Monday 22 September 2014

THE GOLDEN DREAM (2013)



FILM  : THE GOLDEN DREAM (2013)
GENRE  : DRAMA !!  ROAD MOVIE
COUNTRY : MEXICO
DIRECTOR : DIEGO QUEMADA- DIEZ
                    സ്വപ്നങ്ങളെ പിന്തുടർന്ന് സമൃദ്ദിയുടെ വിളനിലങ്ങളിലേയ്ക്ക്  കുതിക്കുവാനുള്ള മനുഷ്യന്റെ അഭിനിവേശം ചിലപ്പോൾ ചരിത്രമാകാറുണ്ട്. അടയാളപ്പെടുത്താനാകാതെ  മാഞ്ഞുപോകുന്ന  സഹസ്രങ്ങളുടെ ദുരിത പർവ്വങ്ങൾക്ക് മുകളിൽ എഴുന്ന് നിൽക്കുന്ന അപൂർവ്വങ്ങളായ സ്വപ്ന സാഫല്യങ്ങളെയാണ്  തുടർന്നുള്ള തലമുറകൾ ഏറ്റു പാടുന്നതും , അഗ്നിയായി ഉള്ളിൽ കെടാതെ സൂക്ഷിക്കുന്നതും. സുന്ദരവും , സമ്പന്നവുമായ ഒരു സുവർണ്ണ സ്വപ്നത്തിനു പിറകെ കാലടികൾ തീർക്കാൻ യുവത്വത്തിന് ചോദന നൽകുന്നതും ഇത്തരം സ്തുതി ഗീതങ്ങൾ തന്നെയാകണം.
                  അമേരിക്കയെന്ന  സ്വപ്നഭൂമി (?) തേടി  യാത്രയാകുന്ന മൂന്നു "ഗ്വാട്ടിമാലക്കാരായ" യുവതയുടെ ആവേശകരമായ അനുഭവം പ്രേക്ഷകന് പകരുന്ന THE GOLDEN DREAM(2013) എന്ന മെക്സിക്കൻ സിനിമ , റോഡ്‌ മൂവി വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. ഗ്വാട്ടിമാല , മെക്സിക്കോ എന്നിവയുടെ പ്രാന്തതയിലൂടെ ചിന്നം വിളിച്ചു പായുന്ന യന്ത്ര പുഴുവിന് മുകളിലിരുന്ന് അവർ കാണുന്ന കാഴ്ചകളും , നേരിടുന്ന നടുക്കമുണർത്തുന്ന  യാഥാർത്ഥ്യങ്ങളും  കാതങ്ങൾക്കിപ്പുറം  നമ്മുടെ ഉള്ളിലും അലയടിക്കുന്ന തരത്തിൽ ഈ യാത്രയിലേയ്ക്ക് നമ്മെയും പിടിച്ചുയർത്തുന്ന ദൃശ്യാനുഭവമായി മാറുന്നു ഈ സിനിമ.
                   ചേരി ജീവിതം തീർക്കുന്ന ദാരിദ്ര്യ- കൂനകളിൽ നിന്നും വമിക്കുന്ന ദുർഗന്ധം മൂലം "നിൽക്കുന്നത്" പോലും അസഹനീയമാകുമ്പോഴാണ് , സ്വപ്നങ്ങളെ പിന്തുടരാനുള്ള ലളിത യുക്തിയിലേയ്ക്ക് ജുവാൻ, സാറ, സാമുവൽ എന്നിവർ പിച്ചവെയ്ക്കുന്നത്. ഓസ്‌വ്വാൾഡോ  എന്ന പേരിൽ ആണ്‍വേഷം  കെട്ടിയാണ് സാറ യാത്രയ്ക്കൊരുങ്ങുന്നത്. ഈ മൂവർ സംഘത്തിലേയ്ക്ക് ഭാഷയറിയാത്ത CHAUK  എന്ന റെഡ് ഇന്ത്യൻ യുവാവ്‌ കൂടിയെത്തുമ്പോൾ , ഈ  സിനിമയിലെ ചേരുവകൾക്ക് വേണ്ട നാൽവർ  സംഘമായി അവർ പരിണമിക്കുന്നു. ഇത്തരം യാത്രകൾ അതിന്റെ കഠിന യാഥാർത്യങ്ങളെ പുൽകുമ്പോഴും  ഒരു പിന്മാറ്റത്തെക്കുറിച്ച്  അവർ ചിന്തിക്കാത്തത്, അവരെ ഈ യാത്രകളിലെയ്ക്ക് നയിക്കുന്ന നിറം കുറഞ്ഞ ജീവിത സാഹചര്യങ്ങൾ തന്നെയാണെന്ന് മനസ്സിലാക്കാം. ശക്തിയെയും, മനക്കരുത്തിനെയും  ചേർത്ത് പിടിക്കുന്ന "ഡാർവീനിയൻ"  നീതിയുടെ വിളയാട്ട ഭൂമികളാണ് നമുക്ക് ഈ യാത്രയിൽ എങ്ങും തെളിഞ്ഞു കാണാനാവുന്നത്. എച്ചില് തിന്നു ജീവിക്കുന്നവനെ കൊള്ളയടിക്കുന്ന കൊടും ക്രൂരത രംഗപ്രവേശം നടത്തുന്ന ഫ്രൈമുകൾ നമ്മിൽ വെറുപ്പിന്റെയും , നൊമ്പരങ്ങളുടെയും നിശ്വാസങ്ങൾ തീർക്കുന്നവയായിരുന്നു. സ്നേഹവും, വിശ്വാസവും, വഞ്ചനയും ആപേക്ഷികവും അവസരോചിതവുമായ  അപ്രവചനീയതയായി  അവതരിക്കുന്നത് നടുക്കമുണർത്തുന്നു. ഈ ദുർഘട പാതയിലെ ഇരുണ്ട  യാഥാർത്യങ്ങളെ  അവർ എങ്ങനെ  നേരിടുന്നുവെന്നതും , ഈ യാത്രയുടെ  അന്ത്യവുമാണ് നമുക്കായി ഈ സിനിമ ഒരുക്കിയ സസ്പെൻസ്.
                      ദേശാന്തര ഗമനങ്ങളെ  അധികരിച്ചുള്ള ഇത്തരം റോഡ്‌ മൂവികൾ കാണുമ്പോൾ സാധാരണ മനസ്സിൽ പതിയാറുള്ള കാഴ്ചകൾക്കപ്പുറം , ഹൃദയത്തെ സ്പർശിക്കുന്ന ഒരു സിനിമാ കാഴ്ചയാണ് THE GOLDEN DREAM. ഒരു പക്ഷെ സത്യത്തിന്റെ നിഴലുകൾ ഈ സിനിമ കാണിക്കുന്ന ജീവിതങ്ങളിൽ പതിഞ്ഞത്  മൂലമാകാം അങ്ങനെ തോന്നിയത്. പല രംഗങ്ങളും, പല നിലവിളികളും , പല മുഖങ്ങളും  ഈ വിധത്തിൽ ഇന്നും ലോകത്ത് തുടർക്കഥയാകുന്നുണ്ടല്ലോ എന്ന ചിന്തയാണ് സിനിമ കണ്ടതിനു ശേഷം മനസ്സിനെ വേട്ടയാടുന്ന അസ്വസ്ഥതയുടെ  കാരണം. ജീവിതം പലർക്കും കരുതി വെച്ചിരിക്കുന്ന വിചിത്രങ്ങളായ സമ്മാനപ്പൊതികളെക്കുറിച്ച്  ഓർമിപ്പിക്കുന്ന ഈ സിനിമയെ മികച്ച ഒരു റോഡ്‌ മൂവിയായി പരിഗണിക്കാം. എല്ലാവർക്കും ആസ്വദിക്കാവുന്ന സിനിമയെന്ന ലേബൽ നൽകി ഈ സിനിമയെ നിങ്ങളുടെ കാഴ്ചകൾക്കും , അഭിപ്രായങ്ങൾക്കുമായി മുന്നിലേയ്ക്ക് നീക്കി നിർത്തി വിടവാങ്ങുന്നു               

Thursday 18 September 2014

IN BLOOM (GRZELI NATELI DGEEBI) 2013

FILM : IN BLOOM (GRZELI NATELI DGEEBI) 2013
COUNTRY : GEORGIA
GENRE : DRAMA
DIRECTORS : NANA EKVTIMISHVILI , SIMON GROSS
  ആദ്യ വാക്ക്
            നമുക്ക് പരിചിതമല്ലാത്ത സാഹചര്യങ്ങൾ സുലഭമായ ഒരു ദേശത്തിന്റെ പ്രാദേശികതയിൽ മുക്കിയെടുത്ത വിഷയത്തെ കഥാസന്ദർഭങ്ങൾ കോർത്ത്‌ , കഥാപാത്രങ്ങളിലൂടെ ജീവനേകി  അവതരിപ്പിക്കുമ്പോൾ കൈവരാറുള്ള (മിക്കപ്പോഴും) യൂണിവേഴ്സാലിറ്റിയുടെ കാരണമെന്തെന്ന്  പലപ്പോഴും ചിന്തിക്കാറുണ്ട്. ഇത്തരം സിനിമകൾ മനസ്സിൽ അവശേഷിപ്പിക്കാറുള്ള ചിന്തകൾക്ക് ചൂട് പിടിക്കുമ്പോൾ ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ചൂളയിൽ ഉരുകിയൊലിക്കുന്ന  മനുഷ്യവൈകാരികതയുടെ  സമാനത തെളിഞ്ഞു വരുന്നതായി കാണാം. അതുകൊണ്ട് തന്നെയാണ് ഏതു ഭാഷയിലും , ഏതു നിറക്കൂട്ടിലും  അവതരിച്ചാലും  അവയുടെ അപരത്വത്തെ  നമുക്കിടയിലോ,  നമുക്ക് ചുറ്റിലോ മറ്റൊരു പ്രാദേശികത ആവേശിച്ചതായി  നമുക്ക് തിരിച്ചറിയാനാവുന്നത്. ഈ ചിന്തകളെ എന്നിൽ ആവർത്തിച്ച് ഉണർത്തിയ  IN BLOOM എന്ന ജോർജിയൻ സിനിമയാണ് ഇത്തവണ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.

ഇനി സിനിമയിലേയ്ക്ക്

               ഈ സിനിമ EKA , NATIA  എന്നീ പെണ്‍കുട്ടികളുടെ  തീവ്ര സൗഹൃദത്തിലൂന്നിയ ജീവിതത്തെയാണ് അവതരിപ്പിക്കുന്നത്‌. USSR-ന്റെ നാശവും , ജോർജിയ- അബ്ഖാസിയ തർക്കവും കൂട്ടിമുട്ടുന്ന ഒരു കാലത്തിലെ(1992)  TIBILISI എന്ന ജോർജിയൻ നഗരത്തിന്റെ പശ്ചാത്തലമാണ് സിനിമയിലുള്ളത്. ഇങ്ങനെയുള്ള രാഷ്ട്രീയ കാരണങ്ങളാൽ സ്വാഭാവികമായി ഉരുത്തിരിയുന്ന സാമൂഹിക സാഹചര്യങ്ങളിലാണ് നാം അവരെയും അവരുടെ സൗഹൃദത്തെയും കണ്ടുമുട്ടുന്നത്. സുഖകരമല്ലാത്ത ഗൃഹാന്തരീക്ഷത്തിലും, അപകടകരങ്ങളായ പൊതു ഇടങ്ങളിലും  സഹനത്തിന് പകരം ചെറുത്തു നിൽപ്പിന്റെ കാഴ്ചകളാണ് അവരുടെ സൗഹൃദം   നമുക്ക് നൽകുന്നത്. ഏതു പാറയിലും കിളിർക്കുന്ന ചെടി പോലെ പ്രണയം ഇവിടെയും സാന്നിധ്യമറിയിക്കുന്നു. സ്കൂളിലേയ്ക്കുള്ള  വഴിയോരങ്ങളിലെ ഏതാനും രംഗങ്ങളിലൂടെ അവതരിപ്പിക്കപെടുന്ന NATIA-LADO പ്രണയത്തിന്റെ വിചിത്രമായ ഭാവിയും , NATIA-യുടെ വിവാഹവും , അത് സൃഷ്ടിക്കുന്ന പുതിയ സാഹചര്യങ്ങളുമാണ് സിനിമയെ അന്ത്യത്തിലേയ്ക്ക്‌ നയിക്കുന്നത്.

സിനിമയെക്കുറിച്ചുള്ള  എന്റെ  ചിന്തകൾ

                     സിനിമ പ്രതിനിധീകരിക്കുന്ന കാലഘട്ടത്തിലെ സാഹചര്യങ്ങൾ സൃഷ്ട്ടിച്ച സാമൂഹിക അരക്ഷിതാവസ്ഥയുടെ നിഴലുകൾ സിനിമയിൽ എല്ലായിടത്തും കാണാം. പൊതുസ്ഥലങ്ങളിൽ അപകടങ്ങൾ നിറഞ്ഞു നിൽക്കുന്ന സാധാരണത്വത്തെ തിരിച്ചറിയുമ്പോഴാണ്‌  LADO-NATIA ക്ക് നൽകുന്ന സ്നേഹ സമ്മാനത്തെയും , അവരുടെ പ്രണയത്തിന്റെ തീവ്രതയെയും  നമുക്ക് ഉൾക്കൊള്ളാനാവുക. ദുരിതമയമായ ദാരിദ്ര്യം സിനിമയിൽ ഇല്ലെങ്കിലും, ഇല്ലായ്മയുടെ നേർത്ത ധ്വനി ചില രംഗങ്ങളിൽ കേൾക്കാം. ഭാര്യയെ മർദിക്കുന്ന ഭർത്താവ് എന്ന സ്ഥിരം ഗാർഹിക ഭീകരതയ്ക്കപ്പുറത്തേക്ക് , പുരുഷ കേന്ദ്രീകൃത സമൂഹത്തിലെ സ്ത്രീ വിലാപങ്ങളെ ഈ സിനിമ വ്യക്തമായി അടയാളപ്പെടുത്തുന്നു. പകൽ വെളിച്ചത്തിൽ നടക്കുന്ന അക്രമത്തിന്റെ പരിസമാപ്തിയായി   NATIA-യുടെ വിവാഹം വന്നണയുമ്പോൾ,  എല്ലാവരിലും (EKA-യെ ഒഴിച്ച്)    പ്രതിഫലിച്ച സ്വാഭാവികത അവിശ്വസനീയമായി തോന്നിയെങ്കിലും, ചിരപരിചിതമായ ഇത്തരം സാഹചര്യങ്ങളോട് ചെറുത്തു നിൽക്കാനുള്ള സ്ത്രീ സമൂഹത്തിന്റെ നിസ്സഹായതയാണ് സ്വഭാവികതയായി അവരിൽ പ്രതിഫലിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോൾ അതിനും വിശ്വസനീയതയുടെ ആവരണം കൈവരുന്നു.   അക്രമത്തിനു  മൌനാനുമതി നൽകും വിധം നിസ്സംഗത പുലർത്തിയ സമൂഹത്തിനു നേരെ അക്രോശിച്ച  EKA-യിൽ വന്നു ചേരുന്ന പ്രഹരവും ഈ സാമൂഹിക യാഥാർത്ഥ്യം തന്നെയാണ് വിളിച്ചു പറയുന്നത്.
                           സിനിമയിൽ TIBILISI-ലെ മുതിർന്ന തലമുറയെ ആകമാനം ഗ്രസിച്ച അസന്തുഷ്ടിയുടെയും ,  അസ്വസ്ഥതകളുടെയും  സ്വത്വം തന്നെയാണ് സമൂഹത്തിനെയും പ്രതിനിധീകരിക്കുന്നത്. അത് യാദൃശ്ചികതയായി  കരുതാനും  സാധിക്കില്ല. KOPLA  എന്ന ബാലന് തന്നോടുള്ള  വെറുപ്പിന്റെ കാരണം തേടുന്ന EKA തിരിച്ചറിയുന്നത്‌, മുൻ തലമുറകളിൽ നിന്ന്  പുതു തലമുറയിലേയ്ക്ക് പടർന്നു കൊണ്ടിരിക്കുന്ന  ഭൂതകാല ബാധകളെക്കുറിച്ചാണ്. സിനിമയുടെ അവസാന ഭാഗങ്ങളിൽ പക്വമാർന്ന  തീരുമാനങ്ങളിലൂടെ  ശക്തിയാർജ്ജിക്കും വിധം ഉയർന്നു നിൽക്കാൻ EKA എന്ന കഥാപാത്രത്തിനാവുന്നതും ഈ തിരിച്ചറിവുകൾ മൂലമാവാം എന്ന് കരുതേണ്ടിയിരിക്കുന്നു.
            സിനിമയിലെ ദൃശ്യങ്ങളുടെ വിന്യാസം  സിനിമയ്ക്ക് ചേരും വിധം ലളിതവും, മനോഹരവുമായിരുന്നു . ഓവർ ഡ്രമാറ്റിക്ക്  ആകാത്ത വിധത്തിൽ വളരെ തന്മയത്വത്തോടെയാണ് EKA&NATIA  എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  അതിനാൽ തന്നെ അവരുടെ പ്രകടനം പ്രത്യേകം പരാമർശിക്കേണ്ടതുമാണ്.

അവസാന വാക്ക് 


                     അതി നാടകീയതയുടെ അരോചകത്വം ഈ സിനിമയെ ഗ്രസിചിട്ടില്ലെങ്കിലും DRAMATIC  ELEMENTS  കുറച്ചു കൂടി ഉൾപ്പെടുത്തേണ്ട ഭാഗങ്ങളെ ബോധപൂർവ്വം  ഒഴിവാക്കിയതായി തോന്നി. പല ഫിലിം ഫെസ്ടിവലുകളിലും  പ്രേക്ഷക പ്രശംസകളും , അവാർഡുകളും നേടിയ ഈ സിനിമയ്ക്ക് എന്റെ വ്യക്തിപരമായ വീക്ഷണത്തിലും  "മികച്ചത്" എന്ന  വിശേഷണമാണ്  ഞാൻ നൽകുക. പരിചിതമായ ഒരു തീം നമുക്ക് അപരിചിതമായ സാംസ്കാരിക സാമൂഹികതയിൽ വിശകലനം ചെയ്യുന്ന ഈ സിനിമാ അനുഭവം ഡ്രാമ സ്നേഹികൾ നഷ്ടപ്പെടുത്തില്ല എന്ന് കരുതുന്നു.     

Friday 12 September 2014

KORKORO (LIBERTE) 2009

FILM  : KORKORO (LIBERTE) 2009
GENRE  : DRAMA
COUNTRY  : FRANCE
DIRECTOR  : TONY GATLIF
             "KORKORO" അഥവാ "സ്വാതന്ത്ര്യം" , ഒരു പാട് അർഥതലങ്ങളും  അർഥവിന്യാസങ്ങളും ബഹിർഗമിക്കുന്ന സന്തോഷ-സന്താപങ്ങളുടെ കണ്ണീർ കിനിയുന്ന ഈ വാക്കാണ്‌ ഫ്രഞ്ച് സംവിധായകനായ ടോണി ഗാറ്റ്ലിഫ് തന്റെ സിനിമയ്ക്ക്‌ നൽകിയിരിക്കുന്നത്. പരിഷ്കൃത സമൂഹത്തിലെ സ്ഥാപനവൽക്കരിക്കപ്പെട്ട  സാമൂഹിക നിർമ്മിതികളോട് പുറം തിരിഞ്ഞ് നിൽക്കുന്ന ജിപ്സി ജീവിതങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിഷയം അവതരിപ്പിച്ചത് സിനിമയെ കൂടുതൽ മികവുറ്റതാക്കി. സ്വാതന്ത്ര്യത്തിന്റെയും അസ്വാതന്ത്ര്യതിന്റെയും  പ്രകാശവും , ഇരുളും ഒരു പോലെ നമ്മെ അനുഭവിപ്പിക്കുന്ന, സ്വാതന്ത്ര്യത്തിന്റെ രുചി വീണ്ടും ഓർമിപ്പിച്ച , പ്രമേയപരമായി സങ്കീർണതകളില്ലാത്ത,നാടകീയതയുടെ അതിപ്രസരമില്ലാത്ത, വിഷയത്തോട് നീതി പുലർത്തുന്ന , സംവിധായകന്റെ മുദ്ര എങ്ങും പതിഞ്ഞ മികച്ച സിനിമാ അനുഭവമാണ് KORKORO
                രണ്ടാം ലോക മഹായുദ്ധം പശ്ചാത്തലമാക്കിയെടുത്ത ഈ സിനിമ ഫ്രാൻസിലൂടെ സഞ്ചരിക്കുന്ന റൊമാനിയൻ ജിപ്സികളുടെ കഥ പറയുന്നു. യഥാർത്ഥ സംഭവങ്ങളെ അവലംബിച്ച് ചിത്രീകരിച്ച ഈ സിനിമ , അധികമൊന്നും ഡോക്യുമെന്റ് ചെയ്യപ്പെടാത്ത നാസികളുടെ ജിപ്സി വേട്ടയെക്കുറിച്ചുള്ള സത്യങ്ങളിലെയ്ക്ക് നമ്മെ നയിക്കുന്നു. വിറകൊള്ളുന്ന  മുള്ളുവേലികളോട്  സമരസപ്പെട്ട്‌ കുതറിയൊഴുകുന്ന ജിപ്സി താളത്താൽ ആരംഭിക്കുന്ന ആദ്യ ദൃശ്യം , ഹോളോകാസ്റ്റ്  സിനിമകളിലെ സ്ഥിരം കാഴ്ചകളാൽ  സമ്പന്നമായ മറ്റൊരു സിനിമയാകും എന്ന സംശയം തോന്നിപ്പിച്ചെങ്കിലും , അവയിൽ നിന്നെല്ലാം വ്യത്യസ്തമായി സ്വാതന്ത്ര്യത്തെയും , ദുർബലങ്ങളായ  പ്രതിരോധങ്ങളെയും വ്യക്തമായി അടയാളപ്പെടുത്താൻ ഈ സിനിമയ്ക്കാവുന്നു.ജീവിതം സഞ്ചാരമാകുന്ന ജിപ്സികൾക്ക് അടയ്ക്കപ്പെടുന്ന   പാതകളും, തടസ്സപ്പെടുന്ന യാത്രകളുമാണ് ഹനിയ്ക്കപ്പെടുന്ന സ്വാതന്ത്ര്യം എന്ന് വ്യക്തമാക്കുന്നു ഈ സിനിമ. സ്ഥിരമായ താമസ ഇടങ്ങളില്ലാതെ കാറ്റിനെ പോലെ ഒഴുകിയകലുന്ന ജിപ്സികളെ പുതിയ നിയമങ്ങളുടെ പിൻബലത്തിൽ അറസ്റ്റ് ചെയ്യുവാൻ ശ്രമിക്കുകയാണ് നാസികൾ. എന്നാൽ ഗ്രാമത്തിലെ മേയറും , മൃഗ ഡോക്ടറുമായ "തിയോഡർ " സ്വന്തമായ തീരുമാനങ്ങളിലൂടെ , അനുഭാവപൂർണ്ണമായ ചെയ്തികളിലൂടെ നിയമത്തിന്റെ കുരുക്കുകളിൽ നിന്നും അവരെ രക്ഷിക്കാനുള്ള ശ്രമങ്ങളിലാണ്. പക്ഷെ ജിപ്സി സ്വത്വത്തിന്റെ അന്ത:ചോദനകൾ  തളച്ചിടാൻ കഴിയാത്തവയായതിനാൽ , ഈ സിനിമ അവർക്കൊപ്പം ചരിത്രം രേഖപ്പെടുത്തിയ യാഥാർത്ഥ്യങ്ങളിലെയ്ക്ക് മുന്നേറുന്നു. ഈ സഞ്ചാരികളെ പിന്തുടർന്നെത്തുന്ന  CLAUDE  എന്ന ബാലൻ സ്വാതന്ത്ര്യാഭിവാഞ്ചയുടെ  മറ്റൊരു പ്രതീകമായി നിലകൊള്ളുന്നു. ഗ്രാമത്തിലെ ക്ലാർക്ക് , ടീച്ചർ എന്നീ വ്യക്തിത്വങ്ങൾ സമ്മേളിക്കുന്ന MISS LUNDI  പ്രതിരോധത്തിന്റെ ദീപ്ത താരകമായി ചരിത്രത്തിൽ ഇടം നേടിയ വനിതയെ തന്നെ ഓർമിപ്പിക്കുന്നു.
                      ജിപ്സി ജീവിതത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും വന്യമായ അനുഭൂതി നമുക്ക് ഏറ്റവും അനുഭവവേദ്യമാകുന്നത് "TALOCHE" എന്ന കഥാപാത്രത്തിലൂടെയാണ്. ഭീതിയും , സന്തോഷവും, ദേഷ്യവും, നിരാശയും , സ്വാതന്ത്ര്യത്തിന്റെ രുചിയും നമ്മുടെ ഉള്ളുലയ്ക്കുന്ന വിധത്തിൽ അനുഭവിപ്പിക്കാൻ TALOCHE-യുടെ  CHARACTERISATION വളരെ സഹായിച്ചതായി തോന്നി.സിനിമയിലെ ഹ്യൂമറും , ട്രാജഡിയും ഒരു പോലെ ആവേശിക്കുന്ന കഥാപാത്രമായി TALOCHE  ഉയർന്നു നിൽക്കുന്നു. വാഷ്ബേസിനിലെ  കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുന്ന  രംഗം സിനിമ പങ്കു വെയ്ക്കുന്ന ജീവിതങ്ങളുമായും , സ്വാതന്ത്ര്യ സങ്കൽപങ്ങളുമായും  കൂട്ടി വായിക്കേണ്ടതാണെന്ന് തോന്നി.ഇരുമ്പു വേലികൾക്കുള്ളിൽ ഭ്രാന്തമായ ജൽപനങ്ങളായി അലിഞ്ഞില്ലാതാകുന്ന സ്വാതന്ത്ര്യത്തെയും ഈ സിനിമ നമുക്ക് മുന്നിൽ നിവർത്തിയിടുന്നു.
                വംശവെറി  പൂണ്ട നാസികളുടെ ഭീകരത നടനമാടുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായി വിഷാദാത്മകമായ ഒരു വിഷയത്തെ തന്റെ തനതു ശൈലിയിൽ വിഷയത്തിന്റെ ഗൌരവം  നഷ്ടപ്പെടുത്താതെ നല്ല രീതിയിൽ കൈകാര്യം ചെയ്യാനായി എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. ജൂതരെ പോലെ , നാസികളുടെ വംശീയ ഭ്രാന്തിന്റെ പരാക്രമങ്ങൾ പേറേണ്ടി വന്ന ഒരു ജനതയെക്കൂടി  ഈ സിനിമ ചൂണ്ടിക്കാട്ടുന്നു.
                 ഒരു സംഗീതകാരൻ കൂടിയായ സംവിധായകൻ തന്റെ ഇതര സിനിമകളിലേതുപോലെ ഈ സിനിമയിലും മികച്ച BACKGROUND MUSIC  കരുതി വെച്ചിരിക്കുന്നു. വയലിൻ എന്ന സംഗീത ഉപകരണത്തിന്റെ  മേൽകോയ്മ ഈ ശബ്ദ മേളങ്ങൾക്കിടയിൽ വേറിട്ട്‌ കേൾക്കാം. GATLIF MOVIE  എന്ന് ഉറപ്പിച്ചു പറയാവുന്ന വിധത്തിൽ അവതരിപ്പിക്കപ്പെട്ട ഈ സിനിമ അദ്ദേഹത്തിന്റെ സിനിമാ ശൈലിയുടെ ആരാധകർക്ക് വളരെ ആസ്വാദ്യകരമാകും. മഹത്തരമായ സിനിമ എന്ന് പറയാനാവില്ലെങ്കിലും , ഇത്തരം വിഷയങ്ങളെ ഈ വിധത്തിൽ മനോഹരമായി കൈകാര്യം ചെയ്യുന്ന സംവിധായകരും സിനിമകളും വിരളമായതിനാൽ  , ഒരു മികച്ച സിനിമ എന്ന് "KORKORO"-യെ നിസ്സംശയം വിളിക്കാം.

Tuesday 2 September 2014

A SMALL SEPTEMBER AFFAIR (2014)



FILM  : A SMALL SEPTEMBER AFFAIR (BI KUCUK EYLUL MESELESI-(2014)
GENRE  : ROMANTIC DRAMA
COUNTRY  : TURKEY
DIRECTOR  : KEREM DEREN
                  വികാര വിക്ഷോഭങ്ങളുടെ  കയങ്ങളിലാഴ്ത്തുന്ന  ഡ്രാമകളും , വിസ്മയവും  ആകസ്മികതയും ആവേശവും ഓടിയെത്തുന്ന ത്രില്ലറുകളും , നിഗൂഡതതയുടെ  ഭയപ്പെടുത്തുന്ന നിശബ്ദതയിൽ ശ്വാസം മുട്ടിക്കുന്ന  ഹൊററുകളും , "അഡ്രിനാലിൻ"   ഉയർച്ച-താഴ്ച്ചകളെ  പുൽകുന്ന ആക്ഷൻ -ADVENTURE-കളും,  അനുഭവിപ്പിക്കാത്ത കുളിർമയുടെ ചാറ്റൽമഴയായാണ്‌  റൊമാന്റിക്‌ സിനിമകൾ  വന്നെത്താറുള്ളത്. ഏതു സാംസ്കാരികതയുടെ മേലങ്കിയണിഞ്ഞാലും  മനുഷ്യ വൈകാരികത പുലർത്തുന്ന  സാമ്യങ്ങൾ ഏറ്റവും തീവ്രമായി വെളിവാകുന്നത് പ്രണയ സിനിമകളിലാണെന്ന്  പറയാം. പ്രണയസിനിമാ വിരോദികൾ  ആക്ഷേപമായി ഉന്നയിക്കാറുള്ള  ഈ  "ഏകത്വ ഭാവം" തന്നെയാണ് അവയുടെ സ്വീകാര്യതയുടെ നിദാനവും.
                  2014-ൽ പുറത്തിറങ്ങിയ ടർകിഷ് സിനിമയായ A SMALL SEPTEMBER AFFAIR (BI KUCUK EYLUL MESELESI) പ്രണയ സിനിമകളുടെ പതിവ് ചിട്ടവട്ടങ്ങളിൽ  നിന്ന് വഴിമാറി സഞ്ചരിക്കുന്ന ഒന്നായി തോന്നി. . MYSTERYയുടെ ചെറിയ സാന്നിദ്ധ്യം സിനിമയെ കൂടുതൽ ആസ്വദ്യകരമാക്കുന്നു. അത്യധികം ആഹ്ലാദവതിയും , ആരും ഹൃദയതാളമാക്കാൻ  കൊതിക്കുന്ന പ്രസരിപ്പും കലർത്തി  അവതരിപ്പിക്കപ്പെടുന്ന EYLUL ആണ് സിനിമയുടെ സ്പന്ദനം. ജീവിതത്തോടുള്ള അവളുടെ പ്രണയം വ്യക്തമാകുന്ന ആദ്യ രംഗങ്ങൾക്ക് ശേഷം , അവൾ നേരിടുന്ന ഒരു  ACCIDENT ജീവൻ കവർന്നില്ലെങ്കിലും , മറ്റെന്തോ അവളിൽ നിന്നെടുക്കുന്നു.  ACCIDENT-നു മുമ്പുള്ള സെപ്തംബർ മാസം അവളുടെ ഓർമ്മകളിൽ നിന്നും മായ്ച്ചുകളയപ്പെടുന്നു. ശാരീരിക ആരോഗ്യം വീണ്ടെടുക്കുന്ന അവളോട്‌ എല്ലാവരും "എല്ലാം ശരിയായി" എന്ന് ആവർത്തിക്കുമ്പോഴും , ഒരു പ്രശ്നം അവളെ വേട്ടയാടുന്നതായി  നമുക്ക് അനുഭവപ്പെടുന്നു. അവളിലും അത് അവ്യക്തമായി മിന്നി മറയുന്നു. സുഹൃത്തിനെ  പഴയ ഊർജ്ജസ്വലതയുടെ  രൂപങ്ങളിലെയ്ക്ക് തിരിച്ചു കൊണ്ട് വരാനായി ശ്രമിക്കുന്ന BERREK അവളോടൊപ്പം  മനോഹരമായ ഒരു ബീച്ചിലെത്തുകയാണ്.
                            എന്നാൽ അവിടെവച്ച് EYLUL കണ്ടുമുട്ടുന്ന  TEKIN എന്ന ചിത്രകാരൻ പറയുന്ന കഥകളിലൂടെ മാഞ്ഞുപോയ സെപ്തംബർ മാസത്തെ വീണ്ടെടുക്കുകയാണ് അവൾ. ചിത്രകാരനായ TEKIN അവൾക്കു മുന്നിൽ  അവതരിപ്പിക്കുന്ന ദിനങ്ങൾ ദൃശ്യങ്ങളായി  നാം കാണുന്നു. പരിഷ്കാരി നായിക , സാധാരണക്കാരൻ നായകൻ എന്നീ സ്ഥിരം "ക്ലിഷേ"  എത്തിനോക്കുന്നുണ്ടെങ്കിലും , പുതു മോടിയും ,പുതു നിറവും നൽകി   സൃഷ്ടിച്ച വ്യത്യസ്ത മടുപ്പുളവാക്കുന്നില്ല. വിചിത്രമായ സ്വഭാവ സവിശേഷതകൾ നിറഞ്ഞ TEKIN യഥാർത്ഥത്തിൽ ആരാണ്?..... മായ്ക്കപ്പെട്ട സെപ്തംബർ മാസത്തെ അവളുടെ സുഹൃത്തുക്കൾ ഭയക്കുന്നതെന്തിന്?.... അവൾ തന്റെ പ്രണയം വീണ്ടെടുക്കുമോ ?... ഇത്തരം ചോദ്യങ്ങളുടെ ഉത്തരം എന്നതിലുപരി  ഈ സിനിമ നമ്മെ പുതയ്ക്കുന്ന കുളിർമ്മയെയാണ്  ഞാൻ ഇഷ്ടപ്പെട്ടത്.
                   പ്രണയ സിനിമകളുടെ അനിവാര്യതകളായ തെളിച്ചമുള്ള  ഫ്രൈമുകളും , മനം കവരുന്ന വരികൾ അണിനിരക്കുന്ന  മൂളിപ്പാട്ടുകളും , കർണ്ണപടങ്ങളെ  മൃദുവായി കമ്പനം ചെയ്യിച്ച് നിർമ്മലതയുടെ സുഖം  നമ്മെ  ഓർമിപ്പിക്കുന്ന  ലളിതമായ പശ്ചാത്തല സംഗീതവും ഈ സിനിമയിലും അന്യമല്ല. സിനിമയുടെ വിഷ്വൽ ക്വാളിറ്റിയും മറ്റു സാങ്കേതിക വശങ്ങളും പരാമർശം അർഹിക്കുന്ന വിധത്തിൽ മികച്ചു നിന്നു.
                   EYLUL-TEKIN  എന്നീ കഥാപാത്രങ്ങൾക്ക്  ഹൃദയത്തെ സ്പർശിക്കുന്ന രീതിയിൽ ജീവനേകി, സിനിമയുടെ വൈകാരിക തലത്തിലേയ്ക്ക് നമ്മെ നയിക്കുന്ന  അഭിനേതാക്കൾ അഭിനന്ദനമർഹിക്കുന്നു. ഞാൻ വാക്കുകളിൽ അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായ  അനുഭവമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്  എന്നത് തീർച്ചയാണ്. കാരണം , ചില ഒളിച്ചുവെയ്ക്കലുകൾ എന്റെ വരികളിൽ നടത്തിയില്ലെങ്കിൽ സിനിമയുടെ പൂർണ്ണമായ ആസ്വാദനം നിഷേധിക്കലാകുമെന്ന് തോന്നി. പ്രണയ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക്  ആസ്വദിക്കാവുന്ന ഒരു ലളിതമായ സിനിമയെന്ന വിശേഷണം ഈ സിനിമയ്ക്ക്‌ നൽകി നിർത്തുന്നു.