Monday, 22 September 2014

THE GOLDEN DREAM (2013)



FILM  : THE GOLDEN DREAM (2013)
GENRE  : DRAMA !!  ROAD MOVIE
COUNTRY : MEXICO
DIRECTOR : DIEGO QUEMADA- DIEZ
                    സ്വപ്നങ്ങളെ പിന്തുടർന്ന് സമൃദ്ദിയുടെ വിളനിലങ്ങളിലേയ്ക്ക്  കുതിക്കുവാനുള്ള മനുഷ്യന്റെ അഭിനിവേശം ചിലപ്പോൾ ചരിത്രമാകാറുണ്ട്. അടയാളപ്പെടുത്താനാകാതെ  മാഞ്ഞുപോകുന്ന  സഹസ്രങ്ങളുടെ ദുരിത പർവ്വങ്ങൾക്ക് മുകളിൽ എഴുന്ന് നിൽക്കുന്ന അപൂർവ്വങ്ങളായ സ്വപ്ന സാഫല്യങ്ങളെയാണ്  തുടർന്നുള്ള തലമുറകൾ ഏറ്റു പാടുന്നതും , അഗ്നിയായി ഉള്ളിൽ കെടാതെ സൂക്ഷിക്കുന്നതും. സുന്ദരവും , സമ്പന്നവുമായ ഒരു സുവർണ്ണ സ്വപ്നത്തിനു പിറകെ കാലടികൾ തീർക്കാൻ യുവത്വത്തിന് ചോദന നൽകുന്നതും ഇത്തരം സ്തുതി ഗീതങ്ങൾ തന്നെയാകണം.
                  അമേരിക്കയെന്ന  സ്വപ്നഭൂമി (?) തേടി  യാത്രയാകുന്ന മൂന്നു "ഗ്വാട്ടിമാലക്കാരായ" യുവതയുടെ ആവേശകരമായ അനുഭവം പ്രേക്ഷകന് പകരുന്ന THE GOLDEN DREAM(2013) എന്ന മെക്സിക്കൻ സിനിമ , റോഡ്‌ മൂവി വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. ഗ്വാട്ടിമാല , മെക്സിക്കോ എന്നിവയുടെ പ്രാന്തതയിലൂടെ ചിന്നം വിളിച്ചു പായുന്ന യന്ത്ര പുഴുവിന് മുകളിലിരുന്ന് അവർ കാണുന്ന കാഴ്ചകളും , നേരിടുന്ന നടുക്കമുണർത്തുന്ന  യാഥാർത്ഥ്യങ്ങളും  കാതങ്ങൾക്കിപ്പുറം  നമ്മുടെ ഉള്ളിലും അലയടിക്കുന്ന തരത്തിൽ ഈ യാത്രയിലേയ്ക്ക് നമ്മെയും പിടിച്ചുയർത്തുന്ന ദൃശ്യാനുഭവമായി മാറുന്നു ഈ സിനിമ.
                   ചേരി ജീവിതം തീർക്കുന്ന ദാരിദ്ര്യ- കൂനകളിൽ നിന്നും വമിക്കുന്ന ദുർഗന്ധം മൂലം "നിൽക്കുന്നത്" പോലും അസഹനീയമാകുമ്പോഴാണ് , സ്വപ്നങ്ങളെ പിന്തുടരാനുള്ള ലളിത യുക്തിയിലേയ്ക്ക് ജുവാൻ, സാറ, സാമുവൽ എന്നിവർ പിച്ചവെയ്ക്കുന്നത്. ഓസ്‌വ്വാൾഡോ  എന്ന പേരിൽ ആണ്‍വേഷം  കെട്ടിയാണ് സാറ യാത്രയ്ക്കൊരുങ്ങുന്നത്. ഈ മൂവർ സംഘത്തിലേയ്ക്ക് ഭാഷയറിയാത്ത CHAUK  എന്ന റെഡ് ഇന്ത്യൻ യുവാവ്‌ കൂടിയെത്തുമ്പോൾ , ഈ  സിനിമയിലെ ചേരുവകൾക്ക് വേണ്ട നാൽവർ  സംഘമായി അവർ പരിണമിക്കുന്നു. ഇത്തരം യാത്രകൾ അതിന്റെ കഠിന യാഥാർത്യങ്ങളെ പുൽകുമ്പോഴും  ഒരു പിന്മാറ്റത്തെക്കുറിച്ച്  അവർ ചിന്തിക്കാത്തത്, അവരെ ഈ യാത്രകളിലെയ്ക്ക് നയിക്കുന്ന നിറം കുറഞ്ഞ ജീവിത സാഹചര്യങ്ങൾ തന്നെയാണെന്ന് മനസ്സിലാക്കാം. ശക്തിയെയും, മനക്കരുത്തിനെയും  ചേർത്ത് പിടിക്കുന്ന "ഡാർവീനിയൻ"  നീതിയുടെ വിളയാട്ട ഭൂമികളാണ് നമുക്ക് ഈ യാത്രയിൽ എങ്ങും തെളിഞ്ഞു കാണാനാവുന്നത്. എച്ചില് തിന്നു ജീവിക്കുന്നവനെ കൊള്ളയടിക്കുന്ന കൊടും ക്രൂരത രംഗപ്രവേശം നടത്തുന്ന ഫ്രൈമുകൾ നമ്മിൽ വെറുപ്പിന്റെയും , നൊമ്പരങ്ങളുടെയും നിശ്വാസങ്ങൾ തീർക്കുന്നവയായിരുന്നു. സ്നേഹവും, വിശ്വാസവും, വഞ്ചനയും ആപേക്ഷികവും അവസരോചിതവുമായ  അപ്രവചനീയതയായി  അവതരിക്കുന്നത് നടുക്കമുണർത്തുന്നു. ഈ ദുർഘട പാതയിലെ ഇരുണ്ട  യാഥാർത്യങ്ങളെ  അവർ എങ്ങനെ  നേരിടുന്നുവെന്നതും , ഈ യാത്രയുടെ  അന്ത്യവുമാണ് നമുക്കായി ഈ സിനിമ ഒരുക്കിയ സസ്പെൻസ്.
                      ദേശാന്തര ഗമനങ്ങളെ  അധികരിച്ചുള്ള ഇത്തരം റോഡ്‌ മൂവികൾ കാണുമ്പോൾ സാധാരണ മനസ്സിൽ പതിയാറുള്ള കാഴ്ചകൾക്കപ്പുറം , ഹൃദയത്തെ സ്പർശിക്കുന്ന ഒരു സിനിമാ കാഴ്ചയാണ് THE GOLDEN DREAM. ഒരു പക്ഷെ സത്യത്തിന്റെ നിഴലുകൾ ഈ സിനിമ കാണിക്കുന്ന ജീവിതങ്ങളിൽ പതിഞ്ഞത്  മൂലമാകാം അങ്ങനെ തോന്നിയത്. പല രംഗങ്ങളും, പല നിലവിളികളും , പല മുഖങ്ങളും  ഈ വിധത്തിൽ ഇന്നും ലോകത്ത് തുടർക്കഥയാകുന്നുണ്ടല്ലോ എന്ന ചിന്തയാണ് സിനിമ കണ്ടതിനു ശേഷം മനസ്സിനെ വേട്ടയാടുന്ന അസ്വസ്ഥതയുടെ  കാരണം. ജീവിതം പലർക്കും കരുതി വെച്ചിരിക്കുന്ന വിചിത്രങ്ങളായ സമ്മാനപ്പൊതികളെക്കുറിച്ച്  ഓർമിപ്പിക്കുന്ന ഈ സിനിമയെ മികച്ച ഒരു റോഡ്‌ മൂവിയായി പരിഗണിക്കാം. എല്ലാവർക്കും ആസ്വദിക്കാവുന്ന സിനിമയെന്ന ലേബൽ നൽകി ഈ സിനിമയെ നിങ്ങളുടെ കാഴ്ചകൾക്കും , അഭിപ്രായങ്ങൾക്കുമായി മുന്നിലേയ്ക്ക് നീക്കി നിർത്തി വിടവാങ്ങുന്നു               

No comments:

Post a Comment