Friday 30 May 2014

AUTUMN BALL (2007)



FILM  : AUTUMN BALL (2007)
COUNTRY : ESTONIA
DIRECTOR : VEIKO OUNPPU
GENRE  : DRAMA
                   
                      ഏകാന്തത , നിരാശ, പ്രതീക്ഷകൾ , സ്നേഹരാഹിത്യം എന്നീ മനുഷ്യാവസ്ഥകളുടെ  സമ്മിശ്രമോ , ഒറ്റപ്പെട്ടതോ ആയ ചിത്രീകരണമാണ് ഈ സിനിമ കാഴ്ചവെക്കുന്നത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ ഈ അവസ്ഥകളെ നമുക്കായി ചികഞ്ഞിടുകയാണ് സംവിധായകൻ. സിനിമാ ഭൂപടത്തിൽ ESTONIA എന്ന രാജ്യത്തെ അടയാളപ്പെടുത്തിയ മികച്ച സിനിമകളിൽ ഒന്നാണ് VEIKO OUNPPU  സംവിധാനം ചെയ്ത ഡ്രാമ വിഭാഗത്തിൽ പെടുന്ന AUTUMN BALL.
              പല കാരണങ്ങളാൽ ഏകാന്ത ജീവിതങ്ങൾ നയിക്കാൻ വിധിക്കപ്പെട്ട കഥാപാത്രങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. അപ്പാർട്ട്മെന്റിലെ സംഭാഷണ വിരളമായ ദൃശ്യങ്ങൾ ഏകാന്തതയുടെ കനപ്പെട്ട സാന്നിധ്യം വിളിച്ചറിയിക്കുന്നു. ഭാര്യ ഉപേക്ഷിച്ചു പോയതോടെ ഏകാന്തതയുടെ മടിതട്ടിലെയ്ക്ക് എറിയപ്പെട്ട എഴുത്തുകാരനായ MATI സിനിമയിലുടനീളം നഷ്ട പ്രണയത്തിന്റെ നീറ്റലുകൾ ശമിപ്പിക്കാനും , ഏകാന്തതയെ നിരാകരിക്കാനുമുള്ള പരിശ്രമങ്ങളിലാണ്. ARCHITECT  ആയ MAURER സ്വച്ഛ ജീവിതം കാംക്ഷിക്കുമ്പോഴും ദാമ്പത്യത്തിലെ സ്വര ചേർച്ചയില്ലായ്മ സൃഷ്ടിക്കുന്ന അസ്വസ്ഥകളെ പൊട്ടിച്ചെറിയാൻ ശ്രമിക്കുന്നയാളാണ്. ഏകാന്തതയും , സ്നേഹരാഹിത്യവും , നിരാശയും സൃഷ്ടിക്കുന്ന ജീവിതങ്ങളുടെ ഇരയും, ഗുണഭോക്താവുമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന THEO (HOTEL DOORMAN) ശരീര ഇച്ഛകളുടെ  കണക്കെടുപ്പുകൾക്കപ്പുറത്തെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നേയുള്ളൂ. "കാസ്കി " എന്ന  ബാർബറുടെ വൃദ്ധമായ ശരീരത്തിലെ കുഞ്ഞുമനസ്സ് സഹ മനസ്സുകളെ തേടുകയാണ്. ഏകാന്തതയെ അയാൾ തള്ളിനീക്കുന്നത് "തല കുത്തിമറിയുന്ന കുരങ്ങൻ കളിപ്പാട്ട വുമായാണ്" എന്നത് ഈ ചിന്തയ്ക്ക് ബലം നൽകുന്നു.
            ഈ   പുരുഷ കേസരികളെ പോലെ   MAURER ന്റെ ഭാര്യയും (ULVI) , കുടിയനായ ഭർത്താവിനെ ഉപേക്ഷിച്ച് മകൾക്കൊപ്പം കഴിയുന്ന LAURA യും സിനിമ ചർച്ചയ്ക്കു വിധേയമാക്കുന്ന അവസ്ഥകളുടെ  ഇരകൾ തന്നെയാണ്. അവരുടെ ഏകാന്തതയിൽ വേരൂന്നിപ്പടർന്നിട്ടുള്ള സ്നേഹരാഹിത്യത്തിന്റെ ശാഖകളിലേയ്ക്കു ഇത്തിൾകണ്ണികളെപ്പോലെ വലിഞ്ഞു കയറാനുള്ള "പുരുഷ" ശ്രമങ്ങൾ പ്രാദേശികതയ്ക്കപ്പുറം , പ്രമേയത്തിന്റെ സാർവ്വ ദേശീയമാനങ്ങളെ ധ്വനിപ്പിക്കുന്നു.
          നിറം കുറഞ്ഞ ജീവിത അനുഭവങ്ങളും , സ്നേഹത്തിന്റെ അഭാവവും സൃഷ്ട്ടിച്ച മാനസിക ബോധം തന്നെയാണ്, "കാസ്കി" മകൾക്ക് നേരെ നീട്ടുന്ന SWEETS തട്ടിമാറ്റി "PERVERT" എന്ന അക്രോശങ്ങളിലേയ്ക്ക് LAURA  യെ നയിച്ചത്. "PERVERT" എന്നതിന്റെ വാക്യാർത്ഥങ്ങളിലെയ്ക്ക് ശ്രദ്ധക്ഷണിക്കുന്ന കുഞ്ഞു കണ്ണുകൾക്ക്‌ അവൾ മറുപടി നൽകുന്നത് പുഞ്ചിരിയിലൂടെയാണ്. ഈ പുഞ്ചിരിയുടെ പ്രകമ്പനം നമ്മളറിയുന്നത്  കട്ടിലിൽ കിടന്ന് ശിശുസമാനമായി ചിരിക്കുന്ന കാസ്കിയിലാണ്. ഈ രംഗങ്ങൾക്കിടയിൽ ഭീതിതമായ മുഖവുമായി KINDERGARTEN നിൽ വാവിട്ടു കരയുന്ന LAURA യുടെ അടുത്തേയ്ക്ക് പതിയെ "കുരങ്ങൻ കളിപ്പാട്ടവുമായി" നടന്നടുക്കുന്ന മകളെയാണ് നമുക്ക് കാണാനാവുക.
               ഏകാന്തതയെ പ്രണയിക്കുന്നവരല്ല  ഈ സിനിമയിലെ ഒരു കഥാപാത്രവും , സന്തോഷങ്ങളുടെ ലോകത്തേയ്ക്ക് സ്വയം വിമോചിതരാകാനുള്ള അടങ്ങാത്ത ആഗ്രഹം എല്ലാവരിലും നിഴലിക്കുന്നുണ്ട്. സിനിമയുടെ പ്രയാണത്തിൽ പലർക്കും പലതും സംഭവിക്കുന്നുണ്ടെങ്കിലും സ്നേഹത്തിന്റെ, സന്തോഷത്തിന്റെ തണലിനായുള്ള പ്രതീക്ഷാനിർഭരമായ ശ്രമങ്ങളിൽ തന്നെയാണവർ. MATI  എന്ന എഴുത്തുകാരനിൽ തുടങ്ങി അയാളിൽ തന്നെ അവസാനിക്കുന്ന ഈ സിനിമയിലെ ഇതര കഥപാത്രങ്ങളുടെ ജീവിതങ്ങളെ  വ്യാഖ്യാനിക്കാവുന്ന VISUAL STATEMENTS അവശേഷിപ്പിക്കുവാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
                             ജീവിതത്തിലെ വിചിത്രവും, വൈവിധ്യവുമായ ഇത്തരം അവസ്ഥകൾ  അവരെ നയിക്കുന്ന തീരങ്ങളിലേയ്ക്ക്‌ മനസ്സുമായി അനുഗമിക്കാൻ നമുക്ക് കഴിയും വിധത്തിൽ ശക്തമായ അവതരണം സിനിമ കാഴ്ചവെയ്ക്കുന്നു. നമുക്കിടയിൽ ഏകാന്തതയുടെ വിത്തുകൾ പാകി മുളപ്പിക്കുന്ന വ്യത്യസ്ത സാഹചര്യങ്ങളെ കലാപരമായി സമ്മേളിപ്പിച്ച് ഉത്കൃഷ്ടമായ ദൃശ്യാനുഭവം സാധ്യമാക്കിയ ഈ സിനിമ ഡ്രാമ സ്നേഹികളെ നിരാശപ്പെടുത്തില്ല എന്ന ഉറപ്പോടെ നിർത്തുന്നു.

Thursday 29 May 2014

THE CLOWN (2011)



FILM  : THE CLOWN (2011)
COUNTRY  : BRAZIL
DIRECTOR  : SELTON MELLO
GENRE  : COMEDY-DRAMA

     കോമഡി-ഡ്രാമ വിഭാഗത്തിൽ പെട്ട ബ്രസീലിയൻ സിനിമയായ THE CLOWN (2011), സിനിമയുടെ പേര് പോലെ തന്നെ ഒരു കോമാളിയുടെ കഥ പറയുന്നു. ബ്രസീലിയൻ ഗ്രാമീണതയുടെ പച്ചപ്പ്‌ നിറഞ്ഞ പ്രകൃതി രമണീയതയെ വളരെ മികച്ച രീതിയിൽ ക്യാമറക്കണ്ണൂകളിൽ ഒപ്പിയെടുത്ത ഈ സിനിമ , പഴയ കാലത്തെ  സർക്കസ് കൂടാരങ്ങളിലൊന്നിലെ കോമാളിയുടെ ആത്മനൊമ്പരങ്ങളുടെ ദൃശ്യ വിരുന്നൊരുക്കുന്നു.
              സർക്കസ് മുതലാളിയായ വ്ലാഡിമിർ , മകൻ ബെഞ്ചമിൻ എന്നിവർ   തന്നെയാണ് സർക്കസിലെ പ്രധാനികൾ. ഓരോ സ്ഥലത്തെയും സാഹചര്യങ്ങളെയും , വ്യക്തികളെയും കുറിച്ചറിഞ്ഞ്  ഇൻസ്റ്റന്റ് കോമഡികളിലൂടെയാണവർ രംഗം പൊലിപ്പിക്കാറുള്ളത്. മികച്ച കോമാളിയാണെങ്കിലും  ആളുകളെ രസിപ്പിക്കാനുള്ള തന്റെ കഴിവിനെക്കുറിച്ച് സംശയാലുവാണ് ബെഞ്ചമിൻ. സിനിമ അവതരിപ്പിക്കുന്നതും ബെഞ്ചമിന്റെ ഈ Identity crisis തന്നെയാണ്. ഹാസ്യത്തിന്റെ മാലപ്പടക്കങ്ങൾ  നമ്മളിലെയ്ക്ക് എറിയാറുള്ള  എല്ലാ കോമാളികളുടെയും   സ്വകാര്യത, വിഷാദത്തിന്റെ തണലിലായിരിക്കും അഭയം തേടുക എന്ന് ഈ സിനിമയും വ്യക്തമാക്കുന്നു. പഴകിയ ഒരു ജനന സർട്ടിഫിക്കറ്റ് മാത്രം സ്വന്തമായുള്ള ബെഞ്ചമിനെ  Social Security ID ഇല്ലാത്തതിന്റെ പ്രശ്നം പല   സാഹചര്യങ്ങളിലും വേട്ടയാടുന്നു. സ്വത്വ പ്രതിസന്ധിയുടെ  മറ്റൊരു ചോദ്യചിഹ്നമായി  സിനിമയിലെ അത്തരം ദൃശ്യങ്ങളെ വ്യഖ്യാനിക്കാവുന്നതുമാണ്.
           കൊച്ചു സ്വപ്നങ്ങളുടെ സാക്ഷാത്കാരം പോലും സാധ്യമാകാത്തതിലുള്ള വലിയ നിരാശയാണ് ബെഞ്ചമിന്റെ മുഖത്തെ വിഷാദം കലർന്ന സ്ഥായീ ഭാവത്തിനു പിന്നിലുള്ളത്. പിതാവിന്റെ സാന്ത്വന സ്പർശങ്ങളെയെല്ലാം വിട്ടെറിഞ്ഞ്‌ സർക്കസിൽ നിന്ന് സ്വയം വിച്ഛെദിച്ച് പുതിയ മേച്ചിൽ പുറങ്ങൾ അന്വേഷിക്കുകയാണ് ബെഞ്ചമിൻ. ഈ അന്വേഷണങ്ങൾ ബെഞ്ചമിനെ തിരിച്ചറിവുകളിലെയ്ക്കും, സന്തോഷകരമായ ജീവിതത്തിലേക്കും സിനിമയുടെ പൂർത്തീകരണത്തിലേക്കും നയിക്കുന്നു.
    സിനിമയുടെ സ്ക്രിപ്റ്റ്, സംവിധാനം , അഭിനയം എന്നിവ പോലെ തന്നെ ദൃശ്യചാരുതയും , പശ്ചാത്തല സംഗീതവും എന്റെ സിനിമ ആസ്വാദനത്തെ സ്വാധീനിക്കാറുണ്ട്. സിനിമയുടെ പ്രമേയത്തോട് എല്ലാ രീതിയിലും അലിഞ്ഞു ചേരുന്ന ഈ സാങ്കേതിക വശങ്ങൾ പല സിനിമകളെയും ഉയരങ്ങളിലേയ്ക്ക് ഉയർത്തിയിട്ടുമുണ്ട്. അത്തരത്തിൽ പ്രത്യേക പരാമർശം അർഹിക്കുന്നവയായി ഈ സിനിമയുടെ CINEMATOGRAPHY AND BACKGROUND SCORE.
                നമുക്ക് പരിചിതമായ പ്രമേയം ആണെങ്കിലും അവതരണത്തിലെ ലാളിത്യം തന്നെയാണ് "പ്രമേയത്തിലെ കനമില്ലായ്മയെ " മറികടക്കുന്നതിന് സിനിമയെ സഹായിച്ച ഘടകം. സർക്കസ് റിങ്ങിലെ തമാശകളിൽ  പലതും വേണ്ടത്ര നിലവാരമില്ലായ്മ നിഴലിചെങ്കിലും,  പ്രമേയം  പ്രതിനിധീകരിക്കുന്ന കാല-ദേശ പരിഗണനകൾ അത്തരം പരിമിതികളെ കണ്ടില്ലെന്നു നടിക്കാൻ പ്രേരണ നൽകുന്നു. എങ്കിലും ചില ദൃശ്യങ്ങളും, കഥാപാത്രങ്ങളും മികച്ച ഹാസ്യാനുഭവം പകർന്നു. വിധി നമുക്കായ്‌  തുന്നിചേർക്കുന്ന കുപ്പായങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നിറഞ്ഞ ചിന്തകൾ അവശേഷിപ്പിക്കുന്ന ഈ സിനിമ നിങ്ങൾ കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു.


Sunday 25 May 2014

BAD DAY TO GO FISHING (2009)



FILM  : BAD DAY TO GO FISHING (2009)
COUNTRY : URUGUAY
GENRE  : DRAMA
DIRECTOR : ALVARO BRECHNER

                ഞാൻ കണ്ട വിദേശ ഭാഷാ ചിത്രങ്ങളിൽ എന്റെ ഹൃദയത്തോട് ചേർത്ത് വെക്കുന്നവയിൽ ഒന്ന് തീർച്ചയായും ഈ സിനിമയാണ്. ഡ്രാമ എന്ന GENRE-നോട് പൂർണമായും നീതി പുലർത്തി സിനിമയുടെ എല്ലാ മേഖലകളിലും മികച്ചു നിന്ന അത്യുഗ്രൻ കലാസൃഷ്ടിയായാണ് ഈ സിനിമയെ ഞാൻ പരിഗണിക്കുന്നത്.
           ഈ സിനിമ "JACOB VAN OPPEN" എന്ന ഗുസ്തിക്കാരന്റെയും  ORSINI എന്ന മാനേജരുടെയും കഥ പറയുന്നു. സൗത്ത് അമേരിക്കയിലെ ചെറിയ പട്ടണങ്ങളിലൂടെ ഗുസ്തികാരന്റെ  ചില്ലറ കസർത്തുകൾ ആളുകൾക്ക് മുൻപിൽ അവതരിപ്പിച്ചു ജീവിതം നയിക്കുകയാണ് അവർ. "JACOB VAN OPPEN"  ക്ഷീണിതനായി കാണപ്പെടുന്നുണ്ടെങ്കിലും, മുൻ ലോക ചാമ്പ്യനായും , ഗോൾഡൻ ബെൽറ്റ്‌ ജേതാവായുമാണ് ORSINI അയാളെ വാഴ്ത്തുന്നത്. മാത്രമല്ല അയാളോട് 3 മിനുട്ട് പൊരുതി നിൽക്കുന്നവർക്ക്‌ 1000 ഡോളർ നൽകും എന്ന വെല്ലുവിളിയും ORSINI നടത്തുന്നു. ബിസ്സിനസ്സുകാരന്റെ കൌശലം  കൈമുതലായുള്ള ORSINI എന്ന മാനേജരുടെ വാക്ചാതുരിയും , പ്രായോഗിക ബുദ്ധികളും നിറയുന്ന രംഗങ്ങൾ ചിരിയുണർത്തുമെങ്കിലും ,ഒരിക്കൽ പോലും അരോചകമോ , അനാവശ്യമോ ആവുന്നില്ല. ORSINI തന്നെ തരപ്പെടുത്തുന്ന "CHALLENGER" ഒരു പ്രശ്നത്തിന് പോലീസ് പിടിയിലാകുന്നതോടെ കാര്യങ്ങൾ അവതാളത്തിലാകുന്നു. ORSINI-ക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ട് അദ്രിയാന എന്ന സുന്ദരിയെത്തുന്നു. അദ്രിയാന അവളുടെ സിറിയൻ വംശജനായ കാമുകന്റെ (മരിയോ) പേരിൽ വെല്ലുവിളി ഏറ്റെടുക്കുന്നതായി പത്രത്തിൽ പരസ്യം ചെയ്യുന്നു. 1000 ഡോളർ മുൻകൂറായി കാണണം എന്നും അവൾ വാശിപിടിക്കുന്നു. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നതോടെ അവരെ ഈ   മത്സരത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ORSINI. പല്ല് കൊഴിഞ്ഞ സിംഹമായും, ശാരീരിക പ്രയാസങ്ങൾ വേട്ടയാടുന്നവനായും നമുക്ക് മുന്നിലെത്തുന്ന JACOB VAN OPPEN നെ മുൻ നിർത്തി വീമ്പിളക്കിയ ORSINI ഭയപ്പെടുന്നതെന്ത്?.... പോരാട്ടത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിലുള്ള കാരണമെന്ത്?........ അത്തരം ശ്രമങ്ങൾ ലക്ഷ്യം കാണുമോ?....ഈ ചോദ്യങ്ങൾക്കുള്ള സൂചനകൾ ആദ്യവും , ഉത്തരങ്ങൾ അന്ത്യത്തിലുമായാണ് ഈ അതുല്യ സിനിമ ഒരുക്കിയിട്ടുള്ളത്.    
              ശക്തമായ ഒരു CHARACTER STUDY  എന്ന നിലയിലും ഈ സിനിമ വേറിട്ട്‌ നിൽക്കുന്നു. JACOB VAN OPPEN എന്ന ഗുസ്തിക്കാരന്റെയും  , ORSINI എന്ന മാനേജരുടെയും സ്വകാര്യ-വൈകാരിക തലങ്ങളെ വളരെ മനോഹരമായി പതിപ്പിക്കാൻ ഈ സിനിമയ്ക്ക്‌ സാധിച്ചു. സ്ക്രിപ്റ്റിന്റെ മികവിനൊപ്പം GARY PIQUER , JUKO AHOLA എന്നിവരുടെ അഭിനയ മികവും ചേർന്നതോടെ പ്രതീക്ഷകളുടെ റിംഗുകൾക്കപ്പുറത്തേക്കാണ് പ്രേക്ഷകൻ മലർത്തിയടിക്കപ്പെടുന്നത്.  "BACKGROUND SCORE WAS AWESOME" എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. പഴയ കാലത്തിന്റെ ആത്മാവ് കിനിഞ്ഞ ശബ്ദ ഘോഷങ്ങൾ , ക്ലോസ്സ്-അപ്പ് രംഗങ്ങളിൽ ചുവടുമാറ്റങ്ങൾ നടത്തി അലിഞ്ഞില്ലാതായും , ഉയർന്നു-താഴ്ന്നും ദൃശ്യഭാഷയെ താങ്ങി നിർത്തി.
   കഥാപാത്രങ്ങൾ സിനിമയ്ക്ക്‌ ശേഷവും മനസ്സിൽ തങ്ങി നിൽക്കുന്നത് കഥാപാത്ര സൃഷ്ടിയുടെ മികവായി തന്നെ കാണണം. കരുത്തന്മാരായ ഗുസ്തിക്കാരനിലും , സിറിയൻ വംശജനായ മരിയോയിലും ദൃശ്യമായ "വ്യക്തിത്വ ഷണ്ഡത്വം " പത്മരാജൻ സിനിമയെ ഓർമിപ്പിച്ചു. വികാര വായ്പ്പുകളെയും , മാനസിക വ്യാപാരങ്ങളെയും കണിശമായ അളവിൽ ചേർത്ത് ആസ്വാദ്യകരമായ വിരുന്നൂട്ടിയ ഈ സിനിമ കൂടുതൽ പ്രേക്ഷക ശ്രദ്ധ അർഹിക്കുന്നു.
                  "CHARACTER IS A MYSTERY,  IT DOESN'T COMES FROM BIG MUSCLES" , എന്ന ORSINI യുടെ വാക്കുകൾ തന്നെ ഈ സിനിമയിലെയ്ക്ക് ഊളിയിടുന്നവയാണ്. മനുഷ്യ മനസ്സിന്റെ വന്യതയും, സൗന്ദര്യവും അളക്കാവുന്ന അളവ് കോലുകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഡ്രാമ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ്‌ ചെയ്യാൻ പാടില്ലാത്ത "CINEMATIC EXPERIENCE" ആയി ഈ സിനിമ തലയുയർത്തി നിൽക്കുന്നു.
             BY
                  ഷഹീർ ചോലശ്ശേരി 


Saturday 24 May 2014

THE NOTEBOOK (A NAGY FUZET) - 2013



FILM  : THE NOTEBOOK (2013)
GENRE  : DRAMA , WAR
COUNTRY  : HUNGARY
DIRECTOR : JANOS SZASZ

             "കാടിന്റെ  നിയമങ്ങൾ നാടിന്റെ നിയമങ്ങളാകുമ്പോൾ കരുണ, സഹൃദയത്വം എന്നിവ ദുർബലരുടെ ഗുണ വിശേഷണങ്ങളാകുന്നു". ഈ തിരിച്ചറിവുകളുമായി സമരസപ്പെടാനുള്ള ഇരട്ട സഹോദരങ്ങളുടെ ശ്രമങ്ങളെയാണ് ഹംഗേറിയൻ സംവിധായകനായ JANOS SZASZ ന്റെ THE NOTEBOOK (2013) എന്ന സിനിമ നമ്മളുമായി പങ്കു വെയ്ക്കുന്നത് .WAR-DRAMA ഗണത്തിൽ പെടുത്താവുന്ന ഒന്നാണെങ്കിലും വളരെ വ്യത്യസ്തവും, തീവ്രവുമായ പ്രമേയം അതിന്റെ എല്ലാ യാഥാര്ത്യങ്ങളെയും ആവാഹിച്ചു പകർന്നു നൽകാൻ ഈ സിനിമയുടെ സൃഷ്ടാക്കൾക്ക് കഴിഞ്ഞിരിക്കുന്നു.
             രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന 1940 കളിലെ  ഹംഗേറിയൻ അതിർത്തി ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം. പട്ടാളക്കാരനായ ഭർത്താവ് യുദ്ധത്തിനായി പോകുമ്പോൾ, ഏതു നിമിഷവും ജീവൻ കവർന്നേക്കാവുന്ന യുദ്ധത്തെ തന്റെ മക്കൾ അതിജീവിക്കണം എന്ന ആഗ്രഹത്താൽ ഇരട്ടകളായ തന്റെ ബാലന്മാരെ അവരുടെ മുത്തശ്ശിയുടെ അടുത്തേയ്ക്ക് അയക്കുകയാണ് മാതാവ്. പോകുന്നതിനു മുൻപ് അച്ഛൻ അവർക്ക് ഒരു നോട്ടുബുക്ക് നൽകി , നിങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ കാര്യങ്ങളും അതിൽ കുറിച് വെയ്ക്കാനും നിർദേശിക്കുന്നു.നാട്ടുകാർ  "ദുർ മന്ത്രവാദിനി "  എന്ന് വിളിക്കുന്ന അവർക്ക് അജ്ഞാതയായിരുന്ന ക്രൂരയായ മുത്തശ്ശിയുടെ കൂടെയുള്ള ജീവിതമാണ് സിനിമയുടെ ബാക്കി ദൃശ്യങ്ങളിൽ നിറയുന്നത്.
               നില നിൽപിന്റെയും , പോരാട്ടത്തിന്റെയും ചിന്തകളെ മാത്രം താലോലിക്കുന്ന "യുദ്ധം" , പൊള്ളുന്ന അനുഭവങ്ങളേകുന്ന  "വറചട്ടിയാണെന്ന് " അവർക്ക് മനസ്സിലാകുന്നു. ധാർമികതയുടെ അകത്തളങ്ങളിൽ പിടഞ്ഞു മരിക്കുന്നതിനേക്കാൾ  നല്ലത് പാപത്തിന്റെ കറപുരണ്ട അതിജീവനം തന്നെയാണെന്ന് ജീവിതം അവരെ പഠിപ്പിച്ചു. ഓർമകളും ,ബന്ധങ്ങളും ദുർബലതയേകും എന്നതിനാൽ മാതാവിന്റെ കത്തുകളും, ചിത്രങ്ങളുമെല്ലാം അഗ്നിക്കിരയാക്കി ആ ഓർമകളെ തുടച്ചു നീക്കുകയാണ് അവർ ചെയ്യുന്നത്. മനസ്സിനെ അസ്വസ്ഥമാക്കുന്ന അനേകം ദൃശ്യങ്ങൾ സിനിമയിലുണ്ട്. ദുർഘടമായ പാതകൾ നീണ്ടുകിടക്കുന്ന ജീവിതത്തിലെ ക്രൂരമായ വെല്ലുവിളികളിൽ നിന്ന് ഒളിച്ചോടാതെ ക്രൂരതയുടെ അച്ചുകളിലെയ്ക്ക്  സ്വയം ഉരുകിയൊലിച്ച് രൂപാന്തരം പ്രാപിക്കുവാനാണ് അവർ ശ്രമിക്കുന്നത്. ശരീരത്തേയും ,മനസ്സിനെയും എല്ലാ വെല്ലുവിളികളേയും നേരിടാനായി ഒരുക്കുന്ന ദൃശ്യങ്ങൾ പലതും അസ്വസ്ഥജനകങ്ങളായിരുന്നു. വേദന, വിശപ്പ്‌ , കാലാവസ്ഥ എന്നിവയോടെല്ലാം കലഹിച്ച് ശരീരത്തെ സജ്ജമാക്കുകയാണ് അവർ. 
              കരുണ ദുർബലതയും , ക്രൂരത ശക്തിയും , അലങ്കാരവുമാകുന്ന ലോക ക്രമത്തിൽ ക്രൂരതയുടെ പാഠങ്ങൾ തന്നെയാണ് ഈ ഇരട്ട സഹോദരങ്ങൾ സ്വായത്തമാക്കാൻ ശ്രമിക്കുന്നത്. "പത്ത് കൽപനകൾ " ഹൃദിസ്ഥമാക്കിയ അവർ കുമ്പസാരക്കൂടിന്റെ അധിപനായ പള്ളീലച്ചനെ ( അയാൾ ചെയ്ത തെറ്റിന്)ബ്ലാക്ക്മെയിൽ  ചെയ്യുന്നതും,തങ്ങളോടു നല്ല രീതിയിൽ പെരുമാറിയ ജൂതനായ ഷൂ കച്ചവടക്കാരനെ ഒറ്റുകൊടുത്തവളും , കാമാർത്തമായ പ്രലോഭനങ്ങൾ വച്ചു നീട്ടിയവളുമായ സ്ത്രീയെ അപായപ്പെടുത്താൻ ശ്രമിച്ചതും  ധാർമികത , വിശ്വാസം , കുറ്റം, ശിക്ഷ എന്നിവ കാറ്റിലാടുന്ന യുദ്ധ സാഹചര്യങ്ങളെ തന്നെയാണ് ഉയർത്തിക്കാട്ടിയത് .
                മുത്തശ്ശിയുടെ വീടിനോട് ചേർന്ന കെട്ടിടത്തിൽ താമസിക്കുന്ന നാസി പട്ടാള ഓഫീസറുടെ  ഇരട്ടകളോടുള്ള    സമീപനം ഹിറ്റ്ലർ  വിത്ത് പാകിയ  "ആര്യൻ  സുപ്രീമസി " യോടുള്ള അന്ധമായ ആരാധനയുടെ അടയാളങ്ങൾ അവശേഷിപ്പിക്കുന്നവയിരുന്നു എന്ന് നിസ്സംശയം പറയാം. മടങ്ങി വരുന്ന മാതാവിനെ തിരസ്കരിക്കുന്ന അവർ, പിതാവിന്റെ മടങ്ങി വരവിനൊടുവിൽ നോട്ടുബുക്കിലെ അവസാന പേജും പൂർത്തിയാക്കി , അവസാനത്തെ ജീവിത പാഠവും  ഉൾക്കൊണ്ട്‌ , ജീവിതത്തിലെ അനിവാര്യമായ തീരുമാനങ്ങളിലേയ്ക്ക് ചുവടു വെയ്ക്കുകയാണ് ...
                വേറിട്ട ശബ്ദ താളങ്ങൾ നിറഞ്ഞ പശ്ചാത്തല സംഗീതം ഈ വേറിട്ട കാഴ്ചയ്ക്ക് കൂടുതൽ മിഴിവേകി. യുദ്ധ പശ്ചാത്തലത്തിൽ വ്യക്തികളെയും, രാജ്യങ്ങളേയും , സംഭവങ്ങളെയും അടയാളപ്പെടുത്തിയ അനേകം മികച്ച സിനിമകൾ ഉണ്ടായിട്ടുണ്ടെങ്കിലും, യുദ്ധം വ്യക്തികളുടെ മാനസിക-വൈകാരിക-വ്യക്തിത്വ തലങ്ങളിലേയ്ക്ക് പടർന്ന് അവരുടെ പരിണാമത്തിനു നിദാനമാകുന്ന തരത്തിലുള്ള പ്രമേയങ്ങൾ വളരെ വിരളം തന്നെയാണ്. ഈ സിനിമ അത്തരം അനുഭവം നൽകുന്ന മികച്ച കലാസൃഷ്ടിയായി എണ്ണപ്പെടേണ്ടതുമാണ്.
             ഏറ്റവും തീക്ഷ്ണമായ അനുഭവങ്ങളും, കഥകളും , പ്രമേയങ്ങളും , ജീവിതങ്ങളും തീക്കനൽ പാകിയ പാടങ്ങളിൽ തന്നെയാണ് കണ്ടെടുക്കാനാവുക എന്ന് അടിവരയിട്ടു കൊണ്ട് ഈ സിനിമ നിങ്ങൾ കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു.

            BY
                         ഷഹീർ ചോലശ്ശേരി               

Monday 19 May 2014

CIRCLES (KRUGOVI) -2013



FILM  : CIRCLES (KRUGOVI) 2013
COUNTRY : SERBIA
GENRE  : DRAMA
DIRECTOR  :SRDAN GOLUBOVIC

          യഥാർത്ഥ  സംഭവങ്ങളിൽ നിന്നും പ്രചോദനം കൊണ്ട  സിനിമകളോടുള്ള ഇഷ്ടം തന്നെയാണ് ഈ സിനിമയിലേക്കും എന്നെ വലിച്ചടുപ്പിച്ചത്. SRDJAN ALEKSIC  എന്ന സെർബിയൻ സൈനികന്റെ  ജീവിതത്തിൽ നിന്നാണ് ഈ സിനിമ ഉയിർ കണ്ടെത്തിയത്. ബോസ്നിയ-സെർബിയ യുദ്ധവുമായി ബന്ധമുള്ള കുറച്ച് സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും അവയെയെല്ലാം കവച്ചു വെയ്ക്കുന്ന അനുഭവമായി ഈ സിനിമ. പ്രമേയത്തിന്റെ ആഴമോ, പ്രത്യേകതയോ ആയിരുന്നില്ല , സിനിമ പകർന്ന വൈകാരികമായ തലോടൽ തന്നെയാണ് അതിനു കാരണം.
         സെർബിയൻ ഡ്രാമയായ  CIRCLES (KRUGOVI ) ഒരു പട്ടാളക്കാരന്റെ മരണം അയാളുമായും, അയാളുടെ മരണവുമായും ബന്ധപ്പെട്ടവരുടെ ജീവിതങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് സ്തുത്യർഹമായ രീതിയിൽ കോറിയിടുന്നു. "മാർക്കോ" എന്ന പട്ടാളക്കാരൻ ഡ്യൂട്ടിയിലല്ലാതിരിക്കെ തന്റെ സഹപ്രവർത്തകരുടെ ക്രൂര പീഡനങ്ങളിൽ നിന്ന് ബോസ്നിയൻ മുസ്‌ലിം യുവാവിനെ(ഹാരിസ്) രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരണപ്പെടുന്നു. ഈ സംഭവം നടന്ന് 12 വർഷങ്ങൾക്കു ശേഷമുള്ള കാര്യങ്ങളാണ് സിനിമയുടെ കാതൽ.
              ഒരു ദശകത്തിനിപ്പുറവും  മാർക്കോയുടെ  പിതാവ്(RANKO) , കാമുകി(NADA ), സുഹൃത്ത്(നെബോജ്സ) ,ഹാരിസ് ,സഹപ്രവർത്തകരുടെ കുടുംബം എന്നിവരുടെ ജീവിതങ്ങളിൽ ഈ മരണത്തിന്റെ നിഴൽ എങ്ങനെ പരന്നിരിക്കുന്നു എന്ന് സിനിമ വ്യക്തമാക്കുന്നു. മാർക്കോയുടെ കാമുകിയെ ഒരു പ്രശ്നത്തിൽ സഹായിച്ച് തന്റെ "കടം " വീട്ടാനുള്ള  ശ്രമങ്ങളിലാണ് ഹാരിസ്. മകന്റെ മരണമേൽപ്പിച്ച ശ്മശാന മൂകതയിൽ ജിവിതം തള്ളിനീക്കുന്ന RANKO പൊളിച്ചു മാറ്റപ്പെട്ട ഒരു ദേവാലയത്തിന്റെ അവശിഷ്ടങ്ങളെ  അതുപോലെ കൂട്ടിച്ചേർത്ത് വിജനമായ കുന്നിൻ മുകളിൽ ദേവാലയം പണിയുകയാണ്. മാർക്കോയുടെ  ദുരന്തം നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടി വന്ന ദുഖം പേറുന്ന NEBOJSA (ഡോക്ടർ ) -യുടെ മുന്നിലേയ്ക്ക് കൊലപാതകികളിൽ ഒരാളായ TODOR  വാഹനാപകടത്തിൽ പരിക്കേറ്റു എത്തിയിരിക്കുന്നു. മറ്റൊരു സഹപ്രവർത്തകന്റെ മകൻ പിതാവിന്റെ പാപക്കറ കഴുകിക്കളയാനുള്ള തീവ്ര ശ്രമങ്ങളിൽ മുഴുകിയിരിക്കുകയാണ്. ഇവരെയെല്ലാം ഒരുമിക്കുന്ന കാര്യം ഒന്നാണെങ്കിലും അത് ഇവരിൽ അവശേഷിപ്പിട്ടുള്ള  അന്തർ സംഘർഷങ്ങൾ തികച്ചും വ്യത്യസ്തങ്ങളാണ്.
       സംഭാഷണങ്ങളിൽ പലപ്പോഴും ഒരു പിശുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും,  സിനിമയുടെ  സൗന്ദര്യത്തെ പിന്നോട്ടടിക്കാത്ത  തരത്തിൽ അതിനെ ദൃശ്യങ്ങളാൽ മറികടന്നിട്ടുണ്ട്. വളരെ നല്ല ഒരു ഡ്രാമ എന്ന തലത്തിലേയ്ക്ക് സിനിമയെ ഉയർത്തിയത് TREATMENT-ലെ പക്വതയാർന്ന സമീപനമാണ്. പല രംഗങ്ങളിലും വിജനമായ സ്ഥലങ്ങളിലൂടെയുള്ള കഥാപാത്രങ്ങളുടെ സഞ്ചാരം എന്തെന്നില്ലാത്ത ഭീതി ജനിപ്പിച്ചു. പശ്ചാതാപത്തിന്റെ കണികകളാണ് നെബോജ്സ TODOR -ൽ തേടുന്നത്. എന്തിനു  വെറുതെ (?) തന്റെ മകൻ ജീവിതം പൊലിച്ചത്  എന്ന ചിന്തകളാണ് RANKO യുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നത് .വിജനമായ കുന്നിൻ മുകളിൽ ദേവാലയം പണിയുന്നതിലൂടെയും ഈ ചിന്ത തന്നെയല്ലേ   ധ്വനിപ്പിക്കപ്പെടുന്നത് എന്ന് കാഴ്ചക്കാരന് തോന്നാം. ഒരു പക്ഷെ നഷ്ട്ടപ്പെട്ടവയുടെ വീണ്ടെടുപ്പിനെ സൂചിപ്പിക്കുന്ന CINEMATIC ഭാഷ്യവുമാവാം.
                വെള്ളത്തിൽ വീഴുന്ന കല്ല്‌ തീർക്കുന്ന വലയങ്ങൾ പോലെ ഈ ദുരന്തം തീർത്ത വലയങ്ങളിൽ നിന്നും അവരിപ്പോഴും മോചിതരല്ലെന്നു സിനിമ കാണിച്ചു തരുന്നു.ദുരന്തത്തിന്റെ ഒരു ദശകത്തിനിപ്പുറവും ദൈന്യതയുടെ ഇടങ്ങളിൽ കുടിയേറുന്ന കഥാപാത്രങ്ങളും , സഹായ ഹസ്തങ്ങളും മാറി-മാറി വരുന്ന , ജീവിതത്തിന്റെ അപ്രവചനീയതയും ,അപ്രതീക്ഷിതവുമായ കൂട്ടിമുട്ടലുകൾ സിനിമ ആവർത്തിക്കുന്നു. പിതാവിന്റെ മനസ്സിലെ ചോദ്യങ്ങൾക്ക് പ്രേക്ഷകൻ ഉത്തരം കണ്ടെത്തുന്നത് "ഹാരിസ്" എന്ന നല്ലവനായ വ്യക്തിയുടെ ജീവിതത്തിൽ നിന്നാണ്. തിന്മയുടെ മാത്രമല്ല ,നന്മയുടെയും വലയങ്ങൾ ശേഷിക്കുന്നു എന്ന് വ്യക്തമാക്കപ്പെടുന്നു ഇവിടെ.  പാപത്തിന്റെ നിർവികാരതയെ ചവിട്ടിമെതിച്ച് പശ്ചാത്താപത്തിന്റെ പാതയിലേയ്ക്കു നടന്നു കയറാൻ TODOR നു ആവുമോ എന്ന ചോദ്യം നമ്മെയും അലട്ടുന്നു. വിധിയുടെ ചാക്രികമായ ഇടപെടലുകളായി തോന്നിപ്പിച്ച പുത്രവത്സസല്യതിന്റെ  വീണ്ടെടുപ്പു തന്നെയാകാം സിനിമയുടെ പേരിലേയ്ക്ക് നീട്ടി വരയ്ക്കാവുന്ന വര.
                   വിദ്വേഷത്തിന്റെ ചോരച്ചാലുകൾക്ക്  നമ്മളെങ്കിലും തടയണ കെട്ടണം എന്ന് ഓർമിപ്പിച്ച ഈ സിനിമ DRAMA  GENRE ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കണം. 

                   BY
                            ഷഹീർ ചോലശ്ശേരി


Saturday 17 May 2014

LOVE LOVES COINCIDENCES (2011)



FILM  : LOVE LOVES COINCIDENCES (2011)
GENRE  : ROMANCE
COUNTRY : TURKEY
DIRECTOR : OMER FARUK SORAK

              "പ്രണയത്തിന്റെ വശ്യതയിൽ യാദൃശ്ചികതയുടെ പ്രളയമായി ഒരു സിനിമ " . തുർക്കി സംവിധായകനായ OMER FARUK SORAK- ന്റെ LOVE LOVES COINCIDENCES (2011) എന്ന ROMANTIC സിനിമയെ ഒറ്റ വാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം എന്നു തോന്നുന്നു. പ്രണയ പരവശതയെ ബലപ്പെടുത്തുന്ന പ്രണയാതുരമായ കെട്ടുകാഴ്ചകളുടെ പ്രളയമായും അനുഭവപ്പെട്ടേക്കാം . REALITY യെ തിരയുന്ന കട്ടിക്കണ്ണടകൾ ഉപേക്ഷിച്ചാൽ വളരെയധികം ആസ്വാദ്യകരമാകും ഈ സിനിമ.
        ഇസ്തംബൂൾ നഗരത്തിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ  "ഒസ്ഗുർ" - ന്റെ യും , സിനിമ മോഹവുമായി നടക്കുന്ന "ഡെനിസ് " എന്ന നാടക നടിയുടെയും പ്രണയമാണ് സിനിമ കാഴ്ചക്കാരന് സമർപ്പിക്കുന്നത്. പ്രണയ ദാഹികളുടെ ഏറ്റവും വലിയ ദൌർബല്യമായ ഗൃഹാതുരതയുടെ തുരുത്തുകളിൽ തന്നെയാണ് ഈ സിനിമയിലെ പ്രണയവും പിച്ചവച്ചിട്ടുള്ളത്.
            അങ്കാറയിലെ ഒരു ഗ്രാമത്തിൽ ഒരേ ദിവസം പിറന്നു വീഴുന്ന അവരുടെ ജീവിതത്തെ തലോടുന്ന യാദൃശ്ചികതകളാണ് സിനിമയിലെങ്ങും. 25 വർഷത്തെ ഇടവേളയ്ക്കു ശേഷം ആകസ്മികമായി ഇസ്താംബൂൾ നഗരത്തിൽ കണ്ടുമുട്ടുകയാണ് അവർ. "BURAK " എന്ന കാമുകനുമായി വഴക്കിട്ട് റോഡിലൂടെ നടന്നു പോകുന്ന ഡെനിസ് അവിടെ കാണുന്ന ഫോട്ടോ എക്സിബിഷനിൽ കയറുന്നു. ഒസ്ഗുർ , ഫോടോഗ്രഫെറായിരുന്ന തന്റെ പിതാവിനോടുള്ള ആദര സൂചകമായി നടത്തുന്ന എക്സിബിഷനിലെ ഒരു ഫോട്ടോ തന്റെതാണെന്ന് ഡെനിസ് തിരിച്ചറിയുന്നു. അവിടെയാരംഭിക്കുന്ന സൗഹൃദത്തിന്റെ  വീണ്ടെടുപ്പുകളെ  25 വർഷം പിറകിലേക്ക് സഞ്ചരിപ്പിച് ബാല്യ സൗഹൃദത്തിന്റെ  വ്യത്യസ്തമായ വർണ്ണങ്ങളെ  ദൃശ്യമാക്കുന്നു സിനിമ. അദമ്യമായ സ്നേഹത്തിന്റെ ബാല്യചേഷ്ടകൾ നിറയുന്ന നിറം മങ്ങിയ ഫ്രൈമുകൾ 25 വർഷത്തിനിപ്പുറവും  വറ്റാനിടയില്ലാത്ത  പ്രണയത്തിന്റെ ഉറവയുടെ ഉറവിടം സാക്ഷ്യപ്പെടുത്തുന്നു.
                          അവർ പോലും അറിയാത്ത അവരുടെ ജീവിതത്തിലെ യാദൃശ്ചികതകളെ മൂന്നാം കണ്ണുകളിലൂടെ അവതരിപ്പിച്ച് സംവിധായകൻ നമ്മെയും അവരിലേയ്ക്ക് വഴുതി വീഴ്ത്തുന്നു. ഭൂതകാല ദൃശ്യങ്ങളെ സമയോചിതമായി സമ്മേളിപ്പിച്ച്  പ്രണയത്തിന്റെ വീർപ്പുമുട്ടലുകളിൽ നിന്ന് നാടകീയതയുടെ ജനലുകൾ തുറന്ന് ആശ്വാസമേകുന്നുമുണ്ട്. ഒസ്ഗുർ -ന്റെ ഹൃദയ ദുർബലതയും  ( അസുഖം ) , ഡെനിസ്-ന്റെ നിലവിലുള്ള പ്രണയവും അസ്വസ്ഥജനകമായ  വേദനയുളവാക്കുമെങ്കിലും , അനശ്വരമായ , പ്രകടനപരതയുടെ  അകമ്പടി വേണ്ടാത്ത അവരുടെ  സ്നേഹ ബന്ധനം സന്തോഷം പകർന്നു.
           സിനിമയിലെ CINEMATOGRAPHY AND  SOUNDTRACK  മികച്ചു തന്നെ നിന്നു. മൌനം പോലും ഉദാത്ത ഭാഷയാകുന്ന പ്രണയാതുരതയിൽ   ഗാനങ്ങൾ ഹൃദയ മിടിപ്പുകളായി തുടിച്ചു. തീവ്ര പ്രണയത്തിൽ വിരഹം ഏറ്റവും വലിയ വേദനയാകുമെന്നിരിക്കെ , വിരഹത്തിന്റെ ഔന്നത്യം തന്നെയാണ് ഈ സിനിമയും ബാക്കിയാക്കുന്നത്. യാദൃശ്ചികത മൃഗീയമായി കളം നിറയുന്ന അവസാന ഭാഗത്ത്‌  യാദൃശ്ചികതയുടെ അധീശത്വം ഉറപ്പിച്ചു തന്നെയാണ് സിനിമയും മൃതിയടയുന്നത്.
       പ്രജ്ഞയിൽ കുരുക്കി കീറി മുറിക്കേണ്ട ഒന്നല്ല ഈ സിനിമ . ക്ലീഷേകളുടെയും, പരിമിതികളുടെയും കണക്കുകൾ നിരത്തുന്നതിനപ്പുറം ഈ സിനിമ പകർന്ന വികാര സാന്ദ്രതയെ  പങ്കുവെയ്ക്കുക മാത്രമാണ് ഞാൻ ചെയ്തത്.
               "ഒരിക്കൽ കാമുകിയുടെ വീടിന്റെ വാതിലിൽ മുട്ടിയ കാമുകനോട്
                                           കാമുകി ചോദിച്ചു : "നീ ആരാണ് ?"
                                           കാമുകൻ മൊഴിഞ്ഞു : " നീ തന്നെ "
  ജലാലുദ്ധീൻ റൂമിയുടെ ഈ വരികൾ ഓർമിപ്പിച്ച നിമിഷങ്ങളെ മനസ്സിൽ താലോലിച്ച് , ഹൃദയത്തിലേറ്റി നിർത്തുന്നു.
                BY
                      ഷഹീർ ചോലശ്ശേരി 


Friday 16 May 2014

CAPTAIN ABU RAED (2007)



FILM  : CAPTAIN ABU RAED (2007)
COUNTRY : JORDAN
DIRECTOR : AMIN MATALQA
GENRE  : DRAMA

            ലാഭേച്ഛ  ഒളിച്ചിരിക്കുന്ന കപട മാനവികതയുടെ നിഴലുകൾ തീർക്കുന്ന തണലുകളാണ്  ഇന്നത്തെ  പൊള്ളുന്ന ഉച്ചവെയിലിൽ   എല്ലായിടത്തും കാണാറുള്ളത്. അതുകൊണ്ട് തന്നെ നിസ്സീമമായ , ഉപാധികളില്ലാത്ത മാനവികതയുടെ തണൽ മരങ്ങൾ സിനിമയിലായാലും, യാഥാർത്ഥ്യങ്ങളിലായാലും കണ്ണിനും , മനസ്സിനും കുളിരേകാറുണ്ട് . ജോർദാൻ സംവിധായകനായ AMIN MATALQA യുടെ CAPTAIN ABU RAED (2007) മാനവികതയുടെ കൈയ്യൊപ്പ് മനോഹരമായി അനുഭവിപ്പിക്കുന്ന സിനിമയാണ്.
             DRAMA വിഭാഗത്തിൽ പെടുന്ന CAPTAIN  ABU RAED -ന്റെ ചിറകിലേറി ജോർദാൻ സിനിമ പല അന്താരാഷ്ട്ര മേളകളിലും പറന്നിറങ്ങി സാന്നിദ്ധ്യമറിയിച്ചു. ലളിതമായ പ്രമേയം, ഹൃദയ സ്പർശിയായ  അവതരണം എന്നിവയായിരിക്കണം പ്രേക്ഷകരുടെ കൈയ്യടികൾക്ക് ഈ സിനിമയെ അർഹമാക്കിയത്. AMMAN നഗരത്തിലെ എയർപോർടിൽ ക്ലീനിംഗ് ജോലി ചെയ്യുന്ന ABU RAED എന്ന വൃദ്ധന്റെ കഥയാണ് ഈ സിനിമ പങ്കുവെയ്ക്കുന്നത്. ഏകാന്തജീവിതം നയിക്കുന്ന അയാളുടെ സൗഹൃദങ്ങളിലേയ്ക്ക് കടന്നു വരുന്ന TARIQUE , MURAD , NOUR  എന്നിവരാണ് ABU RAED    എന്ന വ്യക്തിയെ നമുക്കായി പ്രതിഫലിപ്പിക്കുന്ന കണ്ണാടികൾ .
               എയർപോർടിലെ  WASTE BIN ൽ നിന്നും ലഭിക്കുന്ന പൈലറ്റ് തൊപ്പി അണിഞ്ഞ് വീട്ടിലേക്കു പോകുന്ന ABU RAED -നെ കാണുന്ന "താരീക്കും " സുഹൃത്തുക്കളും അയാൾ ഒരു ക്യാപ്റ്റൻ ആണെന്ന് തെറ്റിദ്ധരിക്കുന്നു. അവരുടെ സംശയങ്ങളും , ചോദ്യങ്ങളും ആദ്യം അവഗണിക്കുന്നുണ്ടെങ്കിലും , പിന്നീട് അവർക്കുമുന്നിൽ ഭാവനയുടെ ആകാശം തീർത്ത് മേഘകെട്ടുകൾ വകഞ്ഞു മാറ്റി കഥകളുടെ തേരിലേറ്റി അവരെ രസിപ്പിക്കുകയാണ് ABU RAED . എന്നാൽ മുറാദ് അയാളുടെ കഥകളെ വിശ്വസിക്കുന്നില്ല , അയാളുടെ നുണകളെ പൊളിക്കാനുള്ള വാദമുഖങ്ങൾ കൂട്ടുകാർക്കു മുന്നിൽ നിരത്തുന്നുമുണ്ട്  അവൻ. ക്രൂരനായ പിതാവിന്റെ ഉപദ്രവങ്ങളാൽ  ദുരിതമനുഭവിക്കുന്ന മുറാദിന്റെ കുടുംബത്തിന്റെ വേദനയകറ്റാനുള്ള ഒറ്റമൂലിയായും   സ്വയം മാറുന്നു ABU RAED . സോഷ്യൽ HIERARCHY യുടെ  രണ്ടറ്റങ്ങളിലുള്ള  " നൂർ " എന്ന പൈലറ്റും , കേവലമൊരു ക്ലീനർ മാത്രമായ ABURAED ഉം തമ്മിലുള്ള സഹൃദമാണ് സിനിമയിലെ മികച്ച അനുഭവമാകുന്നത്. വിമാനത്തിൽ വൻകരകൾ താണ്ടുന്ന നൂറിനോട്  ABU RAED പറയുന്ന , "ഞാൻ അനുഭവങ്ങളുടെ വൻകരകൾ താണ്ടുന്നത് പുസ്തകങ്ങളിലൂടെയാണ് " എന്ന വാക്കുകളെ അയാൾ  താരീക്കിന്റെ പിതാവുമായും , താരീക്കുമായും വിദ്യാഭ്യാസത്തെ കുറിച്ചു നടത്തുന്ന സംഭാഷണങ്ങളുമായാണ് കൂട്ടിവായിക്കേണ്ടത്. സിനിമ പരത്തുന്ന മാനവികതയുടെ സുഗന്ധം വമിപ്പിക്കുന്ന സ്രോതസ്സുകളായ   ഇവർ തന്നെയാണ് സിനിമയുടെ നെടും തൂണുകളാവുന്നത്.
             സിനിമയിലെ  പശ്ചാത്തല സംഗീതം  സിനിമയുടെ വൈകാരികതയുടെ ഊഞ്ഞാലാട്ടങ്ങൾക്കൊപ്പം  നിന്നു എന്നതും  എടുത്തു പറയേണ്ടതാണ്. ചില ദൃശ്യങ്ങളിൽ  മൌനം  ശക്തമായ സാന്നിദ്ധ്യവുമായി. അനേകം ഉപ വിഷയങ്ങളിലേയ്ക്ക്‌ വഴിതിരിഞ്ഞു പോകാൻ സാധ്യതയുണ്ടായിട്ടും  നേർ വഴിയിൽ  തന്നെയാണ് സിനിമ  മരുകരയെത്തിയത്. PATRIARCHAL SOCIETY യിലെ സ്ത്രീ വിരുദ്ധ സമീപനങ്ങളെ സമൂഹത്തിലെ വിവിധ തട്ടുകളെ അടിസ്ഥാനമാക്കി വിശകലനം ചെയ്യാവുന്ന ചില ദൃശ്യബിംബങ്ങൾ  ഈ സിനിമ അവ്യക്തമായി അവതരിപ്പിച്ചു.ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള ഭൂരിഭാഗം സിനിമകളിലും കാണാറുള്ള രാഷ്ട്രീയ , സാമൂഹിക അംശങ്ങളിൽ നിന്ന് വിഭിന്നമായി ഏതൊരു സമൂഹത്തിലും കാണാവുന്ന കഥാപാത്രങ്ങളും , ജീവിതഗന്ധിയായ ഇമേജുകളുമാണ് ഈ സിനിമയുടെ ക്യാൻവാസ് കൈയ്യടക്കുന്നത്.
                ദുർബലനെന്നു തോന്നിക്കുന്ന ABU RAED - ന്റെ ദുർബലമെന്ന്  നാം കരുതുന്ന പ്രവർത്തികളുടെ പരിണാമം മാനവികതയുടെ ശക്തി വിളിച്ചോതുന്നവയായി . അയാളിൽ നിന്നും "നൂർ " എന്ന "സമ്പന്നയിലേയ്ക്കു " പകരുന്ന മാനവികതയുടെ കണ്ണികൾ  അവസാനിക്കുന്നില്ല എന്ന് നമുക്ക് പ്രത്യാശിക്കാം.
             " HE WHO CHOOSES THE  HUMBLE LIFE HAS THE GUIDANCE IN HIS HEART" എന്ന ABU RAED-ന്റെ വാക്കുകൾ മനസ്സിൽ സൂക്ഷിച്ച്  നിർത്തുന്നു .
         BY
              ഷഹീർ ചോലശ്ശേരി


Thursday 8 May 2014

ANTIBODIES (2005)



FILM  : ANTIBODIES (ANTIKORPER)
COUNTRY : GERMANY
DIRECTOR : CHRISTIAN ALVART
GENRE  : CRIME THRILLER


                      "നന്മ ലോകസഞ്ചാരത്തിനായി  ചെരുപ്പിടുമ്പോഴേക്ക്, തിന്മ പകുതി പിന്നിട്ടിരിക്കും " ---- ഈ സിനിമ വീക്ഷിച്ച നിമിഷങ്ങളിൽ എപ്പോഴോ മനസ്സിലേക്ക് ഓടിയെത്തിയ വാക്കുകളാണിവ ......
            SERIAL KILLER  പ്രധാന കഥാപാത്രമായി വരുന്ന സിനിമകളിൽ മിക്കവയും , രക്ത പങ്കിലമായ ഒരു കൊലപാതകത്തിൽ ആരംഭിച്ച് , അന്വേഷകന്റെ   ബൗദ്ധികമായ വ്യാപാരങ്ങളിലൂടെ സഞ്ചരിച്ച് സാഹസികവും, ആവേശകരവും , ആകാംശാഭരിതവും , ദുർഘടവുമായ പാതയ്ക്കൊടുവിൽ  കൊലപാതകിയെ കണ്ടുമുട്ടുന്നവയായിരുന്നു . എന്നാൽ അവയിൽ  നിന്നെല്ലാം വേറിട്ടു നിൽക്കുന്ന പുതുമ നിറഞ്ഞ ഒരു അവതരണത്തിലൂടെ , ഇത്തരം സിനിമകളുടെ പതിവ് ശൈലിയ്ക്കപ്പുറത്തേയ്ക്ക് പടരാനും , പ്രമേയപരമായി നമ്മിലേക്ക്‌ ആഴ്ന്നിറങ്ങി അടയാളങ്ങൾ അവശേഷിക്കാനും  ക്രിസ്ത്യൻ ആൾവ്വാർട് സംവിധാനം ചെയ്ത ANTIBODIES  എന്ന സിനിമയ്ക്ക്‌ കഴിഞ്ഞിരിക്കുന്നു.
             ഒരു ദേശത്തെ ഭീതിയിലാഴ്ത്തിയിരുന്ന ENGEL എന്ന SERIAL KILLER  പിടിയിലാകുന്നതിൽ നിന്നാണ് സിനിമയാരംഭിക്കുന്നത്. അയാളിൽ ആരോപിക്കപ്പെടുന്ന പാതകങ്ങളിൽ ഒന്നൊഴികെ ബാക്കിയെല്ലാം അയാൾ സമ്മതിക്കുന്നു. പിന്നീട് മൗനവ്രതത്തലാണ്ടുപോകുന്ന ENGEL ശബ്ദം വീണ്ടെടുക്കുന്നത് മൈക്കേൽ എന്ന ഗ്രാമീണപോലീസുകാരൻ എത്തുന്നതോടെയാണ് . ENGEL നു മൈക്കേലിനോട് ചിലത് പറയാനും, മൈക്കേലിന് ENGEL ൽ  നിന്ന് ചിലത് അറിയാനുമുണ്ട്‌ . ഇവരുടെ സംഭാഷണങ്ങളും , മനസ്സിലെ ചിന്തകളും , ചിന്തകൾക്ക് ഹേതുവായ സാഹചര്യങ്ങളുമാണ് സിനിമയുടെ നട്ടെല്ല്.
                    നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്ന ദൃശ്യങ്ങളും , ശബ്ദങ്ങളും ചേർത്ത് നമ്മൾ തീർക്കുന്ന ഊഹാപോഹങ്ങളുടെ  വികലത വെളിവാക്കപ്പെടുന്ന അപ്രതീക്ഷിത ചുവടുവെപ്പുകളാണ്  ഇത്തരം സിനിമകളോടൊപ്പം പ്രേക്ഷകരെ നിർത്തുന്നത് .അന്ത്യ രംഗങ്ങളിൽ മാത്രം വെളിച്ചം കാണാറുള്ള അടർത്തി മാറ്റപ്പെട്ട (മറച്ചു പിടിക്കുന്ന) ഫ്രൈമുകൾ ഈ സിനിമയിലും വിലപ്പെട്ട സാന്നിദ്ധ്യമറിയിക്കുന്നു . സിനിമയുടെ സസ്പെൻസിനെ ഉടനീളം നിലനിർത്താനും , അവസാനം ഒരു മജീഷ്യന്റെ കൈയ്യടക്കത്തോടെ പൂർണതയേകി മുഴുമിപ്പിക്കാനും സംവിധായകന് സാധിച്ചിരിക്കുന്നു.
              കുടുംബ ബന്ധങ്ങൾ , വിശ്വാസം (മതം) , ഉത്തരവാദിത്വങ്ങൾ (ജോലി, സാമൂഹികം,കുടുംബം) എന്നിവയെക്കുറിച്ചുള്ള ചിന്തകളിലേക്കും സിനിമ ബോധപൂർവ്വം വഴി തെളിയിക്കുന്നു.മൈക്കെലിന്റെ ധർമ്മ സങ്കടങ്ങളെ ഒരു പോലീസുകാരൻ എന്നതിലുപരി , പിതാവ് , വിശ്വാസി എന്നിങ്ങനെയുള്ള  തലങ്ങളിലേക്ക് ഉയർത്തിയാണ് അവതരിപ്പിച്ചിട്ടുള്ളത് . വ്യക്തി ഗുണങ്ങളുടെ മാറ്ററിയിക്കുന്ന ഉരകല്ലുകളായി  വർത്തിച്ച  ദൃശ്യങ്ങളും സിനിമയിൽ വിരളമല്ല. മൈക്കേൽ പ്രതിനിധീകരിക്കുന്ന സിനിമയിലെ വിരുദ്ധ അംശങ്ങളിലൊന്നിൽ  നിന്ന് അപരത്തിലേക്കുള്ള അകലം എത്ര ചെറുതാണെന്നും സിനിമ വ്യക്തമാക്കുന്നു.
           തിന്മ തീർക്കുന്ന ചതിക്കുഴികളിൽ , നന്മ പൊലിയാതെയിരിയ്ക്കാൻ സ്വയം ബലിയേകാനെത്തുന്ന മൃഗങ്ങളും മറക്കാത്ത ദൃശ്യമായി. ഈ സിനിമയുടെ സത്തയെ ഏറ്റവും സംക്ഷിപ്തമായി ഞാൻ വായിച്ചെടുത്തത് ഇങ്ങനെയാണ് . 
                                "നന്മയുടെ കണികപോലും സന്നിധ്യമറിയിക്കുന്ന ലോകത്ത് തിന്മ വിസ്മരിക്കപ്പെടും(നില നിൽക്കില്ല) , അതിനാൽ തിന്മയുടെ ഗോപുരങ്ങൾ തീർക്കുന്നതിനെക്കാൾ നന്മയുടെ ഉന്മൂലനമാണ് തിന്മ  കാംക്ഷിക്കുന്നത് ".
                       തിന്മയുടെ കോട്ടകളെ  തച്ചുടയ്ക്കുന്ന  തരത്തിൽ നന്മയുടെ പ്രളയങ്ങളുണ്ടാവട്ടെ.............
               BY
                      ഷഹീർ ചോലശ്ശേരി