Tuesday 14 August 2018

THE JAR (1992)

FILM : THE JAR (1992)
GENRE : DRAMA
COUNTRY : IRAN
DIRECTOR : EBRAHIM FOROUZESH
            ഒരു സിനിമ മനോഹരമാകുന്നത് അതിലെ കാഴ്ചകളുടെ ഭംഗി കൊണ്ട് മാത്രമല്ല. സിനിമ നിർമ്മലതയോടെ നമ്മുടെ മനസ്സിനെ സ്പർശിക്കുമ്പോഴും മനോഹാരിതയുടെ പ്രഭ സിനിമയോടൊപ്പം ചേരുന്നുണ്ട്. 1992-ൽ പുറത്തിറങ്ങിയ ഇറാനിയൻ സിനിമയായ THE JAR അത്തരത്തിലുള്ള ഒരു കൊച്ചു ചിത്രമാണ്. മരുഭൂമിയോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമത്തിലെ സ്‌കൂളിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഒരു സിനിമ.
     സിനിമയുടെ പേര് പോലെ സ്‌കൂൾ വളപ്പിലെ വലിയ മരത്തിനു കീഴെ സ്ഥാപിച്ചിരിക്കുന്ന വലിയ ജാറിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഉള്ളടക്കം പരുവപ്പെടുന്നത്. വിദ്യാർത്ഥികൾക്ക് ദാഹശമനത്തിനുള്ള ആശ്രയമായ ഈ ജാറിന് വിള്ളൽ വന്നിട്ടുള്ളതായി അധ്യാപകന്റെയും, കുട്ടികളുടെയും ശ്രദ്ധയിൽ പെടുന്നു. അധ്യാപകനും, കുട്ടികളും ചേർന്ന് ജാർ റിപ്പയർ ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയാണ്. അവിടം മുതൽ ചിരിയും, ഓർമ്മകളും നൽകി സിനിമ നമ്മെയും കൂട്ടി മുന്നേറുന്നു.
     1967-ന്റെ പശ്ചാത്തലമാണ് സിനിമയ്ക്കുള്ളത്. കഠിനാധ്വാനിയും, സത്യസന്ധനും, ശുദ്ധ ഹൃദയത്തിനുടമയുമായ അധ്യാപകൻ, പരദൂഷണങ്ങൾക്കും വാചാലതകൾക്കുമപ്പുറം നിഷ്ക്രിയമായ സമൂഹം, സക്രിയരായവരെ ഇകഴ്ത്തുന്ന സാമൂഹ്യബോധം, നിഷ്കളങ്കതയുടെ സൗന്ദര്യവും, കുസൃതിയും നിറഞ്ഞ ബാല്യം എന്നിവയെല്ലാം ഈ സിനിമയുടെ അവശേഷിപ്പുകളാവുന്നു.
     ചെറിയ കാര്യങ്ങളിൽ നിന്ന് മികവുറ്റ സിനിമകൾ സൃഷ്ടിക്കുന്ന ഇറാനിയൻ സിനിമയോട് ഇഷ്ടം മാത്രമേയുള്ളൂ. ചുറ്റുപാടുകളെ ലാളിത്യത്തോടെ തിരശ്ശീലയിൽ പകർത്തുന്ന ഇറാനിയൻ മികവിന്റെ മറ്റൊരു ഉദാഹരണമാകുന്നു THE JAR.  



Sunday 12 August 2018

THE VIOLIN (2005)


FILM : THE VIOLIN (2005)
GENRE : DRAMA !!! MUSIC
COUNTRY : MEXICO
DIRECTOR : FRANCISCO VARGAS
           സംഗീത ഉപകരണങ്ങളുടെ കൂട്ടത്തിലെ രാജാവാണ് വയലിൻ എന്നാണ് കേട്ടിട്ടുള്ളത്. വേദനയും, പ്രണയവും, ആഹ്ലാദവും, ദുഃഖവുമെല്ലാം അതിന്റെ സ്വരമാധുരിയിൽ ലയിച്ച് ഹൃദയത്തെ സ്പർശിച്ച അനുഭവങ്ങൾ ഈ പ്രസ്താവനയ്ക്ക് സാക്ഷ്യവുമാകുന്നു. സംഗീതം ഒരു കഥാപാത്രം പോലെ നിറഞ്ഞു നിൽക്കുന്ന മെക്സിക്കൻ സിനിമയായ THE VIOLIN ആണ് ഇന്ന് പരിചയപ്പെടുത്തുന്ന സിനിമ.
           ഇത് പ്ലൂട്ടാർക്കോ എന്ന വൃദ്ധന്റെ കഥയാണ്. അയാളുടെ സംഗീതത്തിന്റെ കഥയാണ്. അയാൾ പ്രതിനിധീകരിക്കുന്ന ദുരവസ്ഥകളുടെ നേർക്കാഴ്ചയാണ്. പട്ടാളത്തിന്റെ ഉരുക്കുമുഷ്ടികളെ ഭയന്ന് കിതച്ചോടുന്ന നിസ്സഹായരായ ഒരു ജനതയെയാണ് ഈ സിനിമ കാഴ്ചക്കാരനു മുന്നിൽ കോറിയിടുന്നത്. അധികാരത്തിന്റെ ക്രൂരതകൾ കുറച്ചു ദൃശ്യങ്ങളിലേക്കു ചുരുങ്ങുന്നുണ്ടെങ്കിലും, അതേൽപ്പിക്കുന്ന ആഘാതം സിനിമയ്ക്ക് ശേഷവും നിലനിൽക്കുന്നു എന്നതിലാണ് സിനിമയുടെ യഥാർത്ഥ ശക്തി.
          പ്ലൂട്ടാർക്കോ, മകൻ ജെറാനോ, പേരമകൻ, പട്ടാള ക്യാപ്റ്റൻ എന്നിവരിലൂടെയാണ് പ്രധാനമായും സിനിമ സംവദിക്കുന്നത്. രൂക്ഷമായ പോരാട്ടത്തിന്റെ തീവ്രതയെ പ്രേക്ഷകനിലേക്ക് പകരുന്ന വിധത്തിലാണ് കാഴ്ചകളെയും, സംഭാഷണങ്ങളെയും ഉപയോഗിച്ചിരിക്കുന്നത്. അധികാര മുഷ്‌കിന്റെ സഹചാരിയായ അനീതിയുടെ പ്രളയത്തെ എതിരിടുന്ന വിമതരുടെ നീതിയ്ക്കായുള്ള പിടച്ചിലുകളാണ് ഈ സിനിമയുടെ സംഗീതം. ആയുധങ്ങൾ പൊഴിക്കുന്ന സംഗീതത്തിൽ അപരന്റെ സ്വരങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുന്ന യാഥാർത്യം വേദനയായി തന്നെ അവശേഷിക്കുന്നു.
       നിസ്സഹായതയുടെയും,  പോരാട്ടത്തിന്റെയും പ്രതീകമാണ് പ്ലൂട്ടാർക്കോ. ഉപജീവനത്തിനും, പോരാട്ടത്തിനും അയാൾക്ക്‌ തുണയാകുന്നതും സംഗീതമാണ്. അധികാര ഭീകരതകളാൽ സൃഷ്ടിക്കപ്പെടുന്ന "നിശബ്ദതയിൽ" പൂർണ്ണമായി നിലയ്ക്കുന്നില്ല സംഗീതം. പോരാട്ടത്തിന്റെ കനലുകൾ ഉള്ളിലൊളിപ്പിച്ച് അതിജീവനത്തിന്റെ, നിസ്സഹായതയുടെ രൂപമണിഞ്ഞ് സംഗീതം നിലകൊള്ളുന്നിടത്ത് കറുപ്പിലും വെളുപ്പിലും ചാലിച്ച ഈ മനോഹര സിനിമ അവസാനിക്കുന്നു. പക്ഷെ സിനിമ ഉണർത്തുന്ന ചിന്തകൾ..........

Tuesday 7 August 2018

THAT TRIP WE TOOK WITH DAD (2016)


FILM : THAT TRIP WE TOOK WITH DAD (2016)
COUNTRY : ROMANIA
GENRE : HISTORY !!! DRAMA
DIRECTOR : ANCA MIRUNA LAZARESCU

             ചരിത്ര യാഥാർത്യങ്ങളെ ദൃശ്യവൽക്കരിക്കുന്ന സിനിമകളോട് പ്രത്യേകമായ ഒരു ഇഷ്ടമുണ്ട്. പലപ്പോഴും വ്യക്തിപരമായ അനുഭവങ്ങളെ തിരശ്ശീലയിലേക്ക് പകർത്തിയെഴുതുമ്പോൾ പക്ഷപാതിത്തം സ്വാഭാവികതയായി നുഴഞ്ഞു കയറുന്നതും കാണാം. നേരും-നുണയും വകഞ്ഞു മാറ്റാൻ ആ കാലഘട്ടത്തിലേക്ക് "ആധികാരികതകളെ"(?) കൂട്ടുപിടിച്ചു ഊളിയിടേണ്ടിയും വരും. യാഥാർത്യങ്ങളെ ഉറപ്പിക്കാൻ പൂർണ്ണമായി ശ്രമിക്കാറില്ലെങ്കിലും, ആ കാലഘട്ടവും ഒരു ഉണ്മയായിരുന്നു എന്ന തിരിച്ചറിവിൽ സന്ധി ചെയ്താണ് എന്നിലെ പ്രേക്ഷകൻ ആശ്വസിക്കാറുള്ളത്.
      1968-ലെ റൊമാനിയൻ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സിനിമയാരംഭിക്കുന്നത്. ഡോക്റ്ററായ MIHAIL, ഭരണകൂടത്തോട് വിയോജിപ്പുള്ള സഹോദരൻ എമിൽ, രോഗിയായ പിതാവ് എന്നിവരടങ്ങുന്ന ജർമ്മൻ വേരുകളുള്ള ഒരു കുടുംബത്തിന്റെ യാത്രയാണ് ഈ സിനിമ. പിതാവിന്റെ ചികിത്സയ്ക്കുള്ള സൗകര്യം തേടി ജർമ്മനിയിലേക്ക് മൂവരും യാത്രയാവുകയാണ്. ഒരു റോഡ് മൂവി എന്ന് പറയാൻ കഴിയാത്ത വിധമാണ് സിനിമയുടെ കഥാഗതി. യാത്രയിലുടനീളം രാഷ്ട്രീയ അസ്ഥിരതകളുടെ തീക്ഷ്‌ണതകളെയാണ് കണ്ടുമുട്ടാനാവുക. റൊമാനിയ എന്നതിനപ്പുറം, ചെക്കോസ്ലോവാക്യ, കിഴക്കൻ-പശ്ചിമ ജർമ്മനി എന്നിവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും  പ്രേക്ഷകന്റെ മനസ്സിലേക്ക് നടന്നുകയറുന്നു.
      മനുഷ്യാവകാശങ്ങളും, സ്വാതന്ത്ര്യവും, ഭയരഹിതമായ ജീവിതവും സ്വപ്‌നമായിരുന്ന ഒരു കാലഘട്ടത്തിലെ മനുഷ്യരുടെ നിസ്സഹായതകളെ ഓർത്തു നെടുവീർപ്പിടാനാണ് നമുക്കാവുക. ക്യാപിറ്റലിസവും, കമ്മ്യൂണിസവും, സോഷ്യലിസവുമെല്ലാം പ്രായോഗികതയുടെ രൂപമണിഞ്ഞു സമൂഹത്തിലേക്കിറങ്ങുന്ന കാഴ്ചകൾക്കിടയിലും  കഥാപാത്രങ്ങളുടെ നാവുകളിൽ ഒരിക്കലും അവസാനിക്കാത്ത വിധം മുഴങ്ങുന്നത് "സ്വാതന്ത്ര്യം" എന്നു തന്നെയായിരുന്നു. സമാധാനം, സഹിഷ്ണുത, വിശ്വമാനവികത എന്നീ ആലങ്കാരികതകൾക്കു മുകളിൽ ഇന്നും കേൾക്കുന്നത് ഈ നിലവിളികൾ തന്നെയല്ലേ?....................................

Sunday 5 August 2018

THE OTHER ME (2016)


FILM : THE OTHER ME (2016)
GENRE : CRIME !!! MYSTERY
COUNTRY : GREECE
DIRECTOR : SOTIRIS TSAFOULIAS
           ഗ്രീസ് എന്ന പേര് കേൾക്കുമ്പോൾ തന്നെ അറിവിന്റെയും, തത്വചിന്തയുടെയും  വെളിച്ചം വിതറി മാനവരാശിയ്ക്ക്  വഴികാട്ടിയ അനവധി മഹാന്മാരെയാണ് ഓർമ്മ വരുന്നത്. ഈ സിനിമയും  ചില പൈതഗോറിയൻ ചിന്തകളെ സമ്മാനിക്കുന്നു. പക്ഷെ, ഇവിടെ ആ ചിന്താശകലങ്ങളേക്കാൾ അതെഴുതിയിടുന്ന ആളെയാണ് അന്വേഷകർക്കൊപ്പം കാഴ്ചക്കാരും പരതുന്നത്.
     മനുഷ്യ മനസ്സിന്റെ ഇരുട്ട് നിറഞ്ഞതും, നിഗൂഢവുമായ ഇടങ്ങളെക്കുറിച്ചെല്ലാം വാചാലനാകുന്ന ക്രിമിനോളജി പ്രൊഫസ്സർ ദിമിത്രിയാണ് നായകൻ. തുടർച്ചയായി അരങ്ങേറുന്ന കൊലപാതകങ്ങൾ കാരണം പോലീസ് പ്രൊഫസ്സറുടെ സഹായം തേടുകയാണ്. കൊലപാതകങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരുകാര്യം കൊലയാളി കുറിച്ചിടുന്ന പൈതഗോറിയൻ വചനങ്ങളാണ്. കൊലപാതകങ്ങളുടെ കാരണവും, കൊലയാളിയുടെ മനസ്സും തേടി ദിമിത്രിയുടെ വഴികളിലൂടെ നമുക്കും യാത്ര ചെയ്യാം.
          ഒരു മിസ്റ്ററിയുടെ ചുരുളഴിക്കുന്നതിനു പാരലലായി ദിമിത്രിയുടെ വ്യക്തിജീവിതത്തിലേക്കും സിനിമ കടന്നു ചെല്ലുന്നുണ്ട്. രണ്ടിനെയും നന്നായി ബ്ലെൻഡ് ചെയ്യാനും സിനിമയ്ക്കാവുന്നുണ്ട്.  ക്രൈം-മിസ്റ്ററിയോടൊപ്പം മറ്റു എലമെൻറ്സ് കൂടെ കടന്നു വരുന്നത് സിനിമയെ മറ്റു രീതിയിൽ കൂടി അടയാളപ്പെടുത്താൻ സഹായകമാവുന്നു. ദിമിത്രിയുടെ ക്യാരക്റ്റർ ചെയ്ത നടന്റെ പ്രകടനം മികച്ചു നിന്നു. തുടക്കം മുതൽ ഒടുക്കം വരെ ഉദ്വേഗം നിറഞ്ഞു നിൽക്കുന്ന രീതിയിലുള്ള സിനിമയല്ല THE OTHER ME. എന്തായാലും, എനിക്കിഷ്ടമായി. നിങ്ങൾക്കും ഈ സിനിമ നിരാശ സമ്മാനിക്കില്ല എന്ന പ്രതീക്ഷയോടെ......

Wednesday 1 August 2018

THIS BEAUTIFUL FANTASTIC (2016)

FILM : THIS BEAUTIFUL FANTASTIC (2016)
GENRE : COMEDY !!! FANTASY!!! ROMANCE
COUNTRY : UK
DIRECTOR : SIMON ABOUD
                ലാളിത്യമായിരിക്കും ചില സിനിമകളുടെ  മുഖമുദ്ര. കാഴ്ച്ചക്കാരന്റെ മനസ്സിനെ തരളിതമാക്കി ഒഴുകുന്ന ഒരു തെളിനീരുറവ പോലെ സംശുദ്ധമായ അനുഭവമേകുന്നവയാണ് ചില സിനിമകൾ. റിഫ്രഷിങ്, ചാർമിങ്, ഫീൽഗുഡ്, ഹാർട്ട് വാമിങ് എന്നിങ്ങനെയുള്ള പേരുകളോട് ചേർത്ത് കേൾക്കുന്ന അത്തരം കാഴ്ചകളെ ഇഷ്ടപ്പെടാത്തവർ ഉണ്ടാവില്ല എന്നാണ്  തോന്നുന്നത്.  
        ദിസ് ബ്യുട്ടിഫുൾ ഫന്റാസ്റ്റിക് എന്ന ഈ സിനിമ അതിന്റെ പേരുപോലെ തന്നെ മനോഹരമാക്കുന്നതിൽ മുന്നിൽ നിൽക്കുന്ന കാര്യങ്ങളിൽ ഒന്ന് കഥാപാത്രങ്ങളാണ്. പ്രേക്ഷകന്റെ മനസ്സിൽ ഇടം കണ്ടെത്തുമാറുള്ള  ഒരു കഥാപാത്ര സൃഷ്ട്ടിയെയാണ് അനുഭവിച്ചറിയാനായത്. "ഒബ്സസ്സീവ് ആൻഡ് കമ്പൽസീവ് ഡിസോർഡർ" ഉള്ള ബെല്ല ബ്രൗൺ   എന്ന പെൺകുട്ടിയും അവളുടെ ചുറ്റുപാടുകളേയുമാണ് സിനിമ കാണിച്ചു തരുന്നത്. പ്രണയവും, ഫാന്റസിയും, ഇമോഷനുകളുമെല്ലാം പാകമായ അളവിൽ ചേർത്തിരിക്കുന്ന ഈ സിനിമയിലെ ഫ്രെയിമുകളും മനോഹരമാണ്. ബെല്ല ബ്രൗൺ എന്ന കഥാപാത്രത്തിൽ പലയിടങ്ങളിലും AMELIE-യുടെ നിഴൽ കാണാനാകുന്നു. സിനിമാറ്റിക് ക്ലിഷേകളിൽ നിന്ന് പൂർണ്ണമായി മുക്തമല്ലെങ്കിലും പ്രേക്ഷക മനസ്സിന്റെ ഇഷ്ടം പിടിച്ചു പറ്റാൻ ഈ സിനിമയ്ക്കാവും എന്നു തന്നെയാണ് എന്റെ വിശ്വാസം.