Sunday, 23 November 2014

LIFE ON EARTH (1998)



FILM : LIFE ON EARTH (1998)
COUNTRY : MALI
GENRE : DRAMA
DIRECTOR : ABDERRAHMANE SISSAKO

               വ്യക്തമായ ഒരു കഥാഖ്യാനമോ , ശക്തമായ കഥാപാത്രങ്ങളോ ഇല്ലാത്ത , ദൃശ്യ ബിംബങ്ങളാൽ  സമ്പന്നമായ, ലളിതമായി കാഴ്ച്ചക്കാരനിലേയ്ക്ക്  ആശയത്തെ പകരാൻ പര്യാപ്തമായ രീതിയിൽ അവതരിപ്പിച്ച സിനിമയാണ് LIFE ON EARTH.
     21-st   നൂറ്റാണ്ടിലേയ്ക്ക് ലോകം പ്രവേശിക്കാനിരിക്കുന്ന  നിമിഷങ്ങളെയാണ് രണ്ട് ഭൂഖണ്ഡങ്ങളിലെ ജീവിത നിശ്വാസങ്ങളിലൂടെ നാം അറിയുന്നത്. ഫ്രാൻസിന്റെ സമ്പന്നതയെ പ്രതീകവൽക്കരിച്ച  സൂപ്പർമാർക്കറ്റിലെ ദൃശ്യങ്ങൾക്കു ശേഷം, പ്രധാന കഥാപാത്രത്തോടൊപ്പം മാലിയിലെ SOKOLO എന്ന   ഗ്രാമത്തിലൂടെ അലയുകയാണ് നമ്മൾ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പടിവാതിലിൽ എത്തിയിട്ടും സാങ്കേതികതയുടെ ശൈശവാവസ്ഥയിലൂന്നിയ ജീവിതം നമുക്ക് വിചിത്രമായ അനുഭവമാണ് നൽകുന്നത്. ലോകം ഉത്സവത്തിമിർപ്പിലേയ്ക്ക് പതഞ്ഞു പൊന്തുന്ന നിമിഷങ്ങളിൽ , ചാരുകസേരയിൽ  തണലിന്റെ   ആശ്വാസങ്ങളിലെയ്ക്ക് ചേക്കേറുന്ന ആഫ്രിക്കൻ യുവതയെയാണ് SOKOLO-യിൽ കാണാനാവുന്നത്. യഥാർത്ഥ്യം തുളുമ്പുന്ന ആഫ്രിക്കൻ ജീവിതക്കാഴ്ച്ചകളും, കൃഷി ഉപജീവനമായ  ഗ്രാമീണ  കർഷകന്റെ ആശങ്കകളും, പരാതികളും സിനിമയെ പല തരത്തിൽ വ്യഖ്യാനിക്കാൻ കാഴ്ച്ചക്കാരനെ നിർബന്ധിതനാക്കുന്നു.
               പുറം ലോകവുമായി ബന്ധം സ്ഥാപിക്കാനുള്ള  ഏക മാർഗ്ഗമായ പോസ്റ്റ്‌ ഓഫീസും, ഭാഗ്യമുണ്ടെങ്കിൽ മാത്രം കണക്ഷൻ  ലഭിക്കുന്ന ആകെയുള്ള ഒരു ഫോണും  തമാശയുടെ അംശമായല്ല സിനിമയിൽ സാന്നിധ്യമറിയിക്കുന്നത്. നിറം കുറഞ്ഞ യാഥാർത്ഥ്യങ്ങളെ ഒപ്പിയെടുത്ത ശക്തമായ ഇമേജുകൾ പലപ്പോഴും തുടർച്ചയില്ലാത്ത വിധം വേറിട്ട്‌ നിൽക്കുന്നവയായി തോന്നാം. പക്ഷെ സിനിമയുടെ സമഗ്രമായ അവതരണ രീതിയുമായി ചേർത്ത് വെയ്ക്കുമ്പോൾ  ഈ ചേർച്ചയില്ലായ്മ  അലങ്കാരമാവുന്ന വൈരുദ്ധ്യമാണ് സിനിമയുടെ സൗന്ദര്യമായി നമ്മെ കാത്തിരിക്കുന്നത്.
                        ആഫ്രിക്ക-യൂറോപ്പ് എന്നിവയുടെ സാമ്പത്തിക അന്തരം എന്നതിലുപരി നാളെയുടെ ഉറച്ച കാലടികളെ കേൾക്കാൻ കഴിയുന്ന പ്രതീക്ഷയേയോ , പ്രതീക്ഷയറ്റ നിർവികാരമായ മുഖങ്ങളെയോ  ആണ് ഈ സിനിമയിൽ കാണാനായത്. പാശ്ചാത്യന്റെ ക്രൂരതയാർന്ന ഭൂത-വർത്തമാനകാല  ചെയ്തികളും, നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളും, ആശങ്കകളും നിറഞ്ഞ ചിന്താശകലങ്ങൾ  "വോയിസ് ഓവറുകളായി"  അവതരിപ്പിക്കപ്പെട്ടതും, ഗവണ്‍മെന്റിന്റെ  നിരുത്തരവാദപരമായ നിഷ്ക്രിയത്വത്തിനെതിരെ  പരാതിപ്പെടുന്ന നിസ്സഹായരായ തദ്ദേശീയവാസികളായ കർഷകരും സിനിമയുടെ രാഷ്ട്രീയ മുഖത്തെ അടയാളപ്പെടുത്തുന്നു.
               രാജ്യത്തിന് പുറത്ത് ജീവിക്കുമ്പോഴും സ്വന്തം മണ്ണിലേയ്ക്കു തിരികെ കാലെടുത്തു വെയ്ക്കാനുള്ള  ഓരോ മനുഷ്യന്റെയും ആന്തര ചോദനയെയും  ഈ സിനിമ തലോടുന്നു. വളരെ വിരളമായി മാത്രം കാണാവുന്ന, കാഴ്ചക്കാരന്റെ അനന്തമായ വ്യഖ്യാനങ്ങൾക്കായി ധാരാളം ഇമേജുകൾ ബാക്കിയാക്കി തിരശ്ശീലയെ കയ്യൊഴിയുന്ന സിനിമാ അനുഭവമാകുന്നു LIFE ON EARTH.


1 comment:

  1. രാജ്യത്തിന് പുറത്ത് ജീവിക്കുമ്പോഴും സ്വന്തം മണ്ണിലേയ്ക്കു തിരികെ കാലെടുത്തു വെയ്ക്കാനുള്ള ഓരോ മനുഷ്യന്റെയും ആന്തര ചോദനയെയും ഈ സിനിമ തലോടുന്നു. വളരെ വിരളമായി മാത്രം കാണാവുന്ന, കാഴ്ചക്കാരന്റെ അനന്തമായ വ്യഖ്യാനങ്ങൾക്കായി ധാരാളം ഇമേജുകൾ ബാക്കിയാക്കി തിരശ്ശീലയെ കയ്യൊഴിയുന്ന സിനിമാ അനുഭവമാകുന്നു LIFE ON EARTH.

    ReplyDelete