Tuesday, 14 August 2018

THE JAR (1992)

FILM : THE JAR (1992)
GENRE : DRAMA
COUNTRY : IRAN
DIRECTOR : EBRAHIM FOROUZESH
            ഒരു സിനിമ മനോഹരമാകുന്നത് അതിലെ കാഴ്ചകളുടെ ഭംഗി കൊണ്ട് മാത്രമല്ല. സിനിമ നിർമ്മലതയോടെ നമ്മുടെ മനസ്സിനെ സ്പർശിക്കുമ്പോഴും മനോഹാരിതയുടെ പ്രഭ സിനിമയോടൊപ്പം ചേരുന്നുണ്ട്. 1992-ൽ പുറത്തിറങ്ങിയ ഇറാനിയൻ സിനിമയായ THE JAR അത്തരത്തിലുള്ള ഒരു കൊച്ചു ചിത്രമാണ്. മരുഭൂമിയോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമത്തിലെ സ്‌കൂളിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഒരു സിനിമ.
     സിനിമയുടെ പേര് പോലെ സ്‌കൂൾ വളപ്പിലെ വലിയ മരത്തിനു കീഴെ സ്ഥാപിച്ചിരിക്കുന്ന വലിയ ജാറിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഉള്ളടക്കം പരുവപ്പെടുന്നത്. വിദ്യാർത്ഥികൾക്ക് ദാഹശമനത്തിനുള്ള ആശ്രയമായ ഈ ജാറിന് വിള്ളൽ വന്നിട്ടുള്ളതായി അധ്യാപകന്റെയും, കുട്ടികളുടെയും ശ്രദ്ധയിൽ പെടുന്നു. അധ്യാപകനും, കുട്ടികളും ചേർന്ന് ജാർ റിപ്പയർ ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയാണ്. അവിടം മുതൽ ചിരിയും, ഓർമ്മകളും നൽകി സിനിമ നമ്മെയും കൂട്ടി മുന്നേറുന്നു.
     1967-ന്റെ പശ്ചാത്തലമാണ് സിനിമയ്ക്കുള്ളത്. കഠിനാധ്വാനിയും, സത്യസന്ധനും, ശുദ്ധ ഹൃദയത്തിനുടമയുമായ അധ്യാപകൻ, പരദൂഷണങ്ങൾക്കും വാചാലതകൾക്കുമപ്പുറം നിഷ്ക്രിയമായ സമൂഹം, സക്രിയരായവരെ ഇകഴ്ത്തുന്ന സാമൂഹ്യബോധം, നിഷ്കളങ്കതയുടെ സൗന്ദര്യവും, കുസൃതിയും നിറഞ്ഞ ബാല്യം എന്നിവയെല്ലാം ഈ സിനിമയുടെ അവശേഷിപ്പുകളാവുന്നു.
     ചെറിയ കാര്യങ്ങളിൽ നിന്ന് മികവുറ്റ സിനിമകൾ സൃഷ്ടിക്കുന്ന ഇറാനിയൻ സിനിമയോട് ഇഷ്ടം മാത്രമേയുള്ളൂ. ചുറ്റുപാടുകളെ ലാളിത്യത്തോടെ തിരശ്ശീലയിൽ പകർത്തുന്ന ഇറാനിയൻ മികവിന്റെ മറ്റൊരു ഉദാഹരണമാകുന്നു THE JAR.  



1 comment:

  1. കഠിനാധ്വാനിയും, സത്യസന്ധനും, ശുദ്ധ ഹൃദയത്തിനുടമയുമായ അധ്യാപകൻ, പരദൂഷണങ്ങൾക്കും വാചാലതകൾക്കുമപ്പുറം നിഷ്ക്രിയമായ സമൂഹം, സക്രിയരായവരെ ഇകഴ്ത്തുന്ന സാമൂഹ്യബോധം, നിഷ്കളങ്കതയുടെ സൗന്ദര്യവും, കുസൃതിയും നിറഞ്ഞ ബാല്യം എന്നിവയെല്ലാം ഈ സിനിമയുടെ അവശേഷിപ്പുകളാവുന്നു.

    ReplyDelete