Thursday 16 February 2017

KAMCHATKA (2002)



FILM : KAMCHATKA (2002)
GENRE : DRAMA
COUNTRY : ARGENTINA
DIRECTOR : MARCELO PINEYRO

              ബാല്യത്തിന്റെ നിഷ്കളങ്കത സൃഷ്ടിക്കുന്ന വിസ്മയലോകമാണ് ബാല്യകാലത്തെ പ്രിയങ്കരമാക്കുന്നത്. കൗമാരവും, യൗവ്വനവും ബാല്യത്തെ ചവിട്ടിമെതിച്ചു കടന്ന് വരുമ്പോൾ നഷ്ടമാകുന്നത് സന്തോഷം ചിതറുന്ന സുദിനങ്ങളെയാണ്. പലർക്കും ബാല്യം ഓർത്താലും, അനുഭവിച്ചാലും മതിവരാത്ത ഒന്നാണ്. എന്നാൽ സ്മരണകളിലേക്ക് പോലും ക്ഷണിക്കാനാവാത്ത വിധം നടുക്കമുണർത്തുന്ന ബാല്യം സ്വന്തമായുള്ളവരും നമുക്കിടയിൽ ഉണ്ടാകാം. അത്തരം നഷ്ടങ്ങളും, വേറിട്ട അനുഭവങ്ങളും സൃഷ്ട്ടിക്കുന്നത് അവർക്ക് ചുറ്റിലുമുള്ള വ്യക്തികളും, സാഹചര്യങ്ങളുമാണ്. യുദ്ധങ്ങളും, രാഷ്ട്രീയാവസ്ഥകളും നിറം കെടുത്തുന്ന ബാല്യത്തെ, ചരിത്രത്തിലെ ദുരവസ്ഥകളെ അടയാളപ്പെടുത്തിയ സിനിമകളിലൂടെ നമുക്ക് പരിചിതവുമാണ്.
       പല സിനിമകളിലും പ്രമേയമായിട്ടുള്ള 1970-കളിലെ അർജന്റീനയിലെ രാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന KAMCHATKA അക്കാലത്തെ ബാല്യാനുഭവങ്ങളുടെ ഓർമ്മപ്പെടുത്തലാവുന്നു. അധികാരികളുടെ വേട്ടയാടലിനെ അതിജീവിക്കാനായുള്ള നെട്ടോട്ടങ്ങളിൽ നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോൾ ഹാരിയെന്ന 10-വയസ്സുകാരന് നഷ്ടമാവുന്നത് സൗഹൃദങ്ങളുടെ വിലമതിക്കാനാവാത്ത നിമിഷങ്ങളാണ്. "ഹ്യുഡിനിയുടെ" ആരാധകനായ അവൻ അയാളെ ഒരു മജീഷ്യൻ എന്നതിലുപരി 'ESCAPIST" ആയാണ് പരിഗണിക്കുന്നത്. സാഹചര്യങ്ങളുടെ വരിഞ്ഞുമുറുക്കലിൽ നിന്നും രക്ഷ തേടിക്കൊണ്ടിരിക്കുന്ന അവനും, കുടുംബത്തിനും ജീവിതം തന്നെ സാഹസമാകുമ്പോളാണ് ഈ ചിന്തയുടെ താദാത്മ്യം പ്രേക്ഷകന് മനസ്സിലാവുന്നത്. മാതാവിന്റെയും, പിതാവിന്റെയും അസാന്നിധ്യത്തിൽ അനിയനെ പരിചരിക്കുന്നതും, ആശ്രിതത്വത്തിന്റെ ദൗർബല്യങ്ങളിൽ നിന്ന് സ്വയം പര്യാപ്തതയുടെ പാഠങ്ങളെ അവൻ ഉൾകൊള്ളുന്നതും സിനിമയുടെ ഉള്ള് തെളിയുന്ന കാഴ്ച്ചയാകുന്നു. ഹാരിയുടെ കുടുംബം എതിരിടുന്ന സാഹചര്യങ്ങളുടെ ഭീകരതകളെ ദൃശ്യാനുഭവങ്ങളാക്കി അനുഭവിപ്പിക്കുന്നില്ലെങ്കിലും, അവരുടെ തിരക്കിട്ട കൂടുമാറ്റങ്ങളിൽ നിന്ന് നമുക്ക് അത് തിരിച്ചറിയാനാവുന്നു. സിനിമയെ ഹാരിയുടെ കണ്ണുകളിലൂടെയും, ചിന്തകളിലൂടെയുമാണ് നമുക്ക് നുകരാനാവുന്നത്. RICARDO DARIN ഉൾപ്പെടെയുള്ള അഭിനേതാക്കൾ, പ്രത്യേകിച്ച് കുട്ടികൾ മികവുറ്റ അഭിനയം കാഴ്ചവെച്ചിരിക്കുന്നു.
             സിനിമയുടെ പേര് പ്രമേയത്തെ എങ്ങനെ ഉൾക്കൊള്ളുന്നു എന്ന സംശയം തുടക്കത്തിലേ ഉണ്ടായിരുന്നു. "KAMCHATKA" സിനിമയുടെ സത്ത തന്നെയാവുന്നത് തിരിച്ചറിയണമെങ്കിൽ സിനിമ കാണേണ്ടതുണ്ട്. നിലനിൽപ്പിന്റേയും, അതിജീവനത്തിന്റെയും, ശുഭാപ്തി വിശ്വാസത്തിന്റെയും പാഠങ്ങൾ ഹാരിയിലേക്ക് പകരുന്ന തുരുത്തായി "KAMCHATKA" അവശേഷിക്കുമ്പോഴാണ് വേർപ്പാടിന്റെ വേദനിപ്പിക്കുന്ന യാഥാർത്യം അവന്റെ ജീവിതത്തിലേക്ക് വന്നെത്തുന്നത്. സിനിമയുടെ അവസാന ദൃശ്യം വളരെ മികച്ചു നിന്നു. നല്ല സിനിമകൾ നല്ല നിമിഷങ്ങളേകുന്നു, നല്ല നിമിഷങ്ങൾക്കായ്.......


Wednesday 1 February 2017

ABOUNA AKA OUR FATHER (2002)



FILM : ABOUNA  AKA OUR FATHER (2002)
GENRE : DRAMA
COUNTRY : CHAD
DIRECTOR : MAHAMAT SALEH HARUN

                       സാങ്കേതികതയുടെ മുന്നേറ്റം സിനിമയെ ഒരു ദൃശ്യകല എന്ന രീതിയിൽ വിസ്മയിപ്പിക്കുന്ന ഒന്നാക്കി മാറ്റിയിരിക്കുന്നു. സിനിമ അതിന്റെ നവീന സങ്കേതങ്ങളെ പുണരുന്ന ഈ കാലത്തും, അവ അധികം സാന്നിധ്യമറിയിക്കാത്ത ആഫ്രിക്കൻ സിനിമകളിലും രാജ്യാന്തര നിലവാരമുള്ള മികച്ച സൃഷ്ടികൾ ഉണ്ടാകുന്നുണ്ട്. ആഫ്രിക്കൻ സിനിമയെന്ന പേര് നമ്മിൽ ജനിപ്പിക്കുന്ന വേറിട്ട ചിത്രങ്ങൾ തന്നെയാണ് ഇത്തരം സിനിമകളുടെ സവിശേഷതയും. ആഫ്രിക്കൻ സംസ്കാരങ്ങളുടെയും, ജീവിതങ്ങളുടെയും ലളിതമായ അവതരണങ്ങളാണ് ഈ സിനിമകളിൽ കാണാനാവുക. ഇന്നും ആഫ്രിക്കൻ മണ്ണിൽ കണ്ടുമുട്ടാവുന്ന യാഥാർത്യങ്ങളെ കലർപ്പില്ലാതെ അവതരിപ്പിക്കുന്ന ഇത്തരം  സിനിമകൾ ഇരുണ്ട ഭൂഖണ്ഡത്തിന്റെ പ്രതീക്ഷകളും, ആശങ്കകളും പ്രതിഫലിപ്പിക്കുന്നവയാണ്.
            ആഫ്രിക്കൻ രാജ്യമായ CHAD-ൽ നിന്നുള്ള ABOUNA എന്ന സിനിമയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഞാൻ മുമ്പൊരിക്കൽ കുറിപ്പെഴുതിയ DARATT (2006) എന്ന സിനിമയുൾപ്പെടെ ഒട്ടനവധി മികവുറ്റ സിനിമകളുടെ സംവിധായകനായ MAHAMAT SALEH HARUN-ന്റെ ആദ്യകാല സിനിമകളിൽ ഒന്നാണിത്. താഹിർ, അമീൻ എന്നീ കുട്ടികളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു ദിവസം അവർ ഉറക്കമുണരുമ്പോൾ പിതാവ് വീടുപേക്ഷിച്ചു പോയ വിവരമറിയുന്നു. പിതാവിന്റെ  അസാന്നിദ്ധ്യം മൂലം വിഷമിക്കുന്ന അവർ അയാളെ അന്വേഷിച്ചിറങ്ങുകയാണ്. ഈ അന്വേഷണം മൂലം ഗതിമാറുന്ന അവരുടെ ജീവിതത്തെയാണ് പിന്നീട് നമുക്ക് സിനിമയിൽ കാണാനാവുക. പിതാവിന്റെ തിരോധാനത്തെക്കുറിച്ച് ചോദിക്കുന്ന അമീനോട് മാതാവ് പറയുന്നത് "IRRESPONSIBLE" എന്ന മറുപടിയാണ്. അതിന്റെ പൊരുൾ മനസ്സിലാകാതെ ആ വാക്കിനെ വിശകലനം ചെയ്യാനുള്ള ശ്രമവും അവൻ നടത്തുന്നുണ്ട്. ആവർത്തിച്ചുറപ്പിക്കാനും, ഉച്ചത്തിൽ കേൾപ്പിക്കാനും സംവിധായകൻ ആഗ്രഹിക്കുന്ന "ഉത്തരവാദിത്വമില്ലായ്മ" പിതാവിനുമേൽ ആരോപിക്കപ്പെടുകയും, അയാളുടെ അസാന്നിദ്ധ്യത്തിൽ കുടുംബം തകരുകയും ചെയ്യുന്നത് സിനിമയുടെ രാഷ്ട്രീയ സൂചനയാണോ എന്ന സന്ദേഹമുണർത്തുന്നു. ആഫ്രിക്കൻ കാഴ്ചകൾ തിരയുന്നവർക്ക് നല്ല കാഴ്ച്ച തന്നെയാകും ABOUNA.