Wednesday 27 August 2014

മുന്നറിയിപ്പ് (2014)

FILM : MUNNARIYIPPU
GENRE : PSYCHOLOGICAL THRILLER
DIRECTOR : VENU
             "അരസികം"  എന്ന വാക്ക് വിലങ്ങു തടിയായി  പലരും എന്റെ മുന്നിലിട്ടുവെങ്കിലും , എന്നിലെ സിനിമാ സ്നേഹിക്ക് അവയെ കവച്ചു വെയ്ക്കാനായി. അതു കൊണ്ട് തന്നെ അടുത്ത കാലത്ത് മലയാളത്തിലിറങ്ങിയ "മികച്ച" ഒരു സിനിമാ അനുഭവത്തിന് സാക്ഷിയാകാനും സാധിച്ചു. പല തരത്തിലും, പല തലത്തിലും വ്യാഖ്യാനിക്കാനും , വിശകലനം ചെയ്യാനും അവസരങ്ങൾ നൽകിക്കൊണ്ടാണ് "മുന്നറിയിപ്പ്" നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. സി . കെ  രാഘവൻ എന്ന കഥാപാത്രത്തിന്റെ  അതി സൂക്ഷ്മ  ഭാവതലങ്ങൾ ഒന്നൊന്നായി മിന്നി മറയുന്നത് എത്ര മനോഹരമായാണ് മമ്മൂട്ടി  പകർന്നാടിയിട്ടുള്ളത്. നിഗൂഡതയും, ലാളിത്യവും ഒരുപോലെ ചേക്കേറുന്ന ഭാവങ്ങളുടെ ക്യാൻവാസ്  ആയി  മാറുന്നു    രാഘവൻ. ഈ സിനിമ രാഘവൻ എന്ന  സാധാരണക്കാരൻ  എന്ന് തോന്നിപ്പിക്കുന്ന എന്നാൽ അടിമുടി അസാധാരണത്വം നിറഞ്ഞ ഒരു മനുഷ്യന്റെ വിശകലനമായാണ് എനിക്കനുഭവപ്പെട്ടത്‌. അതോടൊപ്പം, അയാളുടെ ചിന്താസരണികളുടെയും , ദുരൂഹതകളുടെയും കാരണഹേതുക്കളേയും  വിശകലന  വിധേയമാക്കാൻ ബോധപൂർവ്വം  വഴിമരുന്നിടുന്നു.
                            പലരും പറഞ്ഞ പോലെ , ഒരു  "ഇഴച്ചിൽ" , "ബോറടി" എന്നിവയൊന്നും എനിക്കനുഭവപ്പെട്ടില്ല . കാരണം, ഇത്തരം  "വിശേഷണങ്ങൾക്ക്"  ഈ സിനിമയെ അർഹമാക്കിയ പല രംഗങ്ങളും ഈ കഥാപാത്ര വിശകലനത്തിനായുള്ള  ശക്തമായ സൂചനകളും, ഒരുക്കങ്ങളുമായിരുന്നു. രാഘവൻ തെളിഞ്ഞ ഓരോ ദൃശ്യങ്ങളിലും , വാക്കുകളിലും ഊളിയിട്ട് അയാളുടെ മനോവ്യാപാരങ്ങളെ  എത്തിപ്പിടിക്കുവാനാണ് പ്രേക്ഷകർ ശ്രമിക്കേണ്ടത് എന്ന് തോന്നി.
                  ക്ലൈമാക്സ് മനസ്സിലായില്ല എന്ന് പറഞ്ഞ് , ഈ സിനിമ സങ്കീർണമായ ഒരു മനോ വ്യായാമമാണെന്ന  ധാരണയൊക്കെ  പലരും പരത്തുന്നതായി കണ്ടു. പിന്നിട്ട ഫ്രൈമുകളിൽ നിന്ന് രാഘവന്റെ ചിരിയിലേക്ക്‌ കൂട്ടി വരയ്ക്കാവുന്നിടത്തോളം   സങ്കീർണതയെ  ഈ സിനിമയ്ക്കുള്ളൂ.  അപ്രതീക്ഷിതമായ ക്ലൈമാക്സിനപ്പുറം   ആസ്വാദ്യകരമായ  അംശങ്ങൾ കണ്ടെടുക്കാവുന്ന വിശാലത ഈ  സിനിമയ്ക്ക്‌   ഉണ്ട് എന്നാണ് എന്നിലെ സിനിമാ പ്രേമിയുടെ അഭിപ്രായം. ഈ സിനിമ എല്ലാവരിലും ഒരേ തരം ദൃശ്യാനുഭൂതിയല്ല അവശേഷിപ്പിക്കുന്നത് എന്നതും  സിനിമയുടെ ക്ലാസ്സ് വെളിവാക്കുന്നു. ഓരോ പ്രേക്ഷകനും ഈ "മുന്നറിയിപ്പിൽ" നിന്നും അടർത്തിയെടുക്കുന്ന  ചിന്തകളെ പല ദൃശ്യങ്ങൾ കൊണ്ടും , വാക്കുകൾകൊണ്ടും ഉരച്ചു നോക്കും എന്നാണ്  തോന്നുന്നത്. സിനിമ ഉയർത്തിയ പൊതു ചിന്തകളിൽ "സ്വാതന്ത്ര്യം" തന്നെയാണ് മുഴച്ചു നിൽക്കുന്നത് . "NONE ARE MORE HOPELESSLY ENSLAVED THAN THOSE WHO FALSELY BELIEVES THEY ARE FREE" എന്ന ഗയ്‌ഥെ- യുടെ വാചകം പോലെ , വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെ  ഒരു മലക്കം മറിച്ചിലിലേയ്ക്ക്  നയിക്കുന്നു രാഘവനും , മുന്നറിയിപ്പും ......
                    സിനിമയിലെ ഇതര കഥാപാത്രങ്ങൾ  കേവലം ആൾക്കൂട്ടം  എന്നതിനപ്പുറം  ശക്തമായ സാന്നിദ്ധ്യമാകുന്നത് , അവർ പലതിന്റെയും REFERENCE-കളോ ,  പ്രതീകങ്ങളോ ആയിരുന്നോ എന്ന് ചിന്തിക്കുമ്പോഴാണ്. രാഘവനൊപ്പം  സിനിമയിൽ സ്പേസ് ലഭിച്ച അഞ്ജലിയും മികച്ചു നിന്നു.
                   ആഖ്യാനത്തിന് സ്വീകരിച്ച രീതിയും , വേഗതയും നീതികരിക്കാവുന്ന  ഒരു മൌലികമായ ശ്രമമായി തോന്നി. വേണുവിനും, ഉണ്ണി  എന്ന തിരക്കഥാകൃത്തിനും  തലയുയർത്തിപ്പിടിക്കാവുന്ന  ഒന്നായി തന്നെയാണ് മുന്നറിയിപ്പ് പരിണമിച്ചിരിക്കുന്നത്. LIGHT  AND SHADE  സിനിമയുടെ നിഗൂഡതയുടെ  ഓരം ചേർന്ന് നിന്നു. പശ്ചാത്തല സംഗീതം സിനിമയുടെ പാതകളിൽ നിന്ന് വേറിട്ട്‌ നിൽക്കാത്ത വിധം അലിഞ്ഞു ചേർന്ന് , സിനിമയെ മികച്ച അനുഭവമാക്കുന്നതിൽ മുൻ പന്തിയിൽ നിന്നു.
                     മുന്നറിയിപ്പിലെ  പല കാര്യങ്ങളും വരും നാളുകളിൽ തുറന്ന ചർച്ചകൾക്ക് വിധേയമാകും എന്ന് പ്രതീക്ഷിക്കുന്നു.സിനിമയിലെ പല പ്രധാന അംശങ്ങളും ഈ അവസരത്തിൽ വിശകലനം ചെയ്യുന്നത് അനുചിതവുമാണ്. ചവറുകൾക്കിടയിൽ  മാണിക്യം കണ്ട അങ്കലാപ്പുള്ളവരും , മലയാള സിനിമയുടെ നിലവാരത്തകർച്ചയെക്കുറിച്ച് അത്മാർതതയില്ലാതെ  ഓരിയിടുന്നവരും  ഈ സിനിമയുടെ സൗന്ദര്യവും , മൂല്യവും തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു. നല്ല സിനിമകൾ ഇനിയും സ്ക്രീനുകൾ നിറയണമെങ്കിൽ "നല്ല സിനിമകളുടെയും " കൂടി  പ്രേക്ഷകരാകൂ എന്ന അപേക്ഷയോടെ നിർത്തുന്നു......

Sunday 24 August 2014

THE VERTICAL RAY OF THE SUN (2000)



MOVIE  : THE VERTICAL RAY OF THE SUN
COUNTRY : VIETNAM
DIRECTOR  : TRAN ANH HUNG
GENRE : DRAMA
              സിനിമയുടെ മുന്നിലിരിക്കുന്ന സമയം ഒരു കവിത ആസ്വദിക്കുന്ന പോലെ മനോഹരമായ അനുഭവം. വർണ്ണങ്ങൾ  ഹൃദയത്തിലേക്ക്  ഒലിച്ചിറങ്ങുന്ന മായികത അവശേഷിപ്പിക്കുന്ന ദൃശ്യ ഭംഗി. പ്രകൃതിയുടെ സ്വാഭാവികമായ ജൈവികത കൂടി പങ്കിട്ടെടുത്ത  പശ്ചാത്തല സംഗീതം. പലതായി ചിതറിക്കിടക്കുന്ന ജീവിതത്തിന്റെ ഏടുകൾ ക്രമരഹിതമായി  അവതരിപ്പിച്ച  അപൂർവ്വത. മെല്ലെ ഒഴുകിപ്പരന്ന  കഥാഗതി. പ്രമേയത്തിനുപരി മനസ്സിൽ അവശേഷിക്കുന്ന പ്രകൃതിയുടെ വർണ്ണക്കൂട്ടുകൾ. വിയറ്റ്നാമിനെ അടയാളപ്പെടുത്തുന്ന THE VERTICAL RAY OF THE SUN എന്ന സിനിമയെ  ഇങ്ങനെയാകും ഞാൻ വിശേഷിപ്പിക്കുക.
       മൂന്ന് സഹോദരിമാരുടെ ജീവിതത്തെയാണ് സിനിമ മെല്ലെ സ്പർശിക്കുന്നത്. തലോടലിന്റെ മൃദുത്വം സംഘർഷ രഹിതമായ ഇടങ്ങളെയാണ് സിനിമയിൽ സൃഷ്ടിക്കുന്നത്. മൂന്ന് സഹോദരിമാർ ഒരു കോഫീ ഷോപ്പ് നടത്തുകയാണ്. SUONG, KHANH , LIEN  എന്നീ മൂവർ സംഘത്തിൽ LIEN ഒഴികെയുള്ളവർ വിവാഹിതരാണ്. സന്തുഷ്ട ദാമ്പത്യം നയിക്കുന്നവരായാണ് SUONG , KHANH എന്നിവരേയും ഭർത്താക്കന്മാരെയും നമുക്ക് കാണാനാവുന്നത്. ഭർത്താക്കന്മാരിൽ ഒരാൾ BOTANICAL PHOTOGRAPHER-ഉം , മറ്റെയാൾ നോവലിസ്റ്റുമാണ്. ഏറ്റവും ഇളയവളും, ചെയ്തികളിൽ അപക്വത തുളുമ്പി നിൽക്കുന്നവളുമായ LIEN സുന്ദരനായ  സഹോദരൻ HAI-യുടെ കൂടെയാണ് കഴിയുന്നത്‌. LIEN-HAI (സഹോദരീ-സഹോദര) ബന്ധത്തിൽ നമുക്ക് അപ്രിയത തോന്നാവുന്ന അരാജകത്തിന്റെ  അഴുക്കുകളുണ്ടോ എന്ന സംശയം തോന്നിച്ചെങ്കിലും, അതിനെ  പൌരസ്ത്യ സാംസ്കാരികതയിൽ നാട്ടിയ കുറ്റിയിലേയ്ക്ക് തന്നെ വലിച്ചു കെട്ടുന്നു. സിനിമയിലെ ഏറ്റവും മനോഹരവും , രസകരങ്ങളുമായ നിമിഷങ്ങൾ പ്രദാനം ചെയ്യുന്നതും ഈ സഹവാസമാണ്. അവരുടെ പെരുമാറ്റങ്ങൾ മറ്റുള്ളവരിൽ സൃഷ്ടിക്കുന്ന  തെറ്റിദ്ധാരണകൾ , അവരുടെ രീതിയിലെ അസ്വഭാവികതയെ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും  , നമ്മുടെ സംശയങ്ങൾ അസ്ഥാനത്താക്കുന്ന  സന്ദർഭങ്ങളെ നാം കണ്ടുമുട്ടുന്നു.
                സിനിമ, ജീവിതത്തിന്റെ ഒഴുക്കിനൊപ്പം മെല്ലെ മുന്നോട്ടു പോകുമ്പോൾ തെളിയുന്ന ചില രഹസ്യങ്ങൾ നമ്മിൽ അത് വരെ സൃഷ്ടിക്കപ്പെട്ട  ധാരണകളെ തിരുത്തുവാൻ നിർബന്ധിതനാക്കുന്നു. ഫോട്ടോഗ്രാഫറും നോവലിസ്റ്റും തമ്മിലുള്ള സംഭാഷണങ്ങളിൽ കടന്നു വരുന്ന പോർട്രൈറ്റുകളെക്കുറിച്ചുള്ള ചിന്തകളും, മുഖങ്ങളെക്കുറിച്ചുള്ള  പ്രശാന്തതയില്ലായ്മ വാദങ്ങളും, എഴുത്തുകാരന്റെ  WRITER'S  BLOCK  ഉം കഥാ തന്തുവിന്റെ നിഴലിനോട്‌ ചേർത്ത് വെയ്ക്കാവുന്ന ശക്തമായ സൂചനകളാണ്.
                        പച്ചപ്പ്‌ തുടിച്ചു നിൽക്കുന്ന ചിത്ര സമാനമായ രംഗങ്ങൾ,  പ്രകൃതിയുടെ താളക്രമത്തെ വിളിച്ചറിയിക്കുന്ന ശബ്ദ മർമ്മരങ്ങൾ, അലോസരപ്പെടുത്താതെ പെയ്തിറങ്ങുന്ന മഴ........... സിനിമയുടെ  മന്ദഗതിയെ ആസ്വാദ്യകരമാക്കുന്ന  സൗന്ദര്യ സ്പർശമമേകുന്നത് ഇത്തരം ഘടകങ്ങളാണ്. സിനിമയുടെ കാലഘടനയെ വരച്ചിടാനുള്ള അവ്യക്തമായ സൂചനകൾ അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും  , അതൊന്നും സിനിമയുടെ പ്രമേയത്തെ ആഴത്തിൽ സ്പർശിക്കുന്നില്ല. പൂക്കളും, പഴങ്ങളും അവയുടെ നിറഭേദങ്ങളും  ദൃശ്യത്തിനപ്പുറം  സാന്നിധ്യമറിയിക്കുന്നു  എന്ന സംശയം തോന്നിപ്പിച്ചു. ഇവയുടെ ആധിക്യം "സ്ത്രീത്വത്തെ" ബോധപൂർവ്വം ഫ്രൈമുകളിൽ നിറയ്ക്കാനുള്ള  ശ്രമങ്ങളായിരുന്നോ?.... , അതോ  അവരുടെ സാംസ്കാരികതയുടെ സ്വാഭാവികതയായി ഇടം നേടിയതാകുമോ? ......
                          വഞ്ചനയും, മനസാക്ഷിക്കുത്തും ,  പരസ്പര വിശ്വാസവുമെല്ലാം  സംഘർഷങ്ങളുടെ അകമ്പടി കൂടാതെ , മനോഹാരിത ഒട്ടും ചോരാതെ നമ്മെ അനുഭവിപ്പിക്കുന്നു ഈ സിനിമ. അസന്തുഷ്ട്ടി ഊറിക്കിടന്നിരുന്ന ദാമ്പത്യത്തിന്റെ ഉറവകൾ കലങ്ങുന്നെങ്കിലും , അവയെ  സന്തോഷങ്ങളുടെ തെളിനീരുറവയാക്കുന്ന അന്തർ ചൈതന്യം  എല്ലാവരിലും അവശേഷിപ്പിച്ച് പ്രകാശ പൂരിതമായ ജീവിതത്തെയാണ് സിനിമ ബാക്കിയാക്കുന്നത്.
                   സിനിമയിൽ ചില ദൃശ്യങ്ങളിൽ ധ്യാന നിരതനായിരിക്കുന്ന  ബുദ്ധനെക്കാണുമ്പോൾ , "മനസ്സിനെ ജയിക്കുന്നവനാണ് യഥാർത്ഥ ജേതാവ് "  എന്ന മന്ത്രോച്ചാടനവും  തികട്ടി വരും. ജീവിത യാത്രയിൽ നമ്മുടെ യാനപാത്രം തുഴയേണ്ടത് മനസ്സും , അത്മാവുമെല്ലാം  സ്വര ചേർച്ച നേടുന്ന  സാഹചര്യങ്ങളിലേയ്ക്കാണ്  എന്ന ആത്മീയത രുചിക്കാവുന്ന നിഗമനത്തിൽ ഈ സിനിമയെ കുരുക്കിയിടാം എന്ന് തോന്നുന്നു.......

Monday 18 August 2014

THE BANISHMENT (2007)



FILM  : THE BANISHMENT (2007)
COUNTRY  : RUSSIA
GENRE  :  DRAMA
DIRECTOR  :  ANDREY ZVYAGINTSEV

            ഭീതി, നിർവ്വികാരത, ശൂന്യത, നിരാശ  എന്നീ അവസ്ഥകളുടെയെല്ലാം  രൂപം കൈകൊള്ളാറുള്ള  "നിശബ്ദതയെ" പോലും ശ്വാസമടക്കിപ്പിടിച്ചാണ്  ശ്രവിച്ചത്.  ANDREY ZVYAGINTSEV  സംവിധാനം ചെയ്ത റഷ്യൻ മാസ്റ്റർപീസായ  THE BANISHMENT(2007) സൃഷ്ടിച്ച ഭ്രമാത്മകമായ  വൈകാരിക പാതയെ  വിസ്മയിച്ച് പിന്തുടരുകയായിരുന്നു ഞാൻ. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ THE RETURN(2003) ഉയർത്തിയ പ്രതീക്ഷകളെക്കാളുപരി ആദ്യ ഷോട്ട് മുതൽ സിനിമ തീർക്കുന്ന വശ്യമായ ചുഴിയിൽ വീഴാനാവും ഡ്രാമ സ്നേഹികളുടെ വിധി. ബർഗ്മാനും , തർകോവ്സ്കിയും  അനുഭവിപ്പിച്ച അതേ സിനിമാ അനുഭവം ഇന്നും അന്യം നിന്നിട്ടില്ലെന്ന സന്തോഷവും ഈ സിനിമയേകുന്നു.
          നഗരപ്രാന്ത പ്രദേശത്തിലൂടെ ചീറിപ്പാഞ്ഞു  പോകുന്ന കാറിൽ നിന്നും ഇറങ്ങി സഹോദരന്റെ വീട്ടിലേയ്ക്ക് കയറുന്ന മാർക്ക്‌ എന്നയാളുടെ കയ്യിൽ നിന്നും വെടിയുണ്ട നീക്കുന്ന സീനിൽ നിന്നുമാണ് സിനിമയാരംഭിക്കുന്നത്. ഒരു നിഗൂഡതയെ കൂട്ട് പിടിച്ച് ചുവടുവയ്ക്കുന്ന  സിനിമ LINEAR NARRATION രീതിയിലാണ് പകുതിയോളം പിന്നിടുന്നത്. നഗരത്തിൽ നിന്നും ഗ്രാമത്തിന്റെ സ്വച്ഛതയിലേയ്ക്ക് പറിച്ച് നടപ്പെടുകയാണ്  ALEX നെയും , കുടുംബത്തെയും . വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ തീർക്കപ്പെടുന്ന സ്നേഹത്തിന്റെയോ, സ്നേഹശൂന്യതയുടെയോ  വാചികമോ , ദൃശ്യമോ  ആയ ചിഹ്നങ്ങളിലൂടെ സാധാരണമായ സിനിമാരൂപം പൂണ്ട് മൃതിയടയുമായിരുന്ന  സിനിമയെ ഈ പറിച്ചുനടലിലൂടെ അസാധാരണമായ ദൃശ്യാനുഭവമാക്കി  മാറ്റുന്നു സംവിധായകൻ.  ALEX - VERA  ദമ്പതികൾ , മകൻ KIR , മകൾ EVA എന്നിവരിലെല്ലാം സിനിമ തൂകുന്ന സ്നേഹരാഹിത്യത്തിന്റെ അടയാളങ്ങൾ വ്യക്തമാണ്. സ്വർണ്ണ നിറത്തിലുള്ള പുൽമേടുകളുടെ  വിശാലതയിൽ ഒറ്റപ്പെട്ടു കിടക്കുന്ന കുട്ടിക്കാല ഗൃഹത്തിലേക്കുള്ള മടങ്ങിപ്പോക്ക്  ഒരു വീണ്ടെടുപ്പാണെന്ന് തോന്നിച്ചെങ്കിലും, ഈ വിശാലത അവർക്കിടയിലേയ്ക്ക് കയറി നിൽക്കുന്നതായാണ് അനുഭവപ്പെട്ടത്. വിജനമായ രംഗങ്ങൾ വിരളമല്ലാത്ത  ഈ സിനിമയിൽ ഈ വീടും , അത് പുറംലോകവുമായി ബന്ധം സ്ഥാപിക്കുന്ന മരപ്പാലവും  ഏകാന്തതയുടെ തീക്ഷണതയെ ദ്യോതിപ്പിക്കാനുള്ള ബോധപൂർവ്വമായ  ശ്രമങ്ങളായിരുന്നോ  എന്ന് തോന്നി.
                   താൻ ഗർഭിണിയാണെന്ന  VERA-യുടെ  വെളിപ്പെടുത്തലിൽ നിർവ്വികാരനാകുന്ന ALEX , അന്തർ സംഘർഷത്തിലൂന്നിയ   മൌനത്തിലേയ്ക്ക്  കാലൂന്നുന്നത്  "അത് നിങ്ങളുടേതല്ലെന്ന" ചോദ്യ സമാനമായ ശബ്ദത്തിനു ശേഷമാണ്. മൌനം പുതിയ അളവുപാത്രങ്ങളിലെയ്ക്ക്  നിറഞ്ഞൊഴുകുന്ന തുടർ രംഗങ്ങളിൽ  ALEX  സഹോദരനെ(MARK) കാണാൻ പോകുന്നു. മാർക്ക്‌ ഉപദേശമായി വച്ച് നീട്ടുന്ന ഇരട്ട പരിഹാരങ്ങളുടെ സാധ്യതകളും, അത് സൃഷ്ട്ടിക്കാവുന്ന പരിണിതഫലങ്ങളും  അവയെ എളുപ്പമല്ലാതാക്കി തീർക്കുന്നു.   ALEX തെരഞ്ഞെടുക്കുന്ന മാർഗത്തെ ശരി-തെറ്റുകൾ കൊണ്ട് വിലയിരുത്താൻ അത് നയിക്കുന്ന ദാരുണമായ പരിസമാപ്തിയുടെ  വെളിച്ചത്തിൽ പോലും സാധിക്കാതെ പോകുന്നു. സിനിമയിൽ പല ദൃശ്യങ്ങളെയും, സാഹചര്യങ്ങളെയും BIBLICAL-ആയി  വായിച്ചെടുക്കാനുള്ള സാഹചര്യം ബോധപൂർവ്വം സൃഷ്ടിച്ച്  ക്ലാസ്സിക്കുകളുടെ ശൈലിയെ വ്യക്തമായി ഓർമിപ്പിക്കുന്നു ഈ സിനിമ.
              ദാമ്പത്യ-കുടുബ ബന്ധങ്ങളിലെ സ്നേഹമില്ലായ്മ സൃഷ്ടിക്കുന്ന സംഭാഷണ രാഹിത്യം  തീർക്കുന്ന "ഏകാന്തതയുടെ" ഭീതിയുളവാക്കുന്ന അന്ത്യം ഈ സിനിമ മനോഹരമായി അവതരിപ്പിക്കുന്നു. സിനിമയിലെ ഓരോ ഷോട്ടും  ദൃശ്യ ഭാഷയുടെ കനപ്പെട്ട ശബ്ദങ്ങളായതിനാൽ കണ്ണിമ വെട്ടാതെയായിരിക്കും  ഡ്രാമ സ്നേഹികൾ  ഈ സിനിമയിലെ ഫ്രൈമുകളെ വീക്ഷിക്കുക. സംഭാഷണം കുറവായ ഈ സിനിമയെ മുഴുവനായി ആസ്വദിക്കണമെങ്കിൽ ക്യാമറയുടെ ഭാഷയും വായിച്ചെടുക്കെണ്ടതായുണ്ട്.
                         ദാമ്പത്യത്തിന്റെ നല്ല മാതൃകകൾ ഒന്നും അവതരിപ്പിക്കാത്ത  സിനിമ വിവാഹത്തെ  നിരാകരിക്കുന്നുവോ എന്ന് തോന്നിപ്പോകുന്നു. ALEXന്റെ വാർപ്പ് മാതൃകകളിലേയ്ക്ക്  പരുവപ്പെടുന്ന KIR , BUNNY എന്ന സ്നേഹമൊഴിയെ  തഴയുന്ന EVA , VERA-യുടെ  മക്കളെക്കുറിച്ചുള്ള  ദാർശനികചുവയുള്ള വാക്കുകൾ , അസന്തുഷ്ടി ധ്വനിപ്പിച്ച VIKTOR-LEZA  ദമ്പതികൾ, മക്കളെക്കുറിച്ചുള്ള ഓർമ്മകൾ പോലും മനസ്സിൽ അവശേഷിപ്പിക്കാത്ത MARKO , ROBERT-മായുള്ള  സംഭാഷണത്തിൽ VERA കാണിക്കുന്ന വിവാഹത്തിന് മുമ്പുള്ള പുഞ്ചിരി തൂകി നിൽക്കുന്ന ഫോട്ടോ എന്നീ "വിവാഹ ബന്ധിത" മായ  പ്രതീകങ്ങൾ  ഈ ചോദ്യം ആവർത്തിക്കുന്നതായി തോന്നി. സിനിമ ഉടലെടുത്ത സാംസ്‌കാരിക പശ്ചാത്തലത്തിലും , ഇത്തരം  സാമൂഹിക നിർമ്മിതികളിലെ (വിവാഹം)  മാനസിക സംഘർഷങ്ങളുടെ സ്രോതസ്സ് "ചാരിത്ര്യ ശുദ്ധി " എന്ന സാമൂഹിക മൂല്യ ബോധം കൽപ്പിക്കുന്ന അതിരുകളല്ല എന്നതും , ആത്മാർഥവും  , സ്നേഹമസ്രണവുമായ  പരിഗണനയുടെ അഭാവമാണെന്ന  സൂചനയും  സിനിമ നൽകുന്നു.
              നിഗൂഡതയോ , ട്വിസ്റ്റുകളോ ഒന്നുമല്ല ഈ സിനിമയുടെ ശക്തിയെന്നിരുന്നാലും , LINEAR NARRATION-ൽ നിന്നും ഒരു ചുവടു മാറ്റം ദൃശ്യമാക്കുന്ന അവസാന ഭാഗങ്ങളിൽ , വാക്കുകൾ വിരളമായ ഭൂതകാലം  പണിത ശൂന്യതയുടെ വലയിൽ പിടയുന്ന നായികയെ നമ്മൾ കാണുന്നു. നമുക്ക് മുന്നിൽ ആദ്യ പകുതിയിൽ നിവർത്തപ്പെട്ട നായികയുടെ അവസാന കാലത്തിലെ ജീവിത ചുരുളുകൾ , സിനിമയുടെ അവസാന ഭാഗത്ത്‌ മാത്രം വെളിച്ചം കാണുന്ന  ദൃശ്യങ്ങളുമായി കൂട്ടി വായിക്കുമ്പോഴാണ് പുതിയ അർത്ഥതലങ്ങൾ  കൈവരിക്കുന്നത്.
                  അവസാനം വന്നു ചേരുന്ന സത്യങ്ങൾ കാഴ്ചക്കാരനിലുണ്ടാക്കുന്ന ആശ്ചര്യത്തെ വിശ്വസനീയതയുടെ കളങ്ങളിൽ ഒതുക്കി നിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. എന്നാലും അനുകമ്പയുടെ തൂവൽ സ്പർശം  ആർക്കാണ് നൽകേണ്ടത് എന്ന് ആസ്വാദകനെ ചിന്തിപ്പിച്ചാണ് സിനിമയവസാനിക്കുന്നത്. "നമ്മൾ" എന്നത് ഞാൻ-നീ എന്ന് പിരിച്ചെഴുതപ്പെടുന്ന ഈ ലോകം ചൂണ്ടിക്കാണിക്കുന്ന നാളെയുടെ വികാര ശൂന്യമായ തുരുത്തുകളിൽ  വികാര സാന്ദ്രതയെ  പ്രതീക്ഷിച്ചു കൊണ്ട് , എന്റെ   വരികൾക്ക് തളച്ചിടാനാവാത്ത വിധം സുന്ദരവും-സങ്കീർണവും-ഗഹനവുമായ ഈ സിനിമയെ ഉപരിപ്ലവമായി വായിക്കാനുള്ള ശ്രമം മാത്രമാണ് ഈ കുറിപ്പ് എന്ന ഓർമ്മപ്പെടുത്തലോടെ , അവാച്യമായ അനുഭൂതി പകർന്ന ഒരു സിനിമ കാണാൻ സാധിച്ച അത്യാനന്ദത്തോടെ നിർത്തുന്നു.


Saturday 16 August 2014

HEAVENLY FOREST (2006)



FILM : HEAVENLY FOREST (2006)
COUNTRY  : JAPAN
DIRECTOR  : TAKEHIKO SHINJO
GENRE  : ROMANCE

            സ്നേഹം ഏറ്റവും സുന്ദരവും, ദുർഘടവുമായ പാതകളിലൂടെ ഒഴുകുന്നത് കൂടുതൽ കണ്ടിട്ടുള്ളത് , അത് പ്രണയ ഭാവം  കൈവരിയ്ക്കുമ്പോഴാണെന്ന്  തോന്നാറുണ്ട്. യുവത്വത്തിന്റെ ജീവസുറ്റ ഹൃദയതാളങ്ങളെ ഒരു MUSIC CONDUCTOR റുടെ  വിരൽ തുമ്പ്  കൊണ്ടെന്നവണ്ണം  അത് നിയന്ത്രിക്കുന്നു. മനുഷ്യ വൈകാരികതയുടെ ഏറ്റവും മനോഹരങ്ങളായ പ്രതീകങ്ങൾ ദൃശ്യ ഭാഷയിലൂടെ അവതരിപ്പിക്കപ്പെട്ടപ്പോഴും , പ്രണയം ഉത്കൃഷ്ടമായ ഇടം അർത്ഥശങ്കയ്ക്കിടയില്ലാത്ത  വിധം കയ്യടക്കിയിട്ടുണ്ട്.
              2006 ൽ പുറത്തിറങ്ങിയ JAPANESE സിനിമയായ HEAVENLY FOREST  എല്ലാ മികച്ച പ്രണയ സിനിമകളെയും പോലെ മനസ്സിനെ സ്പർശിക്കുന്ന കാഴ്ചകളാണ് പ്രേക്ഷകനായി ഒരുക്കിയിട്ടുള്ളത്. വളരെ ലളിതമായ രീതിയിൽ മനോഹരമായ വിഷ്വൽസിലൂടെ  അവതരിപ്പിച്ചിട്ടുള്ള ഈ സിനിമ യൂണിവേഴ്സിറ്റി  വിദ്യാർത്ഥികളായ MAKOTO , SHIZURO , MIYUKI  എന്നിവരുടെ ജീവിതത്തിലൂടെയാണ് സഞ്ചരിക്കുന്നത്. നന്മയുടെയും, നിർമ്മലതയുടെയും  ഉത്തുംഗതയിൽ  വിരാജിക്കുന്ന സ്ഥിരം കഥാപാത്ര  മാതൃകയാണ്  ഈ സിനിമയിലും കാണുന്നതെങ്കിലും , MAKOTO -- SHIZURO  എന്നിവരുടെ കഥാപാത്രങ്ങളിൽ പരസ്പര പൂരകങ്ങളായ  ഒരു "ABNORMALITY" തെളിഞ്ഞു കാണുന്നുണ്ട്. പ്രണയിക്കപ്പെടാതിരിക്കാൻ കഴിയാത്ത വിധം അവരെ അവതരിപ്പിച്ച സംവിധായകൻ ഒരു ത്രികോണ പ്രണയത്തിന്റെ വ്യക്തമായ സൂചനയും, സാന്നിധ്യവും കൂടി നൽകുന്നു. വശ്യതയും, പക്വതയും സമ്മേളിക്കുന്ന ആകർഷണീയതയുടെ  വിരുദ്ധ ധ്രുവം നായകനു മുന്നിൽ MIYUKI യിലൂടെ തീർത്ത്  നമ്മെയും ആശയക്കുഴപ്പത്തിലാക്കുന്നു ഈ സിനിമ. ഒരു ക്രിസ്തുമസ് കാലത്ത് ന്യുയോർക്കിൽ  SHIZURO യെ കാണാനെത്തിയ MAKOTO യിലൂടെയാണ് സിനിമ തുടങ്ങുന്നത്. അവിടെ നിന്നും കഴിഞ്ഞ കാലത്തെ നിറമുള്ള ഫ്രൈമുകളിലെയ്ക്കും  കഥാതന്തുവിലേയ്ക്കും സിനിമ തിരിഞ്ഞു നടക്കുന്നു. ഈ സിനിമയുടെ ആത്മാവിനെയും, നമ്മുടെ മനസ്സിൽ കാലുറപ്പിക്കുന്ന കഥാപാത്രങ്ങളെയും , ദൃശ്യാനുഭൂതികളെയും  നാം കണ്ടെടുക്കുന്നത് ഈ ഭൂതകാലത്തിലാണ്.  നായകനോടൊപ്പം വർത്തമാനകാലത്തിലേയ്ക്ക് നടന്നെത്തുമ്പോൾ നാടകീയത പ്രാമുഖ്യം നേടുന്നതും, കഥയിൽ വന്നുചേരുന്ന  വളവും-തിരിവും-ഗതിമാറ്റവും  സിനിമയെ മികച്ച അനുഭവമാക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്.
              "ഫോട്ടോഗ്രഫി" കഥയുടെ  പ്രധാന ELEMENT ആയ ഈ സിനിമയിൽ  ജപ്പാനിലെ     പ്രകൃതി രമണീയതയെ അടയാളപ്പെടുത്തുന്ന മനം കുളിർപ്പിക്കുന്ന  ഫ്രൈമുകൾ കാണാവുന്നതാണ്. പ്രണയത്തിന്റെയും, സന്തോഷത്തിന്റെയും നിശബ്ദ ഭാഷ പൊഴിച്ച ദീപ്തമായ ഫ്രൈമുകളിൽ  എഴുന്ന് നിൽക്കുന്ന മരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പച്ച മേലാപ്പും , മന്ദമായി ഇല-മർമ്മരം തീർക്കുന്ന  കാറ്റും നിറ സാന്നിധ്യമറിയിക്കുന്നു. SHIZURO  എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്ത അഭിനേത്രി വളരെ മികച്ചു നിന്നു. ആ റോൾ ആവശ്യപ്പെടുന്ന ശരീര ഭാഷയും, ഡയലോഗ്  പ്രസന്റെഷനും  പ്രകടമാക്കിയ അവർക്കൊപ്പമെത്താൻ  ഇതര കഥാപാത്രങ്ങൾക്ക് സാധിച്ചോ എന്ന് സംശയിക്കേണ്ടി വന്നു. സിനിമയുടെ പശ്ചാത്തല സംഗീതം വീണ്ടും കേൾക്കാൻ കൊതിയുളവാക്കുന്ന  ഒന്നാണ്. മനസ്സിന്റെ വികാര വായ്പ്പുകളെ തീവ്രമാക്കുന്ന ശബ്ദ സാന്നിധ്യമായി ഈ സിനിമയിലെ പശ്ചാത്തല സംഗീതം.
                 ഇന്ത്യൻ പ്രണയ സിനിമകളിൽ സ്ഥിരം കാഴ്ചയാകാറുള്ള  കാമുകീ-കാമുക  സാമ്പത്തിക അന്തരങ്ങളുടെ  കഥാതന്തുവിലുള്ള  നീരാളിപ്പിടുത്തം  ഇത്തരം രാജ്യങ്ങളിലെ ഈ ഗണത്തിലുള്ള സിനിമകളിൽ പ്രതീക്ഷിക്കാനാവില്ല . പ്രണയത്തിന്റെ വൈകാരിക തീവ്രതയെ വ്യത്യസ്തവും മനോഹരവുമാക്കി എങ്ങനെ അവതരിപ്പിക്കാം എന്നതാണ് അവരുടെ ചിന്ത. അതിനാൽ  LOGIC-നു  അപ്പുറത്തേയ്ക്ക്  സിനിമ ചുവടു വെച്ചാലും , സിനിമ അനുഭവിപ്പിക്കുന്ന മന:സുഖത്തിൽ അത് ലയിച്ചില്ലാതാവുകയാണ് പതിവ്.
               ഒരു മഹത്തരമായ സിനിമ എന്ന് ഉറക്കെ പ്രഖ്യാപിക്കാൻ കഴിയില്ലെങ്കിലും പ്രണയ സിനിമ എന്നാ ഗണത്തിലെ മികച്ച ഒന്ന് എന്ന് പറയാം. പ്രണയ സിനിമാ പ്രേമികൾക്കും , കാലത്തിന്റെ വെയിലേറ്റു വാടാത്ത പ്രണയാതുരത  കൈമുതലായുള്ള മനസ്സുകൾക്കും ഈ സിനിമ   ആസ്വാദ്യകരമാകും എന്ന് തീർച്ചയാണ്. ഈ സിനിമ തീർക്കുന്ന അതിരുകൾക്കുള്ളിൽ  "മുഷിപ്പിന്റെയോ, അശ്ലീലത്തിന്റെയോ" ശ്വാസം മുട്ടൽ അനുഭവിക്കേണ്ടി വരില്ല എന്നതിനാൽ നിങ്ങൾ സിനിമ കാണുമെന്ന് പ്രതീക്ഷിച്ച് നിർത്തുന്നു.


Monday 11 August 2014

SILENT WEDDING (2008)



FILM    : SILENT WEDDING (2008)
COUNTRY  : ROMANIA
GENRE    :  COMEDY , DRAMA
DIRECTOR  : HARATIU MALAELE
             ചിലപ്പോൾ സിനിമ മെല്ലെ മന്ത്രിക്കുന്നത് നമ്മൾ ഉച്ചത്തിൽ കേൾക്കാനിടയുണ്ട്. സിനിമ മുന്നോട്ട്  വച്ച ആശയത്തോട് തീവ്രമായ വിയോജിപ്പോ, യോജിപ്പോ ഉണ്ടാകുമ്പോഴാണ്  ഇത്തരം അനുഭവമുണ്ടാവുക. വളരെ ഉച്ചത്തിൽ കേൾക്കാനായില്ലെങ്കിലും  വളരെ വ്യക്തമായിരുന്നു SILENT WEDDING  എന്ന റുമാനിയൻ  സിനിമയുടെ ശബ്ദം. ഒരു  POLITICAL PROPAGANDA  എന്ന വിമർശനം കഴുകിക്കളയാനാവാത്ത വിധം പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിലും  , റുമാനിയൻ രാഷ്ട്രീയ ചരിത്രത്തിലേയ്ക്ക് കണ്ണോടിച്ചാൽ  ഈ സിനിമയിലെ സാമൂഹിക ചിത്രങ്ങളെ അവഗണിക്കാനാവില്ല. കോമഡിയുടെ പ്രസരിപ്പിൽ നിവർന്നു നിൽക്കുന്ന ഈ സിനിമ കേവലമൊരു "FUN RIDE" എന്നതിനുമപ്പുറത്തേയ്ക്ക് നമ്മെ നയിക്കുന്നു.
               സിനിമയുടെ തുടക്കവും , ഒടുക്കവും  വേരൂന്നിയിട്ടുള്ളത്  വർത്തമാനകാലത്തിലാണെങ്കിലും  , കഴമ്പുള്ള മദ്ധ്യം  1953-ലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. ഇവിടെ കാലം ശക്തമായ സൂചനയും അടയാളവുമായി  മാറുന്നു. ഗ്രാമീണതയുടെ സൗന്ദര്യം തൂകുന്ന ദൃശ്യങ്ങളും, വ്യക്തിത്വങ്ങളും, ശബ്ദ കോലാഹലങ്ങളും, സന്തോഷത്തിന്റെയും  -സാഹോദര്യത്തിന്റെയും  ചോരചിന്താത്ത  ഏറ്റുമുട്ടലുകളും ഏതൊരു ഗ്രാമത്തിലെത്  പോലെ സിനിമയിലെ ഗ്രാമത്തിന്റെയും സവിശേഷതകളായി നിറയുന്നു. IANCU , MARA  എന്നിവരുടെ അച്ഛന്മാരുടെ  വാക് പോരാട്ടങ്ങൾ പുതിയ മാനങ്ങളിലെയ്ക്ക് ആവേശ പൂർവ്വം  കുതിച്ചു ചാടുമ്പോഴാണ് , ഏവരെയും സ്തബ്ദരാക്കി IANCU താൻ MARA യെ വിവാഹം കഴിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. ഗ്രാമത്തിലെ പ്രണയ ജോടികളായ  ഇവരുടെ വിവാഹ തീരുമാനം സിനിമയ്ക്കും പുതുജീവനേകുന്നു. വിവാഹം ഉത്സവമായി ആഘോഷിക്കുന്ന സമൂഹത്തിലെ വിവാഹത്തിനായുള്ള  മുന്നൊരുക്കങ്ങളാൽ  ആഹ്ലാദമുഖരിതമായ  വാനത്തിലേയ്ക്ക്  കാർ മേഘങ്ങളായാണ്  "പാവപ്പെട്ടവന്റെ" (WORKING CLASS)   പ്രത്യയ ശാസ്ത്രം  കടന്നു വരുന്നത്. കമ്യൂണിസത്തിന്റെ  വിഖ്യാതനായ പ്രയോക്താവായിരുന്ന ജോസഫ് സ്റ്റാലിന്റെ  മരണ വാർത്തയുടെ രൂപത്തിലാണ് ഈ കാർ മേഘങ്ങൾ ഉരുണ്ടു കൂടുന്നത്. എല്ലാ ആഘോഷങ്ങൾക്കും നിരോധനം  ഏർപ്പെടുത്തി ഭീഷണികളുയർത്തി  കടന്നു പോകുന്ന റഷ്യൻ മുഖമുള്ള പട്ടാളക്കാരൻ ഒരു "STALINIST" ന്റെ എല്ലാ യോഗ്യതകളും പേറുന്നവനായിരുന്നു. ഏറെ കൊതിച്ച വിവാഹ ഉത്സവത്തെ  കൈവിടാൻ മനസ്സുവരാത്ത  ഗ്രാമീണർ നിശബ്ദരായി വിവാഹം നടത്താൻ തീരുമാനിക്കുന്നതും , അത് സൃഷ്ടിക്കുന്ന രസകരങ്ങളായ കാര്യങ്ങളുമാണ് സിനിമയിൽ പിന്നീട് നമ്മെ കാത്തിരിക്കുന്നത്. നിഷ്കളങ്കവും, നിർമ്മലവുമായ കോലാഹലങ്ങളെ ഞെരിച്ചമർത്തിയ അസ്വാതന്ത്ര്യത്തിന്റെ  STALINISTIC  ഉരുക്ക് മുഷ്ടികളെ  മറികടക്കാൻ "നിശബ്ദ വിപ്ലവം"  നടത്തുന്ന കാഴ്ച ഹാസ്യാത്മകതയുടെ അതിപ്രസരത്താൽ  വേറിട്ട കാഴ്ചയാക്കുന്നു  സംവിധായകൻ.
             ബധിരനും, മദ്യപാനിയുമായ  ആളുടെ  മകൾ (SAMARANDA) ക്രൂരമായി കൊലചെയ്യപ്പെടുമ്പോൾ അവളുടെ  കൈകളിൽ ബാക്കിയാകുന്ന "മെഡലുകളും" , തൂവെള്ള വസ്ത്രത്തിൽ പരന്ന "രക്തചുവപ്പും" രാഷ്ട്രീയത്തിന്റെ നിറത്തെയും അത് ആനയിക്കാവുന്ന  വിപത്തിന്റെയും  പ്രവചന-പ്രതീക കാഴ്ചകളാണെന്ന് ധ്വനിപ്പിച്ചു. സിനിമ പ്രതിനിധീകരിക്കുന്ന കാലഘട്ടത്തിലെ  സാമൂഹിക ജീവിതത്തെ അത്രയൊന്നും ആസ്വാദ്യകരമല്ലാത്ത രീതിയിൽ സ്വാധീനിച്ച ചരിത്രപരമായ വസ്തുതയെ തമാശയിൽ മുക്കി ആസ്വാദ്യകരമാക്കിയത് സംവിധായകന്റെ മികവായി കരുതാം. നിർദോഷങ്ങളെന്നു  തോന്നിയ അനേകം സംഭാഷണ ശകലങ്ങൾക്ക്  സശ്രദ്ധം ചെവി കൊടുത്താൽ ആക്ഷേപ ഹാസ്യത്തിന്റെ  കൂർത്ത മുനകൾ വ്യക്തമാവും. പല ദൃശ്യങ്ങളും  കേവല-കാഴ്ചയ്ക്കപ്പുറം  സംവദിക്കുന്നവയായിരുന്നു .
              "പ്രോലിറ്റേറിയേറ്റ്സിന്റെ" കൈകൾക്ക് കരുത്തും , ജീവിതത്തിന് വെളിച്ചവുമേകിയ  കമ്യൂണിസത്തിന്റെ  "ചുവപ്പ് മഷി"  പടർത്തിയ വിപ്ലവങ്ങളുടെ വീര ചരിതങ്ങൾ  എങ്ങും മുഴങ്ങുമ്പോഴും , അതിൽ നിന്നും അപൂർവമായെങ്കിലും  ഒഴുകിയ "കറുത്ത മഷി" തീർത്ത "കറുത്ത പൊട്ടുകളെ "  കണ്ടില്ലെന്നു നടിക്കരുത് എന്ന ചിന്തയാണ് ഈ സിനിമ എന്നിൽ അവശേഷിപ്പിച്ചത്.
            നിങ്ങളുടെ ആശയ-വിശ്വാസ-ആദർശ പ്രമാണങ്ങൾ നിങ്ങളുടെ ആസ്വാദനത്തിന്  അതിര് കൽപ്പിക്കുന്നില്ലെങ്കിൽ  തീർച്ചയായും കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ് ഈ സിനിമ എന്ന ഓർമ്മപ്പെടുത്തലോടെ  നിർത്തുന്നു.                             

Saturday 2 August 2014

HERMANO (BROTHER) 2010



FILM : HERMANO (BROTHER) -2010
DIRECTOR  :  MARCEL RASQUIN
GENRE  : CRIME , DRAMA , SPORT
COUNTRY : VENEZUELA

           സ്നേഹത്തിന്റെ ആഴം പലപ്പോഴും നാം തിരിച്ചറിയാതെ പോവാറാണ്  പതിവ്. അത് മനസ്സിലാകുന്നത്‌ ചിലപ്പോഴെങ്കിലും സ്വപ്നം കൈയ്യെത്തും ദൂരത്ത്‌ വഴുതിയകലുന്ന  വേളയിലുമാകാം. തീവ്രമായ സഹോദര സ്നേഹത്തിന്റെ വ്യത്യസ്തമാർന്ന  അനുഭവമേകിയ  സിനിമയാണ് MARCEL RASQUIN ന്റെ വെനീസ്വലൻ  സിനിമയായ HERMANO (BROTHER ). ഫുട്ബാൾ താരങ്ങളായ ജൂലിയോ, ഡാനിയൽ എന്നീ സഹോദരങ്ങളുടെ ജീവിതത്തിലൂടെയാണ് നമ്മൾ സിനിമയുടെ മറുകര എത്തുന്നത്. ഫുട്ബാൾ , സിനിമയുടെ ആത്മാവിന്റെ  പ്രധാന ഭാഗം കയ്യടക്കുന്നുണ്ടെങ്കിലും  CRIME,DRAMA, SPORTS  എന്നീ GENRE -കളെ കൂട്ടിക്കെട്ടി  ഈ സിനിമയെ തരം തിരിക്കുന്നതാണ്  ഉചിതമെന്ന് തോന്നുന്നു.
               സഹജീവി സ്നേഹത്തിന്റെയും, ഫുട്ബാളിന്റെയും മികച്ച "ദർശനമേകിയാണ്"  സിനിമയാരംഭിക്കുന്നത്. ജീവ വായു നഷ്ടപ്പെട്ട് , ഉപയോഗശൂന്യമായി ചപ്പു ചവറുകൾക്കിടയിൽ  നിദ്രയിലാണ്ട് കിടക്കുന്ന തുകൽ പന്തിനു  സമീപം ഉപേക്ഷികപ്പെട്ട  പിഞ്ചുകുഞ്ഞിനെ(ഡാനിയൽ)  ജൂലിയോ എന്ന കുട്ടി  കാണുന്നുവെങ്കിലും,  സ്നേഹത്തിന്റെ മാലാഖയായി പറന്നിറങ്ങുന്നത്  മാതൃത്വത്തിന്റെ വിശുദ്ധിയിൽ പുറം തിരിയാൻ കഴിയാതെ കുഞ്ഞിനെ വാരിപ്പുണരുന്ന  ജൂലിയോയുടെ അമ്മതന്നെയാണ്. കണ്ണടച്ച് തുറക്കുന്ന മട്ടിൽ  മങ്ങി തെളിയുന്ന സ്ക്രീനിൽ  , 16 വർഷങ്ങൾക്കു ശേഷം ഗ്രൌണ്ടിൽ ഫുട്ബാളിന്റെ വശ്യമായ കേളി വിസ്മയം തീർത്ത് തങ്ങളുടെ ടീമിനെ ഫൈനലിലേയ്ക്ക്  നയിക്കുന്ന ജൂലിയോ-ഡാനിയൽ സഹോദരങ്ങളെയാണ് നാം കാണുന്നത്. എന്നാൽ സിനിമയുടെ തുടർന്നുള്ള ഭാഗങ്ങൾ  ഫുട്ബാളിനപ്പുറം  മറ്റു പ്രശ്നങ്ങളിലേയ്ക്ക്  ഈ സഹോദരങ്ങളെ നയിക്കുകയാണ്. സ്വച്ഛമായി , സ്വപ്നങ്ങൾക്ക്  പിറകെ കുതിക്കുവാൻ അനുവദിക്കാത്ത സാമൂഹിക പശ്ചാത്തലത്തിൽ , കുറ്റകൃത്യങ്ങളുടെയും, പ്രതികാര വാഞ്ചകളുടെയും  ഇരുൾ പടരുകയാണ് ഇവരുടെ ജീവിതത്തിൽ. മാതാവിന്റെ മരണത്തോടെ അതി സങ്കീർണമാകുന്ന ജീവിതത്തെ പ്രശ്നക്കയങ്ങളിൽ നിന്ന് വലിച്ചു കയറ്റാൻ ഫുട്ബാളിലൂടെ മാത്രമേ കഴിയൂ എന്ന് തിരിച്ചറിയുന്നു ഡാനിയൽ . അതിനാൽ തന്നെ കാരമുള്ളുകളുടെ ആവരണമണിഞ്ഞ രഹസ്യങ്ങളെ തന്റെ ഹൃദയത്തിൽ ഒതുക്കി ത്യാഗത്തിന്റെയും, സ്നേഹത്തിന്റെയും,കടപ്പാടിന്റെയും പര്യായമാകുന്നു  ഡാനിയൽ. തന്റെ സ്വപ്‌നങ്ങൾ തന്റേതു മാത്രമല്ല എന്ന ബോധ്യത്തിൽ അതിജീവനത്തിന്റെ അവസാന പോരാട്ടത്തിനായി സഹോദരനോടൊപ്പം തോളോട് തോൾ  ചേർത്ത് ഗ്രൌണ്ടിൽ  നിൽക്കുകയാണ് ഡാനിയൽ. അവന്റെ സ്വപ്‌നങ്ങൾ പൂവണിയുമോ?..... അവന്റെ ത്യാഗങ്ങളുടെ ഭാവിയെന്താകും?........ സിനിമയുടെ തുടക്കം പോലെ ഫുട്ബാളും , സ്നേഹം  ചേർന്ന് നിൽക്കുന്ന അവസാന ഫ്രൈമിലേയ്ക്ക് സിനിമയെ എത്തിച്ചത് സംവിധായകന്റെ വിജയമായി.
                   സിനിമയെ താങ്ങി നിർത്തുന്ന നെടും തൂണുകളാകുന്നത്  ഡാനിയൽ -ജൂലിയോ എന്നിവരാണെങ്കിലും   സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിലും , കഥാപാത്രങ്ങളുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്താൻ സൃഷ്ട്ടിക്കുന്ന സാഹചര്യങ്ങളിലെ വിലപ്പെട്ട സാന്നിധ്യങ്ങളായി മറ്റു കഥാപാത്രങ്ങളും. ജൂലിയോ-ഡാനിയൽ എന്നിവരുടെ കോച്ച് , സുഹൃത്ത്‌ MAX , ഗുണ്ടാതലവൻ  MOROCHA , ദാനിയലിന്റെ കാമുകി എന്നിവരെല്ലാം പരിമിതമായ സമയത്തിൽ സിനിമയിലെ തങ്ങളുടെ അവിഭാജ്യത അടിവരയിട്ട്  സിനിമയ്ക്ക്‌ ശക്തി പകരുന്നുണ്ട്.
                        വെനീസ്വല  പോലെയുള്ള ഒരു രാജ്യത്തിൻറെ സാമൂഹികവും, സാംസ്കാരികവുമായ അംശങ്ങൾ സിനിമയിലെ  ജീവിതങ്ങളിലെന്ന പോലെ , ദൃശ്യങ്ങളിലും    മുദ്ര പതിപ്പിക്കുന്നു. വികസ്വര സമൂഹത്തിലെ സ്ഥിരം കാഴ്ചയായ തിങ്ങി നിറഞ്ഞതും , തട്ടുകളായി പർവ്വത രൂപം പൂണ്ടതുമായ  കെട്ടിടങ്ങൾ വികസ്വരത വിളിച്ചോതിയ നിശബ്ദ കഥാപാത്രങ്ങളായി പല രംഗങ്ങളിലും സ്ക്രീൻ കയ്യടക്കുന്നു. വികസ്വരത സൃഷ്ടിക്കുന്ന സാമൂഹികമായ അരക്ഷിതാവസ്ഥയുടെ ഏറ്റവും ലളിതമായ ഒരു സാഹചര്യത്തെ സിനിമയുടെ സങ്കീർണതയിലേയ്ക്ക്  വളർത്തിയ സംവിധായകന്റെ ക്രാഫ്റ്റ് എനിക്ക് നന്നേ ബോധിച്ചു.
             സിനിമയുടെ സാങ്കേതിക വശങ്ങളെ പരാമർശിക്കുമ്പോൾ ,  ലാറ്റിനമേരിക്കൻ  ശൈലി നിഴലിക്കുന്ന ഫ്രൈമുകളെ  എടുത്തു പറയേണ്ടിയിരിക്കുന്നു. ഞാൻ , ഒരു കടുത്ത ഫുട്ബാൾ ആരാധകനായതു  കൊണ്ടാണോ എന്നറിയില്ല, സിനിമയിലെ ഫുട്ബോൾ സീനുകൾ കുറച്ചു കൂടി മനോഹരമാക്കാമായിരുന്നു  എന്ന് തോന്നി. ഫുട്ബാളുമായി യാതൊരു ബന്ധമില്ലാതവർക്കും ആസ്വദ്യകരമാകുന്ന ഒന്ന് തന്നെയാണ് ഈ സിനിമ. പ്രമേയത്തെ തികച്ചും ലളിതമായി, കൂടുതൽ നടകീയതയേകി നശിപ്പിക്കാതെ വ്യത്യസ്തമായ ഒരു അനുഭവം എനിക്കേകിയ ഈ സിനിമ    ലാറ്റിനമേരിക്കൻ സിനിമകൾ കാണാൻ ഇഷ്ട്ടപ്പെടുന്നവർ തീർച്ചയായും കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു.


Friday 1 August 2014

സിനിമ :- യുദ്ധങ്ങളും, നഷ്ട ബാല്യങ്ങളും ---- THE BOY IN STRIPED PYJAMAS , TURTLES CAN FLY എന്നീ സിനിമകളുടെ നിഴലുകളിൽ ഒരു അതിവായന


സിനിമ :- യുദ്ധങ്ങളും, നഷ്ട ബാല്യങ്ങളും ---- THE BOY IN STRIPED PYJAMAS , TURTLES CAN FLY എന്നീ സിനിമകളുടെ നിഴലുകളിൽ ഒരു അതിവായന 
       
             ആസ്വാദനത്തിനപ്പുറം സിനിമ സംവദിക്കുന്ന ആശയ, ദൃശ്യ തലങ്ങളിലേയ്ക്ക് ചൂഴ്‌ന്നു  നോക്കാനാണ് ഞാൻ കൂടുതലും ശ്രമിക്കാറുള്ളത്. ഒരു പക്ഷെ എന്റെ ആസ്വാദനത്തിന്റെ സ്വാദ് ഇത്തരം ശ്രമങ്ങളുടെ ഭാഗമായി ലഘൂകരിക്കപ്പെടാമെങ്കിലും , അത്തരം മനോ-സഞ്ചാരങ്ങൾ എത്തിക്കുന്ന വീഥികളിലെ അപരിചിതത്വം എന്നെ വീണ്ടും വീണ്ടും മാടി വിളിക്കുന്നു. ഇന്നിന്റെ ഏറ്റവും ജനപ്രിയമായ സർഗാത്മക ഇടപെടലുകളായി സിനിമ വേറിട്ട്‌ നിൽക്കുന്നു. കാലചക്രത്തിന്റെ അനുസ്യൂതവും , അനിവാര്യവുമായ സ്ഥാനാന്തരങ്ങളിൽ ചിലപ്പോഴെങ്കിലും ഊഷരമായ സർഗാത്മകയിടങ്ങളെ പുനരുജ്ജീവിപ്പിക്കാൻ പ്രതിഭകളുടെ വേനൽ മഴകൾ ഉണ്ടായിട്ടുമുണ്ട്. അവരിലൂടെ സിനിമ പുതിയ ഉയരങ്ങൾ കീഴടക്കി പുതു-ഇടങ്ങളിലേയ്ക്ക് പന്തലിച്ചു കൊണ്ടിരിക്കുന്നു.  സിനിമയെ കേവലം ആസ്വാദനോപാദിയായി മാത്രം കണക്കാക്കുന്ന ഭൂരിപക്ഷം പ്രേക്ഷകരും, തങ്ങൾ മനസ്സിൽ ആരാധിക്കുന്ന താരങ്ങളുടെ നടന വിസ്മയങ്ങളുടെ നിറച്ചാർത്തുകളിൽ  മതിമറക്കാനാണ് കൊതിക്കുന്നത്. പ്രേക്ഷക ഭാഗത്തിന്റെ ഒരു വലിയ അംശം പ്രതിനിധീകരിക്കുന്ന ഈ ആസ്വാദന തലം   പലപ്പോഴും സിനിമയെ അതിന്റെ സാധ്യതകളുടെ അനന്തവും, വൈവിധ്യവുമാർന്ന സഞ്ചാര പാതകളിൽ നിന്ന് പിറകോട്ട് വലിക്കുകയോ , വിലങ്ങു തടിയാവുകയോ ചെയ്യുന്നു എന്നതാണ് സത്യം.
                     മനുഷ്യകുലത്തിന്റെ  ഗതിയെയും , ചരിത്രത്തെയും പല തരത്തിൽ , വിവിധ കാലഘട്ടങ്ങളിൽ സ്വാധീനിച്ച മായ്ക്കാനാവാത്ത സത്യങ്ങളാണ് യുദ്ധങ്ങൾ. യുദ്ധങ്ങൾ എന്നും സിനിമയുടെ ശക്തമായ തീമുകളായിരുന്നു. യുദ്ധങ്ങളുടെ ആശയപരമായ നിലപാടുകൾ, നിണ  പങ്കിലമായ യുദ്ധ മുഖങ്ങൾ  മുതൽ political propaganda കളായി അവതരിപ്പിക്കപ്പെട്ടവയും നിരവധിയാണ്. സത്യവും, സത്യ-നിരാസവുമായ  അനേകം ഉജ്ജ്വലവും , വികലവുമായ സൃഷ്ടികൾ ജന്മം കൊണ്ട കഥാബീജങ്ങളുടെ  അക്ഷയ പാത്രങ്ങളാണ് യുദ്ധങ്ങൾ. യുദ്ധ സംബന്ധിയായ തീമുകൾ കൈകാര്യം ചെയ്യുന്ന കുറച്ച് സിനിമകൾ ഇതിനു മുമ്പും ഞാൻ ഇവിടെ പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സമകാലിക അന്താരാഷ്‌ട്ര സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി "യുദ്ധങ്ങളും നഷ്ട ബാല്യങ്ങളും" എന്ന വിഷയത്തെ THE BOY IN STRIPED PYJAMAS , TURTLES CAN FLY എന്നീ സിനിമകളുടെ നിഴലുകളിൽ വായിച്ചെടുക്കാനുള്ള ചെറിയ ശ്രമമാണ് ഈ ലേഖനം  ലക്ഷ്യം വെയ്ക്കുന്നത്.
                       പരിഷ്കൃതമായ   നവയുഗത്തിലും "മനുഷ്യത്വം" ഒരു വംശനാശ ഭീഷണി നേരിടുന്ന "വാക്ക്" മാത്രമായി നിലനിൽക്കുന്ന ഉണ്മ നമ്മുടെ ഉറക്കം കെടുത്തുന്നു. കുട്ടികളുടെ രോദനങ്ങൾ പ്രതിധ്വനികളായി ചെവിയിൽ  മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ബാല്യം ആസ്വദിക്കാനാവാത്ത വിധം നീറുന്ന മുറിവുകളും , ദുരിത പർവങ്ങളും , രൂക്ഷ ഗന്ധങ്ങളും , മറയ്ക്കുന്ന പുകയുമായി എരിഞ്ഞടങ്ങുന്നു. ചരിത്രം നിരാശാജനകമാം വിധം ആവർത്തിക്കപ്പെടുന്നു. ഈ നിരാശകളേൽപ്പിച്ച  പൊള്ളലുകളുടെ നീറ്റലുകളെ ശമിപ്പിക്കാനുള്ള ശ്രമങ്ങളായാണ് ഈ വാക്കുകൾ കുറിക്കുന്നത്.
                     2008 ൽ പുറത്തിറങ്ങിയ മാർക്ക്‌ ഹെർമാൻ സംവിധാനം ചെയ്ത THE  BOY IN STRIPED PYJAMAS രണ്ടാം ലോക മഹായുദ്ധ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയാണ്. ഒരു നാസി പട്ടാള ഓഫീസറുടെ മകന്റെയും  കോണ്‍സന്ട്രെഷൻ ക്യാമ്പിലെ ജൂത ബാലന്റെയും തീവ്ര സഹൃദത്തിന്റെ കഥ പറയുന്ന ഈ സിനിമ യുദ്ധങ്ങളുടെ നഷ്ടക്കണക്കുകൾ ഇരകളോടൊപ്പം , വേട്ടക്കാരനും പങ്കുവെയ്ക്കുമെന്ന വൈരുദ്ധ്യത്തിലേയ്ക് വെളിച്ചം വീശുന്നു. വേട്ടക്കാരൻ ഇരയുടെ ദൈന്യതയെ പുൽകുന്നതും ഈ സിനിമ അനുഭവിപ്പിക്കുന്നു. വെറുപ്പിന്റെ വേലിക്കെട്ടുകൾക്ക്  ഇരുവശവുമിരുന്ന്  സംഭാഷണങ്ങളിലേർപ്പെടുന്ന  ഈ കുട്ടികൾ   അവർക്ക് ചുറ്റും പടർന്നിട്ടുള്ള വംശവെറിയുടെ പുകച്ചുരുളുകളെ തിരിച്ചറിയുന്നില്ലെങ്കിലും  വെറുപ്പിന്റെ തീക്കനലുകൾക്ക് മുകളിലും സൗഹൃദത്തിന്റെ കൊട്ടാരങ്ങൾ തീർക്കാമെന്നും , നിഷ്കളങ്കതയുടെ ബലപ്പെടുത്തലിൽ  അത് ഏതു ഉയരവും താണ്ടുമെന്നും  നമ്മെ ഓർമിപ്പിക്കുന്നു. നിഷ്കളങ്കിതരായി ഈ ഭൂമിയിൽ ഉദയം കൊള്ളുന്നവർക്കിടയിൽ  വേലികൾ തീർത്തും , വെറുപ്പിന്റെയും, സ്വാർത്ഥതയുടെയും വിഷ വിത്തുകൾ പാകി നന്മയെ നമ്മൾ ആട്ടിപ്പായിക്കുന്നു. ഈ സിനിമയുടെ അന്ത്യത്തിൽ കോണ്‍സന്ട്രേശൻ  ക്യാമ്പിലെ മരണ മുറിയിലേയ്ക്ക് ആനയിക്കപ്പെട്ടവരിൽ തന്റെ മകനും ഉൾപ്പെട്ടിരിക്കാമെന്ന നടുക്കുന്ന തിരിച്ചറിവിൽ വെപ്രാളം കൊണ്ട് ഓടുന്ന നാസി ഓഫീസറും , കുടുംബവും യുദ്ധത്തിന്റെ നിരർത്ഥകതയെ ദ്യോതിപ്പിച്ച സാക്ഷ്യ പത്രങ്ങളായി മാറുന്നു. മനുഷ്യ മാംസമെരിയുന്ന ഗന്ധം നമുക്ക് മടുക്കാത്തത് എന്തു കൊണ്ട് എന്ന ആശങ്ക ബാക്കിയാക്കി സിനിമ നമ്മോടു വിട പറയുന്നു.  
         BOY IN STRIPED PYJAMAS  ഹൃദയത്തിൽ ഒരു നോവ് അവശേഷിപ്പിക്കുന്ന ഒന്നായി മാറുന്നത് കാല, ദേശ, ഭാഷാ, വംശ വ്യത്യാസമെന്യേ നടുക്കമുണർത്തുന്ന  ഒരു ചരിത്ര യാഥാർത്യവുമായി  അതിനെ ചേർത്തുവെയ്ക്കാവുന്നത് കൊണ്ട് മാത്രമല്ല. വിടരാതെ വാടിപ്പോകുന്ന ബാല്യകുസുമങ്ങളോട്  യുദ്ധങ്ങളുടെ സൃഷ്ടാക്കളും , നേട്ടക്കാരും ചെയ്ത അപരാധങ്ങളിൽ നിസ്സഹായതയുടെ പക്ഷത്തേയ്ക്ക് "മാനവികത" ഓടിയൊളിക്കേണ്ടി വന്നതിനാലാണ്. മനുഷ്യത്വത്തിന് വിള്ളലേൽപ്പിച്ച പ്രത്യയ ശാസ്ത്രങ്ങൾ  തീർത്ത ഗ്യാസ് ചേമ്പറുകളിൽ  പ്രാണവായുവിനായി പിടഞ്ഞു പൊലിഞ്ഞുവീണ മനുഷ്യ ജീവനുകൾക്ക് മതത്തിന്റെയോ, ദേശത്തിന്റെയോ , വംശത്തിന്റെയോ  തരംതിരുവുകളുടെ ലേബലുകളൊട്ടിച് , അവയെ അടിസ്ഥാനമാക്കി വാർത്തതോ , വാർക്കപെടുന്നതോ  ആയിരുന്നില്ല മാനവികതയുടെ കണ്‍കോണിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ. സഹായത്തിനായി ഉയർന്നു പൊങ്ങിയ കൈകൾ  ചവിട്ടിയരക്കപ്പെട്ട മനുഷ്യത്വത്തിന്റെതായിരുന്നു  എന്ന സത്യമാണ് ഹൃദയ നൊമ്പരങ്ങൾക്കിടയിലും  ഭീതിയേകുന്നത്. ദശകങ്ങൾക്കിപ്പുറം   ഇരയുടെ വേഷ-ഭാവ-അധികാര  പ്രച്ഛന്നതയിൽ  ചരിത്രം പോലും ഭയവിഹ്വലമാകുന്നുണ്ടാകണം. ആട്ടിൻ തോൽ  ഉരിഞ്ഞ് ചെന്നായ്തോലണിഞ്ഞു  നരനായാട്ട് നടത്തുമ്പോൾ അവർ ഇന്നലേകളുടെ  ബലഹീനമാർന്ന  അലമുറകൾ കേൾക്കുന്നില്ലേ  എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. "മൃഗീയതയെ" നാണിപ്പിക്കുന്ന ക്രൂരതയുടെ തെളിവുകളായി  ചരിത്രതാളുകളുടെ  കനം കൂട്ടുന്ന ഈ ഈ യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ നിർവികാരതയെ അഭയം പ്രാപിക്കുന്നവർക്ക് "മനുഷ്യൻ" എന്ന വിശേഷണം നൽകാമോ എന്നും ഈ നിമിഷം ഞാൻ സന്ദേഹിക്കുന്നു.

              BAHMAN GOBADI യുടെ ഖുർദിഷ് സിനിമയായ TURTLES  CAN FLY  കുട്ടികളുടെ അവിസ്മരണീയ പ്രകടനം മൂലം വിസ്മയം കൊള്ളിച്ചുവെങ്കിലും , പല തരത്തിലും മനസ്സിനെ അസ്വസ്ഥമാക്കി സ്വയം ഒരു ചോദ്യമോ, ഉത്തരമോ, സ്റ്റേറ്റ്മെൻന്റോ   ആയി നിലകൊള്ളുന്നു. മുതലാളിത്ത ഭീകരതയുടെ അന്ധമായ ചൂഷണപരതയിൽ  ജീവിതത്തിന്റെ താളക്രമങ്ങൾ  നഷ്ടപ്പെടുന്ന  ബാല്യങ്ങളും , അവരുടെ പിഞ്ചു കൈകളിലും , ചുറ്റിലും നിറസാന്നിധ്യമാകുന്ന  മൈനുകളും, ഷെല്ലുകളും നമ്മെ അലോസരപ്പെടുത്തുന്നു.  ഉച്വാസവായുവിൽ  മരണത്തിന്റെ ഗന്ധം നിറഞ്ഞുനിൽക്കുന്ന അഭയാർഥി ജീവിതത്തിലെ അവിശ്വസനീയമായ ബാല്യ ജീവിതങ്ങളുടെ  പരിചേദം  തീർക്കുന്നു ഈ സിനിമ. സത്യം സ്വപ്നങ്ങളേക്കാൾ   വിചിത്രമാകുന്നത്  നിലനിൽപ്പിന്റെ  ദശാസന്ധികളിലാണെന്ന് ഈ സിനിമ വരച്ചിടുന്നു. മുതലാളിത്വത്തിന്റെ കൈകൾ ആർത്തിയോടെ എണ്ണക്കയങ്ങളിൽ  എത്തിപ്പിടിക്കാൻ  വെമ്പുമ്പോൾ മൈനുകൾ പാകിയ അതിരുകളിൽ അതിജീവനത്തിന്റെ ഭാഗ്യ പരീക്ഷണങ്ങളാണ് കുട്ടികൾ നടത്തുന്നത്. അധിനിവേശ കാട്ടാളത്തത്തിന്റെ പകൽ കൊള്ളയിൽ  നഷ്ടപ്പെടുന്നതെന്ത്  എന്നതിലേക്കും ഇവിടെ ക്യാമറ തിരിക്കുന്നു. അമേരിക്കൻ സൈനികരും വാഹന വ്യൂഹവും  കടന്നു പോകുമ്പോൾ അവർ വന്ന വഴിയിലേയ്ക്ക്  തിരിഞ്ഞു നടക്കുന്ന വികലാംഗരായ കുട്ടികൾ നമ്മളിൽ വിഷാദമായി ഉറഞ്ഞു കൂടുന്നു.
                     "EVERY CHILD COMES TO THIS WORLD WITH A MESSAGE FROM GOD , THAT HE IS NOT YET DISAPPOINTED WITH MANKIND" --- ടാഗോറിന്റെ ഈ വരികൾ ഓർത്തു പോവുകയാണ് , നമ്മൾ ദൈവത്തെ നിരാശപ്പെടുത്തികൊണ്ടേയിരിക്കുന്നു  എങ്കിലും. ജീവിതം യാതനയാകുന്ന ഇത്തരം സാഹചര്യങ്ങളെ , സമൂഹങ്ങളെ, അവരുടെ ജീവിതങ്ങളെ നമുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത് ആസ്വാദനത്തിനുപരി  നമ്മുടെ ചിന്തകളെ ഊതിയുണർത്താനാണ്. സിനിമയുടെ മർമ്മരങ്ങൾക്ക് കാതോർക്കാൻ  നാം ശ്രമിക്കുന്നത് സിനിമയുടെ ലക്ഷ്യ പൂർത്തീകരണത്തിന്റെ  ചവിട്ടുപടികളിൽ ഒന്നാണ്. ഈ ലേഖനത്തിൽ പരാമർശിച്ച സിനിമകളുടെ സാങ്കേതികമായ വശങ്ങളെ പരാമർശിക്കാതെ , നിരൂപക മേലങ്കിയണിയാതെ  നിഷ്പക്ഷതയുടെ കണ്ണടകളിലൂടെ  നിരീക്ഷിക്കുവാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്.  ഇത്തരം സിനിമകൾ ഇനിയുമുണ്ടാകും , വെടിയൊച്ചകൾ അന്യമാകുന്ന കാലത്തോളം , മനുഷ്യ മനസ്സിന്റെ അകത്തളങ്ങളിൽ വെറുപ്പിന്റെ , അഹങ്കാരത്തിന്റെ അഴുക്കുകളെ കഴുകിക്കളയുന്ന വിധത്തിൽ സ്നേഹത്തിന്റെ ഉറവകൾ ഉരുവം കൊള്ളുന്ന കാലത്തോളം ..............
                   എന്നാലും  പ്രതീക്ഷയുടെ മെഴുകുതിരിനാളം തെളിയിച്ചുകൊണ്ട്  , എല്ലാ യുദ്ധ മുഖങ്ങളിലും ദുരിതമനുഭവിച്ച (അനുഭവിച്ചു കൊണ്ടിരിക്കുന്ന) ബാല്യങ്ങൾക്കായി  ഉള്ളുരുകിയുള്ള പ്രാർത്ഥനയോടെ , പ്രതീക്ഷയോടെ, പ്രതിഷേധത്തോടെ  നിർത്തുന്നു