Saturday 26 March 2016

MY TIME WILL COME (2006)



FILM : MY TIME WILL COME (2006)
COUNTRY : ECUADOR
GENRE : DRAMA
DIRECTOR : MANUEL ARREGUI
                ചില സിനിമകൾ നമ്മൾ പ്രതീക്ഷിക്കുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായാണ് അനുഭവപ്പെടുക. ഇക്വഡോറിയൻ  സിനിമയായ "MY TIME WILL COME'" എന്ന സിനിമയും അത്തരത്തിലുള്ള ഒന്നാണ്. കൊലപാതക രംഗത്തോടെ ആരംഭിക്കുന്ന സിനിമ  ഒരു SLOW PACED ത്രില്ലർ ആകും എന്ന് പ്രതീക്ഷ നൽകുമെങ്കിലും വേറിട്ട ഒരു ഡ്രാമ അനുഭവത്തിലൂടെയാണ് നമ്മെ കൊണ്ടുപോകുന്നത്. തുടക്കത്തിലെ കൊലപാതകത്തെ  തുടർന്നുണ്ടാകുന്ന സംഭവങ്ങളും, അവയിലെ കഥാപാത്രങ്ങളും മോർച്ചറിയിൽ വീണ്ടും സന്ധിക്കുന്നത് യാദൃശ്ചികതയുമല്ല.
                  മോർച്ചറിയിലെ ഫോറൻസിക് എക്സാമിനറായ ഡോക്ടറുടെ നിർവ്വികാരതയിലുറഞ്ഞ ചിന്തകളാണ് സിനിമയുടെ മിടിപ്പുകൾ. മരവിച്ച ശരീരങ്ങളുമായുള്ള ചങ്ങാത്തം സമ്മാനിച്ച മരവിച്ച   മനസ്സിന്റെ പ്രതികരണങ്ങൾ എന്നതിലുപരി  അയാളുടെ ചിന്തകളെ ശ്രവിക്കേണ്ടതുണ്ട്. വൈകാരികത ചോർന്നു പോയ അയാളുടെ ജീവിതം, ജീവൻ കൈയ്യൊഴിഞ്ഞ ശരീരങ്ങൾക്കായുള്ള കാത്തിരിപ്പായി ചുരുങ്ങിയിരിക്കുന്നു. സാമൂഹിക ചുറ്റുപാടുകളുടെ അരക്ഷിതാവസ്ഥയിൽ കിളിർക്കുന്ന ജീവിതങ്ങളെ മരണത്തിന്റെ ശീതീകരിച്ച തടവറയിൽ വിശകലനം ചെയ്യുന്ന  യാന്ത്രികതയിലാണ് അയാൾ അഭയം തേടിയിട്ടുള്ളത്.

Sunday 20 March 2016

THE CLAN (2015)



FILM : THE CLAN (2015)
COUNTRY : ARGENTINA
GENRE : CRIME !!! DRAMA
DIRECTOR : PABLO TRAPERO

              ഭൂതകാല സാഹചര്യങ്ങളിലെ നിറമുള്ളതും, നിറം കെട്ടതുമായ  സംഭവങ്ങളെ അധികരിച്ച് പല തരത്തിലുള്ള സിനിമകൾ ലാറ്റിനമേരിക്കൻ  മേഖലയിൽ നിന്നുണ്ടായിട്ടുണ്ട്. ചരിത്ര പശ്ചാത്തലങ്ങളെ പകർന്ന് മികച്ച ദൃശ്യാനുഭവങ്ങളായി  മാറിയ ഇത്തരം സിനിമകളുടെ ഗണത്തിലേക്ക്  തീർച്ചയായും ചേർത്ത് വെയ്ക്കാവുന്ന ഒന്നാണ് അർജന്റീനൻ  സിനിമയായ THE CLAN (2015). ഒരു ക്രൈം ഡ്രാമയുടെ എല്ലാ ലക്ഷണങ്ങളുമൊത്ത ഈ സിനിമ 80-കളിലെ ഒരു ക്രിമിനൽ ഫാമിലിയുടെ കഥ പറയുന്നു. ഒരു സാധാരണ കുടുംബത്തെ പോലെ തോന്നിക്കുന്ന "PUCCIO" കുടുംബം രഹസ്യമായി നടത്തുന്ന കുറ്റകൃത്യങ്ങളെയാണ്  സിനിമയുടെ ഫ്രൈമുകളിൽ കാണാനാവുക. ദൃശ്യങ്ങളും, പശ്ചാത്തല സംഗീതവും പഴമയോട് ചേർന്ന് നിൽക്കുന്നു. "COLD BLOODED"  എന്ന തരത്തിലുള്ള വിശേഷണങ്ങളെ ശരിവയ്ക്കുന്ന പ്രകടനവുമായി നിറഞ്ഞു നിന്ന കുടുംബനാഥന്റെ റോൾ ഗംഭീരമായിരുന്നു.
                            ഈ കാഴ്ചകൾ ശരിക്കും സംഭവിച്ചവയാണെന്ന നടുക്കുന്ന സത്യം സിനിമയ്ക്ക് ശേഷവും നമ്മുടെ ചിന്തകളിൽ അവശേഷിക്കുന്നു. ക്രൈം-ഡ്രാമകൾ ഇഷ്ടമുള്ളവർ തീർച്ചയായും കാണേണ്ട സിനിമയാണ് THE CLAN.  


Saturday 19 March 2016

THE FAREWELL PARTY (2014)



FILM : THE FAREWELL PARTY (2014)
COUNTRY : ISRAEL
GENRE : DRAMA
DIRECTOR : TAL GRANIT , SHARON MAYMON

                നശ്വരതയെ  ഉപേക്ഷിക്കാൻ കഴിയാത്ത ജീവിതത്തിന്റെ സായാഹ്നത്തിൽ അതിഥിയായെത്തുന്ന  അനിവാര്യതയാണ് വാർദ്ധക്യം. വാർദ്ധക്യവും, അതിന്റെ പരാധീനതകളും സിനിമയിൽ ഇടം കണ്ടെത്തുമ്പോൾ പ്രമേയം ഗൌരവമുള്ളതാണെന്ന പരാമർശം വേണ്ടതുമില്ല. എന്നിരുന്നാലും,  "യൂതനേഷ്യ" (ദയാവധം) പ്രതിപാദ്യ വിഷയമായിട്ടുള്ള ഇതര സിനിമകളിൽ നിന്ന് വ്യത്യസ്തമായ അനുഭവമാണ് THE FAREWELL PARTY നൽകുന്നത്  എന്ന  കാര്യം സൂചിപ്പിക്കാതെ വയ്യ.
               മാരകമായ അസുഖ ബാധിതനായ സുഹൃത്തിനുവേണ്ടി "ASSISTED SUICIDE" സാധ്യമാക്കുന്ന ഉപകരണം രഹസ്യമായി നിർമ്മിക്കുകയാണ് വൃദ്ധരായ കൂട്ടുകാർ. വേദനകൾക്കും  ആസന്നമായ മരണത്തിനും ഇടയിലേക്ക് സൗഹൃദത്തിന്റെ ദയാഹസ്തങ്ങൾ നീളുമ്പോൾ രംഗബോധമില്ലാത്ത കോമാളിയെന്ന ആക്ഷേപം പലപ്പോഴും വൃഥാവിലാകുന്നു. വാർധക്യത്തിന്റെ വേദനകളായി തുറിച്ചു നോക്കുന്ന അവസ്ഥകളാണ് മരണമെന്ന യാഥാർത്യത്തേക്കാൾ സിനിമയിൽ ക്രൂരമായി നിലകൊള്ളുന്നത്. മുറുകെ പിടിക്കുന്നതും, അയച്ചു വിടുന്നതും തീവ്രമായ സ്നേഹത്തിന്റെ രണ്ട് തീരുമാനങ്ങളാകുന്നതും സിനിമയിലെ കാഴ്ചയാകുന്നു.
                  വിഷയത്തിന്റെ ഗൌരവത്തെ ഒട്ടും ചോർത്തിക്കളയാതെ  സ്വാഭാവികതയുള്ള ഹാസ്യരംഗങ്ങളെ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ലോകമെമ്പാടും ധാരാളം ചർച്ചകൾക്ക് വിഷയമായിട്ടുള്ള "യൂതനേഷ്യയെ" കുറിച്ച് ഈ സിനിമ പങ്കുവെയ്ക്കുന്ന നിലപാടിനോട് സമരസപ്പെടാനായില്ലെങ്കിലും , ഇതൊരു നല്ല സിനിമയാണെന്ന അഭിപ്രായത്തിൽ ഞാനും പങ്കുചേരുന്നു.


Monday 14 March 2016

കരി (2015)



FILM : KARIE (2015)
COUNTRY : INDIA
DIRECTOR : SHANAVAS NARANIPPUZHA 

        വരേണ്യത ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത ഇകഴ്ത്തലിന്റെ മനശാസ്ത്രത്തിലും, പൊതുബോധത്തിലുമാണ് ഷാനവാസ്‌ നരണിപ്പുഴയുടെ "കരി" കടും നിറങ്ങളണിഞ്ഞ് ചുവടുകൾ വെയ്ക്കുന്നത്. പുരോഗമന ചിന്തകളുടെ ഗീർവ്വാണങ്ങളിൽ നിർവൃതിയടയുന്ന നമ്മുടെ മനസ്സിനെ യാഥാർത്ഥ്യത്തിന്റെ ചുടു ചൂളകളിൽ നിർത്തുന്നു ഈ സിനിമ.
              ആക്ഷേപ ഹാസ്യത്തിന്റെയും, കറുത്ത ഹാസ്യത്തിന്റെയും വെളിച്ചത്തിൽ സമകാലിക സമൂഹത്തിൽ പ്രബലത നേടി വരുന്ന ജാതീയ ചിന്തകളെ തുറന്നു കാട്ടുന്നു കരി. ഗൌരവമേറിയ  പ്രമേയത്തെ രസകരമായ ആഖ്യാനത്തിലൂടെ   ആസ്വദ്യകരമാക്കി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് കരിയുടെ സവിശേഷത. ഗൾഫിലെ തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ദിനേശന്റെ വീട് തേടി ചേർത്തല സ്വദേശിയും, സുഹൃത്തും മലപ്പുറത്തേക്ക് യാത്രചെയ്യുകയാണ്. അവിടെ  വച്ച്  അവർ എതിരിടുന്ന സംഭവങ്ങളെ മുൻ നിർത്തി സിനിമ വിരൽ ചൂണ്ടുന്ന സാമൂഹികാവസ്തകളുടെ വിശകലനത്തിന്‌ അവസരമേകുന്നു "കരി". തിരസ്കാരങ്ങളുടെ നിറം കെട്ട ഉണ്മകളെ ദൃശ്യഭാഷയിലൂടെയും, സംഭാഷണങ്ങളാലും അടയാളപ്പെടുത്തുന്നു ഈ സിനിമ. അപകർഷതയുടെയും, കീഴാള ബോധങ്ങളുടെയും  തടവറകളിൽ നിന്ന് പല ജാതീയ സ്വത്വങ്ങളും ഇന്നും മോചിതരല്ല എന്ന ഓർമ്മപ്പെടുത്തലും സിനിമയുടെ ദൌത്യമാകുന്നു. ദളിതന്റെ ആചാര-അനുഷ്ടാനങ്ങളെ  "കേവല കല"-യായി അടർത്തിയെടുത്ത് ആനന്ദിക്കുന്ന സവർണ്ണ ബോധത്തിന് സാഹചര്യങ്ങളാൽ കീഴ്പ്പെടുന്നുണ്ടെങ്കിലും, അപകർഷതയിൽ ചവിട്ടി നിന്നിട്ടാണെങ്കിലും  "ഞങ്ങളില്ലെങ്കിൽ നിങ്ങൾക്കെന്ത് പൂരം" എന്ന സ്വത്വബോധത്തിൽ നിന്നുയർന്ന പ്രതിഷേധം പങ്കുവെയ്ക്കാനും "കരി" മറക്കുന്നില്ല.
                   കരിപുരണ്ട മനസ്സുകളും, ഇരുൾ മൂടിയ പൊതു ബോധവും സമൂഹത്തെ അടയാളപ്പെടുത്തുന്ന ഇക്കാലത്ത് "കരി" ഉടച്ചുവാർക്കേണ്ട  സാമൂഹ്യ ഘടനയെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാവുന്നു.

Monday 7 March 2016

RAMS (2015)



FILM : RAMS (2015)
COUNTRY : ICELAND
GENRE : DRAMA
DIRECTOR : GRIMUR HAKONARSON

                    വിദേശ സിനിമകൾ കാണുമ്പോൾ അവ  വെച്ചു നീട്ടുന്ന പുതുമ നിറഞ്ഞ സാമൂഹിക ചിത്രങ്ങളും ജീവിത വീക്ഷണങ്ങളും ശ്രദ്ധിക്കുന്ന പതിവ് എന്നിലെ സിനിമാ ആസ്വാദകനുണ്ട്. എന്നാൽ ഇങ്ങനെയുള്ള സിനിമകളെ  ഇഷ്ടപ്പെടാൻ കാരണം കാഴ്ചകളിലും, ചിന്തകളിലും, ചലനങ്ങളിലുമുള്ള അനുപമമായ വൈവിധ്യം കൊണ്ട് മാത്രമല്ല. മനുഷ്യജീവിതം നാമ്പിടുന്ന ഇടങ്ങളിലെല്ലാം  തെളിയുന്ന വൈകാരികതയുടെ സാർവ്വദേശീയ മാനങ്ങൾ എന്റെ ഉൾത്തുടിപ്പുകളെ തലോടുന്നതിനാലുമാണ്.
              ഐസ്ലാൻഡിലെ  അതിമനോഹരമായ ഗ്രാമീണ പശ്ചാത്തലത്തിൽ സഹോദരങ്ങളായ രണ്ടു കർഷകരുടെ കഥ പറയുന്നു RAMS. ചെമ്മരിയാടുകളെ വളർത്തി ജീവിക്കുന്ന അവരുടെ സുഖകരമല്ലാത്ത  ബന്ധവും, നിലനിൽപ്പ്‌ വരെ അപകടത്തിലാവുന്ന പ്രശ്നങ്ങളും ചേരുന്നതോടെ സിനിമയുടെ കഥയ്ക്ക്‌ വേണ്ട നട്ടെല്ലാകുന്നു. കഥാപാത്രങ്ങൾ അനുഭവിക്കുന്ന ഏകാന്തതയെ അവർക്ക് വളർത്തു മൃഗങ്ങളോടുള്ള അളവറ്റ സ്നേഹത്തിൽ ദർശിക്കാവുന്നതാണ്. മനുഷ്യ ജീവിതത്തെ അടയാളപ്പെടുത്തുന്ന സാമൂഹ്യ വിനിമയങ്ങൾ പരിമിതമായ ഇത്തരത്തിലുള്ള മേച്ചിൽ പുറങ്ങളിൽ സുദീർഘമായി നിലകൊള്ളാൻ ഏകാന്തതയുടെ ദുഷിച്ച ചങ്ങാത്തത്തിൽ നിന്ന് മനസ്സിനെ സ്വതന്ത്രമാക്കാനുള്ള ശ്രമമായും അതിനെ വായിച്ചെടുക്കാം. പ്രാദേശികതയുടെ കയ്യൊപ്പ്  പതിഞ്ഞ കർഷക ജീവിതത്തിന്റെ ദൃശ്യവൽക്കരണം എന്നതിലുപരി, പ്രകടനപരതയ്ക്ക് കീഴ്പ്പെടാതെ നിശബ്ദത കൊണ്ട് തള്ളിനീക്കിയ ദശകങ്ങൾക്കിപ്പുറവും  തീവ്രത ചോരാത്ത സ്നേഹ ബന്ധത്തെ തീവ്രതയോടെ അടയാളപ്പെടുത്തുന്നു RAMS.


Saturday 5 March 2016

VINODENTRO (2013)



FILM : VINODENTRO (2013)
GENRE : COMEDY !!! MYSTERY !!! THRILLER
COUNTRY : ITALY
DIRECTOR : FERDINANDO VICENTINI ORGANANI

               എല്ലാവർക്കുമെന്ന പോലെ എന്റെയും പ്രിയപ്പെട്ട MOVIE GENRE-കളിൽ ഒന്നാണ് MURDER MYSTERY. എങ്കിലും, ഇന്ന് ഞാൻ പരിചയപ്പെടുത്തുന്ന ഇറ്റാലിയൻ സിനിമയായ VINODENTRO (2013) മിസ്റ്ററി ത്രില്ലറുകൾ സ്ഥിരം പിന്തുടരുന്ന പാതയോ, ശൈലിയോ പിന്തുടരുന്നില്ല. അതിനാൽ തന്നെ കഥയിലും, അവതരണത്തിലുമുള്ള  വ്യത്യസ്തത സിനിമയെ  വേറിട്ടതാക്കുന്നു. ബാങ്കിലെ ഒരു സാധാരണ ക്ലാർക്ക് മാത്രമായിരുന്ന  "ജിയോവാനി" പ്രൊഫസ്സർ എന്ന വിളിപ്പേരുള്ള അപരിചിതനോടൊപ്പം ഒരു ഗ്ലാസ്‌ വൈൻ നുകരുന്നതോടെ മാറ്റങ്ങളുടെ കുത്തൊഴുക്കിൽ അകപ്പെടുന്നു. നേട്ടങ്ങളും, നഷ്ടങ്ങളും,  ജിയോവാനിയുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ സിനിമയുടെ ഗതിയും സ്വഭാവവും മാറുന്നു. കഥാപാത്രങ്ങളെയെല്ലാം  നിഗൂഡത  പിന്തുടരുന്ന പോലെ , നമ്മളുടെ ചിന്തകളെ യഥാർത്ഥം-മിഥ്യ എന്നീ ദ്വന്ദങ്ങൾ പിന്തുടരുന്നു. നോൺ ലീനിയർ  രീതിയിൽ അവതരിപ്പിച്ച  ഈ സിനിമ പുതുമയാർന്ന മിസ്റ്ററികൾ തേടുന്നവർക്ക് ഇഷ്ടപ്പെടും. 



Friday 4 March 2016

VISARANAI (2015)



FILM : VISARANAI (2015)
LANGUAGE : TAMIL
GENRE : DRAMA !!! THRILLER
DIRECTOR : VETRIMAARAN

              നിയമ സംവിധാനങ്ങളുടെ പക്ഷപാതിത്വങ്ങളും, നീതി നടപ്പാക്കുമ്പോൾ അവഗണിക്കപ്പെടുന്ന സമത്വ ചിന്തകളും ചോദ്യചിഹ്നങ്ങളായി തൂങ്ങി നിൽക്കുന്ന സമകാലീന സാഹചര്യങ്ങളിൽ സംഭവിക്കേണ്ട സിനിമ തന്നെയാണ് VISARANAI (2015). സുരക്ഷയുടെ വലയങ്ങൾ ചങ്ങലകളും, തടവറകളുമായി രൂപാന്തരപ്പെടുന്ന യാഥാർത്യങ്ങളിൽ  നിസ്സഹായതയുടെ നരകയാതനകളെ ഉൾക്കിടിലത്തോടെയല്ലാതെ  കണ്ടു തീർക്കാനാവുന്നില്ല. അധികാരങ്ങൾക്ക് വേണ്ടിയുള്ള ചതുരംഗ കളികളിൽ ബലിയർപ്പിക്കപ്പെടുന്ന "കാലാൾ" പടയാളികളെ നമ്മൾ നമ്മളിൽ കണ്ടു തുടങ്ങേണ്ടിയിരിക്കുന്നു. അഴിമതി നിറഞ്ഞ വ്യവസ്ഥയുടെ അരിക് പറ്റിനിന്ന് താൽക്കാലിക നേട്ടങ്ങൾ കൊയ്യാൻ കൊതിക്കുന്ന സമൂഹ മനസ്സ് തന്നെയാണ് ഇത്തരം സിസ്റ്റത്തെ ബലപ്പെടുത്തുന്നത്. തെളിയിച്ചെടുക്കാൻ കഴിയാത്ത വിധം കലങ്ങി മറിഞ്ഞ വ്യവസ്ഥിതിയിൽ ചെളി പുരളാതെ നിൽക്കാനാവില്ലെന്നതാണ് സിനിമ സൂചിപ്പിക്കുന്ന നേരുകളിലൊന്ന്. അന്യായ തടവുകളും, വ്യാജ ഏറ്റുമുട്ടലുകളും, വ്യാജ ആരോപണങ്ങളും നിത്യക്കാഴ്ച്ചയാകുന്ന നമ്മുടെ വ്യവസ്ഥിതിയിൽ ഭരണകൂട സംവിധാനങ്ങളുടെ ഏകപക്ഷീയമായ തീർപ്പുകളിൽ നിരപരാധികളിൽ നിന്ന് അപരാധിയുടെ വെറുക്കപ്പെടുന്ന സ്വത്വങ്ങൾ എതിർപ്പുകളില്ലാതെ  സൃഷ്ടിക്കപ്പെടുന്നു.  അങ്ങനെയുള്ളവരിൽ നിന്നും ഉയരുന്ന നിസ്സഹായതയുടെ നിലവിളികൾ കേൾപ്പിക്കുന്ന ഈ സിനിമ വിചാരണ ചെയ്യുന്നത് വേട്ടക്കാരനെ മാത്രമാണെന്ന് തോന്നുന്നില്ല. മാനവികതയിലൂന്നിയുള്ള എതിർസ്വരങ്ങളുടെ ഐക്യപ്പെടലിന്റെ സാധ്യതകളെ ദുർബലപ്പെടുത്തി അരാഷ്ട്രീയതയുടെ തണലിൽ ചത്തു ജീവിക്കുന്നവരായ് മാറുന്ന നമ്മളെയും ഈ സിനിമ വിചാരണ ചെയ്യുന്നുണ്ട് എന്നാണ് എനിക്ക് തോന്നിയത്.