Friday, 3 March 2017

TENGRI : BLUE HEAVENS (2008)



FILM : TENGRI : BLUE HEAVENS (2008)
GENRE : DRAMA !!! ROMANCE
COUNTRY : KYRGYZSTAN
DIRECTOR : MARIE JAOAL DE PONCHEVILLE

          സിനിമകളുടെ സാങ്കേതിക വശങ്ങളെക്കുറിച്ചു വലിയ പിടിപാടില്ലാത്തതിനാൽ എന്റെ സിനിമാസ്വാദനത്തെ നിർണ്ണയിക്കുന്നത് സിനിമയുടെ പ്രമേയം, ദൃശ്യഭംഗി, പശ്ചാത്തല സംഗീതം, അഭിനയം എന്നീ ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ സിനിമയുടെ മികവിനെ വിലയിരുത്താനുള്ള ശ്രമം നടത്തുമ്പോൾ എന്റെ അറിവില്ലായ്കളുടെ പിൻബലത്തിൽ മാത്രം നിലകൊള്ളുന്ന മാനദണ്ഡങ്ങളെ ഞാൻ ഒരുക്കാറുളളൂ. ഞാൻ പരിചയപ്പെടുത്താറുള്ള സിനിമകളെല്ലാം എന്നിലെ ആസ്വാദകന്റെ ഇഷ്ടങ്ങളിലേയ്ക്ക്  ചേക്കേറിയവയാണ്. വ്യക്ത്യാധിഷ്ഠിതമായ ഇഷ്ടാനിഷ്ടങ്ങളുടെ വിടവുകളാണ് ആസ്വാദനത്തിന്റെ രുചിഭേദങ്ങളെ തീരുമാനിക്കുന്നത് എന്നതിനാൽ ആസ്വാദന തലത്തിന്റെ ഉച്ച-നീചതകളെക്കുറിച്ചു വേവലാതി കൊള്ളേണ്ടതുമില്ല. സങ്കീർണതകളും-ലാളിത്യവും, റിയാലിറ്റിയും-ഫാന്റസിയും, ഡ്രാമയും-ത്രില്ലറും ഒരുപോലെ ഇഷ്ടങ്ങളാവുക എന്നതാണ് ഒരു സിനിമാപ്രേമിയുടെ ഭാഗ്യം.
           സെൻട്രൽ ഏഷ്യൻ സിനിമകളിലെ കാഴ്ചകൾക്കും, പ്രമേയങ്ങൾക്കും വേറിട്ട സവിശേഷതയാണ് തോന്നിയിട്ടുള്ളത്. പല രാജ്യങ്ങളിലെ സിനിമകൾ തേടിപ്പിടിക്കാനുള്ള പ്രചോദനം ഇത്തരം വൈവിധ്യങ്ങൾ നൽകുന്ന പുതുമകളെ നുകരാനുള്ള ആഗ്രഹം തന്നെയാണ്. മഞ്ഞു പുതഞ്ഞു നിൽക്കുന്ന മലനിരകളിലെ ജീവിതവും, ആചാര-ആഹാര-വേഷ-സംഗീത വൈവിധ്യങ്ങളും നിറയുന്ന ഒരു കൾച്ചറൽ ഡോക്യുമെൻറുകൾ തന്നെയാണ് ഇത്തരം സിനിമകൾ. ഇന്ന് പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്ന TENGRI: BLUE HEAVENS ഒരു കിർഗിസ്ഥാൻ സിനിമയാണ്. റൊമാന്റിക് ഡ്രാമ എന്ന് വിളിക്കാവുന്ന ഈ സിനിമ, AMIRA എന്ന യുവതിയുടെയും TEMUR എന്ന യുവാവിന്റെയും പ്രണയത്തിന്റെ കഥ പറയുന്നു. പച്ച പുതച്ചു നിൽക്കുന്ന മലനിരകളുടെ ചെരിവിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പിൽ നിന്ന് രക്ഷ തേടാൻ തീകായുമ്പോൾ പാടിപുകഴ്ത്താവുന്ന പ്രണയകാവ്യമല്ല അവരുടേത്. ലക്ഷ്യ ബോധമില്ലാതെ ഒരു നൊമാഡിനെ പോലെ പല രാജ്യങ്ങളും അലഞ്ഞു അവസാനം ജന്മഗ്രാമത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് TEMUR. നഷ്ടങ്ങളും, വേദനകളും മാത്രമാണ് അയാൾക്ക് പിറകിലുള്ളത്. ഭർത്താവിന്റെ അവഗണനയും, പീഡനങ്ങളും മാത്രം നിറഞ്ഞ ജീവിതമാണ് AMIRA-യുടേത്. ഇവർക്കിടയിൽ പ്രണയം കടന്നുകൂടുമ്പോൾ ഉടലെടുക്കുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ തുടർന്നുള്ള ദൃശ്യങ്ങളെ കൈയ്യടക്കുന്നത്.
         പല സിനിമകളും പല വിധത്തിലാണ് നമ്മെ സ്വാധീനിക്കുന്നത്. ചിലത് ഉപരിപ്ലവമായി നമ്മെ രസിപ്പിച്ചു കടന്നുപോകുമ്പോൾ മറ്റുചിലത്‌, പ്രമേയം ഉയർത്തുന്ന ചോദ്യങ്ങളായും, യാഥാർത്യങ്ങളെക്കുറിച്ചുള്ള ഉൾക്കിടിലങ്ങളായും, വൈകാരികളുടെ നീറ്റലുകളായും, തിരിച്ചറിവിന്റെ ശാന്തമായ അകമനസ്സുകളായും മാറാറുണ്ട്. കുളിർമ്മയേകുന്ന കാഴ്ച്ചകളേകി ലളിതമായി കഥപറഞ്ഞു മറയുന്ന സിനിമകളുടെ കൂട്ടത്തിൽ എണ്ണാവുന്ന സിനിമയാണ് TENGRI.


1 comment:

  1. സെൻട്രൽ ഏഷ്യൻ സിനിമകളിലെ കാഴ്ചകൾക്കും, പ്രമേയങ്ങൾക്കും വേറിട്ട സവിശേഷതയാണ് തോന്നിയിട്ടുള്ളത്. പല രാജ്യങ്ങളിലെ സിനിമകൾ തേടിപ്പിടിക്കാനുള്ള പ്രചോദനം ഇത്തരം വൈവിധ്യങ്ങൾ നൽകുന്ന പുതുമകളെ നുകരാനുള്ള ആഗ്രഹം തന്നെയാണ്. മഞ്ഞു പുതഞ്ഞു നിൽക്കുന്ന മലനിരകളിലെ ജീവിതവും, ആചാര-ആഹാര-വേഷ-സംഗീത വൈവിധ്യങ്ങളും നിറയുന്ന ഒരു കൾച്ചറൽ ഡോക്യുമെൻറുകൾ തന്നെയാണ് ഇത്തരം സിനിമകൾ.

    ReplyDelete