Sunday, 12 March 2017

A BOTTLE IN THE GAZA SEA (2011)



FILM : A BOTTLE IN THE GAZA SEA (2011)
COUNTRY : FRANCE !! ISRAEL
GENRE : DRAMA
DIRECTOR : THIERRY BINISTI

              കടലിലേക്ക് വലിച്ചെറിയപ്പെടുന്ന കുപ്പിയിൽ ഒരു കുറിപ്പുണ്ടായിരുന്നു. ജെറുസലേമിലെ കഫേയിലുണ്ടായ സ്‌ഫോടനത്തിനു ശേഷം 17-കാരിയായ TAL എഴുതിയ കുറിപ്പ്. ഏതെങ്കിലും ഫലസ്തീൻ യുവാവ് അതിന് മറുപടി നൽകും എന്നാണ് അവളുടെ പ്രതീക്ഷ. ഗാസ കടൽതീരത്തു അടിയുന്ന ഈ കുപ്പി NAIM-ന്റെയും കൂട്ടുകാരുടെയും കൈയ്യിലെത്തുന്നു. 20-കാരനായ NAIM കുറിപ്പിൽ നൽകിയ ഇമെയിൽ വിലാസത്തിലേക്ക് മറുപടി നൽകുന്നു. പുതിയ ഒരു സൗഹൃദത്തിന്റെ തുടക്കം അവിടെ കുറിക്കുന്നു. വർഷങ്ങൾ താണ്ടിയ വിദ്വേഷങ്ങളും, ആക്രമണങ്ങളും രൂപമേകിയ വിരുദ്ധ ദേശീയതകളുടെ പ്രതിനിധികളാണെങ്കിലും, സമാധാനകാംഷികളായ രണ്ടു മനുഷ്യരെന്ന ഉൾബോധത്താൽ അവരുടെ സൗഹൃദം അപ്രതീക്ഷിത വഴികളെ താണ്ടുവാനൊരുങ്ങുന്നു.
         ഫ്രാൻസിൽ നിന്ന് ഇസ്രായേലിലേക്ക് വന്നവരാണ് TAL-ന്റെ കുടുംബം. ഗാസയ്ക്കപ്പുറമുള്ള ലോകത്തെ കണ്ടിട്ടില്ലാത്തയാളാണ് NAIM. രണ്ടാളുടെയും ദൈനംദിന ജീവിതങ്ങളെ പാരലലായി അവതരിപ്പിച്ചാണ് സിനിമ മുന്നേറുന്നത്. യുദ്ധം പടർത്തുന്ന ആശങ്കകളെ ഇരു പക്ഷത്തിനുമായ് പകുത്തു നൽകാനും സിനിമ ശ്രദ്ധിക്കുന്നുണ്ട്. സൗഹൃദം സൃഷ്ട്ടിക്കുന്ന സാഹചര്യങ്ങൾ NAIM-ന് പുതിയ സ്വപ്നങ്ങളാണ് നൽകുന്നത്. വെറുപ്പിന്റെ രാഷ്ട്രീയത്തിനു മുകളിൽ  സമാധാനത്തിന്റെയും, സൗഹൃദത്തിന്റെയും, പ്രണയത്തിന്റെയും പ്രതീക്ഷകളെ പ്രതിഷ്ഠിക്കുന്ന ഈ സിനിമയുടെ അവസാന കാഴ്ച്ചകളും, ഡയലോഗുകളും ഹൃദയത്തെ സ്പർശിക്കുക തന്നെ ചെയ്യും.
      രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമകൾ ഇസ്രായേൽ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുണ്ടാകുമ്പോൾ അപര ദേശത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന സ്വാഭാവികതയെ കണ്ടെടുക്കാൻ പ്രയാസമുണ്ടാകാറില്ല. ഫ്രഞ്ച് നോവലിനെ അധികരിച്ചു ഒരുക്കിയ ഈ സിനിമ "യുദ്ധം" എന്ന മഹാവിപത്തിനെയാണ് എതിർ പക്ഷത്തു നിർത്താൻ ശ്രമിക്കുന്നത്. സ്നേഹം, പ്രണയം എന്നിവ കുടികൊള്ളുന്ന മനുഷ്യ മനസ്സിൽ തന്നെയാണ് യുദ്ധവും കുടികൊള്ളുന്നത് എന്ന സത്യമാണ് ബാക്കിയാവുന്നത്. യുദ്ധങ്ങളും, കലാപങ്ങളും ചരിത്ര താളുകളിലെ  ഓർമ്മകൾ മാത്രമാവുന്ന ലോകത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.....


2 comments:

  1. വെറുപ്പിന്റെ രാഷ്ട്രീയത്തിനു
    മുകളിൽ സമാധാനത്തിന്റെയും,
    സൗഹൃദത്തിന്റെയും, പ്രണയത്തിന്റെയും
    പ്രതീക്ഷകളെ പ്രതിഷ്ഠിക്കുന്ന ഈ സിനിമയുടെ
    അവസാന കാഴ്ച്ചകളും, ഡയലോഗുകളും ഹൃദയത്തെ സ്പർശിക്കുക തന്നെ ചെയ്യും.

    ReplyDelete