Sunday 25 September 2016

HOLLOW CITY (2004)


FILM : HOLLOW CITY (2004)
GENRE : DRAMA
COUNTRY : ANGOLA
DIRECTOR : MARIO JOAO GANGA
                     വ്യത്യസ്ത രാജ്യങ്ങളിലെ സിനിമകൾ തപ്പിപ്പിടിച്ച് കാണാറുള്ളത് പുതുമയ്ക്ക് വേണ്ടി മാത്രമല്ല, അവിടങ്ങളിലെ വൈവിധ്യമാർന്ന കൾച്ചറൽ എലമെന്റുകളെ മനസ്സിലാക്കാനും കൂടിയാണ്. അംഗോളൻ സിനിമയായ HOLLOW CITY എന്നിലെ സിനിമാ പ്രേക്ഷകൻ പ്രതീക്ഷിച്ച രീതിയിലുള്ള ഒന്നായിരുന്നില്ല. വേറിട്ട കാഴ്ചകൾക്കും , താളങ്ങൾക്കും പഞ്ഞമില്ലാത്ത ആഫ്രിക്കൻ മണ്ണിലേക്ക് കണ്ണ് തുറക്കുമ്പോഴുള്ള പുതുമ ഈ സിനിമയും നൽകാതിരിക്കുന്നില്ല. അംഗോളൻ തലസ്ഥാനമായ ലുവാണ്ടയുടെ പശ്ചാത്തലത്തിൽ NDALA എന്ന കുട്ടിയുടെ അനുഭവങ്ങളെ പിന്തുടർന്നുള്ള  ഏതാനും ദിനങ്ങളാണ് സിനിമയിലുള്ളത്. അംഗോളൻ സിവിൽ വാർ കാലഘട്ടമാണ് കഥാസന്ദർഭമാവുന്നത്. യുദ്ധ മേഖലയിൽ നിന്ന് കന്യാസ്‌ത്രീയ്‌ക്കൊപ്പം ലുവാണ്ടയിൽ വിമാനമിറങ്ങുന്ന NDALA എന്ന ബാലൻ അവരുടെ കണ്ണുവെട്ടിച്ചു നഗരക്കാഴ്ചകളിൽ ലയിച്ചു ചേരുകയാണ്. കാൽനടയായുള്ള അവന്റെ യാത്രയിൽ വന്നു ചേരുന്ന സൗഹൃദങ്ങളും, ജീവിതക്കാഴ്ചകളുമാണ് ലുവാണ്ടയുടെ മിടിപ്പുകളായി ഈ സിനിമ പകരുന്നത്. പ്രമേയവും. ക്യാമറയും ദരിദ്ര പരിസരങ്ങളിൽ ഉടക്കി നിൽക്കാറുള്ള പതിവ് ആഫ്രിക്കൻ കാഴ്ചകളിൽ നിന്ന് വ്യത്യസ്തമാണ് HOLLOW CITY.


Friday 23 September 2016

A MAN CALLED OVE (2015)



FILM : A MAN CALLED OVE (2015)
GENRE : DRAMA !!! COMEDY
COUNTRY : SWEDEN
DIRECTOR : HANNES HOLM

                 A MAN CALLED OVE എന്ന സിനിമയെക്കുറിച്ച്‌ പറയാനൊരുങ്ങുമ്പോൾ OVE എന്ന വ്യക്തിയിൽ നിന്ന് തുടങ്ങണം. കാരണം, ഈ സിനിമ അയാൾക്കു ചുറ്റുമാണ് കറങ്ങുന്നത്. അയാളുടെ രീതികളും, ചെയ്തികളുമാണ് സിനിമയുടെ ഗതിയെയും, ദിശയെയും, ഉള്ളടക്കത്തെയും നിയന്ത്രിക്കുന്നത്. സാഹചര്യങ്ങളാണ് ഒരാളുടെ സ്വഭാവം രൂപപ്പെടുത്തുന്നത് എന്ന് പറയാറുണ്ടെങ്കിലും, നമ്മുടെ സ്വഭാവം പലതരം സാഹചര്യങ്ങൾ നമുക്ക് ചുറ്റും സൃഷ്ടിക്കും എന്നതും ഒരു യാഥാർത്യമാണ്. ഈ രണ്ടു വീക്ഷണങ്ങൾക്കും  OVE-യുടെ ജീവിതം സാധൂകരണം നൽകുന്നു എന്നതാണ് സിനിമയെക്കുറിച്ച് പറയാനുള്ള ആമുഖം.
      ക്ഷിപ്രകോപിയായ, ചിട്ടകളിലും-ശീലങ്ങളിലും ഉറഞ്ഞുപോയ വൃദ്ധനായ ഒറ്റയാനെയാണ് OVE എന്ന കഥാപാത്രത്തിൽ കണ്ടുമുട്ടാനാവുക. വിശ്രമജീവിതം നയിക്കുന്ന അയാൾ ജീവിതത്തെ കൈയൊഴിയാനുള്ള ശ്രമങ്ങളിലേക്ക് തിരിയുമ്പോഴാണ് പുതിയ അയൽക്കാരെത്തുന്നത്. നമുക്കറിയാത്ത OVE എന്ന മനുഷ്യനെയും, അയാളുടെ ഭൂതകാലത്തേയും അവരിലൂടെയാണ് നമ്മളും അറിയുന്നത്. കഥാപാത്രങ്ങളിൽ ഒരാൾക്ക് പേർഷ്യൻ ഐഡൻറിറ്റി വ്യക്തമായി നൽകിയത് ബോധപൂർവ്വം തന്നെയാണെന്ന് തോന്നി. അഭയാർത്ഥികളും, കുടിയേറ്റക്കാരും സമൂഹത്തിന്റെ കെട്ടുറപ്പിലേക്കും, സന്തോഷങ്ങളിലേയ്ക്കും വഴിതെളിയിക്കുന്ന നല്ലസാന്നിദ്ധ്യമാണെന്ന സന്ദേശവും സിനിമ പങ്കുവെയ്ക്കുന്നു. ഫ്ലാഷ്ബാക്കുകളിലൂടെയും മറ്റും കഥപറയുന്ന  ഈ സിനിമ ഇതേ പേരിലുള്ള വിഖ്യാതമായ ഒരു നോവലിന്റെ ദൃശ്യഭാഷ്യമാണ് എന്നാണ് മനസ്സിലാക്കാനായത്. ചിരിയും, നോവും നൽകി മനസ്സിനെ തഴുകി A MAN CALLED OVE അവസാനിക്കുമ്പോൾ നല്ല ഒരു സിനിമ കാണാനായി എന്ന സന്തോഷമാണ് കൂട്ടിനെത്തുന്നത്. അതുകൊണ്ടു തന്നെയാണ് ഇങ്ങനെയൊരു ചെറു കുറിപ്പെഴുതിയതും.......   


Saturday 10 September 2016

MY MAGIC (2008)



FILM : MY MAGIC (2008)
COUNTRY : SINGAPORE  , (LANGUAGE : TAMIL)
GENRE : DRAMA
DIRECTOR : ERIC KHOO

സിനിമയുടെ ലാളിത്യവും, ആസ്വാദനത്തിന്റെ ഭിന്നതലങ്ങളും 

        സിനിമകൾ പല രീതിയിലാണ് നമ്മുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. ദൃശ്യഭാഷയുടെ വ്യാകരണങ്ങൾക്ക് പുതിയ അർത്ഥതലങ്ങളൊരുക്കി നമ്മുടെ സിനിമാക്കാഴ്ചകളെ നവീകരിക്കുന്ന സിനിമാന്വേഷണങ്ങളേയും, ലാളിത്യത്തിൽ ചാലിച്ചുള്ള ഹൃദയസ്പർശിയായ അവതരണങ്ങളെയും ഒരു നല്ല സിനിമാസ്വാദകൻ ഒരു പോലെ നെഞ്ചിലേറ്റുമെന്ന് പറയാം. സിനിമ ഒളിപ്പിച്ചു വെച്ച ചില ആസ്വാദന അംശങ്ങളെ കാഴ്ചകൾക്കിടയിൽ നിന്ന് കണ്ടെടുക്കുന്നതിന് ദൃശ്യകലയെ (സിനിമയെ) ആഴത്തിൽ പരിചയപ്പെടേണ്ടതുണ്ട്. സംസാരിക്കുന്ന ദൃശ്യങ്ങളും, കാഴ്ചയുടെ വ്യാഖ്യാനങ്ങളും രൂപപ്പെടുത്തിയെടുക്കുന്ന ആസ്വാദനതലം കേവലക്കാഴ്ച്ചയിൽ തൃപ്തിയടയുന്നവരുടെ ആസ്വാദനത്തിനു വെളിയിലാണ് നങ്കൂരമിടുന്നത്. സിനിമയുടെ ആസ്വാദനവുമായി ബന്ധപ്പെടുത്തി ഇത്തരം സൂചകങ്ങൾ നിരത്താമെങ്കിലും, സിനിമ ഒരു ശക്തമായ മാധ്യമമായി നിലകൊള്ളുന്നതിന്റെ പ്രധാന കാരണം ഏവർക്കും രസിക്കാവുന്ന ലാളിത്യത്തിലും അതിനെ അണിയിച്ചൊരുക്കാം എന്നതു തന്നെയാണ്.

MY MAGIC, എന്റെ കണ്ണിലൂടെ

           സാങ്കേതികതയുടെ അതിപ്രസരമോ, സങ്കീർണ്ണതയുടെ കെട്ടുപാടുകളോ ഇല്ലാതെ പിതൃ-പുത്ര ബന്ധത്തെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന സിനിമയാണ് MY MAGIC. ചെറിയ മാജിക് ട്രിക്കുകളും, സാഹസിക പ്രകടനങ്ങളും സിനിമയിൽ ഇടം പിടിക്കുന്നെങ്കിലും സിനിമ ഉന്നം വെയ്ക്കുന്ന വിഷയത്തെ അവയൊന്നും അപ്രസക്തമാക്കുന്നില്ല. മുഴുക്കുടിയനായ ഫ്രാൻസിസും , പഠനത്തിൽ മിടുക്കനായ രവിയുമാണ് യഥാക്രമം സിനിമയിലെ അച്ഛനും, മകനും. അമ്മയില്ലാത്ത കുട്ടിയുടെ കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാത്ത പിതാവിനെ "GOOD FOR NOTHING" എന്നാണ് മകൻ വിശേഷിപ്പിക്കുന്നത്. മകന്റെ സ്നേഹവും, വിശ്വാസവും വീണ്ടെടുക്കുവാനും, തന്റെ അവസ്ഥ മകന് വരാതിരിക്കാനും ജീവിതത്തിൽ ചില തിരുത്തലുകൾ വരുത്താൻ ഫ്രാൻസിസ് നിർബന്ധിതനാവുന്നു. പിന്നിലുപേക്ഷിച്ച പലതും പൊടിതട്ടിയെടുക്കേണ്ടത് സാഹചര്യം സൃഷ്ടിക്കുന്ന അനിവാര്യതയാകുന്നു.    
      ബന്ധങ്ങൾ ആവശ്യപ്പെടുന്ന വൈകാരികതയെ ഫലപ്രദമായി അടയാളപ്പെടുത്താൻ സിനിമയ്ക്കാവുന്നു. മകനോടുള്ള ഫ്രാന്സിസിന്റെ സ്നേഹം പ്രതിഫലിപ്പിക്കുന്ന രംഗങ്ങൾ തന്മയത്വം നിറഞ്ഞവായിരുന്നു. ബാറിൽ വെച്ച് കണ്ടുമുട്ടുന്ന യുവതിയുമായുള്ള സംഭാഷണങ്ങൾ ഫ്രാൻസിസിന്റെ നന്മയും, നിഷ്കളങ്കതയും ദ്യോതിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവയ്ക്കപ്പുറം വളർത്താൻ സംവിധായകൻ ശ്രമിച്ചില്ല എന്ന് തോന്നി. മകന് വന്നു ഭവിക്കാനിടയുള്ള നഷ്ടങ്ങളെ തുലനപ്പെടുത്താനുള്ള ഫ്രാൻസിസിന്റെ മുൻകരുതലുകളായും അവയെ വേണമെങ്കിൽ വ്യാഖ്യാനിക്കാം. മകന്റെ മനസ്സിൽ വളരുന്ന താര പരിവേഷവും, മുഖത്ത് വിടരുന്ന പുഞ്ചിരിയും രക്ഷിതാക്കൾക്ക് ഈ സിനിമ നൽകുന്ന സന്ദേശങ്ങളാകുന്നു.
        സിഗപ്പൂരിന്റെ പശ്ചാത്തലവും, ഇന്ത്യൻ കഥാപാത്രങ്ങളും, തമിഴിന്റെ സാന്നിധ്യവും സിനിമയുടെ പ്രത്യേകതയാകുന്നു. കാനിലെ വിഖ്യാതമായ പാംദോർ പുരസ്കാരത്തിനായുള്ള മത്സരത്തിലേക്ക് സെലക്ട് ചെയ്യപ്പെട്ട ആദ്യ സിംഗപ്പൂർ സിനിമയെന്ന സവിശേഷതയും MY MAGIC-ന് അവകാശപ്പെട്ടതാണ്. വെറും 75 മിനുട്ട് മാത്രം ദൈർഘ്യമുള്ള ഈ സിനിമ നിങ്ങളെ നിരാശരാക്കില്ല എന്നാണ് എന്റെ പ്രതീക്ഷ.


Sunday 4 September 2016

STOCKHOLM (2013)



FILM : STOCKHOLM (2013)
GENRE : ROMANTIC DRAMA
COUNTRY : SPAIN
DIRECTOR : RODRIGO SOROGOYEN

                      പേര് കേട്ടപ്പോൾ  സ്വീഡിഷ് സിനിമയാവുമെന്നാണ് കരുതിയത്. എന്നാൽ, ഇതൊരു സ്പാനിഷ് ചിത്രമാണ്. റൊമാൻറിക് ഡ്രാമയെന്നു വിളിക്കാവുന്ന ഈ സിനിമയുടെ പേരിലുള്ള വൈരുദ്ധ്യം പ്രമേയത്തിലും, കാഴ്ചകളിലും കാണാം. പ്രണയം വിഷയമായുള്ള സിനിമകളെ എത്ര പ്രച്ഛന്നതയോടെ അവതരിപ്പിച്ചാലും ഉന്തിനിൽക്കുന്ന ക്ലിഷേകളെ മറച്ചു വെയ്ക്കാനാവില്ല എന്നതാണ് നേര്. മനുഷ്യ മനസ്സിന്റെ നിർമ്മലവും, സഹജവുമായ കാൽപ്പനിക ഭാവങ്ങൾക്കുള്ള സമാനതയാണ് പ്രവചനീയമായ ആവർത്തനങ്ങളെ ആനയിക്കുന്നത്. ഈ അവസ്ഥയ്ക്ക് അപവാദങ്ങളില്ല എന്നല്ല പറയുന്നത്, STOCKHOLM (2013)-നെ പോലെ വിരളമാണ് അത്തരം കാഴ്ചകൾ.
     പ്രണയ സിനിമകളിലെ സ്ഥിരം ശൈലികളോട് അയിത്തം കൽപ്പിച്ചാണ് STOCKHOLM ഒരുക്കിയിട്ടുള്ളത്. ഒരു പാർട്ടിയിൽ വെച്ച് കണ്ടുമുട്ടുന്ന യുവാവും യുവതിയുമാണ് പ്രധാന കഥാപാത്രങ്ങൾ. പ്രണയ പരവശതയോടെ പെൺകുട്ടിയെ വിടാതെ പിന്തുടരുന്ന അയാളുടെ ലക്ഷ്യം തന്റെ ഇഷ്ടം അറിയിക്കുകയും, വിശ്വസിപ്പിക്കലുമാണ്. രാത്രിയുടെ ഏകാന്തതയിൽ മുങ്ങി വഴിവെളിച്ചങ്ങളിൽ അണിഞ്ഞൊരുങ്ങി  നിൽക്കുന്ന നഗര വഴികളിലൂടെ വാക്കുകൾ കൊണ്ട് പടവെട്ടി അവർ നീങ്ങുമ്പോൾ തണുപ്പിന്റെ കുളിരിനൊപ്പം അരിച്ചു കയറുന്ന പ്രണയത്തെയും നമുക്ക് അനുഭവിക്കാനാവുന്നു.
            മനസ്സിന്റെ ചഞ്ചലതയിലാണ് പ്രണയം എപ്പോഴും പിടിവള്ളി തേടാറുള്ളത്. മാധുര്യവും, നിറമുള്ള പ്രതീക്ഷകളും വാക്കുകളായ് മനസ്സിനെ ഭ്രമിപ്പിക്കുമ്പോൾ പ്രണയത്തിനു വഴിപ്പെടാതെ മറ്റു പോംവഴികളില്ലാതാവുന്നു. പ്രണയത്തിന്റെ ഇളംചൂടുള്ള നിശ്വാസങ്ങളോടെ പ്രതീക്ഷിത വഴികളിലേക്കാണ് സിനിമ നീങ്ങുന്നതെന്ന നമ്മുടെ അനുമാനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് അസ്വസ്ഥ ജനകമായ തലങ്ങളിലേക്ക് സിനിമ ചലിക്കുന്നു. വിശ്വാസ്യതയുടെയും, നുണകളുടെയും, ക്ഷണികമായ താൽപര്യങ്ങളുടെയും പൊള്ളത്തരങ്ങൾ കുടികൊള്ളുന്ന മനുഷ്യ മനസ്സിനെ തുറന്നു കാട്ടാനും ഈ സിനിമയ്ക്കാവുന്നു.
          കഥാപാത്രങ്ങൾ നന്നേ കുറവായ ഈ സിനിമയുടെ സ്ക്രിപ്റ്റ് ആണ് യഥാർത്ഥ താരം. ഒരു DIALOGUE DRIVEN മൂവി എന്ന് വിശേഷിപ്പിക്കാവുന്ന ഈ സിനിമയുടെ പേരിനെ അർഥവത്താക്കുന്ന കാഴ്ചകളും, ചിന്തകളുമാണ് സിനിമ കരുതിവെച്ചിട്ടുള്ളതും, ബാക്കിയാക്കുന്നതും........