Thursday, 29 May 2014

THE CLOWN (2011)



FILM  : THE CLOWN (2011)
COUNTRY  : BRAZIL
DIRECTOR  : SELTON MELLO
GENRE  : COMEDY-DRAMA

     കോമഡി-ഡ്രാമ വിഭാഗത്തിൽ പെട്ട ബ്രസീലിയൻ സിനിമയായ THE CLOWN (2011), സിനിമയുടെ പേര് പോലെ തന്നെ ഒരു കോമാളിയുടെ കഥ പറയുന്നു. ബ്രസീലിയൻ ഗ്രാമീണതയുടെ പച്ചപ്പ്‌ നിറഞ്ഞ പ്രകൃതി രമണീയതയെ വളരെ മികച്ച രീതിയിൽ ക്യാമറക്കണ്ണൂകളിൽ ഒപ്പിയെടുത്ത ഈ സിനിമ , പഴയ കാലത്തെ  സർക്കസ് കൂടാരങ്ങളിലൊന്നിലെ കോമാളിയുടെ ആത്മനൊമ്പരങ്ങളുടെ ദൃശ്യ വിരുന്നൊരുക്കുന്നു.
              സർക്കസ് മുതലാളിയായ വ്ലാഡിമിർ , മകൻ ബെഞ്ചമിൻ എന്നിവർ   തന്നെയാണ് സർക്കസിലെ പ്രധാനികൾ. ഓരോ സ്ഥലത്തെയും സാഹചര്യങ്ങളെയും , വ്യക്തികളെയും കുറിച്ചറിഞ്ഞ്  ഇൻസ്റ്റന്റ് കോമഡികളിലൂടെയാണവർ രംഗം പൊലിപ്പിക്കാറുള്ളത്. മികച്ച കോമാളിയാണെങ്കിലും  ആളുകളെ രസിപ്പിക്കാനുള്ള തന്റെ കഴിവിനെക്കുറിച്ച് സംശയാലുവാണ് ബെഞ്ചമിൻ. സിനിമ അവതരിപ്പിക്കുന്നതും ബെഞ്ചമിന്റെ ഈ Identity crisis തന്നെയാണ്. ഹാസ്യത്തിന്റെ മാലപ്പടക്കങ്ങൾ  നമ്മളിലെയ്ക്ക് എറിയാറുള്ള  എല്ലാ കോമാളികളുടെയും   സ്വകാര്യത, വിഷാദത്തിന്റെ തണലിലായിരിക്കും അഭയം തേടുക എന്ന് ഈ സിനിമയും വ്യക്തമാക്കുന്നു. പഴകിയ ഒരു ജനന സർട്ടിഫിക്കറ്റ് മാത്രം സ്വന്തമായുള്ള ബെഞ്ചമിനെ  Social Security ID ഇല്ലാത്തതിന്റെ പ്രശ്നം പല   സാഹചര്യങ്ങളിലും വേട്ടയാടുന്നു. സ്വത്വ പ്രതിസന്ധിയുടെ  മറ്റൊരു ചോദ്യചിഹ്നമായി  സിനിമയിലെ അത്തരം ദൃശ്യങ്ങളെ വ്യഖ്യാനിക്കാവുന്നതുമാണ്.
           കൊച്ചു സ്വപ്നങ്ങളുടെ സാക്ഷാത്കാരം പോലും സാധ്യമാകാത്തതിലുള്ള വലിയ നിരാശയാണ് ബെഞ്ചമിന്റെ മുഖത്തെ വിഷാദം കലർന്ന സ്ഥായീ ഭാവത്തിനു പിന്നിലുള്ളത്. പിതാവിന്റെ സാന്ത്വന സ്പർശങ്ങളെയെല്ലാം വിട്ടെറിഞ്ഞ്‌ സർക്കസിൽ നിന്ന് സ്വയം വിച്ഛെദിച്ച് പുതിയ മേച്ചിൽ പുറങ്ങൾ അന്വേഷിക്കുകയാണ് ബെഞ്ചമിൻ. ഈ അന്വേഷണങ്ങൾ ബെഞ്ചമിനെ തിരിച്ചറിവുകളിലെയ്ക്കും, സന്തോഷകരമായ ജീവിതത്തിലേക്കും സിനിമയുടെ പൂർത്തീകരണത്തിലേക്കും നയിക്കുന്നു.
    സിനിമയുടെ സ്ക്രിപ്റ്റ്, സംവിധാനം , അഭിനയം എന്നിവ പോലെ തന്നെ ദൃശ്യചാരുതയും , പശ്ചാത്തല സംഗീതവും എന്റെ സിനിമ ആസ്വാദനത്തെ സ്വാധീനിക്കാറുണ്ട്. സിനിമയുടെ പ്രമേയത്തോട് എല്ലാ രീതിയിലും അലിഞ്ഞു ചേരുന്ന ഈ സാങ്കേതിക വശങ്ങൾ പല സിനിമകളെയും ഉയരങ്ങളിലേയ്ക്ക് ഉയർത്തിയിട്ടുമുണ്ട്. അത്തരത്തിൽ പ്രത്യേക പരാമർശം അർഹിക്കുന്നവയായി ഈ സിനിമയുടെ CINEMATOGRAPHY AND BACKGROUND SCORE.
                നമുക്ക് പരിചിതമായ പ്രമേയം ആണെങ്കിലും അവതരണത്തിലെ ലാളിത്യം തന്നെയാണ് "പ്രമേയത്തിലെ കനമില്ലായ്മയെ " മറികടക്കുന്നതിന് സിനിമയെ സഹായിച്ച ഘടകം. സർക്കസ് റിങ്ങിലെ തമാശകളിൽ  പലതും വേണ്ടത്ര നിലവാരമില്ലായ്മ നിഴലിചെങ്കിലും,  പ്രമേയം  പ്രതിനിധീകരിക്കുന്ന കാല-ദേശ പരിഗണനകൾ അത്തരം പരിമിതികളെ കണ്ടില്ലെന്നു നടിക്കാൻ പ്രേരണ നൽകുന്നു. എങ്കിലും ചില ദൃശ്യങ്ങളും, കഥാപാത്രങ്ങളും മികച്ച ഹാസ്യാനുഭവം പകർന്നു. വിധി നമുക്കായ്‌  തുന്നിചേർക്കുന്ന കുപ്പായങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നിറഞ്ഞ ചിന്തകൾ അവശേഷിപ്പിക്കുന്ന ഈ സിനിമ നിങ്ങൾ കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു.


No comments:

Post a Comment