Sunday 28 January 2018

STORY OF PAO (2006)

FILM : STORY OF PAO (2006)
COUNTRY : VIETNAM
GENRE : DRAMA
DIRECTOR : NGO QUANG HAI
                   സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ ഇത് PAO-യുടെ കഥയാണ്. PAO-യുടെ  ജീവിതാനുഭവങ്ങളെ മധ്യത്തിൽ നിർത്തി കഥപറയുന്ന ഈ സിനിമയിൽ, അവളുടെ  കണ്ണുകളിലൂടെ മറ്റു കഥാപാത്രങ്ങളിലേക്കും ക്യാമറ പതിയുന്നു. പ്രകൃതി മനോഹരമായ വിയറ്റ്നാമീസ് ഗ്രാമത്തിന്റെ പശ്ചാത്തലമാണ് ഈ സിനിമയ്ക്കുള്ളത്. ഗ്രാമീണ ജീവിതങ്ങളെയും, വിയട്നാമിന്റെ സാംസ്‌കാരിക പൈതൃകങ്ങളേയും കണ്ടുമുട്ടാവുന്ന ജീവിത ചിത്രങ്ങൾക്കിടയിൽ വിഷമിച്ചു നിൽക്കുന്ന PAO-യെ നമുക്ക് കാണാം. പെറ്റമ്മയ്ക്കും, പോറ്റമ്മയ്ക്കും ഇടയിൽ ജീവിത യാഥാർത്യങ്ങളുടെയും,  മനഃസംഘർഷങ്ങളുടെയും വിഷമതകൾ മറികടക്കാൻ പാടുപെടുന്ന അവൾ, മനസ്സുകൊണ്ടും, ശരീരം കൊണ്ടും പിന്നിടുന്ന പാതകൾക്കൊടുവിൽ സ്വയം നവീകരിക്കപ്പെടുന്നുണ്ട്. പലപ്പോഴും സിനിമകൾക്ക് വിരാമമാകുന്നത് ഉത്തരങ്ങളിലോ, ശുഭപര്യവസാനങ്ങളിലോ കഥ ഉടക്കുന്നതിനാൽ ആവണമെന്നില്ല. ജീവിതത്തെയും, സ്നേഹത്തെയുമെല്ലാം വ്യത്യസ്ത തലങ്ങളിൽ ഉൾക്കൊള്ളാൻ പാകത്തിൽ പരുവപ്പെടുന്ന മനസ്സിന്റെ സ്വച്ഛതയിലും സിനിമകളും, കഥകളും വിടപറയാറുണ്ട്. അനുഭവങ്ങൾ പുതുക്കിയെടുക്കുന്ന മനസ്സും ചിന്തകളും പേറുന്ന PAO-യ്‌ക്കൊപ്പമാണ് ഈ സിനിമ നമ്മുടെ കാഴ്ചകളിൽ നിന്ന് ഒളിക്കുന്നത്.
            സുന്ദരമായ പ്രകൃതി ദൃശ്യങ്ങളും, ശ്രാവ്യസുഖദായകമായ  പശ്ചാത്തല സംഗീതവും സിനിമയെ നല്ല അനുഭവമാക്കുന്നു. എനിക്ക് ഇത്തരം സിനിമകൾ കാണുന്നത് മനസ്സിന് സുഖമേകുന്ന കാര്യമാണ്... നിങ്ങൾക്കോ?.... കണ്ടിട്ട് പറയൂ.....

Thursday 25 January 2018

FISH AND CAT (2013)



FILM : FISH AND CAT (2013)
GENRE : DRAMA !!! THRILLER
COUNTRY : IRAN
DIRECTOR : SHAHRAM MOKRI

            റിയലിസ്റ്റിക് ഡ്രാമകൾ ലളിതമായി അവതരിപ്പിച്ചു ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനം കവർന്നവയാണ് ഇറാനിയൻ സിനിമകൾ. എന്നാൽ ഇന്ന് ഞാൻ സജ്ജസ്റ്റു ചെയ്യുന്ന ഇറാനിയൻ സിനിമ ഈ മാതൃകയോ, ശൈലിയോ തെളിഞ്ഞു കാണാത്ത വിധം വ്യത്യസ്തമാണ്. ഈ സിനിമ കണ്ടിട്ടുള്ള ഏതൊരു പ്രേക്ഷകനും "വേറിട്ട അനുഭവം" എന്ന വിശേഷണത്തെ സാക്ഷ്യപ്പെടുത്തുമെന്നത് നൂറു ശതമാനം ഉറപ്പുമാണ്.
          ഷാഹ്‌റാം മൊക്രിയുടെ ഫിഷ് ആൻഡ് ക്യാറ്റ് എനിക്ക് ഒരു സാങ്കേതിക വിസ്മയമായാണ് തോന്നിയത്. 135 മിനിട്ടുള്ള ഈ സിനിമ ഒരു സിംഗിൾ ഷോട്ട് പോലെയാണ് എടുത്തിട്ടുള്ളത്. ജനവാസമില്ലാത്തതും, കാടുപോലെ തോന്നിക്കുന്നതുമായ ഒരു ഉൾപ്രദേശത്തു തടാകത്തിന്റെ തീരത്തു പട്ടം പറത്തൽ ഉത്സവത്തിനു വന്നിട്ടുള്ള വിദ്യാർത്ഥികളും, അതിനു സമീപത്തുള്ള ഒരു ഹോട്ടലിലെ ജീവനക്കാരുമാണ് പ്രധാന കഥാപാത്രങ്ങൾ. സിനിമയുടെ തുടക്കത്തിൽ പ്രേക്ഷകന് ലഭിക്കുന്ന ചില സൂചനകൾ സിനിമയ്ക്ക് ഒരു ഹൊറർ മൂഡ് നൽകുന്നുണ്ട്. സിനിമയിലെ ഏറ്റവും കൺഫ്യുസിംഗായ കാര്യം ആവർത്തിച്ചു വരുന്ന ഷോട്ടുകളാണ്. ഒരു കാര്യം തന്നെ മറ്റൊരു കഥാപാത്രത്തിന്റെ ആംഗിളിൽ ലൂപ്പ് ചെയ്യപ്പെടുമ്പോൾ സമയത്തെക്കുറിച്ചുള്ള ചില ആശയക്കുഴപ്പങ്ങൾ പ്രേക്ഷകന് സമ്മാനിക്കും. ചില സൂചനകൾ പ്രേക്ഷകനായ് സംവിധായകൻ അവശേഷിപ്പിച്ചിട്ടുണ്ടെങ്കിലും സിനിമയുടെ നിഗൂഢതയെ വെളിച്ചത്തു നിർത്താൻ അവ മതിയാകുന്നില്ല. ഒന്നിനു പുറകെ മറ്റൊന്നായി ആവർത്തിച്ചു വരുന്ന ലൂപ്പിങ് ഷോട്ടുകൾക്കിടയിലും പ്രേക്ഷകന്റെ ആകാംഷയെ ഊതിക്കെടുത്താതെ മുന്നേറാൻ സിനിമയ്ക്കാവുന്നു.
      ഒരു പ്രത്യേക കളർടോണിലാണ് സിനിമയെടുത്തിരിക്കുന്നത്. പശ്ചാത്തല സംഗീതം സിനിമയുടെ സ്വഭാവത്തിന് ഉതകുന്ന രീതിയിലാണ് കംപോസ് ചെയ്തിരിക്കുന്നത്. ഓരോ കഥാപാത്രത്തിലും ഇമ്പ്ലാൻറ് ചെയ്തിരിക്കുന്ന മിസ്റ്ററിയുടെ അംശം സിനിമയ്ക്ക് അപ്രവചനീയതയുടെ സൗന്ദര്യമേകുന്നു. അത് തന്നെയാണ് ഈ സിനിമയുടെ വിജയ രഹസ്യവും.
        ഈ സിനിമയെ ഒരു ടെക്നിക്കൽ ബ്രില്യൻസ് എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. എല്ലാവർക്കും രസിക്കുന്ന സിനിമയല്ല ഫിഷ് ആൻഡ് ക്യാറ്റ് എന്നാണ് എന്റെ തോന്നൽ. മുഴുവൻ കണ്ടു തീർക്കാനുള്ള ക്ഷമയുണ്ടെങ്കിൽ, മികച്ച  ഒരു സിനിമാനുഭവം തന്നെയാകും ഫിഷ് ആൻഡ് ക്യാറ്റ്.


Monday 22 January 2018

I WON’T COME BACK (2014)



FILM : I WON’T COME BACK (2014)
GENRE : DRAMA
COUNTRY : RUSSIA !! ESTONIA !! KAZAKHSTAN
DIRECTORS : ILMAR RAAG, DMITRY SHELEG

            അനാഥത്വത്തിന്റെ നോവ് പ്രേക്ഷകനിലേക്ക് പടർത്തുന്ന മനോഹരമായ ഒരു ദൃശ്യാനുഭവം. സ്നേഹത്തിനായി കൊതിക്കുന്ന, സ്നേഹിക്കപ്പെടുകയെന്ന അമൂല്യതയെ ആശിക്കുന്ന ക്രിസ്റ്റീനയുടെ വിതുമ്പൽ പ്രേക്ഷകനെയും ഈറനണിയിക്കുന്നു. സ്നേഹത്തെ തിരിച്ചറിയാനാവാത്ത വിധം സ്നേഹശൂന്യമായ ഒരു ബാല്യത്തെയാണ് ANYA-യുടെ വാക്കും പ്രവർത്തിയും വിളിച്ചു പറയുന്നത്. I WON'T COME BACK എന്ന റഷ്യൻ സിനിമയെക്കുറിച്ചാണ് ഇത്രയും പറഞ്ഞത്. ഒരു റോഡ് മൂവിയുടെ രൂപത്തിൽ മനസ്സലിയിപ്പിക്കുന്ന സിനിമാനുഭവം നൽകാൻ ILMAR RAAG, DMITRY SHELEG എന്നീ സംവിധായകർക്കു സാധിച്ചിരിക്കുന്നു എന്നതിൽ സംശയമില്ല.
     പഠനത്തിൽ മികച്ചു നിൽക്കുന്ന ANYA-യിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. അവളുടെ മുഖത്ത് നിഴലിക്കുന്ന അസംതൃപ്തിയെ ചൂഷണം ചെയ്യുന്ന ചുറ്റുപാടിലൂടെയാണ് അവൾ കടന്നു പോകുന്നത്. നിർഭാഗ്യങ്ങളുടെ ക്രൂരമായ രംഗപ്രവേശനങ്ങൾ, നിലയുറപ്പിക്കാനാവാത്ത വിധത്തിൽ അവളെ പറിച്ചെറിയുകയാണ്. ഈ ഓട്ടത്തിനിടയിലെ ഇടത്താവളങ്ങളിലൊന്നിലാണ് ക്രിസ്റ്റീനയെ ANYA കണ്ടുമുട്ടുന്നത്. അനാഥത്വത്തിന്റെ ഐക്യപ്പെടലിൽ അവർക്കിടയിൽ തളിരിടുന്ന നിർമ്മലമായ സ്നേഹബന്ധത്തിന് സാക്ഷിയാകുവാനാണ് സിനിമ നമ്മെ ക്ഷണിക്കുന്നത്. ക്രിസ്റ്റീനയുടെ കേട്ടറിവുകളിലെ മുത്തശ്ശിയെ തേടി കസാഖ്സ്ഥാനിലേക്കു യാത്ര തുടങ്ങുന്ന ഇരുവരിലും കഥാപാത്രങ്ങളും, അവയുടെ വൈകാരികമായ സൂക്ഷ്മതലങ്ങളും ഭദ്രമായിരുന്നു. യാത്രയുടെ സൗന്ദര്യം എന്നതിലുപരി യാത്രികരെക്കുറിച്ചുള്ള ചിന്തകളാണ് ഈ സിനിമ പ്രേക്ഷകമനസ്സിന് കൂട്ടായി നൽകുന്നത്.
     സിനിമയിലെ  അവസാന രംഗങ്ങൾ മനോഹരമാകുന്നത് ഫ്രെയിമുകളുടെ സൗന്ദര്യം മൂലമല്ല, പ്രേക്ഷക ഹൃദയത്തിന്റെ മിടിപ്പുകൾക്കൊപ്പം സിനിമയുടെ ഹൃദയവും തുടിക്കുന്നത്തിലുള്ള ആനന്ദം മൂലമാണ്. 


Sunday 21 January 2018

EASTERN DRIFT (2010)



FILM : EASTERN DRIFT (2010)
GENRE : THRILLER !!! DRAMA
COUNTRY : LITHUANIA
DIRECTOR : SHARUNAS BARTAS

                         ലിത്വാനിയൻ സംവിധായകനായ ഷരുണാസ് ബാർത്താസിന്റെ ഒരു സിനിമ കാണാനുള്ള ആഗ്രഹത്തിലാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ EASTERN DRIFT എന്ന സിനിമ കാണാൻ തീരുമാനിച്ചത്. ത്രില്ലർ ഡ്രാമ എന്നു പറയാവുന്ന ഈ സിനിമ ഒരു ഡ്രഗ് ഡീലറുടെ കഥ പറയുന്നു. വ്യത്യസ്തമായ ദേശങ്ങളിൽ, അയാളുടെ ജീവിതത്തിന്റെ ഭാഗമാകാൻ കൊതിക്കുന്ന രണ്ടു കാമുകിമാരും കഥയുടെ ജീവനാഡിയാകുന്നു. കുറ്റകൃത്യങ്ങളുടെ ലോകത്ത് സ്വസ്ഥമായ ജീവിതം എന്നൊന്നില്ല. ഇവിടെയും നായകൻ തന്റെ ശത്രുക്കൾക്കു മുന്നേ ഓടുകയാണ്. സിനിമയുടെ ഉള്ളടക്കത്തിൽ പുതുമയില്ലെങ്കിലും സംവിധായകന്റെ ശൈലിയും, സിനിമയുടെ പശ്ചാത്തലവും സിനിമയ്ക്ക് പ്രത്യേകമായ ഒരു ഫ്ലേവർ നൽകുന്നു. സംവിധായകൻ തന്നെയാണ് പ്രധാന കഥാപാത്രമായി വരുന്നത്. വളരെ റഫ് ആയ കഥാപാത്രം പ്രേക്ഷകനുമായി ഇമോഷണലി കണക്ട് ചെയ്യേണ്ടയിടങ്ങളിൽ പാളിപ്പോവുന്നുണ്ട്. ബോധപൂർവ്വമായിരിക്കാമെങ്കിലും, രണ്ടു സ്ത്രീ കഥാപാത്രങ്ങളും വളരെ ദുർബലമായി തോന്നി. ഒരു GETAWAY മൂവിയുടെ സ്വഭാവം കാത്തുസൂക്ഷിക്കുന്ന സിനിമ ക്ളൈമാക്സിനെ സമീപിക്കുമ്പോഴും പ്രേക്ഷകനിൽ നിന്ന് അകലം പാലിച്ചു നിൽക്കുന്നു എന്നത് പോരായ്മയാണ്. എന്റെ പ്രതീക്ഷയ്‌ക്കൊപ്പം എത്തിയില്ലെങ്കിലും, എന്നിലെ പ്രേക്ഷകനെ രസിപ്പിച്ച ചില ഘടകങ്ങൾ സിനിമയിലുണ്ട്. അതുതന്നെയാണ് ഈ കുറിപ്പിടാനുള്ള കാരണവും.......


Friday 12 January 2018

EMPTIES (2007)



FILM : EMPTIES (2007)
COUNTRY : CZECH REPUBLIC
GENRE : COMEDY DRAMA
DIRECTOR : JAN SVERAK

                   മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാർ കരസ്ഥമാക്കിയിട്ടുള്ള KOLYA എന്ന ചെക്ക് സിനിമയുടെ സംവിധായകനും, നടനും ഒന്നിക്കുന്ന സിനിമ എന്നതായിരുന്നു ഈ സിനിമ കാണാനുള്ള പ്രേരണയും, പ്രതീക്ഷയും. സംവിധായകനായ മകനും, അഭിനേതാവും, തിരക്കഥാകൃത്തുമായ പിതാവും ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല എന്നു തന്നെ പറയാം. ജീവിതത്തിലെ ശൂന്യതകളെയും, കൊച്ചു സന്തോഷങ്ങളെയും ഓർമ്മിപ്പിക്കുന്ന ഹൃദയസ്പർശിയായ ഒരു സിനിമയാണ് EMPTIES.
       അധ്യാപന ജോലി മടുത്തതു കാരണം അത്  രാജിവെച്ച് സൂപ്പർമാർക്കറ്റിൽ ഒഴിഞ്ഞ ബോട്ടിലുകൾ ശേഖരിക്കുന്ന ജോലി ചെയ്യുകയാണ് ജോസഫ്. സൊസൈറ്റിയുമായി കൂടുതൽ കണക്ട് ചെയ്യുകയെന്നതാണ് ജോസഫ് ആഗ്രഹിക്കുന്നത്. മാറുന്ന ചെക്ക് സാമൂഹികാവസ്ഥകളെ ജോസഫിനൊപ്പം നമുക്കും കാണാനാവുന്നു. ജോസഫിന്റെ ചെയ്തികളിൽ സംശയവും, നീരസവും ഉള്ളയാളാണ് ഭാര്യ. വാർധക്യത്തിന്റെ വിരസതകൾക്ക് വഴങ്ങാതെ ഊർജ്ജസ്വലതയോടെ എന്തിനെയോ തേടുകയാണ് അയാൾ. യഥാർത്ഥത്തിൽ ജോസഫ് മാത്രമല്ല, ഈ സിനിമയിലെ കഥാപാത്രങ്ങളെല്ലാം തങ്ങൾക്കു ചുറ്റിലുമുള്ള ശൂന്യതകളെ നിറയ്ക്കാനുള്ള സ്നേഹത്തിന്റെ ഉറവയ്ക്കായുള്ള അന്വേഷണങ്ങളിലാണ്. നമ്മൾ പലപ്പോഴും തേടുന്നത് നമുക്കുള്ളിലോ, അരികിലോ ഉള്ളവ തന്നെയാണെന്ന യാഥാർത്യ ബോധത്തോടൊപ്പം ഒരു ചെറുപുഞ്ചിരി ചുണ്ടിലും, കുളിർമ്മ മനസ്സിലും ബാക്കിവെയ്ക്കുന്നു EMPTIES.


Tuesday 9 January 2018

PAPER DOVE (2003)



FILM : PAPER DOVE (2003)
GENRE : DRAMA
COUNTRY : PERU
DIRECTOR : FABRIZIO AGUILAR
               കൂടണയാൻ പറക്കുന്ന പക്ഷിയെപ്പോലെ ജുവാൻ മടങ്ങുകയാണ്. ഇരുമ്പഴികൾക്കുള്ളിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ തുറസ്സിലേക്ക് അഴിച്ചു വിട്ട അയാളുടെ മനസ്സ് ഭൂതകാലത്തിലേക്ക് സഞ്ചരിക്കുമ്പോൾ പെറുവിന്റെ ഗ്രാമീണതയിൽ ഉല്ലസിക്കുന്ന ജുവാൻ എന്ന ബാലനെ നമുക്ക് കാണാം. പാച്ചോയ്ക്കും, റോസീറ്റയ്ക്കുമൊപ്പം കുസൃതി നിറഞ്ഞ ബാല്യത്തിലൂടെ കടന്നുപോകുന്ന അവന്റെ ജീവിതം കീഴ്മേൽ മറിയുന്നത് നാടിനെ പ്രക്ഷുബ്ധമാക്കിയ ആഭ്യന്തര സംഘർഷങ്ങൾ കാരണമാണ്. സായുധ വിപ്ലവത്തിന്റെ പ്രത്യയശാസ്ത്രങ്ങൾ മരണം വിതച്ചു കൊണ്ട് താഴ്വരയെ ഭീതി നിറഞ്ഞ നിശബ്ദതയ്ക്കു വിട്ടുകൊടുക്കുന്നു. ലക്ഷ്യങ്ങളെ മുൻനിർത്തി ഒരുക്കുന്ന ഐഡിയോളജികളെ ഇളംമനസ്സുകളിലേക്ക് സന്നിവേശിപ്പിക്കാനുള്ള തീവ്രവാദി നേതാവിന്റെ ശ്രമം ഒരു സൂചകമായിരുന്നു. ഭരണകൂടവും, തീവ്രവാദികളും രക്തക്കളങ്ങൾ തീർക്കുമ്പോൾ ജനങ്ങൾ നിസ്സഹായതയുടെ അടയാളങ്ങളായി അവശേഷിക്കുന്നു. പല ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതകളെ ഓർമ്മിപ്പിക്കുന്നു ഈ സിനിമ. ബൗദ്ധിക ചിന്തകളിൽ ഉദിച്ച ആശയ സംഹിതകൾ ജീവിതത്തോടും, സ്നേഹത്തോടും ചേർന്നുനിന്നാൽ മാത്രമേ മാനവികതയ്ക്കു തണലൊരുങ്ങുകയുള്ളൂ എന്ന സിനിമയുടെ നിലപാട്, രക്തരൂക്ഷിതമായ മാർഗ്ഗങ്ങളുടെ എതിർ ചേരിയിൽ നിൽക്കുന്നു എന്ന പ്രഖ്യാപനമാണ്. 

Monday 1 January 2018

THE THIRD HALF (2012)


FILM : THE THIRD HALF (2012)
GENRE : HISTORY !!! DRAMA
COUNTRY : MACEDONIA
DIRECTOR : DARKO MITREVSKI
                ഈ പുതുവർഷ ദിനത്തിൽ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത് ഒരു മാസിഡോണിയൻ സിനിമയാണ്. ചരിത്രം, ഫുട്ബാൾ, പ്രണയം എന്നിങ്ങനെ ഈ സിനിമയുടെ ഉള്ളടക്കത്തെ  ചുരുക്കി പറയാം . പറഞ്ഞു വരുന്നത് 2012-ൽ ഇറങ്ങിയ THE THIRD HALF  എന്ന സിനിമയെക്കുറിച്ചാണ്. NETA KOEN എന്ന സ്ത്രീയുടെ ജീവിതത്തിലെ ചില സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു നിർമ്മിച്ച സിനിമയാണ് ഇത്. രണ്ടാം ലോകമഹായുദ്ധവും, നാസികളുടെ വംശ ശുദ്ധീകരണ അജണ്ടകളും, ജൂതവേട്ടകളും എണ്ണിയാൽ ഒടുങ്ങാത്തത്ര സിനിമകൾക്ക് വിഷയമായിട്ടുണ്ട്. ഇതും, ആ കൂട്ടത്തിലേക്ക് ചേർത്ത് വെയ്ക്കാവുന്ന ഒരു സിനിമയാണ് . മാസിഡോണിയൻ ഫുട്ബാൾ ക്ലബിലെ  പ്രധാന കളിക്കാരനെ പ്രണയിക്കുന്ന സുന്ദരിയും, സമ്പന്നയുമായ ജൂത യുവതി, ജർമ്മൻ കോച്ചിന്റെ പരിശീലനത്തിൽ തുടർ പരാജയങ്ങളിൽ നിന്ന് വിജയ തുടർച്ചകളിലേക്കും, പ്രശസ്തിയിലേക്കും കുതിക്കുന്ന ക്ലബ്ബും, കളിക്കാരും. നാസികളുടെ കൂട്ടാളികളായ ബൾഗേറിയൻ പട്ടാളത്തിന്റെ വംശീയത തുളുമ്പി നിൽക്കുന്ന ക്രൂരതകൾ. അതിജീവനത്തിന്റെ സാധ്യതകളെ ഭീതിയോടെ ഏതുവിധേനയും ആശ്ലേഷിക്കാൻ തയ്യാറുള്ള മനുഷ്യർ. സിനിമയെക്കുറിച്ചുള്ള സൂചനകളാണ് ഇത്രയും കുറിച്ചത്. അവയെ കൂട്ടിയോജിപ്പിക്കാൻ ഒന്നേമുക്കാൽ മണിക്കൂർ നീണ്ടുനിൽക്കുന്ന സിനിമാക്കാഴ്ചയെ നിങ്ങൾ ആശ്രയിക്കേണ്ടതായുണ്ട്.
         അധികം പറഞ്ഞു കേട്ടിട്ടില്ലാത്ത ചരിത്രങ്ങളും, കേൾക്കാതെ പോയ രോദനങ്ങളും കാലങ്ങൾക്കിപ്പുറവും സിനിമകളിലൂടെ നമുക്ക് അറിയാനാവുന്നു. മനസ്സു മരവിപ്പിക്കുന്ന അത്തരം കാഴ്ചകൾ  ഇന്നലെകളിലെ യാഥാർഥ്യങ്ങളാണെന്ന ബോധ്യമാണ് ഉള്ളുലയ്ക്കുന്നത്. സിനിമാന്ത്യത്തിൽ റെബേക്ക "പിതാവിനോട്" പറയുന്ന വാക്കുകൾ ഹൃദയത്തെ നോവിക്കുക തന്നെ ചെയ്യും. അതിജീവനത്തിന്റെ മധുരം നുണയാനാവാതെ, നഷ്ടങ്ങളുടെ കയ്പുമായ് ജീവിക്കുന്നവരെ ഓർമ്മിപ്പിക്കുന്നു ദി തേർഡ് ഹാഫ്.