗങ്ങളാലും, സംഭാഷണങ്ങളാലും നിറഞ്ഞ ഈ സിനിമ പലർക്കും ഇഷ്ടമായില്ല എന്ന് തോന്നി. ചിലർ ബഹളമയം, അസഹനീയം എന്നൊക്കെ വിശേഷിപ്പിക്കുന്നതും കേട്ടു. പക്ഷെ എനിക്കിത് മികച്ച സിനിമയായാണ് അനുഭവപ്പെട്ടത്‌. ഏറെക്കാലത്തെ അകൽച്ചയ്ക്കു ശേഷം തന്റെ കുടുംബത്തെ സന്ദർശിക്കുന്ന എഴുത്തുകാരനും, അയാളുടെ സന്ദർശനം സൃഷ്ടിക്കുന്ന വൈകാരിക സംഘർഷങ്ങളുമാണ് സിനിമയുടെ ഉള്ളടക്കം. അയാളുടെ മടങ്ങി വരവിന്റെ ലക്ഷ്യം പൂർത്തീകരിക്കാനാവാത്ത വിധം സങ്കീർണമാണ് അകൽച്ചയുടെയും, അവഗണനയുടെയും വേദനയനുഭവിച്ച കുടുംബ മനസ്സ്. കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളെ അടയാളപ്പെടുത്തുന്ന സിനിമയായതിനാൽ ക്ലോസ്സപ്പ് ഷോട്ടുകൾ ധാരാളം കാണാം. സംഭാഷണങ്ങളെ സൂക്ഷ്മമായി പിന്തുടർന്നാൽ മാത്രമേ സിനിമയ്ക്കൊപ്പം നീങ്ങാനാവൂ. അഭിനേതാക്കളുടെ പ്രകടനങ്ങളും മികച്ചതായിരുന്നു. പ്രേക്ഷകനെ പിടിച്ചിരുത്താൻ പ്രയാസമുള്ള ഒരു വിഷയത്തെ നല്ല രീതിയിൽ ചിത്രീകരിക്കുന്നതിൽ സംവിധായകൻ വിജയിച്ചു എന്നാണ് എന്റെ പക്ഷം.

WAREHOUSED (MEXICO, JACK ZAGHA KABABIE, COMEDY !! DRAMA)

          കഥാപാത്രങ്ങളും സംഭവ വികാസങ്ങളും വളരെകുറവായ ലാളിത്യമാർന്ന ഒരു സിനിമയാണ് WAREHOUSED. സിനിമയുടെ പേരുപോലെ ഒരു വെയർഹൗസിനുള്ളിൽ രണ്ടു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്. റിട്ടയർമെന്റിന് അഞ്ചു ദിവസം മാത്രം ശേഷിക്കുന്ന ഒരു മുതിർന്ന ജോലിക്കാരനും, അയാൾക്ക് ശേഷം ചുമതലയേൽക്കാൻ ഒരുങ്ങുന്ന യുവാവുമാണ് പ്രധാന കഥാപാത്രങ്ങൾ. അവരുടെ ജോലിയെക്കുറിച്ചുള്ള യാഥാർത്യവും, സംഭാഷണങ്ങളും പ്രേക്ഷകനെ ചിരിപ്പിക്കുന്നതിനൊപ്പം ചിലപ്പോഴെങ്കിലും ചിന്തിപ്പിക്കുകയും ചെയ്യുന്നു. പഴമയിൽ ഉറച്ചു നിൽക്കുന്ന പഴയ തലമുറയും, ഉടച്ചു വാർക്കലുകൾക്കു ചുക്കാൻ പിടിക്കുന്ന പുതുതലമുറയും കഥാപാത്രങ്ങളിൽ നിഴലിക്കുന്ന പ്രതിനിധാനങ്ങളാവുന്നു. ജോലിയോടുള്ള മനോഭാവവും, മനുഷ്യത്വവും കാലത്തിന്റെയോ, തലമുറകളുടെയോ മാറ്റങ്ങൾക്ക് വിധേയമാക്കേണ്ടവയല്ല എന്ന ഓർമ്മപ്പെടുത്തലും ഈ സിനിമയുടെ ചാരുതയാവുന്നു. രണ്ടുപേരുടെയും ഉജ്ജ്വല അഭിനയമാണ് പുറം കാഴ്ചകൾ വിരളമായ ഈ സിനിമയെ ഒരിക്കൽ പോലും വിരസതയിലേക്ക് തള്ളിയിടാതിരുന്നതിന്റെ കാരണം. വളരെ പതിഞ്ഞ താളത്തിലുള്ളതാണെങ്കിലും കാണേണ്ട കാഴ്ച തന്നെയാണ് WAREHOUSED. 

I, DANIEL BLAKE (2016, UK, KEN LOACH, DRAMA)

           കാൻ ഫെസ്റ്റിവലിലെ പാം ദോർ പുരസ്കാരത്തിന്റെ പകിട്ടിലെത്തിയ I, DANIEL BLAKE ചിരിയും, ചിന്തയും, നൊമ്പരവും നൽകുന്ന കാഴ്ചയായി. സർക്കാരിന്റെ നയങ്ങളും, ബ്യുറോക്രസിയുടെ രീതികളും സാധാരണക്കാരുടെ ജീവിതത്തെ ദുഷ്കരമാക്കുന്ന കാഴ്ചയാണ് ഈ സിനിമയിൽ കാണാനായത്. ജോലി ചെയ്യാൻ UNFIT-ആയി വിധിക്കപ്പെട്ട ഡാനിയേൽ തനിക്ക് ലഭിക്കേണ്ട അനുകൂല്യങ്ങൾക്കായ് അലയുകയാണ്. സിനിമയിലെ ഡയലോഗുകളും, രംഗങ്ങളും പ്രേക്ഷകനിൽ ജനിപ്പിക്കുന്ന ഓരോ ചിരിയും ചിന്തകളിലേക്കാണ് വഴിനടത്തുന്നത്. അധികാരികളുടെ അനാസ്ഥ കാരണം കഷ്ടതയിലാവുന്ന സ്ത്രീ കഥാപാത്രവും കുട്ടികളും ഡാനിയേലിന്റേത് ഒറ്റപ്പെട്ട സാഹചര്യമല്ല എന്നതിന് നേർസാക്ഷ്യമാകുന്നു. സമാന ദുഖിതരായ അവർക്കിടയിൽ രൂപപ്പെടുന്ന ബന്ധം സിനിമയിലെ നല്ല നിമിഷങ്ങളാകുന്നു. സ്റ്റോറിലെ രംഗവും, സിനിമയിലെ അവസാന ഭാഗങ്ങളുമെല്ലാം പ്രേക്ഷകന്റെ കണ്ണ് നനയിക്കുന്നവയായിരുന്നു. വികസിത-മുതലാളിത്ത മേനിപറച്ചിലുകൾക്കിടയിൽ ചർച്ച ചെയ്യാതെയോ, കാണാതെയോ പോവുന്ന യാഥാർഥ്യങ്ങളെ സമർത്ഥമായി തുറന്നു കാട്ടുന്നു ഈ സിനിമ. സിനിമയ്ക്ക് ശേഷം ഉയർന്ന നിലയ്ക്കാത്ത കൈയ്യടികൾ സിനിമ അർഹിച്ചതു തന്നെയായിരുന്നു.

DAUGHTER (2016, IRAN, REZA MIRKARIMI, DRAMA)

        ഇറാനിയൻ സിനിമകളോട് ഒരു പ്രത്യേക ഇഷ്ടം തന്നെ തോന്നാറുണ്ട്. കുടുംബ ബന്ധങ്ങളിലെയും, സാമൂഹിക പരിസരങ്ങളിലെയും സംഭവങ്ങളെ ലളിതമായ രീതിയിൽ മനോഹരമായി അവതരിപ്പിക്കാൻ അവർക്ക് പ്രത്യേക കഴിവാണ്. തിരക്കഥയുടെ മികവിലൂടെ കോംപ്ലക്സ് ആയ ഇമോഷൻസിനെപ്പോലും ലളിതമായ അവതരണത്തിലൂടെ ആസ്വാദ്യകരമാക്കുന്ന മാന്ത്രികതയാണ് ഇറാനിയൻ സിനിമകളുടെ മുഖമുദ്ര. ഇത്രയും പറഞ്ഞത് IFFI-ൽ സുവർണ്ണ മയൂരം കരസ്ഥമാക്കിയ ഡോട്ടർ എന്ന ഇറാനിയൻ സിനിമയേക്കുറിച്ചു സൂചിപ്പിക്കുവാനാണ്. യാഥാസ്ഥികതയുടെ പുറന്തോടിനുള്ളിലെ പിതൃ-പുത്രി ബന്ധത്തിന്റെ തലങ്ങളായും, ഒതുക്കപ്പെട്ട സ്ത്രീ സ്വാതന്ത്ര്യമായും സിനിമയുടെ രംഗങ്ങളെ വിശകലനം ചെയ്യാമെന്ന് തോന്നി. കണിശക്കാരനായ പിതാവിന്റെ വരിഞ്ഞു മുറക്കലിൽ നിന്നുമുള്ള ഒഴിഞ്ഞു മാറലാകുന്ന മകളുടെ യാത്ര സൃഷ്ടിക്കുന്ന സങ്കീർണ്ണതകളിലൂടെ കഥാപാത്രങ്ങളെ അടുത്തു പരിചയിക്കാൻ നമുക്ക് അവരം ലഭിക്കുന്നു. സിനിമയുടെ പ്രധാന വിഷയമായ സ്വാതന്ത്ര്യത്തെ ഒരു റിലീജിയസ് ലേബലിലല്ല അഡ്ഡ്രസ്സ്‌ ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സിനിമയുടെ അവസാന ഭാഗങ്ങളിലെ വൈകാരിക രംഗങ്ങളെ തന്മയത്വത്തോടെ  ബാലൻസ് ചെയ്ത് അവതരിപ്പിക്കുന്നതും, പിതാവിന്റെ സങ്കടം മകളുടെയും വേദനയാകുന്നതും സിനിമയുടെ ആശയ വ്യക്തതയെ എവിടെ പ്രതിഷ്ഠിക്കണമെന്ന സന്ദേഹമുണ്ടാക്കാം. ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം എന്ന് തീർത്തു പറയാവുന്ന സൂചനകളെ സിനിമ മുന്നോട്ടു നിർത്തുന്നില്ല. എങ്കിലും ഇന്നലെകളിൽ നിന്ന് വ്യത്യസ്തമായ പുലരികളെക്കുറിച്ചുള്ള പ്രതീക്ഷ മകൾക്കും, നമുക്കും സമ്മാനിക്കാനും സിനിമ മറക്കുന്നില്ല. ഈ IFFK-യിലെ മികച്ച കാഴ്ചകളിൽ ഒന്ന് ഡോട്ടർ ആയിരുന്നു എന്ന് നിസ്സംശയം പറയാം. 

SINK (2016, SOUTH AFRICA, BRETT MICHAEL INNES, DRAMA)

      മനസ്സിനെ അസ്വസ്ഥമാക്കിയ സിനിമയായിരുന്നു SINK. ക്രിസ്-മിഷേല ദമ്പതിമാരുടെ മുന്നിലിരിക്കുന്ന വേലക്കാരിയായ റേച്ചലിന് എടുക്കേണ്ടി വരുന്ന തീരുമാനത്തിന്റെ ഗൗരവം പിന്നീടാണ് നമുക്ക് മനസ്സിലാക്കാനാവുന്നത്. റേച്ചലിന്റെ തീരുമാനം മൂന്നു പേരെയും വളരെ സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്കാണ് നയിക്കുന്നത്. ഇവരുടെ ജീവിതത്തെ വിഷാദത്തിലാഴ്ത്തുന്ന സംഭവം ഒരു സസ്പെൻസായി അവശേഷിപ്പിക്കാതെ തന്നെയാണ് സിനിമ മുന്നേറുന്നത്. കഴിഞ്ഞതും, നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങളെ മികച്ച രീതിയിൽ ഇടകലർത്തി കാഴ്ചക്കാരനെയും കഥാപാത്രങ്ങളുടെ വൈകാരിക പ്രക്ഷുബ്ധതയിൽ തളച്ചിടാൻ ഈ സിനിമയ്ക്കാവുന്നു. സിനിമയിലെ പല രംഗങ്ങളെയും പ്രേക്ഷകനിലേക്ക് ആഴ്ന്നിറങ്ങാൻ സഹായിക്കുന്നത് പശ്ചാത്തലത്തിൽ മുഴങ്ങുന്ന ശബ്ദങ്ങളാണ്. മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളെ പരിഗണിക്കുമ്പോൾ ഈ സിനിമയുടെ പ്ലോട്ടിന് യൂണിവേഴ്സാലിറ്റി അവകാശപ്പെടാം. തീയേറ്റർ ഒന്നടങ്കം ശ്വാസമടക്കിപിടിച്ചിരുന്നു കണ്ടതിന്റെ കാരണങ്ങളിലൊന്ന് ഇത് നമുക്കിടയിലും സംഭവിക്കാമെന്നത് തന്നെയാവാം. 

GOODBYE BERLIN (2016, GERMANY, FATIH AKIN )
            ഗഹനമായ പ്രമേയങ്ങൾ വിഷയമായ മേളക്കാഴ്ചകൾക്കിടയിൽ കുളിർമ്മ നൽകിയ അനുഭവമായിരുന്നു FATIH AKIN-ന്റെ GOODBYE BERLIN. റോഡ് മൂവി ഗണത്തിൽ പെടുത്താവുന്ന ഈ സിനിമ കണ്ണിനും, കാതിനും വിരുന്നാവുന്നു. സ്വരച്ചേർച്ചയിലല്ലാത്ത ദമ്പതികളുടെ മകനായ മൈക്ക് ക്ലാസിലെ സുന്ദരിയായ പെൺകുട്ടിയുടെ ശ്രദ്ധ പിടിച്ചു പറ്റാനാവാത്തതിന്റെ അപകർഷതയിലാണ്. പുതുതായി ക്ലാസിലെത്തുന്ന റഷ്യൻ വംശജനായ TSCHIK എന്ന കുട്ടി ആരെയും  കൂസാത്ത ഒറ്റയാനാണ്. ഇവർ രണ്ടു പേരും ഒരു വേനലവധിയിൽ ആകസ്മികമായി ഒരുമിക്കുകയും ഒരു  യാത്ര പോവുകയും ചെയ്യുന്നു. മോഷ്ടിച്ച കാറിലാണ് യാത്രയെന്നത് അവരുടെ യാത്രയെ കൂടുതൽ സാഹസികമാക്കുന്നു. ഏതൊരു റോഡ് മൂവിയിലേയും  പോലെ യാത്രയിലെ കാഴ്ചകളും, യാത്രാനുഭവങ്ങളുമാണ് ഈ സിനിമയിലെയും ഉള്ളടക്കം. ആവേശത്തിന്റെയും, സന്തോഷത്തിന്റെയും പാതയിലൂടെ കുതിച്  തിരിച്ചറിവിന്റെയും, സ്വയം കണ്ടെത്തലിന്റെയും തീരത്തേക്ക് വേദനയുടെയും വഴി കടന്നാണ് അവരെത്തുന്നത്. വിസ്മയകരമായ ഒരു അവധിക്കാലം അവരുടെ സ്വന്തമാകുമ്പോൾ മനോഹരമായ സിനിമക്കാഴ്ചയാണ് നമുക്ക് ലഭിക്കുന്നത്.

WHEN THE WOODS BLOOM (2016, INDIA, Dr.BIJU)
             ഇപ്രാവശ്യത്തെ മേളയിൽ ഞാൻ കണ്ട ഏക മലയാള സിനിമയായിരുന്നു ബിജുവിന്റെ കാട് പൂക്കുന്ന നേരം. നിറഞ്ഞു കവിഞ്ഞ തീയേറ്ററിലിരുന്ന് കാണാനായ ഈ സിനിമ ചർച്ച ചെയ്യുന്ന പ്രമേയം കേരളത്തിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. എതിർപ്പുകളെയും, ചെറുത്തുനിൽപ്പുകളെയും, ആശയ-അഭിപ്രായ ഭിന്നതകളെയും   രാജ്യദ്രോഹത്തിന്റെ ചാപ്പയടിച്ചു കരിനിയമങ്ങളുടെ ദ്രംഷ്ടകളുപയോഗിച്ചു കീഴ്‌പ്പെടുത്തി ഇല്ലായ്മ ചെയ്യുന്ന ഭരണകൂട ഭീകരതയുടെ കാലത്ത്‌ സംഭവിക്കേണ്ട അനിവാര്യതയാകുന്നു കാട് പൂക്കുന്ന നേരം. അവകാശ ധ്വംസനങ്ങളും, വിവേചനങ്ങളും, ചൂഷണങ്ങളും തുടർക്കഥയാകുമ്പോൾ ഉയരുന്ന നിലവിളികളിലെ ഒറ്റപ്പെട്ട മുദ്രാവാക്യങ്ങളെ അടർത്തിയെടുത്ത് രാജ്യസുരക്ഷയുടെ പുകമറ സൃഷ്ടിച്ചു ആയുധങ്ങൾ കൊണ്ട് നിശബ്ദത സൃഷ്ടിക്കുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റിലും കാണാനാവുന്നത്. പരിസ്ഥിതി-ദളിത്-പിന്നോക്ക സമരങ്ങളെയെല്ലാം ജനാധിപത്യ വിരുദ്ധ പോരാട്ടങ്ങളായി ഉയർത്തിക്കാട്ടിയാണ് കാലാകാലങ്ങളിൽ ഭരണകൂടങ്ങൾ പൊതുബോധത്തെ ഹൈജാക്ക് ചെയ്യുന്നത്. ഇങ്ങനെ സൃഷ്ടിച്ചെടുക്കുന്ന പൊതുബോധത്തിന്റെ തണലിൽ നിന്ന് കൊണ്ടാണ് പോലീസിനെ ഉപയോഗിച്ച് അവർ മനുഷ്യവേട്ട നടത്തുന്നത്. ഇത്തരത്തിലുള്ള പൊള്ളുന്ന സത്യങ്ങളുടെ തുറന്നു പറച്ചിലാവുകയാണ് കാട് പൂക്കുന്ന നേരം.

കൂട്ടിച്ചേർക്കാനുള്ളത് 
          ദി സെയിൽസ് മാൻ, ദി നെറ്റ്, നെരൂദ എന്നിവയായിരുന്നു ഇത്തവണത്തെ എന്റെ പ്രധാന നഷ്ടങ്ങൾ. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു പറയാനുള്ള ഒരു കാര്യം  ഡെലിഗേട്സിന്റെ എണ്ണത്തിനനുസരിച്ചു തീയേറ്ററുകളിൽ സീറ്റ് വർദ്ദിപ്പിച്ചില്ലെങ്കിൽ മേളയുടെ നടത്തിപ്പിനെ അത് ബാധിക്കുക തന്നെ ചെയ്യും എന്നതാണ്. യുവതയുടെ കുത്തൊഴുക്ക് നല്ല സൂചനയെന്ന രീതിയിൽ പ്രോത്സാഹിപ്പിക്കേണ്ടതാണെങ്കിലും അസ്ഥാനത്തുള്ള കൈയ്യടികളും, അടക്കം പറച്ചിലുകളും, ഫോൺ വിളികളും ഇത്തവണത്തെ ഫെസ്റ്റിവൽ കാഴ്ചകളിലെ രസം കൊല്ലികളായി. പഴയ സൗഹൃദങ്ങൾ പുതുക്കാനും, പുതിയവ സൃഷ്ടിക്കാനും ഈ മേളയും കാരണമായി. എല്ലാം ഒത്തുവന്നാൽ ഇനി അടുത്ത ഡിസംബറിൽ കാണാം........


                     

1 comment:

  1. വളരെ
    വിശദമായ
    വിശകലനങ്ങൾ ....
    നന്ദി ഭായ്

    ReplyDelete