FILM : SONG WITHOUT A NAME (2019)
COUNTRY : PERU
GENRE : DRAMA
DIRECTOR : MELINA LEON
"നൊന്തു പ്രസവിച്ച കുഞ്ഞിന്റെ മുഖം ഒരു നോക്ക് കാണുവാൻ പോലും ജോർജീനയ്ക്ക് കഴിഞ്ഞില്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനും വൈകിപ്പോയി". 1980-കളിൽ പെറുവിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ അവസ്ഥയാണ് മുകളിലെ വരികളിൽ കുറിച്ചത്. രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതകളിൽ ഉഴറുന്ന പെറുവിന്റെ 80-കളുടെ പശ്ചാത്തലമാണ് സോങ് വിതൗട്ട് എ നെയിം എന്ന സിനിമയുടേത്.
സൗജന്യമായി പ്രസവ സംബന്ധമായ ചികിത്സകൾ ലഭ്യമാക്കുന്നു എന്ന റേഡിയോ സന്ദേശം കേട്ട് ക്ലിനിക്കിലെത്തുന്ന ജോർജ്‌ജീന കബളിക്കപ്പെടുകയാണ്. ദുർബലരുടെ പരാതികൾക്കും, ശബ്ദങ്ങൾക്കും ചെവിയോർക്കാൻ ഒരുക്കമല്ലാതിരുന്ന ഭരണ സംവിധാനങ്ങൾക്കിടയിലൂടെ നിസ്സഹായയായി ജോർജീന നടന്നു നീങ്ങുന്ന കാഴ്ച്ച പലയാവർത്തി കാണാം. അവളെ സഹായിക്കാൻ ഒടുവിൽ പെഡ്രോ എന്ന പത്രപ്രവർത്തകൻ രംഗത്തെത്തുന്നതോടെ സിനിമ അതിന്റെ ദിശയിലേക്ക് കാലൂന്നുന്നു. സിനിമയുടെ പശ്ചാത്തലം മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇഴചേർന്നു നിൽക്കുന്ന സബ്പ്ലോട്ടുകളും കഥാഗതിയുടെ ഭാഗമാകുന്നു. ഗറില്ലാ തീവ്രവാദവും, ഭരണ സംവിധാനങ്ങളിലെ അഴിമതിയുമെല്ലാം നിറഞ്ഞ കാലഘട്ടത്തിന്റെ രീതികളെ തെളിമയോടെ വരച്ചിടുന്നു സിനിമ. നഷ്ടപ്പെടലിന്റെ വേദനയിൽ നീറുന്ന ജോർജീന അവഗണനയുടെയും അടയാളമായി പ്രേക്ഷക മനസ്സിൽ ചേക്കേറുന്നു.
കറുപ്പിലും വെളുപ്പിലും ചാലിച്ച മനോഹരമായ ഫ്രെയിമുകൾ സിനിമയിൽ കാണാം. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ടോണും , 4 : 3 സ്ക്രീനും സിനിമയുടെ കാലഘട്ടത്തെ വിഷ്വലായി പ്രതിഫലിപ്പിക്കുന്നതായി അനുഭവപ്പെട്ടു. സിനിമയുടെ മൂഡിനൊത്ത സംഗീതവും എടുത്തുപറയേണ്ടത് തന്നെയാണ്. സ്ഥിരം ശൈലികളിൽ നിന്നും വേറിട്ട രീതിയിൽ അവതരിപ്പിച്ച ഒരു ഡ്രാമ, അതാണ് സോങ് വിതൗട്ട് എ നെയിം.
No comments:
Post a Comment