Thursday 23 March 2017

MAY GOD FORGIVE US (2016)



FILM : MAY GOD FORGIVE US (2016)
GENRE : INVESTIGATIVE THRILLER
COUNTRY : SPAIN
DIRECTOR : RODRIGO SOROGOYEN

           ത്രില്ലറുകളിൽ, എല്ലാവർക്കും പ്രിയപ്പെട്ടവ ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലറുകൾ ആകുമെന്നാണ് എനിക്ക് തോന്നുന്നത്. സത്യത്തിലേക്കും, ലക്ഷ്യത്തിലേക്കുമുള്ള അന്വേഷകന്റെ പാതയിലൂടെ നമുക്കും മനസ്സുകൊണ്ട് സഞ്ചരിക്കാമെന്ന ആവേശം തന്നെയാവണം ഈ ഇഷ്ടക്കൂടുതലിന്റെ കാരണം. ഈ കുറിപ്പിലൂടെ ഞാൻ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്ന MAY GOD FORGIVE US എന്ന സ്പാനിഷ് സിനിമ ഈ ഗണത്തിൽ പെടുന്ന ഒന്നാണ്.
      ക്രൂരമായ പീഡനങ്ങൾക്കു വിധേയമായ രീതിയിൽ തുടർച്ചയായി വൃദ്ധകൾ കൊലചെയ്യപ്പെടുകയാണ്. അന്വേഷണ ചുമതല വഹിക്കുന്ന VELARDE-യുടേയും, ALFARIO-യുടെയും കണക്കുകൂട്ടലുകളിൽ തെളിയുന്നത് ഒരു സീരിയൽ കില്ലറുടെ ചിത്രമാണ്. കൊലപാതകങ്ങളെ ബന്ധിപ്പിക്കുന്ന സൂചനകളിലേയ്ക്കും, കാരണങ്ങളിലേക്കും, രീതികളിലേക്കും ചുഴിഞ്ഞു നോക്കുന്ന അവരുടെ ലക്ഷ്യം അയാളെ തടയുകയെന്നതാണ്. അതിനുള്ള അവരുടെ ശ്രമങ്ങൾ സിനിമ കണ്ടുതന്നെ അറിയുന്നതാണ് ഉചിതം.
        VELARDE, ALFARIO എന്നീ പ്രധാന കഥാപാത്രങ്ങൾ വിരുദ്ധമായ സ്വഭാവ ഗുണങ്ങളോടു കൂടിയവരാണ്. അതുകൊണ്ടു തന്നെ അന്വേഷണ പ്രക്രിയകളിലും അവ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. രണ്ടു മണിക്കൂറിലധികമുള്ള ഈ സിനിമ VELARDE, ALFARIO എന്നിവരുടെ വ്യക്തിജീവിതത്തെയും, അവരുടെ സ്വകാര്യതകൾ അവരിൽ ജനിപ്പിക്കുന്ന അന്തർ സംഘർഷങ്ങളെയും  വ്യക്തമായി ഉൾക്കൊള്ളുന്നുണ്ട്. "വയലൻസ്" എന്നത് ഇത്തരം സിനിമകളിൽ ഒഴിച്ചു നിർത്താൻ കഴിയാത്തവ ആണെങ്കിലും, ഇരയുടെ ബലഹീനതയും, വേട്ടക്കാരന്റെ ക്രൂരതകളും അസ്വസ്ഥതയേകുന്നു. ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലറുകളിൽ സാധാരണ കണ്ടുവരാറുള്ള ചടുലത ഈ സിനിമയിൽ കാണാനാവില്ല. സംവിധായകന്റെ മറ്റൊരു സിനിമ (STOCKHOLM) മുമ്പ് കണ്ടിട്ടുള്ളതിനാൽ ഈ ഒരു രീതിയെ അദ്ദേഹത്തിന്റെ പ്രത്യേകതയായി കാണുവാനാണ് ഞാനിഷ്ടപ്പെടുന്നത്. ഈ സിനിമ എന്നെ തൃപ്തിപ്പെടുത്തി.... നിങ്ങൾക്കിഷ്ടപ്പെടുമോ(?) എന്നത് സിനിമ കണ്ടതിനു ശേഷം നിങ്ങൾ തന്നെ പറയേണ്ടതാണ്......


Tuesday 21 March 2017

THE SILENCE OF THE SKY (2016)



FILM : THE SILENCE OF THE SKY (2016)
COUNTRY : BRAZIL
GENRE : DRAMA !!!  THRILLER
DIRECTOR : MARCO DUTRA

               തനിക്ക് സംഭവിച്ച ദുരനുഭവം ഭർത്താവിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും മറച്ചുവെയ്ക്കുകയാണ് ഡയാന. ഭർത്താവായ മരിയോക്കും അവളിൽ നിന്ന് ഒളിച്ചുവെയ്ക്കാൻ ചില കാര്യങ്ങളുണ്ട്. രഹസ്യങ്ങളെക്കുറിച്ച് അവർ പരസ്പരം പുലർത്തുന്ന മൗനം തന്നെയാണ് സിനിമയെ ഉദ്വേഗഭരിതമായ നിമിഷങ്ങളിലേക്ക് തള്ളിയിടുന്നത്. ഒരു പ്രതികാര കഥ എന്ന് തോന്നുമെങ്കിലും, പ്രധാന ഫോക്കസ് അതിലേക്കു മാത്രം കേന്ദ്രീകരിക്കപ്പെടാതെയാണ് സിനിമയുടെ അവതരണം. പ്രശ്നത്തെ മരിയോയോയിലേക്ക് കേന്ദ്രീകരിച്ചു കൊണ്ട്, അയാളിലെ ദൗർബല്യങ്ങളെക്കൂടി സിനിമയുടെ ഉള്ളടക്കത്തോട് ലയിപ്പിച്ചുള്ള സമീപനമാണ് സിനിമയിൽ അവലംബിച്ചിട്ടുള്ളത്. സിനിമയുടെ കഥാംശത്തെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്തി നിങ്ങളുടെ ആകാംഷയുടെ നിറം കെടുത്തുന്നില്ല. സിനിമയിലുടനീളം പശ്ചാത്തലത്തിലെ ശബ്ദങ്ങളെ സൂക്ഷ്മതയോടെ ഉപയോഗിച്ചതായി തോന്നി. അഭിനേതാക്കളുടെ പ്രകടനവും മികച്ചു നിന്നു. "കിടിലൻ" എന്നൊന്നും അവകാശപ്പെടാനാവില്ലെങ്കിലും നിരാശപ്പെടുത്താത്ത ത്രില്ലർ സ്വഭാവമുള്ള സിനിമ തന്നെയാണ് O SILENCIA DO CEU.


Saturday 18 March 2017

IVY (2015)



FILM : IVY (2015)
GENRE : PSYCHOLOGICAL THRILLER
COUNTRY : TURKEY
DIRECTOR : TOLGA KARACELIK

                      TOLGA KARACELIK എന്ന പേര് ഒന്ന് കുറിച്ചു വയ്ക്കുന്നത് നല്ലതാണ്. IVY (2015) എന്ന സിനിമ നമ്മളോട് പറയുന്നത് അതാണ്. ഭാവിയിൽ TOLGA KARACELIK-ൽ നിന്ന് വിഖ്യാതമായ സിനിമകൾ തീർച്ചയായും പ്രതീക്ഷിക്കാമെന്ന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു. ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന് വിളിക്കാമെങ്കിലും അത്തരം വിശേഷണങ്ങളിൽ IVY(2015) ഒതുങ്ങി നിൽക്കുന്നില്ല എന്നതാണ് സത്യം.
     ഒരു കാർഗോ കപ്പലിന്റെ ക്യാപ്റ്റനും, ക്രൂ മെമ്പേഴ്‌സുമാണ് പ്രധാന കഥാപാത്രങ്ങൾ. ഈജിപ്ത് ലക്ഷ്യമാക്കി നീങ്ങുന്ന കപ്പലിന്റെ ഉടമസ്ഥൻ സാമ്പത്തികമായി പാപ്പരാകുന്നു എന്നറിയുന്നതോടെ കപ്പൽ കരയ്ക്കടുപ്പിക്കാൻ കഴിയാതെയാവുന്നു. മാസങ്ങളുടെ ശമ്പള കുടിശ്ശിക ലഭിക്കാനുള്ള സാഹചര്യത്തിൽ ജോലിക്കാരുടെ എണ്ണം പരിമിതപ്പെടുത്തി മറ്റുള്ളവരെ പറഞ്ഞുവിട്ട് പുറംകടലിൽ നങ്കൂരമിട്ട് കാത്തിരിപ്പിന്റെ അടവ് പയറ്റാനൊരുങ്ങുകയാണ് ക്യാപ്റ്റൻ.
         വിശാലമായ കപ്പലിൽ ക്യാപ്റ്റനുൾപ്പെടെ ആറു അംഗങ്ങൾ മാത്രമെ അവശേഷിച്ചിട്ടുള്ളൂ. കപ്പലിനൊപ്പം ഒരു പ്രശ്നത്തിലാണ് അവരും നങ്കൂരമിട്ടിരിക്കുന്നത്. ലക്ഷ്യമില്ലായ്മയുടേയും , ആവർത്തന വിരസതയുടേയും, വിശപ്പിന്റെയും, പ്രതീക്ഷയില്ലായ്മയുടെയും, ഏകാന്തതയുടേയും, അച്ചടക്കത്തിന്റേയും, വീർപ്പുമുട്ടിക്കുന്ന അന്തർ സംഘർഷങ്ങളുടേയും ഇടയിൽ അവരിലെ വ്യക്തിത്വങ്ങൾ പരസ്‍പരം കൂട്ടിമുട്ടുകയാണ്. പ്രശ്നത്തെ മറികടക്കാൻ ഐക്യത്തിന്റെ ആവശ്യകത ഓർമ്മപ്പെടുത്തുന്ന ക്യാപ്റ്റൻ തന്നെ ഭിന്നിപ്പിന്റെയും, അധികാരത്തിന്റെയും, അച്ചടക്കത്തിന്റേയും ബലതന്ത്രങ്ങളുടെ പ്രയോക്താവായി മാറുന്നു. അസ്ഥിരമായ, ലക്ഷ്യബോധമില്ലാത്ത ഒരു സമൂഹത്തിന്റെ സംഘർഷ മനസ്സുകളെ ഈ അധീശത്വ-വിധേയത്വ ചിത്രങ്ങളിലൂടെ വരച്ചു കാണിച്ചിരിക്കുന്നതും, കഥാപാത്രങ്ങൾക്ക് നൽകിയ ഐഡന്റിറ്റികളും സിനിമയുടെ മർമ്മം ചൂണ്ടിക്കാണിക്കുന്നു.
    എളുപ്പത്തിൽ ഗ്രഹിച്ചെടുക്കാവുന്ന അവതരണമല്ല ഈ സിനിമയുടേത്. മിസ്റ്ററിയും, ത്രില്ലും അവസാനം വരെ നിലനിർത്തുന്ന ഈ സിനിമ അനവധി ചോദ്യങ്ങളും, സംശയങ്ങളും നമുക്ക് വിട്ടുതരുന്നുണ്ട്. സിനിമയെ മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നതിന്റെ സൂചനകൾ സിനിമയിൽ സംവിധായകൻ നൽകുന്നുണ്ട്. അവസാന ഭാഗങ്ങളിലെ വിചിത്രമായ ചില ദൃശ്യങ്ങളും, ആദ്യരംഗം മുതൽ ആവർത്തിച്ചു വരുന്ന "ഒച്ചുകളും" എന്റെ ചിന്തകൾക്ക് പിടിതരാതെ ഇപ്പോഴും വഴുതിപ്പോവുകയാണ്.
      പരിഹരിക്കപ്പെടാതെ നീളുന്ന പ്രശ്നങ്ങൾ നമ്മളെ അസ്വസ്ഥരാക്കുന്നതു പോലെ സമൂഹത്തെയും, വ്യവസ്ഥകളെയും, രാജ്യങ്ങളെയും അസ്വാരസ്യങ്ങളിലേക്ക് നയിക്കുമെന്ന തിരിച്ചറിവിൽ ഈ സിനിമയുടെ ഉള്ളറിയാൻ കഴിയുന്നു. ടർക്കിഷ് സിനിമയുടെ ഭാവി ശോഭനമാണെന്ന് വിളിച്ചു പറയുന്ന ഈ സിനിമ കണ്ടില്ലെങ്കിൽ നഷ്ടം തന്നെയാണ്.


Thursday 16 March 2017

THE FOUR TIMES (2010)



FILM : THE FOUR TIMES (2010)
GENRE : DRAMA
COUNTRY : ITALY
DIRECTOR : MICHELANGELO FRAMMARTINO

വേറിട്ട കാഴ്ചകളും, ചിന്തകളും 
                   ചില സിനിമകൾക്ക് പറയത്തക്ക കഥയോ, ഒഴുക്കോ ഉണ്ടായിരിക്കില്ല. പല കാഴ്ചകളായി നമ്മുടെ മുന്നിൽ നിറയുന്ന ജീവസ്സുറ്റ ചിത്രങ്ങളെ യുക്തിയോട് ചേർത്തുനിർത്തി ആശയങ്ങളും, യാഥാർത്യങ്ങളും നിർമ്മിച്ചെടുക്കേണ്ടിയും വരാറുണ്ട്. ഇന്ദ്രിയാനുഭൂതി നൽകുന്ന സിനിമകൾക്കൊപ്പം ഗൗരവമേറിയ ചിന്തകളെ ഉണർത്തുന്ന സിനിമകളും കാണാൻ ശ്രമിക്കുമ്പോഴാണ് ഒരു പ്രേക്ഷകൻ നല്ല ആസ്വാദകനായി മാറുന്നത്. ദാർശനികതയും ആത്മീയതയും തണലേകുന്ന ജീവിത സാഹചര്യങ്ങൾ, വ്യാഖ്യാനങ്ങളുടെ വിസ്മയ സാധ്യതകളെയാണ് സിനിമയെപ്പോലുള്ള ഒരു ദൃശ്യകലയ്ക്ക് സമ്മാനിക്കുന്നത്. ദൃശ്യഭാഷയുടെ മായികതയിൽ പല സമസ്യകളും കാവ്യാത്മകതയിൽ കുളിച്ചു നിൽക്കുമ്പോൾ പ്രേക്ഷക ചിന്തകൾ ചിറകടിച്ചു പുതിയ ഇടങ്ങളിലേക്ക് ചേക്കേറുന്നു. ഫിലോസഫിക്കലോ, സ്പിരിച്വലോ ആയ ആശയങ്ങളെ സിനിമാറ്റിക്കായി പകർത്തിയെഴുതുമ്പോൾ ഒരു PASSIVE LISTENER എന്നതിനപ്പുറം പ്രേക്ഷകന്റെ സജീവതയെ സംവിധായകൻ പ്രതീക്ഷിക്കുന്നുണ്ടാകും. ആ പ്രതീക്ഷയ്‌ക്കൊപ്പം ഓടിയെത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ് എന്നിലെ ആസ്വാദകൻ ആഗ്രഹിക്കുന്നത്.

ഇനി സിനിമയിലേക്ക് 
            ഒരുപാട് കാലം കാണാതെ മാറ്റിവയ്ക്കുന്ന ചില സിനിമകളുണ്ട്. മാറ്റിവെയ്ക്കലിന് പ്രത്യേക കാരണമൊന്നും ഉണ്ടാവില്ല. എന്നെ സംബന്ധിച്ചിടത്തോളം അത്തരമൊരു സിനിമയായിരുന്നു THE FOUR TIMES. പ്ലോട്ടിനെ കുറിച്ചു വലിയ ധാരണയില്ലാതെയാണ് കണ്ടത്. സംഭാഷണങ്ങൾ ഇല്ലെന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. വിഷ്വൽ നരേഷനിലൂടെ ആശയ സംവാദനത്തിനു ശ്രമിച്ചിരിക്കുന്ന ഈ സിനിമയ്ക്ക് അവതരണത്തിൽ വലിയ കോംപ്ലക്സിറ്റി ഒന്നും ഇല്ല. 

 സിനിമയെ കൂടുതൽ അറിയുമ്പോൾ 
                    മനുഷ്യൻ, മൃഗം, സസ്യം, ധാതു  തുടങ്ങിയ അവസ്ഥകളിലൂടെയാണ് ആത്മാവ് ക്രമാനുഗതമായി സഞ്ചരിക്കുന്നതെന്ന പൈഥഗോറസിന്റെ (വായിച്ചറിഞ്ഞത്) വിശ്വാസത്തെയാണ് സിനിമ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ഇരുൾ മൂടുന്ന ഫ്രെയിമുകൾക്കു മുമ്പിലും-ശേഷവുമുള്ള കാഴ്ചകളെ കണക്ട് ചെയ്ത് സിനിമ കാണുമ്പോൾ ഈ ആശയം വ്യക്തമായി മനസ്സിലാക്കാനാവുന്നു. ഒരു മലയോര ഗ്രാമത്തിലെ വൃദ്ധനായ ആട്ടിടയന്റെ ആവർത്തന വിരസമായ ജീവിതമാണ് ആദ്യ ഭാഗങ്ങളിൽ കാണാനാവുക. ശ്‌മശാനത്തിലെ തീച്ചൂളയിലേക്ക് അയാളെ ആനയിക്കുന്ന മരണം നമുക്ക് മുന്നിൽ നിറയ്ക്കുന്ന ഇരുട്ട് വിട്ടൊഴിയുന്നത് ജനനത്തിന്റെ തെളിച്ചമാർന്ന കാഴ്ച്ചയോടെയാണ്. പുതുതായി ജനിക്കുന്ന ആട്ടിന്കുട്ടിയുടെയും, കൂട്ടാളികളുടെയും കുസൃതികളും പുതിയ യജമാനാന്റെ കീഴിലും മാറ്റമില്ലാതെ തുടരുന്ന ആട്ടിന്പറ്റത്തിന്റെ ചര്യകളുമാണ് ഈ ഭാഗത്തു കാണാനാവുക. കൂട്ടുകാരിൽ നിന്ന് കൂട്ടം തെറ്റി മരച്ചുവട്ടിൽ അഭയം തേടുന്ന ആട്ടിൻകുഞ്ഞിന്റെ കൂട്ടിന് ഇരുട്ടെത്തുമ്പോൾ പുതിയ കാഴ്ചകളിലേക്കാണ് പ്രഭാതം ഉണരുന്നത്. കാലത്തെയും, കാലാവസ്ഥകളേയും അതിജീവിച്ച ഒരു വലിയ മരത്തെ ഗ്രാമവാസികൾ ആഘോഷത്തിനായി മുറിക്കുകയാണ്. അവരുടെ ആഘോഷ കോലാഹലങ്ങൾക്കൊടുവിൽ ചെറുകഷണങ്ങളായി "ചാർക്കോൾ" നിർമ്മാണ കേന്ദ്രത്തിലെത്തുകയാണ് ഈ വൻമരം. ഇപ്രകാരം നിർമ്മിക്കപ്പെടുന്ന ചാർക്കോൾ ഗ്രാമവാസികളുടെ ആവശ്യങ്ങൾക്കായി തിരികെയെത്തുമ്പോൾ പൂർത്തിയാകുന്നത് ജനന-മരണങ്ങളിലൂടെ ആത്മാവ് ചാക്രികതയെ പുൽകുന്നു എന്ന വിശ്വാസത്തിന്റെ കാവ്യാത്മകമായ ഒരു ദൃശ്യവ്യാഖ്യാനം തന്നെയാകുന്നു.  

 സൂക്ഷ്മ വായനയിൽ തോന്നിയത്  
                       ആട്ടിൻ പാലിന് പകരമായി പള്ളിയിൽ നിന്ന് വൃദ്ധൻ വാങ്ങുന്നത് പൊടിപിടിച്ച അന്തരീക്ഷത്തിൽ നിന്ന് നിലംപറ്റുന്ന ചാരം തന്നെയാണ്. വെള്ളത്തിൽ ചേർത്ത് ഈ ചാരം ഔഷധം പോലെ സേവിക്കുന്ന അയാൾ സിനിമ വരച്ചുകാണിക്കാൻ ശ്രമിക്കുന്ന ആത്മാവിന്റെ പാതയിലെ രണ്ടറ്റങ്ങളെ കണ്ണിചേർത്തു വലയം തീർക്കുക തന്നെയായിരുന്നു. മറ്റൊരു രംഗത്തിൽ വീട്ടിലേക്കു മടങ്ങിയെത്തുന്ന വൃദ്ധനായ ആട്ടിടയനെയും, ചാർക്കോൾ ശേഖരിക്കുന്ന സ്ത്രീകളെയും ഒരു ഫ്രെയിമിൽ വരത്തക്ക വിധം മികച്ച രീതിയിൽ ഒരുമിപ്പിച്ചിരിക്കുന്നു. ദൃശ്യങ്ങളിലൂടെ സംവദിക്കുന്ന ഈ സിനിമ പ്രേക്ഷകരുടെ വിശകലനങ്ങൾക്കും, വ്യാഖ്യാനങ്ങൾക്കുമുള്ള അനവധി സാധ്യതകളെ തുറന്നിടുന്നുണ്ട്.
അതിശയിപ്പിച്ച കാര്യം  
                        യജമാനൻ രാവിലെ ഉണരാൻ വൈകിയതിൽ പന്തികേട് തോന്നിയ വളർത്തുനായ ആളുകളുടെ ശ്രദ്ധ ക്ഷണിക്കാൻ നടത്തുന്ന പരാക്രമങ്ങളും, സിംഗിൾ ഷോട്ടെന്നു തോന്നിക്കുന്ന വിധം മനോഹരമായി ആ ദൃശ്യം ഒപ്പിയെടുത്ത ക്യാമറാ ചലനങ്ങളും ഈ സിനിമയിലെ അതിശയിപ്പിക്കുന്ന സാന്നിധ്യങ്ങളാകുന്നു.
അവസാന വാക്ക് 
        സിനിമയേക്കുറിച്ചു ഇത്രയും പറഞ്ഞതിൽ നിന്ന് തന്നെ സിനിമയുടെ സ്വഭാവം, പ്രമേയത്തിന്റെ വ്യത്യസ്തത എന്നിവ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. കാനിലെ "ഡയറക്റ്റേഴ്‌സ് ഫോർട്നൈറ്റിൽ" പ്രദർശിപ്പിച്ചിട്ടുള്ള ഈ സിനിമ എല്ലാ നിലയ്ക്കും വേറിട്ട അനുഭവം തന്നെയാണ്.  


Sunday 12 March 2017

A BOTTLE IN THE GAZA SEA (2011)



FILM : A BOTTLE IN THE GAZA SEA (2011)
COUNTRY : FRANCE !! ISRAEL
GENRE : DRAMA
DIRECTOR : THIERRY BINISTI

              കടലിലേക്ക് വലിച്ചെറിയപ്പെടുന്ന കുപ്പിയിൽ ഒരു കുറിപ്പുണ്ടായിരുന്നു. ജെറുസലേമിലെ കഫേയിലുണ്ടായ സ്‌ഫോടനത്തിനു ശേഷം 17-കാരിയായ TAL എഴുതിയ കുറിപ്പ്. ഏതെങ്കിലും ഫലസ്തീൻ യുവാവ് അതിന് മറുപടി നൽകും എന്നാണ് അവളുടെ പ്രതീക്ഷ. ഗാസ കടൽതീരത്തു അടിയുന്ന ഈ കുപ്പി NAIM-ന്റെയും കൂട്ടുകാരുടെയും കൈയ്യിലെത്തുന്നു. 20-കാരനായ NAIM കുറിപ്പിൽ നൽകിയ ഇമെയിൽ വിലാസത്തിലേക്ക് മറുപടി നൽകുന്നു. പുതിയ ഒരു സൗഹൃദത്തിന്റെ തുടക്കം അവിടെ കുറിക്കുന്നു. വർഷങ്ങൾ താണ്ടിയ വിദ്വേഷങ്ങളും, ആക്രമണങ്ങളും രൂപമേകിയ വിരുദ്ധ ദേശീയതകളുടെ പ്രതിനിധികളാണെങ്കിലും, സമാധാനകാംഷികളായ രണ്ടു മനുഷ്യരെന്ന ഉൾബോധത്താൽ അവരുടെ സൗഹൃദം അപ്രതീക്ഷിത വഴികളെ താണ്ടുവാനൊരുങ്ങുന്നു.
         ഫ്രാൻസിൽ നിന്ന് ഇസ്രായേലിലേക്ക് വന്നവരാണ് TAL-ന്റെ കുടുംബം. ഗാസയ്ക്കപ്പുറമുള്ള ലോകത്തെ കണ്ടിട്ടില്ലാത്തയാളാണ് NAIM. രണ്ടാളുടെയും ദൈനംദിന ജീവിതങ്ങളെ പാരലലായി അവതരിപ്പിച്ചാണ് സിനിമ മുന്നേറുന്നത്. യുദ്ധം പടർത്തുന്ന ആശങ്കകളെ ഇരു പക്ഷത്തിനുമായ് പകുത്തു നൽകാനും സിനിമ ശ്രദ്ധിക്കുന്നുണ്ട്. സൗഹൃദം സൃഷ്ട്ടിക്കുന്ന സാഹചര്യങ്ങൾ NAIM-ന് പുതിയ സ്വപ്നങ്ങളാണ് നൽകുന്നത്. വെറുപ്പിന്റെ രാഷ്ട്രീയത്തിനു മുകളിൽ  സമാധാനത്തിന്റെയും, സൗഹൃദത്തിന്റെയും, പ്രണയത്തിന്റെയും പ്രതീക്ഷകളെ പ്രതിഷ്ഠിക്കുന്ന ഈ സിനിമയുടെ അവസാന കാഴ്ച്ചകളും, ഡയലോഗുകളും ഹൃദയത്തെ സ്പർശിക്കുക തന്നെ ചെയ്യും.
      രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമകൾ ഇസ്രായേൽ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുണ്ടാകുമ്പോൾ അപര ദേശത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന സ്വാഭാവികതയെ കണ്ടെടുക്കാൻ പ്രയാസമുണ്ടാകാറില്ല. ഫ്രഞ്ച് നോവലിനെ അധികരിച്ചു ഒരുക്കിയ ഈ സിനിമ "യുദ്ധം" എന്ന മഹാവിപത്തിനെയാണ് എതിർ പക്ഷത്തു നിർത്താൻ ശ്രമിക്കുന്നത്. സ്നേഹം, പ്രണയം എന്നിവ കുടികൊള്ളുന്ന മനുഷ്യ മനസ്സിൽ തന്നെയാണ് യുദ്ധവും കുടികൊള്ളുന്നത് എന്ന സത്യമാണ് ബാക്കിയാവുന്നത്. യുദ്ധങ്ങളും, കലാപങ്ങളും ചരിത്ര താളുകളിലെ  ഓർമ്മകൾ മാത്രമാവുന്ന ലോകത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.....


Sunday 5 March 2017

BURIED SECRETS (2009)



FILM : BURIED SECRETS (2009)
GENRE : DRAMA
COUNTRY : TUNISIA
DIRECTOR : RAJA AMARI

              2010-ലെ IFFK-യിൽ പ്രദർശനത്തിനെത്തിയപ്പോഴാണ് ഈ സിനിമയെ കുറിച്ചു ആദ്യമായി കേട്ടത്. അന്നു മുതൽ കാണാൻ ആഗ്രഹിച്ച ഒന്നായിരുന്നു ഇത്. RAJA AMARI എന്ന ടുണീഷ്യൻ സംവിധായികയുടെ BURIED SECRETS ഇന്ന് കണ്ടപ്പോൾ ഞാൻ പ്രതീക്ഷിച്ച സംതൃപ്തി ലഭിച്ചില്ല എന്ന് വേണം പറയാൻ. ഒരു പക്ഷെ സംവിധായിക പറയാൻ ശ്രമിച്ച പലതും എനിക്ക് വായിച്ചെടുക്കാൻ കഴിയാതെ പോയതിനാലാവാം. എന്തായാലും എൻറെ വായനയിൽ തെളിഞ്ഞത് നിങ്ങളുമായി പങ്കുവെയ്ക്കാം.
           സംവിധാനം ഒരു സ്ത്രീ ആയതിനാൽ വീക്ഷണങ്ങളിലും, പ്രമേയത്തിലും ഒരു സ്ത്രീ സാന്നിദ്ധ്യം വ്യക്തമാണ്. വിജനമായ പ്രദേശത്തെ കൊട്ടാര സദൃശമായ ഒരു പഴയ വീടിന്റെ അടിത്തട്ടിൽ ആരുമറിയാതെ ജീവിതം നയിക്കുന്ന മൂന്ന് സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങൾ. പ്രായം കൂടിയ മാതാവും, പ്രായത്തിൽ നല്ല അന്തരമുള്ള രണ്ടു പെൺമക്കളും അടങ്ങുന്നതാണ് ഈ കുടുംബം. മാതാവിന്റെ കർശനമായ നിയന്ത്രണങ്ങളിൽ, പുറം ലോകവുമായി ബന്ധമില്ലാത്ത ജീവിതമാണ് അവർ നയിക്കുന്നത്. അവരുണ്ടാക്കുന്ന ഉൽപന്നം വിൽക്കാനും, സാധനങ്ങൾ വാങ്ങാൻ പോകുന്നതും മാത്രമാണ് പുറംകാഴ്ചകളുമായുള്ള ബന്ധം. ഈ വീട്ടിലേക്ക് ഒരു യുവ ദമ്പതികൾ താമസത്തിന് എത്തുന്നതോടെ അവരുടെ സ്വൈര്യജീവിതം തടസ്സപ്പെടുകയും, പുതിയ പ്രശനങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു.
        പരിമിതമായ ജീവിത സാഹചര്യങ്ങളിൽ ചുരുണ്ടുകൂടിയിട്ടുള്ള കഥാപാത്രങ്ങളിലെ അടിച്ചമർത്തപ്പെട്ട തൃഷ്ണകളെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് സിനിമ. പുതുതായി താമസത്തിനെത്തുന്ന യുവതിയെ പോലെ ആധുനികവൽക്കരിക്കപ്പെടാനുള്ള ആഗ്രഹത്താൽ ചഞ്ചലചിത്തയാണ് ഇളയ മകൾ. വളരെ പ്രൊട്ടക്ടീവ് ആയി നിലകൊള്ളുന്നതോടൊപ്പം, ചില രഹസ്യങ്ങളെയും ഒളിപ്പിച്ചു വെക്കുന്നുണ്ട് മുതിർന്നവർ. വീടിന്റെ അടിത്തട്ടിലും മുകളിലുമായി രണ്ടു വ്യത്യസ്ത ജീവിത സാഹചര്യങ്ങൾ സൃഷ്ടിച്ചത്  സോഷ്യൽ ഹൈറാർക്കിയെ വരച്ചു കാട്ടാനുള്ള ശ്രമമായിരുന്നോ എന്ന സന്ദേഹവും സിനിമ ജനിപ്പിക്കുന്നു. രഹസ്യങ്ങളുടെ കുഴിമാടങ്ങളിൽ നിന്നും സത്യത്തെ പുറത്തേക്കെടുക്കുമ്പോൾ അപ്രതീക്ഷിത രൂപമാറ്റങ്ങൾക്ക് വിധേയമാവുന്നു സിനിമ. രഹസ്യങ്ങളിൽ നിന്നും, ബന്ധനങ്ങളിൽ നിന്നും വിടുതൽ നേടി, ശുഭ്രതയിൽ ചുവപ്പ് ചാലിച്ച്‌ സ്വാതന്ത്ര്യത്തെ ആശ്ലേഷിച്ചു മുന്നേറുന്ന അവസാന കാഴ്ച്ച ബാക്കിയാക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് പ്രേക്ഷകന് തേടേണ്ടി വരുന്നത്.
            ചടുലത തീരെയില്ലാതെ പതിഞ്ഞ താളത്തിലുള്ള അവതരണമാണ് സിനിമയുടേത്. കൂടുതലും കെട്ടിടത്തിന്റെ അടിത്തട്ടിലെ കാഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് അവതരിപ്പിക്കപ്പെടുന്നത്. സംഭാഷണങ്ങൾ വളരെ കുറവായ ഈ സിനിമ കഥാപാത്രങ്ങളുടെ മനസ്സിന്റെ അവസ്ഥകളെയാണ് പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നത്. ഈ സിനിമയുടെ കൂടെ പ്രേക്ഷകന് സഞ്ചരിക്കണമെങ്കിൽ കഥാപാത്രങ്ങളുടെ സ്വത്വങ്ങളിലേക്കും, ചിന്തകളിലേയ്ക്കും ഇറങ്ങിച്ചെല്ലേണ്ടതുണ്ട്.
         എല്ലാവർക്കും ഈ സിനിമ രസിക്കുമെന്ന് പറയാനാവില്ല. സൈക്കോളജിക്കൽ ഡ്രാമ വിഭാഗത്തിലുള്ള സിനിമകളുടെ ആരാധകർക്ക് ഇഷ്ടപ്പെടും എന്ന് കരുതുന്നു....


Friday 3 March 2017

TENGRI : BLUE HEAVENS (2008)



FILM : TENGRI : BLUE HEAVENS (2008)
GENRE : DRAMA !!! ROMANCE
COUNTRY : KYRGYZSTAN
DIRECTOR : MARIE JAOAL DE PONCHEVILLE

          സിനിമകളുടെ സാങ്കേതിക വശങ്ങളെക്കുറിച്ചു വലിയ പിടിപാടില്ലാത്തതിനാൽ എന്റെ സിനിമാസ്വാദനത്തെ നിർണ്ണയിക്കുന്നത് സിനിമയുടെ പ്രമേയം, ദൃശ്യഭംഗി, പശ്ചാത്തല സംഗീതം, അഭിനയം എന്നീ ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ സിനിമയുടെ മികവിനെ വിലയിരുത്താനുള്ള ശ്രമം നടത്തുമ്പോൾ എന്റെ അറിവില്ലായ്കളുടെ പിൻബലത്തിൽ മാത്രം നിലകൊള്ളുന്ന മാനദണ്ഡങ്ങളെ ഞാൻ ഒരുക്കാറുളളൂ. ഞാൻ പരിചയപ്പെടുത്താറുള്ള സിനിമകളെല്ലാം എന്നിലെ ആസ്വാദകന്റെ ഇഷ്ടങ്ങളിലേയ്ക്ക്  ചേക്കേറിയവയാണ്. വ്യക്ത്യാധിഷ്ഠിതമായ ഇഷ്ടാനിഷ്ടങ്ങളുടെ വിടവുകളാണ് ആസ്വാദനത്തിന്റെ രുചിഭേദങ്ങളെ തീരുമാനിക്കുന്നത് എന്നതിനാൽ ആസ്വാദന തലത്തിന്റെ ഉച്ച-നീചതകളെക്കുറിച്ചു വേവലാതി കൊള്ളേണ്ടതുമില്ല. സങ്കീർണതകളും-ലാളിത്യവും, റിയാലിറ്റിയും-ഫാന്റസിയും, ഡ്രാമയും-ത്രില്ലറും ഒരുപോലെ ഇഷ്ടങ്ങളാവുക എന്നതാണ് ഒരു സിനിമാപ്രേമിയുടെ ഭാഗ്യം.
           സെൻട്രൽ ഏഷ്യൻ സിനിമകളിലെ കാഴ്ചകൾക്കും, പ്രമേയങ്ങൾക്കും വേറിട്ട സവിശേഷതയാണ് തോന്നിയിട്ടുള്ളത്. പല രാജ്യങ്ങളിലെ സിനിമകൾ തേടിപ്പിടിക്കാനുള്ള പ്രചോദനം ഇത്തരം വൈവിധ്യങ്ങൾ നൽകുന്ന പുതുമകളെ നുകരാനുള്ള ആഗ്രഹം തന്നെയാണ്. മഞ്ഞു പുതഞ്ഞു നിൽക്കുന്ന മലനിരകളിലെ ജീവിതവും, ആചാര-ആഹാര-വേഷ-സംഗീത വൈവിധ്യങ്ങളും നിറയുന്ന ഒരു കൾച്ചറൽ ഡോക്യുമെൻറുകൾ തന്നെയാണ് ഇത്തരം സിനിമകൾ. ഇന്ന് പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്ന TENGRI: BLUE HEAVENS ഒരു കിർഗിസ്ഥാൻ സിനിമയാണ്. റൊമാന്റിക് ഡ്രാമ എന്ന് വിളിക്കാവുന്ന ഈ സിനിമ, AMIRA എന്ന യുവതിയുടെയും TEMUR എന്ന യുവാവിന്റെയും പ്രണയത്തിന്റെ കഥ പറയുന്നു. പച്ച പുതച്ചു നിൽക്കുന്ന മലനിരകളുടെ ചെരിവിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പിൽ നിന്ന് രക്ഷ തേടാൻ തീകായുമ്പോൾ പാടിപുകഴ്ത്താവുന്ന പ്രണയകാവ്യമല്ല അവരുടേത്. ലക്ഷ്യ ബോധമില്ലാതെ ഒരു നൊമാഡിനെ പോലെ പല രാജ്യങ്ങളും അലഞ്ഞു അവസാനം ജന്മഗ്രാമത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് TEMUR. നഷ്ടങ്ങളും, വേദനകളും മാത്രമാണ് അയാൾക്ക് പിറകിലുള്ളത്. ഭർത്താവിന്റെ അവഗണനയും, പീഡനങ്ങളും മാത്രം നിറഞ്ഞ ജീവിതമാണ് AMIRA-യുടേത്. ഇവർക്കിടയിൽ പ്രണയം കടന്നുകൂടുമ്പോൾ ഉടലെടുക്കുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ തുടർന്നുള്ള ദൃശ്യങ്ങളെ കൈയ്യടക്കുന്നത്.
         പല സിനിമകളും പല വിധത്തിലാണ് നമ്മെ സ്വാധീനിക്കുന്നത്. ചിലത് ഉപരിപ്ലവമായി നമ്മെ രസിപ്പിച്ചു കടന്നുപോകുമ്പോൾ മറ്റുചിലത്‌, പ്രമേയം ഉയർത്തുന്ന ചോദ്യങ്ങളായും, യാഥാർത്യങ്ങളെക്കുറിച്ചുള്ള ഉൾക്കിടിലങ്ങളായും, വൈകാരികളുടെ നീറ്റലുകളായും, തിരിച്ചറിവിന്റെ ശാന്തമായ അകമനസ്സുകളായും മാറാറുണ്ട്. കുളിർമ്മയേകുന്ന കാഴ്ച്ചകളേകി ലളിതമായി കഥപറഞ്ഞു മറയുന്ന സിനിമകളുടെ കൂട്ടത്തിൽ എണ്ണാവുന്ന സിനിമയാണ് TENGRI.