Tuesday 26 July 2016

ഇന്നലെ കണ്ട സിനിമകൾ

ഇന്നലെ കണ്ട സിനിമകൾ
              ഒരു ദിവസം കാണാനിടയായി എന്നതിനപ്പുറം യാതൊരു സാമ്യവുമില്ലാത്ത രണ്ടു സിനിമകളെയാണ് ഇന്ന് പരിചയപെടുത്താൻ ഉദ്ദേശിക്കുന്നത്. ഒന്ന്, ഗ്രാമീണതയുടെ സാസ്കാരിക പശ്ചാത്തലത്തിൽ നിലയുറപ്പിക്കുമ്പോൾ, മറ്റൊന്ന് നാഗരികതയുടെ എല്ലാ കുടിലതകളെയും വരച്ചുകാട്ടുന്നു.

FILM : DILBER’S EIGHT DAYS (2008)
COUNTRY : TURKEY
GENRE : DRAMA
DIRECTOR : CEMAL SAN

                         ദിൽബർ എന്ന ഗ്രാമീണ യുവതിയുടെ ജീവിതത്തിലെ 8 ദിനങ്ങളാണ് സിനിമയുടെ ഉള്ളടക്കം. ബാല്യകാല സുഹൃത്തായ അലിയെ വിവാഹം കഴിക്കാനുള്ള തീവ്ര മോഹവുമായി കഴിയുന്ന അവളുടെ സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴുകയാണ്. കടുത്ത തീരുമാനങ്ങളെ പുൽകേണ്ടി വരുന്ന അവളുടെ ജീവിതം അപ്രതീക്ഷിത വഴികളിലേക്ക് തെന്നി നീങ്ങുന്നു. സന്തോഷവും, സങ്കടവും, ദുരന്തവുമെല്ലാം ഇടം കണ്ടെത്തുന്ന ദിൽബറിന്റെ ജീവിതത്തിലെ തുടർന്നുള്ള  ദിനങ്ങളിലെ കാഴ്ചകളാണ് നമ്മെ കാത്തിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലങ്ങളുടെ സാംസ്കാരിക പഴമകളെ നുകരാനാവുന്ന ലാളിത്യമാർന്ന ആഖ്യാനമാണ് സിനിമയ്ക്കുള്ളത്. സിനിമയുടെ തുടക്കം നമ്മളിൽ ഉളവാക്കുന്ന ആകാംഷയെ പിൻപറ്റി കണ്ടുതീർക്കാവുന്ന ഒരു സിംപിൾ സിനിമയാണ് DILBER'S EIGHT DAYS.

FILM : THE DARK SIDE OF THE MOON (2015)
GENRE : THRILLER
COUNTRY : GERMANY
DIRTECTOR : STEPHAN RICK


                         ഒരുദിവസം ഒന്നിലധികം സിനിമകൾ കാണുമ്പോൾ വ്യത്യസ്ത GENRE-കൾ തെരെഞ്ഞെടുക്കന്ന ശീലമാണുള്ളത്. അങ്ങനെ സെലക്ട് ചെയ്ത ഈ ജർമ്മൻ ത്രില്ലറിലേക്കു എന്നെ വലിച്ചടുപ്പിച്ച ഘടകം MORITZ BLEIBTREU എന്ന നടന്റെ സാന്നിദ്ധ്യമാണ്. ഒരു മരുന്ന് കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന URS BLANK എന്ന കേന്ദ്രകഥാപാത്രത്തെയാണ് BLEIBTREU അവതരിപ്പിക്കുന്നത്. ആഘോഷ രാവുകളിലൊന്നിൽ ഉപയോഗിക്കുന്ന MUSHROOM DRUG അയാളെ അക്ഷരാർത്ഥത്തിൽ മാറ്റി മറിക്കുന്നു. മനസ്സിനെ വന്യതയുടെ ഓരങ്ങളിലൂടെ വലിച്ചിഴക്കുന്ന ഈ മാറ്റങ്ങൾ അയാളുടെ വ്യക്തിജീവിതത്തെയും പ്രൊഫഷണൽ ജീവിതത്തെയും ഒരുപോലെ സങ്കീർണ്ണമാക്കുന്നു. ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന സിനിമയുടെ ക്ലൈമാക്‌സും മോശമെന്ന് പറയാനാവില്ല. ഈ സിനിമയുടെ പ്ലസ് പോയിന്റായി എടുത്തു പറയാവുന്നത് ഛായാഗ്രഹണം തന്നെയാണ്. സിനിമയുടെ പ്രത്യേക തരത്തിലുള്ള മൂഡ് നിലനിർത്താൻ ഉതകുന്ന രീതിയിലുള്ള രംഗങ്ങൾ സിനിമയ്ക്ക് മാറ്റ് കൂട്ടി. കാടിന്റെ ഷോട്ടുകൾ അതിമനോഹരമായിരുന്നു. കടിഞ്ഞാൺ കൈവിട്ട മനസ്സിനെയും ചുമന്ന് നടക്കുന്ന പ്രധാന കഥാപാത്രത്തെ BLEIBTREU മികവുറ്റ രീതിയിൽ പകർന്നാടി.

        ഈ കുറിപ്പിലൂടെ പരിചയപെടുത്തിയ രണ്ടു സിനിമകളും പ്രമേയത്തിലും, ആഖ്യാനത്തിലും താരതമ്യം ചെയ്യാനാവാത്ത വിധം അകന്നു നിൽക്കുന്നവയാണെങ്കിലും, ഒരു തവണ കണ്ടാസ്വദിക്കാവുന്ന കാഴ്ചകളെന്ന വിശേഷണം ഇരു സിനിമകളും അർഹിക്കുന്നു.



 

Sunday 10 July 2016

IRAIVI (2016)



FILM : IRAIVI (2016)
GENRE : DRAMA
LANGUAGE : TAMIL
DIRECTOR : KARTHIK SUBBARAJ
           ഈയടുത്ത് കണ്ട സിനിമകളിൽ ഏറ്റവും ഇഷ്ടമായ സിനിമയാണ് ഇരൈവി. വിരളമായോ, ദുർബലമായോ മാത്രം ഇന്ത്യൻ സിനിമകളിൽ കാണാറുള്ള സ്ത്രീപക്ഷ ചിന്തകളുണർത്തുന്ന മികവുറ്റ കാഴ്ചയാകുന്നു ഇരൈവി. നായികയുടെ കനപ്പെടലിലോ, ആവേശമുയർത്തുന്ന ഭാഷണങ്ങളിലോ ഒതുങ്ങിപ്പോവാറുള്ള വികലമായ സ്ത്രീപക്ഷ ആവിഷ്ക്കാരങ്ങളിൽ നിന്നും പ്രശംസനീയമായ രീതിയിൽ വേറിട്ട് നിലകൊള്ളുന്നു ഈ സിനിമ.
      ആണധികാരത്തിന്റെ ബലിഷ്ഠതയിലൂന്നി നിൽക്കുന്ന സമൂഹം വാർത്തെടുത്ത കാഴ്ച്ചപ്പാടുകളുടെയും, ചിന്തകളുടെയും മേലാപ്പിനുള്ളിൽ സ്വാതന്ത്ര്യത്തിന്റെ മഴ നനയാനാവാതെ ഞെരുങ്ങിപ്പോകുന്ന പെൺജീവിതങ്ങളെ അടയാളപ്പെടുത്തുന്നു ഇരൈവി. ശരീര തൃഷ്ണകളെ പിന്തുടരുന്ന സദാചാര ലംഘനം പുരുഷപക്ഷത്തിന്റെ കേവല സ്വാതന്ത്ര്യമാകുന്ന സമൂഹ മനസ്സിന്റെ വിധേയത്വത്തെയും ഇവിടെ ചോദ്യം ചെയ്യുന്നു. പൊന്നിയുടെയും, യാഴിനിയുടെയും സ്വപ്നങ്ങൾ ജീവിത യാഥാർത്യങ്ങളെ കണ്ടുമുട്ടുമ്പോൾ അകലങ്ങളിലേക്ക് അകറ്റിനിർത്തപ്പെടുന്നത് സമൂഹം അവരുടെ പങ്കാളികളിൽ നിറച്ച അസമത്വ യുക്തിമൂലമാണ്. മനസ്സിന്റെ ചഞ്ചലതയേയും, സഹന സന്നദ്ധതയേയും വേർപ്പെടുത്തി ഇരുപക്ഷത്തോടൊപ്പം ചേർത്തു കെട്ടുന്ന സമൂഹ മനസ്സിനൊരു തിരുത്താകുവാനും ഇരൈവി ശ്രമിക്കുന്നുണ്ട്.
        മനസ്സ് വ്യാപരിക്കുന്ന അധികാര-ശ്രേഷ്ഠ ബോധത്തിന്റെ പ്രേരണയാൽ കവർന്നെടുക്കപ്പെടുന്ന ജീവിതങ്ങൾ അവനവന്റേത് കൂടിയായിരുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നു ഈ സിനിമ. ശക്തമായ കഥാപാത്ര സൃഷ്ടികളിലൂടെ ഒരു ചോദ്യമായോ, യാഥാർത്യമായോ പ്രേക്ഷകനിലേക്ക് തറച്ചു കയറാൻ ഈ സിനിമയ്ക്കാവുന്നത് ആഖ്യാനത്തിലെ തെളിമ കാരണമാണ്. പിസ്സയും, ജിഗർതണ്ടയും വന്ന വഴികളിലൂടെ ഇതും, ഇതിലപ്പുറവും വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നതു കൊണ്ട് അത്ഭുതപ്പെടുന്നില്ല... എങ്കിലും, വെൽഡൺ "കാർത്തിക് സുബ്ബരാജ്" വെൽഡൺ.       

Friday 8 July 2016

NABAT (2014)



FILM : NABAT (2014)
GENRE : WAR DRAMA
COUNTRY : AZERBAIJAN
DIRECTOR : ELCHIN MUSAOGLU

              ഓരോ രാജ്യത്തിലെയും സിനിമകൾ ആ രാജ്യങ്ങളിലെ ജീവിതത്തെയും, സംസ്കാരങ്ങളെയും പല രീതിയിൽ പ്രതിഫലിപ്പിക്കുന്നവയാണ്. ആ കാരണത്താലാണ് പ്രമേയപരമായ സമാനതകൾക്കിടയിലും അവ വേറിട്ട അനുഭവമായി മാറി നിൽക്കുന്നത്. എന്നാൽ, യുദ്ധ-യുദ്ധാനന്തര സാഹചര്യങ്ങൾ പ്രമേയമായി വരുന്ന സിനിമകൾ ഏതു കോണിൽ അവതരിച്ചാലും ഉള്ളിൽ വിങ്ങൽ അവശേഷിപ്പിക്കുന്ന ഏകമുഖമാണ് ദൃശ്യമാകാറുള്ളത്.
       അസർബൈജാനി സിനിമകളിലെ ഏറ്റവും മികച്ച ഒരു സൃഷ്ടിയായി പരിഗണിക്കപ്പെടുന്ന NABAT (2014) യുദ്ധ സാഹചര്യങ്ങളിലെ അതിജീവന യാഥാർത്യങ്ങളെ പിന്തുടരുന്നു. യുദ്ധം നിമിത്തം ജീവിതം ദുസ്സഹമാകുന്നതോടെ ഗ്രാമനിവാസികളെല്ലാവരും ഗ്രാമം വിട്ടൊഴിയുന്നു. ആളൊഴിഞ്ഞ ഗ്രാമത്തിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന വൃദ്ധ ദമ്പതികളായ NABAT-ISKENDER എന്നിവരുടെ ജീവിതത്തിലേക്ക് ചുരുങ്ങുന്ന സിനിമയിൽ വിദൂരതയിൽ മുഴങ്ങുന്ന വെടിയൊച്ചകളായും, പ്രതീക്ഷയേകാത്ത സംഭാഷണങ്ങളായുമാണ് യുദ്ധം സാന്നിധ്യമറിയിക്കുന്നത്. ദാരിദ്ര്യത്തെയും, ഏകാന്തതയെയും, ശാരീരിക-മാനസിക വ്യഥകളേയും ചേർത്തു പിടിച്ച്‌ NABAT എന്ന വൃദ്ധ പിന്നിടുന്ന വഴികളെയും, ദിനചര്യകളെയും പ്രേക്ഷകനും ആവർത്തിച്ചു പിന്തുടരേണ്ടി വരുന്നു. യുദ്ധവും ജീവിതവും സമ്മാനിച്ച നഷ്ടങ്ങളും, വേദനകളും പ്രതിഫലിക്കുന്ന NABAT-ന്റെ മുഖം തന്നെയാണ് സിനിമയുടെ ആത്മാവ്.
     ക്യാമറാ ചലനങ്ങളിലൂടെയും, വേറിട്ട ആംഗിളുകളിലൂടെയും ആവർത്തിച്ചു വരുന്ന ഫ്രെയിമുകൾ നൽകുന്ന വിരസതയെ കഴുകിക്കളയാനുള്ള ശ്രമങ്ങൾ കാണാം. സംഭാഷണങ്ങൾ വളരെ കുറവായ ഈ സിനിമയിലെ സംസാരിക്കുന്നതും, ചിന്തിപ്പിക്കുന്നതുമായ പല ദൃശ്യങ്ങളും "STUNNING" എന്ന് വിശേഷിപ്പിക്കാവുന്നവയാണ്. വാർ ഡ്രാമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് NABAT(2014).


WHAT’S THE TIME IN YOUR WORLD ? (2014)



FILM : WHAT’S THE TIME IN YOUR WORLD ? (2014)
COUNTRY : IRAN
GENRE : DRAMA !!! ROMANCE
DIRECTOR : SAFI YAZDANIAN

                         അവളുടെ മടങ്ങിവരവ് നാട്ടിലേക്കെന്ന പോലെ കൈവിട്ടുപോയ ഓർമ്മകളിലേക്കുമായിരുന്നു. ഭൂതകാലത്തിലേക്കും, ഓർമ്മകളിലേക്കും ഒരു തിരിഞ്ഞു നടത്തം അനിവാര്യമാക്കുന്നവയാണ് തിരിച്ചുവരവുകൾ. കാലത്തിനും, ദൂരത്തിനും ഉടയ്ക്കുവാനാകാത്ത പ്രണയത്തിന്റെ അപരിചിതത്വം തങ്ങിനിൽക്കുന്ന നിമിഷങ്ങളെ സാക്ഷിയാക്കി ഓർമ്മകളെ ചികയുകയാണ് GOLI. നേട്ടങ്ങളോ, നഷ്ടങ്ങളോ, തിരിച്ചറിവുകളോ അല്ല , പ്രണയത്തിന്റെ അനിർവചനീയത തന്നെയാണ് ഈ സിനിമയുടെ കാതൽ.
      രണ്ട് ദശകങ്ങൾക്കു ശേഷം പാരീസിൽ നിന്ന് പെട്ടെന്ന് നാട്ടിലേക്ക് പുറപ്പെടുകയാണ് GOLI. നാട്ടിൽ വെച്ച്‌ കണ്ടുമുട്ടുന്ന ഫർഹാദ് എന്നയാൾക്ക്‌ തന്നെക്കുറിച്ച് എല്ലാ കാര്യവും അറിയാമെന്ന് അവൾക്ക് മനസ്സിലാകുന്നു. അവളുടെ ഓർമ്മകളിലൊന്നും അങ്ങനെയൊരാളെ കണ്ടെടുക്കാനാവുന്നില്ല. എന്നാൽ, അവളെക്കുറിച്ചുള്ള ഓർമ്മകൾ മാത്രമായിരുന്നു അയാളുടെ ജീവിതം.
     വേറിട്ട രീതിയിൽ പ്രണയത്തെ അടയാളപെടുത്തിയ ഈ സിനിമയിലെ പതിഞ്ഞ താളത്തിലുള്ള മുമ്പോട്ടുള്ള ഒഴുക്കിനിടയിലേക്ക് എത്തിനോക്കുന്ന ഭൂതകാല ഫ്രെയിമുകൾ അവതരണത്തിലെ പുതുമയ്ക്കും, പ്രമേയത്തിനും ബലമേകുന്നതായാണ് തോന്നിയത്. മികച്ച ദൃശ്യങ്ങളും, കോലാഹലങ്ങളല്ലാത്ത പശ്ചാത്തല സംഗീതവും കൂടിയാവുമ്പോൾ  വളരെ റിഫ്രഷിങ് അനുഭവമായി  ഈ സിനിമ മാറുന്നു. പ്രണയത്തിന്റെ വ്യാഖ്യാനങ്ങൾക്ക് അതിരുകൾ ഇല്ലാത്തിടത്തോളം പുതുമയുടെ സൗരഭ്യമുള്ള ഇത്തരം ദൃശ്യാനുഭവങ്ങളെ പ്രതീക്ഷിക്കാം.....