Saturday 13 February 2016

ISMAEL (2013)



FILM : ISMAEL (2013)
COUNTRY : SPAIN
GENRE : DRAMA
DIRECTOR : MARCELO PINEYRO

                   സ്പാനിഷ് ചിത്രമായ "ISMAEL" ഒരു ഫാമിലി ഇമോഷണൽ ഡ്രാമയാണ്. 8-വയസ്സുകാരനായ ഇസ്മായിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തന്റെ പിതാവിനെ തേടി മറ്റൊരു നഗരത്തിലേക്ക് തനിച്ച് യാത്ര ചെയ്യുന്നു. മുത്തശ്ശിക്കും, യഥാർത്ഥ പിതാവിനും അമ്പരപ്പ് സമ്മാനിക്കുന്ന അവനെ പിന്തുടർന്ന് അമ്മയും, വളർത്തച്ഛനും കൂടിയെത്തുമ്പോൾ ഭൂതകാല സംഭവങ്ങളെയും, അവയുടെ ആപേക്ഷികമായ ശരി തെറ്റുകളെയും നമുക്കും പരിചയിക്കാനാകുന്നു. തിരുത്തുവാനും , വീണ്ടെടുക്കുവാനും കഴിയാത്ത ജീവിത സാഹചര്യങ്ങളിലേയ്ക്ക് നമ്മെ നയിക്കുന്നത് ജീവിതം ആവശ്യപ്പെടുന്ന ധീരമായ തീരുമാനങ്ങളുടെ അഭാവമാണെന്ന് ഈ സിനിമ ഓർമ്മിപ്പിക്കുന്നു. പിതൃ-പുത്ര ബന്ധം എന്നതിനപ്പുറം കുടുംബ ബന്ധങ്ങളിൽ നിലനിർത്തേണ്ട നന്മകളെയും , നിമിഷങ്ങളേയും ചൂണ്ടിക്കാണിക്കുന്നു "ISMAEL". വംശീയമായ ചിന്തകൾക്കെതിരെ പ്രതിരോധം തീർക്കുവാനും സിനിമയിലെ സന്ദർഭങ്ങളെ ഉപയോഗിച്ചിരിക്കുന്നു. വംശവെറിയിൽ കുരുത്ത ശബ്ദങ്ങളെ വാചികമായി പ്രതിരോധിക്കുന്ന നേർക്കാഴ്ചയും  സിനിമയുടെ സൗന്ദര്യമാകുന്നു.
                  കണ്ടു പരിചയിച്ചിട്ടുള്ള തീം ആണെങ്കിലും ലാളിത്യവും, സാംസ്കാരിക പശ്ചാത്തലമേകുന്ന പുതുമയും ഈ സിനിമയെ ഒരു തവണ കണ്ടിരിക്കാവുന്നതാക്കുന്നു. 


Sunday 7 February 2016

THE FENCER (2015)



FILM : THE FENCER (2015)
COUNTRY : ESTONIA !!! FINLAND
GENRE : DRAMA !!! HISTORY !!! SPORT
DIRECTOR : KLAUS HARO

                        ചിലരുടെ ജീവചരിത്രത്തിൽ  നിന്ന് നാടിന്റെ ചരിത്രത്തെ  ഇഴ പിരിച്ചെടുക്കാൻ   സാധിക്കില്ല. ENDER NELIS-ന്റെ ജീവിതവും  അത്തരത്തിലുള്ളതായിരുന്നു. കാരണം, രാജ്യം കടന്നുപോയ ചരിത്ര യാഥാർത്ഥ്യങ്ങളാണ് അയാളുടെ ജീവിതത്തിന്റെ വിധിയെഴുതിയത്. നമ്മളുടെ  വിധി നമ്മളുടെ  തീരുമാനങ്ങളാകുന്നത് വ്യക്തി സ്വാതന്ത്ര്യം ചങ്ങലകളിൽ കുരുങ്ങാത്ത ഇടങ്ങളിൽ മാത്രമാണ്.
           ESTONIA-യിലെ സോവ്യറ്റ് അധിനിവേശത്തിന്റെ കാലഘട്ടത്തിലെ ഒരു FENCER-ടെ കഥയാണ് ഈ സിനിമ പറയുന്നത്. സിനിമയുടെ പേര് സ്പോർട്സിന് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും ഈ സിനിമയിൽ നിറയുന്നത് രാഷ്ട്രീയത്തിന്റെ നിറവും , നിശബ്ദതയുമാണ്. ജനങ്ങളുടെ വിനോദങ്ങൾ പോലും നിർണ്ണയിക്കുകയും, നിയന്ത്രിക്കപ്പെടുകയും ചെയ്യപ്പെടുന്ന സ്വേച്ഛാധിപത്യ  പരീക്ഷണ ശാലകളേയാണ്  ഈ സിനിമയിൽ  ദർശിക്കാനായത്.  ഉദ്വേഗഭരിതമോ, ആകാംഷയുളവാക്കുന്നതോ ആയ നിമിഷങ്ങളുടെ അഭാവത്തിലും  പതിഞ്ഞ താളത്തിലുള്ള ഈ സിനിമ നല്ല കാഴ്ചയാകുന്നത് അവതരണത്തിലെ ലാളിത്യവും, സത്യസന്ധതയും കാരണമായിരിക്കാം. അഭിനയവും, സിനിമാറ്റോഗ്രഫിയും  മികച്ചു നിന്ന നല്ല ഒരു സിനിമ.


Saturday 6 February 2016

SOMEWHERE IN PALILULA (2012)



FILM : SOMEWHERE IN PALILULA (2012)
COUNTRY : ROMANIA
GENRE : DARK  COMEDY !!! DRAMA
DIRECTOR: SILVIU PURCARETE

                   സാമ്പ്രദായിക ആഖ്യാന രീതികളെ തള്ളി പുതിയ ദൃശ്യലോകം ചമയ്ക്കുന്ന സിനിമകളെ പ്രേക്ഷക സമൂഹം ശ്രദ്ധയോടെയാണ് സമീപിക്കാറുള്ളത്. ഇത്തരം സിനിമകൾ ചിലർക്ക് അപൂർവ്വമായ വിഷ്വൽ ട്രീറ്റ് ആകുമ്പോൾ മറ്റുപലർക്കും UTTER NONSENSE  ആയിട്ടാണ് അനുഭവപ്പെടുക. ആസ്വാദനത്തിലെ  അന്തരങ്ങൾ സൃഷ്ടിക്കുന്ന വിരുദ്ധമായ ഇത്തരം അഭിപ്രായങ്ങൾ ഇവ്വിധത്തിലുള്ള സിനിമകളെ സേഫ് സോണുകളിൽ നിന്ന് അരികുകളിലേയ്ക്ക് നീക്കി നിർത്തുന്നു. എങ്കിലും, കാഴ്ചാനുഭവങ്ങളുടെ അപൂർവ്വതകളിൽ മതിമറക്കാൻ കഴിയുന്നത്‌ പലപ്പോഴും ഇങ്ങനെയുള്ള സിനിമകൾ തമ്പടിക്കുന്ന അരികുകളിലേയ്ക്ക്  നീങ്ങിയിരിക്കുമ്പോഴാണ്.
              1960-കളിലെ ഒരു സാങ്കല്പിക പ്രദേശത്തിന്റെ പശ്ചാത്തലമാണ് SOMEWHERE IN PALILULA എന്ന റൊമാനിയൻ സിനിമയിലുള്ളത്. "സെറാഫിൻ"  എന്ന യുവ ഡോക്ടർ PALILULA-യെന്ന  വിചിത്ര ദേശത്ത് എത്തിച്ചേരുകയാണ്. ഒരു കുട്ടിപോലും ഇല്ലാത്ത സ്ഥലത്തെത്തുന്ന പീഡിയാട്രീഷനായ സെറാഫിൻ കാണുന്നതും, അറിയുന്നതുമായ  വിസ്മയങ്ങളിലൂടെ സർ-റിയലിസ്ടിക്കായ  ഒരു ലോകത്ത് 2 മണിക്കൂറിലധികം പ്രേക്ഷകനും ചെലവഴിക്കാനാകുന്നു. സിനിമയുടെ ചരിത്രപശ്ചാത്തലം 60-കളിലെ റൊമാനിയൻ രാഷ്ട്രീയ-സാമൂഹിക ചിത്രങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഡാർക്ക് കോമഡി എന്ന് വിളിക്കാവുന്ന ഈ സിനിമയിലെ ദൃശ്യങ്ങളിൽ കുടികൊള്ളുന്ന പ്രതീക-രൂപക  ചിഹ്നങ്ങളെ പൂർണ്ണാർഥത്തിൽ വിശകലനം ചെയ്യാൻ ചരിത്രാവബോധത്തെ കൂട്ടുപിടിക്കേണ്ടി വരും. എന്നിരുന്നാലും, അവയിലെ ഹാസ്യത്മകതകളെ നുണയാൻ പ്രബുദ്ധതയുടെ താങ്ങ് വേണ്ടതുമില്ല. ആശയപരമായി സിനിമയെ മുഴുവനായി ഗ്രഹിക്കാനായില്ലെങ്കിലും സറ്റയറിക്കലായി സിനിമ വെളിപ്പെടുത്തുന്ന പലതും ചരിത്രമായ ദിനങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങളായിരുന്നു എന്ന് നമുക്ക് തിരിച്ചറിയാനാവുന്നു.  എമിർ കസ്തൂരിക്കയുടെ  സിനിമകളിൽ കണ്ടുവരാറുള്ള ഊർജ്ജവും , കോലാഹലങ്ങളും നിറയുന്ന ഈ സിനിമ എല്ലാവരേയും ലക്ഷ്യം വെയ്ക്കുന്ന ദൃശ്യാനുഭവമല്ല എന്ന ഓർമ്മപ്പെടുത്തലോടെ നിർത്തുന്നു.