Thursday, 16 March 2017

THE FOUR TIMES (2010)



FILM : THE FOUR TIMES (2010)
GENRE : DRAMA
COUNTRY : ITALY
DIRECTOR : MICHELANGELO FRAMMARTINO

വേറിട്ട കാഴ്ചകളും, ചിന്തകളും 
                   ചില സിനിമകൾക്ക് പറയത്തക്ക കഥയോ, ഒഴുക്കോ ഉണ്ടായിരിക്കില്ല. പല കാഴ്ചകളായി നമ്മുടെ മുന്നിൽ നിറയുന്ന ജീവസ്സുറ്റ ചിത്രങ്ങളെ യുക്തിയോട് ചേർത്തുനിർത്തി ആശയങ്ങളും, യാഥാർത്യങ്ങളും നിർമ്മിച്ചെടുക്കേണ്ടിയും വരാറുണ്ട്. ഇന്ദ്രിയാനുഭൂതി നൽകുന്ന സിനിമകൾക്കൊപ്പം ഗൗരവമേറിയ ചിന്തകളെ ഉണർത്തുന്ന സിനിമകളും കാണാൻ ശ്രമിക്കുമ്പോഴാണ് ഒരു പ്രേക്ഷകൻ നല്ല ആസ്വാദകനായി മാറുന്നത്. ദാർശനികതയും ആത്മീയതയും തണലേകുന്ന ജീവിത സാഹചര്യങ്ങൾ, വ്യാഖ്യാനങ്ങളുടെ വിസ്മയ സാധ്യതകളെയാണ് സിനിമയെപ്പോലുള്ള ഒരു ദൃശ്യകലയ്ക്ക് സമ്മാനിക്കുന്നത്. ദൃശ്യഭാഷയുടെ മായികതയിൽ പല സമസ്യകളും കാവ്യാത്മകതയിൽ കുളിച്ചു നിൽക്കുമ്പോൾ പ്രേക്ഷക ചിന്തകൾ ചിറകടിച്ചു പുതിയ ഇടങ്ങളിലേക്ക് ചേക്കേറുന്നു. ഫിലോസഫിക്കലോ, സ്പിരിച്വലോ ആയ ആശയങ്ങളെ സിനിമാറ്റിക്കായി പകർത്തിയെഴുതുമ്പോൾ ഒരു PASSIVE LISTENER എന്നതിനപ്പുറം പ്രേക്ഷകന്റെ സജീവതയെ സംവിധായകൻ പ്രതീക്ഷിക്കുന്നുണ്ടാകും. ആ പ്രതീക്ഷയ്‌ക്കൊപ്പം ഓടിയെത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ് എന്നിലെ ആസ്വാദകൻ ആഗ്രഹിക്കുന്നത്.

ഇനി സിനിമയിലേക്ക് 
            ഒരുപാട് കാലം കാണാതെ മാറ്റിവയ്ക്കുന്ന ചില സിനിമകളുണ്ട്. മാറ്റിവെയ്ക്കലിന് പ്രത്യേക കാരണമൊന്നും ഉണ്ടാവില്ല. എന്നെ സംബന്ധിച്ചിടത്തോളം അത്തരമൊരു സിനിമയായിരുന്നു THE FOUR TIMES. പ്ലോട്ടിനെ കുറിച്ചു വലിയ ധാരണയില്ലാതെയാണ് കണ്ടത്. സംഭാഷണങ്ങൾ ഇല്ലെന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. വിഷ്വൽ നരേഷനിലൂടെ ആശയ സംവാദനത്തിനു ശ്രമിച്ചിരിക്കുന്ന ഈ സിനിമയ്ക്ക് അവതരണത്തിൽ വലിയ കോംപ്ലക്സിറ്റി ഒന്നും ഇല്ല. 

 സിനിമയെ കൂടുതൽ അറിയുമ്പോൾ 
                    മനുഷ്യൻ, മൃഗം, സസ്യം, ധാതു  തുടങ്ങിയ അവസ്ഥകളിലൂടെയാണ് ആത്മാവ് ക്രമാനുഗതമായി സഞ്ചരിക്കുന്നതെന്ന പൈഥഗോറസിന്റെ (വായിച്ചറിഞ്ഞത്) വിശ്വാസത്തെയാണ് സിനിമ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ഇരുൾ മൂടുന്ന ഫ്രെയിമുകൾക്കു മുമ്പിലും-ശേഷവുമുള്ള കാഴ്ചകളെ കണക്ട് ചെയ്ത് സിനിമ കാണുമ്പോൾ ഈ ആശയം വ്യക്തമായി മനസ്സിലാക്കാനാവുന്നു. ഒരു മലയോര ഗ്രാമത്തിലെ വൃദ്ധനായ ആട്ടിടയന്റെ ആവർത്തന വിരസമായ ജീവിതമാണ് ആദ്യ ഭാഗങ്ങളിൽ കാണാനാവുക. ശ്‌മശാനത്തിലെ തീച്ചൂളയിലേക്ക് അയാളെ ആനയിക്കുന്ന മരണം നമുക്ക് മുന്നിൽ നിറയ്ക്കുന്ന ഇരുട്ട് വിട്ടൊഴിയുന്നത് ജനനത്തിന്റെ തെളിച്ചമാർന്ന കാഴ്ച്ചയോടെയാണ്. പുതുതായി ജനിക്കുന്ന ആട്ടിന്കുട്ടിയുടെയും, കൂട്ടാളികളുടെയും കുസൃതികളും പുതിയ യജമാനാന്റെ കീഴിലും മാറ്റമില്ലാതെ തുടരുന്ന ആട്ടിന്പറ്റത്തിന്റെ ചര്യകളുമാണ് ഈ ഭാഗത്തു കാണാനാവുക. കൂട്ടുകാരിൽ നിന്ന് കൂട്ടം തെറ്റി മരച്ചുവട്ടിൽ അഭയം തേടുന്ന ആട്ടിൻകുഞ്ഞിന്റെ കൂട്ടിന് ഇരുട്ടെത്തുമ്പോൾ പുതിയ കാഴ്ചകളിലേക്കാണ് പ്രഭാതം ഉണരുന്നത്. കാലത്തെയും, കാലാവസ്ഥകളേയും അതിജീവിച്ച ഒരു വലിയ മരത്തെ ഗ്രാമവാസികൾ ആഘോഷത്തിനായി മുറിക്കുകയാണ്. അവരുടെ ആഘോഷ കോലാഹലങ്ങൾക്കൊടുവിൽ ചെറുകഷണങ്ങളായി "ചാർക്കോൾ" നിർമ്മാണ കേന്ദ്രത്തിലെത്തുകയാണ് ഈ വൻമരം. ഇപ്രകാരം നിർമ്മിക്കപ്പെടുന്ന ചാർക്കോൾ ഗ്രാമവാസികളുടെ ആവശ്യങ്ങൾക്കായി തിരികെയെത്തുമ്പോൾ പൂർത്തിയാകുന്നത് ജനന-മരണങ്ങളിലൂടെ ആത്മാവ് ചാക്രികതയെ പുൽകുന്നു എന്ന വിശ്വാസത്തിന്റെ കാവ്യാത്മകമായ ഒരു ദൃശ്യവ്യാഖ്യാനം തന്നെയാകുന്നു.  

 സൂക്ഷ്മ വായനയിൽ തോന്നിയത്  
                       ആട്ടിൻ പാലിന് പകരമായി പള്ളിയിൽ നിന്ന് വൃദ്ധൻ വാങ്ങുന്നത് പൊടിപിടിച്ച അന്തരീക്ഷത്തിൽ നിന്ന് നിലംപറ്റുന്ന ചാരം തന്നെയാണ്. വെള്ളത്തിൽ ചേർത്ത് ഈ ചാരം ഔഷധം പോലെ സേവിക്കുന്ന അയാൾ സിനിമ വരച്ചുകാണിക്കാൻ ശ്രമിക്കുന്ന ആത്മാവിന്റെ പാതയിലെ രണ്ടറ്റങ്ങളെ കണ്ണിചേർത്തു വലയം തീർക്കുക തന്നെയായിരുന്നു. മറ്റൊരു രംഗത്തിൽ വീട്ടിലേക്കു മടങ്ങിയെത്തുന്ന വൃദ്ധനായ ആട്ടിടയനെയും, ചാർക്കോൾ ശേഖരിക്കുന്ന സ്ത്രീകളെയും ഒരു ഫ്രെയിമിൽ വരത്തക്ക വിധം മികച്ച രീതിയിൽ ഒരുമിപ്പിച്ചിരിക്കുന്നു. ദൃശ്യങ്ങളിലൂടെ സംവദിക്കുന്ന ഈ സിനിമ പ്രേക്ഷകരുടെ വിശകലനങ്ങൾക്കും, വ്യാഖ്യാനങ്ങൾക്കുമുള്ള അനവധി സാധ്യതകളെ തുറന്നിടുന്നുണ്ട്.
അതിശയിപ്പിച്ച കാര്യം  
                        യജമാനൻ രാവിലെ ഉണരാൻ വൈകിയതിൽ പന്തികേട് തോന്നിയ വളർത്തുനായ ആളുകളുടെ ശ്രദ്ധ ക്ഷണിക്കാൻ നടത്തുന്ന പരാക്രമങ്ങളും, സിംഗിൾ ഷോട്ടെന്നു തോന്നിക്കുന്ന വിധം മനോഹരമായി ആ ദൃശ്യം ഒപ്പിയെടുത്ത ക്യാമറാ ചലനങ്ങളും ഈ സിനിമയിലെ അതിശയിപ്പിക്കുന്ന സാന്നിധ്യങ്ങളാകുന്നു.
അവസാന വാക്ക് 
        സിനിമയേക്കുറിച്ചു ഇത്രയും പറഞ്ഞതിൽ നിന്ന് തന്നെ സിനിമയുടെ സ്വഭാവം, പ്രമേയത്തിന്റെ വ്യത്യസ്തത എന്നിവ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. കാനിലെ "ഡയറക്റ്റേഴ്‌സ് ഫോർട്നൈറ്റിൽ" പ്രദർശിപ്പിച്ചിട്ടുള്ള ഈ സിനിമ എല്ലാ നിലയ്ക്കും വേറിട്ട അനുഭവം തന്നെയാണ്.  


3 comments:

  1. വിവർത്തനത്തിൽ നഷ്ടപ്പെടുന്നതെന്തോ അതാണ് കവിത എന്നു പറയാറുണ്ട്. ഒരു ഫ്രെയിമിന്റെ പിന്നിൽ സംവിധായകൻ അനുഭവിച്ച സംഘർഷം പ്രസരണനഷ്ടം കൂടാതെ അറിഞ്ഞ്, ആസ്വദിച്ച്, ആവിഷ്കരിച്ച നിരൂപണം..

    ഭാവുകങ്ങൾ..!

    ReplyDelete
  2. വിവർത്തനത്തിൽ നഷ്ടപ്പെടുന്നതെന്തോ അതാണ് കവിത എന്നു പറയാറുണ്ട്. ഒരു ഫ്രെയിമിന്റെ പിന്നിൽ സംവിധായകൻ അനുഭവിച്ച സംഘർഷം പ്രസരണനഷ്ടം കൂടാതെ അറിഞ്ഞ്, ആസ്വദിച്ച്, ആവിഷ്കരിച്ച നിരൂപണം..

    ഭാവുകങ്ങൾ..!

    ReplyDelete
  3. ഈ സിനിമ എല്ലാ നിലയ്ക്കും വേറിട്ട അനുഭവം തന്നെയാണ്.

    ReplyDelete