Saturday, 19 March 2016

THE FAREWELL PARTY (2014)



FILM : THE FAREWELL PARTY (2014)
COUNTRY : ISRAEL
GENRE : DRAMA
DIRECTOR : TAL GRANIT , SHARON MAYMON

                നശ്വരതയെ  ഉപേക്ഷിക്കാൻ കഴിയാത്ത ജീവിതത്തിന്റെ സായാഹ്നത്തിൽ അതിഥിയായെത്തുന്ന  അനിവാര്യതയാണ് വാർദ്ധക്യം. വാർദ്ധക്യവും, അതിന്റെ പരാധീനതകളും സിനിമയിൽ ഇടം കണ്ടെത്തുമ്പോൾ പ്രമേയം ഗൌരവമുള്ളതാണെന്ന പരാമർശം വേണ്ടതുമില്ല. എന്നിരുന്നാലും,  "യൂതനേഷ്യ" (ദയാവധം) പ്രതിപാദ്യ വിഷയമായിട്ടുള്ള ഇതര സിനിമകളിൽ നിന്ന് വ്യത്യസ്തമായ അനുഭവമാണ് THE FAREWELL PARTY നൽകുന്നത്  എന്ന  കാര്യം സൂചിപ്പിക്കാതെ വയ്യ.
               മാരകമായ അസുഖ ബാധിതനായ സുഹൃത്തിനുവേണ്ടി "ASSISTED SUICIDE" സാധ്യമാക്കുന്ന ഉപകരണം രഹസ്യമായി നിർമ്മിക്കുകയാണ് വൃദ്ധരായ കൂട്ടുകാർ. വേദനകൾക്കും  ആസന്നമായ മരണത്തിനും ഇടയിലേക്ക് സൗഹൃദത്തിന്റെ ദയാഹസ്തങ്ങൾ നീളുമ്പോൾ രംഗബോധമില്ലാത്ത കോമാളിയെന്ന ആക്ഷേപം പലപ്പോഴും വൃഥാവിലാകുന്നു. വാർധക്യത്തിന്റെ വേദനകളായി തുറിച്ചു നോക്കുന്ന അവസ്ഥകളാണ് മരണമെന്ന യാഥാർത്യത്തേക്കാൾ സിനിമയിൽ ക്രൂരമായി നിലകൊള്ളുന്നത്. മുറുകെ പിടിക്കുന്നതും, അയച്ചു വിടുന്നതും തീവ്രമായ സ്നേഹത്തിന്റെ രണ്ട് തീരുമാനങ്ങളാകുന്നതും സിനിമയിലെ കാഴ്ചയാകുന്നു.
                  വിഷയത്തിന്റെ ഗൌരവത്തെ ഒട്ടും ചോർത്തിക്കളയാതെ  സ്വാഭാവികതയുള്ള ഹാസ്യരംഗങ്ങളെ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ലോകമെമ്പാടും ധാരാളം ചർച്ചകൾക്ക് വിഷയമായിട്ടുള്ള "യൂതനേഷ്യയെ" കുറിച്ച് ഈ സിനിമ പങ്കുവെയ്ക്കുന്ന നിലപാടിനോട് സമരസപ്പെടാനായില്ലെങ്കിലും , ഇതൊരു നല്ല സിനിമയാണെന്ന അഭിപ്രായത്തിൽ ഞാനും പങ്കുചേരുന്നു.


1 comment:

  1. മരണമെന്ന യാഥാർത്യത്തേക്കാൾ സിനിമയിൽ ക്രൂരമായി നിലകൊള്ളുന്നത്. മുറുകെ പിടിക്കുന്നതും, അയച്ചു വിടുന്നതും തീവ്രമായ സ്നേഹത്തിന്റെ രണ്ട് തീരുമാനങ്ങളാകുന്നതും സിനിമയിലെ കാഴ്ചയാകുന്നു.

    ReplyDelete