Wednesday, 1 February 2017

ABOUNA AKA OUR FATHER (2002)



FILM : ABOUNA  AKA OUR FATHER (2002)
GENRE : DRAMA
COUNTRY : CHAD
DIRECTOR : MAHAMAT SALEH HARUN

                       സാങ്കേതികതയുടെ മുന്നേറ്റം സിനിമയെ ഒരു ദൃശ്യകല എന്ന രീതിയിൽ വിസ്മയിപ്പിക്കുന്ന ഒന്നാക്കി മാറ്റിയിരിക്കുന്നു. സിനിമ അതിന്റെ നവീന സങ്കേതങ്ങളെ പുണരുന്ന ഈ കാലത്തും, അവ അധികം സാന്നിധ്യമറിയിക്കാത്ത ആഫ്രിക്കൻ സിനിമകളിലും രാജ്യാന്തര നിലവാരമുള്ള മികച്ച സൃഷ്ടികൾ ഉണ്ടാകുന്നുണ്ട്. ആഫ്രിക്കൻ സിനിമയെന്ന പേര് നമ്മിൽ ജനിപ്പിക്കുന്ന വേറിട്ട ചിത്രങ്ങൾ തന്നെയാണ് ഇത്തരം സിനിമകളുടെ സവിശേഷതയും. ആഫ്രിക്കൻ സംസ്കാരങ്ങളുടെയും, ജീവിതങ്ങളുടെയും ലളിതമായ അവതരണങ്ങളാണ് ഈ സിനിമകളിൽ കാണാനാവുക. ഇന്നും ആഫ്രിക്കൻ മണ്ണിൽ കണ്ടുമുട്ടാവുന്ന യാഥാർത്യങ്ങളെ കലർപ്പില്ലാതെ അവതരിപ്പിക്കുന്ന ഇത്തരം  സിനിമകൾ ഇരുണ്ട ഭൂഖണ്ഡത്തിന്റെ പ്രതീക്ഷകളും, ആശങ്കകളും പ്രതിഫലിപ്പിക്കുന്നവയാണ്.
            ആഫ്രിക്കൻ രാജ്യമായ CHAD-ൽ നിന്നുള്ള ABOUNA എന്ന സിനിമയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഞാൻ മുമ്പൊരിക്കൽ കുറിപ്പെഴുതിയ DARATT (2006) എന്ന സിനിമയുൾപ്പെടെ ഒട്ടനവധി മികവുറ്റ സിനിമകളുടെ സംവിധായകനായ MAHAMAT SALEH HARUN-ന്റെ ആദ്യകാല സിനിമകളിൽ ഒന്നാണിത്. താഹിർ, അമീൻ എന്നീ കുട്ടികളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു ദിവസം അവർ ഉറക്കമുണരുമ്പോൾ പിതാവ് വീടുപേക്ഷിച്ചു പോയ വിവരമറിയുന്നു. പിതാവിന്റെ  അസാന്നിദ്ധ്യം മൂലം വിഷമിക്കുന്ന അവർ അയാളെ അന്വേഷിച്ചിറങ്ങുകയാണ്. ഈ അന്വേഷണം മൂലം ഗതിമാറുന്ന അവരുടെ ജീവിതത്തെയാണ് പിന്നീട് നമുക്ക് സിനിമയിൽ കാണാനാവുക. പിതാവിന്റെ തിരോധാനത്തെക്കുറിച്ച് ചോദിക്കുന്ന അമീനോട് മാതാവ് പറയുന്നത് "IRRESPONSIBLE" എന്ന മറുപടിയാണ്. അതിന്റെ പൊരുൾ മനസ്സിലാകാതെ ആ വാക്കിനെ വിശകലനം ചെയ്യാനുള്ള ശ്രമവും അവൻ നടത്തുന്നുണ്ട്. ആവർത്തിച്ചുറപ്പിക്കാനും, ഉച്ചത്തിൽ കേൾപ്പിക്കാനും സംവിധായകൻ ആഗ്രഹിക്കുന്ന "ഉത്തരവാദിത്വമില്ലായ്മ" പിതാവിനുമേൽ ആരോപിക്കപ്പെടുകയും, അയാളുടെ അസാന്നിദ്ധ്യത്തിൽ കുടുംബം തകരുകയും ചെയ്യുന്നത് സിനിമയുടെ രാഷ്ട്രീയ സൂചനയാണോ എന്ന സന്ദേഹമുണർത്തുന്നു. ആഫ്രിക്കൻ കാഴ്ചകൾ തിരയുന്നവർക്ക് നല്ല കാഴ്ച്ച തന്നെയാകും ABOUNA.


1 comment:

  1. ഉത്തരവാദിത്വമില്ലായ്മ" പിതാവിനുമേൽ ആരോപിക്കപ്പെടുകയും, അയാളുടെ അസാന്നിദ്ധ്യത്തിൽ കുടുംബം തകരുകയും ചെയ്യുന്നത് സിനിമയുടെ രാഷ്ട്രീയ സൂചനയാണോ എന്ന സന്ദേഹമുണർത്തുന്നു. ആഫ്രിക്കൻ കാഴ്ചകൾ തിരയുന്നവർക്ക് നല്ല കാഴ്ച്ച തന്നെയാകും ABOUNA.

    ReplyDelete