Tuesday 13 February 2018

WHITE SUN (2016)


FILM : WHITE SUN (2016)
COUNTRY : NEPAL
GENRE : DRAMA
DIRECTOR : DEEPAK RAUNIYAR
          കാമ്പുള്ള സിനിമകൾ അധികം ഇറങ്ങാത്ത രാജ്യമാണ് നേപ്പാൾ എന്നാണ് തോന്നിയിട്ടുള്ളത്. എന്നാൽ ഈ അടുത്ത കാലത്തു ഇറങ്ങിയ ചില സിനിമകൾ മികച്ച നിലവാരം പുലർത്തി അത്തരത്തിലുള്ള ആരോപണങ്ങൾക്ക് അപവാദമാകുന്നു.  മിൻ ഭാമിന്റെ KALO POTHI യെപ്പോലെ നേപ്പാളിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പരിസരങ്ങളെ മികച്ച രീതിയിൽ അടയാളപ്പെടുത്തുന്ന ഒരു സിനിമയാണ് വൈറ്റ് സൺ. ഇന്ന് പരിചയപ്പെടുത്തുന്നതും ദീപക് റൗണിയാർ സംവിധാനം ചെയ്ത ഈ സിനിമയെയാണ്.
             നേപ്പാളിലെ ആഭ്യന്തര യുദ്ധത്തിന് ശേഷമുള്ള ഒരു കാലഘട്ടത്തിന്റെ അനിശ്ചിതാവസ്ഥയിലാണ് സിനിമ ഇടം കണ്ടെത്തുന്നത്. പിതാവിന്റെ മരണ വാർത്തയറിഞ്ഞു  വർഷങ്ങൾക്കു ശേഷം ഗ്രാമത്തിലേക്ക് തിരിച്ചെത്തുകയാണ് ചന്ദ്ര. ഗ്രാമ മുഖ്യനായിരുന്ന പിതാവിന്റെ സംസ്കാര ചടങ്ങുകൾക്കായുള്ള തയ്യാറെടുപ്പുകളിലാണ് കുടുംബാംഗങ്ങളും, നാട്ടുകാരും. മാവോയിസ്റ്റ് പോരാളിയായിരുന്ന ചന്ദ്രയും, രാഷ്ട്രീയമായി എതിർചേരിയിലായിരുന്ന സഹോദരനും ഉള്ളിൽ സൂക്ഷിക്കുന്ന വിരുദ്ധ നിലപാടുകൾ പരസ്പരം ഏറ്റുമുട്ടലിലേക്കു നീങ്ങുമ്പോൾ സാഹചര്യങ്ങൾ സങ്കീർണമാകുന്നു.
            രാഷ്ട്രീയവും, സാമൂഹികവുമായ വിഷയങ്ങളെ വ്യക്തതയോടെ അവതരിപ്പിക്കാൻ സിനിമയ്ക്കാവുന്നുണ്ട്. പോരാട്ടങ്ങളിലൂടെ തുടച്ചുനീക്കാൻ ആഗ്രഹിച്ച സാമൂഹിക അസമത്വങ്ങൾ ലവലേശം പിൻവലിയാത്ത സാമൂഹിക മനസ്സിനും, യഥാർത്യങ്ങൾക്കും  ഇടയിലേക്ക് തന്നെയാണ് ചന്ദ്ര തിരിച്ചെത്തുന്നത്. അസമത്വങ്ങളുടെ നിരയിൽ നിന്ന് സ്ഥാനഭ്രംശമില്ലാതെ സ്ത്രീകളും, ജാതീയ മനസ്സുകളാൽ  വഴിയടയുന്ന മനുഷ്യരും മാഞ്ഞുപോവാതെ തെളിഞ്ഞു നിൽക്കുന്ന ജീവിത യാഥാർത്യങ്ങൾ കാണുമ്പോൾ, ആയുധമേന്തി ബലപ്പെടുത്തിയ പ്രത്യയശാസ്ത്രം സമ്മാനിച്ച സുന്ദരമായ സ്വപ്നങ്ങളെ അയാൾ ഓർത്തിട്ടുണ്ടാകണം. അധികാരങ്ങളും, സ്ഥാനമാനങ്ങളും കൈയാളപ്പെടുമ്പോൾ ഐഡിയോളജികളുടെ അതിരുകൾ ദുർബലമാവുകയും, വ്യതിരിക്തത നഷ്ടപ്പെട്ട് വാഗ്ദാനങ്ങളെ കൈയൊഴിയുന്ന നിലനിൽപ്പിന്റെ  ഒത്തുതീർപ്പു രാഷ്ട്രീയങ്ങളായി നിലപാടുകൾ മാറുന്ന സത്യത്തെ വിളിച്ചു പറയാനും സിനിമ ശ്രമിക്കുന്നു.
          ആചാരങ്ങളുടെയും, സംസ്കാരങ്ങളുടെയും സാമൂഹിക പൈതൃകങ്ങളെ മുറുകെ പിടിക്കുന്ന പഴയ തലമുറയും, യുദ്ധത്തിന്റെ നേരനുഭവങ്ങളും, ഉണങ്ങാത്ത മുറിവുകളും കൈമുതലായുള്ള യുവതലമുറയും, നാളെയുടെ പതാകവാഹകരായ കുട്ടികളെയും വ്യക്തമായി സ്‌പേസ് നൽകി അവതരിപ്പിക്കുന്നുണ്ട് സംവിധായകൻ. സിനിമയുടെ അവസാന ദൃശ്യം, വരുംനാളുകളെക്കുറിച്ചുള്ള പുരോഗമനാത്മകമായ പ്രതീക്ഷകളെയാണ് വരച്ചിടുന്നതെന്നത് പകൽ പോലെ വ്യക്തം.
           കുട്ടികളുടെ പ്രകടനമാണ് സിനിമയെ മികവുറ്റതാക്കുന്ന മറ്റൊരു ഘടകം. നിരവധി അന്താരാഷ്ട്ര മേളകളിൽ സാന്നിദ്ധ്യമറിയിച്ച ഈ സിനിമ കരസ്ഥമാക്കിയ അംഗീകാരങ്ങൾ അർഹിച്ചവയാണെന്നാണ് സിനിമ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്.

Saturday 10 February 2018

TOUCH OF THE LIGHT {2012}


FILM : TOUCH OF THE LIGHT {2012}
GENRE : DRAMA !!! ROMANCE
COUNTRY : TAIWAN
DIRECTOR : CHANG-JUNG-CHI
   വെളിച്ചമില്ലാത്തവരുടെ ലോകത്തു ഓരോ ചുവടുവെപ്പിനും അസാധാരണമായ ധൈര്യം ആവശ്യമാണ്. ആത്മവിശ്വാസത്തോടെ ആഗ്രഹങ്ങളെ ചേർത്ത് പിടിച്ചു സ്വജീവിതം അടയാളപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങൾ ഏവർക്കും ഊർജ്ജദായകമാണ്.
         ടച്ചിങ് ഓഫ് ദി ലൈറ്റ് എന്ന ഈ തായ്‌വാനീസ് സിനിമ അന്ധനായ ഒരു പിയാനോ വിദ്യാർഥിയുടെ കഥ പറയുന്നു. വിരലുകളിൽ സംഗീതത്തിന്റെ മാന്ത്രികത കുടികൊള്ളുന്ന സിയാങ് എന്ന കഥാപാത്രമായി വേഷമിട്ടിരിക്കുന്നതു്  യാഥാർത്ഥ  സിയാങ് തന്നെയാണ്. മുനവെച്ച വാക്കുകൾ മനസ്സിന് പോറലേൽപ്പിക്കുമ്പോഴും, പരിമിതികളെ ഇച്ഛാശക്തി കൊണ്ട് തോൽപ്പിക്കാനുള്ള വീര്യം അവനെ ഉപേക്ഷിക്കുന്നില്ല്ല. തന്റെ ചെറിയ സ്വപ്നങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾ തന്നെയാണ് സിയാങ്ങിന്റെ മനോവീര്യത്തെ അണയാതെ നിർത്തുന്നത്. സിനിമയ്ക്ക് പ്രണയത്തിന്റെ സൗരഭ്യം പകരുക എന്നതു മാത്രമായിരുന്നില്ല സുന്ദരിയായ നായികാ കഥാപാത്രത്തിന്റെ റോൾ. സിയാങ്ങിനെ പോലെ  സ്വപ്നങ്ങളുടെ ചിറകിലേറി ഒരിക്കെലെങ്കിലും പറന്നുയരാൻ കൊതിക്കുന്ന നായികയും പ്രേക്ഷകന് പ്രചോദനമാകുന്നു.
       വളരെ ലളിതമായ രീതിയിൽ മുന്നോട്ടു നീങ്ങുന്ന ഈ സിനിമ നല്ല നിമിഷങ്ങളുമായി പ്രേക്ഷകനെ സന്തോഷിപ്പിക്കും. സിനിമയുടെ സംഗീതവും സിയാങ്ങിന്റേതാണ്.

Monday 5 February 2018

WHEN DAY BREAKS (2012)



FILM : WHEN DAY BREAKS (2012)
GENRE : DRAMA
COUNTRY : SERBIA
DIRECTOR : GORAN PASKALJEVIC

           രണ്ടാം ലോക മഹായുദ്ധത്തിന്റെ ക്രൂരതകളെയും, യാഥാർത്യങ്ങളെയും അധികരിച്ചു സിനിമാഭാഷ്യമൊരുക്കിയ അനവധി സൃഷ്ടികളുണ്ട്. പ്രത്യക്ഷത്തിലല്ലെങ്കിലും യുദ്ധം ബാക്കിവെച്ച ഏടുകളെയും, മറവിയിലാണ്ടു പോയ ദിനങ്ങളേയും ഓർമ്മിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് വെൻ ഡേ ബ്രേയ്‌ക്ക്‌സ്.
      മ്യൂസിക് പ്രൊഫസറായിട്ടുള്ള ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു സ്വസ്ഥജീവിതം നയിക്കാനൊരുങ്ങുന്ന "മിഷ" എന്നയാളെ തേടി ഒരു കത്ത് വരുകയാണ്. കത്തിലെ ഉള്ളടക്കം അയാളെ അസ്വസ്ഥനാക്കാൻ തക്കവണ്ണമുള്ള സത്യങ്ങളിലേക്കാണ് വഴികാണിക്കുന്നത്. അയാളുടെ ഭൂതകാലത്തിലേക്ക്, വേരുകളിലേക്ക് യാത്ര തുടങ്ങുകയാണയാൾ. കാലങ്ങളും, തലമുറകളുമെല്ലാം  കണ്ണിചേർക്കപ്പെടുന്ന സംഗീതത്തിന്റെ മാസ്മരികതകളെ അനുഭവിച്ചറിയാൻ, "സംഗീതമുള്ള കാലത്തോളം നമ്മൾ നിലനിൽക്കും" എന്ന വരികൾക്കപ്പുറം വിവരണങ്ങൾ ആവശ്യമായി വരുന്നില്ല. പക്ഷപാതിത്വങ്ങളുടേയും, ക്രൂരതകളുടേയും തുടർച്ചകളെ, ചരിത്രത്തിന്റെ അടരുകളിൽ നിന്നും ഒന്നും ഉൾകൊള്ളാത്ത മനുഷ്യമനസ്സിന്റെ കാപട്യങ്ങളായി പറഞ്ഞുവെയ്ക്കുന്നു സംവിധായകൻ.
    മികച്ച സംഗീതവും, നല്ല അഭിനയവും, സിനിമയുടെ മൂഡിനൊപ്പം നിൽക്കുന്ന സിനിമാട്ടോഗ്രഫിയും ഈ സിനിമയെ ഒരു നല്ല അനുഭവമാക്കുന്നു.