Monday 27 April 2015

VENGEANCE IS MINE (1979)



FILM : VENGEANCE IS MINE (1979)
GENRE : CRIME DRAMA
COUNTRY : JAPAN
DIRECTOR : SHOHEI IMAMURA

                  സീരിയൽ കില്ലർ സിനിമകൾ കൂടുതലായും മറഞ്ഞിരിക്കുന്ന കൊലയാളിയേയും , കൊലപാതക കാരണങ്ങളെയുമാണ് ശ്രദ്ധയൂന്നി അവതരിപ്പിക്കാറുള്ളത്. എന്നാൽ VENGEANCE  IS MINE ഈ രീതിയിൽ നിന്ന് വ്യത്യസ്തമായി കൊലയാളിയുടെ വ്യക്തിത്വ തലങ്ങളെ വ്യക്തമായി വരച്ചിടാൻ ശ്രമിക്കുന്നു. അയാളുടെ ഭൂതകാലവും , കുടുംബ ചുറ്റുപാടുകളും , വ്യക്തി ബന്ധങ്ങളും  ഈ ഉദ്യമത്തിന്റെ ഭാഗമായി സൂക്ഷ്മ തലത്തിൽ ചികഞ്ഞിടുകയാണ് സംവിധായകൻ ചെയ്യുന്നത്. ENOKIZU എന്ന നിഷ്ഠൂരനായ കൊലയാളി പോലീസ് പിടിയിലാകുന്നതോടെ ആരംഭിക്കുന്ന ഈ സിനിമ , ഫ്ലാഷ് ബാക്കുകളുടെ അകമ്പടിയോടെ അയാളുടെ മുൻകാല ജീവിതം നിവർത്തി വയ്ക്കുന്നു. REBELLIOUS-ആയ കുട്ടിക്കാലവും , തെളിച്ചമില്ലാത്ത യൌവ്വനവും , തലവേദന മാത്രമേകുന്ന കുടുംബ  ബന്ധങ്ങളും , സത്യസന്ധമല്ലാത്ത ദാമ്പത്യവും , വിശ്വാസിയല്ലാത്ത ജീവിതവുമായി സാധാരണക്കാരന്റെ മുഖാവരണത്തിനുള്ളിൽ ചെകുത്താന്റെ ക്രൌര്യവുമായി അലയുന്ന ENOKIZU-വിനെ നമുക്ക് പരിചയിക്കാനാകുന്നു. ദേഹേച്ഛകളുടെ കുത്തൊഴുക്കിൽ സദാചാരവും,  സാമൂഹിക മൂല്യങ്ങളും വിശ്വസിയിലും, അവിശ്വസിയിലും ഒരുപോലെ വീണുടയുന്നത്‌ കാണാം. ENOKIZU-വിന്റെ പതനം കാംഷിക്കുന്ന പിതാവിന്റെയും, ഭാര്യയുടെയും മനസ്സുകൾ തിന്മയെക്കുറിച്ചുള്ള ചിന്തകളെ വിശാല തലങ്ങളിലേയ്ക്ക് നയിക്കുന്നു. ശരീര തൃഷ്ണകൾ ആർത്തലയ്ക്കുമ്പോൾ  തിന്മയുടെ പക്ഷങ്ങളിൽ തിരക്കേറുന്നു. കാമവും, ഹിംസയും, വഞ്ചനയും നിറഞ്ഞു തുളുമ്പുന്ന ഈ സിനിമ വീക്ഷിക്കുന്നവർ ഇമാമുറയുടെ കൂടുതൽ സിനിമകൾ തേടിപ്പോകുമെന്നതിൽ സംശയമില്ല.  


Thursday 23 April 2015

MAN ON THE TRAIN (2002)



FILM : MAN ON THE TRAIN (2002)
GENRE : DRAMA
COUNTRY : FRANCE
DIRECTOR : PATRICE LECONTE

                    വ്യക്തിത്വത്തിലും , ജീവിത രീതികളിലും കാതങ്ങളോളം വൈരുദ്ധ്യങ്ങളുള്ള രണ്ടു കഥാപാത്രങ്ങളെ ആകസ്മികതയിലൂടെ ഒരുമിപ്പിച്ച് സംഭാഷണങ്ങളിലൂടെ  മെല്ലെ മുന്നോട്ട് തുഴയുന്ന സിനിമയാണ് MAN ON THE TRAIN. അന്യരുടെ ജീവിതങ്ങളിലേയ്ക്ക് ആശയോടെ നോക്കുന്ന മനുഷ്യത്വര  ഇരു കഥാപാത്രങ്ങളിലും തെളിഞ്ഞു കാണാം. സംഭാഷണങ്ങളെ സൂക്ഷ്മ വിശകലനം ചെയ്‌താൽ അവരുടെ ആന്തര വ്യക്തിത്വങ്ങളോട് സംവദിക്കാം. മറ്റൊരാളുടെ അസാന്നിധ്യത്തിൽ ആ വ്യക്തിയിലേക്കുള്ള കൂടുമാറ്റ ശ്രമങ്ങൾ ഇരു വ്യക്തികളുടെയും അക മനസ്സിലേക്കുള്ള വെളിച്ചമാകുന്നു. മാറ്റാനാവാത്ത വിധിയുടെ മടിത്തട്ടിലേക്ക് ഇരുവരും വഴുതി വീഴുമ്പോൾ നാം നമുക്കുള്ളിലേക്ക് ചൂഴ്ന്ന് നോക്കുകയാവും....
                 അഭിനയവും, ഗ്രേ ടോണിലുള്ള  ഫ്രൈമുകളും , വെസ്റ്റേണ്‍ സിനിമകളെ ഓർമ്മിപ്പിച്ച ചില BGM ശകലങ്ങളും ഈ സിനിമയുടെ ഓർത്തു വയ്ക്കാവുന്ന മേന്മകളാണ്. മെല്ലെ നീങ്ങുന്ന നല്ല സിനിമകളുടെ ആരാധകർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ.


Thursday 16 April 2015

INNOCENT VOICES (2004)



FILM : INNOCENT VOICES (2004)
GENRE : WAR DRAMA
COUNTRY : MEXICO
DIRECTOR : LUIS MANDOKI

                        സിനിമയിലെ ആദ്യ രംഗം തന്നെ മനസ്സിനെ പിടിച്ചുലയ്ക്കുന്നതായിരുന്നു. അവസാന സീൻ വരെ അതിന്റെ തീക്ഷ്ണത ലവലേശം ചോർന്നു പോകുന്നുമില്ല. മെക്സിക്കൻ സിനിമയായ INNOCENT VOICES എന്ന സിനിമയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. യുദ്ധങ്ങൾ കവർന്നെടുക്കുന്ന കളങ്കരഹിതമായ ബാല്യത്തിന്റെ കണ്ണിലൂടെയാണ്  ഇവിടെയും നാം കാഴ്ചകൾ കാണുന്നത്. അതിനാൽ എനിക്ക് ഈ സിനിമ ദുഃഖ സാന്ദ്രമായ അനുഭവമാണ് നൽകിയത്.
            എൽ സാൽവദോരിൽ  1980-കളിൽ  നടന്ന ആഭ്യന്തര യുദ്ധത്തിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങളാണ് ഈ സിനിമയിൽ നിറയുന്നത്. പട്ടാളത്തിന്റെയും, ഗറില്ലാ പോരാളികളുടെയും ഏറ്റുമുട്ടലുകൾക്കിടയിൽ ദുരിതം അനുഭവിക്കുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലമാണ് സിനിമയ്ക്കുള്ളത്. യുദ്ധത്തിന്റെ നടുവിലാണെങ്കിലും ബാല്യം എല്ലാ കൌതുകങ്ങളോടും  കൂടി ആസ്വദിക്കാൻ ആഗ്രഹിക്കുന്ന CHAVA-യാണ് നമ്മുടെ കഥാപാത്രം. നിർബന്ധിത പട്ടാള റിക്രൂട്ടിംഗിന്റെ പടിവാതിലിൽ (12 വയസ്സ്) നിൽക്കുന്ന CHAVA-യ്ക്ക് കലുഷമായ ചുറ്റുപാടുകളിൽ അതിജീവനത്തിന്റെ ശക്തമായ ചുവടുകളെ പിന്തുടരുകയെന്ന അനിവാര്യതയെ പുൽകേണ്ടി വരുന്നു.
                  നിഷ്കളങ്കത ബാല്യത്തിന്റെയും, നിർദ്ദയത്വം യുദ്ധങ്ങളുടെയും അടയാളങ്ങളാകുമ്പോൾ നിഷ്കളങ്കത വറ്റുന്ന ബാല്യങ്ങളെയാണ് യുദ്ധങ്ങൾ സൃഷ്ടിക്കുക. യുദ്ധം ഒരു ഭീകര സാന്നിദ്ധ്യമാവുന്ന ഈ സിനിമ ആരുടെ പക്ഷമാണ് നിലകൊള്ളുന്നത്‌ എന്നത് അപ്രസക്തമാകുന്ന കാഴ്ചകളാണ് സിനിമയുടെ പക്ഷം ചേരലിനിടയിലും  കാണാനാവുക. ഗറില്ലകളും, പട്ടാളവും കുട്ടികളുടെ സ്വപ്നങ്ങളെ ഒരുപോലെ ചവിട്ടിയരയ്ക്കുന്നു.
                                  കുട്ടിത്തത്തിന്റെ മനോഹരമായ ചേഷ്ടകളും, മധുരമൂറുന്ന സൗഹൃദ നിമിഷങ്ങളും യുദ്ധമെന്ന അഗ്നിയിൽ കരിഞ്ഞില്ലാതാകുന്നു. വെടിയും, പുകയും നിറയുന്ന ഏറ്റുമുട്ടലുകളുടെ രാവുകളിലൊന്നിൽ ഇളയ സഹോദരന്റെ കരച്ചിലടക്കാൻ ശ്രമിക്കുന്ന ചാവയുടെ മുഖം മനസ്സിൽ മായാതെ നിൽക്കും. ഓരോ നിമിഷവും അതിജീവനത്തിന്റെ അഭയ കേന്ദ്രങ്ങളെ പരതേണ്ടി  വരുന്ന അവരുടെ കണ്ണുകൾ നമ്മോട് പലതും സംവദിക്കുന്നു.
                ചരിത്രപരമായ സത്യസന്ധതയെയോ , സിനിമയുടെ പക്ഷത്തേയോ  അടിസ്ഥാനമാക്കിയല്ല ഞാൻ ഈ സിനിമയെ നോക്കിക്കാണുന്നത്‌. ബാല്യത്തിന്റെ കുസൃതി നിറഞ്ഞ വർണ്ണക്കൂട്ടുകളും, ഉല്ലാസഭരിതമായ പൊട്ടിച്ചിരികളും യുദ്ധങ്ങളുയർത്തുന്ന ഇരുണ്ട സത്യങ്ങളിലും , വെടിയൊച്ചകളിലും  നിഷ്ക്കരുണം ഇല്ലാതായിപ്പോകുന്ന യാഥാർത്യത്തിന്റെ മറ്റൊരു മികവുറ്റ സിനിമാ ആവിഷ്കാരമായാണ് ഈ സിനിമ എന്നെ അലട്ടുന്നത്. ഇരകളുടെ നേർത്ത സ്വരങ്ങളെ ക്രൂരതയുടെ അട്ടഹാസങ്ങൾ കീഴടക്കുന്നുണ്ടെങ്കിലും , നമ്മുടെ കർണ്ണപടങ്ങളിൽ അവയുടെ ധ്വനികൾ നിലയ്ക്കുകയില്ല. യുദ്ധ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമകളിലെ ഒരു മാസ്റ്റർപീസ്‌ എന്ന വിശേഷണം എല്ലാ നിലയ്ക്കും അർഹിക്കുന്ന സിനിമയാണ് INNOCENT VOICES. 


Tuesday 14 April 2015

LOVE AND LEMONS (2013)



FILM : LOVE AND LEMONS (2013)
COUNTRY : SWEDEN
GENRE : ROMANTIC COMEDY
DIRECTOR : TERESA FABIK

               ROM-COM സിനിമകൾ  അഥവാ റൊമാന്റിക് കോമഡികൾ അധികമൊന്നും കാണാറില്ല. പ്ലോട്ടിലെ സ്ഥിരം ചേരുവകളും , പകുതിക്ക് മുമ്പേ ഊഹിക്കാവുന്ന അവസാനവുമാവാം ഈ വിമുഖതയുടെ കാരണം. എങ്കിലും അവതരണത്തിൽ സൃഷ്ടിക്കാവുന്ന ഫ്രെഷ്നസ്സും , ഊർജ്ജവും പലപ്പോഴും ക്ലിഷേകളുടെ  ഇത്തരം കൂമ്പാരങ്ങൾക്ക് മുന്നിൽ നമ്മെ പിടിച്ചിരുത്താറുണ്ട് എന്നതാണ് സത്യം.
                  LOVE AND LEMONS എന്ന ഈ സ്വീഡിഷ് സിനിമ AGNES എന്ന യുവതിയുടെ പ്രണയമാണ് അവതരിപ്പിക്കുന്നത്‌. ഒരു റെസ്റ്റോറൻറ് തുടങ്ങി വിജയിക്കാനുള്ള പരിശ്രമങ്ങളിൽ മുഴുകുന്ന അവൾക്ക് വ്യക്തി ജീവിതത്തിലും, ജോലിയിലും പല പ്രതിബന്ധങ്ങളും നേരിടേണ്ടി വരുകയാണ്. രുചികളോടുള്ള പ്രണയം അവളെ സ്വപ്ന തീരങ്ങളിലേയ്ക്ക്‌ നയിക്കുന്ന ചിത്രങ്ങളാണ് തുടർന്നു കാണാനാവുക. നമ്മുടെ "സാൾട്ട് ആൻഡ്‌ പെപ്പെർ" പോലെ രുചിയും പ്രണയവും പാകത്തിൽ കുഴച്ചു ചേർത്ത സിനിമകളുടെ ആസ്വാദകർക്ക് ഈ വിഭവവും ഇഷ്ടമാകും.
                    ജീവിതത്തിലെ ഏതൊരു സാധാരണ നിമിഷത്തെയും അസാധാരണമാക്കുന്ന ചേരുവ സ്നേഹമാണെന്ന ഓർമ്മപ്പെടുത്തലോടെ നിർത്തുന്നു.  


Monday 13 April 2015

THE DAUGHTER OF KELTOUM (2001)



FILM : THE DAUGHTER OF KELTOUM (2001)
COUNTRY : ALGERIA
GENRE : DRAMA
DIRECTOR : MEHDI CHAREF

                        സംവിധാന ശൈലിയുടെ മിഴിവോ, പ്രമേയത്തിന്റെ തീക്ഷ്ണതയോ  അല്ല ചില സിനിമകളെ മനസ്സിൽ തങ്ങി നിർത്താറുള്ളത്. കാണാത്തതും, കേൾക്കാത്തതുമായ സാംസ്കാരിക ഇടങ്ങളെ അറിയാനുള്ള അവസരം ഒരുക്കുന്നു എന്നതാണ് ചില സിനിമകളോടുള്ള ഇഷ്ടത്തിന് നിദാനം. ആഫ്രിക്കൻ സിനിമകൾ പലപ്പോഴും ഈ വിശേഷണത്തോട് ചേർന്ന് നിന്ന് എന്റെ മനസ്സിനെ തൃപ്തിപ്പെടുത്താറുണ്ട്. THE DAUGHTER OF KELTOUM എന്ന അൾജീരിയൻ സിനിമ ഇത്തരത്തിൽ പുതുമയാർന്ന  ദൃശ്യാനുഭവമേകുന്നു.
                                       ജനവാസം കുറഞ്ഞതും, മരുഭൂമി പോലെ വരണ്ടതുമായ മലനിരകളിലെ ഗ്രാമങ്ങളിൽ ഒന്നിലേയ്ക്ക് ജന്മം നൽകിയ മാതാവിനെ അന്വേഷിച്ചെത്തുന്ന സ്വിറ്റ്സർലണ്ട്  നിവാസിയായ  "റാലിയയുടെ" യാത്രയാണ് ഈ സിനിമ പകരുന്നത്. അവളുടെ യാത്രയിൽ  കണ്ടുമുട്ടുന്നവരും, നേരിടുന്ന അനുഭവങ്ങളും അവൾക്ക് എന്നപോലെ നമുക്കും പുതിയ അറിവുകളാകുന്നു. പാശ്ചാത്യവൽക്കരിക്കപ്പെട്ട റാലിയയുടെ സ്ത്രീ സ്വത്വം പുതിയ സാംസ്കാരിക പശ്ചാത്തലത്തിൽ എതിരിടുന്ന സംഘർഷങ്ങളും , തലയുയർത്താനോ   കണ്ണുകൾ ഉയർത്താനോ കഴിയാത്ത വിധം പെണ്ണ് ചുമക്കേണ്ടി വരുന്ന സംസ്കൃതിയുടെ അഴുകിയ ഭാണ്ഡങ്ങളുടെ സാന്നിധ്യവും  സിനിമയ്ക്ക്‌ പ്രമേയ തീക്ഷ്ണത നൽകുന്നു.
            റാലിയയുടെ അന്വേഷണങ്ങൾ ലക്ഷ്യം കാണുമ്പോൾ നമ്മൾ അത്ഭുതപ്പെടാതിരിക്കുന്നത് പിന്നിടുന്ന ഫ്രൈമുകൾ അവശേഷിപ്പിച്ച ചിന്തകൾ കാരണമാണ്. ദുസ്സഹമായ ജീവിത പശ്ചാത്തലങ്ങളിൽ എല്ലാത്തിനും ന്യായങ്ങളുണ്ട് എന്ന യുക്തിയോട്‌ സന്ധി ചെയ്യുന്ന ലാഘവത്തോടെയല്ല പ്രേക്ഷകൻ KELTOUM-ന്റെ വാക്കുകൾക്ക് ചെവികൊടുക്കുന്നത്. സിനിമയുടെയും , ക്ലൈമാക്സിന്റെയും വിജയം അത് തന്നെയാണ്.


Saturday 11 April 2015

THE LITTLE TRAITOR (2007)



FILM : THE LITTLE TRAITOR (2007)
COUNTRY : ISRAEL
GENRE : DRAMA
DIRECTOR : LYNN ROTH

             ഇസ്രായേലി എഴുത്തുകാരനായ AMOS OZ-ന്റെ "PANTHER IN THE BASEMENT" എന്ന നോവലിന്റെ ചലച്ചിത്ര ആഖ്യാനമാണ് THE LITTLE TRAITOR. പശ്ചിമേഷ്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ സംഭവങ്ങളിൽ ഒന്നിന്റെ തൊട്ടുമുമ്പുള്ള ദിനങ്ങളിൽ നിന്നുകൊണ്ടാണ് ലളിതവും മനോഹരവുമായ ഒരു കഥ ഈ സിനിമ മൊഴിയുന്നത്.
                 1947-ലെ ഫലസ്തീൻ ആണ് സിനിമയുടെ പശ്ചാത്തലം. ഇസ്രായേലിന്റെ രൂപീകരണത്തിന് മുമ്പ്, ബ്രിട്ടീഷ് സൈനികരുടെ അലോസരപ്പെടുത്തുന്ന സാന്നിദ്ധ്യത്തിന്റെ അസ്വസ്ഥത പുകയുന്ന അന്തരീക്ഷത്തിലാണ് ജൂതബാലനായ "പ്രോഫിയും" കൂട്ടരും പ്രതിരോധങ്ങൾ ആസൂത്രണം ചെയ്യുന്നത്. ബ്രിട്ടീഷ് സൈനികരോട് കടുത്ത വെറുപ്പുമായി കഴിയുന്ന പ്രോഫി ആകസ്മികമായി ഡണ്‍ലപ്പ്‌ എന്ന സൈനികനുമായി  സൗഹൃദത്തിൽ  ഏർപ്പെടുന്നു. ഈ സൗഹൃദം ഏകുന്ന നല്ല നിമിഷങ്ങളും , പ്രശ്നങ്ങളുമാണ് സിനിമയുടെ പിന്നീടുള്ള ഭാഗങ്ങളിൽ കാണാനാവുക.
                     ഇസ്രായേലിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭവ വികാസങ്ങൾ നേരിയ തോതിൽ മിന്നി മറയുന്നുണ്ടെങ്കിലും, ഒരു രാഷ്ട്രീയ സിനിമ എന്ന്  ഈ സിനിമയെ വിശേഷിപ്പിക്കാൻ ആവില്ല. ഗൌരവമേറിയ പശ്ചാത്തലമാണെങ്കിലും,  അതിന്റെ കാർമേഘങ്ങളില്ലാത്ത പ്രസന്നമായ നിമിഷങ്ങളാണ് സിനിമയിൽ ഉടനീളം കാണാനാവുക. സിനിമയുടെ പശ്ചാത്തല സംഗീതം വേറിട്ട അനുഭവമേകുന്നതായി തോന്നി.  വെറുപ്പിനെ  മായ്ച്ചു കളയുന്ന കലർപ്പില്ലാത്ത സൗഹൃദങ്ങളെ  ഓർമ്മിപ്പിക്കുന്ന ഈ കൊച്ചു സിനിമ നിങ്ങൾ കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു.


Thursday 9 April 2015

THE KITE (2003)



FILM : THE KITE (2003)
COUNTRY : LEBANON
GENRE : DRAMA
DIRECTOR : RANDA CHAHAL SABAG

                                                       നൂലറ്റു പോയ പട്ടം അതിരുകളില്ലാത്ത ആകാശത്ത്
സ്വതന്ത്രമായി വിഹരിക്കുന്നത് കൊതിയോടെ നോക്കുന്നവരുണ്ടാകും. അസ്വാതന്ത്ര്യത്തിന്റെയോ അതിരുകളുടെയോ മണ്ണിൽ ചവിട്ടി നിൽക്കുമ്പോൾ വിണ്ണ്‍ മോഹിപ്പിക്കുന്ന ഇടം തന്നെയാണ്. മുള്ളുവേലികളുടെ രാഷ്ട്രീയം വമിക്കുന്ന അനവധി സിനിമകൾ ഉണ്ടായിട്ടുണ്ട്. അധിനിവേശവും , ദേശീയതയും, സാമ്രാജ്യത്വവും കെട്ടിയുയർത്തുന്ന അതിരുകൾ വിഭജിക്കുന്ന ഉറ്റവരുടെ ദൈന്യത പലതവണ സിനിമകളിലൂടെ നമ്മെ സ്പർശിച്ചതുമാണ്. പതിവ് ശൈലിയിൽ അല്ലെങ്കിലും അതിരുകളുടെ രാഷ്ട്രീയം പ്രണയത്തിന്റെ നേർത്ത സാന്നിദ്ധ്യത്തിൽ അവതരിക്കപെടുന്ന സിനിമയാണ് THE KITE (2003).
              ലെബനോണ്‍-ഇസ്രയേൽ അതിർത്തിയിലെ ഇസ്രയേൽ അധിനിവേശത്തിന്റെ ഫലമായി ഇരു രാജ്യങ്ങളിലായ ഒരു സമൂഹത്തിന്റെ പശ്ചാത്തലമാണ് THE KITE എന്ന ഈ ലെബനീസ് സിനിമയുടേത്. ലെബനോൻ ഭാഗത്ത്‌ താമസിക്കുന്ന "ലാമിയ" എന്ന പതിനാറുകാരിയെ അവളുടെ താൽപര്യത്തിനു വിരുദ്ധമായി അതിർത്തിക്കപ്പുറത്തേക്ക് വിവാഹം ചെയ്തയക്കുന്നു. അതിർത്തി ക്രോസ്സ് ചെയ്യുന്ന അവളുടെ കണ്ണുകൾക്കൊപ്പം , ഹൃദയവും അതിർത്തിയിലെ യുവ ഇസ്രായേലി സൈനികനിൽ ഉടക്കുന്നു.
               ആഖ്യാനത്തിലെ ഒഴുക്കില്ലായ്മ പലപ്പോഴും സിനിമയിൽ നിന്ന് പ്രേക്ഷകനെ അടർത്തി മാറ്റുന്നുണ്ടെങ്കിലും ,  ലാമിയയുടെ ഭാവിയെക്കുറിച്ചും സിനിമയുടെ അന്ത്യത്തെക്കുറിച്ചുമുള്ള ആകാംഷയാണ് നമ്മെ പിടിച്ചിരുത്തുന്നത്. രാഷ്ട്രീയം വിഭജിച്ച സമൂഹത്തിന്റെ ഇരു വശങ്ങൾക്ക് കൈവരുന്ന ദേശീയ സ്വത്വ അന്തരങ്ങളെ ഈ സിനിമ ചെറിയ തോതിൽ അടയാളപ്പെടുത്തുന്നു. അവസാനഭാഗത്ത്‌ സങ്കുചിതത്വമാർന്ന ദേശീയതയുടെയും, വിഭാഗീയതയുടെയും ഉടയാടകൾ ഉപേക്ഷിച്ച്  വേലികളിൽ കുരുങ്ങാത്ത മനസ്സിന്റെ ഉടമകളായ യുവത്വത്തെക്കുറിച്ചുള്ള പുതു പ്രതീകഷകളെ ഉയർത്തി വിടാനും സംവിധായിക ശ്രമിക്കുന്നതായി കാണാം......