Tuesday 22 September 2020

ZER (2017)

 FILM : ZER (2017)

COUNTRY : TURKEY

GENRE : DRAMA

DIRECTOR : KAZIM OZ

    യാത്രകൾ എല്ലായ്പ്പോഴും അനുഭവങ്ങളും, തിരിച്ചറിവുകളും സമ്മാനിക്കുന്നവയാണ്. മനുഷ്യന്റെ കണ്ടെത്താനുള്ള, അറിയാനുള്ള ദാഹം തന്നെയാണ് എല്ലാ പ്രതികൂല അവസ്ഥകളെയും താണ്ടാനുള്ള ഇന്ധനങ്ങളായി വർത്തിക്കുന്നതും. zer ഒരു യാത്രയാണ്. ഭൂതകാലത്തിലേക്ക് , ഓർമ്മകളിലേക്ക്, സ്വന്തം കുടുംബത്തിന്റെ വേരുകൾ തേടി ജാൻ എന്ന ചെറുപ്പക്കാരന്റെ യാത്ര. അമേരിക്കയിൽ വസിക്കുന്ന സംഗീത വിദ്യാർത്ഥിയാണ് ജാൻ. ചികിത്സാർത്ഥം അമേരിക്കയിലെത്തുന്ന മുത്തശ്ശിയുടെ അവസാന നിമിഷങ്ങളിൽ ഒരിക്കൽ മാത്രം jan-നായി അവർ പാടിയ ഒരു പാട്ടിന്റെ ഉറവിടം തേടുകയാണ് അവൻ. ജാനിന്റെ ജിജ്ഞാസകളോട് കുടുംബാംഗങ്ങൾ മുഖം തിരിക്കുമ്പോൾ തുർക്കിയുടെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുകയാണവൻ.
           തുർക്കിയിലെ കാഴ്ചകളിലേക്ക് ക്യാമറ തിരിയുമ്പോഴാണ് സിനിമ ആസ്വാദ്യകരമാകുന്നത്. യാത്രയിൽ കണ്ടുമുട്ടുന്ന മനുഷ്യരും, പങ്കു കൊള്ളുന്ന ആഘോഷങ്ങളുമെല്ലാം അവനെന്ന പോലെ നമുക്കും പുതുമയുള്ളതാകുന്നു. കഴിഞ്ഞ കാലത്തിന്റെ വേദനിപ്പിക്കുന്ന ചില ഏടുകളെ സ്പർശിക്കുന്ന  സിനിമ ചരിത്ര സത്യങ്ങളെ മറവിയുടെ കയങ്ങളിൽ നിന്ന് ഓർമ്മയിലേക്ക് ഒന്നുകൂടി ഉയർത്തുന്നു. ഗ്രാമീണതയുടെ സ്വച്ഛവും, സുന്ദരവുമായ കാഴ്ചകൾ കണ്ടറിഞ്ഞു കൊണ്ട് ജാനിനൊപ്പം നമ്മളും യാത്ര ചെയ്യുന്ന ഒരു ഫീൽ ... ഒരു പാട്ട് ചരിത്രത്തിലേക്കുള്ള പാലമാകുന്നു ഇവിടെ..............


 

Sunday 13 September 2020

AZALI (2018)

FILM : AZALI (2018)

COUNTRY : GHANA

GENRE : DRAMA

DIRECTOR : KWEBENA GYANASH

        എല്ലാ കാഴ്ചകളും ആസ്വാദ്യകരമല്ല. ചിലത് വേദനയായി മനസ്സിൽ പതിയുന്നവയാണ്. ആഫ്രിക്കൻ ജീവിതത്തിന്റെ പരുക്കൻ കാഴ്ചകളിലേക്ക് ക്യാമറ തിരിക്കുന്ന ഘാന സിനിമ AZALI-യും അങ്ങനെയുള്ള കാഴ്ചകളെയാണ് ഫ്രെയിമുകളിൽ കാണിച്ചു തരുന്നത്.
         ദാരിദ്ര്യം എന്ന  ദുരിതം നയിക്കുന്ന ദൈന്യതയാർന്ന ജീവിതാനുഭവങ്ങളിലേക്ക് നിസ്സഹായതയോടെ ആമിന കയറിച്ചെല്ലുന്നത് അരക്ഷിതമായ പെൺജീവിതങ്ങളുടെ അടയാളപ്പെടുത്തലാകുന്നു. ഗ്രാമമെന്നോ / നഗരമെന്നോ വ്യത്യാസമില്ലാതെ ദാരിദ്ര്യം സമ്മാനിക്കുന്ന അവസ്ഥകളെ ചൂഷണം ചെയ്യാനായി കഴുകൻ കണ്ണുകളോടെ വട്ടമിടുന്ന ചൂഷകരെ ഇവിടെയും കാണാനാവുന്നു. നഗരത്തിലെ തിരക്കുകളിൽ ഒറ്റപ്പെടുന്ന ആമിനയെന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥപറയുന്ന ഈ സിനിമ  മനുഷ്യക്കടത്ത് , ലൈംഗിക ചൂഷണങ്ങൾ എന്നിങ്ങനെയുള്ള പലതരം സാമൂഹിക വിപത്തുകളിലേക്ക് വിരൽ ചൂണ്ടുന്നു. ദാരിദ്ര്യം വേരുപിടിച്ച ഏത് ഇടങ്ങളിലും സഹജമായ യാഥാർത്യങ്ങളാണ് ഈ സിനിമ പങ്കുവെയ്ക്കുന്നത്. ഭാവനയുടെ തിരയിളക്കങ്ങളിൽ രൂപപ്പെടുത്തിയ ഒരു കഥാപാത്രമല്ല ആമിന, നീറുന്ന ജീവിതങ്ങളുമായി മല്ലടിക്കുന്ന അനേകം നിസ്സഹായതകളുടെ പ്രതീകം കൂടിയാകുന്നു അവൾ.   

 

Sunday 6 September 2020

VEINS OF THE WORLD (2020)

 FILM : VEINS OF THE WORLD (2020)

COUNTRY : MONGOLIA

GENRE : DRAMA

DIRECTOR : BYAMBASUREN DAVAA

         സിനിമയുടെ ആദ്യ ഷോട്ടും, അവസാന ഷോട്ടും നിർവ്വചിക്കുന്ന യാഥാർത്യം ലോകത്തിന്റെ ഏത് കോണിനും പരിചിതമാണെന്നതാണ് ഈ സിനിമയുടെ പ്രസക്തി. മംഗോളിയൻ പുൽമേടുകളിൽ പരമ്പരാഗത ശൈലിയിൽ ജീവിക്കുന്ന കുടുംബങ്ങളുടെ സ്വൈര്യ ജീവിതത്തിന്റെ താളംതെറ്റിച്ചു കൊണ്ട് മൈനിംഗ് കമ്പനികൾ പണി തുടങ്ങുകയാണ്. പ്രാദേശികരുടെ ദുർബലമായ ചെറുത്തുനില്പിനു് ചുക്കാൻ പിടിച്ച വ്യക്തി മരണപ്പെടുകയാണ്. പിതാവിന്റെ പാതയിൽ തന്നാലാവുന്നത് ചെയ്യാൻ ശ്രമിക്കുന്ന AMRA എന്ന ബാലന്റെ കണ്ണുകളിലൂടെയാണ് പ്രശ്നത്തെയും, അതിന്റെ യാഥാർഥ്യങ്ങളെയും നമുക്കായി സിനിമ കാണിച്ചു തരുന്നത്.
          ദുരമൂത്ത്  നമ്മൾ വിഷലിപ്തമാക്കിയും , വറ്റിച്ചും, മാന്തിയും , കുഴിച്ചും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്ന പ്രകൃതിയെ ഓർമ്മപ്പെടുത്തുന്നു ഈ സിനിമ. നിസ്സംഗതയുടെ/ അഴിമതിയുടെ/ ആർത്തിയുടെ/ അധികാരത്തിന്റെ/ സ്വാർത്ഥതയുടെ/ പണാധിപത്യത്തിന്റെ കൈകളാഴ്ന്ന് മൃതപ്രായയായ പ്രകൃതിയുടെ ദുരവസ്ഥ നമുക്ക് ചുറ്റിലും കാണാവുന്ന സമകാലിക ലോകത്ത് ഇതെങ്ങനെ ഓർമ്മപ്പെടുത്തലാവും?............. കണ്ണും, മനസ്സും, നാവും, ചിന്തകളും അടിയറവ് വെച്ച് നാം ഒറ്റുന്നത് നമ്മുടെ തന്നെ ജീവനാഡികളെയാണെന്നത് നമുക്ക് അറിയാത്തതല്ല എന്നതാണ് ഏറ്റവും ഭീകരം .............        

Friday 4 September 2020

DEAR SON (2018)

 

FILM : DEAR SON (2018)

COUNTRY : TUNISIA

GENRE : DRAMA

DIRECTOR : MOHAMED BEN ATTAI

 
             പിതാവ്, മാതാവ്, മകൻ എന്നിവർ മാത്രമടങ്ങുന്ന ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലുള്ള ഫാമിലി ഡ്രാമയെന്ന് വിളിക്കാവുന്ന സിനിമയാണ് "ഡിയർ സൺ". മധ്യവയസ്സ് പിന്നിട്ട ദമ്പതികളുടെ ഏക പ്രതീക്ഷയാണ് സാമി എന്ന മകൻ. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അവനെ അലട്ടുന്ന പ്രശ്നങ്ങൾ അവനിൽ കണ്ണുംനട്ടിരിക്കുന്ന മാതാപിതാക്കളിലേക്കും പ്രതിഫലിക്കുന്നു. മകന്റെ ഭാവിയെ സംബന്ധിച്ച പ്രതീക്ഷകളും, ആകുലതകളും മനസ്സിലേറ്റി നടക്കുന്ന, അമിതമായി കെയർ ചെയ്യുന്ന മാതാപിതാക്കളെ ഞെട്ടിച്ചു കൊണ്ട് അവൻ തീവ്രവാദത്തിന്റെ ദുഷിച്ച പാതയിലേക്ക് വഴിതെറ്റിപ്പോവുകയാണ്. ഈ സംഭവം സൃഷ്ടിക്കുന്ന മനഃസംഘർഷങ്ങളും , പ്രശ്നങ്ങളിലുമാണ് സിനിമ കേന്ദ്രീകരിക്കുന്നത്.
       "തീവ്രവാദം" എന്നത് സിനിമയുടെ ഗതിയെ നിർണ്ണയിക്കുന്ന പ്രധാന വിഷയമാണെങ്കിലും അതിനെത്തുടർന്ന്  മാതാപിതാക്കൾ  കടന്നുപോകുന്ന വിഷമതകളും , അന്തർസംഘർഷങ്ങളുമാണ് ക്യാമറയുടെ മുന്നിൽ തെളിയുന്നത്. കുടുംബത്തിലെ മൂന്ന് വ്യക്തികളുടെയും വ്യക്തിത്വങ്ങളെ നിർണ്ണയിച്ച  സാഹചര്യങ്ങളെ  സൂക്ഷ്മമായ സൂചനകളെ മുൻനിർത്തി വായിച്ചെടുക്കാം. സിനിമയുടെ പല സന്ദർഭങ്ങളിലുമുള്ള റിയാദിന്റെ പ്രവർത്തികളും, സംഭാഷണങ്ങളും അയാളിലെ വ്യക്തിത്വത്തിന്റെയും, അയാൾ നടന്നു തീർത്ത ജീവിതം പകർന്ന തിരിച്ചറിവുകളുടെയും തുടർച്ചകൾ തന്നെയാവണം. റിയാദ് എന്ന കഥാപാത്രത്തെ അവിസ്മരണീയമായാണ് അഭിനേതാവ് പകർന്നാടിയിട്ടുള്ളത്. കഥാപാത്രത്തിന്റെ മനസ്സ് കടന്നുപോകുന്ന തലങ്ങളെ വളരെ സൂക്ഷ്മമായി തന്നെ പ്രതിഫലിപ്പിച്ച മികച്ച പ്രകടനം എന്ന് നിസ്സംശയം പറയാം. സിനിമയെ ഒറ്റ വാചകത്തിൽ ഒതുക്കി പറഞ്ഞാൽ, "വളരെ പതിഞ്ഞ താളത്തിൽ  നീങ്ങുന്ന മനസ്സിനു വിങ്ങലേകുന്ന  ഒരു ഫാമിലി ഡ്രാമ".   

 

Tuesday 1 September 2020

SONG WITHOUT A NAME (2019)

 

FILM : SONG WITHOUT A NAME (2019)

COUNTRY : PERU

GENRE : DRAMA

DIRECTOR : MELINA LEON

         "നൊന്തു പ്രസവിച്ച കുഞ്ഞിന്റെ മുഖം ഒരു നോക്ക് കാണുവാൻ പോലും ജോർജീനയ്ക്ക് കഴിഞ്ഞില്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനും വൈകിപ്പോയി". 1980-കളിൽ പെറുവിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ അവസ്ഥയാണ് മുകളിലെ വരികളിൽ കുറിച്ചത്. രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതകളിൽ ഉഴറുന്ന പെറുവിന്റെ 80-കളുടെ പശ്ചാത്തലമാണ് സോങ് വിതൗട്ട് എ നെയിം എന്ന സിനിമയുടേത്.
          സൗജന്യമായി പ്രസവ സംബന്ധമായ ചികിത്സകൾ ലഭ്യമാക്കുന്നു എന്ന റേഡിയോ സന്ദേശം കേട്ട് ക്ലിനിക്കിലെത്തുന്ന ജോർജ്‌ജീന കബളിക്കപ്പെടുകയാണ്. ദുർബലരുടെ  പരാതികൾക്കും, ശബ്ദങ്ങൾക്കും ചെവിയോർക്കാൻ ഒരുക്കമല്ലാതിരുന്ന ഭരണ സംവിധാനങ്ങൾക്കിടയിലൂടെ നിസ്സഹായയായി ജോർജീന നടന്നു നീങ്ങുന്ന കാഴ്ച്ച പലയാവർത്തി കാണാം. അവളെ സഹായിക്കാൻ ഒടുവിൽ പെഡ്രോ എന്ന പത്രപ്രവർത്തകൻ രംഗത്തെത്തുന്നതോടെ സിനിമ അതിന്റെ ദിശയിലേക്ക് കാലൂന്നുന്നു. സിനിമയുടെ പശ്ചാത്തലം മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇഴചേർന്നു നിൽക്കുന്ന സബ്പ്ലോട്ടുകളും കഥാഗതിയുടെ ഭാഗമാകുന്നു. ഗറില്ലാ തീവ്രവാദവും, ഭരണ സംവിധാനങ്ങളിലെ അഴിമതിയുമെല്ലാം നിറഞ്ഞ കാലഘട്ടത്തിന്റെ രീതികളെ തെളിമയോടെ വരച്ചിടുന്നു സിനിമ. നഷ്ടപ്പെടലിന്റെ വേദനയിൽ നീറുന്ന ജോർജീന അവഗണനയുടെയും അടയാളമായി പ്രേക്ഷക മനസ്സിൽ ചേക്കേറുന്നു.
          കറുപ്പിലും വെളുപ്പിലും ചാലിച്ച മനോഹരമായ ഫ്രെയിമുകൾ സിനിമയിൽ കാണാം. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ടോണും , 4 : 3 സ്ക്രീനും സിനിമയുടെ കാലഘട്ടത്തെ വിഷ്വലായി പ്രതിഫലിപ്പിക്കുന്നതായി അനുഭവപ്പെട്ടു. സിനിമയുടെ മൂഡിനൊത്ത സംഗീതവും എടുത്തുപറയേണ്ടത് തന്നെയാണ്. സ്ഥിരം ശൈലികളിൽ നിന്നും വേറിട്ട രീതിയിൽ അവതരിപ്പിച്ച ഒരു ഡ്രാമ,  അതാണ് സോങ് വിതൗട്ട് എ നെയിം.