Monday 31 August 2020

PURE COOLNESS (2007)

 

FILM : PURE COOLNESS (2007)

COUNTRY : KYRGYZSTAN

GENRE : DRAMA !!! COMEDY

DIRECTOR : ERNEST ABDYJAPAROV

         സെൻട്രൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വളരെ കുറച്ചു സിനിമകളെ കണ്ടിട്ടുള്ളൂ. ഭൂപ്രകൃതിയും, ജീവിത രീതികളും, സംസ്കാരവുമെല്ലാം വ്യത്യസ്തമായ അവരുടെ ഗ്രാമീണ ജീവിതത്തിന്റെ കാഴ്ചകൾ നിറഞ്ഞ സിനിമകളോട്  പ്രത്യേക ഇഷ്ടവും തോന്നാറുണ്ട്. ഈ കുറിപ്പിലും അത്തരമൊരു സിനിമയാണ് ഇടം പിടിക്കുന്നത്. കിർഗിസ്ഥാൻ സിനിമയായ "പ്യുവർ കൂൾനെസ്സ് ". പട്ടണത്തിൽ നിന്നും അസീമ  ഭാവി വരനായ മുറാത്തിനൊപ്പം അവന്റെ ഗ്രാമത്തിലേക്ക് വന്നെത്തുകയാണ്. എന്നാൽ ഗ്രാമത്തിൽ അവളെ കാത്തിരുന്നത് അവൾ സ്വപ്നത്തിൽ പോലും കരുതാത്ത കാര്യങ്ങളായിരുന്നു. വധുവിനെ തട്ടിക്കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ടവർക്ക് ആളുമാറി കിഡ്നാപ്പ് ചെയ്യപ്പെടുന്ന അവളുടെ അവസ്ഥ ആ നാടിൻറെ സാംസ്കാരിക രീതികളും / ആചാരങ്ങളും കാരണം സങ്കീർണ്ണമാവുകയാണ്.
       സ്ത്രീവിരുദ്ധമായ ഇത്തരം ഗോത്രാചാരങ്ങൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒറ്റപ്പെട്ടെങ്കിലും നടക്കുന്നു എന്നത് നടുക്കമുണർത്തുന്നു. ആധുനിക സമൂഹത്തിലും ഇതുമായി ചേർത്തുവെയ്ക്കാവുന്ന വകഭേദങ്ങൾ ഉണ്ടെന്നതും തള്ളിക്കളയാനാവില്ല.  എന്തായാലും ഈ സിനിമ ആ ഒരു പ്രശനത്തിലേക്കല്ല ഫോക്കസ് ചെയ്യുന്നത്. ഹാസ്യാത്മകമായി കിർഗിസ്ഥാൻ ഗ്രാമീണതയുടെ പരമ്പരാഗത രീതികളെ അവതരിപ്പിച്ച സിനിമ വ്യത്യസ്ത സംസ്കാരങ്ങളെ അറിയാൻ കൊതിക്കുന്ന സിനിമാസ്വാദകർക്ക് തീർച്ചയായും ഇഷ്ടമാകും.

Sunday 30 August 2020

NAIM SULEYMANOGLU (2019)

 

FILM : NAIM SULEYMANOGLU (2019)

COUNTRY : TURKEY

GENRE : BIOGRAPHY !!! SPORT

DIRECTOR : OZER FEYZIOGLU

          "അപരന്റെ നിഴലുകളിൽ ഒതുങ്ങി നിൽക്കുന്നവന് സ്വന്തം നിഴൽ സൃഷ്ടിക്കാനാവില്ല, അതിന് വെയിലിലേക്ക് കയറി നിൽക്കണം" - കുഞ്ഞു നയീമിനോട് കോച്ച്  പറയുന്ന വാചകങ്ങൾ, അന്വർത്ഥമാക്കുന്ന ജീവിതമാണ് പിൽക്കാലത്തു് അവൻ ജീവിച്ചത്. ലോകം ദർശിച്ച എക്കാലത്തെയും മഹാനായ വെയ്റ്റ് ലിഫ്റ്റർമാരിൽ ഒരാളായ ബൾഗേറിയൻ-ടർക്കിഷ് വെയ്റ്റ് ലിഫ്റ്റർ നയീം സുലൈമാനൊഗ്ളുവിന്റെ യഥാർത്ഥ ജീവിതം പറഞ്ഞ സിനിമയെ കുറിച്ചാണ് ഈ കുറിപ്പ്.
           "പോക്കറ്റ് ഹെർക്കുലീസ്" എന്ന പേരിൽ വിഖ്യാതനായ നയീമിന്റെ സംഭവ ബഹുലമായ ജീവിതത്തെ വളരെ മികച്ച രീതിയിലാണ് തിരശീലയിലേക്ക് പകർത്തിയിരിക്കുന്നത്. അദ്ദേഹത്തിന് വെയ്റ്റ് ലിഫ്റ്റിങ് എന്നത് കേവലമൊരു മത്സരം മാത്രമായിരുന്നില്ല എന്നതും, ഒരു കായിക താരമെന്നതിനപ്പുറം ഉയർന്നതായിരുന്നു അയാളുടെ വ്യക്തിത്വം എന്നതും സിനിമ കാണിച്ചു തരുന്നു. രാഷ്ട്രീയവും  , മനുഷ്യാവകാശ ധ്വംസനങ്ങളുമെല്ലാം നിറഞ്ഞ രൂക്ഷമായ പരിതസ്ഥിതിയിൽ തന്റെ ശബ്ദം വേറിട്ടും, ഉയർന്നും കേൾക്കണം എന്ന്  ആഗ്രഹിച്ച ചെറിയ ശരീരമുള്ള എന്നാൽ വലിയ മനസ്സുള്ള മഹാനായ കായികതാരത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ നേർചിത്രങ്ങളാണ് സിനിമ സമ്മാനിക്കുന്നത്.
           പ്രസക്തമായ സംഭവങ്ങളെ അധികം വലിച്ചുനീട്ടാതെ ക്വാളിറ്റിയോടെ അവതരിപ്പിച്ച സിനിമ എന്ന് പറയാം. ആക്ടിങ്, മ്യൂസിക് എന്നിവ മികച്ചു നിൽക്കുന്നു. സ്പോർട്സ് എന്ന തന്റെ ആയുധം കൊണ്ട് പോരാടിയ ഒരു പ്രതിഭയുടെ അർഥപൂർണമായ  ജീവിതത്തെ പകർത്തിയ കാഴ്ചയർഹിക്കുന്ന മികച്ച ഒരു സിനിമ.

Tuesday 25 August 2020

YARA (2018)

 

FILM : YARA (2018)

COUNTRY : LEBANON

GENRE : DRAMA

DIRECTOR : ABBAS FAHDEL

           ലബനോണിലെ ഒരു മലയോര ഗ്രാമത്തിന്റെ വശ്യമായ പ്രകൃതിഭംഗി  ആവോളം ഒപ്പിയെടുത്ത ഒരു സിനിമയെയാണ് ഈ കുറിപ്പിൽ പരിചയപ്പെടുത്തുന്നത്. എങ്ങും പച്ചപ്പ്‌ തുടുത്തു നിൽക്കുന്ന കാഴ്ചകൾ ആസ്വദിച്ച്,  കിളികളുടെയും, അരുവികളുടെയും, കാറ്റിന്റെയും ശ്രവണ സുഖദമായ ശബ്ദ താളങ്ങളിൽ മയങ്ങി അങ്ങനെ കണ്ടിരിക്കാം YARA (2018) എന്ന ലബനീസ് സിനിമ. എല്ലാവരും വീടുകൾ ഉപേക്ഷിച്ചു പോയ ഗ്രാമത്തിലെ ഏക താമസക്കാർ യാരയും , മുത്തശ്ശിയുമാണ്. ആടുകളും, കോഴികളും,  നായയും,കഴുതയും, പഴവർഗ്ഗങ്ങളും, പച്ചക്കറികളും നിറഞ്ഞ പരിസരവും അതിനെ ചുറ്റിപ്പറ്റിയുള്ള യാരയുടെ ദൈനം ദിന ജീവിതമാണ് സിനിമയുടെ പ്രമേയം. വഴിയന്വേഷിച്ചെത്തുന്ന ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്ന അവളുടെ തുടർന്നുള്ള ദിനചര്യകളിൽ അവനോടൊപ്പമുള്ള നിമിഷങ്ങളും ഇടംപിടിക്കുന്നു.
    കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ ഒരു യന്ത്രികതയോ, കൃത്രിമത്തമോ അനുഭവിക്കുന്നു. അഭിനേതാക്കൾ പലരും അത്രമേൽ പ്രൊഫഷണലുകളല്ല എന്നാണ് തോന്നുന്നത്. യാര- ഇല്യാസ് പ്രണയം രസകരമായാണ് അവതരിപ്പിച്ചതെങ്കിലും ഒരു വൈകാരികത പകർന്നു തരാനായില്ല എന്ന് പറയാം. എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും വശ്യമായ യാരയുടെ പുഞ്ചിരി പോലെ മനോഹരമാണ് സിനിമയുടെ പല ഫ്രെയിമുകളും. ഡോക്യുമെന്ററി ഫീലിൽ ശബ്ദ കോലാഹലങ്ങളില്ലാതെ പ്രകൃതിയുടെ മർമ്മരങ്ങളെ ശാന്തതയോടെ ആസ്വദിച്ചു കണ്ടിരിക്കാവുന്ന ഒരു സിനിമ.  

    

Saturday 22 August 2020

IN THE LIFE OF MUSIC (2018)

 

FILM : IN THE LIFE OF MUSIC (2018)

COUNTRY : CAMBODIA !!! USA

GENRE : DRAMA !!! HISTORY

DIRECTOR : CAYLEE SO , SOK VISAL

       കംബോഡിയയുടെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളായിരുന്ന ഖമറുഷ്  കാലഘട്ടത്തിന്റെ അസഹനീയമായ കാഴ്ചകളെ ഓർമ്മകളിൽ കൊരുക്കുന്നുണ്ടെങ്കിലും, അതിനു മുൻപുള്ള മനോഹരമായ , സന്തോഷം തുളുമ്പുന്ന ജനജീവിതത്തെയും ഗൃഹാതുരതയോടെ പകർത്തിയിരിക്കുന്നു ഈ സിനിമ. അമ്മയുടെ നാട് സന്ദർശിക്കാനെത്തുന്ന അമേരിക്കൻ- കംബോഡിയൻ എന്ന് വിശേഷിപ്പിക്കാവുന്ന യുവതിയുടെ മനസ്സിലൂടെയാണ് കഴിഞ്ഞു പോയ കാലത്തിന്റെ താളുകളിലേയ്ക്ക് നമ്മൾ തിരിച്ചു പോവുന്നത്. ഗ്രാമീണ ജീവിതത്തിന്റെ സാംസ്കാരികമായ അടയാളങ്ങൾ തെളിഞ്ഞു കാണാവുന്ന ഖമറുഷ് കാലത്തിനു മുൻപുള്ള കാഴ്ചകളിൽ സംഗീതവും, പ്രണയവുമെല്ലാം പ്രതീക്ഷയുടെയും സന്തോഷങ്ങളുടെയും ഒപ്പം നിറഞ്ഞു നിൽക്കുന്നു. ഡോക്യുമെന്ററികളിലും , കംബോഡിയൻ സിനിമകളിലും കണ്ടിട്ടുള്ള ഖമറുഷ് ക്രൂരതകളെ ഈ സിനിമയുടെ ഫ്രെയിമുകളും കൈവിടുന്നില്ല. എത്ര അകന്ന് പോയാലും അറുത്തു മാറ്റാനാവാത്തതാണ് സാംസ്‌കാരിക വേരുകൾ എന്ന് ഓർമ്മിപ്പിക്കുന്നു ഈ സിനിമ.


Tuesday 18 August 2020

A TALE OF THREE SISTERS (2019)

 

FILM : A TALE OF THREE SISTERS (2019)

COUNTRY : TURKEY

GENRE : DRAMA

DIRECTOR : EMIN ALPER

      

       ദേശത്തിനും, കാലത്തിനും ചൂണ്ടിക്കാണിക്കാനാവുന്ന ചില ജീവിതങ്ങളുണ്ട്. അവ യാഥാർത്യങ്ങളാണെന്ന തിരിച്ചറിവിൽ, തുറിച്ചു നോക്കുന്ന പുറം കാഴ്ചക്കാരാവുകയെന്നതാണ് അത്തരം കാഴ്ചകളുടെ പ്രേക്ഷകരെന്ന നിലയിൽ ചെയ്യാനാവുക. എങ്കിലും, അവരുടെ ജീവിതത്തിലേക്ക് മനസ്സുകൊണ്ട് നടന്നു കയറുമ്പോൾ നമ്മുടെ ആസ്വാദനം വേറിട്ടതാകുന്നു. കാഴ്ചകൾക്ക് കൂടുതൽ അർഥതലങ്ങൾ കൈവരുന്നു.
       തുർക്കിയിലെ ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് സഹോദരിമാരുടെ ജീവിതാനുഭവങ്ങളാണ് "എ ടെയിൽ ഓഫ് ത്രീ സിസ്റ്റേഴ്സ്" എന്ന സിനിമയുടെ പ്രമേയം. തികച്ചും നിർജ്ജീവമായ ഒരു അന്തരീക്ഷമാണ് ഗ്രാമത്തിലെങ്ങും കാണാനാവുന്നത്. അതിനാൽ തന്നെ നഗരം എന്ന സ്വപ്‍നമാണ് മൂന്ന് പേർക്കും ഉള്ളത്. മൂന്ന് പെണ്മക്കളെക്കുറിച്ചുള്ള ആധി മനസ്സിലേറ്റി നടക്കുന്ന പിതാവിനേയും, നഗരത്തിലേക്കെത്താനുള്ള അവസരങ്ങളെ കുറിച്ചുള്ള പ്രതീക്ഷകളിൽ അന്യോന്യം സംഘർഷത്തിലേർപ്പെടുന്ന സഹോദരിമാരേയുമാണ് സിനിമയിൽ കാണാനാവുക. ഒരു പ്രാദേശിക ഉണ്മയുടെ ദൃശ്യാവിഷ്‌കാരം എന്നതിന് പുറമെ സാർവ്വദേശീയമായി ഉൾക്കൊള്ളാവുന്ന തലം കഥാപാത്രങ്ങളിലുണ്ട്. സാമൂഹികാവസ്ഥകളായി നിറയുന്ന കാഴ്ചകളിൽ, മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്ന സ്വാഭാവികതയോടൊപ്പം പെൺമനസ്സുകളുടെ സംഘർഷവും, സൗന്ദര്യവും, ആഗ്രഹങ്ങളും സിനിമ അടയാളപ്പെടുത്തുന്നു.
       പതിഞ്ഞ താളത്തിൽ ഓരോ കഥാപാത്രത്തേയും വാക്കുകൾ കൊണ്ടും , ദൃശ്യങ്ങൾ കൊണ്ടും കോറിയിടുന്നുണ്ട് സിനിമ. വിരസമായ ജീവിതത്തിൽ നിന്ന് കുത്തിയൊഴുകാൻ കൊതിക്കുന്നവരുടെ ജീവിതമാണ് എ ടെയിൽ ഓഫ് ത്രീ സിസ്റ്റേഴ്സ് പങ്കുവെയ്ക്കുന്നത്.

Monday 17 August 2020

ON THE ROOF (2019)

 

FILM : ON THE ROOF (2019)

COUNTRY : CZECH REPUBLIC

GENRE : DRAMA

DIRECTOR : JIRI MADL

        നന്മയുടെ വെളിച്ചം തൂകുന്ന കാഴ്ചകളാണ് പലപ്പോഴും ജീവിതത്തിൽ പ്രതീക്ഷകളുടെ ഉണർവുകളേകുന്നത്. വേദനകളും, നിരാശകളുമെല്ലാം പിൻവാങ്ങുന്നതും ജീവിതത്തിന്റെ നിറങ്ങളും, ഒഴുക്കും തിരിച്ചെത്തുന്നതും സന്തോഷത്തിന്റെ ഓളങ്ങൾ നമുക്ക് ചുറ്റും അലയടിക്കുന്നതും ചിലപ്പോൾ നമ്മൾ പോലും അറിയാതെയാവും. ഒറ്റപ്പെടലിന്റെ ക്രൂരമായ തടവിലിരിക്കുമ്പോഴാണ് ബന്ധങ്ങളുടെ ബന്ധനങ്ങൾ എത്ര മനോഹരമായിരുന്നെന്ന ഓർമ്മപ്പെടുത്തലുകൾ ആവർത്തിച്ച് ആശ്ലേഷിക്കുന്നത്.  സിനിമകൾ മനസ്സിൽ ബാക്കിയാക്കുന്ന പല ചിന്തകളുണ്ട്. അവ പലപ്പോഴും നടന്നു കയറുന്നത് അറ്റമില്ലാത്ത വഴികളിലേക്കാവും. തൽക്കാലം ഗഹനമായ ചിന്തകളെ മാറ്റിവെച്ച്  ഒരു കൊച്ചു ഫീൽ ഗുഡ് സിനിമയെ പരിചയപ്പെടുത്താം.
          ON THE ROOF എന്ന ചെക്ക് സിനിമ വൃദ്ധനായ ഒരു റിട്ടയേർഡ് പ്രൊഫസ്സറുടെയും , ഒരു വിയറ്റ്നാം സ്വദേശിയായ യുവാവിന്റെയും സൗഹൃദത്തിന്റെ കഥ പറയുന്നു. പലതരം പ്രശ്നങ്ങളിൽ മുങ്ങി നിൽക്കുന്ന വിയറ്റ്നാം സ്വദേശിക്ക് താങ്ങാവുകയാണ് അയാൾ. അവർക്കിടയിലെ രസകരങ്ങളായതും, ഹൃദയസ്പർശിയായതുമായ നിമിഷങ്ങളാണ് സിനിമയെ മനോഹരമാക്കുന്നത്. വൃദ്ധനായ പ്രധാന കഥാപാത്രത്തിന്റെ ക്യാരക്റ്ററൈസേഷനും , സിനിമയുടെ കഥയ്ക്ക് കാരണമാകുന്ന പശ്ചാത്തലവും സിനിമയുടെ വേറിട്ട വായന ആകർഷിക്കുന്നവയാണെന്ന്  തോന്നി. നന്മയും നർമ്മവും വേദനകളും സന്തോഷവും നിറഞ്ഞ നല്ല ഒരു ഫീൽ ഗുഡ് സിനിമ.

Sunday 16 August 2020

AL ASLEYEEN (2017)

 

FILM : AL ASLEYEEN (2017)

COUNTRY : EGYPT

GENRE : MYSTERY !!! THRILLER

DIRECTOR : MARWAN HAMED

            

                ഞാൻ കണ്ടിട്ടുള്ള ഈജിപ്ഷ്യൻ സിനിമകളിൽ ഇഷ്ടപ്പെട്ട ഒരു സിനിമയാണ് ദി ബ്ലൂ എലിഫന്റ് (2014) . അതുകൊണ്ടു തന്നെയാണ് അതിന്റെ സംവിധായകനായ മർവാൻ ഹമീദിന്റെ AL ASLEYEEN കണ്ടുനോക്കിയത്. മിസ്റ്ററി ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഈ സിനിമ. ഒരു മിസ്റ്ററി സിനിമയായതിനാൽ പ്ലോട്ട് വെളിപ്പെടുത്തി നിങ്ങളുടെ രസം കളയുന്നില്ല. പ്രധാന കഥാപാത്രത്തെ ഒന്ന് പരിചയപ്പെടുത്തി സിനിമയെക്കുറിച്ചുള്ള അഭിപ്രായം ചുരുക്കി പറയാം.

            സാമിർ ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്. ധൂർത്തരായ ഭാര്യയും, മക്കളും അടങ്ങുന്ന കുടുംബത്തിന്റെ നാഥനായ അയാളെ പെട്ടെന്നൊരു ദിവസം ജോലിയിൽ നിന്ന് പിരിച്ചു വിടുകയാണ്. ജോലിനഷ്ടപ്പെട്ട നിസ്സഹായതയിൽ വിഷമിച്ചിരുന്ന അയാളെ തേടി ഒരു പാക്കേജ് എത്തുകയാണ്. അതിനൊപ്പം വന്നുചേരുന്ന നിഗൂഢതയിലേക്കാണ് സംവിധായകൻ പ്രേക്ഷകനെ ക്ഷണിക്കുന്നത്. സിനിമാട്ടോഗ്രഫി, ആക്ടിങ്, പശ്ചാത്തല സംഗീതം എല്ലാം മികച്ചു നിൽക്കുന്നു. അവസാന നിമിഷം വരെ മിസ്റ്ററി നിലനിർത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ടെങ്കിലും പ്ലോട്ടിൽ കുറച്ചുകൂടി പുതുമ പ്രതീക്ഷിച്ചു. മിസ്റ്ററി ത്രില്ലറുകൾ ഇഷ്ടമുള്ളവർക്ക് AL ASLEYEEN നല്ല ഒരു അനുഭവമാകും എന്ന് തന്നെയാണ് പ്രതീക്ഷ.

Friday 7 August 2020

ARAB BLUES (2019)

FILM : ARAB BLUES (2019)

COUNTRY : TUNISIA

GENRE : COMEDY

DIRECTOR : MANELE LABIDI

         അരക്ഷിതമായ ഒരു സമൂഹം അരക്ഷിതമായ മനസ്സുകളെ സൃഷ്ടിക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്. സാമൂഹികവും, സാംസ്കാരികവും, രാഷ്ട്രീയവുമായ പരിതസ്ഥിതികൾ അവയ്ക്കുള്ളിലെ ജീവിതങ്ങളിലും നിഴലിക്കും. അത്തരം കാഴ്ചകൾക്കും, മനുഷ്യർക്കും നടുവിലാണ് സൽമ സോഫയിട്ട് ഇരിക്കുന്നത്. ഫ്രാൻസിൽ നിന്നും ജന്മനാട്ടിൽ തിരിച്ചെത്തുന്ന സൈക്കോഅനലിസ്റ്റ് ആണ് സൽമ. അവൾ താമസിക്കുന്ന സ്ഥലം തന്നെയാണ് അവൾ പ്രാക്ടീസ് ചെയ്യുന്ന ഇടം. അവളെ കാണാനെത്തുന്ന വിവിധ കഥാപാത്രങ്ങളിലും അവരുടെ സംഭാഷണങ്ങളിലുമാണ് പ്രേക്ഷകൻ നർമ്മം കണ്ടെത്തുന്നത്. സമൂഹത്തിന്റെ പലതരം പ്രതിനിധാനങ്ങളും, ആകുലതകളും, ആഗ്രഹങ്ങളുമെല്ലാം അത്തരം കൂടിക്കാഴ്ചകളിലെ തമാശകൾക്കിടയിൽ മറഞ്ഞിരിക്കുന്നുണ്ട്. സൈക്കോ അനലിസ്റ്റായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസിനായി നായിക നടത്തുന്ന ശ്രമങ്ങളും, അതുമായി ബന്ധപെട്ട സന്ദർഭങ്ങളും ചിരിക്കൊപ്പം ചില ചിന്തകളും പങ്കുവെയ്ക്കുന്നു. പ്രധാന കഥാപാത്രമായി അഭിനയിച്ച ഗോൾഷിഫ്തെ ഫർഹാനിയുടെ സാന്നിദ്ധ്യം സിനിമയെ കൂടുതൽ പ്രേക്ഷകരിലേക്കെത്തിക്കും എന്ന് കരുതാം...

Thursday 6 August 2020

LETTERS TO FATHER JACOB (2009)

FILM : LETTERS TO FATHER JACOB (2009)

COUNTRY : FINLAND

GENRE : DRAMA

DIRECTOR: KLAUS HARO

        കഥയെന്നു പറയാൻ കാര്യമായിട്ടൊന്നും ഇല്ലെങ്കിലും ചില സിനിമകൾ പ്രേക്ഷകനെ പിടിച്ചിരുത്തും. മനസ്സിലിടം പിടിക്കുന്ന വിധത്തിൽ സിനിമയെ ഒരുക്കുന്ന സംവിധായകന്റെ മികവാണ് അത്തരം സിനിമകൾ പ്രകടമാക്കുന്നത്. ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുന്ന ഫിൻലൻഡ്‌ സിനിമയും അത്തരത്തിലുള്ള ഒന്നാണ്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച്  ചെറിയ സൂചന മാത്രം നൽകാം. തടവ് ശിക്ഷയിൽ ഇളവ് ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതയാവുന്ന സ്ത്രീ, അന്ധനും വൃദ്ധനുമായ ഒരു പാസ്റ്ററുടെ സഹായിയാവുകയാണ്. തുടർന്നുള്ള ചില സന്ദർഭങ്ങളാണ് സിനിമയിലെ തുടർക്കാഴ്ചകൾ. ഇരു കഥാപാത്രങ്ങളും  അവരുടെ ജീവിതാനുഭവങ്ങളെ വാക്കിലും, കാഴ്ചയിലും , മനോഭാവങ്ങളിലും പ്രതിഫലിപ്പിക്കുന്നുണ്ട്. പ്രവചനീയമായ ലാളിത്യങ്ങളിലൂടെ തന്നെയാണ് സിനിമ  മുന്നേറുന്നത്. സമയദൈർഘ്യം കുറഞ്ഞതും ദൃശ്യചാരുതയാർന്നതും, നടനമികവിനാൽ വേറിട്ട് നിൽക്കുന്ന പ്രധാന കഥാപാത്രങ്ങളും ചേർന്ന ഈ സിനിമ ഹൃദയസ്പർശിയായ  അനുഭവമാകുന്നു.