FILM : THE DISCIPLE (2020)
GENRE : DRAMA !! MUSIC
COUNTRY : INDIA !! MARATHI
DIRECTOR : CHITANYA TAMHANE
ചൈതന്യയുടെ "കോർട്ട്" വളരെയധികം ഇഷ്ടമായ ഒരു സിനിമയായിരുന്നു. ആ മുന്നനുഭവവും പുതിയ സിനിമയെക്കുറിച്ചു പറഞ്ഞുകേട്ട നല്ലവാക്കുകളും THE DISCIPLE നെ കുറിച്ചുള്ള എന്റെ പ്രതീക്ഷകളെ ഉയർത്തിയിരുന്നു. ആ പ്രതീക്ഷകളെ തൃപ്തിപെടുത്തുന്ന കാഴ്ചാനുഭവം തന്നെയാകുന്നു THE DISCIPLE.
ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്ന ശരദ് നെറോൾക്കർ എന്ന വിദ്യാർത്ഥിയുടെ സംഗീതയാത്രയാണ് സിനിമയിലെ ഒരു വശം. അതിനൊപ്പം സിനിമ അതിന്റെ മുന്നോട്ടുള്ള ഗമനത്തിൽ സ്പർശിക്കുന്ന പല യാഥാർഥ്യങ്ങളുമുണ്ട്. ശുദ്ധമായ ക്ലാസ്സിക്കൽ സംഗീതത്തെ മാത്രം ഉപാസിച്ചു നീങ്ങുന്ന ശരദ് എന്ന വിദ്യാർത്ഥിയുടെ സംഗീതത്തിനൊപ്പം മാത്രമല്ല പ്രേക്ഷകനും നീങ്ങുന്നത്. അയാളുടെ മനസ്സിനൊപ്പവും, അയാളിലെ ആർട്ടിസ്റ്റിന്റെ ഫ്രസ്‌ട്രേഷനുകൾക്കൊപ്പവും കൂടിയാണ്. യഥാർത്ഥ സംഗീതം, മാറുന്ന കാലത്തിന്റെ ചടുലതകളിൽ നിലയുറപ്പിക്കാനാവാതെ പിന്തള്ളപ്പെടുന്ന ശരികേടിനെ അയാളുടെ ആകുലതകളിലും , സിനിമയിലെ ദൃശ്യങ്ങളിലും പ്രേക്ഷകന് കാണാനാവുന്നു. അയാളുടെ ഗുരുവിന്റെ ജീവിതം മുന്നിൽ തെളിഞ്ഞു നിൽക്കുമ്പോഴും, അയാളിലെ ശിഷ്യന്റെ ലക്ഷ്യം പുനർ നിർണയത്തിന് വശംവദമാകുന്നില്ല. എങ്കിലും, അച്ഛൻ പകർന്നു നൽകിയ സംഗീതാഭിനിവേശം അയാളിൽ നിന്നും കവർന്നെടുത്ത വാഞ്ചകളെ അയാളുടെ ധർമ്മസങ്കടങ്ങളുടെ തുടർച്ചകളായി സ്‌ക്രീനിൽ അങ്ങിങ്ങായി കണ്ടുമുട്ടാനാവുന്നു.
പ്രധാന കഥാപാത്രത്തിന്റെ ജീവിതത്തെ മൂന്നു ഘട്ടങ്ങളായി അവതരിപ്പിച്ചാണ് സിനിമ പ്രേക്ഷകനോട് സംവദിക്കുന്നത്. ഓരോ ഘട്ടവും ഒരുപോലെ സ്‌ക്രീൻ സ്‌പേസ് കയ്യാളുന്നില്ലെങ്കിലും വ്യതിരിക്തമായി അയാളിലെ വ്യക്തിത്വത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നുണ്ട്. ഓരോ ഘട്ടത്തിലും അയാളിലെ സംഗീതവും, വ്യക്തിത്വവും അയാളോട് തന്നെ സംഘർഷത്തിലേർപ്പെടുന്നുമുണ്ട്. സമൂഹത്തിന്റെയും സംഗീതത്തിന്റെയും, മാറ്റങ്ങൾ, കാഴ്ചപ്പാടുകൾ, ചലനാത്മകത എന്നിവയ്ക്കിടയിൽ സ്വയം കണ്ടെത്താൻ ശ്രമിക്കുന്ന അയാൾ സ്വാഭാവിക യാഥാർത്യമാണെന്നു പ്രേക്ഷകന് നിസ്സംശയം അനുഭവപ്പെടുന്നത് തന്നെയാണ് സിനിമയുടെ വിജയം.
ഹിന്ദുസ്ഥാനി സംഗീതം നിറഞ്ഞു നില്‍ക്കുന്ന ഈ സിനിമയിലെ അഭിനേതാക്കളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അവതരണം വളരെ മികച്ചു നിൽക്കുന്ന ഒരു ക്യാരക്റ്റർ സ്റ്റഡിയെന്നു ഈ സിനിമയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.
No comments:
Post a Comment