Tuesday 29 January 2019

IMMORTAL (2015)


FILM : IMMORTAL (2015)
COUNTRY : IRAN
GENRE : DRAMA
DIRECTOR : HADI MOHAGHEGH
              ജീവിതത്തിനും മരണത്തിനുമിടയിലുള്ള ബിന്ദു മുറിച്ചു കടക്കാനാണ് അയാസ് എന്ന വൃദ്ധൻ ആഗ്രഹിക്കുന്നത്. ജീവനും, ഓർമ്മകളും പിന്നിൽ ഉപേക്ഷിക്കാൻ പ്രയാസപ്പെടുന്ന വിധത്തിൽ ജീവിതം അയാളോടെന്തു ചെയ്തു എന്ന സന്ദേഹമാണ് ആദ്യം നമുക്കുണ്ടാവുക. ആത്മപീഡകൾ ജീവിതത്തോടും, വിധികളോടുമുള്ള പ്രതിഷേധങ്ങളായി അയാൾ ദിനംപ്രതി ഏറ്റുപിടിക്കുമ്പോൾ അസ്വസ്ഥമാകുന്നത് പ്രേക്ഷകമനസ്സു കൂടിയാണ്. മരണത്തെ പുൽകാനുള്ള അയാളുടെ ശ്രമങ്ങളെല്ലാം ജീവിതത്തെയാണ് ഓർമ്മയിലെത്തിക്കുന്നത്. അനശ്വരതയുടെ വിരിമാറിൽ ചാഞ്ഞുറങ്ങി കാലത്തെ രണ്ടായി മുറിച്ചുകൊണ്ട് അയാൾ പകവീട്ടാൻ ആഗ്രഹിക്കുന്നത് അയാളോട് തന്നെയായിരുന്നോ എന്ന് തോന്നിപ്പോകുന്നു.
                  അയാസിനെ പരിചരിക്കേണ്ട ബാധ്യത, അവശേഷിക്കുന്ന ഏക കുടുംബാംഗമെന്ന നിലയിൽ ഇബ്രാഹിമിലാണ് വന്നുചേരുന്നത്. ജീവിതം തുടങ്ങാനിരിക്കുന്ന ഇബ്രാഹിം, ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന അയാസ് എന്നീ വൈരുദ്ധ്യങ്ങളെ ഒരു മേൽക്കൂരയ്ക്കുള്ളിൽ നിർത്തി മരണത്തിന്റെ സംഗീതമാകുന്ന ഈച്ചയുടെ മർമ്മരം പിന്നണിയിൽ ഇടയ്ക്കിടെ അകമ്പടിയായി ചേർത്ത് ദൃശ്യങ്ങൾകൊണ്ട് സംവദിക്കുന്ന വിസ്മയമാണ് ഇമ്മോർട്ടൽ. നഷ്ടബോധങ്ങളുടെയും, കുറ്റബോധങ്ങളുടെയും ഭാരം താങ്ങാനാവാതെ തളർന്നു പോകുന്ന അയാൾ ജീവിതത്തിൽ നിന്നുള്ള വിടുതിയ്ക്കായുള്ള ശ്രമങ്ങളെ ഉപേക്ഷിക്കുന്നില്ല. ഭാര്യയുടെ റെക്കോർഡ് ചെയ്ത ശബ്ദം ഏൽപ്പിക്കുന്ന വേദനകളെ ആവർത്തിച്ചു ഉണർത്തുന്ന അയാളോളം സഹതാപം, അയാളുടെ ശ്രമങ്ങളെ തടയാൻ കഷ്ടപ്പെടുന്ന ഇബ്രാഹിമിനും അവകാശപ്പെടാം. അഗ്നി ഭുജിക്കുന്ന ഉണങ്ങിയ പുൽമേടുകളിലൂടെ ജീവിത തൃഷ്ണകളുമായി നടന്നു നീങ്ങുന്ന ഇബ്രാഹിം ഒരു യാദൃശ്ചിക കാഴ്ചയല്ലെന്നു തന്നെയാണ് കരുതുന്നത്. ആശുപത്രി കിടക്കയിലായ വൃദ്ധനായ അയാസിനു കാവലായി വിഷണ്ണ ഭാവത്തിൽ ചാരിയിരിക്കുന്ന യുവാവായ ഇബ്രാഹിമിനു പിറകിലായി അവ്യക്തമായി നടന്നു നീങ്ങുന്ന കുഞ്ഞും വെറും കാഴ്ചയല്ലെന്നു കരുതാനാണ് മനസ്സ് പറയുന്നത്. ആദ്യരംഗത്തിൽ പീഡനമേൽക്കുന്ന ഉറുമ്പുകൾ വീണ്ടുമവതരിക്കുന്ന ദൃശ്യം ഏറ്റവും അസ്വസ്തതയേകുന്ന തരത്തിൽ കർമ്മങ്ങളെയും, കർമ്മഫലങ്ങളെയും കുറിച്ചുള്ള ചിന്തകളെയാണ് എന്നിൽ നിറച്ചത്. ചേതനയറ്റ ശരീരം പോലെ ജീവച്ഛവമായി കഴിയുന്ന അയാൾക്ക്‌ മുൻപേ സ്‌ക്രീനിലെത്തുന്ന വാലാട്ടികൊണ്ടിരിക്കുന്ന പല്ലിയുമെല്ലാം ദൃശ്യഭാഷയുടെ സൂക്ഷ്മമായ സൗന്ദര്യത്തെ കാണിച്ചു തരുന്നു.
           ഭാര്യയില്ലാത്ത ജീവിതം ഒരുതരത്തിൽ അയാൾക്ക്‌ മരണതുല്യമാണ്. അവളുടെ സാമീപ്യത്തിലേക്കുള്ള യാത്ര തന്നെയാവണം അയാളുടെ മരണാഭിനിവേശത്തിന്റെ ശക്തി. അതിനായി അയാൾ എതിരിടുന്ന വേദനകൾ അനശ്വരതയുടെ കിരണങ്ങളെ കണ്ടുമുട്ടുമ്പോഴാവണം അയാളുടെ ജീവിതം അർത്ഥവത്തായതും.
                 2015-ൽ IFFK-യിൽ വലിയ സ്‌ക്രീനിൽ കണ്ട സിനിമ വീണ്ടും കണ്ടപ്പോൾ മനസ്സിൽ ഉദിച്ച ചിന്തകളും, വാക്കുകളുമാണ് മുകളിൽ കുറിച്ചത്. ആദ്യകാഴ്ചയുടെ അനുഭവം ആവർത്തിക്കപ്പെട്ടില്ലെങ്കിലും ഒരു വിങ്ങലായി അവശേഷിക്കാൻ ഇത്തവണയും സിനിമയ്ക്കായി എന്ന് തന്നെ പറയാം. ദൃശ്യഭാഷയാണ് സിനിമയുടെ ശക്തിയും, സൗന്ദര്യവും, ശബ്ദവും. വാക്കുകളെ കവച്ചുവെയ്ക്കുന്ന തരത്തിൽ ദൃശ്യങ്ങൾ മികച്ചു നിൽക്കുന്ന ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇമ്മോർട്ടൽ അത്യുഗ്രൻ അനുഭവം തന്നെയാകും. ഓരോ കാഴ്ചയും, ഓരോ പ്രേക്ഷകനും വേറിട്ട രീതിയിൽ വായിച്ചെടുക്കാൻ വിധം ദൃശ്യബിംബങ്ങൾ നിറഞ്ഞ ഈ സിനിമയുടെ വേറിട്ട വായനകൾക്കായി കാത്തിരിക്കുന്നു.  


Sunday 27 January 2019

HASTA LA VISTA (2011)

FILM : HASTA LA VISTA (2011)
COUNTRY : BELGIUM
GENRE : DRAMA !!! COMEDY
DIRECTOR : GEOFFREY ENTHOVEN
             ആഗ്രഹങ്ങളാണ് നിരാശകൾക്ക് കാരണമെന്ന് ബുദ്ധൻ പറഞ്ഞതായി വായിച്ചിട്ടുണ്ട്. പലപ്പോഴും, ആഗ്രഹങ്ങളാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് എന്നതാണ് യാഥാർത്യം. ഒരോരുത്തരുടെയും ഇഷ്ടങ്ങളും, സ്വപ്നങ്ങളും ന്യായീകരിക്കപ്പെടുന്നത് അവരുടെ ജീവിതത്തിലേക്ക് മനസ്സുകൊണ്ട് ഇറങ്ങിച്ചെല്ലുമ്പോഴാണ്. അപേക്ഷികതകളുടെ വൈവിധ്യങ്ങൾക്കിടയിൽ നിന്നുകൊണ്ട് ചെറുപുഞ്ചിരിയോടെ വിഷമതകൾക്കിടയിൽ സന്തോഷത്തിന്റെ സൂക്ഷ്മ കണങ്ങളെ തേടുന്ന മനോഹാരിത തന്നെയല്ലേ ജീവിതം,
           HASTA LA VISTA മൂന്ന് ഭിന്നശേഷിക്കാരായ സുഹൃത്തുക്കളുടെ കഥയാണ്. കുറച്ചുകൂടി വ്യക്തമാക്കിയാൽ അവരുടെ ആഗ്രഹങ്ങൾ സക്ഷാത്കരിക്കാനുള്ള യാത്രയാണ് സിനിമയുടെ ഉള്ളടക്കം. യുവത്വത്തിൽ വിരാജിക്കുന്ന മൂവരും കന്യകരെന്ന ലേബലിനെ കൈയ്യൊഴിയാൻ വെമ്പുന്നവരാണ്. അത്തരമൊരു ആശയെ പൊതിഞ്ഞു കൊണ്ട്  യാത്രയെന്ന സ്വാഭാവികതയെ തുറന്നു വെച്ച് മാതാപിതാക്കളെ കബളിപ്പിക്കാനുള്ള ശ്രമം വിജയിക്കുന്നെങ്കിലും, അവരുടെ യാത്ര മുടങ്ങുകയാണ്. മുന്നോട്ടുവെച്ച കാലുകൾ പിന്നോട്ടില്ലെന്ന അവരുടെ നിശ്ചയദാർഢ്യം ഒരു വേറിട്ട റോഡ് മൂവിയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. വിഷമതകളും, സന്തോഷങ്ങളും, തിരിച്ചറിവുകളുമായി ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ തന്നെയാണ് യാത്ര അനുഭവിപ്പിക്കുന്നത്. ആഗ്രഹങ്ങൾക്കപ്പുറമുള്ള ജീവിതത്തിന്റെ രുചി തന്നെയാണ് അവർ തിരിച്ചറിയുന്നതും......   

Saturday 26 January 2019

DOLE (2000)


FILM : DOLE (2000)
COUNTRY : GABON
GENRE : CRIME !!! DRAMA
DIRECTOR : IMUNGA IVANGA
             ദാരിദ്ര്യത്തോടൊപ്പം ചേർന്ന് വരുന്ന ഒന്നാണ് കുറ്റകൃത്യങ്ങൾ. ദരിദ്ര രാജ്യങ്ങളിലെ സാമൂഹിക സാഹചര്യങ്ങളെ മുൻനിർത്തി ജനറലൈസ് ചെയ്യാവുന്ന ഒരു കാര്യവുമാണത്. ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള സിനിമകളിലെ സാമൂഹികാവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നതും, സാമ്പത്തിക അരക്ഷിതാവസ്ഥകളുടെ സൂചകങ്ങളായി ഉൾപ്പെടുത്തുന്ന ചെറുതും വലുതുമായ കുറ്റകൃത്യങ്ങളാണ്.
           പലതവണ കണ്ടിട്ടുള്ള കാഴ്ചകളെയാണ്  ഉൾകൊള്ളുന്നതെങ്കിലും DOLE (2000)യുടെ  പുതുമയായി തോന്നിയത് ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു രാജ്യത്തിൽ നിന്നുള്ള സിനിമ എന്നതായിരുന്നു. DOLE എന്ന പേര് സൂചിപ്പിക്കുന്നത് ഒരു സ്ക്രാച്ച് വിൻ ലോട്ടറിയെയാണ്. ചെറിയ പിടിച്ചുപറികളുമായി  ജീവിക്കുന്ന നാല് യുവാക്കളുടെ കഥയാണ് ടോലെ. ഓരോരുത്തർക്കും അവരുടേതായ സ്വപ്നങ്ങളുമുണ്ട്. നാട്ടിൽ ആവേശം വിതച്ചുകൊണ്ടിരിക്കുന്ന ലോട്ടറി കേന്ദ്രത്തിന്മേലാണ് അവരുടെ കണ്ണ്. സ്വപനങ്ങളിലേക്കുള്ള പ്രയാണത്തിന് അവരുടെ ചിന്തകളിൽ വേറെ പോംവഴികൾ ഇല്ലാതെയാവുമ്പോൾ അവരെന്തു ചെയ്യും?....
            തമാശയും, കുസൃതികളുമായി നടക്കുന്ന ഈ നാൽവർ സംഘത്തിലെ പ്രധാനിയാണ് മൗഗ്ലർ . സ്‌കൂൾ പഠനം, പ്രണയം, കുടുംബപ്രശ്നങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെ മൗഗ്ലറിന്റെ സാഹചര്യങ്ങളിലൂടെ സിനിമയുടെ ഒഴുക്കിനൊപ്പം സമാന്തരമായി അവതരിപ്പിക്കുന്നു ഡോലെ. കുറവുകൾ ധാരാളം കണ്ടെത്താമെങ്കിലും ആഫ്രിക്കൻ സിനിമയെന്നത് വേറിട്ട സിനിമകളെ തേടുന്നവർക്ക് പുതുമ തന്നെയാണ്.

Saturday 19 January 2019

EL NINO (2014)


FILM : EL NINO (2014)
COUNTRY : SPAIN
GENRE : CRIME !!! THRILLER
DIRECTOR : DANIEL MONZON
             "എൽ നിനോ" എന്ന പദം കടലുമായി ബന്ധപ്പെട്ടാണ് കേട്ടിട്ടുള്ളത്. ഇവിടെ നിനോ നായകനാണ്.  കടലും, ബോട്ടുകളും, വേഗതയും അവൻറെ ഇഷ്ടങ്ങളും. ഒന്നിനെയും ഭയപ്പെടാത്ത, ഒന്നിനും വിധേയമാകാത്ത അവൻറെ ജീവിതത്തിന്റെ താളങ്ങളെ ഉലച്ചു കളയുന്ന സംഭവങ്ങളാണ് ഈ സിനിമയിൽ കാണാനാവുക.          
                   ആഫ്രിക്കയ്ക്കും,  യൂറോപ്പിനും ഇടയിലുള്ള ജിബ്രാൾട്ടർ കടലിടുക്കിലെ മയക്കുമരുന്നു കടത്തിന്റെ കഥയാണിത്. ഒരറ്റത്ത് അധികാരികളുടെ കണ്ണ് വെട്ടിച്ച് സമർത്ഥമായി മയക്കുമരുന്നു കടത്തുന്ന  മാഫിയയും, മറുഭാഗത്ത് അവരെ പിടികൂടാനായി പ്രയത്നിക്കുന്ന പോലീസും. നിനോയും കൂട്ടരും ഇതിൻറെ ഭാഗമാകുന്നതോടെ തിരിഞ്ഞുനടത്തം അസാധ്യമാകുന്ന സംഭവങ്ങളിലേക്ക് അത്. കടലിൻറെ വശ്യതയും, കടലിലും, കരയിലും ഒരുക്കിയ മികവുറ്റ ചേസിംഗ് രംഗങ്ങളും സിനിമയിലെ മികവുകളാകുന്നു. രണ്ടേകാൽ മണിക്കൂർ ഉള്ള സിനിമയുടെ ദൈർഘ്യം ഒന്നുകൂടി കുറച്ചാൽ നന്നാകുമായിരുന്നു എന്ന് തോന്നി.  കുറവുകൾ ഉണ്ടെങ്കിലും ഈ ക്രൈം ആക്ഷൻ ത്രില്ലർ ഇഷ്ടമാകാതിരിക്കാൻ വഴിയില്ല.

Wednesday 9 January 2019

VIRGIN MOUNTAIN (2015)


FILM : VIRGIN MOUNTAIN (2015)
COUNTRY : ICELAND
GENRE : DRAMA
DIRECTOR : DAGUR KARI
        ഫ്യൂസി  ഒരു കുളിർമ്മ തന്നെയാണ്. മരവിക്കുന്ന തണുപ്പ് അരിച്ചിറങ്ങുന്ന ഐസ്ലന്റിന്റെ പശ്ചാത്തലത്തിൽ ഫ്യൂസി എന്ന ഭീമാകാരനായ, എന്നാൽ നന്മയുടെ ഇളം ചൂട് പരത്തുന്ന കഥാപാത്രത്തിന്റെ സ്വകാര്യതകളെയും, ചിന്തകളെയും, ചെയ്തികളെയും എതിരിടാവുന്ന മനോഹരമായ അനുഭവമാണ് വിർജിൻ മൗണ്ടൈൻ.
             ഈ സിനിമയെ വേണമെങ്കിൽ ഒരു ക്യാരക്ടർ സ്റ്റഡിയെന്നു വിശേഷിപ്പിക്കാം. കാരണം ഫ്യൂസി എന്ന കഥാപാത്രത്തെ ആ നിലയ്ക്ക് ഡെവലപ്പ് ചെയ്ത് നമ്മുടെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ സിനിമയ്ക്കാവുന്നുണ്ട്. സാമൂഹികമായ ഇടപെടുലകൾക്ക് അധികം മുതിരാത്ത, എക്സ്പ്രസ്സീവല്ലാത്ത, പൊണ്ണത്തടിയനായ, മടിയനെന്നു തോന്നിപ്പിക്കുന്ന, അവിവാഹിതനായ ഫ്യൂസി, എന്ന പ്രേക്ഷക ജഡ്‌ജുമെന്റുകളെ സിനിമയുടെ പ്രയാണം ചോദ്യം ചെയ്യുന്നുണ്ട്. പരിഹസിക്കുന്നവരും, ഉപദ്രവിക്കുന്നവരും, ചതിക്കുന്നവരും, അടുക്കുന്നവരുമെല്ലാം ഫ്യൂസിയെന്ന വ്യക്തിത്വത്തിന്റെ നന്മകളെ വെളിവാക്കുന്ന കേവല സാന്നിധ്യങ്ങളാകുന്ന തരത്തിൽ പ്രേക്ഷക മനസ്സിൽ കവിഞ്ഞു നിൽക്കാൻ ഫ്യൂസിയുടെ കഥാപാത്രത്തിനാവുന്നു. മാതൃകകളിൽ നിന്ന് വേറിട്ട് നിലകൊള്ളുന്നവരോടുള്ള പൊതുബോധത്തിന്റെ മുൻവിധികളെപ്പോലും  നിഷ്കളങ്കതയുടെ ഹൃദ്യമായ സ്പർശത്താൽ നിഷ്പ്രഭമാക്കുന്നുണ്ട് ഫ്യൂസി. അതെ, ഫ്യൂസി ഒരു കുളിർമ്മ തന്നെയാണ്. നന്മയറ്റ മനസ്സുകളുടെ തണുത്തുറഞ്ഞ ചിന്തകളിലേക്ക് നന്മയിൽ കുതിർന്ന ജീവിതത്തിന്റെ ചൂട് പകരുന്നു, ഫ്യൂസിയെന്ന കഥാപാത്രവും, ഈ സിനിമയും.

Tuesday 8 January 2019

THE PIGEON (2018)


FILM : THE PIGEON (2018)
GENRE : DRAMA
COUNTRY : TURKEY
DIRECTOR: BANU SIVACI
         പറവ എന്ന സിനിമ കണ്ടത് കൊണ്ടാണോ എന്നറിയില്ല, ഈ സിനിമ പകരുന്ന കാഴ്ചകളിൽ പുതുമ തോന്നിയില്ല. എങ്കിലും 78 മിനുട്ടിൽ യൂസുഫിനൊപ്പം നടക്കുന്നത് ബോറടിയായും അനുഭവപ്പെട്ടില്ല. യൂസുഫിന്റെ ലോകം വീടിന്റെ മുകളിലുള്ള ഇടമാണ്. തന്റെ പ്രാവുകളോട് സല്ലപിച്ചും, അവയെ പരിചരിച്ചും മറ്റൊന്നും ചെയ്യാതെ അലസനായി നടക്കുന്ന യൂസുഫിന്റെ കഥയാണ് THE PIGEON പങ്കുവെയ്ക്കുന്നത്. തന്റെ ചെറിയ ആഗ്രഹങ്ങളിലേക്ക് ഒതുങ്ങി നില്ക്കാൻ ശ്രമിക്കുന്ന, വിധേയത്വത്തിന്റെ കെട്ടുകളെ അറുത്തുമാറ്റാൻ കഴിവില്ലാത്ത യൂസുഫിന്റെ സാവധാനത്തിലുള്ള പരിണാമമാണ് സിനിയിൽ ദർശിക്കാനാവുന്നത്. സഹോദരന്റെ കുത്തുവാക്കുകൾ കാരണം അയാളുടെ സുഹൃത്തിന്റെ ഷോപ്പിൽ  ജോലി ചെയ്യാൻ നിർബന്ധിതനാകുന്ന അവൻ നേരിടുന്ന അനുഭവങ്ങൾ തന്നെയാണ് അവനെ വരിഞ്ഞു നിൽക്കുന്ന ദുർബലതയെ മായ്‌ച്ചു കളയുന്നതും. ഉഗ്രൻ അനുഭവം എന്നൊന്നും പറയാനാവില്ലെങ്കിലും, ആസ്വാദനം അപേക്ഷികമെങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം. സിനിമയിലെ ആദ്യ ഷോട്ടും, അവസാന ഷോട്ടും നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും......  


Monday 7 January 2019

STRAY DOGS (2004)


FILM : STRAY DOGS (2004)
COUNTRY : IRAN
GENRE : DRAMA
DIRECTOR : MARZIEH MAKHMALBAF
            അഫ്ഗാൻ പശ്ചാത്തലത്തിൽ രണ്ടു കുട്ടികളുടെ അരക്ഷിതാവസ്ഥകൾക്കൊപ്പം യുദ്ധാനന്തര സാമൂഹിക ചിത്രങ്ങളിലേക്കും ക്യാമറ തിരിക്കുകയാണ് STRAY DOGS. പിതാവും, മാതാവും ജയിലിലായ അവസ്ഥയിൽ സഹദ്, ഗോൽ ഗോതായ് എന്നിവർക്ക് തെരുവ് തന്നെയാകുന്നു അഭയം. ജയിലിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങാനുള്ള (നൈറ്റ് പ്രിസണേർസ്) അവസരവും നിഷേധിക്കപ്പെടുന്നതോടെ അരക്ഷിതമായ ബാല്യങ്ങൾക്കൊപ്പം അതിജീവനത്തിന്റെ തീവ്രതകളോട് പൊരുതേണ്ടതായും വരുന്നു. അവർക്കു കൂട്ടായ് ആകെയുള്ളത് ഒരു നായയാണ്. പിതാവിനെ ഇടയ്ക്കിടയ്ക്ക് ജയിൽ സന്ദർശിക്കുന്ന അവരുടെ ശ്രമങ്ങൾക്ക് പിന്നിൽ ഒരു ലക്ഷ്യവുമുണ്ടായിരുന്നു. അമ്മയ്‌ക്കൊപ്പം തങ്ങാനുള്ള  പോംവഴി ജയിലിലെത്തുകയെന്നതു മാത്രമാകുന്നതോടെ അതിനുള്ള ശ്രമങ്ങളിലുമാണവർ.
        ദാരിദ്ര്യവും, ഭദ്രമല്ലാത്ത സാമൂഹിക ജീവിത പരിസരങ്ങളും, നീതി അകന്നു നിൽക്കുന്ന നിയമങ്ങളും, നിസ്സഹായതകളുടെയും ആത്മരോഷങ്ങളുടെയും വേദനകളുമെല്ലാം സിനിമയുടെ സുന്ദരമല്ലാത്ത ഉണ്മകൾക്കിടയിൽ സാന്നിധ്യമാവുന്നുണ്ട്. റഷ്യയും, അമേരിക്കയുമെല്ലാം കുട്ടികളുടെ വാക്കുകളിൽ ഇടംപിടിക്കുന്നത് സിനിമയുടെ രാഷ്ട്രീയ സൂചനകൾ തന്നെയാകുന്നു. പ്രധാന കഥാപാത്രങ്ങളായി നിറഞ്ഞു നിന്ന രണ്ടു പേരുടെയും പ്രകടനം മികച്ചു നിന്നു. ഈ സിനിമ എല്ലാവർക്കും ആസ്വാദ്യകരമാകുമോ  എന്ന് ചോദിച്ചാൽ, മുകളിൽ കുറിച്ച കാര്യങ്ങൾക്കൊപ്പം "മക്മൽബഫ്" എന്ന് കൂടി ചേർത്ത് നോക്കൂ എന്നാണ് ഉത്തരം.

Saturday 5 January 2019

SOUR APPLES (2016)


FILM : SOUR APPLES (2016)
COUNTRY : TURKEY
GENRE : DRAMA !!! COMEDY
DIRECTOR : YILMAZ ERDOGAN
              " ആ നാട് രണ്ടു കാര്യങ്ങൾക്കാണ്‌ പ്രശസ്തമായിരുന്നത്, ഒന്ന് മേയറുടെ സുന്ദരികളായ  മൂന്ന് പെണ്മക്കൾ, മറ്റൊന്ന് മേയറുടെ വിശാലമായ ആപ്പിൾ തോട്ടം". ഭൂതകാലത്തെ ഓർത്തെടുക്കാൻ ശ്രമിക്കുന്ന മുവാസ്സസ്സിന്റെ വാക്കുകളാണ് ഈ കുറിച്ചത്. അവളാകട്ടെ, മേയറുടെ ഇളയ മകളും.
               മനസ്സിനെ റിഫ്രഷ് ചെയ്യുന്നവയാണ് ഫീൽഗുഡ് സിനിമകൾ. അതിനൊപ്പം ഗ്രാമീണത, തുർക്കി എന്നീ ടാഗുകൾ കൂടിയാകുമ്പോൾ മറ്റൊന്നും നോക്കേണ്ടതില്ല എന്നാണ് തോന്നിയത്. ഗൗരവ പ്രകൃതക്കാരനായ പിതാവും, ചഞ്ചലചിത്തരായ മക്കളും സമ്മാനിക്കുന്ന സുന്ദരങ്ങളായ നിമിഷങ്ങളാണ് സിനിമയെ ആസ്വാദ്യകരമാക്കുന്നത്. ഗ്രാമീണതയുടെ രീതികളും, നാടിന്റെ  ആചാരങ്ങളും, മൂന്നു പേരുടെയും സ്വപ്നങ്ങളും, അവരെ കൊതിക്കുന്ന യുവാക്കളും, പ്രണയവും, നിരാശയും, തമാശകളും നിറയുന്ന ദൃശ്യാനുഭവമാകുന്നു SOUR APPLES. ദൃശ്യഭംഗിയുടെ പെരുമ കാക്കുന്നതിൽ മറ്റു തുർക്കി സിനിമകളെപ്പോലെ ഇതും വിട്ടുവീഴ്ച ചെയ്യുന്നില്ല. കാഴ്ചകളോട് ഉരുമ്മി നിൽക്കുന്ന  സംഗീതം പൊഴിക്കുന്ന സിനിമയുടെ അവസാനവും ഫീൽഗുഡ് എന്ന വാക്കിനെ കൈയൊഴിയുന്നില്ല.
              സിനിമയുടെ പോസ്റ്റർ കണ്ടപ്പോഴും, സിനിമ കണ്ടപ്പോഴും മനസ്സിലേക്കെത്തിയ മറ്റൊരു സിനിമയാണ് MUCIZE. രണ്ടിനെ കുറിച്ചും പറയാനുള്ളത് ഒന്നു തന്നെയാണ് " ലളിതം, മനോഹരം ".