Thursday 18 April 2019

THE TEACHER (2016)


FILM : THE TEACHER (2016)
COUNTRY : SLOVAKIA
GENRE : DRAMA
DIRECTOR : JAN HREBEJK
              സമൂഹത്തിന്റെ "MICROCOSM" ആയി പരിഗണിക്കാവുന്ന ഒന്നു  തന്നെയാണ് സ്‌കൂൾ. വൈവിധ്യങ്ങളും, അധികാര സ്ഥാനങ്ങളും ഉൾകൊള്ളുന്ന ഇടമെന്ന നിലയിൽ, നിലകൊള്ളുന്ന കാലഘട്ടത്തിന്റെ ഐഡിയോളജികളുടെ നിഴലുകൾ പതിയുന്ന സമൂഹ മാതൃക തന്നെയാകുന്നു സ്‌കൂൾ. 1983-ലെ സ്ലോവാക്യയിലെ ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ ഏകാധിപത്യ ഭരണ സംവിധാനങ്ങളുടെ രീതികളെയാണ് ഈ സിനിമ ഓർമ്മയിലെത്തിക്കുന്നത്. പുതുതായി സ്‌കൂളിലെത്തുന്ന ടീച്ചർ കുട്ടികളെ പരിചയപ്പെടുന്നതോടൊപ്പം അവരുടെ രക്ഷിതാക്കളുടെ ജോലികൾ കൂടി ചോദിച്ചറിയുന്നു. കുട്ടികളുടെ സാമൂഹിക പശ്ചാത്തലങ്ങളെ അറിഞ്ഞു അവരെ മെച്ചപ്പെടുത്തുകയല്ല അതിന്റെ ലക്ഷ്യം. മറിച്ച്, സ്വാർത്ഥമായ ഉദ്ദേശ്യങ്ങളോടെയാണ് ടീച്ചർ ഇത് ചെയ്യുന്നത്. സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്ക് പോലും നിയന്ത്രിക്കാൻ ഭയമുള്ള വിധത്തിൽ പാർട്ടിയിൽ പിടിപാടുള്ള ഈ ടീച്ചറുടെ ഇടപെടലുകൾ ആ ക്ലാസ്സിനെയും, കുട്ടികളെയും, അവരുടെ കുടുംബങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്നത് ആ കാലഘട്ടത്തിന്റെ സാമൂഹികാവസ്ഥയോട് ചേർത്ത് വച്ച് ജനറലൈസ് ചെയ്യാവുന്ന ഒന്ന് തന്നെയാകുന്നു. സറ്റയറിക്കലായ ഈ സിനിമയുടെ ഉദ്ദേശ്യവും അത് തന്നെയാവണം..
          നോൺ ലീനിയർ ഘടനയാണ് സിനിമയ്ക്കുള്ളത്. രക്ഷിതാക്കളുടെ ഒരു മീറ്റിങ്ങിൽ നടക്കുന്ന വാദഗതികളുടെയും, അഭിപ്രായങ്ങളുടെയും ഇടയിൽ നിന്ന് ഫ്‌ളാഷ് ബാക്കുകളിലേയ്ക്ക് പോയി വ്യക്തത വരുത്തുന്ന രീതിയാണ് സിനിമ കൈകൊണ്ടിട്ടുള്ളത്. ഏതൊരു ഏകാധിപത്യ ഭരണ സംവിധാനത്തിന്റെയും പ്രായോഗികതയുടെ അടയാളം അഴിമതിയും, സ്വജന പക്ഷപാതവും നിറഞ്ഞതാണെന്നും, സ്വാതന്ത്ര്യത്തിനു വിലങ്ങിട്ടു കൊണ്ടും ജനങ്ങളെ ഭീതിയിൽ ഒതുക്കി നിർത്തിയും, അനീതികളെ നിഷ്കളങ്കതയോടെയും, പ്രച്ഛന്നതയോടെയും ആവിഷ്‌ക്കരിച്ചും തന്നെയാണ് അത്തരം കാലഘട്ടങ്ങൾ കടന്നു പോയിട്ടുള്ളത് എന്നും 83-ലെ സ്ലോവാക്യൻ കമ്മ്യൂണിസ്റ്റു ഭരണകാലത്തിന്റെ പശ്ചാത്തലത്തിൽ ഓർമ്മയിൽ വരച്ചിടാൻ ശ്രമിക്കുന്നു ദി ടീച്ചർ. വ്യക്തിപരമായ അനുഭവങ്ങളോ, ആശയ വിരുദ്ധതയുടെ താല്പര്യങ്ങളോ ഈ സിനിമയുടെ ഉള്ളടക്കത്തെ രൂപപ്പെടുത്തിയെടുക്കുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാകാമെങ്കിലും,  ടോട്ടാലിറ്റേറിയൻ മനോഘടന ആവേശിച്ച ഏതൊരു ഭരണക്രമവും സൃഷ്ടിക്കുന്ന സമൂഹത്തിന്റെ ആശങ്കകൾ തന്നെയാണ് സിനിമ കോറിയിടുന്നത് എന്നതാണ് ഉണ്മ.

Sunday 14 April 2019

MY MASTERPIECE (2018)


FILM : MY MASTERPIECE (2018)
GENRE : COMEDY !!! DRAMA
COUNTRY : ARGENTINA
DIRECTOR : GASTON DUPRAT
               പേര് സൂചിപ്പിക്കുന്ന പോലെ ഈ സിനിമ കലയെക്കുറിച്ചും, കലാകാരനെക്കുറിച്ചും, കലയുടെ വിപണന സാധ്യതകളെക്കുറിച്ചും, സൗഹൃദത്തെ കുറിച്ചുമെല്ലാം പ്രേക്ഷകനോട് സംവദിക്കുന്നു. ഈ  സിനിമ പകരുന്ന കാഴ്ചകളിൽ മനസ്സിൽ തങ്ങിനിൽക്കുന്നത് പ്രധാന കഥാപാത്രങ്ങളുടെ സൗഹൃദം തന്നെയാണ്. സമൂഹത്തിന്റെ പതിവുകളോട് സമരസപ്പെടുവാൻ കഴിയാത്ത ചിത്രകാരനായ റെൻസോയും, അയാളുമായി സുദൃഢവും , സുദീർഘവുമായ സൗഹൃദം സൂക്ഷിക്കുന്ന ആർട് ട്രെയ്‌ഡറായ അർടുറോയുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ആർക്കും ഒത്തുപോവാനാവാത്ത വിധത്തിലുള്ള വിചിത്രമായ പെരുമാറ്റങ്ങളുമായി കഴിയുന്ന റെൻസോ ഇപ്പോൾ പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാണ്. അയാളുടെ ചിത്രങ്ങളുടെ വിപണിമൂല്യം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലും, എപ്പോഴും വെറുപ്പിക്കുന്ന പെരുമാറ്റത്തിനിടയിലും സുഹൃത്തിലെ പ്രതിഭയെ തള്ളിപ്പറയാതെ ക്ഷമയോടെ ചേർത്ത് നിർത്താൻ ശ്രമിക്കുന്നുണ്ട് അർടുറോ. ഒരു അപകടത്തിൽ പെട്ട് റെൻസോ കിടപ്പിലാകുന്നതോടെ അവരുടെ സൗഹൃദത്തിന്റെ ആഴവും, സിനിമയുടെ സൗന്ദര്യവും പ്രേക്ഷകന് കാണാനാവുന്നു.
                കല-സമൂഹം എന്നിവയെ ചേർത്തും പിരിച്ചും പലതരത്തിലുള്ള രചനകളും, സംവാദങ്ങളും കാലങ്ങളായി സജീവതയോടെ നിൽക്കുന്നു. തന്റെ ശിഷ്യനാവാൻ വരുന്ന ഉത്സാഹിയായ ചെറുപ്പക്കാരനോട് കലയ്ക്കപ്പുറം  മറ്റൊന്നുമറിയാത്തവന് മാത്രം പറ്റിയ ഒന്നാണ് ഇതെന്നും, സമൂഹത്തിനു ഉപകാരപ്രദമായ മറ്റെന്തെങ്കിലും ചെയ്യൂ എന്ന് റെൻസോ  ഉപദേശിക്കുന്നുണ്ട്. മറ്റൊരിടത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ഒരു കലാകാരനെന്ന നിലയിൽ ഞാൻ സമൂഹത്തിനു നൽകിയ സംഭാവനയ്ക്കുള്ള അംഗീകാരമായി ഇതിനെ കണക്കാക്കി പണം ചോദിക്കരുത് എന്നും റെൻസോ പറയുന്നു. ഇത്തരം വൈരുദ്ധ്യങ്ങളെ കലയിലും, കലാകാരനിലും കണ്ടുമുട്ടാമെന്നിരിക്കെ ഇവയെല്ലാം സമ്മേളിക്കുന്ന സമൂഹവും വൈരുദ്ധ്യങ്ങളുടെ വൈവിധ്യങ്ങളാൽ സമ്പന്നമാണെന്നതാണ് യാഥാർത്യം. കലയും കച്ചവടവും കൈകോർക്കുന്ന ഇടങ്ങളിലെ വിപണന തന്ത്ര-കുതന്ത്രങ്ങൾക്കിടയിൽ സമൂഹ മനസ്സിന്റെ വിചിത്രമായ രൂപഭേദങ്ങളെ കണ്ടുമുട്ടാം. യാഥാർത്യങ്ങളുടെ പകർപ്പുകളല്ല കലാസൃഷ്ടികൾ. വെറുംകാഴ്ചകൾ കൊണ്ട് അവയെ ഉൾക്കൊള്ളാനുമാവില്ല. ഭാവനയും, ഉൾക്കാഴ്ചയുമെല്ലാം ചേർന്ന് സൃഷ്ടിക്കപ്പെടുന്ന കാലാതീതമായ കലാസൃഷ്ടികൾ സംവദിക്കുന്ന ആശയങ്ങളെ ഉൾക്കൊള്ളണമെങ്കിൽ നോട്ടങ്ങൾക്കപ്പുറം മനസ്സും-ചിന്തയും കൂടി ഇഴുകിച്ചേരേണ്ടതുണ്ട്.
              മെയിൻ റോളുകൾ കൈകാര്യം ചെയ്തവരുടെ മികച്ച പ്രകടനവും, അങ്ങിങ്ങായി പ്രത്യക്ഷപ്പെടുന്ന കറുത്ത ഹാസ്യം തുളുമ്പുന്ന രംഗങ്ങളും സിനിമയുടെ പ്ലസ് പോയിന്റുകളാണ്. ഉത്കൃഷ്ട കലാസൃഷ്ടി എന്നൊന്നും പറയാനാവില്ലെങ്കിലും മികച്ച അനുഭവം തന്നെയാകുന്നു MY MASTERPIECE.

Tuesday 9 April 2019

WINAYPACHA (2017)


FILM : WINAYPACHA (2017)
GENRE : DRAMA
COUNTRY : PERU
DIRECTOR : OSCAR CATACORA
              ചില സിനിമകൾ കാണാനും, അവയെ ഓർത്തിരിക്കാനും കാരണമാകുന്ന ചില സവിശേഷതകൾ ഉണ്ടാവും. പുതുമയുള്ള അപൂർവ്വങ്ങളായ കാഴ്ചകളും, പുതു അറിവുകളും പകരുന്നതും, ഇല്ലാതായിക്കൊണ്ടിരിക്കുന്ന സംസ്കൃതിയെ അടുത്തറിയാനും അവസരമൊരുക്കുന്ന സിനിമകളെ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കാണാവുന്ന ഒന്നാണ് ഇന്ന് പരിചയപ്പെടുത്തുന്ന പെറുവിയൻ സിനിമ. ലാറ്റിനമേരിക്കയിലെ ആൻഡീസ്‌ പർവ്വത നിരകളോട് ചേർന്ന് ജീവിക്കുന്ന ജനസമൂഹത്തിന്റെ ഭാഷയായ AYMARA-യിൽ പൂർണ്ണമായും ചിത്രീകരിച്ച സിനിമ എന്നതും ഈ സിനിമയുടെ പ്രത്യേകതയാകുന്നു.
             ആൻഡീസിന്റെ താഴ്‌വരയിൽ ഒറ്റപ്പെട്ടു കഴിയുന്ന വിൽക--ഫങ്ക്സി എന്നീ വൃദ്ധ ദമ്പതികളുടെ ജീവിതമാണ് സിനിമയിലുള്ളത്. ശാരീരിക വിഷമതകൾക്കിടയിലും തങ്ങളുടെ വളർത്തു മൃഗങ്ങളെ പരിപാലിച്ചു കഴിയുന്ന അവരുടെ വേദന തിരിച്ചു വരാത്ത മകനെക്കുറിച്ചാണ്. അവനെ കുറിച്ച് കണ്ട സ്വപ്നങ്ങളെപ്പറ്റി  പലതവണ വാചാലയാകുന്ന വൃദ്ധയുടെ വാക്കുകളിൽ നിന്നും ഒറ്റപ്പെടലിന്റെ വേദനയെ തീവ്രമാക്കുന്ന അവഗണനയുടെ സാന്നിധ്യമറിയാം. വിൽകയ്ക്ക് വേണ്ടി പരമ്പരാഗത രീതിയിലുള്ള PONCHO (ബ്ലാങ്കെറ്റ്) നെയ്യാൻ ശ്രമിക്കുന്ന ഫങ്ക്സി പ്രതിനിധീകരിക്കുന്നത് സംസ്കാരത്തെ മുറുകെ പിടിക്കുന്ന പഴയ തലമുറയെ തന്നെയാണ്. കഥാപാത്രങ്ങളായി വൃദ്ധ ദമ്പതികളെ ഉൾപ്പെടുത്തിയതും, ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വീട്ടുജോലികളും, ദൈനംദിന കാര്യങ്ങളും ചെയ്യുന്നത് ദുഷ്‌കരമായ അവരുടെ സംഭാഷണങ്ങളിൽ യുവതലമുറയെന്ന വാക്കിനെ ആവർത്തിച്ചു കൊണ്ടുവരുന്നതും സംവിധായകന്റെ ബോധപൂർവ്വമായ ശ്രമം തന്നെയാവണം. ഭാഷയെ തള്ളിപ്പറയുന്ന യുവതയെക്കുറിച്ചു വിൽക ആശങ്കപ്പെടുന്നുമുണ്ട്. മുൻതലമുറകളെയും, സാംസ്‌കാരിക പാരമ്പര്യങ്ങളെയും അറുത്തുമാറ്റാൻ വ്യഗ്രത കാണിക്കുന്ന പുതുതലമുറയെ തന്നെയാണ് വാക്കുകളിൽ മാത്രം സാന്നിധ്യമാകുന്ന  മകൻ കഥാപാത്രത്തിലൂടെ സിനിമ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം സമൂഹങ്ങളുടെ ജീവിതങ്ങളേയും, തങ്ങളുടെ ഇന്നലേകളെക്കുറിച്ചും വിസ്മരിച്ചവരുടെ മനസ്സിലേക്ക് വെളിച്ചം വിതറുവാൻ കൂടിയാവണം WINAYPACHA ലക്ഷ്യമിടുന്നത്.

Friday 5 April 2019

RAMEN SHOP (2018)


FILM : RAMEN SHOP (2018)
COUNTRY : SINGAPORE
GENRE : DRAMA
DIRECTOR : ERIC KHOO
             ഭക്ഷണ വിഭവങ്ങൾക്ക് പ്രാധാന്യമുള്ള സിനിമകൾ കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്. ഹോട്ടലിന്റെ പശ്ചാത്തലത്തിലുള്ളതോ, ഷെഫുകളുടെ ജീവിതമോ വിഷയമാകുന്ന സിനിമകളിലാണ് അത്തരമൊന്നു കാണാറുള്ളത്. ഇന്ന് പരിചയപ്പെടുത്തുന്ന സിനിമയും ഈ ഗണത്തിൽപെടുന്ന ഒരു കൊച്ചു സിനിമയാണ്. അച്ഛനും, അമ്മയും നഷ്ട്ടപ്പെട്ട യുവാവായ ഷെഫ് ജപ്പാനിൽ നിന്നും സിംഗപ്പൂരിലേക്ക് യാത്രയാവുകയാണ്. പുതിയ ഭക്ഷണ വിഭവങ്ങളെയും, രുചിക്കൂട്ടുകളെയും അറിയുന്നതിനൊപ്പം , തന്റെ ഇന്നലെകളിലേക്കും കുടുംബ ബന്ധങ്ങളിലേക്കുമുള്ള മടങ്ങിപ്പോക്കുമാണ് അവന്റെ യാത്ര. പുതിയ രുചി ഭേദങ്ങളും, ഊട്ടിയുറപ്പിക്കപ്പെടുന്ന ബന്ധങ്ങളും, പുതിയ സന്തോഷങ്ങളുമായി മനം നിറയ്ക്കുന്നു ഈ കൊച്ചു സിനിമ.