Saturday 26 September 2015

SIDEWALLS (2011)



FILM : SIDEWALLS (2011)
GENRE : COMEDY !!! DRAMA
COUNTRY : ARGENTINA
DIRECTOR : GUSTAVO TARETTO

                  ദൂരങ്ങൾ ദൂരങ്ങളല്ലാതാവുകയും, ഉയരങ്ങൾ ഉയരങ്ങളല്ലാതാവുകയും ചെയ്യുന്ന സാങ്കേതിക പാച്ചിലിനിടയിൽ "മനുഷ്യൻ" തുരുത്തുകളായി അടിഞ്ഞു കൂടുന്ന യാഥാർത്യത്തെയാണ്‌ ഈ സിനിമ പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ ഏകാന്തതകളെപ്പോലും, "ബഹളമയമാക്കുന്ന ആൾക്കൂട്ടങ്ങളാൽ "   വലയം തീർക്കാൻ കെൽപ്പുള്ള "സോഷ്യൽ നെറ്റ് വർക്കിങ്ങിന്റെ" സാന്നിധ്യത്തിലും നമ്മൾ "ഷൂബോക്സിൽ' ഒതുങ്ങിപ്പോകുന്ന വൈരുദ്ധ്യവും സിനിമയുടെ വിഷയമാകുന്നു.
            വെബ് ഡിസൈനറായ മാർട്ടിൻ, ആർക്കിടെക്റ്റ് (UNEMPLOYED) മരിയാന എന്നീ അസന്തുഷ്ടരായ കഥാപാത്രങ്ങളുടെ ജീവിതങ്ങളെ അംബര ചുംബികൾ ഉയർന്നു നിൽക്കുന്ന ബ്യൂണസ് അയെഴ്സിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ സിനിമ  എല്ലാ  നഗര ജീവിതങ്ങളുടെയും നേർചിത്രം തന്നെയാകുന്നു. വെളിച്ചമോ, വായുവോ പ്രവേശിക്കാനാവാത്ത വിധം വശങ്ങളെ മറയ്ക്കുന്ന "SIDEWALLS" യഥാർത്ഥത്തിൽ നമുക്കിടയിൽ ഉയർന്നു നിൽക്കുന്ന മതിലുകൾ തന്നെയാണ്. ആത്മഹത്യ ചെയ്യുന്ന നായയും, CLAUSTROPHOBIA പേറുന്ന മരിയാനയും, SIDEWALL-കളിൽ ജാലകങ്ങൾ തീർക്കുന്ന പ്രധാന കഥാപാത്രങ്ങളും സിനിമയുടെ ആശയ തലങ്ങളെ  ബലപ്പെടുത്തുന്നു.
                     ഫിലോസഫിക്കലായ അംശങ്ങൾ അടങ്ങിയ ഈ ഡ്രാമയെ നർമ്മത്തിന്റെ ചേരുവകളോടെ എല്ലാവർക്കും ആസ്വദിക്കാവുന്ന രീതിയിൽ ട്രീറ്റ്‌ ചെയ്തു എന്നതാണ് സിനിമയുടെ ആകർഷകത്വം. തീമിന് അനുയോജ്യമായ GREYISH കളർ ടോണുള്ള ഫ്രൈമുകളും, കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനവും ഈ  അർജന്റീനിയൻ സിനിമയെ മികവുറ്റ ദൃശ്യാനുഭവമാക്കുന്നു.  


Friday 25 September 2015

LABYRINTH OF LIES (2014)



FILM : LABYRINTH OF LIES (2014)
GENRE : DRAMA !!!  HISTORY
COUNTRY : GERMANY
DIRECTOR : GIULIO RICCIARELLI

                       ചരിത്രത്തിലെ അവഗണിക്കാനാവാത്ത ഏടുകൾ വലിയ സ്ക്രീനിലേക്ക് പകർത്തപ്പെടുമ്പോൾ ആസ്വാദകനായി മാത്രം അവയ്ക്ക് മുന്നിലിരിക്കാൻ കഴിയില്ല. രേഖപ്പെടുത്തപ്പെട്ട ഒരു ചരിത്രത്തിന്റെ നെല്ലും-പതിരും  ചികഞ്ഞു നോക്കാനായില്ലെങ്കിലും നമ്മുടെ യുക്തിക്കും, കാഴ്ചയ്ക്കും, കേൾവിക്കും സിനിമയ്ക്ക് ചരിത്രവുമായുള്ള ചേർച്ചയും, ചേർച്ചയില്ലായ്മയും തിരിച്ചറിയാനാവണം. ഭൂതകാലത്തിന് ഉയിരേകുന്ന സിനിമകൾ ഇഷ്ടപ്പെടാൻ കാരണം പ്രേക്ഷകനിൽ കുടിയിരുത്തേണ്ട വിദ്യാർഥി സഹജമായ "ജിജ്ഞാസ" എന്നിൽ ഉള്ളതിനാലാവാം.
              രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞു 13   വർഷം പിന്നിട്ടിട്ടും   AUSCHWITZ-നെ മരണക്കളമാക്കിയ പല നാസീ ഓഫീസർമാരും സാധാരണ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിനോടൊപ്പമാണ്  സിനിമ ആരംഭിക്കുന്നത്. ബോധപൂർവ്വം സൃഷ്ട്ടിച്ചെടുത്ത നിശബ്ദതയുടെ മറവിലാണ് ഇത്തരം സത്യങ്ങൾ ഒളിച്ചു പാർക്കുന്നത് എന്ന ബോധ്യം ജേർണലിസ്ടായ GNILKE-ക്കും , പ്രോസിക്ക്യൂട്ടർ RADMAN-മൊപ്പം നമുക്കുമുണ്ടാവുന്നു. അവരുടെ അന്വേഷണങ്ങൾക്കൊപ്പം  മുന്നേറി 1963-ൽ ആരംഭിച്ച വിഖ്യാതമായ FRANKFURT-AUSCHWITZ വിചാരണയുടെ പിന്നാമ്പുറങ്ങളിലൂടെ സഞ്ചരിക്കുന്നു ഈ സിനിമ. ഹോളോകാസ്ടിന്റെ ഭീകരത പ്രത്യക്ഷമായി അവതരിപ്പിക്കപ്പെടുന്നില്ലെങ്കിലും JOSEPH  MENGALE-യും മറ്റും ഇരകളുടെ വാക്കുകളിൽ ഭീതിയായി അവതരിക്കുന്നു.
                   സിനിമയുടെ ഫ്രൈമുകളും, സംഗീതവും കാലഘട്ടത്തിന് അനുയോജ്യമായവയായി തോന്നി. ഒരു ഉഗ്രൻ സിനിമയാക്കാമായിരുന്ന  വിഷയത്തെ ദുർബലപ്പെടുത്തിയത്‌  തിരക്കഥയും, പ്രധാന കഥാപാത്രത്തിന്റെ  പ്രണയം ഉൾപ്പെട്ട സബ്പ്ലോട്ടുമായിരുന്നു. കാരണം സിനിമയുടെ തീമുമായി കണക്റ്റ് ചെയ്യുന്ന രീതിയിൽ അതിനെ അവതരിപ്പിക്കുന്നതിൽ വീഴ്ച്ച പറ്റിയതിനാൽ ഏച്ചുകെട്ടൽ തോന്നിപ്പിക്കുന്നു.
               ചില പോരായ്മകൾ ആരോപിക്കാമെങ്കിലും, ചരിത്ര പ്രാധാന്യമുള്ള വിഷയങ്ങളേയും, യുദ്ധാനന്തര സംഭവങ്ങളേയും അധികരിച്ചുള്ള സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒരു തവണ ധൈര്യപൂർവ്വം കാണാം.


Sunday 20 September 2015

HUKKLE (2002)



FILM : HUKKLE (2002)
COUNTRY : HUNGARY
GENRE : DRAMA !!! MYSTERY
DIRECTOR : GYORGY PALFI

                        സംഭാഷണങ്ങളുടെ അഭാവത്തിൽ ശബ്ദങ്ങളെയും, ദൃശ്യങ്ങളെയും പിന്തുടരുക എന്നതാണ് ഈ സിനിമയുടെ പ്രേക്ഷകർ ചെയ്യേണ്ടത്. മനുഷ്യനും, സസ്യങ്ങളും, ജന്തുക്കളും ഒരു പോലെ ദൈനംദിന ജീവിതത്തിന്റെ താളങ്ങളെ പിൻപറ്റുമ്പോൾ  അജീവീയ ഘടകങ്ങൾക്കും കഥാപാത്ര രൂപം കൈവരുന്നു. ചരിത്രത്തിന്റെ ഓർമ്മകളായി നമ്മെ തുറിച്ചു നോക്കുന്നതിനപ്പുറം  അവയ്ക്കുള്ള അർഥതലങ്ങൾ അറിയണമെങ്കിൽ  സിനിമയിലെ ഗ്രാമീണ പശ്ചാത്തലത്തെ സാമൂഹികമായി പിറകിലോട്ട് പിന്തുടരേണ്ടതായും  വരുന്നു. ജീവിതം-മരണം എന്നീ ചാക്രികതകളെ പ്രകൃതിയുടെ സ്വാഭാവികതകളായി അവതരിപ്പിക്കപ്പെടുമ്പോൾ വൈകാരികത തഴയപ്പെടുന്നു. പ്രകൃതിയിലെ സത്യം എന്ന പോലെ സിനിമയിലെ നിഗൂഡതയായും മരണം വേഷമണിയുന്നു.
                 സിനിമകളുടെ സ്ഥിരം രീതികളിൽ നിന്ന് വഴിമാറി സഞ്ചരിക്കുന്ന ഈ സിനിമ ഞാൻ ഇന്നോളം കണ്ടവയിൽ നിന്നും വേറിട്ട്‌ നിൽക്കുന്നു. വ്യക്തി കേന്ദ്രീകൃതമാവുന്ന സിനിമാ സങ്കല്പ്പങ്ങളും, ആഖ്യാന രീതികളും തച്ചുടയ്ക്കപ്പെടുന്ന വേറിട്ട കാഴ്ച്ചാനുഭവങ്ങളെ  ആഗ്രഹിക്കുന്നവർക്ക് മാത്രം ആസ്വദിക്കാവുന്ന ഒന്നാണ് ഈ സിനിമ എന്ന മുന്നറിയിപ്പോടെ നിർത്തുന്നു.    


Saturday 19 September 2015

COURT (2014)



FILM : COURT (2014)
LANGUAGE : MARATHI
GENRE : DRAMA
DIRECTOR : CHAITANYA TAMHANE
                         116 മിനിട്ടിനുള്ളിൽ COURT എന്ന ഈ മറാത്തി സിനിമ വിളിച്ചു പറയുന്നതും, മന്ത്രിക്കുന്നതും, പറയാതെ പറഞ്ഞതും നമുക്ക് ചുറ്റും നിലനിൽക്കുന്ന ദുഷിച്ച യാഥാർത്യങ്ങളെക്കുറിച്ചായിരുന്നു. മുൻവിധികളുടെയും, പ്രാദേശിക വാദങ്ങളുടെയും, തുല്യനീതി എന്ന പാഴ്വാക്കിന്റെയും, അധികാര ഭീകരതകളുടെയും അസഹനീയമായ ഇരുട്ടാണ്‌ ഈ സിനിമയിലെങ്ങും കാണാനായത്. പാർശ്വവൽക്കരണത്തിന്റെ അതിർവരമ്പുകളെ മറികടക്കാനുള്ള ശ്രമങ്ങളെ തീവ്രതയുടെ ലേബലൊട്ടിച്ച് അടിച്ചമർത്തുന്ന സാമൂഹിക അനീതി ഇവിടെയും സാന്നിധ്യമറിയിക്കുന്നു. നീതിയുടെ കിരണങ്ങളെ പ്രതീക്ഷിച്ച് 'നാരായണ്‍ കാംബ്ലെയ്ക്കൊപ്പം കോടതിമുറിയിൽ ഇരിക്കുമ്പോൾ മുൻവിധികളുടെയും, പഴകിയ നിയമങ്ങളുടെയും, അധികാര  ഭീകരതയുടെയും സങ്കുചിതത്വത്തിൽ തൂക്കിലേറ്റപ്പെടുന്ന നീതിയുടെ പിടച്ചിലുകളാണ്  നമുക്ക് കാണാനാവുന്നത്. അനീതിയുടെ കൂരിരുട്ട് കോടതിമുറിയിൽ  പരക്കുമ്പോൾ നമ്മുടെ കാതുകളിൽ മുഴങ്ങുന്ന നിലവിളികൾ നമ്മുടേത്‌ തന്നെയായിരുന്നു എന്ന് തിരിച്ചറിയാനാവുന്നു. ഉറക്കമുണരാൻ മടിക്കുന്നതിനാലും, അപ്രിയ സത്യങ്ങൾ കലർന്ന നിലവിളികൾ അലോസരമുണ്ടാക്കുന്നത് കൊണ്ടും "ബധിരത" നടിക്കുന്ന വ്യവസ്ഥിതിയെ ഉണർത്താൻ നിർഭയമായി നമുക്ക് നിലവിളി തുടരാം................

Saturday 12 September 2015

കല, കലാകാരൻ , സമൂഹം

               കലഹമാണ് പലപ്പോഴും കലകൾ. വ്യവസ്ഥിതിയോടും, ഇഴയുന്ന സമൂഹ മനസ്സിനോടും, തന്നെ പിടിച്ചു വലിക്കുന്ന കടിഞ്ഞാണുകളോടും കലഹിച്ചു കൊണ്ടിരിക്കുന്ന കലാകാരന്റെ സ്വാതന്ത്ര്യ  പ്രഖ്യാപനങ്ങളാകുന്നു കലാസൃഷ്ടികൾ. അതിരുകളില്ലാത്ത മനുഷ്യ ഭാവനയിൽ ഉദയം കൊള്ളുന്നതും, ജീവിതാനുഭവങ്ങൾ ഉറഞ്ഞു കൂടുന്നതും, ഒരു സാംസ്കാരികതയുടെ ശേഷിപ്പായി കാലത്തെ കവച്ചു വെയ്ക്കുന്നതുമായ ശ്രമങ്ങളെല്ലാം കലയുടെ മേൽവിലാസമണിയാറുണ്ട്. അടയാളങ്ങളായി അവശേഷിക്കാനും, പ്രതിരോധത്തിന്റെയോ, പ്രതിഷേധത്തിന്റെയോ കനലായ് എരിയാനും കല രൂപമണിയാറുണ്ട്. ആസ്വാദനം എന്ന പൊതു സവിശേഷതയിൽ സമ്മേളിക്കുന്നവയെങ്കിലും സ്വത്വത്തിലും, ധർമ്മത്തിലും, രൂപങ്ങളിലുമുള്ള ഈ വൈവിധ്യം തന്നെയാണ് കലയുടെ ശക്തി.
                  ആസ്വാദനോപാധി  എന്ന സ്വത്വത്തിൽ നിന്ന് കലയും ആസ്വദിപ്പിക്കുക എന്ന ലക്ഷ്യത്തിനപ്പുറത്തേക്ക് കലാകാരനും ചുവടു വെയ്ക്കേണ്ടതുണ്ട്. വിയോജിക്കാനുള്ള സ്വാതന്ത്ര്യം പോലും കവർന്നെടുക്കപ്പെടുന്ന കാലഘട്ടത്തിലെ കലാകാരന്റെ അസ്ത്വിത്വത്തിനും, ആവിഷ്ക്കാരങ്ങൾക്കും പൂർണ്ണതയെ പുൽകാനാവില്ല. സാമൂഹിക പ്രതിബദ്ധത അടിച്ചേൽപ്പിക്കുമ്പോൾ സ്വതന്ത്രമായ ആവിഷ്ക്കാരത്തിന്റെ സൗന്ദര്യം ചോർന്നു  പോകുമെന്ന യാഥാർത്യവും ചില രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ നാം കണ്ടറിഞ്ഞതാണ്. ഈ വാദങ്ങൾ പരസ്പരം വെട്ടിവീഴ്ത്തുന്നുണ്ടെങ്കിലും കലാകാരൻ സാമൂഹിക താത്പര്യങ്ങളെക്കൂടി സൃഷ്ടിപരതയുടെ ലാവണങ്ങളിലേക്ക്  ആനയിക്കേണ്ടതുണ്ട് എന്നാണ് എന്റെ തോന്നൽ. ഇത്തരം വൈരുദ്ധ്യങ്ങൾക്കിടയിൽ കലയേയും, കലാകാരനെയും നല്ല നാളേകളുടെ  സാധ്യതകളായി കണ്ടെടുക്കാൻ ശ്രമിക്കുകയാണ് ഈ കുറിപ്പിൽ.     
                കലാകാരന്റെ മൗനവും, കലാവിഷ്ക്കാരങ്ങളുടെ പാരമ്യതയും സമൂഹത്തിനു വന്നുഭവിക്കുന്ന  രണ്ട് അവസ്ഥകളുടെ തെളിവുകളാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വിലങ്ങു വീഴുമ്പോഴും, അടിച്ചമർത്തലിന്റെ ക്രൂരതയിൽ ശബ്ദമുയർത്താനാവാത്ത വിധം കലാകാരൻ നിസ്സഹായനാവുമ്പോഴും, വ്യക്തിഗത നേട്ടങ്ങൾക്കായ് സമൂഹത്തിന്റെ നന്മ നിറഞ്ഞ പൊതു ഇടങ്ങളെ ഒറ്റുകൊടുക്കുന്ന സാംസ്കാരിക അൽപ്പന്മാർ വായ തുറക്കാതിരിക്കുമ്പോഴും സമൂഹത്തിൽ മൗനം പടരുന്നു. കലയും, കലാകാരനും ജീവൻ അടർന്ന കാഴ്ച വസ്തുക്കളാകുന്നു.
             വികലമായ ആശയങ്ങളാൽ ഒരുമിപ്പിക്കപ്പെടുന്ന ആൾക്കൂട്ടങ്ങൾ ചൂണ്ടിക്കാണിക്കുന്ന അഴുക്കു ചാലുകളിലൂടെ ഒഴുകുന്ന സമൂഹത്തിന്റെ ഭാഗമായി സർവ്വനാശത്തിന്റെ വരും കാലങ്ങളെ നിഷ്ക്രിയമായി കാത്തിരിക്കുന്ന കലാകാരന്മാരെ സൃഷ്ടിക്കുന്നതിൽ സമൂഹത്തിലെ ഭൂരിപക്ഷത്തിനും പങ്കുണ്ട്. അധികാര-ആശ്രിത കൂട്ടായ്മയുടെ അസമത്വം നുരയുന്ന വ്യവസ്ഥിതിയിൽ കാലുറപ്പിക്കാനായി  വഴക്കമുള്ള നട്ടെല്ലുകളും, ബധിരമായ കാതുകളും, ഉയരാത്ത നാവുമായി പൊതുജനങ്ങളും നിസ്സംഗതയുടെ സുരക്ഷയിൽ (?)  അഭയം തേടി കുറ്റം ചെയ്യുന്നു.
                   കലയുടെ വസന്തം തീർക്കപ്പെടുന്ന നാട് സമത്വ-സുന്ദര-മോഹന ഭൂമിയൊന്നുമാവില്ല. ഭാഷകൾക്കതീതമായ ബഹുസ്വരതയെ ഉൾകൊള്ളുന്ന മനുഷ്യ സമൂഹത്തിന്റെ സ്വാഭാവികമായ ജീർണ്ണതകൾക്കിടയിൽ തന്നെയാണ് കലാകാരൻ ആളിക്കത്താനുള്ള ജീവവായു കണ്ടെത്തുന്നത്. അയാളുടെ കണ്ണുകളും, ചിന്തകളും പരതുന്നതും അലയുന്നതുമായ ഇടങ്ങളെ കലാപരമായി തളച്ചിടുകയാണ് കലാകാരൻ ചെയുന്നത്. മാറ്റങ്ങൾക്ക് നാന്ദി കുറിക്കുന്ന ആശയ വിസ്ഫോടനങ്ങളിലെയ്ക്ക് നമ്മുടെ മനസ്സിനെ തള്ളിയിടുന്നതും അയാളാണ്. ആസ്വാദനത്തിന്റെയും, വിനോദത്തിന്റെയും മധുരമുള്ള പുറന്തോടുകൾക്കുള്ളിൽ നമ്മൾ തിരിച്ചറിയാത്തതോ, കണ്ണടക്കുന്നതോ ആയ ചവർപ്പുകളെ ഒളിപ്പിച്ചു കടത്തി പോതുബോധത്തെ ദീർഘവീക്ഷണത്തോടെ വാർത്തെടുക്കുന്ന കലാകാരന്മാർ പെരുകുമ്പോഴാണ് കലയുടെ വസന്തമുണ്ടാകുന്നത്.
              അസാധ്യതകളിൽ നിന്ന് സാധ്യതകളിലേക്കുള്ള ദൂരങ്ങൾ പിന്നിട്ടു കൊണ്ട് സാംസ്കാരിക പുരോഗതിയുടെ പുതിയ അദ്ധ്യായങ്ങൾ രചിക്കപ്പെടുന്ന ഈ വേളയിൽ മനുഷ്യ "വൈകാരികതകളെ" യാന്ത്രികത കീഴടക്കുന്നതായാണ് കാണുന്നത്. സഹിഷ്ണുത വറ്റിവരണ്ട മനുഷ്യ സമൂഹം ആയുധമണിഞ്ഞു പരസ്പരം ചുട്ടെരിക്കാനുള്ള അഗ്നിയുമായി പോർവിളികളുയർത്തുമ്പോൾ സ്നേഹത്തിന്റെ ആർദ്രമായ ഉറവകൾ അന്യമായിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് തെളിയുന്നത്. അധികാര ഗർവ്വിന്റെയൊ, ആർത്തിയുടെയോ ഭ്രമാത്മകമായ   ചിന്തകളുടെ കാറ്റേറ്റ് ഈ അഗ്നി പടരാതെ നോക്കാൻ കലാകാരൻ തുനിഞ്ഞിറങ്ങേണ്ടതുണ്ട്. സഹിഷ്ണുതയേയും, മനുഷ്യ വൈകാരികതയെയും തിരിച്ചു പിടിക്കേണ്ടത്‌ കലയുടെ മാത്രമല്ല സമൂഹത്തിന്റെയും നിലനിൽപ്പിന് ആവിശ്യമാണ്. എന്റെയും, നിങ്ങളുടെയും ചിന്തകളെ ചൂടുപിടിപ്പിക്കാൻ കുറിച്ച ഈ വരികൾക്ക് താൽക്കാലിക വിരാമമിടുന്നു.

Thursday 10 September 2015

TRASH (2014)



FILM : TRASH (2014)
COUNTRY : BRAZIL
GENRE : DRAMA !!! THRILLER
DIRECTORS : STEPHEN DALDRY , CHRISTIAN DUUVOORT

               പേര് ട്രാഷ് എന്നാണെങ്കിലും ഈ സിനിമയെ അങ്ങനെ വിശേഷിപ്പിക്കാനാവില്ല. എന്നാൽ ട്രാഷുമായി ബന്ധമുള്ള സിനിമയാണെന്ന കാര്യം മറച്ചു വെയ്ക്കാനുമാവില്ല. ചേരിയിലെ ജീവിതങ്ങളുടെ പശ്ചാത്തലത്തിൽ ആവേശം വിതറിയ CITY OF GOD-നെ പോലെ മികവ് അവകാശപ്പെടാനാവില്ലെങ്കിലും പ്രേക്ഷകനെ നിരാശനാക്കാതെ പിടിച്ചു നിർത്താനുള്ള ചേരുവകളടങ്ങിയ കൊച്ചു ത്രില്ലറാണ് ട്രാഷ്.
               ട്രക്കുകളിൽ വന്നടിയുന്ന മാലിന്യകൂമ്പാരങ്ങളുടെ ഇടയിൽ നിന്ന് റാഫേൽ എന്ന കുട്ടിക്ക് ലഭിക്കുന്ന പഴ്സിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്. പഴ്സിനുള്ളിലെ വസ്തുക്കൾക്ക് സാമ്പത്തികവും, രാഷ്ട്രീയവുമായ പ്രാധാന്യങ്ങളുണ്ടെന്നു തിരിച്ചറിയുന്ന റാഫേൽ ഗാർഡോ, രാട്ടോ എന്നീ സുഹൃത്തുക്കളെ തന്റെയൊപ്പം കൂട്ടുന്നു. അധികാരത്തിന്റെ ബാലപ്രയോഗങ്ങളിൽ നിന്ന് കുതറി മാറുന്നതോടൊപ്പം, ചില രഹസ്യങ്ങളുടെ കുരുക്കുകളും  അവർക്ക് അഴിക്കേണ്ടതുണ്ട്. ഇനിയുള്ള ഫ്രൈമുകൾ സസ്പെൻസ് നിറഞ്ഞ അവരുടെ ശ്രമങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു.
                        മൂന്നാം ലോകരാജ്യങ്ങളിലെ ദാരിദ്ര്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ചേരിജീവിതത്തിന്റെ   അരക്ഷിതാവസ്ഥയെ ചുരുക്കം സീനുകളിലൂടെ വ്യക്തമായി പ്രേക്ഷകനിലേക്ക് പകരാൻ ഈ സിനിമയ്ക്ക് കഴിയുന്നു. അഴിമതി നിറഞ്ഞ, അധികാര വ്യവസ്ഥിതിയോട് കലഹത്തിലേർപ്പെടുന്ന കുട്ടികളുടെ ശ്രമങ്ങളെ പിന്തുടരുമ്പോൾ നമ്മിൽ വന്നണയുന്ന അതിശയോക്തികളെ അവഗണിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ  വളരെ ഇഷ്ടപ്പെട്ട സിനിമയായി ഈ ബ്രസീലിയൻ സിനിമയും നിങ്ങളുടെ മനസ്സിൽ അവശേഷിക്കും.