Sunday 29 June 2014

IN HIDING (2013)


FILM : IN HIDING (2013)
COUNTRY : POLAND
DIRECTOR : JAN KIDAWA-BLONSKI
GENRE : DRAMA
           രണ്ടാം ലോക മഹായുദ്ധത്തിന്റെ  മുഖ മുദ്രകളിലൊന്നായ ജൂത വേട്ടയുടെ (HALOCAUST) പശ്ചാത്തലത്തിൽ സ്ക്രീൻ നിറഞ്ഞ അനേകം സിനിമകളുണ്ട്. അത്തരം ശ്രേണിയിലെയ്ക്ക് എഴുതി ചേർക്കാവുന്ന മികച്ച സിനിമ അനുഭവമാണ് പോളിഷ് ചിത്രമായ IN HIDING (2013). 1940 കളിലെ  രണ്ടാം ലോക മഹായുദ്ധത്തിന്റെ  " യുദ്ധാന്ത്യത്തെ " " മുമ്പ്-ശേഷം" എന്നീ ദ്വന്ദങ്ങൾ കൊണ്ട് മുറിച്ച് ഇരു കഷണങ്ങളിലും ഈ സിനിമ സാന്നിധ്യമാറിയിക്കുന്നു.
         ഏറ്റവും തീക്ഷ്ണമായ പ്രമേയങ്ങൾ പൊട്ടി മുളയ്ക്കുക ഏറ്റവും കഠിനമായ ദുരിത നിലങ്ങളിലാണെന്ന് തോന്നിപ്പോവാറുണ്ട്. യുദ്ധ പശ്ചാത്തലത്തിലുള്ള ക്ലാസ്സിക്കുകൾ ഈ ചിന്തയ്ക്ക് ബലമേകുന്നു. യുദ്ധ കലുഷിതമായ സാഹചര്യത്തിൽ , ഏകാന്തജീവിതം നയിക്കുന്ന "JANKA" യ്ക്കും, പിതാവിനും എസ്തേർ എന്ന ജൂത സ്ത്രീയെ , വംശീയ ക്രോധത്തിന്റെ ദ്രംഷ്ടകളിൽ നിന്ന് മറച്ചു പിടിക്കേണ്ടി വരുന്നു. നിയമങ്ങൾ വെറും കടലാസ് തുണ്ടുകളാകുന്ന യുദ്ധ വേളയിലെപ്പഴോ JANKO യുടെ അച്ഛൻ പോലീസ് കസ്റ്റഡിയിലാകുന്നു. എസ്തേറിന്റെ സാന്നിധ്യം JANKO  ആദ്യം വെറുത്തെങ്കിലും  , ക്രമേണ അവർക്കിടയിൽ രൂപം കൊള്ളുന്ന സൗഹൃദം അസാധാരണമായ തലത്തിലേയ്ക്ക് വളരുന്നു. ഈ ബന്ധത്തിന്റെ തീവ്രതയും , സാഹചര്യങ്ങളുടെ സമ്മർദവും , വൈകാരിക വിസ്ഫോടനങ്ങളും സിനിമയെ കൂടുതൽ ശക്തവും , വേറിട്ടതുമായ കാഴ്ചയാക്കി മാറ്റുന്നു.
           HOLOCAUST ന്റെ നിഴലിൽ ആരംഭിക്കുന്ന സിനിമയെ വഴിമാറ്റി നടത്തിച്ച് പുത്തനനുഭവം നല്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. നഷ്ടങ്ങൾ മാത്രം കണ്ടു ശീലിച്ച മനസ്സിന്റെ സ്വാഭാവികമായ സ്വാർത്ഥതയുടെ  വിളയാട്ടമായി സിനിമയിലെ പല രംഗങ്ങളും എണ്ണാവുന്നതുമാണ്. മനുഷ്യ മനസ്സ് വന്യമാകുന്ന അന്തർ: സംഘർഷങ്ങളാൽ  സൃഷ്ടിക്കപെടുന്ന  സാഹചര്യങ്ങളിലെയ്ക്ക് കഥയും, കഥാപാത്രങ്ങളെയും തള്ളിയിടാൻ സംവിധായകന്  കഴിഞ്ഞിട്ടുണ്ട് . ചില കഥാപാത്രങ്ങൾ അപൂർണമായ വൃത്തങ്ങളെപ്പോലെ  സിനിമയ്ക്കിടയിൽ  മാഞ്ഞു പോയതായി തോന്നി. ചില രംഗങ്ങൾ ചിന്തയിൽ അവശേഷിപ്പിച്ച അവിശ്വസനീയത , ഇത് ഒരു സിനിമ മാത്രമാണെന്ന് ഓർമിപ്പിച്ചു. ത്രില്ലർ സിനിമകളിലേതു പോലെയുള്ള വേഗത ഈ സിനിമയ്ക്ക്‌ പ്രതീക്ഷിക്കാനാകില്ലെങ്കിലും  അനാവശ്യമായ ചില ഇഴച്ചിലുകൾ  ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.
            അഭിനയം, സിനെമാടോഗ്രഫി , മ്യുസിക് എന്നീ അവിഭാജ്യ ഘടകങ്ങൾ മികച്ചു നിന്നു . യുദ്ധാന്ത്യം  വിളിച്ചോതിയ ഫ്രൈമുകൾ ഓർമ്മയിൽ തങ്ങി നിൽക്കുന്നവയായിരുന്നു. പ്രമേയം ആവശ്യപ്പെടുന്ന വൈകാരിക വിക്ഷുബ്ദതയെ  പ്രതിഫലിപ്പിക്കുന്നതിൽ അഭിനേത്രികൾ വിജയിച്ചു എന്ന് തന്നെ പറയാം. " വിധിക്കുക , വിധേയപ്പെടുക" എന്നീ യുദ്ധ യഥാർത്യങ്ങൾക്കുമപ്പുറം ഈ സിനിമ അവതരിപ്പിച്ച പ്രമേയം , മറ്റു രീതികളിൽ പല സിനിമകളിലും വന്നതാണെങ്കിലും അവതരണ രീതി പുതുമയുണർത്തി. IMBD ചൊരിയുന്ന അക്കങ്ങളെ മുൻ നിർത്തി സിനിമയെ മുൻവിധികളോടെ സമീപിക്കാതെ , സിനിമയുടെ  "കാമ്പിനെ " രുചിച്ച് സ്വയം വിധിയെഴുതുന്ന നല്ല സിനിമാ പ്രേമികൾ ഈ സിനിമ കാണേണ്ടതാണെന്ന  അഭിപ്രായത്തോടെ  നിർത്തുന്നു.   

Saturday 21 June 2014

MIRAGE (2004)



FILM  : MIRAGE (2004)
COUNTRY  : MACEDONIA
GENRE  : DRAMA
DIRECTOR : SVETOZAR RISTOVSKI
                  നീഷേയുടെ വിഖ്യാതമായ വരികൾ സ്ക്രീനിൽ തെളിഞ്ഞപ്പോൾ മുതൽ ഈ സിനിമയുടെ ഭാവം വ്യക്തമായിരുന്നു. ആഹ്ലാദത്തിന്റെ കണികകൾ പാഴ്ക്കിനാവാകുന്ന ദരിദ്ര സാമൂഹിക യാഥാർത്ഥ്യത്തിൽ അവതരിപ്പിച്ച ശക്തവും , വേദനാജനകവുമായ ഡ്രാമയാണ് MIRAGE (2004) എന്ന മാസിഡോണിയൻ സിനിമ.
               പഠനത്തിലും , കവിതയെഴുത്തിലും മിടുക്കനും  ഭാവനാ സമ്പന്നനുമായ  "മാർക്കോ"  എന്ന കുട്ടിയുടെ കഥയാണ് ഈ സിനിമ പറയുന്നത്. കുടിയനും, മടിയനുമായ പിതാവ്, ലക്കും-ലഗാനുമിലാത്ത ( കുത്തഴിഞ്ഞ) സഹോദരിയും, നിർവികാരതയും  നിർജ്ജീവത്വവും വിശേഷണങ്ങളായി പേറുന്ന മാതാവും ദാരിദ്ര്യം എന്ന ദുരിത പർവ്വത്തിനും മുകളിൽ മാർക്കോയുടെ അവസ്ഥയെ പ്രതിഷ്ടിക്കുന്നു. വീട്, സ്കൂൾ , സമൂഹം എന്നിവിടങ്ങളിലെല്ലാം ക്രൂരമായ പരിഹാസങ്ങൾക്കും , അടിച്ചമർത്തലുകൾക്കും , ശാരീരിക പീഡനങ്ങൾക്കും വിധേയനാകുന്ന "മാർക്കോ" , പ്രതീക്ഷയുടെ നെരിപ്പോട് കാണുന്നത് അവന്റെ അധ്യാപകൻ പറഞ്ഞത് പോലെ തന്റെ കവിതകളിലാണ്. സ്വച്ഛതയിലേയ്ക്ക് ഒരു പറിച്ചു നടൽ അവൻ സ്വപ്നം കാണുന്നു. കീഴ്പെടലിന്റെയും , കുത്തുവാക്കുകളുടെയും , വേദനയുടെയും ഏതോ ഒരു "അതിർവര"  മാർക്കോയെ  തലയുയർത്താൻ പ്രേരിപ്പിക്കുന്നു. ഏകനായി ചെസ്സ്‌ കളിക്കാനും, സമയം കളയാനും മാർക്കോ കണ്ടെത്തിയ ഇടമായ പഴയ ട്രെയിനിൽ വച്ച് കണ്ടുമുട്ടുന്ന "പാരിസ്" എന്ന വ്യക്തിയും അവന്റെ മുന്നിൽ പ്രതീക്ഷയായി വളരുന്നു. ഈ പ്രതീക്ഷകളും, സാഹചര്യങ്ങളും മാർക്കോ എന്ന ബാലനെ ഏതു തീരത്തേയ്ക്ക് എത്തിക്കുന്നു എന്നതാണ് സിനിമയുടെ ഉള്ളടക്കം.
               മാസിഡോണിയൻ സാമൂഹിക യാഥാർത്ഥ്യം എന്ന് ചുരുക്കി പറയാനാവാത്ത വിധം , ലോകത്തിലെ ഏതൊരു സാമൂഹിക വ്യവസ്ഥിതിയിലും പ്രതിനിധികളെ  തേടാൻ കഴിയുന്ന ഒന്നാണ് ഈ സിനിമയും, കഥാപാത്രങ്ങളും, പ്രമേയവും. ഇത്തരം സാഹചര്യങ്ങൾക്ക് ശരവേഗവും , നിലനിൽപ്പും  പ്രദാനം ചെയ്യുന്ന ഉൽപ്രേരകങ്ങളായി , ദാരിദ്ര്യവും , രാഷ്ട്രീയവും-സാമൂഹികവുമായ അരാജകത്വവും പല്ലിളിച്ചു കൊണ്ടേയിരുന്നു. വീടും, സ്കൂളും , തെരുവും അവയെ ദ്യോതിപ്പിച്ച മികച്ച ഉദാഹരണങ്ങളായി നിറഞ്ഞു നിന്നു. കുതിച്ചു പായുന്ന ട്രെയിനുകൾ , ചലനമറ്റ് ദ്രവിച്ച പഴകിയ ട്രെയിനുകൾ  (മാർക്കോയുടെ അഭയം) , റെയിൽ പാളങ്ങൾ , മാർക്കോയുടെ ഷൂട്ടിംഗ് പ്രാക്ടീസിനിടയിൽ  പറന്നുയരുന്ന പ്രാവ് എന്നിവ ദൃശ്യാനുഭൂതി എന്നതിനപ്പുറം സംവിധായകൻ പ്രേക്ഷക ചിന്തകൾക്കായി ഒരുക്കിയ "പ്രതീക"  കാഴ്ച്ചകളായി തോന്നി. സിനിമയ്ക്ക്‌ പറയാനുള്ള രാഷ്ട്രീയം ചില സീനുകളിലും , അപൂർവ്വം സംഭാഷണങ്ങളിലുമൊതുങ്ങിയെങ്കിലും , പ്രമേയത്തിന് ബലമേകുന്ന സാമൂഹിക മാനങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിൽ അതിനുള്ള പങ്ക് വ്യക്തമാണ്. സിനിമ അവസാനിച്ചത്‌ പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ അനിവാര്യമായ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കികൊണ്ട്  തന്നെയാണ്.
                ഈ സിനിമയിലെ പ്രധാന റോൾ കൈകാര്യം ചെയ്ത MARKO KOVACEVIC  (മാർക്കോ) എന്ന  കുട്ടിയുടെ വിസ്മയ പ്രകടനം പ്രമേയത്തിന്റെ തീക്ഷണത നമ്മളിലെയ്ക്ക് പകരാൻ വളരെയധികം സഹായിച്ചു. ലോകത്തെല്ലായിടത്തും ഇന്നും സുലഭമായ ഇത്തരം രാഷ്ട്രീയ-സാമൂഹിക-ദാരിദ്ര്യ മാനങ്ങൾ തീർക്കുന്ന "കുരുതികൾ" പടർത്തുന്ന ഇരുൾ മായ്ക്കുന്നത് പ്രതീക്ഷകളുടെ ചിറകിലേറി കുതിക്കുന്ന ബാല്യങ്ങൾ തീർക്കേണ്ട ഭാവിയുടെ "ദീപ്തമായ" സ്വപ്നങ്ങളാണെന്ന് ഈ സിനിമ ഓർമിപ്പിക്കുന്നു.ഇത്തരം ദുരന്തങ്ങളുടെ പേരിൽ വിലങ്ങുകൾ അണിയിക്കേണ്ടത് ആരെയെന്ന ചോദ്യം നമ്മെ വിട്ടൊഴിയുന്നില്ല. നല്ല നാളെയ്ക്കായുള്ള  സമൂഹ നിർമ്മിതിക്കായ്‌ ഒരുങ്ങുമ്പോൾ വർത്തമാന യാഥാർത്ഥ്യം ബലികഴിക്കുന്നതെന്ത് എന്ന ചിന്തയുണരേണ്ടതിന്റെ ആവശ്യം സിനിമ ബോധ്യപ്പെടുത്തുന്നു. പ്രതീക്ഷയുടെ മരീചികകൾ നീണ്ടു കിടക്കുന്നുണ്ടെങ്കിലും , "HOPE IS THE WORST OF EVIL , FOR  IT PROLONGS THE TORMENTS OF MAN" എന്ന നീഷേയുടെ വരികൾ മനസ്സിൽ മർമ്മരം കൊളളുന്നുണ്ടെങ്കിലും , ഭാവിയെക്കുറിച്ചുള്ള നിറമുള്ള പ്രതീക്ഷകൾ മുറുകെപ്പിടിച്ച് നിലയില്ലാ കയങ്ങളിലെയ്ക്ക്  ഇറങ്ങുന്നവർക്ക് ഐക്യം പ്രഖ്യാപിച്ച് നിർത്തുന്നു . 

Saturday 7 June 2014

THE WEDDING SONG (2008)



FILM  : THE WEDDING SONG (2008)
COUNTRY   : TUNISIA
DIRECTOR  : KARIN ALBOU
GENRE  : DRAMA

             രണ്ടാം ലോകമഹായുദ്ധം പശ്ചാത്തലമാക്കി KARIN ALBOU സംവിധാനം ചെയ്ത ടുണിഷ്യൻ സിനിമയാണ് THE WEDDING SONG(2008). ടുണിസ് എന്ന ടുണിഷ്യൻ തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിലെ ജീവിതം നുരയുന്ന ഈ സിനിമ ആ രാജ്യത്തിൻറെ സാംസ്കാരിക അംശങ്ങളുടെ ചിത്രീകരണം കൂടിയാകുന്നു. ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ സിനിമ പ്രമേയപരമായി  ബഹുമുഖത്വം ആർജ്ജിക്കുന്നു.
               നൂർ (മുസ്ലിം) , മിറിയം(ജൂത) എന്നീ കൂട്ടുകാരികളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ഈ സിനിമ , അതിനപ്പുറം ചരിത്രപരമായ രാഷ്ട്രീയമാനങ്ങളെയും  വിശകലനം ചെയ്യുന്നു. സൗഹൃദം, ലൈംഗികത , വിവാഹം , വംശീയത, വർഗീയത ,രാഷ്ട്രീയം  എന്നീ ഉപ വിഷയങ്ങളെ വളരെ വ്യക്തമായും , ആധികാരികമായും തുറന്നിടുന്നതോടൊപ്പം , സംവിധായികയുടെ വ്യക്തിപരമായ വീക്ഷണങ്ങളും സിനിമയിൽ കടന്നു കൂടിയിട്ടുള്ളതായി തോന്നി.
                കൌമാരം പിന്നിടുന്ന നൂറും , മിറിയവും അവരുടെ വിവാഹങ്ങൾക്കായുള്ള ഒരുക്കങ്ങളിലാണ്. അവരുടെ കുടുംബങ്ങളും വളരെ സൗഹാർദ്ദപൂർണ്ണമായ  അന്തരീക്ഷങ്ങളിലാണ് കഴിയുന്നത്. നൂറിന്റെ വിവാഹം ഖാലിദ്‌ എന്ന യുവാവുമായി  നിശ്ചയിച്ചിട്ടുണ്ടെങ്കിലും , അയാളുടെ ജോലിയില്ലായ്മ നൂറിന്റെ പിതാവിൽ ചില മനം മാറ്റങ്ങൾക്കു കാരണമാകുന്നുണ്ട്. മിറിയം , പ്രണയം ആഗ്രഹിക്കുന്നെങ്കിലും പ്രത്യേക ജീവിത സാഹചര്യങ്ങൾ അവളെ  ധനികനും , അവളെക്കാൾ പ്രയമേറിയവനുമായ DOCTOR RAUOL- മായുള്ള വിവാഹത്തിലെയ്ക്ക് നയിക്കുന്നു.
                    ജർമൻ പട്ടാളക്കാരുടെ അധിനിവേശവും , ഖാലിദിന്റെ തൊഴിലും ഈ ബന്ധങ്ങളിൽ പല തരത്തിലുള്ള സങ്കീർണ്ണതകൾ  സൃഷ്ടിക്കുന്നു. ജൂത വേട്ടകളും , പീഡനങ്ങളും ഒഴിച്ചുകൂടാനാവാത്ത രണ്ടാം ലോകമഹായുദ്ധത്തിന്റെ  ശക്തമായ സാന്നിദ്ധ്യം ഈ സിനിമയിലുണ്ടെങ്കിലും , സിനിമയിലെ ഇതര പ്രതിപാദ്യ വിഷയങ്ങളിൽ നിർണ്ണായകമായ ഇടപെടലുകളായാണ് അവ കടന്നു വരുന്നത്.
                ലൈംഗികതയെയും , സ്ത്രീ ശരീരത്തേയും വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിലൂടെ വരച്ചിടുന്നു. പൊതു കുളിസ്ഥലങ്ങൾ സാധാരണമായിരുന്ന സംസ്കാരികതയിലെയ്ക്ക് ജർമൻ പട്ടാളം അതിക്രമിച്ചു കയറിയത് , കേവലം യുദ്ധാന്ധതയിൽ സംഭവിച്ച അധാർമികതയ്ക്കപ്പുറം   പുരുഷ മേധാവിത്വം സ്ത്രീ ശരീരത്തെ അടക്കിവാഴുന്ന (വാണിരുന്ന) വർത്തമാന -ഭൂത സംസ്കാരത്തിന്റെ ശക്തമായ സാന്നിധ്യം തന്നെയായി. ഈ ശരീര നിബദ്ധമായ ചിന്തകൾ കൌമാരത്തിന്റെ ആകാംഷകളിലൂടെ അവതരിപ്പിച്ച് വിവാഹം എന്ന "പരിശുദ്ധമായ" ബന്ധനത്തിലും പ്രതിഫലിക്കുമ്പോൾ , സമൂഹത്തിൻറെ  ലിംഗബന്ധിയായ വേർതിരിവുകളുടെ മറ്റൊരു സാക്ഷ്യമായി.
               അതിജീവനത്തിന്റെയും, സൗഹാർദ്ദത്തിന്റെയും നീറ്റലുകൾ പേറുന്ന കഥാപാത്രങ്ങളായി അഭിനേത്രികൾ മികച്ചു നിന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ പവിത്രമായ താളുകളിൽ നിന്ന് നൂർ , ഖാലിദിന്റെയും പിതാവിന്റെയും സഹായത്താൽ കണ്ടെടുക്കുന്ന വരികൾ സിനിമയിൽ നിന്നും പരന്ന വെളിച്ചങ്ങളിലൊന്നായി. വംശീയതയ്ക്കും, വർഗീയതയ്ക്കും , രാഷ്ട്രീയത്തിനും മുകളിൽ പ്രതിഷ്ടിക്കാവുന്ന സൗഹൃദത്തിന്റെ മഹത്തരമായ ഓർമ്മപ്പെടുത്തലായി ഈ സിനിമ മാറുന്നു.
            സ്ത്രീത്വത്തിന്റെ മാനസിക വ്യാപാരങ്ങൾ ആണിക്കല്ലായ ഈ സിനിമയിലെ അത്തരം അംശങ്ങളെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ , സംവിധായികയും സിനിമയിലെ ശക്തമായ കഥാപാത്രങ്ങളിലൊന്നായും (TITA) നിറഞ്ഞു നിന്ന KARIN ALBOU യ്ക്ക് സാധിച്ചിട്ടുണ്ട്. ടുനിഷ്യൻ സംസ്കാരികതയിലൂന്നിയാണ് ലൈംഗികതയും  പ്രമേയപരമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. വ്യത്യസ്ത പ്രമേയങ്ങളുടെ സാന്നിധ്യം ആഗ്രഹിക്കുന്നവർ ഈ സിനിമ കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു.    


Friday 6 June 2014

OBABA (2005)



FILM  : OBABA (2005)
GENRE   : DRAMA
COUNTRY  : SPAIN       
DIRECTOR  : MONTXO ARMENDARIZ
                      ഒരു സാധാരണ (TIME PASSING) സിനിമയാവുമെന്ന പ്രതീക്ഷയിലാണ് കണ്ടു തുടങ്ങിയത്. എന്നാൽ വ്യത്യസ്തത എല്ലാ തരത്തിലും മുഴച്ചുനിൽക്കുന്ന ഒരു സിനിമയായാണ്‌ ഞാൻ , MONTXO ARMENDARIZ  സംവിധാനം ചെയ്ത OBABA (2005) എന്ന സിനിമയെ പരിചയപ്പെടുത്തുക. "മികച്ച അനുഭവം" എന്ന വിശേഷണം ഈ സിനിമയോട് കൂട്ടിക്കെട്ടാമെങ്കിലും " ആസ്വാദകന്റെ ആസ്വാദന തലം " എന്ന ആപേക്ഷികതയുടെ താങ്ങ് അതിനു വേണം. ഡ്രാമ വിഭാഗത്തിലുള്ളത് എന്ന് പറയാമെങ്കിലും MYSTERY , പ്രണയം എന്നിവയെല്ലാം പെയ്തിറങ്ങുന്ന നവ്യമായ സിനിമാ കാഴ്ചയാകുന്നു ഇത്.
                      സ്പെയ്നിന്റെ  ഗ്രാമീണത തുളുമ്പുന്ന കുന്നിൻ  ചെരിവുകളിലെവിടെയോ വേറിട്ട്‌ നിൽക്കുന്ന OBABA എന്ന ഗ്രാമത്തിന്റെ ഭൂതകാലത്തെയും , വർത്തമാന കാലത്തെയും ഏച്ചുകെട്ടാനുള്ള ശ്രമങ്ങളിലാണ് "LOURDES " എന്ന നമ്മുടെ നായിക. സംവിധായികയാവാൻ ശ്രമിക്കുന്ന അവളുടെ PROJECT ന്റെ  ഭാഗമായാണ് ഒബാബ തെരഞ്ഞെടുത്തത്. നഗരവാസികൾ ഗ്രാമീണരിൽ അടിച്ചേൽപ്പിക്കാറുള്ളതോ , കണ്ടെടുക്കുന്നതോ ആയ ഒരു "ECCENTRICITY" ഈ സിനിമയിലും കാണാം. പക്ഷെ, ഇവിടെ നിഗൂഡാത്മകമായ , യാഥാർത്യങ്ങളുടെയും , അയഥാർത്യങ്ങളുടെയും  നൂലിഴകളെ വേർതിരിക്കാനാവാത്ത വിധം പിണച്ച് ഒബാബയുടെ സ്വത്വത്തെ ശക്തമായി അവതരിപ്പിച്ചിരിക്കുന്നു. "LIZARD HOTEL" ഉം , ഇസ്മായേലും നമ്മെ എപ്പോഴും കുഴക്കുന്ന ചിന്താ ചോദനകളായി നിറഞ്ഞു നിൽക്കും.
                  ഗ്രാമത്തിന്റെ ഗതകാല സ്മരണകളെ വളരെ മനോഹരമായി , LOURDES ന്റെ വാചാലതകളിൽ നിന്നും ഉയിർ തുടിക്കുന്ന ഫ്ലാഷ്ബാക്കുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. എല്ലാം എണ്ണുന്ന സ്കൂൾ അധ്യാപികയും(MAESTRO) , "BRAIN EATING LIZARD'-നാൽ ബുദ്ധിമാന്ദ്യം ഗ്രസിച്ച തോമസും , സഹോദരിയും , ഖനി മുതലാളിയായ ജർമൻകാരനും , മകൻ എസ്തബാനുമെല്ലാം കാലത്തിന്റെ ഒഴുക്കിനിപ്പുറവും വിഭ്രമാത്മകമായ നിഗൂഡതയുടെ തുരുത്തുകളായി തുടരുന്നു. LOURDES യഥാർത്ഥത്തിൽ തേടുന്നതെന്ത് എന്ന ചോദ്യം പലപ്പോഴും മനസ്സ് മന്ത്രിച്ചു. ഒബാബയുടെ സൗന്ദര്യം , അതിന്റെ വ്യത്യസ്തതയാർന്ന ജീവിത രീതികളിലും, വ്യക്തിത്വങ്ങളിലും കുടികൊള്ളുന്നു.
             ഒബാബയുടെ വിസ്മയങ്ങളിലെയ്ക്ക് ക്യാമറ തിരിക്കുന്ന LOURDES ലൂടെ നമ്മളറിയുന്ന ഒബാബയുടെ ചരിത്രത്താളുകളിൽ ശക്തമായ കഥാബീജങ്ങൾ പരന്നു കിടക്കുന്നുണ്ടായിരുന്നു . അവയ്ക്ക് ഉയിരേകി കൂടുതൽ മികവാർന്ന ഒരു കലാസൃഷ്ടിയാക്കാനുള്ള അവസരമാണ് സംവിധായകൻ നഷ്ടപ്പെടുത്തിയത്. സിനിമയുടെ അന്ത്യം മോശമായില്ലെങ്കിലും അത്തരം താത്വികമായ വെളിപാടുകളിലെയ്ക്ക് നായികയെ നയിക്കേണ്ടിയിരുന്ന വൈകാരിക ബന്ധ-ബന്ധനങ്ങളെ ആഴത്തിൽ പ്രതിഷ്ടിക്കാൻ അവസരങ്ങളുണ്ടായിട്ടും  സംവിധായകൻ ആലസ്യം കാട്ടിയത് , ക്ഷമിക്കാനും സഹിക്കാനും കഴിഞ്ഞത് LOURDES ആയി "ജീവിച്ച" BARBARA LENNIE എന്ന നടിയുടെ വശ്യമായ അഭിനയചാരുത മൂലമായിരുന്നു.   
                    സ്വച്ഛസുന്ദരമായ  താഴ്‌വരയിൽ പൊഴിയുന്ന മഞ്ഞുപോലെ ആസ്വാദ്യകരമായ ഈ സിനിമയിലെ 'വയലിൻ '  ഉൾപെടെയുള്ള എല്ലാ സംഗീതോപകരണങ്ങളിൽ നിന്നും ഉതിർന്ന സ്വരധാരകളും മനം നിറച്ചു. ഹോളിവുഡ് സിനിമകളുടെ സ്ഥിരം ചേരുവകളിൽ നിന്നും ഒരു മോചനം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സിനിമ തീർച്ചയായും കാണാം. ഈ സിനിമയുടെ നിലവാരത്തിന് ഞാൻ വിലയിടുന്നില്ല . നിരൂപകർ പലരും നൽകിയ അക്കങ്ങളിൽ ഞാൻ സംതൃപ്തനുമല്ല ( അവരുടെ അഭിപ്രായമാണെങ്കിൽപോലും ). സിനിമ പറഞ്ഞ രീതിയും, അവതരിപ്പിച്ച പ്രമേയവും , അവസാനിപ്പിച്ച ആശയവും സിനിമയുടെ വ്യത്യസ്തതയ്ക്ക് ബലമേകിയ തൂണുകൾ തന്നെയാണ്. സിനിമ കണ്ടതിനു ശേഷമുള്ള നിങ്ങളുടെ പ്രതികരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു.