Saturday 12 December 2015

IFFK -2015 അനുഭവങ്ങൾ

IFFK -2015 അനുഭവങ്ങൾ 
നമ്മുടെ മേള , എന്റെ ചിന്തകൾ  
           ഡിസംബർ മാസത്തിനായ് കാത്തിരിക്കുന്നത് തണുത്ത പുലരികൾക്കായുള്ള കൊതി കൊണ്ടല്ല, മറിച്ച് ദൃശ്യഭാഷയുടെ വർണ്ണക്കൂട്ടിലും, താളപ്പെരുക്കങ്ങളിലും ലയിച്ചു ചേരാനുള്ള കടുത്ത ആഗ്രഹം കൊണ്ടാണ്.2014-ൽ മൂന്നു ദിവസങ്ങളിലൊടുങ്ങിയ എന്റെ മേളക്കാഴ്ചകളെ നാല് ദിവസമായി നീട്ടാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഇത്തവണ നാട്ടിൽ നിന്നും വണ്ടി കയറിയത്. ഒരു തീയേറ്ററിൽ നിന്നും മറ്റൊന്നിലേക്കുള്ള ഓട്ടം ആസ്വാദ്യകരമാകുന്നത് അവിടെ കാത്തിരിക്കുന്ന വേറിട്ട കാഴ്ചകൾ നൽകുന്ന അനുഭൂതി മൂലമാണ്. സാംസ്കാരിക ചിഹ്നങ്ങളും, രാഷ്ട്രീയാവസ്ഥകളും, ജീവിതാനുഭവങ്ങളുമായി തൂവെള്ള സ്ക്രീൻ കലങ്ങി മറിയുമ്പോൾ  പ്രേക്ഷകന്റെ മനസ്സും, ചിന്തയും ദേശ-ഭാഷാ വേലിക്കെട്ടുകൾ മറികടന്നുള്ള പ്രയാണങ്ങളിലും   വ്യാഖ്യാനങ്ങളിലും അഭിരമിക്കുന്നു. വീക്ഷണങ്ങളും, ആസ്വാദനതലങ്ങളും അതിരുകളിലേക്ക് ചേക്കേറുമ്പോൾ അവയ്ക്കൊപ്പം ഓടിയെത്താൻ കഴിയുന്ന പ്രേക്ഷക സമൂഹത്തെ ഒരുമിപ്പിക്കാനാകുന്നു എന്നതാണ് ഇത്തരം മേളകളുടെ പ്രസക്തിയും, സൗന്ദര്യവും. ആസ്വാദന തലം സിനിമയ്ക്കനുസരിച്ച്  പരുവപ്പെടുത്താനാകുന്നവർക്കൊപ്പം കാഴ്ചകളെ കണ്ണുകൊണ്ടും  ചിന്തകളുമായും നുകരാനാവുക എന്നതാണ് എന്നെപ്പോലുള്ളവരുടെ ഭാഗ്യവും.
                 കയ്യൂക്കുള്ളവൻ കാര്യക്കാരനായ കഴിഞ്ഞ മേളാനുഭവങ്ങളുമായി ഒത്തുനോക്കുമ്പോൾ ഇത്തവണത്തെ റിസർവേഷൻ സംവിധാനം ഒരളവുവരെ  ഫലപ്രദമായി എന്ന് പറയാം. കാലുകുത്താൻ ഇടമില്ലാത്ത വിധം നിറഞ്ഞു കവിഞ്ഞ തീയേറ്ററുകളിലാണ് കഴിഞ്ഞ തവണ ഒട്ടു മിക്ക സിനിമകളും കണ്ടതെങ്കിൽ ഇത്തവണ അത്തരം അനുഭവങ്ങൾ വളരെ ചുരുങ്ങി. DELEGATES-ന്റെ എണ്ണം കൂടിയെങ്കിലും പല നല്ല സിനിമകളും ഒഴിഞ്ഞ കസേരകൾക്കൊപ്പം കാണേണ്ടിയും വന്നു. ബഹുസ്വരതയും, വ്യത്യസ്ത ചിന്തകളും സമ്മേളിക്കുന്ന ഇത്തരം വേദികളെ സംവാദങ്ങൾക്കും, ചർച്ചകൾക്കും , സാംസ്കാരിക ഇടപെടലുകൾക്കുമുള്ള ഇടങ്ങളായി മാറ്റുകയും നിലനിർത്തുകയും ചെയ്യേണ്ടതുണ്ട്. സഹിഷ്ണുതയും ആഖ്യാന-അഭിപ്രായ സ്വാതന്ത്ര്യങ്ങളും മെലിഞ്ഞു വരുന്ന സാഹചര്യത്തിൽ തുറന്നു പറച്ചിലുകൾ ഉച്ചത്തിൽ ഉയരേണ്ടത് ഇത്തരം വേദികളിലാണ്. ലോകത്തിലെ തന്നെ മികച്ച മേളകളിൽ ഒന്നായ IFFK സിനിമ കാണാൻ മാത്രമുള്ള ഒരു വേദിയായി മാറുന്നു എന്ന ആശങ്ക ചെറിയ തോതിൽ ബാക്കിയാക്കിയാണ് ഇത്തവണത്തെ മേള കടന്നു പോയത്.
                     സിനിമയെ ഗാഡമായി പ്രണയിക്കുന്നവരുടെ സൗഹൃദമാണ് IFFK നല്കുന്ന മറ്റൊരു അനുഭവം. അവരുടെ വാക്കുകൾക്ക്  കാതോർക്കുക എന്നത് സിനിമ കാണുന്നപോലെ ആസ്വാദ്യകരമാണ്. കഥയും, കഥയില്ലായ്മകളും, ആഖ്യാനവും, വ്യാഖ്യാനങ്ങളും, ഇൻവിസിബിൾ എഡിറ്റിങ്ങും, സിനിമയുടെ കാന്തികതയും, മാസ്റ്റേഴ്സിന്റെ ക്രാഫ്റ്റും അവരുടെ വാക്കുകളിൽ അവതരിച്ചപ്പോൾ എന്റെ അജ്ഞതയിൽ നേരിയ പ്രകാശം പരന്നു.സമാധാനമല്ല ജീവിതത്തിൽ ഏറ്റവും മഹത്തരമായത് മറിച്ച്, സമാധാനമില്ലായ്മയുടെ കുത്തൊഴുക്കിൽ തുഴഞ്ഞു മുന്നേറുന്നതാണ് എന്ന തിരിച്ചറിവ് പകർന്ന KEISLOWSKI-യുടെ സിനിമയെക്കുറിച്ച്  സംസാരിച്ച കണ്ണൂർ സ്വദേശിയുമായുള്ള സംഭാഷണങ്ങൾ ഓർമ്മയിൽ തങ്ങിനിൽക്കുന്നു. സിനിമ ഭ്രാന്തമായി ആവേശിച്ച, ലോകസിനിമയുടെ എൻസൈക്ലോപീഡിയ എന്നു വിശേഷിപ്പിക്കാവുന്ന ആ യുവാവിൽ നിന്ന് കാലം നമുക്കായ് ഏറ്റവും മികച്ചത് കണ്ടെടുക്കുമെന്ന് പ്രത്യാശിക്കാം.       
             കൂവലുകളുടെയും , അടക്കം പറച്ചിലുകളുടെയും  അസഹനീയതയില്ലാതെ പൂർണ്ണമായും സിനിമയിൽ മുഴുകാനുള്ള അസുലഭ അവസരമാണ് മേളയിലെ സിനിമാ കാഴ്ച്ചകൾ. സിനിമയ്ക്കിടയിലെ ചെറിയ കയ്യടികളും, സിനിമയ്ക്ക് ശേഷമുള്ള വലിയ കയ്യടികളും അത്തരം ലയിച്ചു ചേരലിന്റെ  പ്രത്യക്ഷ തെളിവുകളാണ്. ശീതീകരിച്ച തീയേറ്ററിനുള്ളിലെ സുഖലോലുപതയിൽ ഇരിക്കുന്ന നമ്മുടെ തണുത്ത ചിന്തകളെ ചൂടുപിടിപ്പിക്കുന്നത് സ്ക്രീനിൽ നിറയുന്ന ദൃശ്യങ്ങളിൽ നിന്നും വമിക്കുന്ന ചുടുകാറ്റാണ്.
മേളയിലെ സിനിമാ കാഴ്ചകൾ - എന്റെ ഇഷ്ടങ്ങൾ  
          നാല് ദിവസത്തിനുള്ളിൽ 17 സിനിമകൾ മാത്രമേ കാണാൻ സാധിച്ചുള്ളൂ. അവയിൽ മികച്ചവ എന്ന് എനിക്ക് തോന്നിയവയെ  നിങ്ങൾക്കായ് പരിചയപ്പെടുത്താൻ ഒരു ചെറിയ ശ്രമം. 
 NAHID (2015) – (IRAN , DIR : IDA PANAHANDEH)
               ഇറാനിലെ സാമൂഹിക പശ്ചാത്തലത്തിൽ പ്രതീക്ഷിക്കാവുന്ന ജീവിതാവസ്ഥകളുടെ അടയാളങ്ങളാണ് നാഹിദ് ബാക്കിയാക്കുന്നത്. അസന്തുഷ്ടിയും അസ്വസ്ഥതയും അവശേഷിപ്പിച്ച ഭൂതകാലത്തിനും , സന്തോഷവും സമാധാനവും പ്രതീക്ഷിക്കാവുന്ന ദാമ്പത്യത്തിലേക്ക് നടന്നടുക്കുന്ന പ്രണയത്തിനും ഇടയിലാണ് നാഹിദ് എന്ന യുവതി. മകനെ നഷ്ടപ്പെടുമെന്ന ആശങ്ക അവളുടെ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളും, സ്ത്രീ പക്ഷ സിനിമകളും ഇറാനിൽ നിന്നുണ്ടാകുന്നതിനു കാരണമായ സാഹചര്യങ്ങളെ ചെറിയ തോതിൽ ഈ സിനിമ ചൂണ്ടിക്കാണിക്കുന്നു. ഭരണകൂടവും, നിയമങ്ങളും ഒരുക്കുന്ന സാമൂഹിക ചട്ടക്കൂടിൽ ഒതുങ്ങേണ്ടി വരുന്ന സ്ത്രീയുടെ സ്വാതന്ത്ര്യ ദാഹം നാഹിദിൽ കണ്ടെടുക്കാം.ഇരമ്പുന്ന കടലിന്റെ വിശാലതയെ നോക്കി നിൽക്കുന്ന നാഹിദിനെ പലപ്പോഴും കാണുന്നത് കടലിന് അഭിമുഖമായി നിൽക്കുന്ന ഹോട്ടലിലെ ടെലിവിഷൻ സ്ക്രീനിലാണ്. സാമൂഹികാവസ്ഥകളുടെ മതിലുകൾക്കുള്ളിൽ ഞെരുങ്ങേണ്ടി വരുന്ന സ്ത്രീകളുടെ ജീവിത മോഹങ്ങളെയാവാം ഇത്തരം രംഗങ്ങളിലൂടെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നത്. "EVEN PRISONERS GET FRESH AIR"  എന്നത് പോലുള്ള പരാമർശങ്ങൾ സ്ത്രീ വിരുദ്ധമായ അവസ്ഥകളോടുള്ള പ്രതിഷേധങ്ങളായി വ്യാഖ്യാനിക്കാം. അവസാന ഭാഗത്ത്‌ മണ്ണിൽ പതിഞ്ഞ കാലടികളിലേയ്ക്ക് നോക്കുന്ന നാഹിദിൽ പുഞ്ചിരി വിടരുന്നുണ്ടെങ്കിലും യാഥാർത്യത്തിന്റെ നാലതിരുകൾ ഇപ്പോഴും നിലനിൽക്കുന്നു എന്നത് തന്നെയാണ് സത്യം.
DEGRADE (2015) – (PALESTINE, DIR : AHMED ABOU NASSER, MOHAMMED ABOU NASSER) 
                   രാഷ്ട്രീയം മാറ്റിവെച് ഒരു സിനിമ സാധ്യമല്ലാത്ത വിധമാണ് പലസ്തീനിലെ അവസ്ഥ. ജീവിതത്തിന്റെ എല്ലാ തലങ്ങളെയും അവിടത്തെ കലുഷിതമായ രാഷ്ട്രീയാവസ്ഥ സ്വാധീനിക്കുന്നു. വെടിയൊച്ചകളൊഴിയാത്ത GAZA STRIP-ലെ ബ്യൂട്ടി പാർലറിന്റെ പശ്ചാത്തലമാണ് ഈ സിനിമയുടേത്. വൈദ്യുതിയില്ലാത്ത ഒരു ദിവസത്തിൽ റഷ്യൻ വംശജയായ ക്രിസ്ടീനയുടെ ബ്യൂട്ടി പാർലറിൽ എത്തുന്ന സ്ത്രീ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയാണ് ഈ പലസ്തീൻ സിനിമ നമ്മെ പിടിച്ചിരുത്തുന്നത്. സമൂഹത്തിലെ വ്യത്യസ്ത പ്രതിനിധാനങ്ങളായി ഓരോ കഥാപാത്രങ്ങളും മാറുമ്പോൾ സമൂഹത്തിന്റെ ചെറിയ പതിപ്പായി ബ്യൂട്ടിപാർലറിന്റെ അകത്തളം മാറുന്നു. തെരുവിലെ അശാന്തിയുടെ കോലാഹലങ്ങൾക്കിടയിൽ പുറത്തിറങ്ങാൻ കഴിയാതെ വരുന്ന അവരുടെ സംഭാഷണങ്ങളിൽ പ്രണയം, ദാമ്പത്യം, പരദൂഷണങ്ങൾ  എന്നിവയ്ക്കൊപ്പം രാഷ്ട്രീയവും കലരുന്നു. ഇസ്രയേലും, ഹമാസും, തെരുവ് സംഘങ്ങളും, പട്ടാളവുമെല്ലാം ഭീതിയുടെയും, വെറുപ്പിന്റെയും വിത്തുകൾ ഒരു പോലെ പാകുന്നു എന്നാ ധ്വനി ഈ സിനിമയേകുന്നു. വിശ്വാസിയെ നിലവിലുള്ള രാഷ്ട്രീയാവസ്ഥകളുടെ കാരണമാക്കുന്ന  യുക്തികളെ ഖണ്ഡിക്കുന്നു DEGRADE. പുറത്ത് ഭീകരത നടനമാടുമ്പോഴും തങ്ങളുടെ വാക്കുകളും, പ്രവർത്തികളും തുടരുന്ന കഥാപാത്രങ്ങൾ ഇന്നിന്റെ രാഷ്ട്രീയ സാഹചര്യങ്ങളിൽ തളരാതെ, നാളെയെക്കുറിച്ച് നല്ല സ്വപ്‌നങ്ങൾ കാണുന്ന പ്രതീക്ഷയുടെ പോരാളികളാവുന്നു.     
OTTAL (2015) – (INDIA, DIR: JAYARAJ)
              റഷ്യൻ സാഹിത്യകാരനായ ചെക്കോവിന്റെ  "വാങ്ക" എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ജയരാജ്‌ ഒരുക്കിയ ഒറ്റാൽ ദൃശ്യവിരുന്നായി. കുട്ടനാടൻ കായലോളങ്ങളെ തഴുകി പ്രകൃതിയുടെ സൗന്ദര്യത്തിൽ മനം മയക്കി  മണ്ണിന്റെ മണം പകരുന്ന സിനിമ. വേരറ്റു പോകുന്ന കാർഷിക സംസ്കാരത്തെയും, വിടരാതെ വാടിയുണങ്ങുന്ന  ബാല്യങ്ങളെയും മനസ്സിൽ പതിപ്പിക്കുന്ന സിനിമ. കാർഷിക കടം മൂലം മാതാപിതാക്കൾ  ആത്മഹത്യ   ചെയ്യുമ്പോൾ, താറാവ് കർഷകനായ മുത്തശ്ശനൊപ്പം കൂടുന്ന കുട്ടപ്പായിയുടെ കഥയാണ് സിനിമ മൊഴിയുന്നത്. "BURN THE BOOKS, BREAK THE WALLS , THROW YOUR CHILD IN TO THE BOUNTY  OF NATURE" എന്ന നാച്വറലിസ്റ്റ് ചിന്തയുടെ ഉത്തമ ഉദാഹരണങ്ങളാകുന്നു  പല ഫ്രൈമുകളും. ഒരു പാരിസ്ഥിതിക ചിത്രം എന്ന ലേബലിനെ കഴുകിക്കളയാനുള്ള കാമ്പ് ഈ സിനിമയ്ക്കുണ്ട്. കുട്ടനാടൻ  ജലാശയങ്ങളുടെ വശ്യമനോഹാരിത ഗംഭീരമായി ഒപ്പിയെടുത്ത M.J  രാധാകൃഷ്ണനും, സിനിമയ്കനുസൃതമായ സംഗീതം ചെയ്ത ശ്രീവത്സൻ മേനോനും, അഭിനേതാക്കളും ജയരാജിനൊപ്പം  പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. തീയേറ്ററിൽ നിറഞ്ഞ കയ്യടികൾ തീർത്ത ഒറ്റാൽ മലയാള സിനിമയുടെ അഭിമാനം തന്നെയാകുന്നു.

THE SWEET RED BEAN PASTE (2015) – (JAPAN, DIR: NAOMI KAWASE)
              NAOMI KAWASE സംവിധാനം ചെയ്ത ജാപ്പനീസ് സിനിമയായ THE SWEET RED BEAN PASTE ഹൃദയ സ്പർശിയായ അനുഭവമാകുന്നു. പാൻ കേക്ക് നിർമ്മിക്കുന്ന സെന്റൊരെയുടെ കടയിലേക്ക് ജോലിയന്വേഷിച്ച് വരുകയാണ് TOKUE എന്ന വൃദ്ധ. അവരുടെ അപേക്ഷ പലതവണ നിരാകരിക്കുന്ന സെന്റൊരെ ഒരിക്കൽ  TOKUE സ്വയം പാകം ചെയ്ത വിഭവം കഴിക്കാനിടവരുകയും  ജോലി നല്കുകയും ചെയ്യുന്നു. മുതലാളി-തൊഴിലാളി ബന്ധത്തിനപ്പുറം വളരുന്ന അവരുടെ  നിർമ്മലമായ ബന്ധത്തിലേക്ക് WAKANA എന്ന സ്കൂൾ വിദ്യാർഥിനിയുടെ സൗഹൃദവും കണ്ണി ചേരുന്നു. ജീവിതത്തെക്കുറിച്ച്  പുതിയ ഉൾക്കാഴ്ച്ചകളേകി TOKUE നമ്മുടെയും സ്നേഹം പിടിച്ചു പറ്റുന്നു. സന്തോഷത്തിന്റെയും സന്താപത്തിന്റെയും കണ്ണീരുപ്പ് കലരുമ്പോഴാണ് ജീവിതത്തിന് രുചിയേറുന്നതെന്ന തിരിച്ചറിവിലേക്ക് വഴിവെട്ടുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം. HEART WARMING എന്നൊക്കെ വിശേഷിപ്പിക്കാവുന്ന തരത്തിൽ പോസിറ്റീവ് എനർജി നൽകുന്ന ലാളിത്യമാർന്ന ഒരു സിനിമ.
SHADOW BEHIND THE MOON (2015)—(PHILIPPINES, DIR: JUNE ROBLES LANA)
                ആഖ്യാന രീതി കൊണ്ട് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ സിനിമയായിരുന്നു മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഫിലിപ്പൈൻ ചിത്രമായ SHADOW BEHIND THE MOON. പ്രത്യേക കളർടോണിൽ സിംഗിൾ ഷോട്ടിലെടുത്ത ഈ സിനിമ ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്നു. 1993-ലെ അഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ DIALOGUE DRIVEN MOVIE  ഇടം കണ്ടെത്തുന്നത്. പ്രശ്ന കലുഷിതമായ സ്ഥലത്ത് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിൽ കഴിയുന്ന ദമ്പതികൾ, അവരുമായി സൗഹൃദം സ്ഥാപിക്കുന്ന സൈനികൻ എന്നിവരാണ്‌ കഥാപാത്രങ്ങൾ. വിമതരും, സൈന്യവും തമ്മിലുള്ള പോരാട്ടത്തിന്റെ ന്യായ-അന്യായങ്ങളിലേക്കും , ശരി-തെറ്റുകളിലേക്കുമാണ് അവരുടെ സംഭാഷണങ്ങൾ പിടിച്ചു കയറുന്നത്. ജീവഹാനികളുടെയും, നഷ്ടങ്ങളുടെയും കണക്കെടുപ്പും കുറ്റം ചാർത്തലുകളുമായി  സംഭാഷണങ്ങളിലൂടെ യാഥാർത്യത്തെ  ഇഴ കീറി പരിശോദിക്കുമ്പോൾ കഥാപാത്രങ്ങളുടെ ആശയ സ്വത്വത്തെ തിരിച്ചറിയാനാവുന്നു. IDEOLOGY-യുടെ നിലനിൽപ്പിനും മുന്നേറ്റത്തിനും വേണ്ടി പേർസണൽ ഐഡന്റിടി ബലികഴിക്കേണ്ടി വരുന്ന സത്യത്തെയും സംഭാഷണങ്ങൾക്കിടയിൽ വായിച്ചെടുക്കാനാവുന്നു. മികച്ച ക്ലൈമാക്സിൽ കലാശിക്കുന്ന ഈ സിനിമ മേളയിലെ നല്ല കാഴ്ചകളിലൊന്നായി  മാറി. COURT ROOM DRAMA-കൾ ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ ഒരു MUST WATCH തന്നെയാണ്. 

JALAL’S STORY (2015) – (BANGLADESH, DIR : ABU SHAHED EMON)
                   ജലാലിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഈ ബംഗ്ലാദേശ് സിനിമ നീങ്ങുന്നത്.തിരസ്കാരത്തിന്റെ വേദനയിൽ പര്യവസാനിക്കുന്ന ഓരോ ഘട്ടത്തിലും ജലാലിനു ചുറ്റും ക്യാമറ ചലിപ്പിച് ബംഗ്ലാദേശിലെ സാമൂഹിക ദുരവസ്ഥകളിലേക്ക് വെളിച്ചം വീഴ്ത്തുന്നു ഈ സിനിമ. അന്ധവിശ്വാസങ്ങളേയും, സ്ത്രീ വിരുദ്ധതയേയും, അഴിമതിയിൽ കുളിച്ചു നില്ക്കുന്ന രാഷ്ട്രീയത്തേയും പരിഹാസച്ചുവയുള്ള ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നു. തിരിച്ചറിവിന്റെയും തിരുത്തലുകളുടെയും  കിരണങ്ങൾ ഇനിയും പതിയാത്ത വിധം ഇരുട്ട് മൂടി നിൽക്കുന്ന നാടിനെക്കുറിച്ചുള്ള ആശങ്കകളുമായാണ്  ഈ സിനിമ അവസാനിക്കുന്നത്.

AIN (2015) – (INDIA , DIR : SIDHARTH SIVA)
               കണ്ണ് എന്ന് അർഥം വരുന്ന അറബി പദമാണ് സിദ്ധാർത് ശിവ തന്റെ സിനിമയ്ക്ക് നൽകിയിട്ടുള്ളത്. സമകാലിക സാഹചര്യങ്ങളിലെ കടും കാഴ്ചകൾക്കു നേരെ  കണ്ണും മനസാക്ഷിയും കൊട്ടിയടയ്ക്കുന്ന നമ്മളെയാണ്‌ ഒരു ചോദ്യമായ് "ഐൻ" തുറിച്ചുനോക്കുന്നത്. മലബാറിലെ ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ നിന്ന് നമ്മുടെ പരിസരങ്ങളിൽ പല്ലിളിച്ചു നിൽക്കുന്ന യാഥാർത്യങ്ങളിലൂടെ നേർക്കാഴ്ചയുടെ മറുകരയിലേക്ക് സിനിമയെ നടത്തുവാൻ സംവിധായകന് കഴിയുന്നു. "മാനു"  നമ്മിൽ നിന്ന് വ്യത്യസ്തനായി തോന്നുമെങ്കിലും, മങ്ങിയ കാഴ്ചകളുടെ രോഗാതുരത നമ്മളേയും ചൂഴ്ന്നു നിൽക്കുന്നു എന്ന സത്യത്തിന്റെ ഓർമ്മപ്പെടുത്തലാകുന്നു ഐൻ. വേഷപ്പകർച്ചകളും, മനോനിലകളും, യാത്രാനുഭവങ്ങളും കരപറ്റുമ്പോൾ ഉള്ളിൽ നിറയുന്ന പ്രഭയിൽ കാഴ്ച്ചയുടെ നേരിനെ വീണ്ടെടുക്കാൻ മാനുവിനാകുന്നു. എന്നാൽ അത്തരം നേരുകൾ നിരാകരിക്കപ്പെടുകയും അപ്രസക്തമാവുകയും ചെയ്യുന്ന സമൂഹത്തിലാണ് നമ്മൾ നിലകൊള്ളുന്നത് എന്ന കാര്യം ആണയിടുന്നു "ഐൻ". അഭിനയം കൊണ്ട് വിസ്മയിപ്പിച്ച മുസ്തഫയ്ക്കും, ചലിക്കുന്ന ചിത്രങ്ങളുടെ ശക്തമായ സാധ്യതകളെ പിന്തുടരുന്ന സിദ്ധാർഥ്  ശിവയ്ക്കും എന്റെ വക ഒരു സല്യൂട്ട്.
BOPEM (2015) – (KAZAKHSTAN, DIR : ZHANNA ISSABAYEVA)
                 മനുഷ്യന്റെ ആർത്തിയിൽ വറ്റിവരണ്ടുപോയ "അരാൽ" തടാകത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ഖസാഖിസ്താൻ ചിത്രമാണ് BOPEM. തടാകത്തിന്റെ നാശം സൃഷ്ടിച്ച സാമ്പത്തിക തകരർച്ചയുടെ നിഴലുകൾ അവിടത്തെ ജനജീവിതത്തിൽ  വ്യക്തവുമാണ്. അമ്മയെ നഷ്ടപ്പെട്ട റയാൻ എന്ന യുവാവാണ് സിനിമയിലെ പ്രധാന കഥാപാത്രം. തലയിൽ ട്യൂമർ ബാധിച്ചിരിക്കുന്ന റയാനിൽ ആയുസ്സിനെക്കുറിച്ചുള്ള ചിന്തകൾ പുതിയ തീരുമാനങ്ങളെ ഉണർത്തുന്നു. സോവ്യറ്റ് യൂണിയന്റെ തകർച്ചയിൽ ഉദയം കൊണ്ട രാജ്യങ്ങളിലെ അരക്ഷിതാവസ്ഥയുടെ  പ്രതിഫലനങ്ങളാകുന്നു  സിനിമയിലെ യുവത്വങ്ങൾ. ഡയലോഗുകൾ വളരെ കുറവായ ഈ സിനിമയിൽ  ലോങ്ങ്‌ഷോട്ടുകളേയാണ്  ആശയ പ്രകാശനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സഞ്ചാരിയായെത്തുന്ന വിദേശിയും, സ്വജന പക്ഷപാതവും അഴിമതിയും നിറഞ്ഞ അധികാര വ്യവസ്ഥകളും, അലമാലകളെ വകഞ്ഞു മുന്നേറിയ ഭൂതകാലത്തിന്റെ ശേഷിപ്പായ തുരുമ്പിച്ച കപ്പലും, തുന്നിച്ചേർക്കപ്പെടേണ്ടി  വരുന്ന ചുവപ്പൻ പതാകയും, ഫ്ലാഷ്ബാക്ക് ഷോട്ടുകളിൽ കുഞ്ഞു റയാന്റെ ചോദ്യങ്ങൾക്ക് മറുപടിയായി അമ്മ പറയുന്ന ചക്രവാളത്തിനപ്പുറമുള്ള സ്വർഗ്ഗീയ ദേശവും സിനിമ മന്ത്രിക്കുന്ന രാഷ്ട്രീയ പ്രഖ്യാപനങ്ങളാകുന്നു.

THE THIN YELLOW LINE (2015) – (MEXICO, DIR : CELSO R GARCIA)

                     മെക്സിക്കൻ സിനിമയായ THE THIN YELLOW LINE  പ്രേക്ഷകരെ ഒന്നടങ്കം തൃപ്തിപ്പെടുത്തിയ ഒന്നായിരുന്നു. മെക്സിക്കോയിലെ രണ്ടു പ്രദേശങ്ങൾക്കിടയിലുള്ള റോഡിൽ മീഡിയൻ ലൈൻ വരയ്ക്കുന്ന ജോലിയിൽ ഏർപ്പെടുന്ന അഞ്ചു വ്യക്തികളുടെ കഥയാണ് ഈ സിനിമയ്ക്ക് പറയാനുള്ളത്. ഫോർമാനായ ടോണോ എന്നയാൾക്ക് മാത്രമേ ജോലിയിൽ മുൻപരിചയമുള്ളൂ. വ്യത്യസ്ത ജീവിത പശ്ചാത്തലങ്ങളും വ്യക്തിത്വങ്ങളുമുള്ള ഓരോരുത്തരിലും വിഷാദത്തിന്റെ കണങ്ങൾ ഇറ്റുവീഴുന്ന ഭൂതകാല കഥകളുണ്ടെന്ന്  യാത്രയ്ക്കിടയിൽ നമുക്ക് കണ്ടെത്താനാകുന്നു. ഓരോരുത്തരിലും കുടികൊള്ളുന്ന നന്മയെ ബോധപൂർവ്വം സംവിധായകൻ വരച്ചിടുകയും ചെയ്യുന്നു. മെക്സിക്കൻ പ്രാന്തതയുടെ മനോഹരമായ ഭൂപ്രകൃതികളിലൂടെ റോഡിനെ രണ്ടായി പകുത്ത് അവർ മുന്നേറുമ്പോൾ ജീവിതമെന്ന യാത്രയുടെ വിരുദ്ധ ഭാവങ്ങൾ തന്നെയാണ് നമ്മുടെയുള്ളിൽ പതിയുന്നത്. രക്തത്തുള്ളികളാൽ  ജീവിതത്തിൽ നിന്ന് മരണത്തിലേക്ക് പാബ്ലോ വരയിടുമ്പോൾ നമുക്ക് നോവുന്നത് സിനിമയുടെ നിശ്വാസങ്ങൾ നമ്മുടേതുമാകുന്നതിനാലാണ്.

IMMORTAL (2015) – (IRAN, DIR : HADI MOHAGHEGH)

               ഇരുപതാമത് IFFK -യിൽ എന്നെ ഏറ്റവുമധികം വിസ്മയിപ്പിച്ചത് IMMORTAL എന്ന ഇറാനിയൻ സിനിമയായിരുന്നു. സിനിമയ്ക്ക് ശേഷവും വേട്ടയാടുന്ന ദൃശ്യബിംബങ്ങളാൽ സമ്പന്നമായിരുന്നു IMMORTAL. വിഷ്വൽ നരേഷന്റെ സാധ്യതകളെ വളരെ തീവ്രമായി പ്രയോഗവല്ക്കരിച്ചിരിക്കുന്നു ഈ സിനിമ. കുടുംബാംഗങ്ങളുടെ മരണത്തിനിടയാക്കിയ ആക്സിഡന്റിന്റെ  കാരണക്കാരൻ താനാണെന്ന കുറ്റബോധത്തിൽ ആത്മാഹുതിക്കായ് നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്ന അയാസ് എന്ന വൃദ്ധനും, അയാളുടെ ശ്രമങ്ങൾക്ക് എല്ലായ്പോഴും തടയിടുന്ന പേരമകൻ ഇബ്രാഹിമുമാണ് സിനിമയുടെ പ്രധാന കഥാപാത്രങ്ങൾ. ജീവിതത്തോടുള്ള ആസക്തിയും, വിരക്തിയും നിറയുന്ന ഫ്രൈമുകളുണർത്തുന്ന വൈകാരിക വിക്ഷുബ്ദതയിൽ വിറങ്ങലിച്ചു പോകുന്നു പ്രേക്ഷകർ. ബുസാൻ ഫെസ്റ്റിവലിൽ  ഉൾപ്പെടെ ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ഈ ചിത്രത്തിന്റെ സംവിധായകന്റെ അടുത്ത ചിത്രത്തിനായ് അക്ഷമനായി കാത്തിരിക്കുന്നു.

അവസാനിപ്പിക്കുന്നതിന് മുമ്പ് പറയാനുള്ളത് 
            ഈ മേളയിലെ മികച്ച പല സിനിമകളും ഒരു പക്ഷെ ഈ കുറിപ്പിൽ ഇടം പിടിച്ചിട്ടുണ്ടാകില്ല. അവ തീർച്ചയായും എന്റെ നഷ്ടങ്ങളാണ്. ഞാൻ കണ്ട സിനിമകൾ അവശേഷിപ്പിച്ച ചിന്തകളാണ് ഈ കുറിപ്പിൽ അക്ഷരങ്ങളായി പിറന്നിരിക്കുന്നത്. വൈവിധ്യമാർന്ന കാഴ്ചകൾ സമ്മേളിക്കുന്ന ദൃശ്യവിരുന്ന് തേടി അടുത്ത തവണയും വണ്ടി കയറണമെന്ന ആഗ്രഹം ഉള്ളിൽ നട്ടുനനച്ച്  നിർത്തുന്നു.