Tuesday 22 December 2020

BLIZZARD OF SOULS AKA THE RIFLEMAN (2019)

 

FILM : BLIZZARD OF SOULS AKA THE RIFLEMAN (2019)

COUNTRY : LATVIA

GENRE : HISTORY !! WAR !! DRAMA

DIRECTOR : DZINTARS DREIBERGS

    

        വിജയ പരാജയങ്ങളുടെ മുകളിൽ നഷ്ടങ്ങളുടെയും, വേദനകളുടെയും ആർത്തനാദങ്ങൾ മുഴങ്ങിക്കേൾക്കുന്നവയാണ് ഓരോ യുദ്ധമുഖങ്ങളും. കുരുതിനിലങ്ങളിൽ മൃഗചോദനയുടെ തേറ്റകളുന്തി രക്തം തേടിയിറങ്ങുന്ന കൂട്ടങ്ങളിൽ ബാക്കിയാകുന്നവർക്ക് പറയാനാവുന്ന കഥകളാണ് പലപ്പോഴും ചരിത്രം. തകർച്ചകളും, രൂപീകരണങ്ങളും ചരിത്രത്താളുകളിൽ തെളിഞ്ഞു നിൽക്കുന്നത് അനവധി മനുഷ്യരക്തം ഒഴുക്കിയാണെന്ന ഓർമ്മപ്പെടുത്തലാണ് ഓരോ യുദ്ധസിനിമയും ആവർത്തിക്കുന്നത്.

        ഒന്നാം ലോകമഹായുദ്ധത്തിന്റെയും , ലാത്‌വിയൻ സ്വാതന്ത്ര്യത്തിന്റെയും പശ്ചാത്തലത്തിൽ ഒരു യുവസൈനികന്റെ വീക്ഷണ കോണിലൂടെ യുദ്ധത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ദി റൈഫിൾമാൻ. അമ്മയെ നഷ്ടപ്പെട്ടതിന് പ്രതികാരം ചെയ്യാൻ എന്ന കാരണത്താൽ സൈന്യത്തിൽ ചേരുന്ന പതിനേഴുകാരനായ ARTURS-നു നഷ്ടങ്ങളുടെയും, തിരിച്ചറിവിന്റെയും ദിനങ്ങളാണ് എതിരിടേണ്ടി വരുന്നത്. മരണഗന്ധം മാത്രം നിറഞ്ഞു നിൽക്കുന്ന യുദ്ധക്കളങ്ങളിൽ ലക്ഷ്യം കാണാതെ മുന്നേറുന്ന സൈനികരുടെ പ്രതീക്ഷയറ്റ മുഖങ്ങളിൽ നിഴലിക്കുന്ന ഭീതി എല്ലായിടത്തും, എല്ലാകാലത്തും കണ്ടുമുട്ടാവുന്നത് തന്നെയാവണം. അനിശ്ചിതത്വങ്ങളും , ആകസ്മികതകളും നടമാടുന്ന യുദ്ധങ്ങൾ എത്രമാത്രം ക്രൂരമാണെന്ന് ഒരിക്കൽക്കൂടി ചൂണ്ടിക്കാണിക്കുന്നു ദി റൈഫിൾമാൻ.

        മനുഷ്യൻ നടന്നു തീർത്ത യുദ്ധക്കളങ്ങളെ ചരിത്രത്തിന്റെ വീഥികളിൽ കണ്ടുമുട്ടുമ്പോൾ ഒരു നെടുവീർപ്പാണ് ബാക്കിയാവുന്നത് . ഇന്നും ആ വഴികൾ അവസാനിച്ചിട്ടില്ലെന്ന തിരിച്ചറിവ് പകരുന്ന വേദനയാണ് നെടുവീർപ്പിന്‌ കൂട്ടാവുന്നത്........

Saturday 12 December 2020

TOUKI BOUKI (1973)

 FILM : TOUKI BOUKI (1973)

COUNTRY : SENEGAL

GENRE : DRAMA

DIRECTOR :DJIBRIL DIOP MAMBETY

          

           ആഫ്രിക്കൻ സിനിമയിലെ ക്ലാസ്സിക്കുകളിലൊന്നായി പരിഗണിക്കപ്പടുന്ന സിനിമയാണ് TOUKI BOUKI. യൂറോപ്പിലേക്ക് കുടിയേറാൻ കൊതിക്കുന്ന ആഫ്രിക്കൻ യുവത്വത്തിന്റെ പ്രതീകമായി സ്‌ക്രീനിൽ കണ്ടുമുട്ടുന്ന പ്രണയബദ്ധരായ മോറിയും , അന്റായുമാണ് പ്രധാനകഥാപാത്രങ്ങൾ. കാലികളെ മേച്ചു നടക്കുന്ന മോറിയും , യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ അന്റായും പാരീസിലേക്ക് കപ്പൽ കയറാനുള്ള പണം കണ്ടെത്താൻ ശ്രമിക്കുകയാണ്. അവരുടെ ശ്രമങ്ങൾ പ്രേക്ഷകന് നൽകുന്നത് ആഫ്രിക്കയുടെ സാംസ്‌കാരിക പരിസരങ്ങളെ അടുത്തറിയാനുള്ള അവസരം കൂടിയാണ്. അവതരണത്തിലെ വ്യത്യസ്തതയെ കൂടാതെ പ്രമേയങ്ങളിലും പ്രതീകങ്ങളിലൂടെ സിനിമ പുതിയ തലങ്ങളിലേക്ക് ഉയർന്നു നിൽക്കുന്നു. ലൈംഗികത, ദാരിദ്ര്യം, രാഷ്ട്രീയ നിലപാടുകൾ, ഐഡന്റിറ്റി എന്നിങ്ങനെ പല വിഷയങ്ങളെ അതിന്റെ വൈരുദ്ധ്യങ്ങളോടെ തന്നെ അവതരിപ്പിച്ച് പല ദിശകളിലേക്ക് പ്രേക്ഷകചിന്തയെ നയിക്കുന്നു TOUKI BOUKI.

        ശക്തമായ പ്രതീകങ്ങളും, സൂക്ഷ്മമായി ശ്രവിക്കേണ്ട സംഭാഷണങ്ങളും, വായിച്ചെടുക്കേണ്ട ദൃശ്യങ്ങളും , ആഫ്രിക്കയുടെ ആത്മാവിനെ ദർശിക്കാവുന്ന കാഴ്ചകളും സമ്മേളിക്കുന്ന വേറിട്ട ദൃശ്യാനുഭവം തന്നെയാകുന്നു TOUKI BOUKI. അവതരണത്തിൽ വേറിട്ട് നിൽക്കുന്ന ഈ സിനിമയിലെ ചില ദൃശ്യങ്ങളിലുള്ള വയലൻസ് എല്ലാവർക്കും ഉൾക്കൊള്ളാനാവുമോ എന്ന സന്ദേഹത്തോടെ തന്നെ പറയട്ടെ, ആഫ്രിക്കൻ സിനിമകൾ ഇഷ്ട്പ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് TOUKI BOUKI.

Thursday 10 December 2020

THERE IS NO EVIL (2020)

 FILM : THERE IS NO EVIL (2020)

COUNTRY : IRAN

GENRE : DRAMA

DIRECTOR : MOHAMMAD RASOULOF

      വ്യവസ്ഥിതിയുടെ കാർക്കശ്യങ്ങളെ, നിയമങ്ങളാൽ തീർക്കുന്ന അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകളെയെല്ലാം തന്റെ സിനിമകളിൽ ശക്തമായി അഡ്രസ്സ് ചെയ്തിട്ടുള്ള സംവിധായകനാണ് RASOULOF. ഭരണകൂടവും, അതിന്റെ മുഷ്ടിയിലമർന്ന സമൂഹവും ബാക്കിയാക്കുന്ന അസ്വസ്ഥജനകങ്ങളായ സാഹചര്യങ്ങളെയാണ് അദ്ദേഹത്തിന്റെ സിനിമകാൾ പ്രേക്ഷകന് മുന്നിൽ നിവർത്താറുള്ളത്. THERE IS NO EVIL (2020) എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയും സ്വേച്ഛാധിപത്യത്തിന്റെ നിഴൽ പതിഞ്ഞ നിയമങ്ങളുടെ ചട്ടക്കൂടുകൾ ഒരുക്കുന്ന സങ്കീർണ്ണമായ അവസ്ഥകളിൽ ജീവിതത്തിന്റെ വർണ്ണിമ നഷ്ട്മായ ജീവിതങ്ങളെയാണ് കാണിച്ചു തരുന്നത്.

    വ്യത്യസ്തങ്ങളായ നാല്‌ സാഹചര്യങ്ങളിലുള്ള കഥകളായിട്ടാണ് സിനിമ അവതരിപ്പിച്ചിട്ടുള്ളത്. നാലു കഥകളെയും കണക്റ്റ് ചെയ്യുന്ന എലമെന്റായി വർത്തിക്കുന്നത് "ക്യാപിറ്റൽ പണിഷ്‌മെന്റ് " എന്ന കാര്യമാണ്. അധികാരത്തിന്റെ താൽപര്യങ്ങളിൽ നീതി/അനീതി , അപരാധി/നിരപരാധി എന്നിങ്ങനെയുള്ള തീർപ്പുകൾ നിർണ്ണയിക്കപ്പെടുന്ന രാഷ്ട്രീയവും സാമൂഹികവുമായ പാശ്ചാത്തലത്തെ മുൻനിർത്തി "വധശിക്ഷ നടപ്പാക്കൽ " എന്നതുമായി നിർഭാഗ്യവശാൽ/ നിർബന്ധിതമായി കണ്ണിചേരാൻ വിധിക്കപ്പെട്ടവരുടെ മാനസിക സംഘർഷങ്ങളും അത് അവരുടെ ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്നും വ്യക്തമാക്കുന്നു സിനിമ.

    ഭയത്താൽ പുറത്തേക്ക് തെറിക്കാൻ മടിക്കുന്ന പലരുടെയും ശബ്ദങ്ങളെയാണ് സംവിധായകൻ ദൃശ്യങ്ങളാൽ പ്രേക്ഷകനെ കേൾപ്പിക്കുന്നത്. 2020 ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുള്ള "ഗോൾഡൻ ബെയർ" പുരസ്‌കാരം നേടിയ ഈ സിനിമ "മസ്റ്റ് വാച്ച് " ആണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ......

      

Tuesday 8 December 2020

THE DISCIPLE (2020)

 

FILM : THE DISCIPLE (2020)

GENRE : DRAMA !! MUSIC

COUNTRY : INDIA !! MARATHI

DIRECTOR : CHITANYA TAMHANE

        ചൈതന്യയുടെ "കോർട്ട്" വളരെയധികം ഇഷ്ടമായ ഒരു സിനിമയായിരുന്നു. ആ മുന്നനുഭവവും പുതിയ സിനിമയെക്കുറിച്ചു പറഞ്ഞുകേട്ട നല്ലവാക്കുകളും THE DISCIPLE നെ കുറിച്ചുള്ള എന്റെ പ്രതീക്ഷകളെ ഉയർത്തിയിരുന്നു. ആ പ്രതീക്ഷകളെ തൃപ്തിപെടുത്തുന്ന കാഴ്ചാനുഭവം തന്നെയാകുന്നു THE DISCIPLE.

    ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്ന ശരദ് നെറോൾക്കർ എന്ന വിദ്യാർത്ഥിയുടെ സംഗീതയാത്രയാണ് സിനിമയിലെ ഒരു വശം. അതിനൊപ്പം സിനിമ അതിന്റെ മുന്നോട്ടുള്ള ഗമനത്തിൽ സ്പർശിക്കുന്ന പല യാഥാർഥ്യങ്ങളുമുണ്ട്. ശുദ്ധമായ ക്ലാസ്സിക്കൽ സംഗീതത്തെ മാത്രം ഉപാസിച്ചു നീങ്ങുന്ന ശരദ് എന്ന വിദ്യാർത്ഥിയുടെ സംഗീതത്തിനൊപ്പം മാത്രമല്ല പ്രേക്ഷകനും നീങ്ങുന്നത്. അയാളുടെ മനസ്സിനൊപ്പവും, അയാളിലെ ആർട്ടിസ്റ്റിന്റെ ഫ്രസ്‌ട്രേഷനുകൾക്കൊപ്പവും കൂടിയാണ്. യഥാർത്ഥ സംഗീതം, മാറുന്ന കാലത്തിന്റെ ചടുലതകളിൽ നിലയുറപ്പിക്കാനാവാതെ പിന്തള്ളപ്പെടുന്ന ശരികേടിനെ അയാളുടെ ആകുലതകളിലും , സിനിമയിലെ ദൃശ്യങ്ങളിലും പ്രേക്ഷകന് കാണാനാവുന്നു. അയാളുടെ ഗുരുവിന്റെ ജീവിതം മുന്നിൽ തെളിഞ്ഞു നിൽക്കുമ്പോഴും, അയാളിലെ ശിഷ്യന്റെ ലക്ഷ്യം പുനർ നിർണയത്തിന് വശംവദമാകുന്നില്ല. എങ്കിലും, അച്ഛൻ പകർന്നു നൽകിയ സംഗീതാഭിനിവേശം അയാളിൽ നിന്നും കവർന്നെടുത്ത വാഞ്ചകളെ അയാളുടെ ധർമ്മസങ്കടങ്ങളുടെ തുടർച്ചകളായി സ്‌ക്രീനിൽ അങ്ങിങ്ങായി കണ്ടുമുട്ടാനാവുന്നു.

    പ്രധാന കഥാപാത്രത്തിന്റെ ജീവിതത്തെ മൂന്നു ഘട്ടങ്ങളായി അവതരിപ്പിച്ചാണ് സിനിമ പ്രേക്ഷകനോട് സംവദിക്കുന്നത്. ഓരോ ഘട്ടവും ഒരുപോലെ സ്‌ക്രീൻ സ്‌പേസ് കയ്യാളുന്നില്ലെങ്കിലും വ്യതിരിക്തമായി അയാളിലെ വ്യക്തിത്വത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നുണ്ട്. ഓരോ ഘട്ടത്തിലും അയാളിലെ സംഗീതവും, വ്യക്തിത്വവും അയാളോട് തന്നെ സംഘർഷത്തിലേർപ്പെടുന്നുമുണ്ട്. സമൂഹത്തിന്റെയും സംഗീതത്തിന്റെയും, മാറ്റങ്ങൾ, കാഴ്ചപ്പാടുകൾ, ചലനാത്മകത എന്നിവയ്ക്കിടയിൽ സ്വയം കണ്ടെത്താൻ ശ്രമിക്കുന്ന അയാൾ സ്വാഭാവിക യാഥാർത്യമാണെന്നു പ്രേക്ഷകന് നിസ്സംശയം അനുഭവപ്പെടുന്നത് തന്നെയാണ് സിനിമയുടെ വിജയം.

    ഹിന്ദുസ്ഥാനി സംഗീതം നിറഞ്ഞു നില്‍ക്കുന്ന ഈ സിനിമയിലെ അഭിനേതാക്കളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അവതരണം വളരെ മികച്ചു നിൽക്കുന്ന ഒരു ക്യാരക്റ്റർ സ്റ്റഡിയെന്നു ഈ സിനിമയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.