Saturday 31 October 2015

MEN AND CHICKEN (2015)



FILM : MEN AND CHICKEN (2015)
COUNTRY : DENMARK
GENRE : COMEDY !! MYSTERY !! DRAMA
DIRECTOR : ANDERS THOMAS JENSEN

                  ബെൽജിയൻ മിസ്റ്ററി ഡ്രാമയായ THE FIFTH SEASON (2012) നൽകിയതിന് സമാനമായ ഒരു ഫീൽ നൽകുന്ന ഡാനിഷ് സിനിമയാണ് MEN AND CHICKEN. ചടുലതയെ   മാറ്റി നിർത്തി പതിഞ്ഞ താളത്തിൽ നിഗൂഡതയുടെ ചുമലിലേറി മുന്നേറുന്ന ഈ സിനിമ കറുത്ത ഹാസ്യത്തിന്റെ കാര്യത്തിൽ ഫിഫ്ത് സീസണിനേക്കാളും ഒരു പടി മുന്നിൽ നിൽക്കുന്നു.
                    മരണാസന്നനായ പിതാവ് വിടപറയുന്നതിന് മുമ്പ്  ഗബ്രിയേലിനോട് ഒരു വീഡിയോ കാസറ്റിനെക്കുറിച്ച് പറയുന്നു. പിതാവിന്റെ മരണ ശേഷം ഗബ്രിയേൽ തന്റെ സഹോദരനായ എലിയാസിനോപ്പം കാണുന്ന ഈ വീഡിയോ  അവരെയും, നമ്മളേയും നിഗൂഡതകളുടെയും, രഹസ്യങ്ങളുടെയും തുരുത്തുകളിലേയ്ക്ക് നയിക്കുകയാണ്. സിനിമയുടെ താളവും, പലയിടങ്ങളിലും വെളിച്ചത്തിലേക്ക് കയറി നിൽക്കുന്ന നിഗൂഡതയെക്കുറിച്ചുള്ള  സൂചനകളും സിനിമയുടെ ആസ്വാദ്യതയ്ക്ക് മങ്ങലേൽപ്പിക്കാത്തത് "മാഡ്  മിക്കിൽസൻ" ഉൾപ്പടെയുള്ളവരുടെ കഥാപാത്രങ്ങൾ മിഴിവോടെ സ്ക്രീനിൽ നിറയുന്നത്  മൂലമാണ്.
                           സിനിമയുടെ ബേസിക് പ്ലോട്ട് കേട്ട് എടുത്തു ചാടാതിരിക്കാനാണ് തുടക്കത്തിൽ ഫിഫ്ത് സീസണ്‍ എന്ന സിനിമയെ ഒരു റെഫറൻസ് ആയി നൽകിയത്. സാധാരണ മിസ്ടറികളിൽ നിന്ന് പല രീതിയിലും വ്യത്യസ്തത പുലർത്തുന്നതിനാൽ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ ഈ സിനിമയ്ക്ക് കഴിയില്ല എന്നാണ് എന്റെ തോന്നൽ. സിനിമയുടെ കഥയിലേയ്ക്ക്  പ്രവേശിക്കാൻ ശ്രമിക്കാത്തതിനാൽ  കൂടുതൽ വ്യാഖ്യാനങ്ങൾക്ക് മുതിരുന്നില്ല. എങ്കിലും, കറുപ്പ് തെളിഞ്ഞ പല ഹാസ്യരംഗങ്ങളും ചിന്തോദ്ദീപകങ്ങളായിരുന്നു. ക്രമങ്ങളെ സൃഷ്ടിക്കുന്ന സാമൂഹിക നിയമങ്ങളും, അച്ചടക്കമില്ലായ്മയിൽ  വിരാജിക്കുന്ന മൃഗതൃഷ്ണകളും, സമൂഹ മനസ്സിൽ   വേരൂന്നുന്ന ഉച്ച-നീചത്വങ്ങളുടെ വംശീയ വേർതിരിവുകളും ചിന്തകളായി ഈ സിനിമ അടിച്ചേൽപ്പിക്കുന്നു.


Thursday 22 October 2015

GRIGRIS (2013)



FILM : GRIGRIS (2013)
GENRE : DRAMA
COUNTRY : CHAD
DIRECTOR : MAHAMAT SALEH HAROUN
                  സിനിമാറ്റിക്ക് ഗിമ്മിക്കുകളോ, പുതു പരീക്ഷണങ്ങളോ അല്ല, നമുക്ക് തീർത്തും അന്യമായ ജീവിത സാഹചര്യങ്ങളുടെ നേർചിത്രങ്ങളാണ് ആഫ്രിക്കൻ സിനിമ എല്ലായ്പ്പോഴും കരുതി വെയ്ക്കാറുള്ളത്. അതിനാൽ തന്നെ സ്ക്രീനിലെത്തുന്നതിൽ മിക്കവയും ആഫ്രിക്കൻ ഐഡന്റിടിയുടെ നിഴൽ പിന്തുടരുന്നവയായിരിക്കും. ആഫ്രിക്ക അനുഭവിപ്പിക്കുന്ന വേറിട്ട അസ്ത്വിത്വത്തെ സാധൂകരിക്കുന്ന തരത്തിൽ ഈ സിനിമയിലെ നായകനായ ഗ്രിഗ്രിസ് വേറിട്ട്‌ നിൽക്കുന്നു. മുടന്തനെങ്കിലും അനുഗ്രഹീത ഡാൻസറായ അവന്റെ ജീവിതമാർഗ്ഗം നിശാക്ലബ്ബുകളിൽ ആളുകൾക്കായി ഡാൻസ് ചെയ്യുക എന്നതാണ്. വളർത്തു പിതാവിന്റെ അസുഖം സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതോടെ  കൂടുതൽ അപകടകരമായ വഴികളെ അവന്  തെരഞ്ഞെടുക്കേണ്ടി വരുന്നു. മിമി എന്ന അപഥ സഞ്ചാരിണിയുമായി  പ്രണയത്തിലാവുന്ന ഗ്രിഗ്രിസ് സാഹചര്യ സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്ന  പ്രശ്നങ്ങളിൽ നിന്ന് അവളോടൊപ്പം രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തുകയാണ്.
                      'ചാഡ്‌ ' എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ നഗര-ഗ്രാമീണ സാമൂഹിക പശ്ചാത്തലങ്ങളെ മികച്ച രീതിയിൽ പകർത്തുന്ന ഈ സിനിമയിലെ നായകൻ  ആ രാജ്യത്തിൻറെ   പ്രതീകം തന്നെയാണെന്ന് തോന്നി. മുടന്തനെങ്കിലും പരിമിതികളെ കവച്ചുവെയ്ക്കാൻ ശേഷിയുള്ളവനെന്ന  പ്രഖ്യാപനം തന്നെയാവണം ഇതിലൂടെ ലക്‌ഷ്യം വെയ്ക്കുന്നത്. എരിയുന്ന കാറിനെ അനാഥമാക്കി എല്ലാവരും തിരിച്ചു നടക്കുമ്പോൾ മിമിയുടെ സുഹൃത്ത്‌ അവളോട് മറ്റൊരു സന്ദർഭത്തിൽ പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്കെത്തിയത്. "നഗരത്തെക്കുറിച്ച് നഷ്ടബോധം തോന്നാറുണ്ടെങ്കിലും ഇവിടെയെനിക്ക് സ്വസ്ഥതയോടെ ഉറങ്ങാൻ കഴിയുന്നു". നഗരജീവിതത്തെ തള്ളിപ്പറയുന്ന ഈ വാക്കുകളുടെ കരപറ്റി സിനിമയെ വായിക്കുകയാണെങ്കിൽ, സാംസ്കാരിക സ്വത്വത്തെ ആട്ടിയകറ്റുന്ന നഗരവൽകൃത ജീവിതത്തെ നിരാകരിക്കണം എന്നതായിരിക്കാം സംവിധായകൻ ഈ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടുള്ളത് എന്നു  കരുതാം. 

Friday 16 October 2015

IDA (2013)



FILM : IDA (2013)
GENRE : DRAMA
COUNTRY : POLAND
DIRECTOR : PAWEL PAWLIKOWSKI
                         മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള ഓസ്കാർ കരസ്ഥമാക്കിയ IDA എന്ന പോളിഷ് സിനിമയെക്കുറിച്ചാണ് ഈ കുറിപ്പ്. കറുപ്പിന്റെയും, വെളുപ്പിന്റെയും മായികതയിൽ ചാലിച്ച ശക്തവും, സുന്ദരവുമായ ഒരു ഉത്കൃഷ്ട കലാസൃഷ്ടിയെന്നു തന്നെ ഈ സിനിമയെ വിളിക്കാം.
                രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള 1960-കളിലെ പശ്ചാത്തലമാണ് ഈ സിനിമയുടെത്. ഒരു "സിസ്റ്റർ" ആയി മാറുന്നതിനുള്ള ചടങ്ങുകൾക്ക് മുമ്പ് തന്റെ ഏക ബന്ധുവിനെ കാണാൻ പോകുന്ന അന്നയാണ്(ഇഡ) സിനിമയിലെ പ്രധാന കഥാപാത്രം. ബന്ധുവിൽ (WANDA) നിന്നും കേട്ടറിയുന്ന രഹസ്യങ്ങളുടെ ഉള്ളു ചികയാനുള്ള ഉദ്യമങ്ങളാണ് പിന്നീടുള്ള നിമിഷങ്ങൾ. WANDA-യും , IDA-യും തേടുന്നത് അവരുടെ തന്നെ സ്വത്വങ്ങളെയാണ് എന്നത് അവരറിയുന്നില്ല എന്നതാണ് സത്യം.
                   ഒരു ഹ്രസ്വ ചിത്രമെടുക്കുന്ന കൌശലമാണ് സംവിധായകൻ പ്രയോഗിച്ചത് എന്ന് തോന്നി. കാരണം, കഥാപാത്രങ്ങളെ വേണ്ട വിധം ഡെവലപ്പ് ചെയ്യാതെയും, കഥാതന്തുവിന് വളർന്നു വരാൻ സമയം നൽകാതെയും തന്നെ സിനിമയുടെ എല്ലാ സൂക്ഷ്മ തലങ്ങളെയും വ്യക്തതയോടെ പ്രേക്ഷക ഹൃദയങ്ങളിൽ പതിപ്പിക്കുന്നതിൽ ഈ സിനിമ വിജയം കാണുന്നു. WANDA-യെ കാണാനെത്തുന്ന IDA-യിൽ കോരിയൊഴിക്കപ്പെടുന്ന രഹസ്യങ്ങളുടെ കനലുകൾ തീവ്രമായ സ്വത്വ പ്രതിസന്ധികളിലേക്ക് അവളെ തള്ളിയിടുകയാണ്. WANDA-യുടെ വ്യക്തിത്വവും, ജീവിതരീതികളും പല ഉൾക്കാഴ്ച്ചകൾ  നൽകുന്നതോടൊപ്പം ലൌകികമായ പ്രലോഭനങ്ങൾക്കുള്ള ബോധപൂർവ്വ ശ്രമങ്ങളായും  IDA-യെ അലട്ടുന്നു. സ്വയം തിരിച്ചറിയുകയെന്നത്  IDA-യ്ക്ക്  ജന്മ രഹസ്യങ്ങളുടെ ഉണ്മയെ തേടുക എന്നതിലപ്പുറം സ്വത്വത്തിന്റെ അസ്ഥിരതയെ ക്രമപ്പെടുത്തുക എന്നതുമാകുന്നു. പുണ്യ വഴിയിലേക്ക് എടുത്തുവെയ്ക്കാൻ കാലുറയ്ക്കാത്ത വിധം ചിതറിയ അവളുടെ മനസ്സിനെ കോണ്‍വെന്റിനുള്ളിലെ സീനുകളിൽ വ്യക്തമായി കാണാം. ലൌകികതയുടെ  രുചിയറിഞ്ഞ്‌ നിരാകരിക്കുമ്പോൾ ത്യജിക്കുക എന്നതിലുള്ള മഹത്വമാണോ, നിലയുറപ്പിക്കാത്ത മനസ്സിനെ കെട്ടിയിടാനുള്ള ശ്രമങ്ങളാണോ  തെളിയുന്നത് എന്നതിൽ ഇപ്പോഴും ഞാൻ സംശയാലുവാണ്. വിറകൊള്ളുന്ന ക്യാമറയ്ക്ക് മുന്നിലൂടെ IDA നടന്നടുക്കുമ്പോഴും  അവളുടെ കാലടികൾ സുദൃഡമല്ല, അവളുടെ മനസ്സാകട്ടെ ദുരൂഹവും .......
                             ഈ സിനിമയെ മികവുറ്റ ദൃശ്യാനുഭവമാക്കിയത്  CINEMATOGRAPHY-യാണ്. കഥാപാത്ര ചിന്തകളെ പൊലിപ്പിച്ച ഫ്രൈമുകളും , ക്യാമറ ആംഗിളുകളും  നവ്യാനുഭവമായി. ബെർഗ്മാന്റെ സിനിമകളിലേതു പോലെ ക്ലോസ്സപ്പ് ഷോട്ടുകളുടെ  ധാരാളിത്തം കാണാം. അഭിനയം അതിനാൽ തന്നെ വെല്ലുവിളി നിറഞ്ഞതുമായിരുന്നു. പ്രധാന കഥാപാത്രങ്ങളായ WANDA , IDA എന്നീ റോളുകൾ അതിഗംഭീരം എന്ന് തന്നെ വിശേഷിപ്പിക്കാം. ലോകസിനിമയുടെ ആരാധകർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ഈ ഓസ്കാർ വിന്നർ.

Saturday 10 October 2015

SUMMER BOOK (2008)



FILM : SUMMER BOOK (2008)
COUNTRY : TURKEY
GENRE : DRAMA
DIRECTOR : SEYFI TEOMAN

       ഒരു കുടുംബത്തിന്റെ പ്രശ്നങ്ങളെയാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. ഗൃഹനാഥന്റെ രീതികളും, ജോലിയും, സ്വഭാവവുമെല്ലാം കുടുംബാന്തരീക്ഷത്തിൽ ചെലുത്തുന്ന സ്വാധീനങ്ങളെ പല പ്രശ്നങ്ങളായി നമുക്ക് കണ്ടെടുക്കാം. അയാളുടെ വീഴ്ച കഥാതന്തുവിനെ ചെറിയ തോതിൽ  വഴിതിരിച്ചു  വിടുന്നുണ്ടെങ്കിലും പ്രതീക്ഷിതമായ പര്യവസാനങ്ങളിലേക്കാണ് ഈ സിനിമയും വന്നണയുന്നത്. ഇളയ മകനും, വിദ്യാർഥിയുമായ അലിയെ ചുറ്റിപ്പറ്റിയാണ് സിനിമ നീങ്ങുന്നത്‌. ഒരു വേനലവധിയുടെ കാലമാണ് സിനിമയുടെ ഉള്ളടക്കമാകുന്നത്. അവധിയുടെ ആദ്യദിനം തന്നെ കൈവിട്ടു പോകുന്ന "SUMMER BOOK"-ൽ  നിന്നും പഠിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ജീവിതാനുഭവങ്ങളുടെ പാഠശാലയിൽ അനുഭവിച്ചറിയാൻ അവനാകുന്നു എന്നതും സിനിമ വച്ചുനീട്ടുന്ന ആശയമാകുന്നു. നല്ല ദൃശ്യങ്ങളും, മോശമല്ലാത്ത തീമുമുണ്ടെങ്കിലും അഭിനയവും, സംവിധാനത്തിലെ ചില പോരായ്മകളും ആസ്വാദ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രശ്നം. 


Monday 5 October 2015

THEEB (2014)



FILM : THEEB (2014)
COUNTRY : JORDAN !! U A E
GENRE : ADVENTURE DRAMA
DIRECTOR : NAJI ABU NOWAR

                        ജോർദാനിൽ നിന്നുള്ള വിദേശ ഭാഷാ ഓസ്കാറിനായുള്ള എൻട്രി എന്നതിൽ കവിഞ്ഞൊരു താത്പര്യം ഈ സിനിമ കാണാനിരുന്നപ്പോൾ ഇല്ലായിരുന്നു. എന്നാൽ ദൃശ്യ പരിചരണം , പ്രമേയ വൈവിധ്യം, പശ്ചാത്തല സംഗീതം എന്നിവയാൽ വേറിട്ട കാഴ്ചയാകുന്നു THEEB. അറേബ്യൻ മരുഭൂമിയുടെ  വന്യമായ മനോഹാരിതയിൽ  1910- ന് ശേഷമുള്ള   പശ്ചാത്തലമാണ് സിനിമയ്ക്ക് ഉള്ളത്. തീർഥാടകാർക്ക് വഴികാട്ടികളാകുന്ന ഗോത്രത്തിലെ തീബ് എന്ന കുട്ടി എതിരിടുന്ന അനുഭവങ്ങളിലൂടെയാണ് നമുക്ക് പരിചിതമല്ലാത്ത സാംസ്കാരിക / ചരിത്ര പരിസരങ്ങളിലെ പരുക്കൻ കാഴ്ചകളെ സിനിമ അനുഭവിപ്പിക്കുന്നത്. ഒരു ഇംഗ്ലീഷുകാരന് വഴികാട്ടിയാവേണ്ടി വരുന്ന സഹോദരനൊപ്പം വിപ്ലവകാരികളും, പിടിച്ചു പറിക്കാരും, ദുരിതങ്ങളും സാന്നിദ്ധ്യമറിയിക്കുന്ന  മരുഭൂമിയിലൂടെ സാഹസിക യാത്ര ചെയ്യുകയാണ് തീബ് എന്ന ബാലൻ. പുറം ലോകവുമായി അധികം ബന്ധമില്ലാതെ മരുഭൂമിയിൽ ഒറ്റപ്പെട്ടു കഴിയുന്ന സമൂഹങ്ങളുടെ ജീവിത രീതികളേയും , മുതിർന്നവരിൽ നിന്ന് ഇളയവരിലെയ്ക്ക് പകരുന്ന ജീവിത പാഠങ്ങളേയും ഈ സിനിമ ദൃശ്യവൽക്കരിക്കുന്നു. അതിജീവനത്തിന്റെ തീക്ഷ്ണമായ ചുറ്റുപാടുകളിൽ വിശ്വസ്തത , സഹോദര സ്നേഹം എന്നിവയെ എവിടെ പ്രതിഷ്ടിക്കണം എന്നതിൽ നിശ്ചയമില്ലാത്ത തീബ് എന്ന കുട്ടിയ്ക്കൊപ്പം മരുഭൂമിയുടെ വന്യതയെ ദാഹാർത്തമായി ആസ്വദിക്കാവുന്ന അപൂർവ്വ ദൃശ്യാനുഭവമാകുന്നു ഈ സിനിമ.


Friday 2 October 2015

GETTING HOME (2007)



FILM : GETTING HOME (2007)
GENRE : COMEDY
COUNTRY : CHINA
DIRECTOR : YANG ZHANG

             കറുത്ത ഹാസ്യത്തിന്റെ സാധ്യതകളെ മനോഹരമായി അവതരിപ്പിച്ച റോഡ്‌ മൂവിയാണ് "ഗെറ്റിംഗ് ഹോം". മരണപ്പെട്ട സുഹൃത്തിനെ അയാളുടെ വീട്ടിലെത്തിക്കാനുള്ള ഒരാളുടെ ശ്രമങ്ങളിലൂടെ നഗര-ഗ്രാമീണ മനസ്സുകളെ പരിചയപ്പെടുത്തുന്നു ഈ സിനിമ. "ഓരോ ഇലയും അതിന്റെ വേരുകളിലേയ്ക്ക്  മടങ്ങണം" എന്ന വരിയിൽ സിനിമയുടെ ആത്മാവിനെ കണ്ടെടുക്കാം. മൂല്യങ്ങളെ നെഞ്ചിനോട് ചേർത്ത് നിർത്തുന്നതിൽ നഗര-ഗ്രാമീണ/ ധനിക-ദരിദ്ര മനസ്സുകളിലുള്ള അന്തരങ്ങളെയാണ് അയാൾ കടന്നു പോകുന്ന സന്ദർഭങ്ങളിൽ കാണാനാവുന്നത്. വികസിതമാകുന്ന രാജ്യങ്ങൾ, വികസ്വരമാകുന്ന മനുഷ്യ മനസ്സുകളുമായാണ് കുതിക്കുന്നത് എന്ന സൂചനകൾ ഈ സിനിമ നൽകുന്നു. മാറുന്ന കാലഘട്ടത്തിലെ വ്യക്തി/ കുടുംബ ബന്ധങ്ങളിലേക്കുള്ള ചൂണ്ടു പലകയാകുന്നു  യാഥാർത്ഥ്യത്തിന്റെ  നിറമണിയാതെ മുന്നിൽ തെളിയുന്ന മരണാനന്തര നാടകങ്ങൾ. മരണവും, മൃതശരീരവും ഹാസ്യത്തിന്റെ സ്രോതസ്സാകുന്ന ദൈന്യതയാർന്ന വൈരുദ്ധ്യം പോലെ ജീവിത യാത്ര എതിരിടുന്ന വൈരുധ്യങ്ങളെയും ഓർമിപ്പിക്കുന്നു ലളിതവും , മനോഹരവുമായ ഈ സിനിമ.