Saturday, 18 March 2017

IVY (2015)



FILM : IVY (2015)
GENRE : PSYCHOLOGICAL THRILLER
COUNTRY : TURKEY
DIRECTOR : TOLGA KARACELIK

                      TOLGA KARACELIK എന്ന പേര് ഒന്ന് കുറിച്ചു വയ്ക്കുന്നത് നല്ലതാണ്. IVY (2015) എന്ന സിനിമ നമ്മളോട് പറയുന്നത് അതാണ്. ഭാവിയിൽ TOLGA KARACELIK-ൽ നിന്ന് വിഖ്യാതമായ സിനിമകൾ തീർച്ചയായും പ്രതീക്ഷിക്കാമെന്ന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു. ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന് വിളിക്കാമെങ്കിലും അത്തരം വിശേഷണങ്ങളിൽ IVY(2015) ഒതുങ്ങി നിൽക്കുന്നില്ല എന്നതാണ് സത്യം.
     ഒരു കാർഗോ കപ്പലിന്റെ ക്യാപ്റ്റനും, ക്രൂ മെമ്പേഴ്‌സുമാണ് പ്രധാന കഥാപാത്രങ്ങൾ. ഈജിപ്ത് ലക്ഷ്യമാക്കി നീങ്ങുന്ന കപ്പലിന്റെ ഉടമസ്ഥൻ സാമ്പത്തികമായി പാപ്പരാകുന്നു എന്നറിയുന്നതോടെ കപ്പൽ കരയ്ക്കടുപ്പിക്കാൻ കഴിയാതെയാവുന്നു. മാസങ്ങളുടെ ശമ്പള കുടിശ്ശിക ലഭിക്കാനുള്ള സാഹചര്യത്തിൽ ജോലിക്കാരുടെ എണ്ണം പരിമിതപ്പെടുത്തി മറ്റുള്ളവരെ പറഞ്ഞുവിട്ട് പുറംകടലിൽ നങ്കൂരമിട്ട് കാത്തിരിപ്പിന്റെ അടവ് പയറ്റാനൊരുങ്ങുകയാണ് ക്യാപ്റ്റൻ.
         വിശാലമായ കപ്പലിൽ ക്യാപ്റ്റനുൾപ്പെടെ ആറു അംഗങ്ങൾ മാത്രമെ അവശേഷിച്ചിട്ടുള്ളൂ. കപ്പലിനൊപ്പം ഒരു പ്രശ്നത്തിലാണ് അവരും നങ്കൂരമിട്ടിരിക്കുന്നത്. ലക്ഷ്യമില്ലായ്മയുടേയും , ആവർത്തന വിരസതയുടേയും, വിശപ്പിന്റെയും, പ്രതീക്ഷയില്ലായ്മയുടെയും, ഏകാന്തതയുടേയും, അച്ചടക്കത്തിന്റേയും, വീർപ്പുമുട്ടിക്കുന്ന അന്തർ സംഘർഷങ്ങളുടേയും ഇടയിൽ അവരിലെ വ്യക്തിത്വങ്ങൾ പരസ്‍പരം കൂട്ടിമുട്ടുകയാണ്. പ്രശ്നത്തെ മറികടക്കാൻ ഐക്യത്തിന്റെ ആവശ്യകത ഓർമ്മപ്പെടുത്തുന്ന ക്യാപ്റ്റൻ തന്നെ ഭിന്നിപ്പിന്റെയും, അധികാരത്തിന്റെയും, അച്ചടക്കത്തിന്റേയും ബലതന്ത്രങ്ങളുടെ പ്രയോക്താവായി മാറുന്നു. അസ്ഥിരമായ, ലക്ഷ്യബോധമില്ലാത്ത ഒരു സമൂഹത്തിന്റെ സംഘർഷ മനസ്സുകളെ ഈ അധീശത്വ-വിധേയത്വ ചിത്രങ്ങളിലൂടെ വരച്ചു കാണിച്ചിരിക്കുന്നതും, കഥാപാത്രങ്ങൾക്ക് നൽകിയ ഐഡന്റിറ്റികളും സിനിമയുടെ മർമ്മം ചൂണ്ടിക്കാണിക്കുന്നു.
    എളുപ്പത്തിൽ ഗ്രഹിച്ചെടുക്കാവുന്ന അവതരണമല്ല ഈ സിനിമയുടേത്. മിസ്റ്ററിയും, ത്രില്ലും അവസാനം വരെ നിലനിർത്തുന്ന ഈ സിനിമ അനവധി ചോദ്യങ്ങളും, സംശയങ്ങളും നമുക്ക് വിട്ടുതരുന്നുണ്ട്. സിനിമയെ മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നതിന്റെ സൂചനകൾ സിനിമയിൽ സംവിധായകൻ നൽകുന്നുണ്ട്. അവസാന ഭാഗങ്ങളിലെ വിചിത്രമായ ചില ദൃശ്യങ്ങളും, ആദ്യരംഗം മുതൽ ആവർത്തിച്ചു വരുന്ന "ഒച്ചുകളും" എന്റെ ചിന്തകൾക്ക് പിടിതരാതെ ഇപ്പോഴും വഴുതിപ്പോവുകയാണ്.
      പരിഹരിക്കപ്പെടാതെ നീളുന്ന പ്രശ്നങ്ങൾ നമ്മളെ അസ്വസ്ഥരാക്കുന്നതു പോലെ സമൂഹത്തെയും, വ്യവസ്ഥകളെയും, രാജ്യങ്ങളെയും അസ്വാരസ്യങ്ങളിലേക്ക് നയിക്കുമെന്ന തിരിച്ചറിവിൽ ഈ സിനിമയുടെ ഉള്ളറിയാൻ കഴിയുന്നു. ടർക്കിഷ് സിനിമയുടെ ഭാവി ശോഭനമാണെന്ന് വിളിച്ചു പറയുന്ന ഈ സിനിമ കണ്ടില്ലെങ്കിൽ നഷ്ടം തന്നെയാണ്.


1 comment:

  1. എളുപ്പത്തിൽ ഗ്രഹിച്ചെടുക്കാവുന്ന അവതരണമല്ല ഈ സിനിമയുടേത്. മിസ്റ്ററിയും, ത്രില്ലും അവസാനം വരെ നിലനിർത്തുന്ന ഈ സിനിമ അനവധി ചോദ്യങ്ങളും, സംശയങ്ങളും നമുക്ക് വിട്ടുതരുന്നുണ്ട്. സിനിമയെ മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നതിന്റെ സൂചനകൾ സിനിമയിൽ സംവിധായകൻ നൽകുന്നുണ്ട്. അവസാന ഭാഗങ്ങളിലെ വിചിത്രമായ ചില ദൃശ്യങ്ങളും, ആദ്യരംഗം മുതൽ ആവർത്തിച്ചു വരുന്ന "ഒച്ചുകളും" എന്റെ ചിന്തകൾക്ക് പിടിതരാതെ ഇപ്പോഴും വഴുതിപ്പോവുകയാണ്.

    ReplyDelete