Saturday 29 November 2014

OUR GRAND DESPAIR (2011)

FILM : OUR GRAND DESPAIR (2011)
GENRE : DRAMA
COUNTRY : TURKEY
DIRECTOR : SEYFI TEOMAN
           സൗഹൃദത്തിന്റെയോ , സൗന്ദര്യപ്പിണക്കങ്ങളുടെയോ, സഹാനുഭൂതിയുടെയോ വഴികൾ താണ്ടി പ്രണയത്തിന്റെ മധുരമൂറുന്ന നിമിഷങ്ങളിലേയ്ക്ക് സമ്മേളിക്കുന്നവയാണ് കൂടുതൽ റൊമാന്റിക് സിനിമകളും. എന്നാൽ, ശുഭ-ദുഃഖ പര്യവസായികൾ എന്നീ വിശേഷണങ്ങൾ ചാർത്തി നൽകാനാവാത്ത വിധം സ്ഥിരം പ്രണയക്കാഴ്ച്ചകളെ കീഴ്മേൽ മറിക്കുന്ന കാഴ്ചയാണ് OUR GRAND DESPAIR.

            ആണ്‍ സൗഹൃദത്തിന്റെ രസകരങ്ങളായ നിമിഷങ്ങളിൽ ആറാടുന്ന ENDER  , CETIN  എന്നിവരുടെ സ്വൈര്യ ജീവിതത്തിലേയ്ക്ക് (വീട്ടിലേയ്ക്ക്) സുഹൃത്തിന്റെ സഹോദരി താമസത്തിനായി എത്തുകയാണ്. വലിയ ഒരു ദുരന്തം അവശേഷിപ്പിച്ച മുറിവ് മനസ്സിൽ പേറിയെത്തുന്ന "നിഹാൽ " ഈ മധ്യവയസ്കരിൽ വരുത്തുന്ന കാല്പനിക സ്വാധീനങ്ങളാണ് സിനിമയുടെ ഉള്ളടക്കം.

             പ്രണയം തലപൊക്കുന്ന ഇവരുടെ സ്വകാര്യ സംഭാഷണങ്ങളും, അംഗചലനങ്ങളും , വാക്കുകളും , സാധാരണ പ്രണയത്തിന്റെ താഴ്വരകളിൽ  കാണാത്തവയായി തോന്നി. ENDER , CETIN  എന്നിവരുടെ വ്യക്തിത്വ സവിശേഷതകളോട് ചേർന്ന് നിൽക്കുന്ന തരത്തിൽ പ്രണയ സൂചനകളെ രസകരമായി അവതരിപ്പിച്ചത്, സ്ഥിരം കാമുക ചേഷ്ടകൾ മാത്രം കണ്ടു മടുത്ത നമുക്ക് പുതുമയാകുന്നു. MORAL CONSCIOUSNESS-ന്റെ എത്തിനോട്ടം അവരിൽ ചെലുത്തുന്ന ആന്തരിക സംഘർഷങ്ങളും , പിടിതരാത്തതും  , വെളിപ്പെടുത്താത്തതുമായ  നിഹാലിന്റെ പ്രകൃതങ്ങളും വളരെ സാവധാനത്തിൽ മുന്നേറുന്ന ഈ സിനിമയെ ബോറടിപ്പിക്കാത്ത അനുഭവമാക്കുന്നു. ലളിതവും, കാവ്യാത്മകവും, ആസ്വാദ്യകരവുമായ ഒരു SLOW DRAMA എന്നത്‌ പോലെ വ്യത്യസ്തമാർന്ന പ്രണയ ചിന്തകൾ പകരുന്ന അനുഭവവുമാകുന്നു OUR GRAND DESPAIR.

Wednesday 26 November 2014

LUCIA DE B. (2014)

FILM : LUCIA DE B. (2014)
GENRE : DRAMA
COUNTRY : NETHERLAND
DIRECTOR : PAULA VAN DER OEST
              ഒരു യഥാർത്ഥ സംഭവത്തെ അവലംബിച്ച് അവതരിപ്പിച്ച ഡച്ച് സിനിമ. നിയമ വ്യവസ്തയേയും , അണിയിച്ചൊരുക്കുന്ന  കപട നീതിയേയും തുറന്നു കാണിക്കുന്ന സിനിമ. ജീവിതത്തിലെ ദുർഘടങ്ങളായ വഴികൾ നടന്നു കയറിയിട്ടും , അത്തരം അനുഭവങ്ങളെ ചേർത്ത് നിർത്തി മുൻവിധികളാൽ വ്യക്തികളെ വരിഞ്ഞു മുറുക്കുന്ന സാമൂഹിക മനസ്സിന്റെ സാക്ഷ്യപ്പെടുത്തലാകുന്നു  ഈ സിനിമ. ത്രില്ലർ സിനിമകളുടെ സസ്പെൻസ് ഒന്നും ഇല്ലെങ്കിലും ഒരു തവണ സമയം കളയാവുന്ന കാഴ്ച. സിനിമയുടെ ഫ്രൈമുകൾക്ക് പുറത്ത് , കണ്ണ് കൊണ്ടും, സ്പർശിച്ചും  അറിയാവുന്ന ജീവിതമാണ് നമുക്ക് മുന്നിൽ മിന്നി മറയുന്നത് എന്ന യാഥാർത്ഥ്യം തന്നെയാണ് ഈ സിനിമയിലേയ്ക്ക് വലിച്ചടുപ്പിക്കുന്ന പ്രത്യേകത. അപരാധിയെയും , നിരപരാധിയെയും  വേർതിരിക്കുന്ന ഇടങ്ങളിൽ സത്യം വിറങ്ങലിച്ച് നിൽക്കുന്ന ഉണ്മകളെ ഓർമ്മപ്പെടുത്തുന്ന ദൃശ്യാനുഭവമാകുന്നു  LUCIA DE B.

Sunday 23 November 2014

LIFE ON EARTH (1998)



FILM : LIFE ON EARTH (1998)
COUNTRY : MALI
GENRE : DRAMA
DIRECTOR : ABDERRAHMANE SISSAKO

               വ്യക്തമായ ഒരു കഥാഖ്യാനമോ , ശക്തമായ കഥാപാത്രങ്ങളോ ഇല്ലാത്ത , ദൃശ്യ ബിംബങ്ങളാൽ  സമ്പന്നമായ, ലളിതമായി കാഴ്ച്ചക്കാരനിലേയ്ക്ക്  ആശയത്തെ പകരാൻ പര്യാപ്തമായ രീതിയിൽ അവതരിപ്പിച്ച സിനിമയാണ് LIFE ON EARTH.
     21-st   നൂറ്റാണ്ടിലേയ്ക്ക് ലോകം പ്രവേശിക്കാനിരിക്കുന്ന  നിമിഷങ്ങളെയാണ് രണ്ട് ഭൂഖണ്ഡങ്ങളിലെ ജീവിത നിശ്വാസങ്ങളിലൂടെ നാം അറിയുന്നത്. ഫ്രാൻസിന്റെ സമ്പന്നതയെ പ്രതീകവൽക്കരിച്ച  സൂപ്പർമാർക്കറ്റിലെ ദൃശ്യങ്ങൾക്കു ശേഷം, പ്രധാന കഥാപാത്രത്തോടൊപ്പം മാലിയിലെ SOKOLO എന്ന   ഗ്രാമത്തിലൂടെ അലയുകയാണ് നമ്മൾ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പടിവാതിലിൽ എത്തിയിട്ടും സാങ്കേതികതയുടെ ശൈശവാവസ്ഥയിലൂന്നിയ ജീവിതം നമുക്ക് വിചിത്രമായ അനുഭവമാണ് നൽകുന്നത്. ലോകം ഉത്സവത്തിമിർപ്പിലേയ്ക്ക് പതഞ്ഞു പൊന്തുന്ന നിമിഷങ്ങളിൽ , ചാരുകസേരയിൽ  തണലിന്റെ   ആശ്വാസങ്ങളിലെയ്ക്ക് ചേക്കേറുന്ന ആഫ്രിക്കൻ യുവതയെയാണ് SOKOLO-യിൽ കാണാനാവുന്നത്. യഥാർത്ഥ്യം തുളുമ്പുന്ന ആഫ്രിക്കൻ ജീവിതക്കാഴ്ച്ചകളും, കൃഷി ഉപജീവനമായ  ഗ്രാമീണ  കർഷകന്റെ ആശങ്കകളും, പരാതികളും സിനിമയെ പല തരത്തിൽ വ്യഖ്യാനിക്കാൻ കാഴ്ച്ചക്കാരനെ നിർബന്ധിതനാക്കുന്നു.
               പുറം ലോകവുമായി ബന്ധം സ്ഥാപിക്കാനുള്ള  ഏക മാർഗ്ഗമായ പോസ്റ്റ്‌ ഓഫീസും, ഭാഗ്യമുണ്ടെങ്കിൽ മാത്രം കണക്ഷൻ  ലഭിക്കുന്ന ആകെയുള്ള ഒരു ഫോണും  തമാശയുടെ അംശമായല്ല സിനിമയിൽ സാന്നിധ്യമറിയിക്കുന്നത്. നിറം കുറഞ്ഞ യാഥാർത്ഥ്യങ്ങളെ ഒപ്പിയെടുത്ത ശക്തമായ ഇമേജുകൾ പലപ്പോഴും തുടർച്ചയില്ലാത്ത വിധം വേറിട്ട്‌ നിൽക്കുന്നവയായി തോന്നാം. പക്ഷെ സിനിമയുടെ സമഗ്രമായ അവതരണ രീതിയുമായി ചേർത്ത് വെയ്ക്കുമ്പോൾ  ഈ ചേർച്ചയില്ലായ്മ  അലങ്കാരമാവുന്ന വൈരുദ്ധ്യമാണ് സിനിമയുടെ സൗന്ദര്യമായി നമ്മെ കാത്തിരിക്കുന്നത്.
                        ആഫ്രിക്ക-യൂറോപ്പ് എന്നിവയുടെ സാമ്പത്തിക അന്തരം എന്നതിലുപരി നാളെയുടെ ഉറച്ച കാലടികളെ കേൾക്കാൻ കഴിയുന്ന പ്രതീക്ഷയേയോ , പ്രതീക്ഷയറ്റ നിർവികാരമായ മുഖങ്ങളെയോ  ആണ് ഈ സിനിമയിൽ കാണാനായത്. പാശ്ചാത്യന്റെ ക്രൂരതയാർന്ന ഭൂത-വർത്തമാനകാല  ചെയ്തികളും, നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളും, ആശങ്കകളും നിറഞ്ഞ ചിന്താശകലങ്ങൾ  "വോയിസ് ഓവറുകളായി"  അവതരിപ്പിക്കപ്പെട്ടതും, ഗവണ്‍മെന്റിന്റെ  നിരുത്തരവാദപരമായ നിഷ്ക്രിയത്വത്തിനെതിരെ  പരാതിപ്പെടുന്ന നിസ്സഹായരായ തദ്ദേശീയവാസികളായ കർഷകരും സിനിമയുടെ രാഷ്ട്രീയ മുഖത്തെ അടയാളപ്പെടുത്തുന്നു.
               രാജ്യത്തിന് പുറത്ത് ജീവിക്കുമ്പോഴും സ്വന്തം മണ്ണിലേയ്ക്കു തിരികെ കാലെടുത്തു വെയ്ക്കാനുള്ള  ഓരോ മനുഷ്യന്റെയും ആന്തര ചോദനയെയും  ഈ സിനിമ തലോടുന്നു. വളരെ വിരളമായി മാത്രം കാണാവുന്ന, കാഴ്ചക്കാരന്റെ അനന്തമായ വ്യഖ്യാനങ്ങൾക്കായി ധാരാളം ഇമേജുകൾ ബാക്കിയാക്കി തിരശ്ശീലയെ കയ്യൊഴിയുന്ന സിനിമാ അനുഭവമാകുന്നു LIFE ON EARTH.


Monday 17 November 2014

DREAMS OF DUST (2006)



FILM : DREAMS OF DUST (2006)
COUNTRY : BURKINA FASO !!! FRANCE
GENRE : DRAMA
DIRECTOR : LAURENT SALGUES

  സമൃദ്ധിയുടെ നിഴലുകളില്ലാത്ത ഭൂപ്രകൃതിയുടെ ശക്തമായ സാന്നിദ്ധ്യമാകുമ്പോഴും , സ്വപ്നങ്ങളുടെ ഊർവ്വരതയെയാണ് ഈ സിനിമയിലെ മരുപ്രദേശങ്ങൾ പ്രതിനിധീകരിക്കുന്നത്. പൊടിക്കാറ്റിന്റെ അസഹനീയതകൾക്കിടയിൽ അവ്യക്തമായി ഉയർന്നു വരുന്ന മനുഷ്യക്കോലങ്ങൾ സിനിമയുടെ വ്യത്യസ്തമാർന്ന തുടക്കം എന്നതുപോലെ , പേരിനെയും ന്യായീകരിക്കുന്നു.
              ബുർകിന ഫാസോ-യിലെ മരുപ്രദേശങ്ങളിൽ എവിടെയോ ഉള്ള  എസ്സാൻകോ സ്വർണ്ണ ഖനികളുടെ പശ്ചാത്തലത്തിൽ അവതരിക്കപ്പെട്ട ഈ ഡ്രാമ , ആഫ്രിക്കൻ ജീവിതങ്ങളുടെ വൈവിധ്യങ്ങളെ ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നു. നൈജീരിയക്കാരനായ MOKSTER എന്ന കർഷകൻ ജോലിക്ക് വേണ്ടി സ്വർണ്ണ ഖനികൾ നിറഞ്ഞ പ്രദേശത്തെത്തുകയാണ്. മനുഷ്യർ സ്വജീവൻ  പണയപ്പെടുത്തി  മാളങ്ങൾ പോലെ കാണപ്പെടുന്ന ഖനികളിലെയ്ക്ക് പ്രതീക്ഷയുടെ  വെളിച്ചവുമേന്തി നുഴഞ്ഞു കയറി യത്നിക്കുകയാണ്. പണത്തെക്കുറിച്ചുള്ള ചിന്തകൾ  മാത്രം ആവേശിച്ചവർക്കിടയിൽ  MOKSTER  വ്യത്യസ്തനാവുന്നത്, നമുക്ക് അവ്യക്തമായ അയാളുടെ ഭൂതകാല ദുരിതങ്ങൾ മൂലമാണ്. സുന്ദരിയും, വിധവയും, അമ്മയുമായ COUMBA  നായകൻറെ ചിന്തകളിൽ കയറിപ്പറ്റുന്നതും  ഈ ഭൂതകാല ദുരന്തത്തിന്റെ ശക്തമായ സ്വാധീനമാണെന്ന്  സിനിമയിലെ ചില ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഈ ചിന്തകൾ നിറം പകരുന്ന തുടർചിത്രങ്ങളോടൊപ്പം , ഇതര കഥാപാത്രങ്ങളുടെ ജീവിത-ചിത്രങ്ങൾ കൂടിയാകുമ്പോൾ  മികച്ച ഒരു ആഫ്രിക്കൻ സിനിമയാണ് രൂപം കൊണ്ടത്‌.
            MOKSTER-ന്റെ സഹ ജോലിക്കാരെല്ലാം ഒരിക്കൽ ധനികരായി നാട്ടിലേയ്ക്ക് മടങ്ങിയവരും   വീണ്ടും തിരിച്ചെത്തിയവരുമാണ് എന്നത് , ധനാർത്തി സൃഷ്ടിക്കുന്ന ദുരിതങ്ങളുടെ തടവറയിൽ പിടയാൻ വിധിക്കപ്പെടുന്ന ദരിദ്ര-സ്വത്വങ്ങളെ  സൂചിപ്പിക്കുന്നു. കറുത്ത നിറം പൂശിയ വെളുത്ത പാവയുടെ മുഖവും, MARIYAMA -യുടെ(COUMBA -യുടെ മകൾ) ഭാവിയും മണ്ണിന്റെ സ്വപ്നങ്ങളായി വ്യാഖ്യനിക്കാമെങ്കിലും, നന്മയും , സദാചാരവും പ്രകാശിച്ച MOKSTER-ന്റെ  കഥാപാത്രം വിരുദ്ധമായ സ്വത്വങ്ങളിലെയ്ക്ക് ചാഞ്ചാടുന്ന വ്യക്തമായ ഫ്രൈമുകൾ സ്വപ്‌നങ്ങൾ മണ്ണടിയുന്ന യാഥാർത്ഥ്യത്തെയാണോ ഉദേശിച്ചത്‌ എന്ന സന്ദേഹം ബാക്കിയാക്കുന്നു. നായകൻ നടന്നകലുന്ന അവസാന ദൃശ്യങ്ങളെ ശുഭാന്ത്യമെന്നോ , ദുരിതമയമെന്നോ വിശേഷിപ്പിക്കാനാവാത്ത വിധം അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമയിലെ നായകൻ യഥാർത്ഥത്തിൽ തേടിയത് സ്വർണ്ണ സ്വപ്നങ്ങളെക്കാൾ , ഇന്നലെകളിൽ നിന്നുമൊരു മോചനമായിരിക്കാമെന്ന് തോന്നി.
         നിശബ്ദത സംഗീതമാവുന്ന ഈ സിനിമയുടെ ഫ്രൈമുകൾ സ്വർണ്ണ നിറത്തിൽ മുക്കിയവയായി അനുഭവപ്പെടുന്നു. ആഫ്രിക്കൻ ജീവിതങ്ങളുടെയും, സിനിമകളുടെയും വൈവിധ്യം ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ എന്തായാലും  ആസ്വാദ്യകരമാകും......  


Wednesday 12 November 2014

THE MAJOR (2013)



FILM : THE MAJOR (2013)
COUNTRY : RUSSIA
GENRE : CRIME !!! DRAMA
DIRECTOR : YURI BYKOV

              അഴിമതിയിൽ മുങ്ങിയ പോലീസ് കഥകളുടെ പതിവ് ശൈലിയിൽ ആരംഭിച്ചെങ്കിലും , അതിനുമപ്പുറത്തേയ്ക്ക് കഥാഗതി വഴി തിരിച്ചുവിട്ട് പുതുമയേകിയ  റഷ്യൻ സിനിമയാണ് THE MAJOR. ഇത്തരം  വിഷയങ്ങൾക്ക്‌ ഊന്നൽ നൽകുന്ന സിനിമകളിൽ നിന്ന് ഇതിനെ വേറിട്ട്‌ നിർത്തുന്നത് ഓരോ കഥാപാത്രങ്ങളുടെയും മനോവ്യാപാരങ്ങളും, വ്യക്തിത്വങ്ങളും സഞ്ചരിക്കുന്ന പാതകളുടെ അപ്രവചനീയമായ കൈവഴികൾ തന്നെയാണ്. മനുഷ്യ മനസാക്ഷിയെക്കുറിച്ചുള്ള ചിന്തകളെ ഉണർത്തുന്ന ദൃശ്യാനുഭവവുമാകുന്നു THE MAJOR.
                         മഞ്ഞു പൊഴിച്ചിലിന്റെയും , മരം കോച്ചുന്ന തണുപ്പിന്റെയും സാന്നിധ്യമുള്ള ഒരു പുലരിയിൽ സോബോലോവിനെ ഉണർത്തുന്ന ഒരു ഫോണ്‍കോൾ , അയാൾ അച്ഛനാകാൻ പോകുന്നതിന്റെ സൂചന നൽകുന്നു. ആഹ്ലാദവും, അത്യാവശ്യവും സൃഷ്ടിക്കുന്ന വേഗതയിൽ ഒരു കുട്ടിയുടെ ജീവൻ പൊലിയുന്നു. അമ്മയുടെ കണ്‍ മുമ്പിൽ വെച്ചാണ് സോബോലോവിന്റെ കാർ കുട്ടിയെ മരണത്തിന് വിട്ടു കൊടുക്കുന്നത്. സോബോലോവിന്റെ സുഹൃത്തുക്കളായ പോലീസുകാർ സ്ഥലത്തെത്തുന്നതോടെ , ഈ സംഭവം മൂടിവെയ്ക്കാനുള്ള  ശ്രമങ്ങളുടെ ഭാഗമായി അഴിമതി അരങ്ങേറ്റം കുറിക്കുന്നു. എന്നാൽ ഇത് നയിക്കുന്നത് രക്ത പങ്കിലമായ തുടർ നിമിഷങ്ങളിലെയ്ക്കാണ്. അസത്യങ്ങൾ സ്ഥാപിക്കുന്നതിനും , സത്യങ്ങളെ കുഴിച്ചു മൂടുന്നതിനും മനുഷ്യൻ നിർബന്ധിതനാകുന്ന സാഹചര്യങ്ങളെ മനുഷ്യ മനസാക്ഷിയുടെ കോണിലൂടെ നോക്കുവാൻ ഈ സിനിമ നിർബന്ധിക്കുന്നു.
                  നന്മ-തിന്മകളെ ഒരു കഥാപാത്രത്തിലും അടിച്ചേൽപ്പിക്കാതെ  മനുഷ്യന്റെ മൂല്യബോധങ്ങൾ കേവലമാണെന്ന സത്യത്തെ സിനിമ വിളിച്ചു പറയുന്നു. സിനിമയിൽ അഴിമതിയുടെ കറ പോലീസുകാരിലാണ് നമുക്ക് കാണാനാവുന്നതെങ്കിലും , ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യന്റെ "മാനവിക-മൂല്യ ബോധങ്ങൾ" , രക്ഷപ്പെടലിന്റെ തത്രപ്പാടിൽ അലിഞ്ഞ് ദുർബലമാവില്ലേ?.... എന്ന ചോദ്യം സിനിമ തൊടുക്കുന്നു. ജീവൻ പിറക്കുന്നതിനെ വരവേൽക്കാനായുള്ള യാത്രയിൽ , ജീവനെടുക്കാൻ  കാരണമായതിന്റെ  കുറ്റബോധം സോബോലോവിന്റെ മനസ്സിനെയെന്ന പോലെ സിനിമയേയും സങ്കീർണ്ണമാക്കുന്നു. നിങ്ങൾ എന്ത് തരം മനുഷ്യരാണ്?.... ഇത്തരം മനസ്സുമായി നിങ്ങൾക്ക് എങ്ങനെ ജീവിക്കാനാവുന്നു?.... എന്നീ ചോദ്യങ്ങൾ  ഉരുവിടുന്ന കുട്ടിയുടെ മാതാവിനോട് പോലീസുകാരിൽ ഒരാൾ ചോദിക്കുന്ന മറുചോദ്യം ഉത്തരമില്ലാതെ ഒറ്റപ്പെടുന്നുണ്ടെങ്കിലും  അതിന്റെയലയൊലികൾ  നമ്മളിലേയ്ക്കും വന്നണയുന്നു.
             സോബോലോവ്, ഐറിൻ എന്നീ കഥാപാത്രങ്ങളും , സംവിധായകൻ തന്നെ അവതരിപ്പിച്ച  "പാഷ" എന്ന റോളും മികച്ചതായി തോന്നി. മരം കോച്ചുന്ന തണുപ്പ് നമ്മിലേയ്ക്ക് തുളച്ചു കയറുന്ന തരത്തിൽ മനോഹരമായ ദൃശ്യവിരുന്നാകുന്നു പല ഫ്രൈമുകളും.
            വളരെ മികച്ചത് എന്നൊന്നും വിശേഷിപ്പിക്കാനാവില്ലെങ്കിലും ഒരു തവണ കണ്ടിരിക്കാവുന്ന വ്യത്യതമായ പോലീസ് സിനിമയാണ് ദി മേജർ .



Tuesday 4 November 2014

RAMCHAND PAKISTANI (2008)

FILM : RAMCHAND PAKISTANI (2008)
COUNTRY : PAKISTAN
DIRECTOR :MEHREEN JABBAR
GENRE : DRAMA
             വിരലിലെണ്ണാവുന്ന പാകിസ്താൻ സിനിമകളെ കണ്ടിട്ടുള്ളൂ. BOL എന്ന സിനിമ പോലെയുള്ള ശക്തമായ സിനിമകൾ അവിടെയും ഉണ്ടാകുന്നുണ്ട്.  രാംചന്ദ് പാകിസ്താനി എന്ന ഈ സിനിമ , അബദ്ധത്തിൽ ബോർഡർ  ക്രോസ്സ് ചെയ്യുന്നതിനെ തുടർന്ന് ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലാവുന്ന പാകിസ്ഥാനി ദളിത്‌ ഹിന്ദുവിന്റെയും , മകന്റെയും കഥ പറയുന്നു. യഥാർത്ഥ സംഭവത്തെ അവലംബിച്ച്  തിരഭാഷ്യം നിർവ്വഹിച്ചിട്ടുള്ള ഈ സിനിമയിൽ  ഇന്ത്യൻ ജയിലുകളിലെ പാകിസ്ഥാനി തടവുകാരെയാണ്  (മത്സ്യ തൊഴിലാളികൾ പോലെയുള്ള ആളുകൾ) അവതരിപ്പിക്കുന്നത്‌.  5 വർഷത്തെ ജയിൽ ജീവിതം തള്ളി നീക്കുന്ന ശങ്കർ എന്ന പിതാവും , രാംചന്ദും ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും അറിയാതെ  തന്റെ ഗ്രാമത്തിൽ ജീവിക്കുന്ന ചമ്പ എന്ന ദളിത്‌ യുവതിയും സിനിമയുടെ കരുത്താവുന്നു. വളരെ ലളിതമായ വിഷയത്തെ സംവിധാനത്തിലൂടെ മികച്ച സിനിമയാക്കി മാറ്റിയിരിക്കുന്നു. അത്ര കേട്ടുകേൾവിയില്ലാത്ത പാകിസ്താനി ദളിതരുടെ ജീവിതത്തിലേയ്ക്ക് ഒരു അരണ്ട വെളിച്ചം വീശുന്നു ഈ സിനിമ. തൊട്ടുകൂടായ്മയുടെ  ചെറിയ പരാമർശങ്ങൾ സിനിമയിലെ ഇരു പക്ഷങ്ങളിലും കാണാം. ഗാനങ്ങൾ , വിശിഷ്യാ ഫോക്ക് സോംഗുകൾ ഏറെ ആസ്വാദ്യകരമായി തോന്നി. നന്ദിതാ ദാസ് ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ പ്രകടനം മികച്ചതായിരുന്നു.
        നമ്മൾ തീർക്കുന്ന അതിരുകളും , വേലികളും പലരിൽ നിന്നും കവർന്നെടുക്കുന്നതെന്ത് എന്ന് ഈ സിനിമ മന്ത്രിക്കുന്നു. പക്ഷം ചേരലിന്റെ രൂക്ഷമായ നിമിഷങ്ങളെ പാടേ അവഗണിച്ച് , ഈ സിനിമയെ വളരെ ലളിതവും മനോഹരമാക്കിയതിലൂടെ  ഒരു നല്ല സന്ദേശമാണ് പകരുന്നത്.  വെറുപ്പിന്റെ ദുർഗന്ധം പരത്താതെ സൗഹൃദത്തിന്റെ സൗരഭ്യത്തെയാണ് ഈ സിനിമ ഉന്നം വെയ്ക്കുന്നത് എന്നതിനാൽ തീർച്ചയായും കണ്ടിരിക്കാം......

Monday 3 November 2014

SLEEPWALKING LAND (2007)



FILM : SLEEPWALKING LAND (2007)
COUNTRY : MOZAMBIQUE !!! PORTUGAL
GENRE : DRAMA
DIRECTOR : TERESA PRATA

        യാഥാർത്ഥ്യവും ,  അയഥാർത്യവും  കലങ്ങി മറിയുന്ന മാജിക്കൽ റിയലിസത്തിന്റെ വശ്യത നുകരനാവുന്ന സിനിമാ കാവ്യമാണ് SLEEPWALKING LAND. മൊസാംബിക്കിലെ രക്തരൂക്ഷിതമായ അഭ്യന്തര യുദ്ധങ്ങളുടെ ഇടയിൽ അതിജീവനത്തിന്റെ പുതു സ്വപ്നങ്ങളുമായി നടന്നകലുന്ന TUAHIR എന്ന വൃദ്ധനെയും , MUIDINGA എന്ന അനാഥ ബാലനെയുമാണ് നാം കണ്ടുമുട്ടുന്നത്. കലാപകാരികൾ യാത്രക്കാർക്കൊപ്പം ചുട്ടെരിച്ച ബസ്സിൽ താൽക്കാലിക അഭയം തേടുകയാണ് അവർ. കൊല ചെയ്യപ്പെട്ടവരിൽ ഒരാളുടെ നോട്ടുബുക്ക് ലഭിക്കുന്ന MUIDINGA , അതിലെ അക്ഷരങ്ങൾക്കൊപ്പം തന്റെ ലക്ഷ്യങ്ങളെയും, സ്വപ്നങ്ങളെയും കൂട്ടിക്കെട്ടുകയാണ്. ആ സ്വപ്നങ്ങളുടെ ജീവസ്സുറ്റ കാഴ്ചകളാണ് സിനിമയെ രുചിച്ചറിയാൻ നമ്മെ പ്രാപ്തമാക്കുന്നതും. തുടർന്നു കൊണ്ടേയിരിക്കുന്ന അവരുടെ കാലടികൾക്കൊപ്പവും , വിശ്രമ വേളകളിലും മൊസാംബിക്കിന്റെ രാഷ്ട്രീയ-സാമൂഹിക മാനങ്ങൾ സാന്നിധ്യമറിയിക്കുന്നു.
               MIA COUTO എന്ന മൊസാംബിക്ക് സാഹിത്യകാരന്റെ പ്രശസ്തമായ നോവൽ സിനിമയാക്കിയപ്പോൾ അതിന്റെ മനോഹാരിതയും, തീവ്രതയും ചോർന്നു പോകാതെ അവതരിപ്പിക്കാൻ പോർച്ചുഗീസുകാരിയായ സംവിധായികയ്ക്ക്‌ സാധിച്ചിട്ടുണ്ടാകും എന്ന് തന്നെയാണ് തോന്നുന്നത്. ഇത്തരം  പശ്ചാത്തലമുള്ള സിനിമകളിൽ  സാധാരണ കാണാറുള്ള രീതികളിൽ നിന്ന് മാറി കൊള്ളിവെയ്പ്പും, കൊലയെയും  , അലർച്ചകളെയും  പിന്നണിയിൽ നിർത്തി മറ്റൊരു ദൃശ്യതലം നൽകി  ഈ കാഴ്ചകളെ അണിയിച്ചൊരുക്കിയത് നവ്യാനുഭവമായി.  വൃദ്ധനോടൊപ്പം എവിടെ വച്ചോ കൂടിയ MUIDINGA എന്ന അനാഥന്റെ ചിന്തകളെല്ലാം അമ്മയെക്കുറിച്ചാണ്. തന്നെ ഉപേക്ഷിച്ച മനസ്സിനെ വെറുക്കാനും , ശപിക്കാനുമാവാത്ത വിധം ക്രൂരമാണ് സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന അനിവാര്യതകളെന്ന ചിന്തയെയാണ് അത് വെളിവാക്കുന്നത്. യുദ്ധത്തിന്റെ ഭീകരതകളെ പല ഫ്രൈമുകളിൽ കാണാൻ നമുക്കാവുന്നെങ്കിലും , പ്രതീക്ഷയുടെ ഇത്തിരി വെളിച്ചം സിനിമയിലുടനീളം അനുഭവിക്കാനാവുന്നു. കലാപം അനാഥമാക്കിയ ഒരു ഗ്രാമത്തിലെ അവശേഷിച്ച വൃദ്ധന്റെ വ്യഥകൾ മനുഷ്യരാശിയുടേതാകുന്നു.
              MUIDINGA-യുടെ  കൈവശമുള്ള നോട്ടുബുക്കിലെ വരികൾക്ക് ഉയിർ തുടിക്കുമ്പോൾ നാം കാണുന്നത് മൊസാംബിക്കിന്റെ ഇന്നലെകളെയാണ്. മധുര നിമിഷങ്ങളെക്കാളുപരി കറുത്ത ദിനങ്ങളെയാണ് MUIDINGA-യുടെ വായനയിലൂടെ നാം അറിയുന്ന KINDZU ,    FARIDA എന്നിവരുടെ സ്വകാര്യ നിമിഷങ്ങളും , സംഭാഷണങ്ങളും സമ്മാനിക്കുന്നത്. "കത്തിയമർന്നതിനെ വീണ്ടും ചുട്ടെരിക്കാനാവില്ല " എന്ന വൃദ്ധനായ TUAHIR-ന്റെ വാക്കുകൾ കെടുതിയുടെ തീവ്രതയെ ധ്വനിപ്പിക്കുന്നവയായിരുന്നു. കത്തിയമർന്ന ദേശ ശരീരം തന്നെയാണോ ഈ യുദ്ധസ്മാരകം(ബസ്സ്) എന്ന് തോന്നിപ്പോകുന്നു. "ഇതൊരു യുദ്ധമല്ല , യുദ്ധമാണെങ്കിൽ സൈന്യമെങ്കിലും ഉണ്ടാവില്ലേ ?..." എന്ന തരത്തിലുള്ള നെടുവീർപ്പുകൾ രാജ്യത്തിന്റെ രാഷ്ട്രീയ അസ്ഥിരതകളിലേയ്ക്കാണ് തൊടുത്തു വിടുന്നത്. TUAHIR , MUIDINGA  എന്നിവർ പിന്തുടരുന്ന എല്ലാ വഴികളും അവസാനിക്കുന്നത് കത്തിയമർന്ന ബസ്സിനു സമീപമാകുന്ന സാഹചര്യത്തിലാണ് നമ്മെ വിസ്മയിപ്പിച് മാജിക്കൽ റിയലിസം അരങ്ങു തകർക്കുന്നത്. അതിജീവനം സാധ്യമാകുന്ന FARIDA (മാതാവ്) , MUIDINGA  (മകൻ) എന്നിവർ രാജ്യം, പുതുതലമുറ  എന്നീ വാക്കുകളെയാണ് ഓർമ്മിപ്പിച്ചത്.
                          വിസ്മയമാണ് എനിക്ക് ഈ സിനിമ തന്നത്...... ഒരു പക്ഷെ നിങ്ങൾക്കായി ഇത് കാത്തുവെച്ചിരിക്കുന്നതും അതാവാം......... 


Sunday 2 November 2014

A SHORT FILM ABOUT KILLING (1988)



FILM  : A SHORT FILM ABOUT KILLING (1988)
COUNTRY : POLAND
DIRECTOR  : KRZYSZTOF KIESLOWSKI
GENRE  : CRIME !!!DRAMA

                   എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകരിൽ ഒരാളാണ് ക്രിസ്റ്റോഫ് കീസ്ലോവ്സ്കി. അദ്ധേഹത്തിന്റെ സിനിമ നൽകുന്ന അനുഭൂതി അത്ര വ്യതിരിക്തമാണ്. ഒരു പ്രതിഭയുടെ സാന്നിദ്ധ്യം ഓരോ ഫ്രൈമിലും കവിഞ്ഞൊഴുകുന്ന സുലഭതയാണ് അദേഹത്തിന്റെ ഓരോ സിനിമകളും. ഗഹനവും, താത്വികവുമായ വിഷയങ്ങളെ അവതരിപ്പിക്കാൻ അദ്ദേഹത്തിനുള്ള അപാരമായ കഴിവിന്റെ തെളിവുകളിൽ ഒന്നാണ് വളരെ വ്യത്യസ്തമായ ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്ന A SHORT FILM ABOUT KILLING എന്ന  പോളിഷ് സിനിമ.
            സിനിമയുടെ പേര് സൂചിപ്പിക്കുന്നത്  പോലെ  ആസ്വദ്യകരമായ നിമിഷങ്ങളല്ല ഈ സിനിമ നൽകുന്നത് . വ്യത്യസ്തമായ ഒരു ആസ്വാദന തലമാണ് ഈ സിനിമ ആവശ്യപ്പെടുന്നത്.  "വധശിക്ഷ" എന്ന  നിയമ-നീതിയെ  വിലയിരുത്തുവാനുള്ള  തുറന്ന അവസരമാണ് ഈ സിനിമ മുന്നോട്ടു വെയ്ക്കുന്നത്. അനുകൂലിച്ചോ, പ്രതികൂലിച്ചോ നിൽക്കാതെ പ്രേക്ഷകരുടെ ചിന്തയിൽ തീ പടർത്തുന്ന വിധത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമ ഒരു കേവലക്കാഴ്ചയ്ക്ക് ഉതകുന്നതല്ല. കഥാപാത്രങ്ങൾ , ആശയം, സാഹചര്യങ്ങൾ എന്നിവയെ ബുദ്ധിപൂർവ്വം സമ്മേളിപ്പിച്ച് ചെറിയ സമയത്തിനുള്ളിൽ വ്യത്യസ്തമായ തലങ്ങളിലേയ്ക്ക് നമ്മുടെ ചിന്തകളെ വഴിതിരിച്ചു വിടാൻ സിനിമക്ക് സാധിച്ചത് കീസ്ലോവ്സ്കി എന്ന സംവിധായകന്റെ സാന്നിധ്യം കൊണ്ടാണ്.
           ജീവനറ്റ മൂന്ന് ജീവികളുടെ ദൃശ്യങ്ങളിലൂടെ ആരംഭിക്കുന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ അഭിഭാഷകനും, യുവാവും, ടാക്സി ഡ്രൈവറുമാണ്. ഈ കഥാപാത്രങ്ങളെ വളരെ കുറച്ച് രംഗങ്ങളിലൂടെ വ്യക്തമായി ഡെവലപ്പ് ചെയ്യാൻ സാധിച്ചതായി തോന്നി. അഭിഭാഷകനായി ENROLL ചെയ്യുന്ന മാനവികതയും , മൃദു ഹൃദയത്വവും നിറഞ്ഞ ബാലിസ്കി , അലസവും, അപകടകരവുമായി  നിലകൊള്ളുന്ന ജാക്ക് എന്ന യുവാവ് , നമ്മുടെ വെറുപ്പ്‌ സമ്പാദിക്കാൻ കഴിയുന്ന തരത്തിൽ വേറിട്ട്‌ നിൽക്കുന്ന ടാക്സി ഡ്രൈവർ എന്നിവരാണ് ഈ സിനിമയെ താങ്ങി നിർത്തുന്നത്. ഇവരെ   കൂട്ടിയിണക്കുന്ന കൊലപാതകവും,  അതിന്റെ വിചാരണ ഇടിച്ചു നിൽക്കുന്ന  വധശിക്ഷയുമാണ് പിന്നീട് സ്ക്രീൻ നിറയുന്നത്.
           സിനിമയുടെ പ്ലോട്ടിന്റെ വ്യത്യസ്തതയേക്കാൾ ഈ സിനിമയെ മികച്ചതാക്കുന്നത് അവതരണ രീതിയും , സിനിമ ബാക്കിയാക്കുന്ന ചിന്തകളുമാണ്. ജീവിതം, മരണം എന്നീ സത്യങ്ങൾ പല രീതിയിൽ നമുക്ക് മുന്നിലും, നമ്മുടെ ചിന്തകളിലും ഇടം പിടിയ്ക്കുന്ന അസ്വസ്ഥത നിങ്ങളിലെ സിനിമാപ്രേമിക്ക്‌ പ്രശ്നമില്ലെങ്കിൽ ഈ സിനിമ തീർച്ചയായും കാണാം. വയലൻസിനെ മാറ്റി നിർത്തി ഈ ആശയത്തെ ഇത്ര റിയലിസ്ടിക്കായി അവതരിപ്പിക്കാനാവില്ല എന്നാണ് തോന്നുന്നത്. കൊലപാതകത്തെ തിന്മയുമായും , വധശിക്ഷയെ തിന്മയുടെ ഉന്മൂലനവുമായും ചേർത്ത് വായിക്കുന്ന പ്രേക്ഷക ചിന്തകളെ തകിടം മറിക്കുന്ന തരത്തിൽ അവസാന രംഗങ്ങൾ വികാര തീവ്രമാക്കിയത് ബോധപൂർവ്വമാകാം. നീതിയുടെയും (നന്മയുടെ നിലനിൽപ്പ്‌) , തിന്മയുടെയും വിരുദ്ധ കളങ്ങളിലേയ്ക്കു  നീക്കിവെയ്ക്കാവുന്ന  ഇരു മരണങ്ങളും ഒരു ചോദ്യമായി മനസ്സിൽ തറയ്ക്കുന്ന വിധം ഈ സിനിമ അനുഭവിപ്പിക്കുന്നു.
               കീസ്ലോവ്സ്കിയുടെ  പല  വർക്കുകളിലും കാണാറുള്ള പ്രത്യേക കളർ ടോണ്‍ ഈ സിനിമയിലും കാണാം. ആശയ പ്രകാശനത്തെ ബാലപ്പെടുത്തുന്നതിനായുള്ള അനുപമമായ സിനെമാടോഗ്രഫിയും , മനം തുളയ്ക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ തീവ്രതയും , മാസ്മരികതയും അദേഹത്തിന്റെ ഇതര സിനിമകളിലേതു പോലെ ഇവിടെയും അന്യം നിന്നിട്ടില്ല. ഈ സിനിമയുടെ പ്ലോട്ട് അദേഹത്തിന്റെ വിഖ്യാതമായ DECALOGUE എന്ന മിനി സീരീസിൽ ഒരു എപിസോഡ് ആയി ഉൾപ്പെടുത്തിയിട്ടുണ്ട്.
              55-മത്തെ  വയസ്സിൽ മരണം തേടിയെത്തിയ ഈ മഹാപ്രതിഭയിൽ നിന്ന് ലഭിക്കാതെ പോയ  സിനിമകളെയോർത്ത് വിഷമപൂർവ്വം ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.  


Saturday 1 November 2014

WHEN WE LEAVE (2010)



FILM  : WHEN WE LEAVE (2010)
COUNTRY : GERMANY
GENRE  : DRAMA
DIRECTOR : FEO ALADAG

        പെണ്ണിനെ അടക്കി ഭരിക്കുന്നതും, അവളുടെ ചെറിയ സ്വപ്‌നങ്ങൾക്കുപോലും  കടിഞ്ഞാണിടുന്നതും ആണത്തമാണെന്ന  വികലമായ സാമൂഹിക ബോധം ആവേശിച്ച സമൂഹത്തിലെ ധീരയായ ഒരു യുവതിയുടെ ചെറുത്തു നിൽപ്പും , അത് ആനയിക്കുന്ന ജീവിത അനുഭവങ്ങളുമാണ് 2010-ൽ  പുറത്തിറങ്ങിയ WHEN WE LEAVE എന്ന ജർമ്മൻ സിനിമ തുറന്നു കാണിക്കുന്നത്. ഡ്രാമ വിഭാഗത്തിലുള്ള ഒരു മികച്ച സിനിമയ്ക്ക്‌ വേണ്ട എല്ലാ ചേരുവകളും സംഗമിക്കുന്ന കാഴ്ചയാകുന്നു ഈ സിനിമ. ഓസ്ട്രിയൻ സംവിധായികയായ FEO ALADAG  സംവിധാനം നിർവ്വഹിച്ച ഈ സിനിമയ്ക്ക്‌ പാശ്ചാത്തലമാകുന്നത്  ജർമ്മനിയിലെയ്ക്ക് കുടിയേറിയ തുർക്കി വംശജരായ ഒരു കുടുംബത്തിന്റെ കഥയാണ്.
                   ഭർത്താവിന്റെ ക്രൂരമായ പെരുമാറ്റങ്ങൾ മൂലം മകനോടൊപ്പം ബർലിനിലെ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയെത്തുകയാണ് 25-കാരിയായ  ഉമായ്‌ . വിവാഹമോചനം എന്ന ഒറ്റ പോംവഴിയെക്കുറിച്ച് ചിന്തിക്കുന്ന അവളെ തിരികെ ഭർതൃഗൃഹത്തിലെയ്ക്ക് തള്ളിവിടാനുള്ള ശ്രമങ്ങളിലാണ് അവളുടെ കുടുംബം. അനാവശ്യമായ സാംസ്കാരിക ശാഠയങ്ങളെ പിന്തുടരാനും , അംഗീകരിക്കാനും മടിക്കുന്ന ഉമായ്‌യെ  വരവേൽക്കുന്നത് ഒറ്റപ്പെടലിന്റെയും , അവഗണനയുടെയും   വേദനയാർന്ന ദിനങ്ങളാണ്. ഈ വേദനകളാണ് നമ്മെയും നൊമ്പരപ്പെടുത്തുന്നത്.
               ഒരു സ്ത്രീപക്ഷ  സിനിമ എന്ന പേരിൽ മാറ്റി നിർത്താൻ പറ്റാത്ത വിധം മനുഷ്യാവകാശങ്ങളെയും, ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മയെയും സിനിമ വ്യക്തമായി അടയാളപ്പെടുത്തുന്നു. ഗാർഹിക പീഡനം  സാധാരണ സംഭവം മാത്രമാകുന്ന അകത്തളങ്ങളിൽ ചെറുത്തു നിൽപ്പിന്റെ നേരിയ ശബ്ദം തീർക്കുന്ന ഉമായ്‌-ക്കൊപ്പം സ്വന്തം കുടുംബം പോലും ചേർന്ന് നിൽക്കാത്ത വിധം വികൃതമാണ് പല പരമ്പരാഗത ചട്ടക്കൂടുകളും എന്ന യാഥാർത്യത്തെ  വെറുപ്പോടെ നോക്കി നിൽക്കാനേ നമുക്കാവൂ.  കുടുംബത്തിന്റെ അഭിമാനവും, അപമാനവും നിർണ്ണയിക്കുന്നത് സാംസ്കാരിക ചങ്ങലകൾ ഒരുക്കുന്ന സാമൂഹിക ചിത്രങ്ങളാണെന്ന് ഈ സിനിമ വിളിച്ചു പറയുന്നു. 
           തന്റെ ലാളനകളിൽ വളർന്ന  സഹോദരങ്ങൾ പോലും ക്രൂരമായ ശാരീരിക-മാനസിക  ആഘാതങ്ങൾ ഏൽപ്പിക്കുമ്പോൾ അവൾ തളരാത്തത് "എന്തുകൊണ്ട്?" എന്നതിന് ഉത്തരം തേടേണ്ടാത്ത വിധം സ്പഷ്ടമാണ് ആണ്‍കോയ്മയുടെ  ഇത്തരം സാമൂഹിക  കാഴ്ചപ്പാടുകൾ.  തന്റെ ദാമ്പത്യത്തിലെ അനിവാര്യവും, സ്വാഭാവികവുമായ ഒരു വിള്ളൽ തനിക്കും കുടുംബത്തിനും ഇടയിലേക്ക്  പടർന്നു കയറുന്നത്  അസഹനീയമായാണ് ഉമായ്‌-ക്ക് അനുഭവപ്പെടുന്നത്. ഈ സിനിമ അവതരിപ്പിച്ച വിരുദ്ധങ്ങളായ സാംസ്കാരികതകളെ തുലനം ചെയ്തു നോക്കാൻ ഈ സിനിമയുടെ പശ്ചാത്തലത്തിൽ പൂർണ്ണമായി സാധ്യമല്ലെങ്കിലും , സിനിമയുടെ കഥാതന്തുവിനെ ബലപ്പെടുത്തുന്ന തരത്തിൽ പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്ന സാംസ്കാരിക-സാമൂഹിക അംശങ്ങൾ പുനർനിർമ്മിക്കപ്പെടേണ്ടവ  തന്നെയാണ്.
                HEAD-ON  എന്ന FATIH AKIN സിനിമയിലൂടെ പ്രശസ്തിയാർജ്ജിച്ച  SIBEL KIKELLI-യുടെ പ്രകടനം ഈ സിനിമയെ കൂടുതൽ മികച്ചതാക്കി എന്ന് പറയാതിരിക്കാനാവില്ല. അത്ര ശക്തമായാണ് ഈ കഥാപാത്രത്തിന് അവർ ജീവനേകിയിട്ടുള്ളത്. ദുഖവും, ഏകാന്തതയും, വേദനയും ചിതറിക്കിടക്കുന്ന ഫ്രൈമുകൾക്കിടയിൽ  എവിടെയോ മിന്നിമറഞ്ഞ പ്രണയാതുരമായ ക്ഷണിക നിമിഷങ്ങളും  അതിന്റെ എല്ലാ സൌന്ദര്യത്തോടേയും പ്രതിഫലിപ്പിക്കാൻ നായികയ്ക്ക് കഴിഞ്ഞു. ശ്രദ്ധ പതിയേണ്ട ഒരു വിഷയത്തെ സംവിധാന മികവിലൂടെ മികച്ച ഒരു സിനിമാ അനുഭവമാക്കിയ സംവിധായിക സിനിമയുടെ ശക്തിയെ ഒന്നു കൂടി ഓർമ്മിപ്പിക്കുന്നു.
             ആവേശമോ, നിഗൂഡതയോ എത്തിനോക്കാത്ത ഈ സിനിമ മനുഷ്യർ സൃഷ്ടിക്കുന്ന ജീവിതത്തിന്റെ സങ്കീർണ്ണതകളെയാണ്  നമുക്കായ്  കാഴ്ചവെയ്ക്കുന്നത്. ശക്തമായ ഒരു  സിനിമയ്ക്കായി (ഡ്രാമ) ദാഹിക്കുന്നുവെങ്കിൽ , ഇത് തീർച്ചയായും നിങ്ങൾക്കുള്ളതാണ്.......